Tuesday, 27 September 2016

ഊഴം
-ജീത്തു ജോസഫിന്റെ ത്രില്ലര്‍ അനുഭവം

'ഒരു ജീത്തു ജോസഫ് ചിത്രം' എന്ന ടൈറ്റില്‍ കാര്‍ഡിനെ അന്വര്‍ഥമാക്കുന്നവിധം 'ഊഴം' പൂര്‍ണമായും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സിനിമയാണ്. നായകന്‍, നായിക, മറ്റ് ഇമേജുകള്‍ എന്നിവയെക്കാളൊക്കെ മുമ്പില്‍ സംവിധായകന്‍ മികച്ചു നില്‍ക്കുമ്പോഴുണ്ടാകുന്ന സിനിമാനുഭവമായിരിക്കും ഊഴം പ്രേക്ഷകന് സമ്മാനിക്കുക. സിനിമയിലെ വഴിത്തിരിവ് ആദ്യ അരമണിക്കൂറിനുള്ളില്‍ സംഭവിക്കുകയും പിന്നീട് അതിന്റെ വഴികളിലേക്ക് കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനെയും സഞ്ചരിപ്പിക്കുന്ന രീതിയാണ് ജീത്തു സ്വീകരിച്ചിട്ടുള്ളത്.
ഉറ്റവരെ വേട്ടയാടിയവരെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്ന പതിവു ത്രില്ലര്‍ സിനിമകളുടെ പശ്ചാത്തലമാണ് ഊഴത്തിനുമുള്ളത്. എന്നാല്‍ അവതരണരീതിയുടെ പ്രത്യേകതയാണ് ഈ സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. ഊഴത്തിലെ നായകന്‍ പ്രതികാരത്തിനായി തെരഞ്ഞെടുക്കുന്ന വഴികളും രീതികളും പുതുമയുള്ളതാണ്. ഇതോടെ തന്റെ ആദ്യസിനിമയായ ഡിറ്റക്ടീവില്‍ തുടങ്ങുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള കഥപറച്ചിലിന് പുതിയ മാനം കൊണ്ടുവരാന്‍ ജീത്തു ജോസഫിനാകുന്നു. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളിലും കുടുംബം പശ്ചാത്തലമാകുന്ന ത്രില്ലറുകളാണ് ജീത്തു ഒരുക്കിയിട്ടുള്ളത്. ഈ സിനിമകളെ ഒരിടത്തും ഓര്‍മിപ്പിക്കാതെ മറ്റൊരു ത്രില്ലര്‍ ഒരുക്കാനായി എന്നതില്‍ ജീത്തുവിലെ എഴുത്തുകാരനും സംവിധായകനും അഭിമാനിക്കാം. ത്രില്ലര്‍ എന്ന വിശേഷണം നല്‍കുന്നുവെങ്കിലും റിവഞ്ച് ഡ്രാമ എന്നതായിരിക്കും ഊഴത്തിന് കൂടുതല്‍ ഇണങ്ങുക.

ഇന്റര്‍കട്ട് ഷോട്ടുകളിലൂടെ സിനിമയുടെ പ്രതിപാദ്യ വിഷയത്തിലേക്ക് കാഴ്ചക്കാരന് സൂചനയും ആകാംക്ഷയും നല്‍കിക്കൊണ്ടുള്ള തുടക്കം ഗംഭീരമാണ്. സിനിമയിലുടനീളം ആവര്‍ത്തിക്കുന്ന ഈ പ്രതിപാദനരീതിയാണ് തുടര്‍ന്നും സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്.
മലയാളത്തിലും തമിഴിലുമായി അടുത്തകാലത്ത് നിരവധി സിനിമകളില്‍ പ്രമേയമായിട്ടുള്ള മരുന്നുകമ്പനികളുടെ പരീക്ഷണങ്ങളും സ്വകാര്യ ആശുപത്രികള്‍ വഴി മനുഷ്യരെ അതിനിരയാക്കുന്നതും ആശുപത്രികളും മരുന്നുകമ്പനികളും പണം സമ്പാദിച്ച് കൊഴുക്കുന്നതും ഊഴത്തിലും പ്രമേയമാകുന്നുണ്ട്. ഈ കേന്ദ്രപ്രമേയത്തെ സ്പര്‍ശിച്ചുമാത്രം കടന്നുപോയി അതുമായി ബന്ധപ്പെട്ട മറ്റൊരു വഴിയിലേക്കാണ് ഊഴം സഞ്ചരിക്കുന്നത്. ഇരയാക്കപ്പെടുന്ന മനുഷ്യരോട് നീതിന്യായവ്യവസ്ഥ എത്ര ക്രൂരമായും ഉത്തവാദിത്തമില്ലാതെയുമാണ് പെരുമാറുന്നതെന്നും സ്ഥാപിത താത്പര്യങ്ങളെ വിദഗ്ധമായി അത് സംരക്ഷിക്കുന്നുവെന്നും സിനിമ ഓര്‍മിപ്പിക്കുന്നു. ഇവിടത്തെ നടപ്പുവ്യവസ്ഥിതികളില്‍ വിശ്വാസമില്ലാത്തതിനാലാണ് നീതി നടപ്പാക്കാന്‍ താന്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഊഴത്തിലെ നായകന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥ കഥാപാത്രത്തോട് പറയുന്നുമുണ്ട്.
പൃഥ്വിരാജ് എന്ന താരത്തെക്കാളും ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ഊഴം. തന്റെ കഥയിലെ കണ്‍ട്രോള്‍ഡ് എക്‌സ്‌പ്ലോസീവ് അഥവാ നിയന്ത്രിത സ്‌ഫോടനങ്ങളുടെ വിദഗ്ധനായ സൂര്യ കൃഷ്ണമൂര്‍ത്തി എന്ന പ്രധാന കഥാപാത്രത്തെ സിനിമയ്ക്ക് അനുഗുണമായി ഉപയോഗിക്കുകയാണ് നായക നടനിലൂടെ സംവിധായകന്‍ ചെയ്യുന്നത്. കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ പൃഥ്വിരാജിനുപുറമെ പശുപതി, ജയപ്രകാശ്, ഇര്‍ഷാദ്, നീരജ് മാധവ്, ദിവ്യാ പിള്ള, ടോണി ലൂക്ക് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്.

