റൊറൈമ മലനിരയിലേക്കൊരു യാത്ര
സിനിമ - ലോങസ്റ്റ് ഡിസ്റ്റന്‍സ്
സംവിധാനം -ക്ലോഡിയോ പിന്റോ
രാജ്യം - വെനസ്വേല
ഭാഷ-സ്പാനിഷ്
ദൈര്‍ഘ്യം -113 മിനിറ്റ്
ലോകത്ത് കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് ദക്ഷിണ അമേരിക്കയിലെ റൊറൈമ മലനിരകള്‍. ബ്രസീലിനോടും ഗയാനയോടും അതിര്‍ത്തി പങ്കിടുന്ന വെനസ്വലയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശത്തായാണ് റൊറൈമ മലനിരകള്‍ വ്യാപിച്ചുകിടക്കുന്നത്. വാക്കുകള്‍ക്കും അതുണ്ടാക്കുന്ന ഫലവിശേഷത്തിനും ഒട്ടു പരിമിതിയുണ്ടെന്ന് ചില നേരങ്ങളില്‍ ചില യാത്രകളും സ്ഥലങ്ങളും നമ്മളെക്കൊണ്ട് തോന്നിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ പ്രകൃതി വേണ്ടുവോളം അനുഗ്രഹിച്ചിട്ടുള്ള റൊറൈമ ഭൂപ്രദേശത്തെക്കുറിച്ച് വെനസ്വലക്കാര്‍ക്ക് മനോഹരമായൊരു സങ്കല്‍പ്പവും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന ഒരു വിശ്വാസവുമുണ്ട്. സമതലപ്രദേശം കടന്ന് കാടുതാണ്ടി റൊറൈമയുടെ ഏറ്റവും ഉയരമേറിയ മവെറിക്ക് ശൃംഗത്തില്‍ച്ചെന്നാല്‍ സ്വര്‍ഗം പൂകാന്‍ സാധിക്കുമെന്നതാണത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന ഈ വിശ്വാസത്തിനുപിറകെ സഞ്ചരിക്കുന്നവരാണ് വെനസ്വലക്കാര്‍. ഭൂമിയില്‍ അനുവദിക്കപ്പെട്ട ജീവിതത്തോട് താന്‍ പരിപൂര്‍ണമായി നീതി പുലര്‍ത്തിയെന്നും ഇനി കടന്നുചെല്ലാനുള്ളത് റൊറൈമയിലെ നിത്യതയിലേക്കാണെന്നും തിരിച്ചറിവു കിട്ടുന്നവര്‍ അടിവാരത്തുനിന്ന് മലനിരകളിലേക്കുള്ള യാത്ര തുടങ്ങുന്നു.
സന്തോഷസന്താപങ്ങളും അനിശ്ചിതത്വങ്ങളും താണ്ടി അവസാന തെരഞ്ഞെടുപ്പും അതിലേക്കുള്ള യാത്രയുമായി സമതലവും കാടും കടന്നുചെന്ന് ശൃംഗത്തിലെത്തി അവസാനിക്കുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ക്ലോഡിയോ പിന്റോയുടെ വെനസ്വലന്‍ ചിത്രമായ ദി ലോങസ്റ്റ് ഡിസ്റ്റന്‍സ്. ആര്‍ക്കുമാരെയും തിരിച്ചറിയാനോ തിരിഞ്ഞുനോക്കാനോ ആകാത്ത വേഗജീവിതത്തിന്റെ ഒരറ്റവും സ്വച്ഛതയും ശാന്തതയും നിറഞ്ഞ മറ്റൊരറ്റവുമാണ് ഈ സിനിമയിലുള്ളത്. ഉത്തര, ദക്ഷിണ അമേരിക്കകളുടെ ജീവിത, പാരിസ്ഥിതികശൈലീ വ്യത്യാസങ്ങളും സിനിമയില്‍ സജീവചര്‍ച്ചയ്ക്ക് വിഷയമാകുന്നു. നഗരജീവിതം അക്രമത്തിന്റെതും ഗ്രാമം സൈ്വര്യതയുടെയും പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു.
ഒരു മുത്തശ്ശിയും അവരുടെ കൊച്ചുമകനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇവരുടെ ബന്ധത്തിലെ ഊഷ്മളതയും വിട്ടുപോകാനാകാത്തവിധമുളള ഇഴയടുപ്പവും കാഴ്ചക്കാരെ അവരോട് ചേര്‍ക്കും. എത്ര കാതങ്ങള്‍ താണ്ടേണ്ടിവന്നാലും ചില ബന്ധങ്ങള്‍ കണ്ണിചേര്‍ക്കപ്പെടുകതന്നെ ചെയ്യുമെന്നതാണ് ഇവരുടെ ബന്ധം ഓര്‍മിപ്പിക്കുക. മൂന്നു യാത്രകളുണ്ട് സിനിമയില്‍. ലൂക്കാസ് എന്ന കൗമാരക്കാരന്‍ കാരക്കാസ് പട്ടണത്തില്‍നിന്ന് ഇതുവരെ കാണാത്ത മാര്‍ട്ടിനയെന്ന തന്റെ മുത്തശ്ശിയെ കാണാന്‍ അവര്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ വെനസ്വേലയിലെ ഗ്രാന്റ് സാവന്ന ഗ്രാമത്തിലേക്കും, മുത്തശ്ശി സ്പെയിനില്‍നിന്ന് സാവന്നയിലേക്കും, മാര്‍ട്ടിനയും ലൂക്കാസും റൊറൈമയിലേക്ക് ഒരുമിച്ചു നടത്തുന്നതുമായ യാത്രകള്‍.
