Monday, 27 October 2014

ബിഹൈന്‍ഡ് ദ ലൈന്‍സ് ബിറ്റ്‌വീന്‍ ദ ലൈന്‍സ്
സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുക

ചോരയിലേക്കും കണ്ണീരിലേക്കും ചലിക്കട്ടെ പേനാക്കണ്ണ്


മണിപ്പൂരിലെ കുതിരകള്‍ മനുഷ്യരേക്കാള്‍ സ്വതന്ത്രരായാണ് തെരുവുകളില്‍ നടക്കുന്നത്. ഇതൊരു പ്രയോഗമല്ല. സത്യസന്ധമായ ഒരവസ്ഥയാണ്. ജേര്‍ണലിസം ചലച്ചിത്രോത്സവത്തിന്റെ രണ്ടാംദിനം ഏറ്റവുമധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഡോക്യുമെന്ററിയായ സഗോല്‍ഗി ഇഗി വാരി മുന്നോട്ടുവയ്ക്കുന്ന സത്യസന്ധമായ രാഷ്ട്രീയം ഏറെ പരുക്കമാര്‍ന്നതാണ്.
അത് സത്യമാണ്. നമുക്കും അനുഭവപ്പെടും മണിപ്പൂരിലെ കന്നുകാലികള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. എന്നാല്‍ അത്രത്തോളം ധൈര്യത്തോടെ തന്റെ വീട്ടുമുറ്റത്തും തൊട്ടയല്‍പക്കത്തും ഇറങ്ങിനടക്കാന്‍ ഒരു മണിപ്പൂരി ധൈര്യപ്പെടുന്നില്ല. നമ്മുടെ ചിന്തയ്ക്ക് ഉള്‍ക്കൊള്ളാനാകാത്ത ഈ അവസ്ഥ മാധ്യമങ്ങള്‍ വേണ്ടവണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അല്ലെങ്കില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കാശ്മീരുള്‍പ്പടെയുള്ള ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ വാര്‍ത്തകള്‍ നിരന്തരം നമ്മളിലേക്കെത്തുകയും ഒരു ഇറോം ശര്‍മ്മിളയുടെ പോരാട്ടത്തിനപ്പുറം യാതൊന്നും മണിപ്പൂരില്‍ നിന്നുള്ളതായി വരുന്നില്ലെന്നുള്ളതും അത്യന്തം ശ്രദ്ധേയവും എന്നാല്‍ ഏറെ അപകടം പിടിച്ചതുമായ യാഥാര്‍ഥ്യമാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? എന്താണ് പുറംലോകം ഇതൊന്നും അറിയാത്തത്? എവിടെയാണ് മാധ്യമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും പിഴയ്ക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ മനസ്സില്‍ വരിക സാധാരണം. സുന്‍സു ബാസ്പതിമയും തന്റെ ഡോക്യുമെന്ററിയിലൂടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കുക തന്നെയാണ്.
സ്ത്രീകള്‍ ഇത്രയധികം മുന്നിട്ടിറങ്ങിയ ഒരു പ്രക്ഷോഭം ഉണ്ടായിട്ടുണ്ടോ എന്ന് സംശയിപ്പിക്കും മണിപ്പൂരിലെ പട്ടാള ഭരണത്തിനെതിരായ സമരങ്ങള്‍ കാണുമ്പോള്‍. എന്നാല്‍ ഈ മുന്നേറ്റങ്ങളൊന്നും മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നത് മാധ്യമങ്ങളെ സ്വയംവിചിന്തനത്തിന് വിധേയമാക്കും. ബിഹൈന്‍ഡ് ദ ലൈന്‍സ് ബിറ്റ്‌വീന്‍ ദ ലൈന്‍സ് ചലച്ചിത്രമേള മുന്നോട്ടുവെയ്ക്കുന്ന സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുക എന്ന സന്ദേശം ഏറെ അന്വര്‍ഥമാക്കുകയാണ് സഗോല്‍ഗി ഇഗി വാരി. നമ്മള്‍ ഇനിയും ഏറെ ദൂരം താണ്ടേണ്ടതുണ്ട, ഏറെ ഇടങ്ങളിലേക്ക്് കടന്നുചെല്ലേണ്ടതുണ്ട് എന്നെല്ലാം ഓര്‍മ്മപ്പെടുത്തുന്നു ഈ ഡോക്യുമെന്ററി.
ഇന്നലെ പ്രദര്‍ശനത്തിനുശേഷം ആസ്വാദകരോട് സംവദിച്ച് സഗോല്‍ഗി ഇഗി വാരിയുടെ സംവിധായകനായ സുന്‍സു ബാസ്പതിമയും മണിപ്പൂരില്‍ വെച്ച് ഡ#ാേക്യുമെന്ററി ഒരുക്കാന്‍ നേരിട്ട കഷ്ടപ്പാടുകള്‍ കൂടി വിവരിച്ചപ്പോള്‍ തരിച്ചിരുന്നുപോയി എന്നുതന്നെ പറയട്ടെ. ഷൂട്ടിംഗിനിടെ സുന്‍സു ബാസ്പതിമയുമിന് തന്റെ ക്യാമറാമാനെ നഷ്ടമായി. മറ്റൊന്നും ചിന്തിക്കേണ്ട; ആ നാട് നേരിടുന്ന ഭീകരത ചിത്രീകരിക്കാന്‍ ക്യാമറയെടുത്തയാള്‍ ഇരയായത് അതേ ഭീകരന്മാരുടെ തോക്കിന്‍മുനയില്‍!
അറിയപ്പെടാത്ത വഴികളില്‍, നാട്ടില്‍ ഇനിയുമിങ്ങനെ ഒരുപാട് ചോര കിനിയുന്നുണ്ടാകും. തിരിമുറിയാതെ പെയ്യുന്ന അമ്മക്കണ്ണുകളുണ്ടായിരിക്കും. വരുന്ന നാശളുകളില്‍ പേനയും ക്യാമറയും ചലിക്കുന്നത് അത്തരം ഇടങ്ങളിലേക്കാകട്ടെ...ഒപ്പിയെടുക്കാനും ഒപ്പം കണ്ണീരൊപ്പാനും.