അഭിനേതാക്കളെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന വേറെയും ഘടകങ്ങള്‍ ഊഴത്തിലുണ്ട്. സിനിമയുടെ സ്വഭാവം ആവശ്യപ്പെടുന്ന പശ്ചാത്തലസംഗീതം പൂര്‍ണമായി കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നതാണ് അതിലൊന്ന്. സംഗീതമൊക്കിയ അനില്‍ ജോണ്‍സണാണ് അതിന്റെ ക്രെഡിറ്റ്. ത്രില്ലര്‍ സിനിമയ്ക്ക് യോജിച്ച എഡിറ്റിങ്ങാണ് മറ്റൊരു ഹീറോ. സിനിമയുടെ സ്വാഭാവിക സഞ്ചാരത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും പിടിച്ചിരുത്തുന്നതിനും എഡിറ്റിങ് ഏറെ ഉപകാരപ്പെടുന്നുണ്ട്. കഥാഗതിയെയും ദൃശ്യങ്ങളെയും കോര്‍ത്തിണക്കാന്‍ ഊഴത്തില്‍ അയ്യൂബ്ഖാന്‍ ഉപയോഗിച്ചിരിക്കുന്ന നവീനസങ്കേതങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തീര്‍ച്ച. സംഭവങ്ങളെ പിറകിലേക്കും മുന്‍പിലേക്കും രസച്ചരട് പൊട്ടാതെയുള്ള ഈ കോര്‍ത്തിണക്കല്‍ തന്നെയാണ് ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ഒരു ചിത്രത്തിനു വേണ്ടത്. ഊഴത്തെ ആസ്വാദ്യകരമാക്കുന്നതും മറ്റൊന്നല്ല.


ചിത്രഭൂമി, സെപ്റ്റംബര്‍ 10, 2016

പുതിയ വഴി സഞ്ചരിക്കുന്ന പ്രേതം

മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ള പ്രേതപടങ്ങളുടെ കൂട്ടത്തിലൊന്നും രഞ്ജിത് ശങ്കറിന്റെ 'പ്രേത'ത്തെ ചേര്‍ത്തുവയ്ക്കാനാവില്ല. പതിവു ഹൊറര്‍ സിനിമകളുടെ സഞ്ചാരവഴികളിലേക്ക് പോകാതെയും ആവാഹന, ഉച്ചാടന ക്രിയകളുടെ സഹായമില്ലാതെയും മികച്ച ത്രില്ലര്‍ അനുഭവമാണ് പ്രേതം സമ്മാനിക്കുന്നത്. ആളുകളെ പേടിപ്പിക്കാന്‍ കരുതിക്കൂട്ടി സൃഷ്ടിക്കുന്ന യാതൊരു ഗിമ്മിക്കുകള്‍ക്കും ഇടനല്‍കാതെ സ്വാഭാവികമായി തുടരുന്ന മികച്ച ദൃശ്യാനുഭവമാണീ സിനിമ.
മലയാളം കണ്ടുശീലിച്ചിട്ടുള്ള ഹൊറര്‍ സിനിമകളുടെ കൂട്ടത്തില്‍ പെടുത്താനാവില്ല പ്രേതത്തെ. ഹൊററും ത്രില്ലറും ഇഴചേര്‍ന്നിരിക്കുന്ന ചിത്രം ഇത്തരം വിശേഷണങ്ങളോട് പൂര്‍ണമായി നീതിപുലര്‍ത്തുന്നുണ്ട്.

മലയാളത്തില്‍ ഹൊറര്‍ പശ്ചാത്തലമായി വന്നിട്ടുള്ള മുന്‍കാല വിജയസിനിമകളെയും കഥാപാത്രങ്ങളെയും കഥാ പശ്ചാത്തലങ്ങളെയും പ്രേതം വിദഗ്ധമായി ഓര്‍ത്തെടുക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ചിരി സമ്മാനിക്കാന്‍ ഇത് ഉപയോഗിക്കുന്നതോടൊപ്പം അത്തരം വഴികളിലേക്കൊന്നുമല്ല ഈ സിനിമയുടെ സഞ്ചാരമെന്ന് ഓര്‍മിപ്പിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.
സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ച് തയ്യാറാക്കിയിട്ടുള്ള തിരക്കഥ കഥാപാത്രങ്ങളെ അതിന്റെ പ്രാധാന്യത്തോടെയും ബഹുമാനത്തോടെയും പരിചരിച്ചിരിക്കുന്നു. കഥയുടെ ആവശ്യാര്‍ഥം കടന്നുവരുന്നവരാണ് ഓരോ കഥാപാത്രങ്ങളും. അതല്ലാതെവന്ന് മുഴച്ചുനില്‍ക്കുന്നവരോ അത്തരം ദൃശ്യങ്ങളോ സിനിമയില്‍ കാണുന്നില്ല.
ഇത്തരമൊരു സിനിമ ആവശ്യപ്പെടുന്ന ദൃശ്യപരിചരണം കാഴ്ചക്കാരന് നല്‍കാനും രഞ്ജിത്ത് ശങ്കറിന്റെ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കടല്‍ക്കരയിലുള്ള റിസോര്‍ട്ടും പശ്ചാത്തലവും ക്യാമറയില്‍ പതിഞ്ഞു കാണുമ്പോള്‍ കാഴ്ചയ്ക്ക് അതേറെ സുഖം പകരുന്നുണ്ട്. കടലും തിരയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹെലിക്യാം ഷോട്ടുകളും അതിനൊത്ത പശ്ചാത്തല സംഗീതവും സിനിമ എന്താണോ പറയാനുദ്ദേശിക്കുന്നത്, അതിലേക്കുള്ള സൂചനയും വഴിയും തുറന്നിടാന്‍ പോന്നതാണ്.

