Sunday, 24 February 2013

മലയാള സിനിമ, സംസ്ഥാന അവാര്‍ഡ്-2012

വരുന്നുണ്ട് പുതിയ പേരുകള്‍;എങ്കിലും


മലയാള സിനിമയില്‍ കഴിഞ്ഞ മൂന്നാല് വര്‍ഷമായുണ്ടായ ഉണര്‍വിന്റെ കാറ്റ് അവാര്‍ഡ് നിര്‍ണ്ണയത്തിലേക്കും കടന്നുചെന്നത് നമുക്ക് ദൃശ്യമായല്ലോ. എണ്ണത്തിന്റെ കാര്യത്തിലാണ് ഇത് കൂടുതല്‍ കണ്ടത്. 86 സിനിമകളാണ് ഇത്തവണ മത്സരത്തിനുണ്ടായത്. ഇത്രയും സിനിമകള്‍ കണ്ടുതീര്‍ത്ത് അവാര്‍ഡ് നിര്‍ണ്ണയിക്കുക എന്നത് ജൂറിക്ക് ബാലികേറാമല തന്നെയായിരുന്നു. ഈ എണ്‍പത്തിയാറില്‍ നിലവാരമുള്ളവ എന്നുതോന്നുന്ന ചിലത് മാത്രമായിരിക്കും ജൂറി കണ്ടുകാണുക എന്ന് നമുക്ക് ഊഹിക്കാമല്ലോ.
എന്തായാലും താരതമ്യേന ഭേദപ്പെട്ട ഒരു അവാര്‍ഡ് നിര്‍ണ്ണയം ഇത്തവണ നടന്നുവെന്ന് പറയാം. മലയാള സിനിമയുടെ പിതാവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള സിനിമയ്ക്ക് ഏഴ് അവാര്‍ഡുകള്‍ ലഭിച്ചതിലൂടെ 'സെല്ലുലോയിഡി'നൊപ്പം മലയാള സിനിമയ്ക്കും ഡാനിയേലിനുമുള്ള ആദരമായി മാറി അത്. പൃഥ്വിരാജിന് അര്‍ഹതപ്പെട്ട അവാര്‍ഡായി; റീമയ്ക്കും. ഈ തിളക്കത്തില്‍ മികച്ച നടനാകാന്‍ മത്സരിച്ച ഫഹദ് (അന്നയും റസൂലും, , 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്), ലാല്‍ (ഒഴിമുറി), പ്രതാപ് പോത്തന്‍ ( 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍) എന്നിവരുടെ പ്രകടനത്തെ ഓര്‍ക്കാതെ പോക വയ്യ. അതുപോലെ മംമ്ത മോഹന്‍ദാസ്(സെല്ലുലോയ്ഡ്), ശ്വേതാമേനോന്‍, മല്ലിക (ഒഴിമുറി)എന്നീ നടിമാരുടെ അഭിനയമികവും.
ഇനി കരടും കയ്പുമായ ചിലതിലേക്ക്. ആദ്യപേര് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ലാല്‍ജോസിന്റേതാണ്. അയാളും ഞാനും തമ്മില്‍ ഭേദപ്പെട്ട സിനിമയാണ്. എന്നാല്‍ അതിനേക്കാള്‍ പരാമര്‍ശയോഗ്യമായവ ഉണ്ടായിരുന്നൂവെന്ന് കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. ആഷിഖ് അബു (22 ഫീമെയില്‍ കോട്ടയം), അരുണ്‍കുമാര്‍ അരവിന്ദ് (ഈ അടുത്ത കാലത്ത്), രാജീവ് രവി (അന്നയും റസൂലും), കമല്‍ (സെല്ലുലോയ്ഡ്), ഷട്ടര്‍ (ജോയ്മാത്യു) എന്നിവരെല്ലാം ലാല്‍ജോസിനേക്കാള്‍ യോഗ്യരായിരുന്നുവെന്ന് പയാന്‍ മടിക്കുന്നില്ല.
അടുത്ത പേര് അഞ്ജലിമേനോന്റേതാണ്. തുടര്‍ച്ചയായി രണ്ട് തവണ അവാര്‍ഡ് പരാമര്‍ശത്തിന് പരിഗണിക്കുക വഴി അഞ്ജലിമേനോന്റെ 'മഞ്ചാടിക്കുരു' വിവാദത്തില്‍ പെട്ടിരിക്കുകയാണ്. എണ്‍പതുകളിലെ നായര്‍ തറവാടും കുട്ടികളും കുട്ടിക്കാലവും പറഞ്ഞ് നൊസ്റ്റാള്‍ജിയയെ ഏറ്റവുമധികം താലോലിക്കുന്ന മലയാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം തൃപ്തിപ്പെടുത്തിയ മഞ്ചാടിക്കുരുവിന്റെ തിരക്കഥയ്ക്ക് അവാര്‍ഡ് നല്‍കിയത് തീര്‍ത്തും തെറ്റായ തീരുമാനമായിപ്പോയി. തിരക്കഥാരചനയില്‍ നവീനത കൊണ്ടുവന്ന മുരളീഗോപിയുടെ (ഈ അടുത്ത കാലത്ത്), അഭിലാഷ് കുമാര്‍, ശ്യം പുഷ്‌ക്കരന്‍ (22 ഫീമെയില്‍ കോട്ടയം), ജയ്‌മോഹന്‍ (ഒഴിമുറി) തുടങ്ങിയ പേരുകള്‍ മറന്നുപോകുമ്പോള്‍ ഇല്ലാതാകുന്നത് അര്‍ഹതപ്പെട്ട അംഗീകാരങ്ങളാണ്.
പശ്ചാത്തലസംഗീതത്തിലും പാട്ടിലും മാറ്റങ്ങളും പരീക്ഷണങ്ങളും ഏറെ വന്ന വര്‍ഷമായിരുന്നു 2012. ഒട്ടേറെ പുതിയ സംഗീതസംവിധായകര്‍ കടന്നുവന്നു. മിക്കവരും പ്രതിഭാധനര്‍. ബിജിബാല്‍, ഗോപീസുന്ദര്‍, രാഹുല്‍രാജ്, ഷാന്‍ റഹ്മാന്‍, രതീഷ് വേഗ തുടങ്ങി പരിഗണിക്കാമായിരുന്ന പേരുകള്‍ ഏറെയുളളിടത്തേക്കാണ് എം ജയചന്ദ്രന്റെ പേര് പിന്നെയും കടന്നുവരുന്നത്.
കേരളക്കരയാകെ ഏറ്റുപാടിക്കൊണ്ടിരിക്കുന്ന സെല്ലുലോയ്ഡിലെ രണ്ട് പാട്ടുകളും മികച്ചതാണ്. നന്നായി പാടിയിട്ടുമുണ്ട്. എന്നാല്‍ സംഗീതത്തില്‍ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ പാട്ടുകളിലും നേരത്തേ പറഞ്ഞ മലയാളിയുടെ ഗൃഹാതുരതയെ വിറ്റ് കാശാക്കാനാണ് ശ്രമിച്ചത്. നാടോടിസംഗീതത്തേയും നാടകസംഗീതത്തെയും ഓര്‍മ്മിപ്പിക്കുന്ന ഉപകരണങ്ങളും സംഗീതവും ജയചന്ദ്രന്‍ സമര്‍ഥമായി എളുപ്പത്തില്‍ പ്രയോഗിച്ചപ്പോള്‍ പാട്ട് ജനപ്രിയമായി. അവാര്‍ഡും വഴിക്കുവന്നു. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പുതുമകളെയും പുതിയ മുഖങ്ങളെയും പേരുകളെയും സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ തന്നെയാണ് സിനിമാസംഗീതത്തില്‍ സ്വയം അനുകരിച്ച് ആവര്‍ത്തനങ്ങള്‍ മാത്രം സമ്മാനിക്കുന്ന ജയചന്ദ്രനെപ്പോലൊരാളെ പുരസ്‌കൃതനാക്കുന്ന മറുമുഖവും സംഭവിക്കുന്നത്. ഇത് നീതികേടും വിവരക്കേടും വ്യക്തമായ താല്‍പ്പര്യവുമാണെന്നത് പച്ചയായ യാഥാര്‍ഥ്യമാകുന്നു.
ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ച് അവസാനിപ്പിക്കട്ടെ- സലിംകുമാര്‍ അനുഗൃഹീത നടനാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. മികച്ച നടനുള്ള സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഈ നടന്‍ മലയാളത്തിലെ മികച്ച റേഞ്ചുള്ള അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. സലീമിന്റെ ഹാസ്യരംഗങ്ങള്‍ നമ്മള്‍ ദിവസജീവിതത്തില്‍ ഒരുപാട് ഓര്‍ക്കും, പറയും, ഓര്‍ത്തുചിരിക്കും, അനുകരിക്കും. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച ഹാസ്യനടന്‍ എന്ന ലേബലാണ് സലിംകുമാറിന് നല്‍കിയിട്ടുള്ളത്. അവാര്‍ഡ് ലഭിച്ച അയാളും ഞാനും തമ്മിലിലെ വേഷം മികച്ചതായിരുന്നു. അത്രയൊന്നും ചെയ്യാനില്ലാത്തൊരു വേഷം സലിംകുമാറിന് മാത്രം കഴിയാവുന്ന രീതിയില്‍ അദ്ദേഹം മികച്ചതാക്കി. എന്നാല്‍ സംശയമിതാണ്. ദേശീയതലത്തില്‍ വരെ അംഗീകരിക്കപ്പെട്ട ഒരു നടനെ പിന്നെയും ഹാസ്യനടനുള്ള അവാര്‍ഡ് നല്‍കിയതിന്റെ മാനദണ്ഡമെന്താണ്?! (ഹാസ്യനടന്‍ മോശം അവാര്‍ഡ് ആണെന്ന് വായിക്കരുതേ..) നല്ല ഉദ്ദേശത്തിലാണെങ്കില്‍ നല്ലത്. അതല്ല, അല്‍പ്പം പ്രതികരണശേഷിയുള്ള അപൂര്‍വ്വം ചിലരില്‍ (വ്യക്തി/നടന്‍) ഒരാളായതുകൊണ്ട് സലിംകുമാറിന്റെ വായടപ്പിക്കാനോ ഒതുക്കാനോ ഉള്ള ശ്രമമാണെങ്കില്‍ അത് മോശമായിപ്പോയി, വളരെ...

