Friday, 27 October 2017

വില്ലന്‍ നായകന്റെയല്ല, സംവിധായകന്റെ സിനിമ

മലയാളത്തില്‍ കണ്ടുശീലിച്ച കുറ്റാന്വേഷണ സിനിമകളുടെ കഥാവേഗമോ ചടുലതയോ സംഭാഷണമാതൃകയോ അനുശീലിക്കുന്ന സിനിമയല്ല ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്റെ വില്ലന്‍. കൃത്യമായ പ്രമേയവും അതിനു യോജിക്കുന്ന കഥാപാത്രങ്ങളും പശ്ചാത്തലവും ഒരുക്കി ഒരു  സംവിധായകന്‍ മെനഞ്ഞെടുത്ത സൃഷ്ടിയാണ്. കുറ്റാന്വേഷണകഥകളില്‍ കണ്ടേക്കാവുന്ന ട്വിസ്റ്റോ സസ്‌പെന്‍സോ വില്ലനിലില്ല. ഇതൊന്നുമില്ലാതെ തന്നെ കണ്ടിരിക്കാവുന്ന സിനിമയായി വില്ലനെ മാറ്റുന്നത് മോഹന്‍ലാലിന്റെ അപാരമായ സ്‌ക്രീന്‍ പ്രസന്‍സും ബി.ഉണ്ണികൃഷ്ണനിലെ സംവിധായക മികവുകൊണ്ടുമാണ്. 
ടീസറും ട്രെയിലറും കണ്ട് ഒരു ആഘോഷ മോഹന്‍ലാല്‍ ചിത്രം കാണാനുള്ള മൂഡിലെത്തിയവര്‍ക്ക് വില്ലന്‍ നിരാശ നല്‍കിയേക്കും.എന്നാല്‍ ഹോളിവുഡിലും മറ്റും പതിഞ്ഞ മട്ടില്‍ കഥ പറയുന്ന ത്രില്ലര്‍ സിനിമകളുടെ പാക്കേജ് കണ്ടുശീലിച്ചവര്‍ക്ക് വില്ലന്‍ മികച്ച കാഴ്ചാനുഭവമായി മാറും. നിശ്ചയിച്ചുറപ്പിച്ച പ്ലോട്ടില്‍ ഒരു കഥ മികച്ച രീതിയില്‍ പറഞ്ഞുപോകുകയാണ് സംവിധായകന്‍. ഇവിടെ മോഹന്‍ലാല്‍ ആരാധകരെയോ കൊമേര്‍സ്യല്‍ സിനിമയുടെ സ്ഥിരം ചട്ടക്കൂടോ സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ ഒരു മോഹന്‍ലാല്‍ സിനിമ എന്നതിനേക്കാളുപരി ഒരു ബി.ഉണ്ണികൃഷ്ണന്‍ സിനിമ എന്ന വിശേഷണമായിരിക്കും വില്ലന് ചേരുക. 
അന്വേഷിച്ചുകണ്ടെത്താന്‍ പ്രയാസമുള്ള കൊലപാതകങ്ങള്‍ പോലും ചില സൂചനകളും കണക്കുകൂട്ടലുകളും വച്ച് പ്രവചിക്കാനും കുറ്റവാളികളിലേക്കെത്താനും ശേഷിയുള്ള കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യു മാഞ്ഞൂരാന്റെത്. അതുകൊണ്ടുതന്നെ പൊലിസ് സേനയ്ക്ക് അയാള്‍ വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. കുടുംബജീവിതത്തിലുണ്ടാകുന്ന ദുരന്തം വേട്ടയാടുന്നുണ്ടെങ്കിലും കൃത്യനിര്‍വഹണത്തിനായി അയാള്‍ തിരിച്ചുവരുന്നു. മാത്യു മാഞ്ഞൂരാന്‍ എന്ന പൊലിസ് ഓഫീസറുടെ ഓര്‍മകള്‍ക്കും മാനസികവ്യാപാരങ്ങള്‍ക്കുമാണ് സിനിമ പ്രാധാന്യം നല്‍കുന്നത്. 
 'ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നതുപോലെ അസ്വാഭാവികമായി മറ്റൊന്നും ഈ ലോകത്തില്ല', വില്ലന്റെ ടീസര്‍ റിലീസ് ചെയ്തതുമുതല്‍ ശ്രദ്ധിക്കപ്പെട്ട മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമ നല്‍കുന്ന സന്ദേശവും. വിശാല്‍ അവതരിപ്പിക്കുന്ന ഡോ.ശക്തിവേല്‍ സമൂഹത്തില്‍ അനീതി ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാന്‍ സ്വയംവിധേയനാകുന്ന കഥാപാത്രമാണ്. അയാള്‍ക്ക് തന്റെതായ ശരികളുണ്ടെങ്കിലും കൊലപാതകികളെയും ഏകാധിപതികളെയും ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് മാഞ്ഞൂരാന്‍ ശക്തിവേലിനെ തിരുത്തുന്നത്. എല്ലാ വില്ലനിലും ഒരു നായകനുണ്ട്, അതുപോലെ തിരിച്ചും.ആരാണ് നായകന്‍, ആരാണ് പ്രതിനായകന്‍ എന്ന ചോദ്യത്തിനും സിനിമ ഉത്തരം തേടുന്നു.
സമീപകാലത്ത് മലയാളത്തിലിറങ്ങിയ ത്രില്ലര്‍ സിനിമകളെല്ലാം അടിസ്ഥാനപരമായി പ്രമേയത്തെക്കാള്‍ മേക്കിങ്ങില്‍ ശ്രദ്ധിക്കുന്നവയാണെന്ന് കാണാം. ഓണക്കാലത്ത് പുറത്തിറങ്ങിയ ആദം ജോണ്‍ ഏറ്റവും പുതിയ ഉദാഹരണം. സിനിമയുടെ കഥാപശ്ചാത്തലത്തോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച ഫ്രെയിമുകള്‍, കളര്‍ ടോണ്‍, ക്യാമറാ ആംഗിളുകള്‍, എഡിറ്റിങ്ങിലെ ഭദ്രത, പശ്ചാത്തലസംഗീതം എന്നിവയിലെല്ലാമാണ് വില്ലന്‍ ശ്രദ്ധിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം തന്റെ സിനിമയില്‍ മികവും വ്യത്യസ്തതയും വേണമെന്ന ബി.ഉണ്ണികൃഷ്ണന്റെ നിര്‍ബന്ധം വില്ലന് ഗുണം ചെയ്യുന്നുണ്ട്.
പ്രായത്തിലും വേഷത്തിലും പക്വതയാര്‍ന്ന കഥാപാത്രമായി മോഹന്‍ലാല്‍ വില്ലനില്‍ മികച്ചുനില്‍ക്കുന്നു. മിതത്വം സൂക്ഷിക്കുന്ന ഭാവപ്രകടനങ്ങളും അര്‍ഥവത്തായ സംഭാഷണങ്ങളും അതിമാനുഷികമായി യാതൊന്നും ചെയ്തു കൂട്ടാതെയും മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രമാകുന്നു. മഞ്ജുവാര്യരുടെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയൊരു പ്രാധാന്യം കിട്ടുന്നില്ല. വിശാലിന്റെ മലയാളത്തിലേക്കുള്ള പ്രവേശനം മോശമായില്ല. മോഹന്‍ലാലുമൊത്തുള്ള കോമ്പോ സീനുകളിലും വിശാലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതായി.
 മനോജ് പരമഹംസ, എന്‍.കെ.ഏകാംബരം (ക്യാമറ),സുഷിന്‍ ശ്യാം (പശ്ചാത്തലസംഗീതം), ഷമീര്‍ മുഹമ്മദ് (എഡിറ്റിംഗ്) എന്നിവരുടെ പേരുകള്‍ വില്ലന്റെ മേക്കിംഗ് മികവില്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.
2017 ഒക്ടോബര്‍ 27, കേരളകൗമുദി ഓണ്‍ലൈന്‍
ആള്‍ക്കൂട്ടത്തിന്റെ സാധ്യതകള്‍ തേടിയ സംവിധായകന്‍

