Monday, 27 October 2014

എന്‍ പി മുരളീകൃഷ്ണന് മാധ്യമ പുരസ്‌ക്കാരം

തിരുവനന്തപുരം: ജേര്‍ണലിസം വിഷയമാക്കിയുള്ള ബിഹൈന്‍ഡ് ദ ലൈന്‍സ് ബിറ്റ്‌വീന്‍ ദ ലൈന്‍സ് ചലച്ചിത്രോത്സവത്തിലെ മികച്ച പത്രമാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌ക്കാരം വീക്ഷണം റിപ്പോര്‍ട്ടര്‍ എന്‍ പി മുരളീകൃഷ്ണന്. മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രമേളയിലെ റിപ്പോര്‍ട്ടിംഗ് മികവാണ് മുരളീകൃഷ്ണനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. 5000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ എച്ച് വെങ്കിടേഷ് പുരസ്‌ക്കാരം സമ്മാനിച്ചു.
ജനയുഗത്തില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം ആരംഭിച്ച മുരളീകൃഷ്ണന്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് വീക്ഷണത്തില്‍ റിപ്പോര്‍ട്ടറായി പ്രവേശിച്ചത്. പാലക്കാട് ജില്ലയിലെ ആനക്കരയാണ് സ്വദേശം. കാലടി സര്‍വ്വകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ ഗസ്റ്റ് ലക്ചററായ അജിതയാണ് ഭാര്യ.

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യാവിഷനിലെ ഗ്രീഷ്മ കരസ്ഥമാക്കി. അസീമ ട്രസ്റ്റും ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റും തിരുവനന്തപുരം പ്രസ്‌ക്ലബുമായി ചേര്‍ന്നാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്.


വീക്ഷണം, ഒക്ടോബര്‍ 27

ബിഹൈന്‍ഡ് ദ ലൈന്‍സ് ബിറ്റ്‌വീന്‍ ദ ലൈന്‍സ്
സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുക

ചോരയിലേക്കും കണ്ണീരിലേക്കും ചലിക്കട്ടെ പേനാക്കണ്ണ്


മണിപ്പൂരിലെ കുതിരകള്‍ മനുഷ്യരേക്കാള്‍ സ്വതന്ത്രരായാണ് തെരുവുകളില്‍ നടക്കുന്നത്. ഇതൊരു പ്രയോഗമല്ല. സത്യസന്ധമായ ഒരവസ്ഥയാണ്. ജേര്‍ണലിസം ചലച്ചിത്രോത്സവത്തിന്റെ രണ്ടാംദിനം ഏറ്റവുമധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഡോക്യുമെന്ററിയായ സഗോല്‍ഗി ഇഗി വാരി മുന്നോട്ടുവയ്ക്കുന്ന സത്യസന്ധമായ രാഷ്ട്രീയം ഏറെ പരുക്കമാര്‍ന്നതാണ്.
അത് സത്യമാണ്. നമുക്കും അനുഭവപ്പെടും മണിപ്പൂരിലെ കന്നുകാലികള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. എന്നാല്‍ അത്രത്തോളം ധൈര്യത്തോടെ തന്റെ വീട്ടുമുറ്റത്തും തൊട്ടയല്‍പക്കത്തും ഇറങ്ങിനടക്കാന്‍ ഒരു മണിപ്പൂരി ധൈര്യപ്പെടുന്നില്ല. നമ്മുടെ ചിന്തയ്ക്ക് ഉള്‍ക്കൊള്ളാനാകാത്ത ഈ അവസ്ഥ മാധ്യമങ്ങള്‍ വേണ്ടവണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അല്ലെങ്കില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കാശ്മീരുള്‍പ്പടെയുള്ള ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ വാര്‍ത്തകള്‍ നിരന്തരം നമ്മളിലേക്കെത്തുകയും ഒരു ഇറോം ശര്‍മ്മിളയുടെ പോരാട്ടത്തിനപ്പുറം യാതൊന്നും മണിപ്പൂരില്‍ നിന്നുള്ളതായി വരുന്നില്ലെന്നുള്ളതും അത്യന്തം ശ്രദ്ധേയവും എന്നാല്‍ ഏറെ അപകടം പിടിച്ചതുമായ യാഥാര്‍ഥ്യമാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? എന്താണ് പുറംലോകം ഇതൊന്നും അറിയാത്തത്? എവിടെയാണ് മാധ്യമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും പിഴയ്ക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ മനസ്സില്‍ വരിക സാധാരണം. സുന്‍സു ബാസ്പതിമയും തന്റെ ഡോക്യുമെന്ററിയിലൂടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കുക തന്നെയാണ്.
സ്ത്രീകള്‍ ഇത്രയധികം മുന്നിട്ടിറങ്ങിയ ഒരു പ്രക്ഷോഭം ഉണ്ടായിട്ടുണ്ടോ എന്ന് സംശയിപ്പിക്കും മണിപ്പൂരിലെ പട്ടാള ഭരണത്തിനെതിരായ സമരങ്ങള്‍ കാണുമ്പോള്‍. എന്നാല്‍ ഈ മുന്നേറ്റങ്ങളൊന്നും മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നത് മാധ്യമങ്ങളെ സ്വയംവിചിന്തനത്തിന് വിധേയമാക്കും. ബിഹൈന്‍ഡ് ദ ലൈന്‍സ് ബിറ്റ്‌വീന്‍ ദ ലൈന്‍സ് ചലച്ചിത്രമേള മുന്നോട്ടുവെയ്ക്കുന്ന സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുക എന്ന സന്ദേശം ഏറെ അന്വര്‍ഥമാക്കുകയാണ് സഗോല്‍ഗി ഇഗി വാരി. നമ്മള്‍ ഇനിയും ഏറെ ദൂരം താണ്ടേണ്ടതുണ്ട, ഏറെ ഇടങ്ങളിലേക്ക്് കടന്നുചെല്ലേണ്ടതുണ്ട് എന്നെല്ലാം ഓര്‍മ്മപ്പെടുത്തുന്നു ഈ ഡോക്യുമെന്ററി.
ഇന്നലെ പ്രദര്‍ശനത്തിനുശേഷം ആസ്വാദകരോട് സംവദിച്ച് സഗോല്‍ഗി ഇഗി വാരിയുടെ സംവിധായകനായ സുന്‍സു ബാസ്പതിമയും മണിപ്പൂരില്‍ വെച്ച് ഡ#ാേക്യുമെന്ററി ഒരുക്കാന്‍ നേരിട്ട കഷ്ടപ്പാടുകള്‍ കൂടി വിവരിച്ചപ്പോള്‍ തരിച്ചിരുന്നുപോയി എന്നുതന്നെ പറയട്ടെ. ഷൂട്ടിംഗിനിടെ സുന്‍സു ബാസ്പതിമയുമിന് തന്റെ ക്യാമറാമാനെ നഷ്ടമായി. മറ്റൊന്നും ചിന്തിക്കേണ്ട; ആ നാട് നേരിടുന്ന ഭീകരത ചിത്രീകരിക്കാന്‍ ക്യാമറയെടുത്തയാള്‍ ഇരയായത് അതേ ഭീകരന്മാരുടെ തോക്കിന്‍മുനയില്‍!
അറിയപ്പെടാത്ത വഴികളില്‍, നാട്ടില്‍ ഇനിയുമിങ്ങനെ ഒരുപാട് ചോര കിനിയുന്നുണ്ടാകും. തിരിമുറിയാതെ പെയ്യുന്ന അമ്മക്കണ്ണുകളുണ്ടായിരിക്കും. വരുന്ന നാശളുകളില്‍ പേനയും ക്യാമറയും ചലിക്കുന്നത് അത്തരം ഇടങ്ങളിലേക്കാകട്ടെ...ഒപ്പിയെടുക്കാനും ഒപ്പം കണ്ണീരൊപ്പാനും.