സെല്ലുലോയ്ഡ്‌

സെല്ലുലോയ്ഡിന്റെ കാവ്യനീതി

ഒട്ടുമുക്കാല്‍ പങ്ക് ആളുകള്‍ക്കും ഇഷ്ടപ്പെടുന്നൊരു വിനോദോപാധിയാണ് സിനിമ. സിനിമ ഇഷ്ടപ്പെടുന്ന അത്രയുംതന്നെ ആളുകള്‍ക്ക് ഇഷ്ടമാകുന്നൊരു സിനിമയാണ് സെല്ലുലോയ്ഡ്. സെല്ലുലോയ്ഡ് സിനിമ തന്നെയാണ്. സിനിമയ്ക്കുളളിലെ സിനിമ പോലുമല്ല. സിനിമയുടെ നേര്‍ദൃശ്യം. ആദ്യസിനിമയുടെ കാഴ്ച.
വിഗതകുമാരനെന്ന മലയാളത്തിലെ ആദ്യസിനിമ ഉണ്ടാകുന്ന വഴിയും ജീവിതവും അതിന് നിമിത്തമാകുന്ന ജെ സി ഡാനിയേലിന്റേയും നായിക റോസിയുടേയും ജീവിതത്തിലേക്കുളള അന്വേഷണവുമാണ് സെല്ലുലോയ്ഡ്. അങ്ങനെ മലയാള സിനിമയുടെ പിതാവിനും ആദ്യനായികയ്ക്കുമുളള ആദരം കൂടിയാകുന്നു ഈ സിനിമ. ഇതിന് പ്രതിബദ്ധത കാണിച്ച സംവിധായകന്‍ കമലിനും കൂട്ടര്‍ക്കും അഭിമാനിക്കാം.
ചരിത്രാന്വേഷണ, പഠനസ്വഭാവമുളള സിനിമകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് അത്ര രുചിക്കുന്ന ഒന്നാകാറില്ല. എന്നാല്‍ സെല്ലുലോയ്ഡിന്റെ കാര്യത്തില്‍ ഇത് മറിച്ചാണ്. സിനിമ റിലീസ് ചെയ്ത നാള്‍ മുതല്‍ ജനം കാണാന്‍ തയ്യാറായി. കണ്ടവര്‍ക്കാകട്ടെ നല്ലതല്ലാതെ മറിച്ചൊരഭിപ്രായവും പറയാനില്ല. അതുകൊണ്ടുതന്നെ സിനിമയ്ക്ക് പിന്നെയും കാഴ്ചക്കാരുണ്ടാകുന്നു. പഴയ കാലത്തിനെയും കഥാപാത്രങ്ങളെയും പുനസൃഷ്ടിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയത്തിലെത്തിക്കാന്‍ കമലിന് കഴിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവര്‍ അതിനോട് കാണിച്ചിരിക്കുന്ന അര്‍പ്പണമനോഭാവവും എടുത്തുപറയേണ്ടതാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമാകുന്നു ഇതെന്ന കാര്യത്തില്‍ സംശയമേതുമില്ല. വ്യത്യസ്ത കാലങ്ങളിലെ (യഥാക്രമം 25, 35, 70 വയസ്സുകളിലെ) ഡാനിയേലായി സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കാന്‍ പൃഥ്വിരാജിലെ നടന് കഴിഞ്ഞിരിക്കുന്നു. ഈയൊരു പ്രകടനത്തിലൂടെ കഴിഞ്ഞ കുറേയധികം സിനിമകളിലെ കളങ്കം മായ്ച്ചുകളയാനും അദ്ദേഹത്തിനാകുന്നു. കൂടെ വേഷമിട്ട മംമ്ത, ചാന്ദ്‌നി, രമേഷ് പിഷാരടി എന്നിവര്‍ക്കും വൈക്കം വിജയലക്ഷ്മി, സിത്താര, ശ്രീറാം (ഗായകര്‍), പട്ടണം റഷീദ് (മേക്കപ്പ്), വിനു എബ്രഹാം (സിനിമയ്ക്ക് ആധാരമായ നഷ്ടനായിക എന്ന നോവലിന്റെ രചയിതാവ്), വേണു (സിനിമോട്ടോഗ്രഫി), കെ രാജഗോപാല്‍ (എഡിറ്റിംഗ്), ഉബൈദ് (നിര്‍മ്മാണം) തുടങ്ങി പലര്‍ക്കും കരിയറിലെ വലിയൊരു ബ്രേക്കുണ്ടാക്കാന്‍ പോന്നതാണ് ഈ സിനിമ.
റോസിയുടെ, ഡാനിയേലിന്റെ സിനിമാജീവിതം, സിനിമയ്ക്കു പുറത്തെ ജീവിതം- രണ്ടും സെല്ലുലോയ്ഡ് പറയുന്നുണ്ട്. ബോംബെയിലും മദിരാശിയിലും മാത്രം ഉണ്ടായിരുന്ന സിനിമയെ മലയാളക്കരയിലേക്ക് കൊണ്ടുവരാന്‍ ഡാനിയേല്‍ നടത്തിയ പരിശ്രമങ്ങള്‍, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം, ജാതീയത നിലനിന്നിരുന്ന തീര്‍ത്തും അപരിഷ്‌കൃതമായ ഒരു സമൂഹം, ഇത്തരമൊരു നൂതനത വരുമ്പോഴത്തെ വെല്ലുവിളികള്‍ എല്ലാം ഡാനിയേലിനുണ്ടായിരുന്നു. അങ്ങനെയൊരു കാലത്ത് നടിക്കാനൊരു നടിയെ കിട്ടുക അതിലേറെ പ്രയാസം..
മലയാള സിനിമയിലെ ആദ്യനായിക മാത്രമായിരുന്നില്ല റോസി. വിപ്ലവകാരി കൂടിയായിരുന്നു. കലയെ സ്‌നേഹിക്കുന്ന മനസ്സും അതിനനുവദിക്കാത്ത ഒരു  സമൂഹത്തിനെ ധിക്കരിച്ച് ഇറങ്ങിത്തിരിക്കാനുള്ള ആര്‍ജവവും കൂടിയാണവള്‍ കാണിച്ചത്. മുഖം സ്‌ക്രീനില്‍ കാണുന്ന നാളില്‍ ഏറ്റവും വലിയ ആഗ്രഹത്തോടെ തിയേറ്ററിനു മുമ്പില്‍ എത്തുന്ന റോസിക്ക് സിനിമ കാണാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, സവര്‍ണ മേല്‍ക്കോയ്മയുടെ ആക്രമണത്തില്‍ നിന്ന് ജീവനെ രക്ഷിക്കാന്‍ ഇരുട്ടിലേക്ക്, തെരുവിലേക്ക് ഓടിമറയേണ്ടി കൂടിവരുന്നു. ഇത് ഒരുപാട് പഴയ ചരിത്രമല്ല, സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ട കാര്യവുമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിനോടു ചേര്‍ന്ന് മാത്രം നടന്നൊരു സംഭവമാണെന്ന് ഓര്‍ക്കുമ്പോള്‍ റോസി വല്ലാത്തൊരു വിങ്ങലും വേദനയുമായി അവശേഷിക്കുന്നു.