കുടുംബബന്ധങ്ങളുടെ കഥപറച്ചിലിലും അതാവിഷ്കരിക്കാൻ സ്റ്റുഡിയോ ഫ്ളോറുകളെയും ആശ്രയിച്ച് നാടകീയതയിൽ നിലകൊണ്ടുപോന്നിരുന്ന മലയാള സിനിമ എഴുപതുകളുടെ രണ്ടാം പകുതിയോടെ അതിൽനിന്ന് മോചനം നേടിയിരുന്നെങ്കിലും പൂർണമായി ജനമധ്യത്തിലേക്ക് എത്തിയിരുന്നില്ല. നിലനിന്നുപോന്ന ശൈലികളെയെല്ലാം പിറകിലേയ്ക്കാക്കി മലയാള സിനിമയെ തെരുവിലേക്കിറക്കുകയും ക്യാമറാ ഫ്രെയിമിലേക്ക് ആൾക്കൂട്ടത്തെ കൊണ്ടുവരികയും ചെയ്തത് എെ.വി.ശശിയായിരുന്നു. എൺപതുകളിലെ കേരളത്തിലെ തെരുവുകളെയും അവിടത്തെ മനുഷ്യരെയും അടയാളപ്പെടുത്തിയ സിനിമകളാണ് എെ.വി.ശശിയെ വലിയ  സിനിമകളുടെ സംവിധായകനാക്കി മാറ്റിയത്.
               
ഒരു കസേരയിൽ ശാന്തനായി ഇരുന്ന് പതിഞ്ഞ ശബ്ദത്തിൽ  നിർദേശങ്ങൾ കൊടുക്കുമ്പൊഴും വലിയൊരാൾക്കൂട്ടത്തെ തന്റെ ഫ്രെയിമുകളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എെ.വി.ശശി-ടി.ദാമോദരൻ കൂട്ടുകെട്ടിൽ 1980ൽ പിറന്ന 'അങ്ങാടി' മുതൽ സമൂഹത്തിന്റെ നേർപരിച്ഛേദമെന്നോണമുള്ള മനുഷ്യർ കഥാപാത്രങ്ങളായുള്ള സിനിമകൾ തുടർച്ചയായി സൃഷ്ടിക്കപ്പെട്ടു. രാഷ്ട്രീയക്കാരെയും അബ്കാരി മുതലാളിമാരെയും ഫാക്ടറി തൊഴിലാളികളെയും കള്ളക്കടത്തുകാരെയും വേശ്യകളെയും കൂട്ടിക്കൊടുപ്പുകാരെയും കൂലിത്തല്ലുകാരെയുമെല്ലാം ഇൗ സിനിമകൾ മുഖ്യധാരയിൽ കൊണ്ടുവന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ ഉറച്ചുനിന്നു പൊരുതുന്ന മനുഷ്യരുടെ പ്രതിനിധികൾ അങ്ങാടിയിലെ ചുമടെടുക്കുന്നവരിൽനിന്നും കൂലിവേലക്കാരിൽനിന്നും ട്രേഡ് യൂണിയൻ നേതാക്കളിൽ നിന്നുമുണ്ടായി. സുകുമാരനും രതീഷും ജയനും മമ്മൂട്ടിയും മോഹൻലാലും സീമയും സ്ക്രീനിൽ നിറഞ്ഞുനിന്ന് അനീതിക്കെതിരെ ഉറച്ച ശബ്ദമായി മാറിയപ്പോൾ അവരിൽ തങ്ങളെ തന്നെയായിരുന്നു കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകർ കണ്ടത്.   ഇൗ സിനിമകളിൽ നായകന്മാർക്കൊപ്പം ഉപനായകന്മാരും ചെറിയ കഥാപാത്രങ്ങളും വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു. ബാലൻ കെ.നായരും പപ്പുവും കുഞ്ചനും  കുഞ്ഞാണ്ടിയുമെല്ലാം എെ.വി.ശശി സിനിമകളിൽ ചുറ്റുമുള്ള സാധാരണക്കാരന്റെ പ്രതിനിധികളും ഉറച്ച ശബ്ദമുള്ളവരുമായി മാറി.
           