അനുഭവമാണ് ഈ മേള: പറയുന്നത് മാധ്യമ, സിനിമാ വിദ്യാര്‍ഥികള്‍
മൂന്നു ദിവസത്തെ ചലച്ചിത്രമേളയെ അത്രയധികം പ്രാധാന്യത്തോടെ കണ്ട് കുറേപ്പേര്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്. മാധ്യമപഠനത്തെയും സിനിമാപഠനത്തെയും ഗൗരവമായി കാണുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളാണിവര്‍. മാനന്തവാടി മേരിമാതാ, കോഴിക്കോട് ദേവഗിരി, മീഞ്ചന്ത കോളേജ്, മാര്‍ ഇവാനിയോസ്, രേവതി കലാമന്ദിര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ട്, കാക്കനാട് പ്രസ് അക്കാദമി തുടങ്ങി വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട മേള കാണാന്‍ തലസ്ഥാനത്തെത്തിയിട്ടുള്ളത്.
മാധ്യമപ്രവര്‍ത്തനത്തെ കുറേക്കൂടി ഗൗരവമുള്ള ഒന്നായി കാണാന്‍ ഈ ഫെസ്റ്റിവല്‍ ഉപകരിച്ചുവെന്ന് പറയുന്നു രേവതി കലാമന്ദിറില്‍ എഡിറ്റിംഗ് വിദ്യാര്‍ഥിയായ രാമുവും അഭിനയം പഠിക്കുന്ന ജയദീപും. ഭീകരവാദം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ സാഹസികതയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്ന മൈറ്റി ഹാര്‍ട്ടാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇലക്ട്രോണിക്ക് ജേര്‍ണലിസം വിദ്യാര്‍ഥിയായ ലക്ഷ്മിക്ക് ഇഷ്ടപ്പെട്ട ചിത്രം. മണിപ്പൂരിലെ പട്ടാളഭരണവും ജനതയുടെ നിസ്സഹായതയും പോരാട്ടവും പങ്കുവെയ്ക്കുന്ന സഗോല്‍ഗി ഇഗി വാരിയെപ്പറ്റിയും ലക്ഷ്മിക്ക് ഏറെ പറയാനുണ്ട്. ബ്ലഡ് ആന്റ് അയണ്‍, ക്രൂസിബിള്‍ വാര്‍ തുടങ്ങി സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയത്തിന്റെ നേര്‍മുഖവും കാണിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ തന്നെ വിദ്യാര്‍ഥികളായ കൃഷ്ണപ്രിയ, ഐശ്വര്യ, സൈമ എന്നിവര്‍ക്ക് ഇഷ്ടപ്പെട്ടത്. മാധ്യമ പ്രവര്‍ത്തനം കേവലം ഒരു ജോലിക്കപ്പുറം സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുള്ള ഒന്നാണെന്ന് ബോധ്യപ്പെട്ടതായി പറയുന്നത് ദേവഗിരി കോളേജിലെ അരുണ്‍.