ഡാനിയേലിന്റെ ജീവിതവും സമാനഗതിയില്‍ സഞ്ചരിച്ച ഒന്നായിമാറുന്നു. ജീവിതത്തിലെ വലിയ പ്രതീക്ഷയായ ആദ്യസിനിമ ദുരന്തമായി അവസാനിച്ച ഡാനിയേലിന് തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരുന്നു. ദന്തവൈദ്യവും അതില്‍നിന്നുള്ള പച്ചപിടിക്കലും പിന്നെയും സിനിമയ്ക്കുപിന്നാലെ പായാനുള്ള മനസ്സ് കാരണം പൊടിച്ചുവന്ന പച്ചപ്പിന്റെ കരിയലിലും ഇടയൊരുങ്ങുന്നു. ജീവിതം പിന്നെയും നിറമില്ലാത്ത വഴിയില്‍ ഒതുങ്ങിക്കൂടുന്നു. എല്ലാ ഉയര്‍ച്ചതാഴ്ചകള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യ ജാനറ്റ്. ഡാനിയേല്‍-ജാനറ്റ് ബന്ധം അതിന്റെ നന്മയും തീവ്രതയും നന്നായി ഉള്‍ക്കൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ട്. മരണത്തോടടുത്തു കിടക്കുന്ന ഡാനിയേല്‍ ജാനറ്റിനോട്, കാറ്റില്‍ ഇളകിയാടുന്ന ഇലകളുടെ ദൃശ്യം രാത്രിവെളിച്ചത്തില്‍ ചുവരില്‍ പതിയുന്നത് കാണിച്ചുകൊടുത്തുകൊണ്ട് പറയുന്നത് 'ജാനറ്റേ നീ കാണുന്നുണ്ടോ കാപ്പിറ്റോള്‍ തിയേറ്ററില്‍ സിനിമ കളിക്കുന്നത്' എന്നാണ്. സെല്ലുലോയ്ഡിലെ നല്ല ദൃശ്യങ്ങളിലൊന്നാണ് ഈ സര്‍ഗാത്മകമായ മരണവും സിനിമയോടുള്ള ആ മനുഷ്യന്റെ അടങ്ങാത്ത പ്രണയവും.
ചരിത്രത്തില്‍ മറഞ്ഞ്, ആരും ഓര്‍ക്കാതെ പോകുമായിരുന്ന വലിയ മനുഷ്യനെ കണ്ടെത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ ശ്രമം എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഒരുപക്ഷേ ഈ സിനിമ കാണുമ്പോഴെങ്കിലും വലിയൊരു വിഭാഗം തിരിച്ചറിയും. നിയമത്തിന്റെ നൂലാമാലയ്ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ കേരള സര്‍ക്കാര്‍ ജെ സി ഡാനിയേലിനെ അറിയുകയും മലയാള സിനിമയുടെ പിതാവായി അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ചേലങ്ങാട്ടിലെ പത്രപ്രവര്‍ത്തകനും മനുഷ്യനും കൂടിയാകുന്നു സായൂജ്യം.
ചേലങ്ങാട്ടും ഡാനിയേലും മരിച്ച് മുപ്പതു, മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരമൊരു ഉദ്യമത്തിന് കമല്‍ തയ്യാറായപ്പോള്‍ മലയാള സിനിമ ഈ സംവിധായകനു മുമ്പില്‍ ശിരസ് നമിക്കുകയാണ്. കേവലമൊരു സിനിമാഡ്രാമയ്ക്കുപകരം നമ്മുടെ സിനിമ രേഖപ്പെടുത്തി വയ്‌ക്കേണ്ടുന്ന ഏറ്റവും വലിയ പേരിനെ അടയാളപ്പെടുത്തിയതിന്. അതിന് മികച്ച രീതിയില്‍ ദൃശ്യാവിഷ്‌കാരം ഒരുക്കിയതിന്. അത് കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന രീതിയില്‍ നല്ലൊരു അനുഭവമാക്കിയതിന്. അങ്ങനെ മുപ്പതിലേറെ സിനിമകള്‍ എടുത്ത കമല്‍ എന്ന സംവിധായകന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന സിനിമയായി മാറുന്നു സെല്ലുലോയ്ഡ്. ഒരുപക്ഷേ, ഒരു കലാകാരന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ക്ലാസിക്. ക്ലാസിക് അതൊന്നേയുള്ളൂ എന്ന പ്രയോഗത്തിന് പിന്നെയും അന്വര്‍ഥത കൈവരുന്നു.
സെല്ലുലോയ്ഡ് സിനിമയുടെ ക്ലൈമാക്‌സില്‍ ഡാനിയേലിന്റെ മകനെ കഥാപാത്രമായി കൊണ്ടുവരുന്നു. വിഗതകുമാരന്‍ എന്ന സിനിമ കാവ്യനീതിയായി മാറുന്നതിന് നിദാനമായ വ്യക്തി. ആറാം വയസ്സിലെ കുസൃതിക്കിടയില്‍ അഗ്‌നിക്കിരയാക്കുന്ന വിഗതകുമാരന്റെ ഫിലിം റോള്‍. ചലനമറ്റ കണ്ണോടും മനസ്സോടും  കാഴ്ചക്കാരനാകുന്ന ഡാനിയേല്‍. അങ്ങനെ റോസിക്ക് കാണാനാകാതെപോയ വിഗതകുമാരന്‍ നമുക്കും കാണാക്കാഴ്ചയായി മാറിയ കാവ്യനീതി സിനിമാക്കഥയേയും വെല്ലുന്നതായി അശേഷിക്കുന്നു.
ദൈവമായി മണ്ണില്‍ അവതരിച്ച നായകരൂപത്തെയും സിനിമ കലാരൂപത്തിനുമപ്പുറത്തെ താരാരാധനയായി മാറിയ കാലത്തിന്റെയും ഒരു നേര്‍ചിത്രം സിനിമയ്‌ക്കൊടുവില്‍ കാണിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നത് ഡാനിയേലിന്റെ മകനിലൂടെയാണ്. അതൊരു പ്രതീകമാണ്. സിനിമയെന്ന കേവല വിനോദോപാധിയും  സിനിമയെന്ന കലാരൂപത്തിനോടുളള അര്‍പ്പണവും തമ്മിലുളള സംഘര്‍ഷവും വിപരീതദ്വന്ദ്വങ്ങളുടെ കൂടിച്ചേരലും ഇഴപിരിയലും..