നമ്മുടെയെല്ലാം തോന്നലുകളെത്തന്നെയാണ് പ്രേതം, ആത്മാവ് എന്നൊക്കെ പേരിട്ടു വിളിക്കുന്നതെന്ന് ജയസൂര്യയുടെ കഥാപാത്രമായ ജോണ്‍ ഡോണ്‍ ബോസ്‌കോ പറയുന്നു. ഇത്തരം തോന്നലുകളിലേക്കും അതിന്റെ യാഥാര്‍ഥ്യത്തിലേക്കും അന്വേഷിച്ചുചെല്ലുകയാണ് സിനിമ. കാഴ്ചക്കാരനില്‍ അതിശയോക്തിയും അസ്വാഭാവികതയും ജനിപ്പിക്കാതെയയുള്ളതാണ് ഈ അന്വേഷണവും അതില്‍ തിരിച്ചറിയുന്ന പുതിയ സത്യങ്ങളും. മനസ്സുകളെ വായിക്കുകയും അതിലേക്ക് ഊഴ്ന്നിറങ്ങുകയുമാണ് ജോണ്‍ ചെയ്യുന്നത്. മനസ്സുകളെ പഠിച്ചുകൊണ്ടുള്ള അയാളുടെ സഞ്ചാരവും തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളും സിനിമയുടെ ക്ലൈമാക്‌സ് സീനുകളില്‍ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. 'മൈന്റ് റീഡിങ്' എന്ന വലിയ പഠനവ്യാപ്തിയുള്ള സങ്കേതത്തെ ഏറ്റവും ലളിതമായി കൈകാര്യം ചെയ്യുന്നിടത്താണ് പ്രേതം എല്ലാത്തരം പ്രേക്ഷകനോടും എളുപ്പത്തില്‍ സംവദിക്കുന്നത്.
ജയസൂര്യയുടെ വേറിട്ട രൂപവും പ്രകടനവും പ്രേതത്തിന്റെ ഹൈലൈറ്റാണ്. അഭിനയത്തിലെ മിതത്വവും പക്വതയോടെ സംസാരിക്കുന്ന കണ്ണുകളും ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന കഥാപാത്രമാകാന്‍ ജയസൂര്യ വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു. വ്യത്യസ്ത റോളുകള്‍ കണ്ടെത്താനുള്ള ഈ നടന്റെ പരിശ്രമത്തിലേക്കുള്ള പുതിയ പേരായിരിക്കും പ്രേതത്തിലെ ജോണ്‍.

അജു വര്‍ഗീസ്, ഗോവിന്ദ് പദ്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവരാണ് ഈ സിനിമയെ പ്രേക്ഷകര്‍ക്കുമുന്നില്‍ സജീവമാക്കുന്നത്. സിനിമയുടെ ആദ്യസീനില്‍ പ്രത്യക്ഷപ്പെട്ട് അവസാനം വരെ തുടരുന്ന ഇവരുടെ സജീവത മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ ചിരിക്ക് വക നല്‍കുന്നു. മുഴക്കമുള്ള ചിരി സമ്മാനിക്കുന്നതോടൊപ്പം ചിലയിടങ്ങളില്‍ രസികന്‍ ചിന്തകള്‍ക്കും ഹാസ്യഭാഷണങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. പ്രത്യേകിച്ചും ധര്‍മജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംശയം ഇടകലര്‍ത്തിക്കൊണ്ടുള്ള ചോദ്യങ്ങള്‍. സോഷ്യല്‍ മീഡിയ ട്രോളുകള്‍ എത്രമാത്രം ഇടപെടല്‍ നടത്തുന്നുവെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണീ സംസാരങ്ങള്‍. പ്രേമത്തിലും ഹാപ്പി വെഡ്ഡിങ്ങിലും ചെയ്തു വിജയിച്ച ഷറഫുദ്ദീന്റെ 'സ്‌പോട്ട് കോമഡി' പ്രേതത്തില്‍ അതിന്റെ പാരമ്യത്തിലെത്തുന്നു. തിരക്കഥയിലെഴുതി പറയിപ്പിനാകാത്ത വിധമാണ് ഈ നടന്റെ സ്‌പോട്ട് ഡയലോഗുകള്‍ ചിരി പടര്‍ത്തുന്നത്.
മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ 'പെര്‍ഫക്ട് എന്റര്‍ടെയ്‌നര്‍' എന്ന വിശേഷണം തന്നെയാകും പ്രേതത്തിന് ചേരുക. രണ്ടു മണിക്കൂര്‍ സമയത്തെ മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്ന എഴുത്തുകാരനും സംവിധായകനും മുറുക്കമുള്ള ഒരു സിനിമയാണ് പ്രേക്ഷകന് നല്‍കിയിട്ടുള്ളത്. സിനിമയുടെ ഇടവേളയിലും ഒടുവിലും ഉയരുന്ന കൈയ്യടികള്‍ സൂചിപ്പിക്കുന്നത് കാണികള്‍ അത് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു എന്നതു തന്നെയാണ്.