അടിയന്തരാവസ്ഥക്കാലത്തെ മൗനത്തിനുശേഷം മലയാള സിനിമ ഉറക്കെ രാഷ്ട്രീയം വിളിച്ചുപറയാൻ ധൈര്യം കാട്ടിത്തുടങ്ങിയത് ടി.ദാമോദരൻ-എെ.വി.ശശി കൂട്ടുകെട്ടിലെ സിനിമകളിലൂടെയാണ്. നിലനിന്ന രാഷ്ട്രീയ സാഹചര്യങ്ങളോടും അതിലെ പ്രശ്നകേന്ദ്രങ്ങളോടും സ്ഥിരം കലഹിക്കുകയും തിന്മയെ തെരുവിൽ വലിച്ചിഴക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു ഇൗ സിനിമകളിൽ എഴുന്നുനിന്നത്. സാധാരണക്കാരന് സമൂഹത്തോട് പറയാനുള്ള ഉറച്ച ശബ്ദമായി മാറുകയായിരുന്നു ഇൗ സിനിമകൾ. നൂറോളം നടീനടന്മാരും അതിന്റെ ഇരട്ടിയിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അല്ലാതെയുള്ള ജനങ്ങളും  ഇത്തരം സിനിമകളുടെ ഭാഗമായി മാറി. ഇവരെല്ലാം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കാണികൾക്കത് പുതിയ കാഴ്ചാനുഭവമായി. ഉയർന്ന മുടക്കമുതലിൽ വന്ന ഇൗ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ അതുവരെയുള്ള റെക്കോർ‌ഡുകൾ ഭേദിക്കുന്നവയായി മാറി. അങ്ങാടി, ഇൗ നാട്, അഹിംസ, വാർത്ത, ആവനാഴി, അതിരാത്രം, അടിമകൾ ഉടമകൾ, അബ്കാരി, 1921 തുടങ്ങിയ സിനിമകളെല്ലാം ഇങ്ങനെ വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളിലെത്തിച്ചവയായിരുന്
നു. കരച്ചിലും ചിരിയും മാത്രമുൾക്കൊള്ളുന്ന കാഴ്ചശീലത്തിനു വിപരീതമായി തീയേറ്ററിൽനിന്ന് ഉച്ചത്തിലുള്ള കൈയ്യടികളും ആർപ്പുവിളികളും  ഉയർത്തിവിടുന്ന പുതിയ ശീലത്തിനും എൺപതുകളിൽ ഇൗ സിനിമകൾ തുടക്കമിട്ടു.    
               
കലാമൂല്യവും വാണിജ്യതന്ത്രവും ഒരുമിച്ചുചേർത്ത എെ.വി.ശശി സിനിമകൾ നിലനിന്നുപോന്ന നായക,നായികാ സങ്കൽപങ്ങളെയും മാറ്റിമറിച്ചു. കരുത്തരായ നായകന്മാർക്കൊപ്പം തന്റേടമുള്ള നായികമാരെയും എെ.വി.ശശിയുടെ സിനിമകളിൽ കണ്ടു. ഇൗ നായികമാർ പലപ്പൊഴും നായകന്മാർക്കൊപ്പവും മുകളിലും നിന്നു. മുഖാമുഖം നിന്ന് വെല്ലുവിളിക്കുകയും ദീർഘമായ ഡയലോഗുകൾ പറയുകയും ബൈക്ക് ഓടിക്കാനും വില്ലന്മാരെ ഇടിക്കാൻ പോലും തയ്യാറാവുന്ന നായികമാരെയും  ഇൗ സിനിമകളിൽ കാണാനായി. 



2017 ഒക്ടോബര്‍ 24, കേരളകൗമുദി ഓണ്‍ലൈന്‍

Thursday, 26 October 2017

റൊറൈമ മലനിരയിലേക്കൊരു യാത്ര


സിനിമ - ലോങസ്റ്റ് ഡിസ്റ്റന്‍സ്
സംവിധാനം -ക്ലോഡിയോ പിന്റോ
രാജ്യം - വെനസ്വേല
ഭാഷ-സ്പാനിഷ്
ദൈര്‍ഘ്യം -113 മിനിറ്റ്

