Sunday, 10 February 2013

അന്നയും റസൂലും

പ്രണയത്താല്‍ പുതപ്പിക്കുക

അടുത്ത കാലത്തിറങ്ങിയ ഏറ്റവും വ്യക്തിത്വമുളള സിനിമയാണ് അന്നയും റസൂലും. സിനിമ പുറത്തിറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു. നാടാഘോഷിച്ച വിജയമായില്ലെങ്കില്‍ക്കൂടി സാമാന്യം ജനം കണ്ടു. അന്നയേയും റസൂലിനേയും പറ്റി പറയാന്‍ ഇതൊന്നുമല്ല വിഷയമാകുന്നത്.
    ഒട്ടനവധി തവണ പറഞ്ഞ് പിന്നെയും പറയുന്ന ഇനിയുമേറെ പറച്ചിലിന് സാധ്യത അവശേഷിപ്പിക്കുന്ന പ്രണയമെന്ന വികാരവും വിശേഷവും വിഷയവും. ജീവിതത്തില്‍ ആ വികാരം ആവര്‍ത്തിക്കുന്നപോലെ സിനിമയിലും വിഷയമാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പ്രണയത്തിലകപ്പെടാന്‍ എളുപ്പമാണ്. അതിനെ സമീപിക്കുന്ന രീതിയാണ് മുന്നോട്ടുപോക്കും അന്തിമ വിശകലനത്തിനും ഇടയും സാധ്യതയും നല്‍കുന്നത്. ഈയൊരു ജീവിതവായന സിനിമയിലേക്ക് പകര്‍ത്തിപ്പറയുകയാണെങ്കില്‍ അത് ഇങ്ങനെയാകും- ആകെ കുറച്ച് വിഷയങ്ങളേ ജീവിതത്തിലുളളൂ. പ്രണയം അതില്‍ സവിശേഷ ഇടം അര്‍ഹിക്കുന്ന ഒന്നും.  അതുകൊണ്ടുതന്നെ പ്രണയം പറഞ്ഞുപോകുന്ന സിനിമകള്‍ ഏതുകാലവുമുണ്ടാകുന്നു. അവ മുഴുനീള പ്രമേയങ്ങളോ ഭാഗിക പറച്ചിലുകളോ ആവാം. ഇങ്ങനെ നിരന്തരം വിഷയമാകുന്ന പ്രണയത്തിന്റെ സമീപനരീതിയിലെ പുതുമ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട് ഏതു ഭാഷയിലും ലോകത്തും എല്ലാ സീമകള്‍ക്കും അപ്പുറത്ത്.
    മലയാളത്തിലെ പ്രണയ സിനിമാചരിത്രം പരിശോധിക്കുമ്പോള്‍ ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന തരത്തില്‍ നവീകരിക്കപ്പെട്ടും പില്‍ക്കാലത്ത് പുതുമ നഷ്ടപ്പെട്ടും തുടരുന്ന പരിണതിയായി അത്തരം സിനിമകള്‍ വാഴുന്നു. തൊട്ടു മുന്‍വാചകം ആശയക്കുഴപ്പത്തില്‍ എത്തിക്കുന്നുവെങ്കില്‍ ചെറിയൊരു ഉദാഹരണം പറഞ്ഞുപോകാം. 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അല്ലെങ്കില്‍ 1997ലെ അനിയത്തിപ്രാവ്. തീയറ്ററുകളും യുവത്വവും ആഘോഷിച്ചും അനുകരിച്ചും നൂറുകണക്കിന് ദിവസത്തിലെത്തിയ ചരിത്രമാണ് ഈ സിനിമകള്‍ക്ക് പറയാനുളളത്. എന്നാല്‍ ഇപ്പോഴിവ കാണുക അസഹനീയമായിരിക്കും. അന്നത്തെ ജീവിതത്തിന്റെ പോസ്റ്റ് മോഡേണിസമായിരിക്കും അതില്‍ ദൃശ്യമാകുക. ജീവിതശൈലിയിലും സാഹചര്യത്തിലും വന്ന മാറ്റം സിനിമയുടെ പറച്ചില്‍ രീതികളിലേക്കുകൂടി ചേര്‍ന്നുവരുമ്പോഴാണീ രസച്ചരട് പൊട്ടല്‍ അനുഭവപ്പെടുക.