അനുഭവമാണ് ഈ മേള: പറയുന്നത് മാധ്യമ, സിനിമാ വിദ്യാര്‍ഥികള്‍
മൂന്നു ദിവസത്തെ ചലച്ചിത്രമേളയെ അത്രയധികം പ്രാധാന്യത്തോടെ കണ്ട് കുറേപ്പേര്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്. മാധ്യമപഠനത്തെയും സിനിമാപഠനത്തെയും ഗൗരവമായി കാണുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളാണിവര്‍. മാനന്തവാടി മേരിമാതാ, കോഴിക്കോട് ദേവഗിരി, മീഞ്ചന്ത കോളേജ്, മാര്‍ ഇവാനിയോസ്, രേവതി കലാമന്ദിര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ട്, കാക്കനാട് പ്രസ് അക്കാദമി തുടങ്ങി വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട മേള കാണാന്‍ തലസ്ഥാനത്തെത്തിയിട്ടുള്ളത്.
മാധ്യമപ്രവര്‍ത്തനത്തെ കുറേക്കൂടി ഗൗരവമുള്ള ഒന്നായി കാണാന്‍ ഈ ഫെസ്റ്റിവല്‍ ഉപകരിച്ചുവെന്ന് പറയുന്നു രേവതി കലാമന്ദിറില്‍ എഡിറ്റിംഗ് വിദ്യാര്‍ഥിയായ രാമുവും അഭിനയം പഠിക്കുന്ന ജയദീപും. ഭീകരവാദം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ സാഹസികതയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്ന മൈറ്റി ഹാര്‍ട്ടാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇലക്ട്രോണിക്ക് ജേര്‍ണലിസം വിദ്യാര്‍ഥിയായ ലക്ഷ്മിക്ക് ഇഷ്ടപ്പെട്ട ചിത്രം. മണിപ്പൂരിലെ പട്ടാളഭരണവും ജനതയുടെ നിസ്സഹായതയും പോരാട്ടവും പങ്കുവെയ്ക്കുന്ന സഗോല്‍ഗി ഇഗി വാരിയെപ്പറ്റിയും ലക്ഷ്മിക്ക് ഏറെ പറയാനുണ്ട്. ബ്ലഡ് ആന്റ് അയണ്‍, ക്രൂസിബിള്‍ വാര്‍ തുടങ്ങി സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയത്തിന്റെ നേര്‍മുഖവും കാണിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ തന്നെ വിദ്യാര്‍ഥികളായ കൃഷ്ണപ്രിയ, ഐശ്വര്യ, സൈമ എന്നിവര്‍ക്ക് ഇഷ്ടപ്പെട്ടത്. മാധ്യമ പ്രവര്‍ത്തനം കേവലം ഒരു ജോലിക്കപ്പുറം സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുള്ള ഒന്നാണെന്ന് ബോധ്യപ്പെട്ടതായി പറയുന്നത് ദേവഗിരി കോളേജിലെ അരുണ്‍.