രണ്ടാംദിനം ഹിഡണ്‍ ജിനോസൈഡും ഓം ഓബാമയും
അഭയാര്‍ഥികളുടെ കരച്ചില്‍ ഒടുങ്ങുന്നില്ല എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഖത്തറില്‍ നിന്നുള്ള ഹിഡണ്‍ ജിനോസൈഡും ഇന്ത്യന്‍ ചിത്രമായ ഓം ഓബാമയും രണ്ടാംദിനം മേളയില്‍ ചര്‍ച്ചയായി. കിഴക്കന്‍ മ്യാന്‍മറിലെ റോഹിന്‍ക്യ വിഭാഗത്തിന്റെ പലായനവും ജീവിതദുരിതവും ഹിഡണ്‍ ജിനോസൈഡ് ദൃശ്യവത്ക്കരിക്കുന്നു.
ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറിന്റെ തീരദേശത്തേക്ക് കുടിയേറിയ മുസ്ലിം ജനതയായ റോഹിന്‍ക്യക്ക് മ്യാന്‍മറിലും ബംഗ്ലാദേശിലും പൗരത്വം ഇല്ല. ജീവിതം ചോദ്യചിഹ്നമായി മാറിയ ഈ ജനതയുടെ കരച്ചില്‍ കാഴ്ചക്കാരില്‍ നെടുവീര്‍പ്പാക്കി മാറ്റാന്‍ സംവിധായകനായ ഫില്‍ റീസിന് കഴിഞ്ഞിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള ഈ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം 50 മിനിറ്റാണ്.
ജാനകി വിശ്വനാഥന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രമായ ഓം ഒബാമയുടെ ആദ്യ പ്രദര്‍ശനമാണ് ഇന്നലെ നടന്നത്. ആഗോളവത്ക്കരണ നയത്തിനുശേഷം ഇന്ത്യന്‍ ഗ്രാമങ്ങളുടെ വളര്‍ച്ച ചിത്രം കാണിക്കുന്നു. പേര് സൂചിപ്പിക്കുന്ന പൊലെത്തന്നെ പൊളിറ്റിക്കലാണ് ഒബാമച്ചിത്രം.

അമ്മ പറഞ്ഞിട്ടുണ്ട്, മരണം മുന്നിലുണ്ട്
അമ്മ പറഞ്ഞിട്ടുണ്ട് മരണം എപ്പൊഴും മുന്നിലുണ്ട്; ഭയക്കരുത്-ഔട്ട് ഓഫ് ഡാര്‍ക്ക്‌നസ് എന്ന ബ്രിട്ടീഷ് ഷോര്‍ട്ട് ഫിലിം മുന്നോട്ടുവെയ്ക്കുന്ന വാചകമാണിത്. ഇരുട്ടും മരണവും ഓര്‍മ്മപ്പെടുത്തുന്ന മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്ന 12 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നതും അവസാനം കണ്ടെത്തുന്നതും. മേളയിലെ രണ്ടാം ദിവസത്തെ വേറിട്ട സാന്നിധ്യമായി ഔട്ട് ഓഫ് ഡാര്‍ക്ക്‌നസ്.
ഹോളിവുഡ് താരം ആഞ്ചലീന ജോളിയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാന്‍ ശ്രമം നടത്തുന്ന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളുടെ ശ്രമം രസകരമായി അവതരിപ്പിച്ച ചേസിംഗ് ആഞ്ചലീന ജോളിയാണ് ഇന്നലെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ചിത്രം. നിള തീയറ്ററിലെ ആദ്യ സെഷനില്‍ പ്രദര്‍ശിപ്പിച്ച ചേസിംഗ് ആഞ്ചലീന ജോളി അവതരണത്തിലെ പുതുമകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

മേളയ്ക്ക്് ഇന്ന് സമാപനം
മാധ്യമ പ്രവര്‍ത്തനത്തിന്റെ അറിയാക്കാഴ്ചകളിലേക്കും അറിയേണ്ട വഴികളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തിയ ബിഹൈന്‍ഡ് ദ ലൈന്‍സ് ബെറ്റ്‌വീന്‍ ദ ലൈന്‍സ് ചലച്ചിത്ര മേളയ്ക്ക് ഇന്നു തിരശ്ശീല വീഴും. നിള തീയറ്ററിലും പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളിലും രണ്ടു ദിവസമായി നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രതീക്ഷിച്ചതിലപ്പുറം ഡെലിഗേറ്റുകളാണ് വന്നുചേര്‍ന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു മിനി പതിപ്പെന്നോണം ആകര്‍ഷകമായ സംഘാടനവും സിനിമകളുടെ തെരഞ്ഞെടുപ്പും കൊണ്ട് വേറിട്ടതായി മാറാന്‍ ഫെസ്റ്റിവലിന് കഴിഞ്ഞു. ചെന്നൈ, ബാംഗലൂരു എന്നീ നഗരങ്ങളിലെ മേളയ്ക്കു ശേഷമാണ് തിരുവനന്തപുരം വേദിയായത്. അസീമ ട്രസ്റ്റും ചെന്നൈയിലെ യു.എസ്.കോണ്‍സുലേറ്റും തിരുവനന്തപുരം പ്രസ്‌ക്ലബുമായി ചേര്‍ന്നാണ് മേള സംഘടിപ്പിച്ചത്.