ചിത്രഭൂമി, ആഗസ്റ്റ് 13, 2016
തീവ്രയാഥാര്‍ഥ്യങ്ങളുടെ കളി

രാഷ്ട്രീയസിനിമകള്‍ എന്ന ലേബലില്‍ മലയാളത്തിലെ ഇറങ്ങിയിട്ടുള്ള സിനിമകളില്‍ ഭൂരിഭാഗവും ഉപരിപ്ലവമായ മേനിനടിക്കല്‍ മാത്രമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവും പറഞ്ഞിട്ടുള്ള സിനിമകള്‍ വിഷയത്തെ ഹാസ്യവത്ക്കരിക്കാനും മറുപാതിയില്‍ മറ്റു വിഷയങ്ങള്‍ പറയാനും മെനക്കെട്ടു. അതോടെ രാഷ്ട്രീയസിനിമകള്‍ ഒരേസമയം പ്രണയസിനിമകളും കുടുംബകഥകളുമായി മാറി. ജനപ്രിയചേരുവകള്‍ നിറം പിടിപ്പിക്കാതെ രാഷ്ട്രീയം പറഞ്ഞവ വിരലിലെണ്ണാവുന്നതായി ചുരുക്കപ്പെടുകയും ഭൂരിപക്ഷ കാണിയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു.
കേരളത്തിന്റെ രാഷ്ട്രീയ, അരാഷ്ട്രീയ, ജാതി, ലിംഗ, വര്‍ണ മുഖങ്ങളിലേക്ക് രണ്ടു മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്ത് കടന്നുചെന്ന് അതിന്റെ ഭീകരതയെ കാഴ്ചക്കാരനുമുന്നില്‍ തുറന്നിട്ടുകൊടുക്കകയാണ് സനല്‍കുമാര്‍ ശശിധരന്‍ 'ഒഴിവുദിവസത്തെ കളി.'യിലൂടെ.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം നല്‍കി ആദരിച്ച ഈ സിനിമ കഴിഞ്ഞ ദിവസമാണ് തീയേറ്ററിലെത്തിയത്. പുരസ്‌ക്കാരം നേടിയ ചിത്രങ്ങളുടെ പതിവിനു വിപരീതമായി കൂടുതല്‍ തീയേറ്ററുകളും നിറയെ കാണികളുമായാണ് ഒഴിവുദിവസത്തെ കളി വരവേല്‍ക്കപ്പെട്ടത്. മാധ്യമ, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങളും സംവിധായകന്‍ ആഷിഖ് അബു വിതരണമേറ്റെടുത്തതും സിനിമയുടെ തലവര മാറ്റിവരയ്ക്കാനിടയാക്കി.
കാലവും കലയും ആവശ്യപ്പെടുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. പ്രത്യക്ഷത്തില്‍ ഇത് കുറച്ച് ആണുങ്ങളുടെ ഒരു അവധിദിവസത്തെ കളിയാണെങ്കില്‍ക്കൂടി അവര്‍ നമ്മളും അവരുടെ സംസാരം നമ്മുടെതു കൂടിയുമായി മാറുമ്പോഴാണ് സിനിമയുടെ സഞ്ചാരം ഞെട്ടിപ്പിക്കുന്നതാകുന്നത്.

ഒഴിവുദിവസത്തെ കളി മുന്നോട്ടുവയ്ക്കുന്നത് തീവ്രരാഷ്ട്രീയമാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ലഘുസംസാരങ്ങളിലൂടെ അവയോരോന്നും പൊങ്ങിവരുന്നു. ഓരോരുത്തരും ജാതി, മതം, ലിംഗം, വെളുപ്പ്, കറുപ്പ്, നീ, ഞാന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ തന്നെയാണെന്ന് സിനിമ പറയുന്നു. എത്രയൊക്കെ ഉള്ളില്‍ ചില്ലിട്ടുസൂക്ഷിച്ചാലും ചില സാഹചര്യങ്ങളില്‍ അവയെല്ലാം അണപൊട്ടിയൊഴുകും. പരിഷ്‌കൃത, ബുദ്ധിജീവി നാട്യങ്ങള്‍ക്കൊക്കെ ഇളക്കം തട്ടും. അപ്പോള്‍ നമ്മള്‍ കറുത്തവനെ വെറുക്കുന്നവനും സ്വന്തം നിറത്തിലും ജാതിയിലും കുടുംബത്തിലും അഭിമാനിക്കുന്നവനുമായി മാറുന്നു. എനിക്കെന്തുമാകാം, എന്തും പറയാം, എനിക്കതിന് അധികാരമുണ്ട്. നിനക്കങ്ങനെയാന്നും പാടില്ല. ഞങ്ങള്‍ വരച്ച അതിര്‍വരകള്‍ നീയൊരിക്കലും ലംഘിച്ചുപോകരുത്. ഉള്ളില്‍ ഇത്തരം ധാര്‍ഷ്ട്യങ്ങളും അധികാരചിഹ്നങ്ങളും പേറുന്ന ഭൂരിപക്ഷ മനുഷ്യനെയും മലയാളിയെയും ഒഴിവുദിവസത്തെ കളി തുറന്നുകാട്ടുന്നു. ഒരുപാട് സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായമില്ലാതെ സമൂഹയാഥാര്‍ഥ്യങ്ങളെ കേവലം സുഹൃദ്‌സംസാരത്തിലൂടെ പുറത്തുകൊണ്ടുവരികയാണ്് സിനിമ. കഥാപാത്രങ്ങളിലേക്ക് തിരിച്ചുവെക്കുകയും അവരുടെ പിറകെ സഞ്ചരിക്കുകയും ചെയ്യുകയാണ് ഒഴിവുദിവസത്തെ കളിയുടെ ക്യാമറക്കണ്ണുകള്‍.
പല സ്വഭാവക്കാരും ചിന്താഗതിക്കാരുമാണ് മനുഷ്യര്‍. സുഹൃത്തുക്കളുടെ കൂട്ടങ്ങളുമതേ. സമൂഹത്തിലെന്നപോലെ ഈ കൂട്ടങ്ങളിലുമുണ്ടാകും ഭരിക്കാനും നിയന്ത്രിക്കാനും ചിലര്‍. അതുപോലെ അനുസരിക്കാനും വിധേയപ്പെടാനും ഇരയാകാനും തീരുമാനിക്കപ്പെട്ട മറ്റു ചിലരും. മറ്റുള്ളവര്‍ക്കുവേണ്ടി ജോലിയെടുക്കേണ്ടി വരുന്നവന്‍, കറുമ്പന്‍, കള്ളന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കപ്പെട്ട് ഇരയാകുന്ന ഒരു സുഹൃത്ത് ഒഴിവുദിവസത്തെ കളിക്കൂട്ടായ്മയിലുമുണ്ട്.
ഉണ്ണി.ആറിന്റെ ഇതേ പേരിലുള്ള കഥയാണ് ഒഴിവുദിവസത്തെ കളിയായി മാറിയത്. തിരക്കഥയുടെ സാധ്യത ഉപയോഗിക്കാത്ത സിനിമ റിയല്‍ എന്ന വിശേഷണത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നു. കഥാപാത്രങ്ങളായി എത്തിയവരെല്ലാം പുതുമുഖങ്ങളാണ്. ജീവിതത്തില്‍ പെരുമാറുന്നതു പോലെത്തന്നെ ക്യാമറയ്ക്കുമുന്നിലുമെന്ന തരത്തിലുള്ള ഇവരുടെ പ്രകടനം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് പശ്ചാത്തലമായി വരുന്ന സിനിമയില്‍ പ്രചാരണരംഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഒഴിവുദിവസത്തെ കളിക്ക് തീയേറ്ററില്‍നിന്ന് കിട്ടുന്ന സ്വീകാര്യത വരാനിരിക്കുന്ന ഇത്തരം ചെറിയ 'വലിയ' സിനിമകള്‍ക്കുള്ള പ്രചോദനവും ആത്മവിശ്വസവുമാകുമെന്നു തീര്‍ച്ച.