ലോകത്ത് കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് ദക്ഷിണ അമേരിക്കയിലെ റൊറൈമ മലനിരകള്‍. ബ്രസീലിനോടും ഗയാനയോടും അതിര്‍ത്തി പങ്കിടുന്ന വെനസ്വലയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശത്തായാണ് റൊറൈമ മലനിരകള്‍ വ്യാപിച്ചുകിടക്കുന്നത്. വാക്കുകള്‍ക്കും അതുണ്ടാക്കുന്ന ഫലവിശേഷത്തിനും ഒട്ടു പരിമിതിയുണ്ടെന്ന് ചില നേരങ്ങളില്‍ ചില യാത്രകളും സ്ഥലങ്ങളും നമ്മളെക്കൊണ്ട് തോന്നിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ പ്രകൃതി വേണ്ടുവോളം അനുഗ്രഹിച്ചിട്ടുള്ള റൊറൈമ ഭൂപ്രദേശത്തെക്കുറിച്ച് വെനസ്വലക്കാര്‍ക്ക് മനോഹരമായൊരു സങ്കല്‍പ്പവും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന ഒരു വിശ്വാസവുമുണ്ട്. സമതലപ്രദേശം കടന്ന് കാടുതാണ്ടി റൊറൈമയുടെ ഏറ്റവും ഉയരമേറിയ മവെറിക്ക് ശൃംഗത്തില്‍ച്ചെന്നാല്‍ സ്വര്‍ഗം പൂകാന്‍ സാധിക്കുമെന്നതാണത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന ഈ വിശ്വാസത്തിനുപിറകെ സഞ്ചരിക്കുന്നവരാണ് വെനസ്വലക്കാര്‍. ഭൂമിയില്‍ അനുവദിക്കപ്പെട്ട ജീവിതത്തോട് താന്‍ പരിപൂര്‍ണമായി നീതി പുലര്‍ത്തിയെന്നും ഇനി കടന്നുചെല്ലാനുള്ളത് റൊറൈമയിലെ നിത്യതയിലേക്കാണെന്നും തിരിച്ചറിവു കിട്ടുന്നവര്‍ അടിവാരത്തുനിന്ന് മലനിരകളിലേക്കുള്ള യാത്ര തുടങ്ങുന്നു.
       
    

             സന്തോഷസന്താപങ്ങളും അനിശ്ചിതത്വങ്ങളും താണ്ടി അവസാന തെരഞ്ഞെടുപ്പും അതിലേക്കുള്ള യാത്രയുമായി സമതലവും കാടും കടന്നുചെന്ന് ശൃംഗത്തിലെത്തി അവസാനിക്കുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ക്ലോഡിയോ പിന്റോയുടെ വെനസ്വലന്‍ ചിത്രമായ ദി ലോങസ്റ്റ് ഡിസ്റ്റന്‍സ്. ആര്‍ക്കുമാരെയും തിരിച്ചറിയാനോ തിരിഞ്ഞുനോക്കാനോ ആകാത്ത വേഗജീവിതത്തിന്റെ ഒരറ്റവും സ്വച്ഛതയും ശാന്തതയും നിറഞ്ഞ മറ്റൊരറ്റവുമാണ് ഈ സിനിമയിലുള്ളത്. ഉത്തര, ദക്ഷിണ അമേരിക്കകളുടെ ജീവിത, പാരിസ്ഥിതികശൈലീ വ്യത്യാസങ്ങളും സിനിമയില്‍ സജീവചര്‍ച്ചയ്ക്ക് വിഷയമാകുന്നു. നഗരജീവിതം അക്രമത്തിന്റെതും ഗ്രാമം സൈ്വര്യതയുടെയും പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു.
          
 ഒരു മുത്തശ്ശിയും അവരുടെ കൊച്ചുമകനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇവരുടെ ബന്ധത്തിലെ ഊഷ്മളതയും വിട്ടുപോകാനാകാത്തവിധമുളള ഇഴയടുപ്പവും കാഴ്ചക്കാരെ അവരോട് ചേര്‍ക്കും. എത്ര കാതങ്ങള്‍ താണ്ടേണ്ടിവന്നാലും ചില ബന്ധങ്ങള്‍ കണ്ണിചേര്‍ക്കപ്പെടുകതന്നെ ചെയ്യുമെന്നതാണ് ഇവരുടെ ബന്ധം ഓര്‍മിപ്പിക്കുക. മൂന്നു യാത്രകളുണ്ട് സിനിമയില്‍. ലൂക്കാസ് എന്ന കൗമാരക്കാരന്‍ കാരക്കാസ് പട്ടണത്തില്‍നിന്ന് ഇതുവരെ കാണാത്ത മാര്‍ട്ടിനയെന്ന തന്റെ മുത്തശ്ശിയെ കാണാന്‍ അവര്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ വെനസ്വേലയിലെ ഗ്രാന്റ് സാവന്ന ഗ്രാമത്തിലേക്കും, മുത്തശ്ശി സ്പെയിനില്‍നിന്ന് സാവന്നയിലേക്കും, മാര്‍ട്ടിനയും ലൂക്കാസും റൊറൈമയിലേക്ക് ഒരുമിച്ചു നടത്തുന്നതുമായ യാത്രകള്‍.
            
