Monday, 27 October 2014

ബിഹൈന്‍ഡ് ദ ലൈന്‍സ് ബിറ്റ്‌വീന്‍ ദ ലൈന്‍സ്
ജേര്‍ണലിസം ഫിലിം ഫെസ്റ്റ്
സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുക

യുദ്ധകാലത്തെ മാധ്യമപ്രവര്‍ത്തനം പ്രമേയമാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജേര്‍ണലിസം ഫിലിം ഫെസ്റ്റിന് തുടക്കമായി. സംഘര്‍ഷ മേഖലകളിലെ മാധ്യമപ്രവര്‍ത്തനത്തെ ആഘോഷമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്രോത്സവം നടത്തുന്നത്. നിള തിയറ്ററിലും പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളിലുമായി നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇന്നലെ ക്വാബ് ചൂനെ കി ക്വായിഷ്, ആന്‍ഡ് ഷീ ഫ്‌ളൈസ് ഇന്ത്യ, ബ്‌ളഡ് ആന്‍ഡ് അയണ്‍, ആക്‌സിഡന്റ് എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍നിന്നും ക്രൂസിബിള്‍ ഓഫ് വാര്‍, എ മൈറ്റി ഹാര്‍ട്ട് (യുഎസ്എ), ഡി 24 (കൊറിയ), ലുക്കിങ് ഫോര്‍ സിറയ (തയ്‌വാന്‍) എന്നീ ചിത്രങ്ങള്‍ വിദേശത്തു നിന്നുള്ളതായും പ്രദര്‍ശിപ്പിച്ചു. റെട്രോസ്പക്ടീവ് വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയായ ആക്‌സിഡന്റ് ഇന്ത്യ ശ്രദ്ധ നേടി. വൈകിട്ട് ആക്ടിവിസം, അഡ്വക്കസി, ഏജന്‍സി എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബീനാപോള്‍, എം.ജി.രാധാകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, ടി.കെ.രാജീവ്കുമാര്‍, രഞ്ജിനി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ശില്‍പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയില്‍, അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരും പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്. യുഎസ്, യുകെ, തായ്‌വാന്‍, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലെ വിദേശ സംവിധായകരുമായി സ്‌കൈപ്പില്‍ നേരിട്ടു സംവദിക്കാന്‍ സ്‌കൈപ്പ് ഹാങ് ഔട്ട് ഇന്ന് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കും. അസീമ ട്രസ്റ്റും ചെന്നൈയിലെ യു.എസ്.കോണ്‍സുലേറ്റും തിരുവനന്തപുരം പ്രസ്‌ക്ലബുമായി ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.

ശ്രദ്ധേയമായി മൈറ്റി ഹാര്‍ട്ട് 
ഭീകരവാദം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ സാഹസികതയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്ന മൈറ്റി ഹാര്‍ട്ട് ആയിരുന്നു ഇന്നലെ സവിശേഷശ്രദ്ധ ആകര്‍ഷിച്ച ചിത്രങ്ങളിലൊന്ന്്. മാധ്യമപ്രവര്‍ത്തനവുമായി പ്രത്യക്ഷതലത്തില്‍ തന്നെ അടുത്തുനില്‍ക്കുന്ന ഈ സിനിമ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ എത്തി. അതോടെ പൂര്‍വ്വസൂരിയ്ക്കുള്ള പ്രണാമം കൂടിയായി മാറി മൈറ്റി ഹാര്‍ട്ട്. മേളയുടെ സിഗ്‌നേച്ചര്‍ ചിത്രം കൂടിയാണിത്. ഡാനിയേല്‍ പേളിനെ കുറിച്ചുള്ള സിഗ്നേച്ചര്‍ ഫിലിം, 102 മിനിറ്റ് മിനിറ്റ് ദൈര്‍ഘ്യമാണ് ഈ അമേരിക്കന്‍ ചിത്രത്തിനുള്ളത്. ഡാനിയല്‍ പേളിന്റെ ഒവിടവാങ്ങള്‍ മാസം കൂടിയാണ് ഒക്ടോബര്‍.

ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനവും
ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനം പ്രസ്‌ക്ലബ്ബ് പി.സി.സുകുമാരന്‍ നായര്‍ ഹാളിലാണ് നടക്കുന്നത്. കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെയും കാര്‍ട്ടൂണിസ്റ്റുകളുടെയും സൃഷ്ടികള്‍ക്കൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സൃഷ്ടികളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യ മനസ്സാക്ഷിയെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ്് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പലതും പത്രത്താളുകളില്‍ കണ്ടു സുപരിചിതമായിട്ടുള്ളതും. ഏതുകാലത്തും പ്രസക്തി ഏറുന്നതും. തലസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങള്‍ തന്നെയാണ് കൂടുതലായും ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുള്ളത്. മാധ്യമരംഗത്തെ ച്യുതികളും മൂല്യങ്ങളും കാര്‍ട്ടൂണ്‍ വരകള്‍ക്ക്് വിഷയമാകുന്നു.