മലയാളി സാന്നിധ്യമായി കെ ആര്‍ മനോജ്;
എ പെസ്റ്ററിംഗ് ജേര്‍ണിയുടെ പ്രദര്‍ശനം ഇന്ന് 
നിരവധി അന്താരാഷ്ട്ര മേളകൡ അംഗീകാരങ്ങളും ആസ്വാദകപ്രീതിയും പിടിച്ചുപറ്റിയ കെ ആര്‍ മനോജിന്റെ എ പെസ്റ്ററിംഗ് ജേര്‍ണി ഇന്ന് പ്രദര്‍ശിപ്പിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച ജീവിതവും പ്രകൃതിയുമാണ് മനോജ് തന്റെ ഡോക്യുമെന്ററിയില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മനോജിന്റെ കന്യകാ ടാക്കീസ് കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നിള തീയറ്ററില്‍ രാവിലെ 11.15നാണ് പ്രദര്‍ശനം.

വീക്ഷണം, ഒക്ടോബര്‍ 26

ബിഹൈന്‍ഡ് ദ ലൈന്‍സ് ബിറ്റ്‌വീന്‍ ദ ലൈന്‍സ്
ജേര്‍ണലിസം ഫിലിം ഫെസ്റ്റ്
സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുക

യുദ്ധകാലത്തെ മാധ്യമപ്രവര്‍ത്തനം പ്രമേയമാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജേര്‍ണലിസം ഫിലിം ഫെസ്റ്റിന് തുടക്കമായി. സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്രോത്സവം നടത്തുന്നത്. നിള തിയറ്ററിലും പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളിലുമായി നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇന്നലെ ക്വാബ് ചൂനെ കി ക്വായിഷ്, ആന്‍ഡ് ഷീ ഫ്‌ളൈസ് ഇന്ത്യ, ബ്‌ളഡ് ആന്‍ഡ് അയണ്‍, ആക്‌സിഡന്റ് എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍നിന്നും ക്രൂസിബിള്‍ ഓഫ് വാര്‍, എ മൈറ്റി ഹാര്‍ട്ട് (യുഎസ്എ), ഡി 24 (കൊറിയ), ലുക്കിങ് ഫോര്‍ സിറയ (തയ്‌വാന്‍) എന്നീ ചിത്രങ്ങള്‍ വിദേശത്തു നിന്നുള്ളതായും പ്രദര്‍ശിപ്പിച്ചു. റെട്രോസ്പക്ടീവ് വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയായ ആക്‌സിഡന്റ് ഇന്ത്യ ശ്രദ്ധ നേടി. വൈകിട്ട് ആക്ടിവിസം, അഡ്വക്കസി, ഏജന്‍സി എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബീനാപോള്‍, എം.ജി.രാധാകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, ടി.കെ.രാജീവ്കുമാര്‍, രഞ്ജിനി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ശില്‍പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയില്‍, അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരും പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്. യുഎസ്, യുകെ, തായ്‌വാന്‍, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലെ വിദേശ സംവിധായകരുമായി സ്‌കൈപ്പില്‍ നേരിട്ടു സംവദിക്കാന്‍ സ്‌കൈപ്പ് ഹാങ് ഔട്ട് ഇന്ന് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കും. അസീമ ട്രസ്റ്റും ചെന്നൈയിലെ യു.എസ്.കോണ്‍സുലേറ്റും തിരുവനന്തപുരം പ്രസ്‌ക്ലബുമായി ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.

ശ്രദ്ധേയമായി മൈറ്റി ഹാര്‍ട്ട് 
ഭീകരവാദം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ സാഹസികതയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്ന മൈറ്റി ഹാര്‍ട്ട് ആയിരുന്നു ഇന്നലെ സവിശേഷശ്രദ്ധ ആകര്‍ഷിച്ച ചിത്രങ്ങളിലൊന്ന്്. മാധ്യമപ്രവര്‍ത്തനവുമായി പ്രത്യക്ഷതലത്തില്‍ തന്നെ അടുത്തുനില്‍ക്കുന്ന ഈ സിനിമ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ എത്തി. അതോടെ പൂര്‍വ്വസൂരിയ്ക്കുള്ള പ്രണാമം കൂടിയായി മാറി മൈറ്റി ഹാര്‍ട്ട്. മേളയുടെ സിഗ്‌നേച്ചര്‍ ചിത്രം കൂടിയാണിത്. ഡാനിയേല്‍ പേളിനെ കുറിച്ചുള്ള സിഗ്നേച്ചര്‍ ഫിലിം, 102 മിനിറ്റ് മിനിറ്റ് ദൈര്‍ഘ്യമാണ് ഈ അമേരിക്കന്‍ ചിത്രത്തിനുള്ളത്. ഡാനിയല്‍ പേളിന്റെ ഒവിടവാങ്ങള്‍ മാസം കൂടിയാണ് ഒക്ടോബര്‍.

ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനവും
ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനം പ്രസ്‌ക്ലബ്ബ് പി.സി.സുകുമാരന്‍ നായര്‍ ഹാളിലാണ് നടക്കുന്നത്. കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെയും കാര്‍ട്ടൂണിസ്റ്റുകളുടെയും സൃഷ്ടികള്‍ക്കൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സൃഷ്ടികളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യ മനസ്സാക്ഷിയെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ്് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പലതും പത്രത്താളുകളില്‍ കണ്ടു സുപരിചിതമായിട്ടുള്ളതും. ഏതുകാലത്തും പ്രസക്തി ഏറുന്നതും. തലസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങള്‍ തന്നെയാണ് കൂടുതലായും ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുള്ളത്. മാധ്യമരംഗത്തെ ച്യുതികളും മൂല്യങ്ങളും കാര്‍ട്ടൂണ്‍ വരകള്‍ക്ക്് വിഷയമാകുന്നു.