എല്ലാ തിരക്കാഴ്ചയ്ക്കും
സാക്ഷ്യമാര്‍ന്ന്
ഓരോ തീയറ്ററും
ക്യാപ്പിറ്റോളാക്കി
ഓരോ സിനിമയിലും
ആദ്യസിനിമ കണ്ട്
ഡാനിയേല്‍
ഇപ്പോഴും
നമുക്കൊപ്പമിരുന്ന്
സിനിമ കാണുന്നുണ്ടാകും!



Tuesday, 19 February 2013


ബലോടെലി

കഴിഞ്ഞ യൂറോ കപ്പ് (2012) കാലത്ത് എഴുതിയ ഫുട്‌ബോള്‍ കവിത

യൂറോ സെമി കണ്ടത് ജര്‍മന്‍ആരാധകനായി...ഇറ്റലിയുടെ ആദ്യ ഗോള്‍കാര്യമാക്കിയില്ല..എന്നാല്‍
മുപ്പത്തിയാരാം മിനുട്ടില്‍ബാല്ലോട്ടെലിയുടെ ഷോട്ട്..ആ നില്‍പ്പ്.....അങ്ങനെയാണ് ഞാന്‍ അസൂരിപ്പടയ്കു പിറകെ പോയത്..അതിനു ശേഷമാണ് ടെലിയെ കൂടുതല്‍ അറിയാന്‍
ശ്രമിച്ചത്...ഒരു ഹീറോ ജനിച്ചത്.. ആ ജീവിതം അറിഞ്ഞത്....





ടെല്ലീ....

ബലോടെല്ലീ*....
കറുത്തവനേ,
വംശാവലിയില്‍
കറുപ്പുചേര്‍ത്ത്
വരകള്‍ നെയ്തവര്‍ക്ക് നേരെ
നീ തൊടുത്ത അമ്പുകള്‍.