ചിത്രഭൂമി, ജൂണ്‍ 18, 2016
ഇതരമത പ്രണയങ്ങളുടെ തീരാപറച്ചില്‍

നൂറുതവണ പറഞ്ഞാലും ആവര്‍ത്തനത്തില്‍ പുതിയ സാധ്യതകള്‍ അവശേഷിപ്പിക്കുന്ന ഭിന്നമത പ്രണയമാണ് ഇവിടെയും പ്രതിപാദ്യം. ഈ വിഷയത്തില്‍ പിന്നെയും കൈവയ്ക്കുമ്പോള്‍ ആവര്‍ത്തനത്തില്‍ എന്തു പുതുമ തരാനാകും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സിനിമയുടെ നിലനില്‍പ്പ്.
മലയാള സിനിമയില്‍ ആദ്യകാലത്തും (നീലക്കുയില്‍), മധ്യകാലത്തും (ഓളവും തീരവും) അടുത്ത കാലത്തും (തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും) വ്യത്യസ്ത മതത്തില്‍പെട്ടവരുടെ പ്രണയം വിഷയമായിട്ടുണ്ട്. ഇതിലെ രസകരമായ വസ്തുത സിനിമ ഏല്ലാകാലത്തും കൈകാര്യം ചെയ്യുന്നതും ചലച്ചിത്രകാരനെപ്പോലെ കാഴ്ചക്കാരന്‍ ആശങ്കപ്പെടുന്നതും ഒരേ വിഷയം തന്നെയായിരിക്കും എന്നതാണ്. മതത്താലും ജാതിയാലും വരിഞ്ഞുമുറുക്കപ്പെട്ട് ജീവിക്കുന്ന സാമൂഹികവ്യവസ്ഥയിലുള്ള ജനവിഭാഗത്തില്‍നിന്ന് മറുത്തൊരു ചിന്ത ഉണ്ടാകില്ലെന്നതും വാസ്തവം.
പുതിയ ചുറ്റുപാടില്‍ മതത്തിനും മതത്തേക്കാളുപരി ജാതിചിന്തയ്ക്കും വലിയ തലോടലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ എളുപ്പം വ്രണപ്പെട്ടുപോകുന്നതായി മാറിയ ജാതിയും മതവും പ്രമേയമാക്കി ഒരു കലാസൃഷ്ടി ഉടലെടുക്കുമ്പോള്‍ അതിനെ സംശയദൃഷ്ട്യാല്‍ വീക്ഷിക്കുന്ന ജനതയായും നമ്മള്‍ മാറിയിട്ടുണ്ട്. അപര ഇടങ്ങളിലേക്ക് ചികഞ്ഞുനോക്കുകയെന്ന ശീലത്തിന്റെ അനുശീലനാര്‍ഥം കിസ്മത്ത് എന്ന പുതിയ സിനിമയുടെ പേരും മുസ്ലിംഹിന്ദു(അതില്‍ത്തന്നെ ദളിത്) പ്രണയവും തെല്ല് നോട്ടത്തിനും ചിന്തയ്ക്കും വക നല്‍കിയേക്കുമെന്ന് തീര്‍ച്ച.
എന്നാല്‍ അത്തരം ധാരണകളെ മുളയിലേ നുള്ളി തീവ്രമായ പ്രശ്‌നസ്ഥലികളിലേക്ക് കടന്നുചെല്ലാതെ കൈകാര്യം ചെയ്യുന്ന വിഷയത്തിലേക്ക് മാത്രം നോട്ടമയക്കുകയാണ് കിസ്മത്ത്. എങ്കില്‍ക്കൂടി മത ബിംബങ്ങള്‍ കറുപ്പും കാവിയുമണിഞ്ഞ് ചിന്തകളില്ലാതെ വേഷപ്പകര്‍ച്ച മാത്രമായി തെരുവുകളിലെത്തുന്ന കാലത്ത് ഭിന്നമത പ്രണയസിനിമയ്ക്കും അത്തരത്തില്‍പെടുന്ന ഏതു കലാസൃഷ്ടിക്കും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ കിസ്മത്ത് അംഗീകാരം നേടുമ്പോള്‍ പ്രേക്ഷകര്‍ നിറവേറ്റുന്നത് സാമൂഹികമായ കടമയും നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തനവുമായി മാറുന്നു.