ജീവിതത്തില്‍ തെരഞ്ഞെടുപ്പിന് വലിയ സാധ്യതയുണ്ട്. എന്തു തെരഞ്ഞെടുക്കണം, ഏതു വഴിക്കുപോകണമെന്നു തുടങ്ങിയുള്ള തീരുമാനങ്ങളിലെ ശരിതെറ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ജീവിതം. അതിലെ നിര്‍ണായകവേളയില്‍ രണ്ടു മനുഷ്യര്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളും അതിലേക്ക് അവരെ നയിക്കുന്ന യാത്രകളുമാണ് ഈ ചിത്രത്തിന്റെ കേന്ദ്രപ്രമേയമാകുന്നത്. ജീവിതത്തിലേക്കും മറ്റൊന്ന് നേരെതിര്‍വശമായ മരണത്തിലേക്കുമുള്ള യാത്രകളാണിത്. യാത്ര തെരഞ്ഞെടുക്കുന്ന രണ്ടു മനുഷ്യരും പരസ്പരം തിരിച്ചറിയുന്നിടത്താണ് യാത്രകള്‍ പരിപൂര്‍ണതയിലെത്തുന്നത്. ഒരു കുടുംബത്തിലെ ആഴമേറിയതും തകര്‍ക്കാന്‍ പറ്റാത്തതുമായ ബന്ധുത്വത്തിനകത്താണ് തങ്ങളെന്ന് തിരിച്ചറിയാതിരുന്ന ഒരു സ്ത്രീയെയും അവരുടെ കൊച്ചുമകനെയും ഒന്നിപ്പിക്കുന്ന യാത്ര അവര്‍ക്ക് തിരിച്ചറിവിന് ഇടനല്‍കുന്നു. നിങ്ങളുടെ തെരഞ്ഞൈടുപ്പ് തന്നെയാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നതെന്നാണ് സിനിമ ആത്യന്തികമായി പറഞ്ഞുവയ്ക്കുന്നത്. മനുഷ്യബന്ധത്തെ പ്രകൃതിയോടും മിത്തുകളോടുമിണക്കി കാഴ്ചയുടെ വലിയ സാധ്യതകള്‍ക്ക് ഇടം നല്‍കുന്ന ശൈലിയാണ് ക്ലോഡിയോ പിന്റോ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.


    ദൃശ്യങ്ങളെ ആഴത്തിലും വ്യക്തതയിലുമുള്ള ചിത്രങ്ങളായി കാഴ്ചയെ രസിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത് ഉള്ളില്‍ പതിപ്പിക്കുന്ന ഗബ്രിയേല്‍ ഗുവേരയുടെ ക്യാമറ, ബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും ഓര്‍മപ്പെടുത്തുന്ന ക്ലോഡിയോ പിന്റോയുടെ എഴുത്ത്, സവിശേഷമായ കഥപറച്ചില്‍ ശൈലി, കൊച്ചുമകനും മുത്തശ്ശിയുമായി അഭിനയിച്ച് അത്ഭുതപ്പെടുത്തുന്ന കാര്‍മെ ഏലിയാസും ഒമര്‍ മോയയും, പ്രകൃതിയെ കാഴ്ചക്കാരന്റെയുള്ളില്‍ വരച്ചിടാന്‍ പോന്ന പശ്ചാത്തലസംഗീതമൊരുക്കിയ വിന്‍സന്റ് ബരിയെരെ എന്നിവരെല്ലാം ലോംങസ്റ്റ് ഡിസ്റ്റന്‍സിനൊപ്പം യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
    2013ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഈ ചിത്രത്തിന് വലിയ രീതിയില്‍ പ്രേക്ഷകപിന്തുണയും നിരൂപകശ്രദ്ധയും നേടിയെടുക്കാന്‍ കഴിഞ്ഞു. മോണ്‍ട്രിയല്‍, ഹവാന ഉള്‍പ്പടെ അഞ്ച് എട്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരവും എട്ടു മേളകളില്‍ പരാമര്‍ശവും നേടാന്‍ ലോങസ്റ്റ് ഡിസ്റ്റന്‍സിനായി.
(ലൂമിയർ ആർട്ട്, പഞ്ചായത്ത് രാജ്, ഒക്ടോബർ 2017)

Saturday, 14 October 2017

വായനക്കാരെ വിഭ്രമിപ്പിച്ച ദേവനായകി 

വയലാർ അവാർഡ് ലഭിച്ച ടി . ഡി. രാമകൃഷ്ണന്റെ എഴുത്തുവഴിയിലൂടെ...
മലയാളത്തിന് ‌അത്ര പരിചിതമല്ലാത്ത ഭാവനയും ചിന്തയും ആഖ്യാനശൈലിയുമായി ടി.ഡി.രാമകൃഷ്ണൻ എത്തുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. നരവംശശാസ്ത്രവും മനുഷ്യന്റെ നന്മതിന്മയും അതിജീവനത്തിനായുള്ളപോരാട്ടവും കീഴ്പെടലും വിഷയമാക്കിയ 'ആൽഫ' വായനക്കാരനിൽ ഉണ്ടാക്കിയത് ഭ്രമാത്മകമായ നവ്യാനുഭവമായിരുന്നു. എന്നാൽ പുറത്തിറങ്ങിയ കാലത്ത് ഇൗ നോവൽ വേണ്ടത്ര വായിക്കപ്പെടുകയുണ്ടായില്ല; ഫ്രാൻസിസ് ഇട്ടിക്കോര എന്ന രണ്ടാമത്തെ നോവലാണ് ആഘോഷിക്കപ്പെട്ടത്. ആൽഫ വായിച്ച് അത്ഭുതം കൂറിയും മറ്റുള്ളവരോട് വായനയ്ക്കായി നിർദ്ദേശിച്ചും ടി.ഡിയുടെ അടുത്ത പുസ്തകത്തിനായി ക്ഷമകെട്ട് കാത്തിരുന്നവർക്കിടയിലേക്കാണ് ആറുവർഷത്തിനുശേഷം ഫ്രാൻസിസ് ഇട്ടിക്കോരയെത്തുന്നത്.