തലകൊണ്ട് ചെത്തിയെറിഞ്ഞത്
ബുള്ളറ്റ് വേഗമറിഞ്ഞ്
വലയിലേക്ക് പാഞ്ഞുചെന്നത്...
എത്ര നിസ്സഹായനായിരുന്നു
നൊയര്‍*

പ്രതിരോധപ്പടയാകെ
ആലസ്യം വെടിഞ്ഞ
രാത്രിയിലാണ്
അതിര് പാകിയ
മൊട്ടത്തലകൊണ്ട്
നീ ജര്‍മ്മന്‍ വലയെ
ഉണര്‍ത്തി വിട്ടത്

പകുതിവേളക്കും മുന്‍പേ
രണ്ടാമതും വലക്കണ്ണികളോട്
പരിചയം പുതുക്കി ആ നില്പ്,
എത്ര വേഗമാണത്
മനസ്സുകളുടെ പോസ്റ്റുകളെല്ലാം
തകര്‍ത്ത് പാഞ്ഞുകയറിയത്!

ഇറ്റലിക്കും
യൂറോപ്പിനുമപ്പുറത്തെ
ക്യാമറ കൂടി
നിന്നെ മാത്രം
ഫോക്കസിലാക്കുമ്പോഴും
ടെല്ലീ, നീയെത്ര
നിര്‍മമനായിരുന്നു.
ഏതു വികാരവേഗത്തിലും
ഇത്ര സമചിത്തനായി
എങ്ങനെ ലോകനെറുകയില്‍
നില്‍ക്കാനാകുന്നു!

ടെല്ലീ,
ഇനി നീ ഓര്‍ക്കപ്പെടുക
ജൂണ്‍ മാസമൊടുവില്‍
ജര്‍മ്മന്‍ വലകളെ
വിറപ്പിച്ച
കരുത്തുകൊണ്ടായിരിക്കും.

ഇതുവരേക്കും കൂട്ടുകൂടാത്ത
ഗോള്‍വലകളൊക്കെയും
ഇപ്പോള്‍
നിന്റെ വലംകാലുകളിലാണ്.

നിന്റെ മൊട്ടത്തലയിലെ
രണ്ടായി പകുത്ത
മുടിയതിരിനെ
പിന്നെയും
കടമെടുക്കുന്നു.

അതിരുകള്‍ക്കപ്പുറമിപ്പുറത്തുനിന്ന്
ഇനി നിനക്ക്
കയറിച്ചെല്ലാനുള്ളത്
സ്പാനിഷ് വേഗങ്ങളിലേക്കാണ്.

മുടിയതിരില്‍ നിന്നും
വിയര്‍പ്പുചാലായി
താഴേക്കു പടര്‍ന്ന്
ചുണ്ടുകളിലെത്തി
നില്‍ക്കുമ്പോള്‍
അവിടെക്കാണും ചിരി
നിന്റേതു തന്നെയാകും ടെല്ലീ........

* ഇറ്റാലിയന്‍ ഫുട്‌ബോള്‍ സ്‌െ്രെടക്കര്‍. ഘാന വംശജനായ ടെല്ലി വംശീയാധിക്ഷേപത്തിന് നിരവധി തവണ ഇരയായിട്ടുണ്ട്. ഇറ്റാലിയന്‍ പത്രമായ 'ഗസ്‌റ്റോ ഡെല്ലോ സ്‌പോര്‍ട്ടില്‍' ഈയിടെ വന്ന കാര്‍ട്ടൂണും വിവാദമായിരുന്നു. ഇത്തവണ യൂറോ ഫൈനലിലേക്ക് ഇറ്റലിയെ നയിച്ചത് ടെല്ലി നേടിയ രണ്ട് ഗോളുകളായിരുന്നു