ബല്ലാരിയിലെ വെള്ളം ചുവന്നതെങ്ങനെ? 
ബല്ലാരിയിലെ ജലത്തിനു ചുവപ്പുനിറം നല്‍കിയത് രാജ്യത്തിന്റെ സമ്പത്ത് കവര്‍ന്നെടുത്ത അഴിമതിയുടെ കോമ്പല്ലുകള്‍ ചിന്തിയതുകൊണ്ടാണ് പറയുന്നത് പരന്‍ജോയ് ഗുഹ തകുര്‍ത. തന്റെ ഡോക്യുമെന്ററിയായ ബ്ലഡ് ആന്‍ഡ് അയണിലൂടെയാണ് സംവിധായകന്‍ ഉത്തരകര്‍ണാടകത്തിലെ ഖനി അഴിമതിയും റെഡ്ഡി സഹോദരന്‍മാരുടെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളും തുറന്നു കാട്ടുന്നത്. പ്രകൃതി അനുഗ്രഹിച്ച ബല്ലാരി പ്രേതനഗരമായി മാറിയ കഥ പറയുകയാണ് ബ്ലഡ് ആന്റ് അയണ്‍. 92 മിനിറ്റ് ദൈര്‍ഷ്യമുള്ള ഡോക്യുമെന്ററിയിലൂടെ തകുര്‍ത പറഞ്ഞുവയ്ക്കുന്നത് ഒരു നാടിന്റെ ചരിത്രമാണ്.
വലിയ പ്രതിബന്ധങ്ങളും സാമ്പത്തിക പ്രയാസങ്ങളും നേരിട്ടാണ് തകുര്‍ത ഈ ചിത്രം പൂര്‍ത്തിയാക്കിയത്. 16 ലക്ഷം രൂപ ചെലവായ ഡോക്യുമെന്ററിയില്‍ എട്ടു ലക്ഷത്തോളം രൂപ ജനങ്ങളില്‍ നിന്നു ചെറിയ തുകകളായി സംഭാവന ലഭിച്ചതാണ്. ഡോക്യുമെന്ററി ചിത്രീകരിക്കുന്നതു ബല്ലാരി റെഡ്ഡി സഹോദരന്‍മാര്‍ സര്‍വപ്രതാപികളായി ഭരിച്ചിരുന്ന സമയത്താണെന്നതായിരുന്നു മറ്റൊരു പ്രത്യേകത.
ബല്ലാരിയിലെ പ്രകൃതി നശിച്ചതെങ്ങനെയെന്നും കാറ്റിലും വെള്ളത്തിലുമെല്ലാം പൊടി കലര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതെങ്ങനെയെന്നും ഡോക്യുമെന്ററി കാണിച്ചുതരുന്നു. കുട്ടികളടക്കം ഖനികളില്‍ പണിയെടുക്കാനും ഇരുമ്പയിര് കലര്‍ന്ന വിഷജലം കുടിക്കാനും നിര്‍ബന്ധിക്കപ്പെടുന്നു. മരണത്തിലേക്കുള്ള വഴി കൂടിയാണിത് ഇവിടെ വെട്ടുന്നത്. റെഡ്ഡി സഹോദരന്‍മാരുടെ സാമ്രാജ്യത്തിന്റെ പതനത്തോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

മാധ്യമരംഗം പൂര്‍ണ്ണമായും കളങ്കപ്പെട്ടിട്ടില്ല: തകുര്‍ത
തന്റെ ഡോക്യുമെന്ററിയായ ബ്ലഡ് ആന്റ് അയണ്‍ നിര്‍മ്മിക്കാന്‍ മലയാളത്തില്‍ നിന്നുള്‍പ്പടെ അഞ്ചു ചാനലുകള്‍ സഹായിച്ചു. മാധ്യമരംഗത്തും പേയ്ഡ് മീഡിയയുടെ ഇക്കാലത്തും സത്യസന്ധത നിലനനില്‍ക്കുന്നു എന്നതിന്റെ തെളിവാണിത്. ഇതൊക്കെ അംഗീകരിക്കാതെ പോകരുത്. മാധ്യമ പ്രവര്‍ത്തന രംഗത്തെ പുതുതലമുറയ്ക്ക് ഈ ഡോക്യുമെന്ററിയും ചലച്ചിത്രോത്സവവും പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
37 വര്‍ഷം മാധ്യമപ്രവര്‍ത്തകനായിരുന്നു തകുര്‍ത. ദി ടെലിഗ്രാഫ്, ഇന്ത്യ ടുഡെ, സിഎന്‍ബിസി-ഇന്ത്യ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോള്‍ഗേറ്റിനെ പറ്റി കോള്‍കഴ്‌സെന്നെ ഡോക്യുമെന്ററിയും കെജിബി ബേസിന്‍ ഉള്‍പ്പെടെ പ്രകൃതിവാതക അഴിമതികളെപ്പറ്റി ഗ്യാസ് വാഴ്‌സ് എന്ന പുസ്തകവും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

വീക്ഷണം, ഒക്ടോബര്‍ 25

No comments:

Post a Comment