Saturday, 11 October 2014


 കെ ആര്‍ മീര


എഴുത്തിന്റെ നീലഞരമ്പ് 

മാധവിക്കുട്ടിക്കുശേഷം പെണ്‍മനസ്സിനെയും പെണ്ണവസ്ഥകളെയും വികാരങ്ങളെയും ഇത്രയേറെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരി മലയാളത്തില്‍ കെ ആര്‍ മീരയായിരിക്കണം. പെണ്‍മനസ്സിന്റെ വിഹ്വലതകളും ഉത്കണ്ഠകളും പ്രണയവും നൈരാശ്യവും മീര എഴുത്തില്‍ ആവേശിപ്പിച്ചു. പുതിയ ലോകത്തിലും കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിതവ്യഥകളെ തീവ്രമായി ആവിഷ്‌കരിക്കുന്ന മീരയുടെ എഴുത്ത് ഓരോ പെണ്ണിനും ഇതു തന്റേതെന്നുതന്നെ തോന്നിപ്പിക്കുന്ന തരത്തിലാണ്. കഥയ്ക്കപ്പുറം അത് അനുഭവങ്ങളും സത്യങ്ങളുമായി വായനക്കാരന് അനുഭവപ്പെടുമ്പോള്‍ തലം പിന്നെയും വലുതാകുന്നു.
ഗഹനമായ ജീവിതവീക്ഷണവും തീക്ഷ്ണമായ ഭാഷാശൈലിയും തെരഞ്ഞെടുക്കുന്ന ഇതിവൃത്തങ്ങളിലെ അപൂര്‍വ്വതയുമാണ് കെ ആര്‍ മീരയുടെ എഴുത്തിനെ എന്നും വേറിട്ടുനിര്‍ത്തിയത്. പറച്ചിലിലെ പ്രത്യകത കൊണ്ട് ഇതിവൃത്തത്തെ മറികടക്കാനുള്ള മീരയുടെ കഴിവ് ശ്രദ്ധേയമാണ്. കേവല പൈങ്കിളി പ്രണയം, ലോലവികാരം എന്നൊക്കെ വിശേഷണം കൊടുക്കാന്‍ കഴിയുന്ന പ്രമേയങ്ങളെ മീര മറികടക്കുന്നത് ആഖ്യാനത്തില്‍ വരുത്തുന്ന പുതുമകൊണ്ടാണ്. മറ്റാരാണെങ്കിലും തീര്‍ത്തും പരാജയപ്പെട്ടുപോകുന്ന ക്ലിഷേകളില്‍ മീര വിദഗ്ധമായി മികവു കാണിക്കുന്നതും ഈ ശേഷി കൊണ്ടുതന്നെ. വായിച്ചു മുന്നോട്ടുപോകുമ്പോള്‍ അനുഭവിപ്പിക്കുന്നതിനൊപ്പം തുടര്‍ച്ചയായി വായനക്കാരനില്‍ മുറിവേല്‍പ്പിക്കാനുള്ള ശേഷി കൂടിയുണ്ട് ഈ എഴുത്തിന്.
പെണ്ണവസ്ഥകളുടെ ഈ പറച്ചില്‍ മലയാളത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരാ എന്ന ചിന്തയില്‍നിന്നു തന്നെയാകണം ജെ ദേവിക ഹാങ്‌വുമണ്‍ എന്ന പേരില്‍ ആരാച്ചാരിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയത്. മലയാളിയുടെ ഭാവുകത്വത്തില്‍ പുതിയൊരു പാത വെട്ടിത്തുറന്ന നോവലായ ആരാച്ചാര്‍ ഓരോ അധ്യായത്തിലും വാചകത്തിലും വാക്കുകളിലും പുതുമ നിലനിര്‍ത്തി.
ജോഷി ജോസഫിന്‍െ വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്ററിയില്‍ നിന്നാണ് ആരാച്ചാരുടെ തുടക്കം. കൊല്‍ക്കത്തയില്‍ 2004ല്‍ ധനഞ്‌ജോയ് ചാറ്റര്‍ജി എന്നയാളെ തൂക്കിക്കൊന്നിരുന്നു. അന്ന് തൂക്കിക്കൊല നടത്തിയത് നാട്ടാമല്ലിക് എന്ന പ്രശസ്തനായ ആരാച്ചാരായിരുന്നു. തൂക്കിക്കൊലയുടെ തലേന്നുള്ള ആരാച്ചാരുടെ ജീവിതമാണ് ജോഷിയുടെ ഡോക്യുമെന്ററി. നാട്ടാമല്ലികിന്റെ വാക്കുകളില്‍ നിന്നുണ്ടായ സ്വാധീനമാണ് മീരയെക്കൊണ്ട് ആരാച്ചാര്‍ എഴുതിച്ചത്.
ആരാച്ചാര്‍ എന്ന നോവല്‍ നാട്ടാമല്ലികിനെക്കുറിച്ചല്ല. നാട്ടാമല്ലിക് എന്ന വ്യക്തിയുടെ ജീവിതം ഞാനെടുത്തിട്ടേയില്ല. മറ്റൊരാളുടെ മരണംപോലും ഉപജീവനമായിത്തീരുന്ന ഒരവസ്ഥയിലേക്ക് നാം എത്തപ്പെടുന്നതെങ്ങനെ എന്ന അലട്ടലില്‍നിന്നാണ് എന്റെ നോവല്‍. ഒരര്‍ഥത്തില്‍ ആവേ മരിയ'യിലും ഗില്ലറ്റിനിലുമൊക്കെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചതിന്റെ തുടര്‍ച്ചതന്നെയാണ് ആരാച്ചാര്‍.-മീരയുടെ വാക്കുകള്‍.