രണ്ടാംദിനം ഹിഡണ്‍ ജിനോസൈഡും ഓം ഓബാമയും
അഭയാര്‍ഥികളുടെ കരച്ചില്‍ ഒടുങ്ങുന്നില്ല എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഖത്തറില്‍ നിന്നുള്ള ഹിഡണ്‍ ജിനോസൈഡും ഇന്ത്യന്‍ ചിത്രമായ ഓം ഓബാമയും രണ്ടാംദിനം മേളയില്‍ ചര്‍ച്ചയായി. കിഴക്കന്‍ മ്യാന്‍മറിലെ റോഹിന്‍ക്യ വിഭാഗത്തിന്റെ പലായനവും ജീവിതദുരിതവും ഹിഡണ്‍ ജിനോസൈഡ് ദൃശ്യവത്ക്കരിക്കുന്നു.
ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറിന്റെ തീരദേശത്തേക്ക് കുടിയേറിയ മുസ്ലിം ജനതയായ റോഹിന്‍ക്യക്ക് മ്യാന്‍മറിലും ബംഗ്ലാദേശിലും പൗരത്വം ഇല്ല. ജീവിതം ചോദ്യചിഹ്നമായി മാറിയ ഈ ജനതയുടെ കരച്ചില്‍ കാഴ്ചക്കാരില്‍ നെടുവീര്‍പ്പാക്കി മാറ്റാന്‍ സംവിധായകനായ ഫില്‍ റീസിന് കഴിഞ്ഞിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള ഈ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം 50 മിനിറ്റാണ്.
ജാനകി വിശ്വനാഥന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രമായ ഓം ഒബാമയുടെ ആദ്യ പ്രദര്‍ശനമാണ് ഇന്നലെ നടന്നത്. ആഗോളവത്ക്കരണ നയത്തിനുശേഷം ഇന്ത്യന്‍ ഗ്രാമങ്ങളുടെ വളര്‍ച്ച ചിത്രം കാണിക്കുന്നു. പേര് സൂചിപ്പിക്കുന്ന പൊലെത്തന്നെ പൊളിറ്റിക്കലാണ് ഒബാമച്ചിത്രം.