ബല്ലാരിയിലെ വെള്ളം ചുവന്നതെങ്ങനെ? 
ബല്ലാരിയിലെ ജലത്തിനു ചുവപ്പുനിറം നല്‍കിയത് രാജ്യത്തിന്റെ സമ്പത്ത് കവര്‍ന്നെടുത്ത അഴിമതിയുടെ കോമ്പല്ലുകള്‍ ചിന്തിയതുകൊണ്ടാണ് പറയുന്നത് പരന്‍ജോയ് ഗുഹ തകുര്‍ത. തന്റെ ഡോക്യുമെന്ററിയായ ബ്ലഡ് ആന്‍ഡ് അയണിലൂടെയാണ് സംവിധായകന്‍ ഉത്തരകര്‍ണാടകത്തിലെ ഖനി അഴിമതിയും റെഡ്ഡി സഹോദരന്‍മാരുടെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളും തുറന്നു കാട്ടുന്നത്. പ്രകൃതി അനുഗ്രഹിച്ച ബല്ലാരി പ്രേതനഗരമായി മാറിയ കഥ പറയുകയാണ് ബ്ലഡ് ആന്റ് അയണ്‍. 92 മിനിറ്റ് ദൈര്‍ഷ്യമുള്ള ഡോക്യുമെന്ററിയിലൂടെ തകുര്‍ത പറഞ്ഞുവയ്ക്കുന്നത് ഒരു നാടിന്റെ ചരിത്രമാണ്.
വലിയ പ്രതിബന്ധങ്ങളും സാമ്പത്തിക പ്രയാസങ്ങളും നേരിട്ടാണ് തകുര്‍ത ഈ ചിത്രം പൂര്‍ത്തിയാക്കിയത്. 16 ലക്ഷം രൂപ ചെലവായ ഡോക്യുമെന്ററിയില്‍ എട്ടു ലക്ഷത്തോളം രൂപ ജനങ്ങളില്‍ നിന്നു ചെറിയ തുകകളായി സംഭാവന ലഭിച്ചതാണ്. ഡോക്യുമെന്ററി ചിത്രീകരിക്കുന്നതു ബല്ലാരി റെഡ്ഡി സഹോദരന്‍മാര്‍ സര്‍വപ്രതാപികളായി ഭരിച്ചിരുന്ന സമയത്താണെന്നതായിരുന്നു മറ്റൊരു പ്രത്യേകത.
ബല്ലാരിയിലെ പ്രകൃതി നശിച്ചതെങ്ങനെയെന്നും കാറ്റിലും വെള്ളത്തിലുമെല്ലാം പൊടി കലര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതെങ്ങനെയെന്നും ഡോക്യുമെന്ററി കാണിച്ചുതരുന്നു. കുട്ടികളടക്കം ഖനികളില്‍ പണിയെടുക്കാനും ഇരുമ്പയിര് കലര്‍ന്ന വിഷജലം കുടിക്കാനും നിര്‍ബന്ധിക്കപ്പെടുന്നു. മരണത്തിലേക്കുള്ള വഴി കൂടിയാണിത് ഇവിടെ വെട്ടുന്നത്. റെഡ്ഡി സഹോദരന്‍മാരുടെ സാമ്രാജ്യത്തിന്റെ പതനത്തോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

മാധ്യമരംഗം പൂര്‍ണ്ണമായും കളങ്കപ്പെട്ടിട്ടില്ല: തകുര്‍ത
തന്റെ ഡോക്യുമെന്ററിയായ ബ്ലഡ് ആന്റ് അയണ്‍ നിര്‍മ്മിക്കാന്‍ മലയാളത്തില്‍ നിന്നുള്‍പ്പടെ അഞ്ചു ചാനലുകള്‍ സഹായിച്ചു. മാധ്യമരംഗത്തും പേയ്ഡ് മീഡിയയുടെ ഇക്കാലത്തും സത്യസന്ധത നിലനനില്‍ക്കുന്നു എന്നതിന്റെ തെളിവാണിത്. ഇതൊക്കെ അംഗീകരിക്കാതെ പോകരുത്. മാധ്യമ പ്രവര്‍ത്തന രംഗത്തെ പുതുതലമുറയ്ക്ക് ഈ ഡോക്യുമെന്ററിയും ചലച്ചിത്രോത്സവവും പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
37 വര്‍ഷം മാധ്യമപ്രവര്‍ത്തകനായിരുന്നു തകുര്‍ത. ദി ടെലിഗ്രാഫ്, ഇന്ത്യ ടുഡെ, സിഎന്‍ബിസി-ഇന്ത്യ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോള്‍ഗേറ്റിനെ പറ്റി കോള്‍കഴ്‌സെന്നെ ഡോക്യുമെന്ററിയും കെജിബി ബേസിന്‍ ഉള്‍പ്പെടെ പ്രകൃതിവാതക അഴിമതികളെപ്പറ്റി ഗ്യാസ് വാഴ്‌സ് എന്ന പുസ്തകവും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