* ജര്‍മ്മന്‍ ഗോള്‍കീപ്പര്‍

തട്ടത്തിന്‍ മറയത്ത് 
തട്ടത്തിന്‍ മറയത്തെ പ്രണയം


ജനയുഗം വാരാന്തം ജൂലൈ 22 / 2012



കേരളത്തിലെ തീയറ്ററുകള്‍ ഒരു ചെറിയ സിനിമയുടെ വലിയ വിജയത്തിന്റെ ഭാഗമാവുകയാണ്.സന്തോഷം നല്‍കുന്ന ഈ കാഴ്ച നല്‍കുന്നത് വിനീത് ശ്രീനിവാസനാണ്. രണ്ടു വര്‍ഷം മുന്‍പ് ഏതാണ്ടിതേ കാലത്ത് വിനീതിന്റെ മറ്റൊരു പുതുനിര സിനിമയും തീയറ്ററിനെ പ്രീതിപ്പെടുത്തി മുന്നേറിയിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആദ്യ സംവിധായക സംരംഭം. ആ സിനിമ ഒരു വിലയിരുത്തലായിരുന്നു. ഒരുപാട് പുതിയ മുഖങ്ങളുടെ അരങ്ങേറലും. വലിയൊരു മാറ്റമൊന്നും നല്‍കാതെ എന്നാല്‍ ഒരു വേഗവും ഊര്‍ജവും നല്‍കാന്‍ കഴിയുന്നതായിരുന്നു മലര്‍വാടി.
രണ്ടു വര്‍ഷം കഴിഞ്ഞ് രണ്ടാം സിനിമയുമായി വിനീത് നമുക്കിടയില്‍ വന്നിരിക്കുന്നു. ഇത്തവണ ഒന്നുകൂടെ ലാളിത്യവുമായാണ് വരവ്. മലയാളവും മറ്റെല്ലാ ഭാഷകളും ഒട്ടേറെ പറഞ്ഞുകഴിഞ്ഞ വ്യത്യസ്ത മത പ്രണയം വിഷയീകരിച്ച്. എന്നാല്‍ അത്തരമൊരു പറച്ചില്‍ എത്രമാത്രം നന്നായി പറയാം എന്നതിന്റെ അറ്റം വരെ പോയി എന്നതു തന്നെയാണ് വിനീതിന്റെയും തട്ടത്തിന്‍ മറയത്തിന്റെയും വിജയം.സിനിമ കാണുന്ന ഓരോരുത്തര്‍ക്കും അല്ലെങ്കില്‍ അതേപ്പററി കേള്‍ക്കുന്നവര്‍ക്കും അറിയാം ഒട്ടും പുതുമയില്ലാത്ത കഥാപരിസരം. പക്ഷേ അതിനെ പറഞ്ഞിരിക്കുന്ന രീതിയും രചനാസങ്കേതവും കണ്ടെത്തിയ അഭിനേതാക്കളും ചേര്‍ന്ന് ഈ സിനിമയെ കാഴ്ചക്കാര്‍ക്ക് ഇഷ്ടപ്പെടുത്തുന്ന ഒന്നാക്കി മാറ്റും.
പ്രണയം ആരുടെ തോന്നലാണ്? മനസിന്റയെന്നത് ഒരു പരിധി വരെ പുറം പറച്ചിലായിരിക്കാമെന്നത് ഉളളിലേക്കൊന്നു ചൂണ്ടയിട്ട് നോക്കിയാല്‍ തെളിഞ്ഞു കാണും. ശരീരത്തിന്റെ സാധ്യതയും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവും തന്നെയാണ് ഈ വികാരത്തില്‍ വലിയൊരു പങ്കാളിയായി മുന്നോട്ടുവരിക. അങ്ങനെ നോക്കുമ്പോള്‍ സിനിമയിലെ വിനോദ് അയിഷയില്‍ കണ്ട പുറം സൗന്ദര്യത്തെ കുറ്റം പറയാനൊക്കില്ല.നായകന്റെ ഉറക്കം കളയുന്നത് ഓളടെ തട്ടത്തിന്‍ മറയത്തെ മൊഞ്ചു തന്നെയാണ്. ഓളെയൊന്ന് തൊടാനും ഉമ്മ വെയ്ക്കാനും അതുകൊണ്ടു തന്നെയാണ് അവന്‍ മറ്റേതൊരു കാമുകനേയും പോലെ വല്ലാതെ ആഗ്രഹിക്കുന്നത്.
പുതുതലമുറയും അവര്‍ക്ക് പരിചിതമായ പരിസരങ്ങളുമാണ് ഈ സിനിമയെ യുവത്വം ഏറെറടുക്കുന്നതാക്കുന്നത്. മതവും വിശ്വാസവും വര്‍ഗീയതയും സംഘട്ടനവുമെല്ലാം കയറിക്കളിക്കാന്‍ സാധ്യതയുണ്ടായിരുന്നു തട്ടത്തിന്‍ മറയത്തെ മുസ്ലീംനായര്‍ പ്രണയത്തിന്. സദാചാരപ്പോലീസ് കേരളത്തെ അടുത്ത കാലത്ത് ഭരിച്ചിടപെടുന്ന വൃത്തികെട്ട ഇടപെടലിനെ ഇത് പാക്കിസ്ഥാനല്ല, ഇന്ത്യയാണ് എന്ന ഒറ്റ വാചകം കൊണ്ട് ഇല്ലാതാക്കുന്നു. ഈയൊരു ചെറുതുകളുടെ വലിയ പറച്ചിലും രാഷ്ട്രീയവും തന്നെയാണ് തട്ടത്തിന്‍ മറയത്തില്‍ ആകെയുളളത് വെടിയും പുകയും അടിയും അടക്കം പറച്ചിലുമില്ലാതെ ഒരു പ്രണയത്തെ കൈ ചേര്‍ത്തു നടത്തുന്ന നല്ല പ്രക്രിയ.
ജനമൈത്രി പൊലീസിന്റെ അമിത ഇടപെടല്‍ തെല്ല് അതിശയോക്തി ഉളവാക്കുമെങ്കിലും ക്ഷമിക്കാന്‍ കഴിയുന്നതായി ഇത് മാറുന്നത് വിനോദിന്റെ ഭ്രാന്തമായതും അയിഷയുടെ ചങ്ങലക്കെട്ടുകള്‍ മറികടക്കലിന് തയ്യാറാകുന്നതുമായ പ്രണയത്തിന് മധ്യസഹായവര്‍ത്തികളാകുന്നതുകൊണ്ടാണ്. പുതുമയുടെ സംഗീതമല്ല തട്ടത്തിന്‍ മറയത്തിലെ പാട്ടുകളുടേത്. ഒരു പ്രണയസിനിമയില്‍ വേണ്ട വിധം അതൊരുക്കി എന്നതാണ് ഷാനിന്റെ പ്രത്യേകത. റിലീസിംഗിനു തൊട്ടുമുന്‍പു മുതല്‍ ഇപ്പോഴും കേരളം മുത്തുച്ചിപ്പിപോലെ വന്ന് കിന്നാരം പറഞ്ഞ പാട്ടുകളെ മൂളുന്നുണ്ട്. എല്ലാവരിലുമുളള പ്രണയം കൊണ്ടു തന്നെയാകും ഈ മൂളലും ഏറെറടുക്കലും.
നിവിന്‍ പോളിയുടെ കരിയറിലെ വലിയ ബ്രേക്കായി മാറുന്നു ഈ സിനിമ. മുന്‍പ് നാലഞ്ചു സിനിമകളില്‍ കൂട്ടത്തിലൊരാള്‍ മാത്രമായിപ്പോയ ഈ നടന്റെ രൂപമാററം അത്രയേറെ അഭിനന്ദനത്തിന് ഇട നല്‍കിയിരിക്കുകയാണ്. കൂടെ ഇഷാ തല്‍വാര്‍,അജു,അപര്‍ണ,ശ്രാനിവാസന്‍ എന്നിവരൊക്കെയും ഓര്‍ക്കാന്‍ ചിലത് നല്‍കുന്നു.
മാററങ്ങളുടെ പുതുസിനിമാക്കാലത്തിന് ജനങ്ങള്‍ ഏറ്റെടുക്കുന്ന വിജയങ്ങള്‍ ആവശ്യമാണ്.ഉസ്താദ് ഹോട്ടലിനു പിന്നാലെ ജനമറിയുന്ന വിജയമായി ഒരു പുതുനിര സിനിമ കൂടി തീയറററുകള്‍ കീഴടക്കുന്നത് മലയാളസിനിമയ്ക്കാകെ ഉണര്‍വ് നല്‍കുന്ന ഘടകമാണ്.മൂന്നാലു വര്‍ഷമായി മാറിക്കൊണ്ടിരിക്കുന്ന മലയാളസിനിമയുടെ കാഴ്ചവട്ടങ്ങള്‍ക്ക് തുടര്‍ച്ചയും ആത്മവിശ്വാസവുമാകുന്നു ഈ വിജയം.