ഷാനവാസ്.കെ.ബാവക്കുട്ടി എന്ന പുതിയ സംവിധായകന്‍ അച്ചടക്കത്തോടെയാണ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പറയാനുള്ളതിനുപുറമെ മറ്റു വിഷയങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ അയാള്‍ കയറിച്ചെല്ലുന്നില്ല. മാമൂലുകള്‍ക്കു പിറകെ പോകാതെ മനസ്സിലുള്ള സിനിമ ചെയ്യുകയെന്ന റിയലിസ്റ്റിക്ക് സിനിമയുടെ മലയാളത്തിലെ പുതിയ വക്താവ് രാജീവ് രവിയുടെ ഉപദേശത്തെ അതേപടി പകര്‍ത്തുകയായിരുന്നു ഷാനവാസ്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രമില്ലായിരുന്നുവെങ്കില്‍ കിസ്മത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് ഷാനവാസ് പറയുന്നുണ്ട്.
ഇരുപത്തിമൂന്നുകാരനായ മുസ്ലീം ചെറുപ്പക്കാരനും ഇരുപത്തെട്ടുകാരിയായ ഹിന്ദു ദളിത് പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് കിസ്മത്തില്‍. മറുചിന്തയ്ക്ക് ഇടമില്ലാത്ത വിധം ജാതിയും മതവും പ്രായവും തന്നെയാണ് ഇവിടെയും പ്രണയത്തിന് വെല്ലുവിളിയാകുന്നത്. പെണ്‍കുട്ടി ഹിന്ദുവെന്നതും അതില്‍ത്തന്നെ താഴ്ന്ന ജാതിക്കാരിയെന്നതും ആണ്‍കുട്ടി ആഢ്യ മുസ്ലീം കുടുംബത്തിലെ അംഗമെന്നതുമാണ് വിഷയം. മതത്തിനും ജാതിക്കുമൊപ്പം കുടുംബമഹിമ കൂടി കടന്നുവരുമ്പോഴാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നത്.
ജാതി, മതം, കുലം, അഭിമാനം എന്നിവയേക്കാളൊന്നും വലുതല്ല രണ്ടു മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹമെന്ന് ഇരുമതത്തെ പിന്തുണയ്ക്കുന്നവരും ഒരുപോലെ പറയുന്നു. മതവും ഗ്രന്ഥങ്ങളും സ്‌നേഹിക്കാന്‍ പറഞ്ഞാലും മതബോധമുള്ള മനുഷ്യര്‍ അതിനെ അംഗീകരിക്കുകയില്ലെന്നും നേര്‍ക്കുനേര്‍ വന്നാല്‍ പെട്ടെന്ന് വ്രണപ്പെടുന്നവ തന്നെയാണ് മതവികാരമെന്നും ചിന്തിക്കാന്‍ സിനിമ പ്രേരിപ്പിക്കുന്നു.
പോലീസ് സ്‌റ്റേഷന്‍ എന്ന നീതിനിര്‍വഹണകേന്ദ്രം എങ്ങനെ നീതി നടപ്പാക്കുന്നുവെന്നും എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തികള്‍ക്ക് നീതിനിര്‍വഹണത്തില്‍ എത്തരത്തിലെല്ലാം ഇടപെടാമെന്നും ഇതരമത പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ പറയുന്നു.

കേന്ദ്ര കഥാപാത്രങ്ങളായ അനിതയും ഇര്‍ഫാനുമായെത്തിയ ശ്രുതി മേനോന്റെയും ഷെയ്ന്‍ നിഗത്തിന്റെയും പ്രകടനമാണ് ചിത്രത്തിലെ ഹൈലൈറ്റ്. ശ്രുതിയെ അപേക്ഷിച്ച് പുതുമുഖമാണ് ഷെയ്ന്‍. അന്നയും റസൂലും എന്ന തന്റെ ആദ്യചിത്രം മുതല്‍ ഈ നടന്റെ റേഞ്ച് വ്യക്തമാകുന്നുണ്ട്. കിസ്മത്തിലെത്തുമ്പോള്‍ ഇരുപത്തിമൂന്നു വയസ്സുകാരന്റെ അങ്കലാപ്പും ആവേശവും വെല്ലുവിളിയുമെല്ലാം വാക്കിലും പ്രവൃത്തിയിലുമെത്തിച്ച് ഷെയ്ന്‍ മികവ് ഒന്നുകൂടി വ്യക്തമാക്കുന്നു. എസ്.ഐ വേഷത്തിലെത്തുന്ന വിനയ് ഫോര്‍ട്ട് ആണ് കിസ്മത്തിനെ സജീവമാക്കുന്ന മറ്റൊരു സാന്നിധ്യം.
പൊന്നാനിയെന്ന ദേശത്തേക്ക് കണ്ണുതുറക്കുന്ന കിസ്മത്തിന്റെ ക്യാമറയാണ് മറ്റൊരു പുതുമ.  ക്യാമറ തുറന്നുവെച്ചാല്‍ വലിയ ദൃശ്യസാധ്യതകളുള്ള പൊന്നാനിയെ  ഇത്രയെങ്കിലും അടയാളപ്പെടുത്തിയ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. മലയാള സിനിമയുടെ ക്യാമറ ഇത്തരത്തില്‍ അറിയാദേശങ്ങളിലേക്കും സംസ്‌ക്കാരത്തിലേക്കും സഞ്ചരിക്കുന്നത് നല്ല ലക്ഷണമാണ്. ഓരോ ദേശത്തിനും പറയാന്‍ പുതിയ കഥകളുണ്ടാകും, അതിന്റെ സംസ്‌ക്കാരവും ഭാഷയും ഭക്ഷണശീലങ്ങളുമൊക്കെയുണ്ടാകും. അവിടങ്ങളിലേക്ക് സഞ്ചരിച്ചെത്തുമ്പോള്‍ പ്രേക്ഷകന് സമ്മാനിക്കാനാകുക കാഴ്ചയുടെ പുതിയ വിതാനം തന്നെയായിരിക്കും.