വീക്ഷണം, ഒക്ടോബര്‍ 25

Saturday, 11 October 2014


 കെ ആര്‍ മീര


എഴുത്തിന്റെ നീലഞരമ്പ് 

മാധവിക്കുട്ടിക്കുശേഷം പെണ്‍മനസ്സിനെയും പെണ്ണവസ്ഥകളെയും വികാരങ്ങളെയും ഇത്രയേറെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരി മലയാളത്തില്‍ കെ ആര്‍ മീരയായിരിക്കണം. പെണ്‍മനസ്സിന്റെ വിഹ്വലതകളും ഉത്കണ്ഠകളും പ്രണയവും നൈരാശ്യവും മീര എഴുത്തില്‍ ആവേശിപ്പിച്ചു. പുതിയ ലോകത്തിലും കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിതവ്യഥകളെ തീവ്രമായി ആവിഷ്‌കരിക്കുന്ന മീരയുടെ എഴുത്ത് ഓരോ പെണ്ണിനും ഇതു തന്റേതെന്നുതന്നെ തോന്നിപ്പിക്കുന്ന തരത്തിലാണ്. കഥയ്ക്കപ്പുറം അത് അനുഭവങ്ങളും സത്യങ്ങളുമായി വായനക്കാരന് അനുഭവപ്പെടുമ്പോള്‍ തലം പിന്നെയും വലുതാകുന്നു.
ഗഹനമായ ജീവിതവീക്ഷണവും തീക്ഷ്ണമായ ഭാഷാശൈലിയും തെരഞ്ഞെടുക്കുന്ന ഇതിവൃത്തങ്ങളിലെ അപൂര്‍വ്വതയുമാണ് കെ ആര്‍ മീരയുടെ എഴുത്തിനെ എന്നും വേറിട്ടുനിര്‍ത്തിയത്. പറച്ചിലിലെ പ്രത്യകത കൊണ്ട് ഇതിവൃത്തത്തെ മറികടക്കാനുള്ള മീരയുടെ കഴിവ് ശ്രദ്ധേയമാണ്. കേവല പൈങ്കിളി പ്രണയം, ലോലവികാരം എന്നൊക്കെ വിശേഷണം കൊടുക്കാന്‍ കഴിയുന്ന പ്രമേയങ്ങളെ മീര മറികടക്കുന്നത് ആഖ്യാനത്തില്‍ വരുത്തുന്ന പുതുമകൊണ്ടാണ്. മറ്റാരാണെങ്കിലും തീര്‍ത്തും പരാജയപ്പെട്ടുപോകുന്ന ക്ലിഷേകളില്‍ മീര വിദഗ്ധമായി മികവു കാണിക്കുന്നതും ഈ ശേഷി കൊണ്ടുതന്നെ. വായിച്ചു മുന്നോട്ടുപോകുമ്പോള്‍ അനുഭവിപ്പിക്കുന്നതിനൊപ്പം തുടര്‍ച്ചയായി വായനക്കാരനില്‍ മുറിവേല്‍പ്പിക്കാനുള്ള ശേഷി കൂടിയുണ്ട് ഈ എഴുത്തിന്.
പെണ്ണവസ്ഥകളുടെ ഈ പറച്ചില്‍ മലയാളത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരാ എന്ന ചിന്തയില്‍നിന്നു തന്നെയാകണം ജെ ദേവിക ഹാങ്‌വുമണ്‍ എന്ന പേരില്‍ ആരാച്ചാരിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയത്. മലയാളിയുടെ ഭാവുകത്വത്തില്‍ പുതിയൊരു പാത വെട്ടിത്തുറന്ന നോവലായ ആരാച്ചാര്‍ ഓരോ അധ്യായത്തിലും വാചകത്തിലും വാക്കുകളിലും പുതുമ നിലനിര്‍ത്തി.
ജോഷി ജോസഫിന്‍െ വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്ററിയില്‍ നിന്നാണ് ആരാച്ചാരുടെ തുടക്കം. കൊല്‍ക്കത്തയില്‍ 2004ല്‍ ധനഞ്‌ജോയ് ചാറ്റര്‍ജി എന്നയാളെ തൂക്കിക്കൊന്നിരുന്നു. അന്ന് തൂക്കിക്കൊല നടത്തിയത് നാട്ടാമല്ലിക് എന്ന പ്രശസ്തനായ ആരാച്ചാരായിരുന്നു. തൂക്കിക്കൊലയുടെ തലേന്നുള്ള ആരാച്ചാരുടെ ജീവിതമാണ് ജോഷിയുടെ ഡോക്യുമെന്ററി. നാട്ടാമല്ലികിന്റെ വാക്കുകളില്‍ നിന്നുണ്ടായ സ്വാധീനമാണ് മീരയെക്കൊണ്ട് ആരാച്ചാര്‍ എഴുതിച്ചത്.
ആരാച്ചാര്‍ എന്ന നോവല്‍ നാട്ടാമല്ലികിനെക്കുറിച്ചല്ല. നാട്ടാമല്ലിക് എന്ന വ്യക്തിയുടെ ജീവിതം ഞാനെടുത്തിട്ടേയില്ല. മറ്റൊരാളുടെ മരണംപോലും ഉപജീവനമായിത്തീരുന്ന ഒരവസ്ഥയിലേക്ക് നാം എത്തപ്പെടുന്നതെങ്ങനെ എന്ന അലട്ടലില്‍നിന്നാണ് എന്റെ നോവല്‍. ഒരര്‍ഥത്തില്‍ ആവേ മരിയ'യിലും ഗില്ലറ്റിനിലുമൊക്കെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചതിന്റെ തുടര്‍ച്ചതന്നെയാണ് ആരാച്ചാര്‍.-മീരയുടെ വാക്കുകള്‍.

