Tuesday, 27 September 2016

ഇതരമത പ്രണയങ്ങളുടെ തീരാപറച്ചില്‍

നൂറുതവണ പറഞ്ഞാലും ആവര്‍ത്തനത്തില്‍ പുതിയ സാധ്യതകള്‍ അവശേഷിപ്പിക്കുന്ന ഭിന്നമത പ്രണയമാണ് ഇവിടെയും പ്രതിപാദ്യം. ഈ വിഷയത്തില്‍ പിന്നെയും കൈവയ്ക്കുമ്പോള്‍ ആവര്‍ത്തനത്തില്‍ എന്തു പുതുമ തരാനാകും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സിനിമയുടെ നിലനില്‍പ്പ്.
മലയാള സിനിമയില്‍ ആദ്യകാലത്തും (നീലക്കുയില്‍), മധ്യകാലത്തും (ഓളവും തീരവും) അടുത്ത കാലത്തും (തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും) വ്യത്യസ്ത മതത്തില്‍പെട്ടവരുടെ പ്രണയം വിഷയമായിട്ടുണ്ട്. ഇതിലെ രസകരമായ വസ്തുത സിനിമ ഏല്ലാകാലത്തും കൈകാര്യം ചെയ്യുന്നതും ചലച്ചിത്രകാരനെപ്പോലെ കാഴ്ചക്കാരന്‍ ആശങ്കപ്പെടുന്നതും ഒരേ വിഷയം തന്നെയായിരിക്കും എന്നതാണ്. മതത്താലും ജാതിയാലും വരിഞ്ഞുമുറുക്കപ്പെട്ട് ജീവിക്കുന്ന സാമൂഹികവ്യവസ്ഥയിലുള്ള ജനവിഭാഗത്തില്‍നിന്ന് മറുത്തൊരു ചിന്ത ഉണ്ടാകില്ലെന്നതും വാസ്തവം.
പുതിയ ചുറ്റുപാടില്‍ മതത്തിനും മതത്തേക്കാളുപരി ജാതിചിന്തയ്ക്കും വലിയ തലോടലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ എളുപ്പം വ്രണപ്പെട്ടുപോകുന്നതായി മാറിയ ജാതിയും മതവും പ്രമേയമാക്കി ഒരു കലാസൃഷ്ടി ഉടലെടുക്കുമ്പോള്‍ അതിനെ സംശയദൃഷ്ട്യാല്‍ വീക്ഷിക്കുന്ന ജനതയായും നമ്മള്‍ മാറിയിട്ടുണ്ട്. അപര ഇടങ്ങളിലേക്ക് ചികഞ്ഞുനോക്കുകയെന്ന ശീലത്തിന്റെ അനുശീലനാര്‍ഥം കിസ്മത്ത് എന്ന പുതിയ സിനിമയുടെ പേരും മുസ്ലിംഹിന്ദു(അതില്‍ത്തന്നെ ദളിത്) പ്രണയവും തെല്ല് നോട്ടത്തിനും ചിന്തയ്ക്കും വക നല്‍കിയേക്കുമെന്ന് തീര്‍ച്ച.
എന്നാല്‍ അത്തരം ധാരണകളെ മുളയിലേ നുള്ളി തീവ്രമായ പ്രശ്‌നസ്ഥലികളിലേക്ക് കടന്നുചെല്ലാതെ കൈകാര്യം ചെയ്യുന്ന വിഷയത്തിലേക്ക് മാത്രം നോട്ടമയക്കുകയാണ് കിസ്മത്ത്. എങ്കില്‍ക്കൂടി മത ബിംബങ്ങള്‍ കറുപ്പും കാവിയുമണിഞ്ഞ് ചിന്തകളില്ലാതെ വേഷപ്പകര്‍ച്ച മാത്രമായി തെരുവുകളിലെത്തുന്ന കാലത്ത് ഭിന്നമത പ്രണയസിനിമയ്ക്കും അത്തരത്തില്‍പെടുന്ന ഏതു കലാസൃഷ്ടിക്കും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ കിസ്മത്ത് അംഗീകാരം നേടുമ്പോള്‍ പ്രേക്ഷകര്‍ നിറവേറ്റുന്നത് സാമൂഹികമായ കടമയും നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തനവുമായി മാറുന്നു.