നോവലിന് ഭാവിയില്ലെന്നും ഇതിഹാസമാനമുള്ള വലിയ നോവലുകൾ ഉണ്ടാകില്ലെന്നും വിശ്വസിച്ചിരുന്നവർക്ക് ഇട്ടിക്കോരയെന്ന അത്ഭുതമായിരുന്നു ടി.ഡി രാമകൃഷ്ണൻ സമ്മാനിച്ചത്. ഒട്ടൊരുകാലം അനക്കമില്ലാതെ കിടന്ന മലയാള നോവൽസാഹിത്യത്തിനും നോവൽ വില്പനയിടങ്ങളിലും പുതിയ ഉണർവാണ് ഇൗ പുസ്തകമുണ്ടാക്കിയത്. പല അടരുകളിലായി ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഇഴയടുപ്പം തീർക്കുന്ന ആഖ്യാനരീതി അതുവരെ നിലനിന്നുപോന്ന മലയാള നോവലെഴുത്തു ശൈലിയെത്തന്നെ പാടേ മാറ്റിമറിക്കാൻ പോന്നതായിരുന്നു. ബൗദ്ധികവ്യാപാരമെന്ന തലത്തിൽ നിന്നുകൊണ്ട് ഒരു എഴുത്തുകാരൻ തന്റെ എഴുത്തിനെ അതീവഗൗരവുമുള്ള പ്രക്രിയയായി കണ്ടതിന്റെ ഫലമായിട്ടാണ് മലയാളത്തിന് ഫ്രാൻസിസ് ഇട്ടിക്കോരയെന്ന കനപ്പെട്ട കൃതി ലഭിച്ചത്. ഗണിതത്തിന്റെയും കച്ചവടത്തിന്റെയും കണ്ണോടെ ലോകസഞ്ചാരിയായി ജീവിച്ച ഫ്രാൻസിസ് ഇട്ടിക്കോരയുടെ വിചിത്രവും ദുരൂഹവും അമാനുഷികവും ആയ ചരിത്രവും ഇട്ടിക്കോരയുടെ പിന്മുറക്കാർ തുടർന്നുപോരുന്ന വിചിത്രാചാരങ്ങളുമുള്ള നോവൽ കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണെന്ന് ടി.ഡി രാമകൃഷ്ണൻ നോവലിനെപ്പറ്റി പറഞ്ഞു ലഘൂകരിച്ചെങ്കിലും അസാധാരണമായ വായനാനുഭവമെന്ന രീതിയിൽ വായനക്കാർ നോവൽ ആഘോഷിച്ചു. 2009ൽ പുറത്തിറങ്ങിയ നോവലിന്റെ പതിനാലാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.
ചരിത്രവും മിഥ്യയും യാഥാർഥ്യവും ഭാവനയും ഏതെതെന്ന് തിരിച്ചറിയപ്പെടാനാകാത്തവിധം കൂടിക്കലത്തിയുള്ള ടി.ഡിയുടെ എഴുത്തിന്റെ തുടർച്ചയായിരുന്നു ശ്രീലങ്കൻ വംശീയകലാപം കേന്ദ്രമാക്കി എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ശ്രീലങ്ക പശ്ചാത്തലമാക്കിയെങ്കിലും ലോകത്തെ എല്ലായിടത്തുമുള്ള തിരസ്കരിക്കപ്പെട്ട എല്ലാ മനുഷ്യജീവികൾക്കും വേണ്ടിയായിരുന്നു ഇൗ എഴുത്ത്. ചരിത്രവും മിത്തും ഇടകലർത്തിയുള്ള എഴുത്തുശൈലിയാണ് ആണ്ടാൾ ദേവനായകിയെയും വായനക്കാരോടടുപ്പിച്ചത്. ഇട്ടിക്കോരയ്ക്കു പിറകെ ഇൗ പുസ്തകവും മലയാളത്തിലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ദീർഘകാലം തമിഴ് നാട്ടിൽ ജോലിചെയ്ത അനുഭവമുള്ള ടി.ഡി.രാമകൃഷ്ണന് തമിഴ്, ലങ്കൻ വംശീയ അധിക്ഷേപപ്രശ്നങ്ങളും കലാപ പശ്ചാത്തലവും പരിചിതമായിരുന്നു.

ഒരു നോവലിൽനിന്ന് അടുത്തതിലേക്ക് എത്തുമ്പോൾ പൂർവഭാരങ്ങളെല്ലാമൊഴിഞ്ഞ പുതിയ എഴുത്തുകാരനായാണ് ടി.ഡി.രാമകൃഷ്ണനെ കാണാനാകുക. അതുതന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഒന്നര ദശകത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നോവലെഴുത്തുകാരനായി ടി.ഡിയെ മാറ്റിയതും. വേദികളും പ്രസംഗങ്ങളും പ്രസ്താവനകളുമല്ല, എഴുത്ത് മാത്രമായിരുന്നു ടി.ഡി രാമകൃഷ്ണനെന്ന എഴുത്തുകാരനെ മലയാളി മുഖ്യധാരയിലേക്ക് ഉയർത്തിയത്. എഴുത്തിൽ എന്തു പുതുമയായിരിക്കും കൊണ്ടുവരികയെന്ന ആകാംക്ഷ തന്നെയാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായുള്ള കാത്തിരിപ്പിൽ വായനക്കാരിലുള്ളതും.
 കേരളകൗമുദി,2017 ഒക്ടോബർ 9

