Friday, 3 March 2017


സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നുവരണം -വിധു വിന്‍സെന്റ്


അരികുചേര്‍ക്കപ്പെട്ടവര്‍ക്കായുള്ള ഉറച്ച ശബ്ദമാണ് വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍'. കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റുന്നതില്‍ ആദ്യസൃഷ്ടിയില്‍ത്തന്നെ വിജയിച്ചിരിക്കുകയാണ് വിധു വിന്‍സെന്റ് എന്ന സംവിധായികയും മാന്‍ഹോള്‍ എന്ന അവരുടെ സിനിമയും.
മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജോലിയിലേര്‍പ്പെട്ടവരുടെ അരക്ഷിതമായ തൊഴിലവസ്ഥയും സ്വാതന്ത്ര്യലബ്ധിക്ക് എഴുപതാണ്ട് തികയുമ്പോഴും അവരെ യാതൊരു തരത്തിലും പരിഗണനയ്ക്ക് വിധേയമാക്കാത്ത ഭരണകൂട വ്യവസ്ഥിതിയ്‌ക്കെതിരെയും ചോദ്യങ്ങളെയ്യുന്ന മാന്‍ഹോള്‍ ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ ആദ്യമായി ഒരു മലയാളി സംവിധായികയുടെ സിനിമ എത്തിയെന്ന വലിയ സവിശേഷതയ്ക്കും മാന്‍ഹോളും വിധു വിന്‍സെന്റും പാത്രമായി. മികച്ച നവാഗത സംവിധായിക, മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌ക്കാരം എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയതോടെ മേളയില്‍ വിധുവും മാന്‍ഹോളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 
പുരസ്‌ക്കാരലബ്ധിയുടെ സന്തോഷത്തില്‍ മാന്‍ഹോള്‍ തീയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിധു വിന്‍സെന്റ്. ഏറെ ഗൗരവമാര്‍ന്ന ഒരു സാമൂഹികപ്രശ്‌നം കൈകാര്യം ചെയ്ത ചിത്രം ചലച്ചിത്ര മേളകളില്‍ മാത്രമായി ഒതുങ്ങരുതെന്നും കേരളത്തിലെ തീയേറ്ററുകളില്‍ക്കൂടി കൂടുതല്‍പേര്‍ മാന്‍ഹോള്‍ കാണണമെന്നും സംവിധായിക ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനായേക്കുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള പരിശ്രമങ്ങള്‍ നടക്കുന്നുവെന്ന് വിധു പറഞ്ഞു.