ഷാനവാസ്.കെ.ബാവക്കുട്ടി എന്ന പുതിയ സംവിധായകന്‍ അച്ചടക്കത്തോടെയാണ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പറയാനുള്ളതിനുപുറമെ മറ്റു വിഷയങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ അയാള്‍ കയറിച്ചെല്ലുന്നില്ല. മാമൂലുകള്‍ക്കു പിറകെ പോകാതെ മനസ്സിലുള്ള സിനിമ ചെയ്യുകയെന്ന റിയലിസ്റ്റിക്ക് സിനിമയുടെ മലയാളത്തിലെ പുതിയ വക്താവ് രാജീവ് രവിയുടെ ഉപദേശത്തെ അതേപടി പകര്‍ത്തുകയായിരുന്നു ഷാനവാസ്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രമില്ലായിരുന്നുവെങ്കില്‍ കിസ്മത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് ഷാനവാസ് പറയുന്നുണ്ട്.
ഇരുപത്തിമൂന്നുകാരനായ മുസ്ലീം ചെറുപ്പക്കാരനും ഇരുപത്തെട്ടുകാരിയായ ഹിന്ദു ദളിത് പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് കിസ്മത്തില്‍. മറുചിന്തയ്ക്ക് ഇടമില്ലാത്ത വിധം ജാതിയും മതവും പ്രായവും തന്നെയാണ് ഇവിടെയും പ്രണയത്തിന് വെല്ലുവിളിയാകുന്നത്. പെണ്‍കുട്ടി ഹിന്ദുവെന്നതും അതില്‍ത്തന്നെ താഴ്ന്ന ജാതിക്കാരിയെന്നതും ആണ്‍കുട്ടി ആഢ്യ മുസ്ലീം കുടുംബത്തിലെ അംഗമെന്നതുമാണ് വിഷയം. മതത്തിനും ജാതിക്കുമൊപ്പം കുടുംബമഹിമ കൂടി കടന്നുവരുമ്പോഴാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നത്.
ജാതി, മതം, കുലം, അഭിമാനം എന്നിവയേക്കാളൊന്നും വലുതല്ല രണ്ടു മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹമെന്ന് ഇരുമതത്തെ പിന്തുണയ്ക്കുന്നവരും ഒരുപോലെ പറയുന്നു. മതവും ഗ്രന്ഥങ്ങളും സ്‌നേഹിക്കാന്‍ പറഞ്ഞാലും മതബോധമുള്ള മനുഷ്യര്‍ അതിനെ അംഗീകരിക്കുകയില്ലെന്നും നേര്‍ക്കുനേര്‍ വന്നാല്‍ പെട്ടെന്ന് വ്രണപ്പെടുന്നവ തന്നെയാണ് മതവികാരമെന്നും ചിന്തിക്കാന്‍ സിനിമ പ്രേരിപ്പിക്കുന്നു.
പോലീസ് സ്‌റ്റേഷന്‍ എന്ന നീതിനിര്‍വഹണകേന്ദ്രം എങ്ങനെ നീതി നടപ്പാക്കുന്നുവെന്നും എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തികള്‍ക്ക് നീതിനിര്‍വഹണത്തില്‍ എത്തരത്തിലെല്ലാം ഇടപെടാമെന്നും ഇതരമത പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ പറയുന്നു.

കേന്ദ്ര കഥാപാത്രങ്ങളായ അനിതയും ഇര്‍ഫാനുമായെത്തിയ ശ്രുതി മേനോന്റെയും ഷെയ്ന്‍ നിഗത്തിന്റെയും പ്രകടനമാണ് ചിത്രത്തിലെ ഹൈലൈറ്റ്. ശ്രുതിയെ അപേക്ഷിച്ച് പുതുമുഖമാണ് ഷെയ്ന്‍. അന്നയും റസൂലും എന്ന തന്റെ ആദ്യചിത്രം മുതല്‍ ഈ നടന്റെ റേഞ്ച് വ്യക്തമാകുന്നുണ്ട്. കിസ്മത്തിലെത്തുമ്പോള്‍ ഇരുപത്തിമൂന്നു വയസ്സുകാരന്റെ അങ്കലാപ്പും ആവേശവും വെല്ലുവിളിയുമെല്ലാം വാക്കിലും പ്രവൃത്തിയിലുമെത്തിച്ച് ഷെയ്ന്‍ മികവ് ഒന്നുകൂടി വ്യക്തമാക്കുന്നു. എസ്.ഐ വേഷത്തിലെത്തുന്ന വിനയ് ഫോര്‍ട്ട് ആണ് കിസ്മത്തിനെ സജീവമാക്കുന്ന മറ്റൊരു സാന്നിധ്യം.
പൊന്നാനിയെന്ന ദേശത്തേക്ക് കണ്ണുതുറക്കുന്ന കിസ്മത്തിന്റെ ക്യാമറയാണ് മറ്റൊരു പുതുമ.  ക്യാമറ തുറന്നുവെച്ചാല്‍ വലിയ ദൃശ്യസാധ്യതകളുള്ള പൊന്നാനിയെ  ഇത്രയെങ്കിലും അടയാളപ്പെടുത്തിയ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. മലയാള സിനിമയുടെ ക്യാമറ ഇത്തരത്തില്‍ അറിയാദേശങ്ങളിലേക്കും സംസ്‌ക്കാരത്തിലേക്കും സഞ്ചരിക്കുന്നത് നല്ല ലക്ഷണമാണ്. ഓരോ ദേശത്തിനും പറയാന്‍ പുതിയ കഥകളുണ്ടാകും, അതിന്റെ സംസ്‌ക്കാരവും ഭാഷയും ഭക്ഷണശീലങ്ങളുമൊക്കെയുണ്ടാകും. അവിടങ്ങളിലേക്ക് സഞ്ചരിച്ചെത്തുമ്പോള്‍ പ്രേക്ഷകന് സമ്മാനിക്കാനാകുക കാഴ്ചയുടെ പുതിയ വിതാനം തന്നെയായിരിക്കും.


സ്ത്രീശബ്ദം, ആഗസ്റ്റ്‌, 2016

No comments:

Post a Comment