Sunday, 10 February 2013

അന്നയും റസൂലും

പ്രണയത്താല്‍ പുതപ്പിക്കുക

അടുത്ത കാലത്തിറങ്ങിയ ഏറ്റവും വ്യക്തിത്വമുളള സിനിമയാണ് അന്നയും റസൂലും. സിനിമ പുറത്തിറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു. നാടാഘോഷിച്ച വിജയമായില്ലെങ്കില്‍ക്കൂടി സാമാന്യം ജനം കണ്ടു. അന്നയേയും റസൂലിനേയും പറ്റി പറയാന്‍ ഇതൊന്നുമല്ല വിഷയമാകുന്നത്.
    ഒട്ടനവധി തവണ പറഞ്ഞ് പിന്നെയും പറയുന്ന ഇനിയുമേറെ പറച്ചിലിന് സാധ്യത അവശേഷിപ്പിക്കുന്ന പ്രണയമെന്ന വികാരവും വിശേഷവും വിഷയവും. ജീവിതത്തില്‍ ആ വികാരം ആവര്‍ത്തിക്കുന്നപോലെ സിനിമയിലും വിഷയമാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പ്രണയത്തിലകപ്പെടാന്‍ എളുപ്പമാണ്. അതിനെ സമീപിക്കുന്ന രീതിയാണ് മുന്നോട്ടുപോക്കും അന്തിമ വിശകലനത്തിനും ഇടയും സാധ്യതയും നല്‍കുന്നത്. ഈയൊരു ജീവിതവായന സിനിമയിലേക്ക് പകര്‍ത്തിപ്പറയുകയാണെങ്കില്‍ അത് ഇങ്ങനെയാകും- ആകെ കുറച്ച് വിഷയങ്ങളേ ജീവിതത്തിലുളളൂ. പ്രണയം അതില്‍ സവിശേഷ ഇടം അര്‍ഹിക്കുന്ന ഒന്നും.  അതുകൊണ്ടുതന്നെ പ്രണയം പറഞ്ഞുപോകുന്ന സിനിമകള്‍ ഏതുകാലവുമുണ്ടാകുന്നു. അവ മുഴുനീള പ്രമേയങ്ങളോ ഭാഗിക പറച്ചിലുകളോ ആവാം. ഇങ്ങനെ നിരന്തരം വിഷയമാകുന്ന പ്രണയത്തിന്റെ സമീപനരീതിയിലെ പുതുമ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട് ഏതു ഭാഷയിലും ലോകത്തും എല്ലാ സീമകള്‍ക്കും അപ്പുറത്ത്.
    മലയാളത്തിലെ പ്രണയ സിനിമാചരിത്രം പരിശോധിക്കുമ്പോള്‍ ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന തരത്തില്‍ നവീകരിക്കപ്പെട്ടും പില്‍ക്കാലത്ത് പുതുമ നഷ്ടപ്പെട്ടും തുടരുന്ന പരിണതിയായി അത്തരം സിനിമകള്‍ വാഴുന്നു. തൊട്ടു മുന്‍വാചകം ആശയക്കുഴപ്പത്തില്‍ എത്തിക്കുന്നുവെങ്കില്‍ ചെറിയൊരു ഉദാഹരണം പറഞ്ഞുപോകാം. 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അല്ലെങ്കില്‍ 1997ലെ അനിയത്തിപ്രാവ്. തീയറ്ററുകളും യുവത്വവും ആഘോഷിച്ചും അനുകരിച്ചും നൂറുകണക്കിന് ദിവസത്തിലെത്തിയ ചരിത്രമാണ് ഈ സിനിമകള്‍ക്ക് പറയാനുളളത്. എന്നാല്‍ ഇപ്പോഴിവ കാണുക അസഹനീയമായിരിക്കും. അന്നത്തെ ജീവിതത്തിന്റെ പോസ്റ്റ് മോഡേണിസമായിരിക്കും അതില്‍ ദൃശ്യമാകുക. ജീവിതശൈലിയിലും സാഹചര്യത്തിലും വന്ന മാറ്റം സിനിമയുടെ പറച്ചില്‍ രീതികളിലേക്കുകൂടി ചേര്‍ന്നുവരുമ്പോഴാണീ രസച്ചരട് പൊട്ടല്‍ അനുഭവപ്പെടുക.
     മേല്‍പ്പരാമര്‍ശിച്ച സിനിമകളോടോ അല്ലെങ്കില്‍ ഒരു കാലം വായിച്ച് തുടര്‍ച്ച കാത്തിരുന്ന മംഗള, മനോരമ, മനോരാജ്യ വാരികകളിലെ പൈങ്കിളി നോവലുകളുടെ കഥാതുടര്‍ച്ചയോ മാത്രമേ അന്നയ്ക്കും റസൂലിനും പറയാനുളളൂ. പറച്ചിലില്‍/സമീപനത്തില്‍ ഉളള വ്യത്യസ്തതയാണ്  ഈ ചലച്ചിത്രത്തെ അനുഭവമാക്കുന്നത്. ഇവിടെ കാവ്യം എന്ന വാക്ക് ചേര്‍ത്തുവെയ്ക്കട്ടെ. കവിത എന്ന വാക്ക് മതിയാകാതെവരും. ലഘുവായ തലത്തില്‍ ഇത്തിരി വാക്കുകളിലല്ല അന്നയുടേയും റസൂലിന്റേയും കഥ പറഞ്ഞുപോകുന്നത്. അവരിരുവരും നിലനില്‍ക്കുന്ന ജീവിതത്തിന്റെ പരിചിതസ്ഥലികളും മനുഷ്യരുമെല്ലാം ഇവിടെ കഥാപാത്രങ്ങളാകുകയും കൂടെക്കൂടി ജീവിക്കുന്നവരുമാകുന്നു. അപ്പോള്‍ കേവലം രണ്ടുപേരിലൊതുങ്ങാത്തൊരു ബൃഹദാഖ്യാനസ്വഭാവം കൈവരുന്നു.
