വില്ലന്‍ നായകന്റെയല്ല, സംവിധായകന്റെ സിനിമ
മലയാളത്തില്‍ കണ്ടുശീലിച്ച കുറ്റാന്വേഷണ സിനിമകളുടെ കഥാവേഗമോ ചടുലതയോ സംഭാഷണമാതൃകയോ അനുശീലിക്കുന്ന സിനിമയല്ല ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്റെ വില്ലന്‍. കൃത്യമായ പ്രമേയവും അതിനു യോജിക്കുന്ന കഥാപാത്രങ്ങളും പശ്ചാത്തലവും ഒരുക്കി ഒരു സംവിധായകന്‍ മെനഞ്ഞെടുത്ത സൃഷ്ടിയാണ്. കുറ്റാന്വേഷണകഥകളില്‍ കണ്ടേക്കാവുന്ന ട്വിസ്റ്റോ സസ്‌പെന്‍സോ വില്ലനിലില്ല. ഇതൊന്നുമില്ലാതെ തന്നെ കണ്ടിരിക്കാവുന്ന സിനിമയായി വില്ലനെ മാറ്റുന്നത് മോഹന്‍ലാലിന്റെ അപാരമായ സ്‌ക്രീന്‍ പ്രസന്‍സും ബി.ഉണ്ണികൃഷ്ണനിലെ സംവിധായക മികവുകൊണ്ടുമാണ്.
ടീസറും ട്രെയിലറും കണ്ട് ഒരു ആഘോഷ മോഹന്‍ലാല്‍ ചിത്രം കാണാനുള്ള മൂഡിലെത്തിയവര്‍ക്ക് വില്ലന്‍ നിരാശ നല്‍കിയേക്കും.എന്നാല്‍ ഹോളിവുഡിലും മറ്റും പതിഞ്ഞ മട്ടില്‍ കഥ പറയുന്ന ത്രില്ലര്‍ സിനിമകളുടെ പാക്കേജ് കണ്ടുശീലിച്ചവര്‍ക്ക് വില്ലന്‍ മികച്ച കാഴ്ചാനുഭവമായി മാറും. നിശ്ചയിച്ചുറപ്പിച്ച പ്ലോട്ടില്‍ ഒരു കഥ മികച്ച രീതിയില്‍ പറഞ്ഞുപോകുകയാണ് സംവിധായകന്‍. ഇവിടെ മോഹന്‍ലാല്‍ ആരാധകരെയോ കൊമേര്‍സ്യല്‍ സിനിമയുടെ സ്ഥിരം ചട്ടക്കൂടോ സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ ഒരു മോഹന്‍ലാല്‍ സിനിമ എന്നതിനേക്കാളുപരി ഒരു ബി.ഉണ്ണികൃഷ്ണന്‍ സിനിമ എന്ന വിശേഷണമായിരിക്കും വില്ലന് ചേരുക.
അന്വേഷിച്ചുകണ്ടെത്താന്‍ പ്രയാസമുള്ള കൊലപാതകങ്ങള്‍ പോലും ചില സൂചനകളും കണക്കുകൂട്ടലുകളും വച്ച് പ്രവചിക്കാനും കുറ്റവാളികളിലേക്കെത്താനും ശേഷിയുള്ള കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യു മാഞ്ഞൂരാന്റെത്. അതുകൊണ്ടുതന്നെ പൊലിസ് സേനയ്ക്ക് അയാള്‍ വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. കുടുംബജീവിതത്തിലുണ്ടാകുന്ന ദുരന്തം വേട്ടയാടുന്നുണ്ടെങ്കിലും കൃത്യനിര്‍വഹണത്തിനായി അയാള്‍ തിരിച്ചുവരുന്നു. മാത്യു മാഞ്ഞൂരാന്‍ എന്ന പൊലിസ് ഓഫീസറുടെ ഓര്‍മകള്‍ക്കും മാനസികവ്യാപാരങ്ങള്‍ക്കുമാണ് സിനിമ പ്രാധാന്യം നല്‍കുന്നത്.
'ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നതുപോലെ അസ്വാഭാവികമായി മറ്റൊന്നും ഈ ലോകത്തില്ല', വില്ലന്റെ ടീസര്‍ റിലീസ് ചെയ്തതുമുതല്‍ ശ്രദ്ധിക്കപ്പെട്ട മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമ നല്‍കുന്ന സന്ദേശവും. വിശാല്‍ അവതരിപ്പിക്കുന്ന ഡോ.ശക്തിവേല്‍ സമൂഹത്തില്‍ അനീതി ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാന്‍ സ്വയംവിധേയനാകുന്ന കഥാപാത്രമാണ്. അയാള്‍ക്ക് തന്റെതായ ശരികളുണ്ടെങ്കിലും കൊലപാതകികളെയും ഏകാധിപതികളെയും ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് മാഞ്ഞൂരാന്‍ ശക്തിവേലിനെ തിരുത്തുന്നത്. എല്ലാ വില്ലനിലും ഒരു നായകനുണ്ട്, അതുപോലെ തിരിച്ചും.ആരാണ് നായകന്‍, ആരാണ് പ്രതിനായകന്‍ എന്ന ചോദ്യത്തിനും സിനിമ ഉത്തരം തേടുന്നു.
സമീപകാലത്ത് മലയാളത്തിലിറങ്ങിയ ത്രില്ലര്‍ സിനിമകളെല്ലാം അടിസ്ഥാനപരമായി പ്രമേയത്തെക്കാള്‍ മേക്കിങ്ങില്‍ ശ്രദ്ധിക്കുന്നവയാണെന്ന് കാണാം. ഓണക്കാലത്ത് പുറത്തിറങ്ങിയ ആദം ജോണ്‍ ഏറ്റവും പുതിയ ഉദാഹരണം. സിനിമയുടെ കഥാപശ്ചാത്തലത്തോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച ഫ്രെയിമുകള്‍, കളര്‍ ടോണ്‍, ക്യാമറാ ആംഗിളുകള്‍, എഡിറ്റിങ്ങിലെ ഭദ്രത, പശ്ചാത്തലസംഗീതം എന്നിവയിലെല്ലാമാണ് വില്ലന്‍ ശ്രദ്ധിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം തന്റെ സിനിമയില്‍ മികവും വ്യത്യസ്തതയും വേണമെന്ന ബി.ഉണ്ണികൃഷ്ണന്റെ നിര്‍ബന്ധം വില്ലന് ഗുണം ചെയ്യുന്നുണ്ട്.
പ്രായത്തിലും വേഷത്തിലും പക്വതയാര്‍ന്ന കഥാപാത്രമായി മോഹന്‍ലാല്‍ വില്ലനില്‍ മികച്ചുനില്‍ക്കുന്നു. മിതത്വം സൂക്ഷിക്കുന്ന ഭാവപ്രകടനങ്ങളും അര്‍ഥവത്തായ സംഭാഷണങ്ങളും അതിമാനുഷികമായി യാതൊന്നും ചെയ്തു കൂട്ടാതെയും മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രമാകുന്നു. മഞ്ജുവാര്യരുടെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയൊരു പ്രാധാന്യം കിട്ടുന്നില്ല. വിശാലിന്റെ മലയാളത്തിലേക്കുള്ള പ്രവേശനം മോശമായില്ല. മോഹന്‍ലാലുമൊത്തുള്ള കോമ്പോ സീനുകളിലും വിശാലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതായി.
മനോജ് പരമഹംസ, എന്‍.കെ.ഏകാംബരം (ക്യാമറ),സുഷിന്‍ ശ്യാം (പശ്ചാത്തലസംഗീതം), ഷമീര്‍ മുഹമ്മദ് (എഡിറ്റിംഗ്) എന്നിവരുടെ പേരുകള്‍ വില്ലന്റെ മേക്കിംഗ് മികവില്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.
2017 ഒക്ടോബര്‍ 27, കേരളകൗമുദി ഓണ്‍ലൈന്‍
No comments:
Post a Comment