Wednesday, 11 October 2017

ഇച്ചാപ്പിയുടെയും ഹസീബിന്റെയും ആകാശങ്ങള്‍

ജീവിതം തീരെ ചെറുതാണ്. ഓടിപ്പാഞ്ഞ് ഒന്നിളവേല്‍ക്കുമ്പോഴേക്കും തീര്‍ന്നുപോകുന്നത്. ചിലര്‍ ഇക്കാലയളവില്‍ വലിയ ആകാശങ്ങള്‍ കാണും. മറ്റു ചിലര്‍ ചെറിയ ആകാശച്ചോട്ടിലിരുന്ന് വലിയ സ്വപ്‌നങ്ങള്‍ക്കുപിറകെ സഞ്ചരിക്കും. ഇച്ചാപ്പിയും ഹസീബും അങ്ങനെയാണ്. പ്രാവുകളാണ് അവരുടെ ആകാശം. പ്രാവുകളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിലാണ് അവരുടെ രാപകലുകള്‍ അര്‍ഥമുള്ളതാകുന്നത്. ഒരര്‍ഥത്തില്‍ അവര്‍ പറവകള്‍ തന്നെയാണ്.
    സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത് പുതിയ ആകാശവും ഉയരവുമാണ്. ചില സിനിമകള്‍ സംഭവിക്കുന്നത് ഒരു ഭാഗ്യമാണ്. അങ്കമാലി ഡയറീസും ടേക്ക് ഓഫും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇത്തരത്തില്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് സംഭവിച്ച ഭാഗ്യങ്ങളാണ്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ പേരാണ് പറവയുടേത്.
    മലയാളത്തിന് അത്ര പരിചിതമല്ലാത്ത ഒരാഖ്യാന ശൈലിയും കഥാപരിസരവുമാണ് പറവയ്ക്കുള്ളത്. കുട്ടികളെ കേന്ദ്രമാക്കി കഥപറയുന്ന സിനിമകള്‍ മലയാളത്തില്‍ കുറവാണെന്നിരിക്കെ അതിലെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുകയാണ് സൗബിന്‍ പറവയിലൂടെ. ഒപ്പം മലയാള സിനിമ ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ലാത്ത മട്ടാഞ്ചേരിയിലെ വേറിട്ടൊരു മുഖവും സിനിമ സാധ്യമാക്കുന്നു. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ മനുഷ്യരുടെ ദിവസജീവിതത്തിലെ രസങ്ങളും ബന്ധങ്ങളിലെ ഇഴയടുപ്പവും ഊഷ്മളതയും പറവയില്‍ കാണാം. മനുഷ്യര്‍ വെറുതെ ഒന്നിച്ചിരിക്കേണ്ടതിന്റെയും വര്‍ത്തമാനം പറഞ്ഞിരിക്കേണ്ടതിന്റെയും ആവശ്യം വലുതാണെന്ന് ഓര്‍മപ്പെടുത്തുന്ന ഒരുപാട് മനുഷ്യരെ സിനിമ പരിചയപ്പെടുത്തും. ഈ മനുഷ്യര്‍ക്കൊന്നും സിനിമ തുടര്‍ച്ചയോ വളര്‍ച്ചയോ നല്‍കുന്നില്ല. അത് ഒട്ടാവശ്യമില്ലാത്തതുമാണ്. അവര്‍ മട്ടാഞ്ചേരിയങ്ങാടിയില്‍ ദിവസവും കണ്ടമുട്ടുന്നവരും വിശേഷങ്ങള്‍ കൈമാറുന്നവരും ഒന്നിച്ചിരുന്നൊരു കട്ടന്‍ചായ കുടിക്കുന്നവരുമാണ്. അതുതന്നെയാണ് അവരുടെ ജീവിതത്തിന്റെ വലിപ്പവും അവരുടെ വലിയ ലോകവും. മൂന്നു തലമുറകളുടെ പ്രതിനിധികളെത്തന്നെ ഈ കൂടിയിരിപ്പില്‍ കാണാം. അവര്‍ക്കെല്ലാമിടയിലുള്ള ഏകതാനത ബന്ധത്തിന്റെ ഊഷ്മളതയാണ്.
   