മാന്‍ഹോള്‍-ഓരം ചേര്‍ക്കപ്പെട്ടവര്‍ക്കായുള്ള ശബ്ദം

ചില സിനിമകള്‍ അങ്ങനെയാണ്. അവ സംഭവിച്ചേ മതിയാകൂ. കാലവും സമൂഹവും അത്രമേല്‍ ആവശ്യപ്പെടുന്ന ഒരു വിഷയമായിരിക്കും അത് സ്വീകരിച്ചിട്ടുണ്ടാകുക. ഇത്തരം സിനിമകളാണ് ഒരേസമയം ചലച്ചിത്രകാരന്റെതും കാണിയുടേതുമായിമാറുന്നത്. മാന്‍ഹോള്‍ ഇക്കൂട്ടത്തില്‍പെടുത്താവുന്ന സിനിമയാണ്. 
മാന്‍ഹോള്‍ സത്യസന്ധമായ ഒരു സിനിമയായിരിക്കുമെന്ന ആത്മവിശ്വാസം ആദ്യപ്രദര്‍ശനത്തിനുമുമ്പുതന്നെ പ്രകടിപ്പിച്ചിരുന്ന വിധു വിന്‍സെന്റിന്റെ വാക്കുകള്‍ അര്‍ഥവത്താക്കുന്നതായിരുന്നു സിനിമ കണ്ടശേഷമുള്ള പ്രേക്ഷക പ്രതികരണം. നേരായ ദിശാബോധമുള്ള ഒരു സംവിധായികയെ മാന്‍ഹോളില്‍ കാണാനാകും.
നമ്മുടെ രാജ്യവും ഭരണകൂടവും താഴേക്കിടയിലുള്ള ജനതയോട് എങ്ങനെയാണ് ഇടപെടുന്നതെന്നും എത്രമാത്രം അരക്ഷിതാവസ്ഥവയിലാണ് ജനം കഴിഞ്ഞുകൂടുന്നതെന്നും മാന്‍ഹോള്‍ ചര്‍ച്ചചെയ്യുന്നു. തൊഴിലാളികള്‍ സംഘടിച്ചാലേ രാജ്യത്ത് മാറ്റം സാധ്യമാകൂവെന്നും ജീവിച്ചിരിക്കുന്ന കാലത്തെ രാഷ്ട്രീയപരമായിത്തന്നെ സമീപിക്കണമെന്നും സിനിമ ഓര്‍മിപ്പിക്കുന്നു.
മാന്‍ഹോള്‍ വൃത്തിയാക്കുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയും അവരെ ഭരണകൂടം അകറ്റിനിര്‍ത്തുന്നുവെന്നതുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. യാതൊരു സുരക്ഷയുമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗം ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും പുറത്താണ്. ഈ ജോലി നിയമം മുഖാന്തിരം  നിരോധിച്ചിട്ടുള്ളതിനാല്‍ സംഭവിക്കുന്ന അപകടങ്ങളില്‍ ഉത്തരവാദിത്തം വഹിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. നിലവില്‍ രാജ്യത്ത് പതിനായിരക്കണക്കിനുപേര്‍ ഈ ജോലിയില്‍ ഏര്‍പ്പെടുന്നുമുണ്ട്. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍ മാന്‍ഹോള്‍ അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ഇപ്പൊഴും നടപ്പിലാകുന്നില്ലെന്ന സത്യത്തിലേക്ക് ചിത്രം വിരല്‍ ചൂണ്ടുന്നു.
പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്ന ചിത്രം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ വ്യക്തമായി അടയാളപ്പെടുത്തന്നതോടൊപ്പം വ്യവസ്ഥിയെ നിശിതമായി ചോദ്യംചെയ്യുന്നുമുണ്ട്. 


മാധ്യമപ്രവര്‍ത്തക, സിനിമാ സംവിധായിക

16 വര്‍ഷത്തോളം ദൃശ്യമാധ്യമരംഗത്ത് സജീവമായിരുന്ന വിധു വിന്‍സെന്റിന് സിനിമയുടെ ദൃശ്യഭാഷയും സാങ്കേതികതയും പുതിയ അനുഭവമല്ല. അതുകൊണ്ടുതന്നെ ഫീച്ചര്‍ ഫിലിം സംവിധായിക എന്ന പുതിയ മേഖലയോട് എളുപ്പം പൊരുത്തപ്പെടാനാകുന്നുണ്ട്. നേരത്തെ ശ്രദ്ധേയമായ മൂന്നു ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവും ഒരുക്കിയ അനുഭവപരിജ്ഞാനവും കൈമുതലായുണ്ട്. 
  വിധുവിന്റെ 'കരിമണല്‍ തീരത്ത് കൂടാരം തീര്‍ത്തവര്‍', 'സമയം സ്വാതന്ത്ര്യത്തെ ഭയപ്പെടുമ്പോള്‍', 'വൃത്തിയുടെ ജാതി' എന്നീ ഡോക്യുമെന്ററികള്‍ അവയുടെ സാമൂഹ്യബദ്ധതയാല്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. സിനിമയിലേക്കെത്തുമ്പോള്‍ വിധു സ്വീകരിക്കുന്ന വിഷയവും മറ്റൊന്നല്ല. 
താന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയുടെ തുടര്‍ച്ചയായിട്ടാണ് സിനിമാ സംവിധായികയുടെ പുതിയ റോള്‍ അനുഭവപ്പെട്ടതെന്ന് വിധു പറയുന്നു. ദൃശ്യമാധ്യമത്തിന്റെതില്‍നിന്ന് സിനിമയുടെ ഭാഷയ്ക്ക് വ്യത്യാസങ്ങളേറെയുണ്ടെങ്കിലും രണ്ടിന്റെയും സാങ്കേതിതമായ അടിത്തറ ഒന്നുതന്നെയെന്ന് വിധു. 