ആരാച്ചാര്‍ എഴുതാന്‍ കൊല്‍ക്കത്തയിലേക്ക് യാത്ര പോയിട്ടുണ്ട് മീര. മീരയുടെ ഓര്‍മ്മയില്‍ അതിങ്ങനെ; കൊല്‍ക്കത്തപോലെ ഓരോ മണ്‍തരിയിലും ചരിത്രമുറങ്ങുന്ന ഒരു അപരിചിത ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുക വലിയൊരു വെല്ലുവിളിയാണ്. എങ്കിലും ബംഗാളിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ്. നോവലിനുവേണ്ടി ഞാന്‍ വീണ്ടും കൊല്‍ക്കത്തയില്‍ പോയി. എഴുത്തുകാരിയുടെ കണ്ണുകളിലൂടെയല്ല വായനക്കാരിയുടെ കണ്ണുകളിലൂടെയാണ് ഞാന്‍ കൊല്‍ക്കത്ത കണ്ടത്. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. മലയാളിക്കും തമിഴനും മണിപ്പൂരുകാരനും ബംഗാളിക്കും ഒരുപോലെ ബാധകമായ ഒരു കഥ പറയാന്‍ കൊല്‍ക്കത്ത തന്നെയാണ് പറ്റിയ പശ്ചാത്തലം.
മീരയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കഥകളിലൊന്നായ 'മോഹമഞ്ഞ' അടിച്ചമര്‍ത്തപ്പെടുന്ന ആസക്തികളെയും സ്‌നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയുമാണ് അടുത്തുചേര്‍ക്കുന്നത്. ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയിലാണ് കരിനീലയില്‍ മീര പറയുന്നത്. ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കഥയാണ് കൃഷ്ണഗാഥ. ഇരയാക്കപ്പെടുന്നവരോടുള്ള നമ്മുടെ പെരുമാറ്റം ഈ കഥയില്‍ വായിച്ചെടുക്കാം. ഇതിനുപുറമേ ശൂര്‍പ്പണഖ, ഓര്‍മയുടെ ഞരമ്പ്, കരിനീല, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ തുടങ്ങി ഒരു മികച്ച എഴുത്തുകാരിയുടെ  കൈയൊപ്പു പതിഞ്ഞ ഒരുപാട് കഥകള്‍ എഴുതാന്‍ മീരയ്ക്കായിട്ടുണ്ട്.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മീരയുടെ ആദ്യത്തെ കഥ അച്ചടിച്ചുവരുന്നത്-'ഒരു മോഹഭംഗത്തിന്റെ കഥ'. ശാസ്താംകോട്ട ഡി.ബി കോളജിലെ പ്രിന്‍സിപ്പലായിരുന്ന പ്രഫ. എം.ആര്‍.ടി. നായര്‍ എഡിറ്റ് ചെയ്ത ഒരു സുവനീറിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്. പക്ഷേ, ആദ്യത്തെ സൃഷ്ടി ഒരു യാത്രാവിവരണമാണ്. ആറാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍നിന്ന് ഒരു വിനോദയാത്ര പോയി തിരിച്ചുവന്ന് വളരെ ആത്മാര്‍ഥമായി എഴുതിയ വിവരണമാണതെന്ന് മീര തന്നെ പറയുന്നു. 2001 ജനുവരി ഒന്നിന് സര്‍പ്പയജ്ഞം എന്ന കഥയാണ് മീരയുടെതായി ആദ്യം മുഖ്യധാരയില്‍ അച്ചടിമഷി പുരണ്ടത്.
2002ലാണ് ഓര്‍മയുടെ ഞരമ്പ് പ്രസിദ്ധീകരിക്കുന്നത്. ഇതിനുശേഷമാണ് മീര ഗൗരവമായി എഴുതിത്തുടങ്ങുന്നതും മലയാള സാഹിത്യത്തില്‍ ഒരിടം നേടുന്നതും. 2004ല്‍ മോഹമഞ്ഞ ഇറങ്ങിയതോടെ മീരയുടെ വായനാവൃന്ദം വലുതായി. തുടര്‍ന്ന് ആവേ മരിയയും മാലാഖയുടെ മറുകുകളും മീരാ സാധുവും യൂദാസിന്റെ സുവിശേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥകളിലെ മിടുക്ക് ലേഖനമെഴുത്തിലും കാത്തുസൂക്ഷിക്കുന്ന പത്രപ്രവര്‍ത്തക കൂടിയാണ് മീര. ഈ മികവ് വിളിച്ചോതുന്ന ഒട്ടനവധി ഇന്റര്‍വ്യൂകളും ലേഖനങ്ങളും മീരയുടേതായിട്ടുണ്ട്.