    സിനിമ സഞ്ചരിക്കുന്നതും സ്വീകരിക്കുന്നതും പതിഞ്ഞ വഴിയാണ്. എത്രയൊക്കെ വേഗതയും തിരക്കും അവകാശപ്പെടുമെങ്കിലും നമ്മുടെയൊക്കെ ജീവിതത്തില്‍ നിശബ്ദതയ്ക്കും പതിഞ്ഞ താളത്തിനും ഇടമേറെയാണ്. ജീവിതമാവശ്യപ്പെടുന്ന ആ നിശബ്ദതയ്ക്ക് കൃത്യമായ സ്‌പേസുണ്ട് ഈ സിനിമയില്‍. ഇവിടെയാണ് കെ യുടെ പശ്ചാത്തലസംഗീതത്തിന് സിനിമയില്‍ പ്രഥമഗണന കൈവരുന്നത്. ഷോട്ടുകളുടെ ഇഴചേരലിലെ നേര്‍ത്ത നൂലിഴ പോലുമടയ്ക്കാന്‍ ഈ സംഗീതം പ്രാപ്തമാണ്. സിനിമയിലെ പാട്ടുകള്‍ക്കുമുണ്ട് കഥയോടും ദൃശ്യത്തോടും സന്ദര്‍ഭങ്ങളോടുമുളള ഈ ഇഴചേര്‍ച്ച. ഒന്നും പാഴായ പരിശ്രമങ്ങളാകുന്നില്ല. മാത്രമല്ല ഏറ്റവും ചേരുന്നിടത്തെ ചേര്‍ച്ചകളുമാകുന്നു. അപ്പോള്‍ മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും പൊന്നാനിയും ഇടുക്കിയിലെ മലയോരഗ്രാമവുമെല്ലാം വിശദമായ ആഖ്യാനങ്ങളാകുന്നു. ഇവിടെയെല്ലാം കഥാപാത്രങ്ങളും സംസാര, ശരീരഭാഷകളും പ്രണയം, സൗഹൃദം, മനുഷ്യത്വം, മതം ഇങ്ങനെ വിഭിന്നരൂപങ്ങളില്‍ എത്തിച്ചേരുകയും തേടിച്ചെല്ലുകയും ചെയ്യുന്നുമുണ്ട്.
    കഥാപാത്രത്തെ പഠിക്കാനും മനോധര്‍മ്മവും ശരീരഭാഷയും സൂക്ഷിക്കാനും ഫഹദ് ചെയ്യുന്ന ശ്രമങ്ങള്‍ ഓരോ സിനിമയിലും ഇയാളെ മുന്നോട്ടുനയിക്കുന്നു. തിരിച്ചുവരവിന്റെ ആദ്യസിനിമകളില്‍ നിലനിന്നിരുന്ന മെട്രോബോയ് ഇമേജ് ഫ്രൈഡേയില്‍ മറികടക്കാന്‍ ഫഹദിന് കഴിഞ്ഞിരുന്നു. താരശരീരം ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് എങ്ങനെ ഏറ്റവും സുരക്ഷിതമായി ഒതുങ്ങുന്നുവെന്നത് ഫ്രൈഡേയില്‍ കാണാനാകും. ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു ചിന്തയ്ക്കും ആശങ്കയ്ക്കും വകനല്‍കാതെ എത്ര അനായാസമായാണ് ഈ നടന്‍ കൊച്ചിയിലെ ചെറുപ്പക്കാരനായി മാറുന്നത്. ഫഹദിനെക്കൂടാതെ അന്ന (ആന്‍ഡ്രിയ), ആഷ്‌ലി (സണ്ണി വെയ്ന്‍), കോളിന്‍ (സൗബിന്‍ താഹിര്‍), അബു (ഷൈന്‍ ടോം ചാക്കോ), ഫസീല (സൃന്ദ അഷബ്) ഹൈദര്‍ (ആഷിഖ് അബു) ഇവരെല്ലാം പകരം ചിന്തിക്കലില്ലാത്ത കഥാപാത്ര നീതീകരണം നടത്തിയിരിക്കുന്നു.
   കൊച്ചിക്ക് മലയാള സിനിമ കല്‍പ്പിച്ചുനല്‍കിയിട്ടുളള നല്ലതല്ലാത്ത മുഖത്തെ ആവര്‍ത്തിക്കാതെ കുറേക്കൂടി സത്യസന്ധമായ ഒരു പൊളിച്ചെഴുത്ത് നടത്താന്‍ രാജീവ് രവിയും സന്തോഷ് ഏച്ചിക്കാനവും ശ്രമിച്ചിരിക്കുന്നു. ഒറ്റവാക്കില്‍ അന്നയും റസൂലും എന്ന സിനിമയ്ക്ക് അവകാശപ്പെടാവുന്നത് മേക്കിംഗിലെ പുതുമയാണ്. മധു നീലകണ്ഠന്റെ ക്യാമറ, അജിത്കുമാറിന്റെ എഡിറ്റിംഗ്, കെ യുടെ സംഗീതം, ഇവയെല്ലാം ഏകോപിപ്പിച്ച രാജീവ് രവിയുടെ മിടുക്ക്... സിനിമയുടെ പുതുമയ്ക്ക് ഇതെല്ലാം സമം ചേര്‍ന്നിരിക്കുന്നു.
  കൃത്രിമത്വം സിനിമയുടെ വിശ്വാസ്യതയെ നശിപ്പിക്കുന്ന ഒന്നാണ്. ഈ സിനിമ മറികടന്നിരിക്കുന്ന ആ സവിശേഷത ചൂണ്ടിക്കാട്ടാതെ വയ്യ. സംഭാഷണത്തിലാണ് ഈ വിശ്വാസ്യത ആദ്യം കാണാനാകുക. മെഹബൂബ്, പി എ കാസിം, ബാബുരാജ്, മേപ്പളളി ബാലന്‍ ഇവരെയെല്ലാം ഓര്‍മ്മയില്‍ കൊണ്ടുവരുന്ന പാട്ടുകള്‍, പലയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്ന സ്‌പോട്ട് ഡബ്ബിംഗ്, കൃത്രിമവെളിച്ചങ്ങള്‍ ഒഴിവാക്കിയും തിരക്കറിയ ആള്‍ക്കൂട്ടത്തിനുമിടയിലെ ക്യാമറയുടെ സഞ്ചാരം എല്ലാം രാജീവ് രവിയുടെ സിനിമയെ വേറിട്ടുനിര്‍ത്തുന്നു.
     പുഴയില്‍ മുങ്ങാംകുഴിയിട്ട് കണ്ണും തുറന്നുപിടിച്ച് പ്രിയപ്പെട്ടവളെ കാണുന്ന പ്രണയം പുഴയാഴങ്ങള്‍ക്കും ആഴത്തിലാണ്. പ്രണയത്തിലാണ്ട് പ്രണയം പുതച്ച് മൗത്തായ (മരണം) പ്രണയത്തെ ജീവിതത്തിന്റെ തുടര്‍ച്ചയാക്കിമാറ്റുമ്പോള്‍ മുഹമ്മദ് നബി ഖദീജയോട് പറഞ്ഞത് റസൂല്‍ അന്നയോട് പറയുന്നതായി നമ്മള്‍ കേള്‍ക്കും.. അറിയും..സമ്മിലൂനീ...പ്രണയത്താല്‍ നീയെന്നെ പുതപ്പിക്കുക...