അമ്മ പറഞ്ഞിട്ടുണ്ട്, മരണം മുന്നിലുണ്ട്
അമ്മ പറഞ്ഞിട്ടുണ്ട് മരണം എപ്പൊഴും മുന്നിലുണ്ട്; ഭയക്കരുത്-ഔട്ട് ഓഫ് ഡാര്‍ക്ക്‌നസ് എന്ന ബ്രിട്ടീഷ് ഷോര്‍ട്ട് ഫിലിം മുന്നോട്ടുവെയ്ക്കുന്ന വാചകമാണിത്. ഇരുട്ടും മരണവും ഓര്‍മ്മപ്പെടുത്തുന്ന മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്ന 12 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നതും അവസാനം കണ്ടെത്തുന്നതും. മേളയിലെ രണ്ടാം ദിവസത്തെ വേറിട്ട സാന്നിധ്യമായി ഔട്ട് ഓഫ് ഡാര്‍ക്ക്‌നസ്.
ഹോളിവുഡ് താരം ആഞ്ചലീന ജോളിയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാന്‍ ശ്രമം നടത്തുന്ന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളുടെ ശ്രമം രസകരമായി അവതരിപ്പിച്ച ചേസിംഗ് ആഞ്ചലീന ജോളിയാണ് ഇന്നലെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ചിത്രം. നിള തീയറ്ററിലെ ആദ്യ സെഷനില്‍ പ്രദര്‍ശിപ്പിച്ച ചേസിംഗ് ആഞ്ചലീന ജോളി അവതരണത്തിലെ പുതുമകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

മേളയ്ക്ക്് ഇന്ന് സമാപനം
മാധ്യമ പ്രവര്‍ത്തനത്തിന്റെ അറിയാക്കാഴ്ചകളിലേക്കും അറിയേണ്ട വഴികളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തിയ ബിഹൈന്‍ഡ് ദ ലൈന്‍സ് ബെറ്റ്‌വീന്‍ ദ ലൈന്‍സ് ചലച്ചിത്ര മേളയ്ക്ക് ഇന്നു തിരശ്ശീല വീഴും. നിള തീയറ്ററിലും പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളിലും രണ്ടു ദിവസമായി നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രതീക്ഷിച്ചതിലപ്പുറം ഡെലിഗേറ്റുകളാണ് വന്നുചേര്‍ന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു മിനി പതിപ്പെന്നോണം ആകര്‍ഷകമായ സംഘാടനവും സിനിമകളുടെ തെരഞ്ഞെടുപ്പും കൊണ്ട് വേറിട്ടതായി മാറാന്‍ ഫെസ്റ്റിവലിന് കഴിഞ്ഞു. ചെന്നൈ, ബാംഗലൂരു എന്നീ നഗരങ്ങളിലെ മേളയ്ക്കു ശേഷമാണ് തിരുവനന്തപുരം വേദിയായത്. അസീമ ട്രസ്റ്റും ചെന്നൈയിലെ യു.എസ്.കോണ്‍സുലേറ്റും തിരുവനന്തപുരം പ്രസ്‌ക്ലബുമായി ചേര്‍ന്നാണ് മേള സംഘടിപ്പിച്ചത്.

മലയാളി സാന്നിധ്യമായി കെ ആര്‍ മനോജ്;
എ പെസ്റ്ററിംഗ് ജേര്‍ണിയുടെ പ്രദര്‍ശനം ഇന്ന് 
നിരവധി അന്താരാഷ്ട്ര മേളകൡ അംഗീകാരങ്ങളും ആസ്വാദകപ്രീതിയും പിടിച്ചുപറ്റിയ കെ ആര്‍ മനോജിന്റെ എ പെസ്റ്ററിംഗ് ജേര്‍ണി ഇന്ന് പ്രദര്‍ശിപ്പിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച ജീവിതവും പ്രകൃതിയുമാണ് മനോജ് തന്റെ ഡോക്യുമെന്ററിയില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മനോജിന്റെ കന്യകാ ടാക്കീസ് കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നിള തീയറ്ററില്‍ രാവിലെ 11.15നാണ് പ്രദര്‍ശനം.

വീക്ഷണം, ഒക്ടോബര്‍ 26

No comments:

Post a Comment