വീക്ഷണം, ഒക്ടോബര്‍ 12

Saturday, 4 October 2014


'എല്ലോ'യിലേക്കാണെല്ലാരുമിപ്പോള്‍


നവമാധ്യമ രംഗത്തെ പുതിയ സാന്നിധ്യമായ എല്ലോയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധയിപ്പോള്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തുടങ്ങിയെങ്കിലും ഈയടുത്താണ് എല്ലോ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. അമേരിക്കയിലെ വെര്‍മണ്ടില്‍ ബൈക്ക് ഷോപ്പ് ഉടമയായ പോള്‍ ബുഡ്‌നിസാണ് എല്ലോയുടെ സ്രഷ്ടാവ്. തന്റെ പരിചയ വലയത്തിലുള്ള 90 സുഹൃത്തുക്കള്‍ക്കായി അദ്ദേഹം തുടങ്ങിയ ഇന്റര്‍നെറ്റ് കൂട്ടായ്മയാണ് ഇപ്പോള്‍ ലോകത്ത് തരംഗം തീര്‍ക്കുന്നത്.
ഈ വര്‍ഷം ആഗസ്ത് ഏഴിനായിരുന്നു തുടക്കം. മണിക്കൂറില്‍ 31000 റിക്വസ്റ്റുകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന്് 'എല്ലോ' സ്ഥാപകനായ പോള്‍ ബുഡ്‌നിട്‌സ് പറയുന്നു. പരസ്യം സ്വീകരിക്കില്ലെന്നും അംഗങ്ങളുടെ വിവരങ്ങള്‍ വാണിജ്യാവശ്യത്തിനായി കൈമാറില്ലെന്നുമുള്ള ബുഡ്‌നിസിന്റെ പ്രഖ്യാപനമാണ് 'എല്ലോ'യെ ഫേസ്്ബുക്കില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ആന്റി ഫേസ്്ബുക്ക് എന്ന വിശേഷണം ശരിയല്ലെന്നും ബുഡ്‌നിസ് പറയുന്നു: 'ഞങ്ങള്‍ അവരുടെ എതിരാളിയല്ല. അവര്‍ പരസ്യങ്ങളുടെ വേദിയാണ്, ഞങ്ങള്‍ കൂട്ടായ്മയുടേതും'. ഭാവിയില്‍ ചില അധികസേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

എന്നാല്‍ ഫേസ്്ബുക്കിനെപ്പോലെ അത്ര പെട്ടെന്ന് എല്ലോയില്‍ അംഗത്വമെടുക്കാന്‍ സാധിക്കില്ല. നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് മാത്രമേ ഇതില്‍ ചേരാനാവൂ. പരസ്യങ്ങള്‍ വില്‍ക്കുകയില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കില്ലെന്നുമാണ് കമ്പനി സ്വന്തമായി അവകാശപ്പെടുന്ന സവിശേഷതകള്‍.
നവമാധ്യമ ലോകത്തെ പുതിയ മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന മലയാളി സമൂഹത്തിലും എല്ലോ തരംഗമെത്തിയിട്ടുണ്ട്. ഫേസ്ബുക്കിനെ മടുത്തുതുടങ്ങിയവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. നടന്‍ മമ്മൂട്ടി അക്കൗണ്ട് തുടങ്ങി എന്നതാണ് കേരളത്തില്‍ നിന്നുമുള്ള ഏറ്റവും പുതിയ എല്ലോ വാര്‍ത്ത. എല്ലോയില്‍ അക്കൗണ്ട് തുടങ്ങിയ കാര്യം ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അറിയിച്ചത്. എല്ലോ ഡോട്ട് കോം സ്ലാഷ് മമ്മൂട്ടിയെന്നാണ് അക്കൗണ്ട് യു ആര്‍എ ല്‍. എല്ലോയില്‍ അക്കൗണ്ട് തുടങ്ങുന്ന കേരളത്തിലെ ആദ്യത്തെ പ്രമുഖനാണ് മമ്മൂട്ടി.

ഗൂഗിളിന്റെ പ്രഥമ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഓര്‍ക്കൂട്ട് സെപ്റ്റംബര്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിച്ച വേളയിലാണ് എല്ലോയുടെ രംഗപ്രവേശം എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കടന്നുവരവോടെ ഓര്‍ക്കൂട്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഇടിവാണ് സൈറ്റ് നിര്‍ത്താന്‍ ഗൂളിനെ പ്രേരിപ്പിച്ചത്. 2004 ജനുവരി 24നാണ് ഓര്‍ക്കൂട്ട് തുടങ്ങിയത്. അതേവര്‍ഷം ഫെബ്രുവരി 4ന് ഫേസ്ബുക്കും ആരംഭിച്ചു. 1.28 ബില്യണ്‍ ഉപയോക്താക്കളുമായി ഫേസ്ബുക്ക് ഇപ്പോള്‍ ഒന്നാമതത്തെിയിരിക്കുന്നു. 2010ഓടെയാണ് ഓര്‍ക്കൂട്ടിനെ പിന്തള്ളി ഫേസ്ബുക്ക് ആധിപത്യം സ്ഥാപിച്ചത്. 2014 മാര്‍ച്ചിലെ കണക്കുപ്രകാരം 1.28 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. 7185 ജോലിക്കാരും. ഒടുവില്‍ പുറത്തുവിട്ട കണക്കുപ്രകാരം 7.87 ബില്യണ്‍ യു എസ് ഡോളര്‍ വരുമാനവും ഫേസ്ബുക്കിനുണ്ട്. ഫേസ്ബുക്കിന്റെ 10-ാം പിറന്നാള്‍ വലിയ ആഘോഷത്തോടെയാണ് ലോകം ആഘോഷിച്ചത്.
വാട്‌സാപിന്റെ വരവോടുകൂടി ഫേസ്ബുക്കിന് അല്‍പ്പം ഇടിവ് വന്നിരുന്നു. വാട്‌സാപിനെ ഏറ്റെടുത്തതോടുകൂടി ഈ കുറവ് മറികടക്കാന്‍ ഫേസ്ബുക്ക് മാനേജ്‌മെന്റിനായിരുന്നു. എന്നാല്‍ എല്ലോയുടെ വരവ് ഫേസ്ബുക്ക് എങ്ങനെ ചെറുക്കും എന്ന ആകാംക്ഷയിലാണ് നവമാധ്യമ കുതുകികള്‍.

വീക്ഷണം, ഒക്ടോബര്‍ 2