സ്ത്രീശബ്ദം, ആഗസ്റ്റ്‌, 2016
ഒഴിവുദിവസത്തെ കളിയിലെ തീവ്രയാഥാര്‍ഥ്യങ്ങള്‍

പരീക്ഷണങ്ങളോടും പുതുമകളോടും വ്യാപകമായ രീതിയില്‍ സമരസപ്പെടുന്ന ആസ്വാദക വിഭാഗമല്ല മലയാളി. ജനപ്രിയ പരീക്ഷണങ്ങളോട് ആഭിമുഖ്യം പുലര്‍ത്താറുണ്ടെങ്കിലും സാമൂഹികതയും ജനകീയപ്രശ്‌നങ്ങളും നേര്‍തലത്തില്‍ അടയാളപ്പെടുന്ന സിനിമകളോട് എക്കാലത്തും അവര്‍ മുഖം തിരിച്ചിട്ടുണ്ട്. സാധാരണ ജനതയെ സംബന്ധിച്ച് ജീവിതത്തിലെ ശരിയുടെ തലമാണത്. തങ്ങള്‍ ജീവിക്കുന്ന കഷ്ടതകള്‍ നിറഞ്ഞ ചുറ്റുപാട് വെള്ളിവെളിച്ചത്തിലും ആവര്‍ത്തിക്കുന്നത് അവര്‍ക്കത്ര രസിച്ചേക്കില്ല. അതുകൊണ്ടായിരിക്കണം ഏഴൈതോഴന്‍മാരുടെ കഥ പറയുമ്പൊഴും അവര്‍ കൊട്ടാരക്കെട്ടിലേക്ക് വളര്‍ച്ചപ്രാപിക്കുന്നത് ചിത്രീകരിക്കാന്‍ ജനപ്രിയ സിനിമാകാരന്മാര്‍ ശ്രദ്ധിച്ചുപോന്നത്. അങ്ങനെ വിഖ്യാതവിജയങ്ങള്‍ ആസ്വാദകന്റെ അഭിരുചികളെ തിരിച്ചറിഞ്ഞ് വാര്‍ത്തെടുക്കപ്പെടുന്നവയായി മാറുന്നു.
പല കാലങ്ങളിലായി എല്ലാ ഭാഷകളിലുമെന്നപോലെ മലയാളത്തിലും ഒട്ടേറെ ചലച്ചിത്രകാരന്‍മാര്‍ സാമൂഹികത എന്ന കലയുടെ അടിസ്ഥാനധര്‍മം നിറവേറ്റാനുള്ള ഉപാധിയായി സിനിമയെ കണ്ടുപോന്നിട്ടുണ്ട്. അത്തരം സിനിമകളെ തിരിച്ചറിയുകയും ആസ്വദിക്കുകയും അത്ഭുതം കൂറുകയും ചെയ്യുന്നൊരു ചെറുവിഭാഗം എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ന്യൂനപക്ഷത്തിന്റെ ഉന്നതമായ ആസ്വാദനക്ഷമതയെ ലക്ഷ്യം വച്ച് തന്നിലെ ചലച്ചിത്രകാരന് തൃപ്തിവരത്തക്കവിധം സിനിമകളെടുക്കാന്‍ തയ്യാറായ മറ്റൊരു വിഭാഗവും ഇവിടെ നിലകൊണ്ടു. പി.എന്‍ മേനോന്‍, പി.എ.ബക്കര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, പവിത്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, ഷാജി.എന്‍.കരുണ്‍, ടി.വി.ചന്ദ്രന്‍, എം.പി.സുകുമാരന്‍ നായര്‍, ഡോ.ബിജു തുടങ്ങി ഒട്ടേറെപ്പേര്‍ പല കാലങ്ങളില്‍ ഇങ്ങനെ സിനിമകളെടുത്തവരാണ്. മുഖ്യധാരാ സിനിമകള്‍ക്കു സമാന്തരമായൊരു പാത വെട്ടിത്തുറന്ന് ലോകസിനിമകളുടെ ഭൂപടത്തില്‍ മലയാളമെന്ന പേരിന് ഇവര്‍ ഒരിടമുണ്ടാക്കി.

കച്ചവട സിനിമകള്‍ ആസ്വാദകനില്‍ രസം ദ്യോതിപ്പിക്കുകയെന്ന കേവല കലാധര്‍മ നിര്‍വ്വഹണത്തിനുശേഷം മറവിയിലാണ്ടുപോകുമ്പോള്‍ സാമൂഹികതയും തീവ്രരാഷ്ട്രീയവും മുന്നോട്ടുവെച്ച സമാന്തരവഴികളില്‍ സിനിമ എക്കാലത്തേക്കും പ്രസക്തിയുള്ളവയായി നിലകൊണ്ടു. എഴുപതുകളില്‍ 'ഉച്ചപ്പട'കാലം മുതല്‍ക്കു തുടങ്ങി കുറ്റിയറ്റുപോകാത്ത ആ കണ്ണിയുടെ നവനവമായ തുടര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കെ.ആര്‍.മനോജ്, സിദ്ധാര്‍ഥ് ശിവ, മനോജ് കാന, സുദേവന്‍, സജിന്‍ബാബു, സനല്‍കുമാര്‍ ശശിധരന്‍, ഷാനവാസ് നരണിപ്പുഴ തുടങ്ങിയ പേരുകളെല്ലാം ഇതിന്റെ തുടര്‍ച്ചകളാണ്.
ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പുറത്തെ ലോകം അപ്രാപ്യമായിരുന്ന സമാന്തരസിനിമകള്‍ക്ക് പുതിയ വിപണനസാധ്യതകളും പരസ്യങ്ങളും വഴി തീയറ്ററുകള്‍ ലഭിക്കുന്നുവെന്നതാണ് പ്രതീക്ഷയുളവാക്കുന്ന ഏറ്റവും പുതിയ കാഴ്ച. നവമാധ്യമങ്ങള്‍ വഴി മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകള്‍ക്ക് ഈ മാറ്റത്തില്‍ വലിയ പങ്കുണ്ട്. ഇവിടെ സിനിമ സംവിധായകന്റെതോ നിര്‍മാതാവിന്റെയോ മാത്രമായി ഒതുങ്ങുന്നില്ല. മികച്ച സിനിമയെന്ന് തിരിച്ചറിയുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും ഒരുപോലെ മുന്നിട്ടിറങ്ങുന്നു. നവമാധ്യമങ്ങള്‍ ഇതിന് മികച്ച പ്ലാറ്റ്‌ഫോമുമാകുന്നു.
സജിന്‍ബാബുവിന്റെ അസ്തമയം വരെ, സുദേവന്റെ െ്രെകം നമ്പര്‍ 89, കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ്, മനോജ് കാനയുടെ അമീബ തുടങ്ങിയ സിനിമകള്‍ ദിവസങ്ങളോളം തീയറ്ററില്‍ തുടര്‍ന്നത് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളുടെ പിന്‍ബലം കൊണ്ടുകൂടിയായിരുന്നു. കാഴ്ചക്കാരന്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച വിലയേറിയ അഭിപ്രായങ്ങളില്‍നിന്നാണ് താരകേന്ദ്രീകൃതമല്ലാത്ത ഈ സിനിമകള്‍ക്ക് വീണ്ടും ടിക്കറ്റെടുക്കാന്‍ ആളുണ്ടായത്.
ഈ കൂട്ടത്തിലേക്ക് വരുന്ന ഏറ്റവും പുതിയ പേരാണ് സനല്‍കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി'യുടെത്. 2015ല്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ച ഈ സിനിമ തീയേറ്ററിലും വലിയ പ്രതികരണമാണുണ്ടാക്കിയത്. പുരസ്‌കരിക്കപ്പെട്ട ചിത്രങ്ങളുടെ പതിവിനു വിപരീതമായി കൂടുതല്‍ തീയേറ്ററുകളും നിറയെ കാണികളുമായാണ് ഒഴിവുദിവസത്തെ കളി വരവേല്‍ക്കപ്പെട്ടത്. മാധ്യമ, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങളും സംവിധായകന്‍ ആഷിഖ് അബു വിതരണമേറ്റെടുത്തതും സിനിമയ്ക്ക് ഗുണംചെയ്തു.

