'എല്ലോ'യിലേക്കാണെല്ലാരുമിപ്പോള്‍
നവമാധ്യമ രംഗത്തെ പുതിയ സാന്നിധ്യമായ എല്ലോയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധയിപ്പോള്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തുടങ്ങിയെങ്കിലും ഈയടുത്താണ് എല്ലോ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. അമേരിക്കയിലെ വെര്‍മണ്ടില്‍ ബൈക്ക് ഷോപ്പ് ഉടമയായ പോള്‍ ബുഡ്‌നിസാണ് എല്ലോയുടെ സ്രഷ്ടാവ്. തന്റെ പരിചയ വലയത്തിലുള്ള 90 സുഹൃത്തുക്കള്‍ക്കായി അദ്ദേഹം തുടങ്ങിയ ഇന്റര്‍നെറ്റ് കൂട്ടായ്മയാണ് ഇപ്പോള്‍ ലോകത്ത് തരംഗം തീര്‍ക്കുന്നത്.
ഈ വര്‍ഷം ആഗസ്ത് ഏഴിനായിരുന്നു തുടക്കം. മണിക്കൂറില്‍ 31000 റിക്വസ്റ്റുകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന്് 'എല്ലോ' സ്ഥാപകനായ പോള്‍ ബുഡ്‌നിട്‌സ് പറയുന്നു. പരസ്യം സ്വീകരിക്കില്ലെന്നും അംഗങ്ങളുടെ വിവരങ്ങള്‍ വാണിജ്യാവശ്യത്തിനായി കൈമാറില്ലെന്നുമുള്ള ബുഡ്‌നിസിന്റെ പ്രഖ്യാപനമാണ് 'എല്ലോ'യെ ഫേസ്്ബുക്കില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ആന്റി ഫേസ്്ബുക്ക് എന്ന വിശേഷണം ശരിയല്ലെന്നും ബുഡ്‌നിസ് പറയുന്നു: 'ഞങ്ങള്‍ അവരുടെ എതിരാളിയല്ല. അവര്‍ പരസ്യങ്ങളുടെ വേദിയാണ്, ഞങ്ങള്‍ കൂട്ടായ്മയുടേതും'. ഭാവിയില്‍ ചില അധികസേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
എന്നാല്‍ ഫേസ്്ബുക്കിനെപ്പോലെ അത്ര പെട്ടെന്ന് എല്ലോയില്‍ അംഗത്വമെടുക്കാന്‍ സാധിക്കില്ല. നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് മാത്രമേ ഇതില്‍ ചേരാനാവൂ. പരസ്യങ്ങള്‍ വില്‍ക്കുകയില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കില്ലെന്നുമാണ് കമ്പനി സ്വന്തമായി അവകാശപ്പെടുന്ന സവിശേഷതകള്‍.
നവമാധ്യമ ലോകത്തെ പുതിയ മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന മലയാളി സമൂഹത്തിലും എല്ലോ തരംഗമെത്തിയിട്ടുണ്ട്. ഫേസ്ബുക്കിനെ മടുത്തുതുടങ്ങിയവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. നടന്‍ മമ്മൂട്ടി അക്കൗണ്ട് തുടങ്ങി എന്നതാണ് കേരളത്തില്‍ നിന്നുമുള്ള ഏറ്റവും പുതിയ എല്ലോ വാര്‍ത്ത. എല്ലോയില്‍ അക്കൗണ്ട് തുടങ്ങിയ കാര്യം ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അറിയിച്ചത്. എല്ലോ ഡോട്ട് കോം സ്ലാഷ് മമ്മൂട്ടിയെന്നാണ് അക്കൗണ്ട് യു ആര്‍എ ല്‍. എല്ലോയില്‍ അക്കൗണ്ട് തുടങ്ങുന്ന കേരളത്തിലെ ആദ്യത്തെ പ്രമുഖനാണ് മമ്മൂട്ടി.
ഗൂഗിളിന്റെ പ്രഥമ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഓര്‍ക്കൂട്ട് സെപ്റ്റംബര്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിച്ച വേളയിലാണ് എല്ലോയുടെ രംഗപ്രവേശം എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കടന്നുവരവോടെ ഓര്‍ക്കൂട്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഇടിവാണ് സൈറ്റ് നിര്‍ത്താന്‍ ഗൂളിനെ പ്രേരിപ്പിച്ചത്. 2004 ജനുവരി 24നാണ് ഓര്‍ക്കൂട്ട് തുടങ്ങിയത്. അതേവര്‍ഷം ഫെബ്രുവരി 4ന് ഫേസ്ബുക്കും ആരംഭിച്ചു. 1.28 ബില്യണ്‍ ഉപയോക്താക്കളുമായി ഫേസ്ബുക്ക് ഇപ്പോള്‍ ഒന്നാമതത്തെിയിരിക്കുന്നു. 2010ഓടെയാണ് ഓര്‍ക്കൂട്ടിനെ പിന്തള്ളി ഫേസ്ബുക്ക് ആധിപത്യം സ്ഥാപിച്ചത്. 2014 മാര്‍ച്ചിലെ കണക്കുപ്രകാരം 1.28 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. 7185 ജോലിക്കാരും. ഒടുവില്‍ പുറത്തുവിട്ട കണക്കുപ്രകാരം 7.87 ബില്യണ്‍ യു എസ് ഡോളര്‍ വരുമാനവും ഫേസ്ബുക്കിനുണ്ട്. ഫേസ്ബുക്കിന്റെ 10-ാം പിറന്നാള്‍ വലിയ ആഘോഷത്തോടെയാണ് ലോകം ആഘോഷിച്ചത്.
വാട്‌സാപിന്റെ വരവോടുകൂടി ഫേസ്ബുക്കിന് അല്‍പ്പം ഇടിവ് വന്നിരുന്നു. വാട്‌സാപിനെ ഏറ്റെടുത്തതോടുകൂടി ഈ കുറവ് മറികടക്കാന്‍ ഫേസ്ബുക്ക് മാനേജ്‌മെന്റിനായിരുന്നു. എന്നാല്‍ എല്ലോയുടെ വരവ് ഫേസ്ബുക്ക് എങ്ങനെ ചെറുക്കും എന്ന ആകാംക്ഷയിലാണ് നവമാധ്യമ കുതുകികള്‍.
വീക്ഷണം, ഒക്ടോബര്‍ 2
No comments:
Post a Comment