Saturday, 14 October 2017

വായനക്കാരെ വിഭ്രമിപ്പിച്ച ദേവനായകി 

വയലാർ അവാർഡ് ലഭിച്ച ടി . ഡി. രാമകൃഷ്ണന്റെ എഴുത്തുവഴിയിലൂടെ...
മലയാളത്തിന് ‌അത്ര പരിചിതമല്ലാത്ത ഭാവനയും ചിന്തയും ആഖ്യാനശൈലിയുമായി ടി.ഡി.രാമകൃഷ്ണൻ എത്തുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. നരവംശശാസ്ത്രവും മനുഷ്യന്റെ നന്മതിന്മയും അതിജീവനത്തിനായുള്ളപോരാട്ടവും കീഴ്പെടലും വിഷയമാക്കിയ 'ആൽഫ' വായനക്കാരനിൽ ഉണ്ടാക്കിയത് ഭ്രമാത്മകമായ നവ്യാനുഭവമായിരുന്നു. എന്നാൽ പുറത്തിറങ്ങിയ കാലത്ത് ഇൗ നോവൽ വേണ്ടത്ര വായിക്കപ്പെടുകയുണ്ടായില്ല; ഫ്രാൻസിസ് ഇട്ടിക്കോര എന്ന രണ്ടാമത്തെ നോവലാണ് ആഘോഷിക്കപ്പെട്ടത്. ആൽഫ വായിച്ച് അത്ഭുതം കൂറിയും മറ്റുള്ളവരോട് വായനയ്ക്കായി നിർദ്ദേശിച്ചും ടി.ഡിയുടെ അടുത്ത പുസ്തകത്തിനായി ക്ഷമകെട്ട് കാത്തിരുന്നവർക്കിടയിലേക്കാണ് ആറുവർഷത്തിനുശേഷം ഫ്രാൻസിസ് ഇട്ടിക്കോരയെത്തുന്നത്.

നോവലിന് ഭാവിയില്ലെന്നും ഇതിഹാസമാനമുള്ള വലിയ നോവലുകൾ ഉണ്ടാകില്ലെന്നും വിശ്വസിച്ചിരുന്നവർക്ക് ഇട്ടിക്കോരയെന്ന അത്ഭുതമായിരുന്നു ടി.ഡി രാമകൃഷ്ണൻ സമ്മാനിച്ചത്. ഒട്ടൊരുകാലം അനക്കമില്ലാതെ കിടന്ന മലയാള നോവൽസാഹിത്യത്തിനും നോവൽ വില്പനയിടങ്ങളിലും പുതിയ ഉണർവാണ് ഇൗ പുസ്തകമുണ്ടാക്കിയത്. പല അടരുകളിലായി ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഇഴയടുപ്പം തീർക്കുന്ന ആഖ്യാനരീതി അതുവരെ നിലനിന്നുപോന്ന മലയാള നോവലെഴുത്തു ശൈലിയെത്തന്നെ പാടേ മാറ്റിമറിക്കാൻ പോന്നതായിരുന്നു. ബൗദ്ധികവ്യാപാരമെന്ന തലത്തിൽ നിന്നുകൊണ്ട് ഒരു എഴുത്തുകാരൻ തന്റെ എഴുത്തിനെ അതീവഗൗരവുമുള്ള പ്രക്രിയയായി കണ്ടതിന്റെ ഫലമായിട്ടാണ് മലയാളത്തിന് ഫ്രാൻസിസ് ഇട്ടിക്കോരയെന്ന കനപ്പെട്ട കൃതി ലഭിച്ചത്. ഗണിതത്തിന്റെയും കച്ചവടത്തിന്റെയും കണ്ണോടെ ലോകസഞ്ചാരിയായി ജീവിച്ച ഫ്രാൻസിസ് ഇട്ടിക്കോരയുടെ വിചിത്രവും ദുരൂഹവും അമാനുഷികവും ആയ ചരിത്രവും ഇട്ടിക്കോരയുടെ പിന്മുറക്കാർ തുടർന്നുപോരുന്ന വിചിത്രാചാരങ്ങളുമുള്ള നോവൽ കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണെന്ന് ടി.ഡി രാമകൃഷ്ണൻ നോവലിനെപ്പറ്റി പറഞ്ഞു ലഘൂകരിച്ചെങ്കിലും അസാധാരണമായ വായനാനുഭവമെന്ന രീതിയിൽ വായനക്കാർ നോവൽ ആഘോഷിച്ചു. 2009ൽ പുറത്തിറങ്ങിയ നോവലിന്റെ പതിനാലാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.
ചരിത്രവും മിഥ്യയും യാഥാർഥ്യവും ഭാവനയും ഏതെതെന്ന് തിരിച്ചറിയപ്പെടാനാകാത്തവിധം കൂടിക്കലത്തിയുള്ള ടി.ഡിയുടെ എഴുത്തിന്റെ തുടർച്ചയായിരുന്നു ശ്രീലങ്കൻ വംശീയകലാപം കേന്ദ്രമാക്കി എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ശ്രീലങ്ക പശ്ചാത്തലമാക്കിയെങ്കിലും ലോകത്തെ എല്ലായിടത്തുമുള്ള തിരസ്കരിക്കപ്പെട്ട എല്ലാ മനുഷ്യജീവികൾക്കും വേണ്ടിയായിരുന്നു ഇൗ എഴുത്ത്. ചരിത്രവും മിത്തും ഇടകലർത്തിയുള്ള എഴുത്തുശൈലിയാണ് ആണ്ടാൾ ദേവനായകിയെയും വായനക്കാരോടടുപ്പിച്ചത്. ഇട്ടിക്കോരയ്ക്കു പിറകെ ഇൗ പുസ്തകവും മലയാളത്തിലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ദീർഘകാലം തമിഴ് നാട്ടിൽ ജോലിചെയ്ത അനുഭവമുള്ള ടി.ഡി.രാമകൃഷ്ണന് തമിഴ്, ലങ്കൻ വംശീയ അധിക്ഷേപപ്രശ്നങ്ങളും കലാപ പശ്ചാത്തലവും പരിചിതമായിരുന്നു.

ഒരു നോവലിൽനിന്ന് അടുത്തതിലേക്ക് എത്തുമ്പോൾ പൂർവഭാരങ്ങളെല്ലാമൊഴിഞ്ഞ പുതിയ എഴുത്തുകാരനായാണ് ടി.ഡി.രാമകൃഷ്ണനെ കാണാനാകുക. അതുതന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഒന്നര ദശകത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നോവലെഴുത്തുകാരനായി ടി.ഡിയെ മാറ്റിയതും. വേദികളും പ്രസംഗങ്ങളും പ്രസ്താവനകളുമല്ല, എഴുത്ത് മാത്രമായിരുന്നു ടി.ഡി രാമകൃഷ്ണനെന്ന എഴുത്തുകാരനെ മലയാളി മുഖ്യധാരയിലേക്ക് ഉയർത്തിയത്. എഴുത്തിൽ എന്തു പുതുമയായിരിക്കും കൊണ്ടുവരികയെന്ന ആകാംക്ഷ തന്നെയാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായുള്ള കാത്തിരിപ്പിൽ വായനക്കാരിലുള്ളതും.
 കേരളകൗമുദി,2017 ഒക്ടോബർ 9

No comments:

Post a Comment