കേരളത്തിന്റെ രാഷ്ട്രീയ, അരാഷ്ട്രീയ, ജാതി, ലിംഗ, വര്‍ണ മുഖങ്ങളിലേക്ക് രണ്ടു മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്ത് കടന്നുചെന്ന് അതിന്റെ ഭീകരതയെ കാഴ്ചക്കാരനുമുന്നില്‍ തുറന്നിട്ടുകൊടുക്കകയാണ് സനല്‍കുമാര്‍ ശശിധരന്‍ 'ഒഴിവുദിവസത്തെ കളി'യിലൂടെ. കാലവും കലയും ആവശ്യപ്പെടുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. പ്രത്യക്ഷത്തില്‍ ഇത് കുറച്ച് ആണുങ്ങളുടെ ഒരു അവധിദിവസത്തെ കളിയാണെങ്കില്‍ക്കൂടി അവര്‍ നമ്മളും അവരുടെ സംസാരം നമ്മുടെതു കൂടിയുമായി മാറുമ്പോഴാണ് സിനിമയുടെ സഞ്ചാരം ഞെട്ടിപ്പിക്കുന്നതാകുന്നത്.
ഒഴിവുദിവസത്തെ കളി മുന്നോട്ടുവയ്ക്കുന്നത് തീവ്രരാഷ്ട്രീയമാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ലഘുസംസാരങ്ങളിലൂടെ അവയോരോന്നും പൊങ്ങിവരുന്നു. ഓരോരുത്തരും ജാതി, മതം, ലിംഗം, വെളുപ്പ്, കറുപ്പ്, നീ, ഞാന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ തന്നെയാണെന്ന് സിനിമ പറയുന്നു. എത്രയൊക്കെ ഉള്ളില്‍ ചില്ലിട്ടുസൂക്ഷിച്ചാലും ചില സാഹചര്യങ്ങളില്‍ അവയെല്ലാം അണപൊട്ടിയൊഴുകും. പരിഷ്‌കൃത, ബുദ്ധിജീവി നാട്യങ്ങള്‍ക്കൊക്കെ ഇളക്കം തട്ടും. അപ്പോള്‍ നമ്മള്‍ കറുത്തവനെ വെറുക്കുന്നവനും സ്വന്തം നിറത്തിലും ജാതിയിലും കുടുംബത്തിലും അഭിമാനിക്കുന്നവനുമായി മാറുന്നു. എനിക്കെന്തുമാകാം, എന്തും പറയാം, എനിക്കതിന് അധികാരമുണ്ട്. നിനക്കങ്ങനെയാന്നും പാടില്ല. ഞങ്ങള്‍ വരച്ച അതിര്‍വരകള്‍ നീയൊരിക്കലും ലംഘിച്ചുപോകരുത്. ഉള്ളില്‍ ഇത്തരം ധാര്‍ഷ്ട്യങ്ങളും അധികാരചിഹ്നങ്ങളും പേറുന്ന ഭൂരിപക്ഷ മനുഷ്യനെയും മലയാളിയെയും ഒഴിവുദിവസത്തെ കളി തുറന്നുകാട്ടുന്നു. ഒരുപാട് സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായമില്ലാതെ സമൂഹയാഥാര്‍ഥ്യങ്ങളെ കേവലം സുഹൃദ്‌സംസാരത്തിലൂടെ പുറത്തുകൊണ്ടുവരികയാണ് സിനിമ. കഥാപാത്രങ്ങളിലേക്ക് തിരിച്ചുവെക്കുകയും അവരുടെ പിറകെ സഞ്ചരിക്കുകയും ചെയ്യുകയാണ് ഒഴിവുദിവസത്തെ കളിയുടെ ക്യാമറക്കണ്ണുകള്‍.

പല സ്വഭാവക്കാരും ചിന്താഗതിക്കാരുമാണ് മനുഷ്യര്‍. സുഹൃത്തുക്കളുടെ കൂട്ടങ്ങളുമതേ. സമൂഹത്തിലെന്നപോലെ ഈ കൂട്ടങ്ങളിലുമുണ്ടാകും ഭരിക്കാനും നിയന്ത്രിക്കാനും ചിലര്‍. അതുപോലെ അനുസരിക്കാനും വിധേയപ്പെടാനും ഇരയാകാനും തീരുമാനിക്കപ്പെട്ട മറ്റു ചിലരും. മറ്റുള്ളവര്‍ക്കുവേണ്ടി ജോലിയെടുക്കേണ്ടി വരുന്നവന്‍, കറുമ്പന്‍, കള്ളന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കപ്പെട്ട് ഇരയാകുന്ന ഒരു സുഹൃത്ത് ഒഴിവുദിവസത്തെ കളിക്കൂട്ടായ്മയിലുമുണ്ട്.
ഉണ്ണി.ആറിന്റെ ഇതേ പേരിലുള്ള കഥയാണ് ഒഴിവുദിവസത്തെ കളിയായി മാറിയത്. തിരക്കഥയുടെ സാധ്യത ഉപയോഗിക്കാത്ത സിനിമ റിയല്‍ എന്ന വിശേഷണത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നു. കഥാപാത്രങ്ങളായി എത്തിയവരെല്ലാം പുതുമുഖങ്ങളാണ്. ജീവിതത്തില്‍ പെരുമാറുന്നതു പോലെത്തന്നെ ക്യാമറയ്ക്കുമുന്നിലുമെന്ന തരത്തിലുള്ള ഇവരുടെ പ്രകടനം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. ഒഴിവുദിവസത്തെ കളിക്ക് തീയേറ്ററില്‍ ലഭിച്ച സ്വീകാര്യത വരാനിരിക്കുന്ന ഇത്തരം സിനിമകള്‍ക്കുള്ള പ്രചോദനവും ആത്മവിശ്വസവുമാകുമെന്നു തീര്‍ച്ച.



സ്ത്രീശബ്ദം, ജൂലൈ, 2016