Wednesday, 11 October 2017

ഇച്ചാപ്പിയുടെയും ഹസീബിന്റെയും ആകാശങ്ങള്‍

ജീവിതം തീരെ ചെറുതാണ്. ഓടിപ്പാഞ്ഞ് ഒന്നിളവേല്‍ക്കുമ്പോഴേക്കും തീര്‍ന്നുപോകുന്നത്. ചിലര്‍ ഇക്കാലയളവില്‍ വലിയ ആകാശങ്ങള്‍ കാണും. മറ്റു ചിലര്‍ ചെറിയ ആകാശച്ചോട്ടിലിരുന്ന് വലിയ സ്വപ്‌നങ്ങള്‍ക്കുപിറകെ സഞ്ചരിക്കും. ഇച്ചാപ്പിയും ഹസീബും അങ്ങനെയാണ്. പ്രാവുകളാണ് അവരുടെ ആകാശം. പ്രാവുകളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിലാണ് അവരുടെ രാപകലുകള്‍ അര്‍ഥമുള്ളതാകുന്നത്. ഒരര്‍ഥത്തില്‍ അവര്‍ പറവകള്‍ തന്നെയാണ്.
    സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത് പുതിയ ആകാശവും ഉയരവുമാണ്. ചില സിനിമകള്‍ സംഭവിക്കുന്നത് ഒരു ഭാഗ്യമാണ്. അങ്കമാലി ഡയറീസും ടേക്ക് ഓഫും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇത്തരത്തില്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് സംഭവിച്ച ഭാഗ്യങ്ങളാണ്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ പേരാണ് പറവയുടേത്.
    മലയാളത്തിന് അത്ര പരിചിതമല്ലാത്ത ഒരാഖ്യാന ശൈലിയും കഥാപരിസരവുമാണ് പറവയ്ക്കുള്ളത്. കുട്ടികളെ കേന്ദ്രമാക്കി കഥപറയുന്ന സിനിമകള്‍ മലയാളത്തില്‍ കുറവാണെന്നിരിക്കെ അതിലെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുകയാണ് സൗബിന്‍ പറവയിലൂടെ. ഒപ്പം മലയാള സിനിമ ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ലാത്ത മട്ടാഞ്ചേരിയിലെ വേറിട്ടൊരു മുഖവും സിനിമ സാധ്യമാക്കുന്നു. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ മനുഷ്യരുടെ ദിവസജീവിതത്തിലെ രസങ്ങളും ബന്ധങ്ങളിലെ ഇഴയടുപ്പവും ഊഷ്മളതയും പറവയില്‍ കാണാം. മനുഷ്യര്‍ വെറുതെ ഒന്നിച്ചിരിക്കേണ്ടതിന്റെയും വര്‍ത്തമാനം പറഞ്ഞിരിക്കേണ്ടതിന്റെയും ആവശ്യം വലുതാണെന്ന് ഓര്‍മപ്പെടുത്തുന്ന ഒരുപാട് മനുഷ്യരെ സിനിമ പരിചയപ്പെടുത്തും. ഈ മനുഷ്യര്‍ക്കൊന്നും സിനിമ തുടര്‍ച്ചയോ വളര്‍ച്ചയോ നല്‍കുന്നില്ല. അത് ഒട്ടാവശ്യമില്ലാത്തതുമാണ്. അവര്‍ മട്ടാഞ്ചേരിയങ്ങാടിയില്‍ ദിവസവും കണ്ടമുട്ടുന്നവരും വിശേഷങ്ങള്‍ കൈമാറുന്നവരും ഒന്നിച്ചിരുന്നൊരു കട്ടന്‍ചായ കുടിക്കുന്നവരുമാണ്. അതുതന്നെയാണ് അവരുടെ ജീവിതത്തിന്റെ വലിപ്പവും അവരുടെ വലിയ ലോകവും. മൂന്നു തലമുറകളുടെ പ്രതിനിധികളെത്തന്നെ ഈ കൂടിയിരിപ്പില്‍ കാണാം. അവര്‍ക്കെല്ലാമിടയിലുള്ള ഏകതാനത ബന്ധത്തിന്റെ ഊഷ്മളതയാണ്.
   
സിനിമ ബൃഹദാഖ്യാനങ്ങളുടേതല്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് പറവ പോലുള്ള ചെറിയ കാര്യങ്ങളിലെ വലിയ ആഖ്യാനസാധ്യതകള്‍ പറയുന്നവ. അസീബും ഇച്ചാപ്പിയും പറവയില്‍ തീര്‍ക്കുന്ന ലോകത്തുനിന്ന് ഒരിക്കലും ഇറങ്ങിപ്പോരാന്‍ നമുക്ക് തോന്നില്ല. അത്രമാത്രം ലളിതവും കെട്ടുറപ്പുമുള്ളതാണ് അവരുടെ ബന്ധവും അതു പറയാന്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുള്ള വഴികളും. അവരുടെ ചിരിയും കരച്ചിലും പ്രണയവും നമ്മുടെ തന്നെയാകുന്നു. അവരുടെ സ്‌കൂളും വരാന്തയും ടീച്ചറും ക്ലാസ് മുറിയുമെല്ലാം നമുക്കേറെ പരിചിതം. അവരുടെ പ്രാവുകളും അവയുടെ കുറുകലും ഇണങ്ങലും പറക്കലും അവര്‍ക്കും നമുക്കും കണ്ണുകളിലുണ്ടാക്കുന്നത് ഒരേ വിസ്മയം.
    സിനിമയിലെ ദുല്‍ഖറിന്റെതുള്‍പ്പടെയുള്ള മറ്റു കഥാപാത്രങ്ങള്‍ സിനിമയുടെ ആകെത്തുകയുടെ അല്ലെങ്കില്‍ മട്ടാഞ്ചേരിയിലെ സാധാരണ ആളുകളുടെ പ്രതിനിധികള്‍ മാത്രമാണ്. അവരെല്ലാം ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രേരകഘടകങ്ങള്‍ ആണെന്നിരിക്കെത്തന്നെ ഈ രണ്ടു കുട്ടികളിലൂടെ സാധ്യമാകുന്നത് പുതിയൊരു ലോകമാണ്. ഈ കുട്ടികള്‍ ഫ്രെയിമില്‍ വരുന്ന അവസരങ്ങളിലെല്ലാം പറവ മലയാള സിനിമയുടെ പരിധിവിട്ട് ലോകതലത്തിലേക്കാണ് പറന്നുയരുന്നത്. അങ്ങനെയാണ് പറവയെന്ന സൗബിന്‍ ഷാഹിര്‍ സിനിമയുടെ വിതാനം വലുതാകുന്നതും.
   