     മേല്‍പ്പരാമര്‍ശിച്ച സിനിമകളോടോ അല്ലെങ്കില്‍ ഒരു കാലം വായിച്ച് തുടര്‍ച്ച കാത്തിരുന്ന മംഗള, മനോരമ, മനോരാജ്യ വാരികകളിലെ പൈങ്കിളി നോവലുകളുടെ കഥാതുടര്‍ച്ചയോ മാത്രമേ അന്നയ്ക്കും റസൂലിനും പറയാനുളളൂ. പറച്ചിലില്‍/സമീപനത്തില്‍ ഉളള വ്യത്യസ്തതയാണ്  ഈ ചലച്ചിത്രത്തെ അനുഭവമാക്കുന്നത്. ഇവിടെ കാവ്യം എന്ന വാക്ക് ചേര്‍ത്തുവെയ്ക്കട്ടെ. കവിത എന്ന വാക്ക് മതിയാകാതെവരും. ലഘുവായ തലത്തില്‍ ഇത്തിരി വാക്കുകളിലല്ല അന്നയുടേയും റസൂലിന്റേയും കഥ പറഞ്ഞുപോകുന്നത്. അവരിരുവരും നിലനില്‍ക്കുന്ന ജീവിതത്തിന്റെ പരിചിതസ്ഥലികളും മനുഷ്യരുമെല്ലാം ഇവിടെ കഥാപാത്രങ്ങളാകുകയും കൂടെക്കൂടി ജീവിക്കുന്നവരുമാകുന്നു. അപ്പോള്‍ കേവലം രണ്ടുപേരിലൊതുങ്ങാത്തൊരു ബൃഹദാഖ്യാനസ്വഭാവം കൈവരുന്നു.
    സിനിമ സഞ്ചരിക്കുന്നതും സ്വീകരിക്കുന്നതും പതിഞ്ഞ വഴിയാണ്. എത്രയൊക്കെ വേഗതയും തിരക്കും അവകാശപ്പെടുമെങ്കിലും നമ്മുടെയൊക്കെ ജീവിതത്തില്‍ നിശബ്ദതയ്ക്കും പതിഞ്ഞ താളത്തിനും ഇടമേറെയാണ്. ജീവിതമാവശ്യപ്പെടുന്ന ആ നിശബ്ദതയ്ക്ക് കൃത്യമായ സ്‌പേസുണ്ട് ഈ സിനിമയില്‍. ഇവിടെയാണ് കെ യുടെ പശ്ചാത്തലസംഗീതത്തിന് സിനിമയില്‍ പ്രഥമഗണന കൈവരുന്നത്. ഷോട്ടുകളുടെ ഇഴചേരലിലെ നേര്‍ത്ത നൂലിഴ പോലുമടയ്ക്കാന്‍ ഈ സംഗീതം പ്രാപ്തമാണ്. സിനിമയിലെ പാട്ടുകള്‍ക്കുമുണ്ട് കഥയോടും ദൃശ്യത്തോടും സന്ദര്‍ഭങ്ങളോടുമുളള ഈ ഇഴചേര്‍ച്ച. ഒന്നും പാഴായ പരിശ്രമങ്ങളാകുന്നില്ല. മാത്രമല്ല ഏറ്റവും ചേരുന്നിടത്തെ ചേര്‍ച്ചകളുമാകുന്നു. അപ്പോള്‍ മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും പൊന്നാനിയും ഇടുക്കിയിലെ മലയോരഗ്രാമവുമെല്ലാം വിശദമായ ആഖ്യാനങ്ങളാകുന്നു. ഇവിടെയെല്ലാം കഥാപാത്രങ്ങളും സംസാര, ശരീരഭാഷകളും പ്രണയം, സൗഹൃദം, മനുഷ്യത്വം, മതം ഇങ്ങനെ വിഭിന്നരൂപങ്ങളില്‍ എത്തിച്ചേരുകയും തേടിച്ചെല്ലുകയും ചെയ്യുന്നുമുണ്ട്.