സിനിമാ സംവിധാന രംഗത്തേക്ക് ഒരു സ്ത്രീ 

പുരുഷകേന്ദ്രീകൃതമാണ് നമ്മുടെ സിനിമാ വ്യവസായം. ക്യാമറയ്ക്കു മുമ്പിലെ സജീവസാന്നിധ്യങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ അണിയറപ്രവര്‍ത്തകരെല്ലാം പുരുഷന്മാര്‍. മലയാള സിനിമയുടെ ചരിത്രമെടുത്തുനോക്കിയാല്‍ ഒരു സിനിമയുടെ ന്യൂക്ലിയസായ സംവിധായകരില്‍ സ്ത്രീപ്രാതിനിധ്യമെന്നത് അത്രമേല്‍ ശുഷ്‌ക്കമാണ്. ഗീതു മോഹന്‍ദാസ്, അഞ്ജലി മേനോന്‍, ശ്രീബാല.കെമേനോന്‍ തുടങ്ങി ഏറെ ഒറ്റപ്പെട്ട തുരുത്തിലേക്കാണ് വിധു വിന്‍സെന്റിന്റെ കടന്നുവരവ്. 
മാന്‍ഹോള്‍ പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകരില്‍നിന്ന ഏറെ പിന്തുണ കിട്ടിയെന്ന് വിധു. എല്ലാ കാര്യങ്ങളും സുഗമമായി നടന്നു. വലിയ നിര്‍മാണ സംരംഭമൊന്നുമല്ലാത്ത ഒരു ചെറിയ ചിത്രമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വലിയ സാമ്പത്തികഞെരുക്കത്തിലായിരുന്നു ഞങ്ങള്‍. പക്ഷേ എല്ലാവരും അതിനോട് സഹകരിച്ചു പ്രവര്‍ത്തിച്ചതോടെ ഏറെ ബുദ്ധിമുട്ടില്ലാതെ സിനിമ പൂര്‍ത്തിയാക്കാനായി. ട്രോളി പോലും ഉപയോഗിക്കാതെയായിരുന്നു ഷൂട്ട് ചെയ്തത്. പിരിമുറുക്കങ്ങള്‍ ആസ്വദിച്ച് ഒരേ മനസ്സോടെ ജോലിചെയ്യാനും നിയന്ത്രിക്കാനുമായി. ഇത്തരത്തിലുള്ള യൂണിറ്റിനെ കിട്ടുന്നതാണ് പ്രധാനം. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആസ്വദിച്ച് ജോലി ചെയ്യാനാകും. 

സിനിമയില്‍ തുടരുമോ? ജോലിയിലേക്ക് തിരിച്ചുപോകുമോ?

ഏറെ ആകാംക്ഷയുള്ള ചോദ്യം മറ്റൊന്നുമല്ല. ആദ്യചിത്രത്തിനുശേഷം വിധു ഈ മേഖലയില്‍ തുടരുമോ അതോ മാധ്യമ മേഖലയിലേക്ക് തിരിച്ചുപോകുമോയെന്നതാണ്. തത്ക്കാലം സിനിമ തന്നെയാണ് വഴിയെന്ന് വിധുവിന്റെ ഉത്തരം. മാന്‍ഹോള്‍ തീയേറ്ററിലെത്തിക്കുകയെന്നതാണ് ആദ്യ പരിശ്രമം. പുതിയതായി രണ്ടു പ്രൊജക്ടുകളാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യേത്തേത് മിക്കവാറും ഫെബ്രുവരിയില്‍ തുടങ്ങാനാണ് ആലോചന. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. 