സിനിമ ബൃഹദാഖ്യാനങ്ങളുടേതല്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് പറവ പോലുള്ള ചെറിയ കാര്യങ്ങളിലെ വലിയ ആഖ്യാനസാധ്യതകള്‍ പറയുന്നവ. അസീബും ഇച്ചാപ്പിയും പറവയില്‍ തീര്‍ക്കുന്ന ലോകത്തുനിന്ന് ഒരിക്കലും ഇറങ്ങിപ്പോരാന്‍ നമുക്ക് തോന്നില്ല. അത്രമാത്രം ലളിതവും കെട്ടുറപ്പുമുള്ളതാണ് അവരുടെ ബന്ധവും അതു പറയാന്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുള്ള വഴികളും. അവരുടെ ചിരിയും കരച്ചിലും പ്രണയവും നമ്മുടെ തന്നെയാകുന്നു. അവരുടെ സ്‌കൂളും വരാന്തയും ടീച്ചറും ക്ലാസ് മുറിയുമെല്ലാം നമുക്കേറെ പരിചിതം. അവരുടെ പ്രാവുകളും അവയുടെ കുറുകലും ഇണങ്ങലും പറക്കലും അവര്‍ക്കും നമുക്കും കണ്ണുകളിലുണ്ടാക്കുന്നത് ഒരേ വിസ്മയം.
    സിനിമയിലെ ദുല്‍ഖറിന്റെതുള്‍പ്പടെയുള്ള മറ്റു കഥാപാത്രങ്ങള്‍ സിനിമയുടെ ആകെത്തുകയുടെ അല്ലെങ്കില്‍ മട്ടാഞ്ചേരിയിലെ സാധാരണ ആളുകളുടെ പ്രതിനിധികള്‍ മാത്രമാണ്. അവരെല്ലാം ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രേരകഘടകങ്ങള്‍ ആണെന്നിരിക്കെത്തന്നെ ഈ രണ്ടു കുട്ടികളിലൂടെ സാധ്യമാകുന്നത് പുതിയൊരു ലോകമാണ്. ഈ കുട്ടികള്‍ ഫ്രെയിമില്‍ വരുന്ന അവസരങ്ങളിലെല്ലാം പറവ മലയാള സിനിമയുടെ പരിധിവിട്ട് ലോകതലത്തിലേക്കാണ് പറന്നുയരുന്നത്. അങ്ങനെയാണ് പറവയെന്ന സൗബിന്‍ ഷാഹിര്‍ സിനിമയുടെ വിതാനം വലുതാകുന്നതും.
   