ആരാച്ചാര്‍ എഴുതാന്‍ കൊല്‍ക്കത്തയിലേക്ക് യാത്ര പോയിട്ടുണ്ട് മീര. മീരയുടെ ഓര്‍മ്മയില്‍ അതിങ്ങനെ; കൊല്‍ക്കത്തപോലെ ഓരോ മണ്‍തരിയിലും ചരിത്രമുറങ്ങുന്ന ഒരു അപരിചിത ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുക വലിയൊരു വെല്ലുവിളിയാണ്. എങ്കിലും ബംഗാളിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ്. നോവലിനുവേണ്ടി ഞാന്‍ വീണ്ടും കൊല്‍ക്കത്തയില്‍ പോയി. എഴുത്തുകാരിയുടെ കണ്ണുകളിലൂടെയല്ല വായനക്കാരിയുടെ കണ്ണുകളിലൂടെയാണ് ഞാന്‍ കൊല്‍ക്കത്ത കണ്ടത്. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. മലയാളിക്കും തമിഴനും മണിപ്പൂരുകാരനും ബംഗാളിക്കും ഒരുപോലെ ബാധകമായ ഒരു കഥ പറയാന്‍ കൊല്‍ക്കത്ത തന്നെയാണ് പറ്റിയ പശ്ചാത്തലം.
മീരയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കഥകളിലൊന്നായ 'മോഹമഞ്ഞ' അടിച്ചമര്‍ത്തപ്പെടുന്ന ആസക്തികളെയും സ്‌നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയുമാണ് അടുത്തുചേര്‍ക്കുന്നത്. ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയിലാണ് കരിനീലയില്‍ മീര പറയുന്നത്. ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കഥയാണ് കൃഷ്ണഗാഥ. ഇരയാക്കപ്പെടുന്നവരോടുള്ള നമ്മുടെ പെരുമാറ്റം ഈ കഥയില്‍ വായിച്ചെടുക്കാം. ഇതിനുപുറമേ ശൂര്‍പ്പണഖ, ഓര്‍മയുടെ ഞരമ്പ്, കരിനീല, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ തുടങ്ങി ഒരു മികച്ച എഴുത്തുകാരിയുടെ  കൈയൊപ്പു പതിഞ്ഞ ഒരുപാട് കഥകള്‍ എഴുതാന്‍ മീരയ്ക്കായിട്ടുണ്ട്.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മീരയുടെ ആദ്യത്തെ കഥ അച്ചടിച്ചുവരുന്നത്-'ഒരു മോഹഭംഗത്തിന്റെ കഥ'. ശാസ്താംകോട്ട ഡി.ബി കോളജിലെ പ്രിന്‍സിപ്പലായിരുന്ന പ്രഫ. എം.ആര്‍.ടി. നായര്‍ എഡിറ്റ് ചെയ്ത ഒരു സുവനീറിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്. പക്ഷേ, ആദ്യത്തെ സൃഷ്ടി ഒരു യാത്രാവിവരണമാണ്. ആറാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍നിന്ന് ഒരു വിനോദയാത്ര പോയി തിരിച്ചുവന്ന് വളരെ ആത്മാര്‍ഥമായി എഴുതിയ വിവരണമാണതെന്ന് മീര തന്നെ പറയുന്നു. 2001 ജനുവരി ഒന്നിന് സര്‍പ്പയജ്ഞം എന്ന കഥയാണ് മീരയുടെതായി ആദ്യം മുഖ്യധാരയില്‍ അച്ചടിമഷി പുരണ്ടത്.
2002ലാണ് ഓര്‍മയുടെ ഞരമ്പ് പ്രസിദ്ധീകരിക്കുന്നത്. ഇതിനുശേഷമാണ് മീര ഗൗരവമായി എഴുതിത്തുടങ്ങുന്നതും മലയാള സാഹിത്യത്തില്‍ ഒരിടം നേടുന്നതും. 2004ല്‍ മോഹമഞ്ഞ ഇറങ്ങിയതോടെ മീരയുടെ വായനാവൃന്ദം വലുതായി. തുടര്‍ന്ന് ആവേ മരിയയും മാലാഖയുടെ മറുകുകളും മീരാ സാധുവും യൂദാസിന്റെ സുവിശേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥകളിലെ മിടുക്ക് ലേഖനമെഴുത്തിലും കാത്തുസൂക്ഷിക്കുന്ന പത്രപ്രവര്‍ത്തക കൂടിയാണ് മീര. ഈ മികവ് വിളിച്ചോതുന്ന ഒട്ടനവധി ഇന്റര്‍വ്യൂകളും ലേഖനങ്ങളും മീരയുടേതായിട്ടുണ്ട്.

വീക്ഷണം, ഒക്ടോബര്‍ 12

No comments:

Post a Comment