ആദ്യസിനിമയ്ക്കുതന്നെ പുരസ്‌ക്കാരം

വലിയ സന്തോഷമുണ്ട്. ആദ്യസിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി. സ്ത്രീയായതുകൊണ്ടും മുന്‍പരിചയമില്ലാത്തതുകൊണ്ടും സിനിമയില്‍ ആസ്വാദ്യകരമായ വിഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടും പണം മുടക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ എന്റെ അച്ഛനാണ് മാന്‍ഹോള്‍ നിര്‍മിച്ചത്. ഇത് ഒരു മകള്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണെന്ന് വിധു. പുരസ്‌ക്കാരവേളയില്‍ അച്ഛനെയും കൂടെനിന്ന എല്ലാ സുഹൃത്തുക്കളെയും ഓര്‍ക്കുന്നു. മാന്‍ഹോളിന്റെ തിരക്കഥാകൃത്തായ ഉമേഷ് ഓമനക്കുട്ടന്റെ പേര് പ്രത്യേകം ഓര്‍ക്കട്ടെ. 


പെണ്‍കുട്ടികള്‍ കടന്നുവരണം

സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക മേഖലയിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് വിധു അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ ഒരുപാടു പെണ്‍കുട്ടികള്‍ സിനിമയിലേക്ക് താത്പര്യത്തോടെ കടന്നുവരുന്നുണ്ട്. പക്ഷേ ആരും തുടരുന്നില്ലെന്നതാണ് സത്യം. ഈ രീതിക്ക് മാറ്റം വരണമെന്നും വെല്ലുവിളികള്‍ എടുക്കാന്‍ തയ്യാറാകണം. അതിന് തയ്യാറാകുന്നവരേ നിലനില്‍ക്കൂ. എല്ലാ മേഖലയിലേക്കും ഒരേസമയം ഒരുപാടുപേര്‍ വന്നാല്‍ സ്ഥിതിക്ക് മാറ്റമുണ്ടാകും. എല്ലാ സാങ്കേതിക പ്രവര്‍ത്തകരും സ്ത്രീകളാകുന്ന ഒരു സിനിമ തന്റെ സ്വപ്‌നമാണെന്നും മലയാളത്തിലെ ഏറ്റവും പുതിയ സംവിധായിക കൂട്ടിച്ചേര്‍ക്കുന്നു.


പിന്‍കുറിപ്പ്- കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മാന്‍ഹോളിന്റെ ആദ്യപ്രദര്‍ശനത്തിനുശേഷം ടാഗോര്‍ തീയേറ്ററില്‍ സംവിധായികയോടുള്ള ചോദ്യോത്തര വേളയുടെ മുഖവുരയില്‍ ദീദി ദാമോദരന്‍ സദസ്സിനോട് പറഞ്ഞത് ഓര്‍ക്കുന്നു. കേരളത്തില്‍ പെണ്‍മക്കളെ കെട്ടിച്ചയക്കാനും സ്വര്‍ണവും പണവും സ്ത്രീധനം കൊടുക്കാനുമായാണ് രക്ഷിതാക്കള്‍ കഷ്ടപ്പെടുന്നത്. ഇവിടെ ഒരു രക്ഷിതാവ് സ്വന്തം മകളുടെ തോന്ന്യാസത്തിന് ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറായിരിക്കുന്നു. ഇതു തന്നെയാണ് മാന്‍ഹോളിനും വിധുവിനും പിതാവും ചിത്രത്തിന്റെ നിര്‍മാതാവുമായ എം.പി.വിന്‍സെന്റിനും കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

സ്ത്രീശബ്ദം, ജനുവരി, 2017

No comments:

Post a Comment