മട്ടാഞ്ചേരിയിലെ തെരുവുകളില്‍ അവിടെ ചിരപരിതനായ ഒരാളെപ്പോലെ സൗബിന്റെ സിനിമയുടെ ക്യാമറ നടക്കുകയാണ്. ലിറ്റില്‍ സ്വയമ്പെന്ന ക്യാമറാമാന്റെ അടയാളപ്പെടുത്തല്‍ പ്രക്രിയ കൂടിയാണ് ഈ നടത്തത്തിലൂടെ സാധ്യമാകുന്നത്. മട്ടാഞ്ചേരിയിലെ മുസ്ലിം സമൂഹം, ചെറിയ ക്ലബ്ബും അവിടത്തെ ചെറുപ്പക്കാരും കുട്ടികളും, പ്രാവ് വളര്‍ത്തലും മത്സരവും, മീന്‍ വളര്‍ത്തല്‍, പട്ടം പറത്തല്‍ തുടങ്ങിയ മനുഷ്യന്റെ തീരാകൂട്ടികൗതുകങ്ങളിലേക്കാണ് ഈ ക്യാമറ തിരിച്ചുവയ്ക്കുന്നത്. ഇവിടെയെല്ലാം നമ്മളെത്തന്നെയാണ് സ്‌ക്രീനില്‍ കാണുന്നത്. ഒരു സിനിമയ്‌ക്കൊപ്പമല്ല, നമുക്കൊപ്പം തന്നെ സഞ്ചരിക്കേണ്ടിവരുന്ന അവസ്ഥ. ഈ ചെറുരസങ്ങളുടെ മറവില്‍ ലഹരി കീഴടക്കുന്ന മറ്റൊരു വിഭാഗത്തെയും അതേ ഭൂമികയില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. ഇത് മട്ടാഞ്ചേരിയുടെയും കേരളത്തിന്റെ മറ്റേതൊരു നാടിന്റെയും പ്രതിനിധാനപ്പെടുത്തലാക്കി മാറ്റാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. മട്ടാഞ്ചേരിയിലെ തെരുവുകള്‍ക്ക് പഴമയുടെ മണവും നിറവുമാണ്. പഴയ ഓടിട്ട കെട്ടിടങ്ങളും അടുത്തടുത്തായുള്ള വീടുകളും ഇടുങ്ങിയ തെരുവുരകളും പാരമ്പര്യവും തനിമയും ഇഴവിടാതെ ചേര്‍ത്തുവയ്ക്കുകയും ചെയ്തിട്ടുള്ള ഒരു ജനതയുമാണ് അവിടെയുള്ളത്. അവരെ അതുപോലെ പകര്‍ത്തിവച്ചിരിക്കുന്നതില്‍ സിനിമ വിജയിച്ചിരിക്കുന്നു.
    സ്‌കൂള്‍ പ്രണയത്തിന്റെ നനുത്ത പച്ചപ്പുകള്‍ നമുക്കാകെ ഉള്ളം കുളിരുന്നതായി അനുഭവപ്പെടുത്തി ആവിഷ്‌കരിക്കുമ്പോള്‍ത്തന്നെ മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന കൗമാരവിവാഹങ്ങളെ തല്ലിനോവിക്കാന്‍ ശ്രമിച്ച് സിനിമ അതിന്റെ സാമൂഹികതയും പ്രഖ്യാപിക്കുന്നുണ്ട്.
   
സൗബിന്‍ ഷാഹിറെന്ന ചിരിപ്പിക്കുന്ന നടനില്‍നിന്ന് പ്രതിഭയുടെ കൈയ്യൊപ്പുള്ള ഒരു സംവിധായകനിലേക്കുള്ള വളര്‍ച്ചയാണ് പറവയുടെ വലിയ ആകര്‍ഷണങ്ങളിലൊന്ന്. ചെറിയ കഥാപാത്രമാണെങ്കിലും അതിന്റെ കാമ്പ് തിരിച്ചറിഞ്ഞ് അഭിനയിക്കാന്‍ ദുല്‍ഖറിനെപ്പോലുള്ള മുന്‍നിര യുവതാരങ്ങള്‍ തയ്യാറാകുന്നത് ആശാവഹമായ ലക്ഷണമാണ്. ഈയിടെ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയും നായകപ്രാധാന്യമില്ലാത്ത വേഷം ചെയ്തിരുന്നു. ഈ രീതി തുടരുന്നെങ്കില്‍ താരാധിപത്യത്തിനടിപ്പെടാത്ത സിനിമ കെട്ടിപ്പടുക്കുന്നതിന് അത് മികച്ച അടിത്തറ നല്‍കും.
    സിദ്ധിഖ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ മധ്യവയസ്സുകാരുടെ കഥാപാത്രങ്ങളുടെ സാന്നിധ്യവും ഷെയ്ന്‍ നിഗം എന്ന ഭാവിവാഗ്ദാനത്തിന്റെ സവിശേഷമായ അഭിനയശൈലിയും ചെറിയ നേരത്തേക്കാണെങ്കില്‍പ്പോലും സ്‌ക്രീനിലെത്തുന്ന അഭിനേതാക്കളുടെ യാഥാര്‍ഥ്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന പ്രകടനങ്ങളും പറവയ്ക്ക് നല്‍കുന്ന ഊര്‍ജം വലുതാണ്.
സ്ത്രീശബ്ദം, ഒക്ടോബർ 2017

No comments:

Post a Comment