    കഥാപാത്രത്തെ പഠിക്കാനും മനോധര്‍മ്മവും ശരീരഭാഷയും സൂക്ഷിക്കാനും ഫഹദ് ചെയ്യുന്ന ശ്രമങ്ങള്‍ ഓരോ സിനിമയിലും ഇയാളെ മുന്നോട്ടുനയിക്കുന്നു. തിരിച്ചുവരവിന്റെ ആദ്യസിനിമകളില്‍ നിലനിന്നിരുന്ന മെട്രോബോയ് ഇമേജ് ഫ്രൈഡേയില്‍ മറികടക്കാന്‍ ഫഹദിന് കഴിഞ്ഞിരുന്നു. താരശരീരം ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് എങ്ങനെ ഏറ്റവും സുരക്ഷിതമായി ഒതുങ്ങുന്നുവെന്നത് ഫ്രൈഡേയില്‍ കാണാനാകും. ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു ചിന്തയ്ക്കും ആശങ്കയ്ക്കും വകനല്‍കാതെ എത്ര അനായാസമായാണ് ഈ നടന്‍ കൊച്ചിയിലെ ചെറുപ്പക്കാരനായി മാറുന്നത്. ഫഹദിനെക്കൂടാതെ അന്ന (ആന്‍ഡ്രിയ), ആഷ്‌ലി (സണ്ണി വെയ്ന്‍), കോളിന്‍ (സൗബിന്‍ താഹിര്‍), അബു (ഷൈന്‍ ടോം ചാക്കോ), ഫസീല (സൃന്ദ അഷബ്) ഹൈദര്‍ (ആഷിഖ് അബു) ഇവരെല്ലാം പകരം ചിന്തിക്കലില്ലാത്ത കഥാപാത്ര നീതീകരണം നടത്തിയിരിക്കുന്നു.
   കൊച്ചിക്ക് മലയാള സിനിമ കല്‍പ്പിച്ചുനല്‍കിയിട്ടുളള നല്ലതല്ലാത്ത മുഖത്തെ ആവര്‍ത്തിക്കാതെ കുറേക്കൂടി സത്യസന്ധമായ ഒരു പൊളിച്ചെഴുത്ത് നടത്താന്‍ രാജീവ് രവിയും സന്തോഷ് ഏച്ചിക്കാനവും ശ്രമിച്ചിരിക്കുന്നു. ഒറ്റവാക്കില്‍ അന്നയും റസൂലും എന്ന സിനിമയ്ക്ക് അവകാശപ്പെടാവുന്നത് മേക്കിംഗിലെ പുതുമയാണ്. മധു നീലകണ്ഠന്റെ ക്യാമറ, അജിത്കുമാറിന്റെ എഡിറ്റിംഗ്, കെ യുടെ സംഗീതം, ഇവയെല്ലാം ഏകോപിപ്പിച്ച രാജീവ് രവിയുടെ മിടുക്ക്... സിനിമയുടെ പുതുമയ്ക്ക് ഇതെല്ലാം സമം ചേര്‍ന്നിരിക്കുന്നു.
  കൃത്രിമത്വം സിനിമയുടെ വിശ്വാസ്യതയെ നശിപ്പിക്കുന്ന ഒന്നാണ്. ഈ സിനിമ മറികടന്നിരിക്കുന്ന ആ സവിശേഷത ചൂണ്ടിക്കാട്ടാതെ വയ്യ. സംഭാഷണത്തിലാണ് ഈ വിശ്വാസ്യത ആദ്യം കാണാനാകുക. മെഹബൂബ്, പി എ കാസിം, ബാബുരാജ്, മേപ്പളളി ബാലന്‍ ഇവരെയെല്ലാം ഓര്‍മ്മയില്‍ കൊണ്ടുവരുന്ന പാട്ടുകള്‍, പലയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്ന സ്‌പോട്ട് ഡബ്ബിംഗ്, കൃത്രിമവെളിച്ചങ്ങള്‍ ഒഴിവാക്കിയും തിരക്കറിയ ആള്‍ക്കൂട്ടത്തിനുമിടയിലെ ക്യാമറയുടെ സഞ്ചാരം എല്ലാം രാജീവ് രവിയുടെ സിനിമയെ വേറിട്ടുനിര്‍ത്തുന്നു.
     പുഴയില്‍ മുങ്ങാംകുഴിയിട്ട് കണ്ണും തുറന്നുപിടിച്ച് പ്രിയപ്പെട്ടവളെ കാണുന്ന പ്രണയം പുഴയാഴങ്ങള്‍ക്കും ആഴത്തിലാണ്. പ്രണയത്തിലാണ്ട് പ്രണയം പുതച്ച് മൗത്തായ (മരണം) പ്രണയത്തെ ജീവിതത്തിന്റെ തുടര്‍ച്ചയാക്കിമാറ്റുമ്പോള്‍ മുഹമ്മദ് നബി ഖദീജയോട് പറഞ്ഞത് റസൂല്‍ അന്നയോട് പറയുന്നതായി നമ്മള്‍ കേള്‍ക്കും.. അറിയും..സമ്മിലൂനീ...പ്രണയത്താല്‍ നീയെന്നെ പുതപ്പിക്കുക...

No comments:

Post a Comment