ജീവിതത്തില്‍ തെരഞ്ഞെടുപ്പിന് വലിയ സാധ്യതയുണ്ട്. എന്തു തെരഞ്ഞെടുക്കണം, ഏതു വഴിക്കുപോകണമെന്നു തുടങ്ങിയുള്ള തീരുമാനങ്ങളിലെ ശരിതെറ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ജീവിതം. അതിലെ നിര്‍ണായകവേളയില്‍ രണ്ടു മനുഷ്യര്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളും അതിലേക്ക് അവരെ നയിക്കുന്ന യാത്രകളുമാണ് ഈ ചിത്രത്തിന്റെ കേന്ദ്രപ്രമേയമാകുന്നത്. ജീവിതത്തിലേക്കും മറ്റൊന്ന് നേരെതിര്‍വശമായ മരണത്തിലേക്കുമുള്ള യാത്രകളാണിത്. യാത്ര തെരഞ്ഞെടുക്കുന്ന രണ്ടു മനുഷ്യരും പരസ്പരം തിരിച്ചറിയുന്നിടത്താണ് യാത്രകള്‍ പരിപൂര്‍ണതയിലെത്തുന്നത്. ഒരു കുടുംബത്തിലെ ആഴമേറിയതും തകര്‍ക്കാന്‍ പറ്റാത്തതുമായ ബന്ധുത്വത്തിനകത്താണ് തങ്ങളെന്ന് തിരിച്ചറിയാതിരുന്ന ഒരു സ്ത്രീയെയും അവരുടെ കൊച്ചുമകനെയും ഒന്നിപ്പിക്കുന്ന യാത്ര അവര്‍ക്ക് തിരിച്ചറിവിന് ഇടനല്‍കുന്നു. നിങ്ങളുടെ തെരഞ്ഞൈടുപ്പ് തന്നെയാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നതെന്നാണ് സിനിമ ആത്യന്തികമായി പറഞ്ഞുവയ്ക്കുന്നത്. മനുഷ്യബന്ധത്തെ പ്രകൃതിയോടും മിത്തുകളോടുമിണക്കി കാഴ്ചയുടെ വലിയ സാധ്യതകള്‍ക്ക് ഇടം നല്‍കുന്ന ശൈലിയാണ് ക്ലോഡിയോ പിന്റോ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.
ദൃശ്യങ്ങളെ ആഴത്തിലും വ്യക്തതയിലുമുള്ള ചിത്രങ്ങളായി കാഴ്ചയെ രസിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത് ഉള്ളില്‍ പതിപ്പിക്കുന്ന ഗബ്രിയേല്‍ ഗുവേരയുടെ ക്യാമറ, ബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും ഓര്‍മപ്പെടുത്തുന്ന ക്ലോഡിയോ പിന്റോയുടെ എഴുത്ത്, സവിശേഷമായ കഥപറച്ചില്‍ ശൈലി, കൊച്ചുമകനും മുത്തശ്ശിയുമായി അഭിനയിച്ച് അത്ഭുതപ്പെടുത്തുന്ന കാര്‍മെ ഏലിയാസും ഒമര്‍ മോയയും, പ്രകൃതിയെ കാഴ്ചക്കാരന്റെയുള്ളില്‍ വരച്ചിടാന്‍ പോന്ന പശ്ചാത്തലസംഗീതമൊരുക്കിയ വിന്‍സന്റ് ബരിയെരെ എന്നിവരെല്ലാം ലോംങസ്റ്റ് ഡിസ്റ്റന്‍സിനൊപ്പം യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
2013ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഈ ചിത്രത്തിന് വലിയ രീതിയില്‍ പ്രേക്ഷകപിന്തുണയും നിരൂപകശ്രദ്ധയും നേടിയെടുക്കാന്‍ കഴിഞ്ഞു. മോണ്‍ട്രിയല്‍, ഹവാന ഉള്‍പ്പടെ അഞ്ച് എട്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരവും എട്ടു മേളകളില്‍ പരാമര്‍ശവും നേടാന്‍ ലോങസ്റ്റ് ഡിസ്റ്റന്‍സിനായി.
(ലൂമിയർ ആർട്ട്, പഞ്ചായത്ത് രാജ്, ഒക്ടോബർ 2017)

No comments:
Post a Comment