മട്ടാഞ്ചേരിയിലെ തെരുവുകളില്‍ അവിടെ ചിരപരിതനായ ഒരാളെപ്പോലെ സൗബിന്റെ സിനിമയുടെ ക്യാമറ നടക്കുകയാണ്. ലിറ്റില്‍ സ്വയമ്പെന്ന ക്യാമറാമാന്റെ അടയാളപ്പെടുത്തല്‍ പ്രക്രിയ കൂടിയാണ് ഈ നടത്തത്തിലൂടെ സാധ്യമാകുന്നത്. മട്ടാഞ്ചേരിയിലെ മുസ്ലിം സമൂഹം, ചെറിയ ക്ലബ്ബും അവിടത്തെ ചെറുപ്പക്കാരും കുട്ടികളും, പ്രാവ് വളര്‍ത്തലും മത്സരവും, മീന്‍ വളര്‍ത്തല്‍, പട്ടം പറത്തല്‍ തുടങ്ങിയ മനുഷ്യന്റെ തീരാകൂട്ടികൗതുകങ്ങളിലേക്കാണ് ഈ ക്യാമറ തിരിച്ചുവയ്ക്കുന്നത്. ഇവിടെയെല്ലാം നമ്മളെത്തന്നെയാണ് സ്‌ക്രീനില്‍ കാണുന്നത്. ഒരു സിനിമയ്‌ക്കൊപ്പമല്ല, നമുക്കൊപ്പം തന്നെ സഞ്ചരിക്കേണ്ടിവരുന്ന അവസ്ഥ. ഈ ചെറുരസങ്ങളുടെ മറവില്‍ ലഹരി കീഴടക്കുന്ന മറ്റൊരു വിഭാഗത്തെയും അതേ ഭൂമികയില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. ഇത് മട്ടാഞ്ചേരിയുടെയും കേരളത്തിന്റെ മറ്റേതൊരു നാടിന്റെയും പ്രതിനിധാനപ്പെടുത്തലാക്കി മാറ്റാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. മട്ടാഞ്ചേരിയിലെ തെരുവുകള്‍ക്ക് പഴമയുടെ മണവും നിറവുമാണ്. പഴയ ഓടിട്ട കെട്ടിടങ്ങളും അടുത്തടുത്തായുള്ള വീടുകളും ഇടുങ്ങിയ തെരുവുരകളും പാരമ്പര്യവും തനിമയും ഇഴവിടാതെ ചേര്‍ത്തുവയ്ക്കുകയും ചെയ്തിട്ടുള്ള ഒരു ജനതയുമാണ് അവിടെയുള്ളത്. അവരെ അതുപോലെ പകര്‍ത്തിവച്ചിരിക്കുന്നതില്‍ സിനിമ വിജയിച്ചിരിക്കുന്നു.
    സ്‌കൂള്‍ പ്രണയത്തിന്റെ നനുത്ത പച്ചപ്പുകള്‍ നമുക്കാകെ ഉള്ളം കുളിരുന്നതായി അനുഭവപ്പെടുത്തി ആവിഷ്‌കരിക്കുമ്പോള്‍ത്തന്നെ മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന കൗമാരവിവാഹങ്ങളെ തല്ലിനോവിക്കാന്‍ ശ്രമിച്ച് സിനിമ അതിന്റെ സാമൂഹികതയും പ്രഖ്യാപിക്കുന്നുണ്ട്.
   
സൗബിന്‍ ഷാഹിറെന്ന ചിരിപ്പിക്കുന്ന നടനില്‍നിന്ന് പ്രതിഭയുടെ കൈയ്യൊപ്പുള്ള ഒരു സംവിധായകനിലേക്കുള്ള വളര്‍ച്ചയാണ് പറവയുടെ വലിയ ആകര്‍ഷണങ്ങളിലൊന്ന്. ചെറിയ കഥാപാത്രമാണെങ്കിലും അതിന്റെ കാമ്പ് തിരിച്ചറിഞ്ഞ് അഭിനയിക്കാന്‍ ദുല്‍ഖറിനെപ്പോലുള്ള മുന്‍നിര യുവതാരങ്ങള്‍ തയ്യാറാകുന്നത് ആശാവഹമായ ലക്ഷണമാണ്. ഈയിടെ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയും നായകപ്രാധാന്യമില്ലാത്ത വേഷം ചെയ്തിരുന്നു. ഈ രീതി തുടരുന്നെങ്കില്‍ താരാധിപത്യത്തിനടിപ്പെടാത്ത സിനിമ കെട്ടിപ്പടുക്കുന്നതിന് അത് മികച്ച അടിത്തറ നല്‍കും.
    സിദ്ധിഖ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ മധ്യവയസ്സുകാരുടെ കഥാപാത്രങ്ങളുടെ സാന്നിധ്യവും ഷെയ്ന്‍ നിഗം എന്ന ഭാവിവാഗ്ദാനത്തിന്റെ സവിശേഷമായ അഭിനയശൈലിയും ചെറിയ നേരത്തേക്കാണെങ്കില്‍പ്പോലും സ്‌ക്രീനിലെത്തുന്ന അഭിനേതാക്കളുടെ യാഥാര്‍ഥ്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന പ്രകടനങ്ങളും പറവയ്ക്ക് നല്‍കുന്ന ഊര്‍ജം വലുതാണ്.
സ്ത്രീശബ്ദം, ഒക്ടോബർ 2017