നാട്ടിന്‍പുറത്തെ പറമ്പിലോ തോട്ടുവക്കത്തോ നിന്ന് പശുവിനെ തീറ്റിക്കൊണ്ടിരിക്കുന്നൊരാളെ അതുവഴിയേ പോയ ആരോ ക്യാമറയിലാക്കുന്നു. മറ്റൊരവസരത്തില്‍ കള്ളുചെത്ത് കഴിഞ്ഞ് പനയില്‍ നിന്നിറങ്ങി കത്തി അരയില്‍ കൊരുത്തിട്ട് അല്പം ധൃതിയില്‍ നടന്നുവരികയായിരിക്കും അതേയാള്‍. അപ്പോഴും അയാളെ ക്യാമറയില്‍ പകര്‍ത്തുന്നു. പിന്നെയൊരിക്കല്‍ അടുക്കളക്കരിയും പുകയുമേറ്റ് മുഷിഞ്ഞ ബനിയനും കൈലിയും ധരിച്ച് നാട്ടുവഴിയിലെ ഓലമറച്ച ചായക്കടയില്‍ നീട്ടിയൊരു ചായയടിച്ച് മേശപ്പുറത്ത് കൊണ്ടുവച്ച് ചായകുടിക്കാരോട് നാട്ടുവര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയായിരിക്കും അതേ മനുഷ്യന്‍. ചെവിക്കു മീതേ വച്ചിരുന്ന ബിഡിയെടുത്ത് പുകയുന്ന അടുപ്പിലോ ചിമ്മിനിവിളക്കിലോ കാട്ടി കത്തിച്ച് ആഞ്ഞുവലിച്ച് പുക വിട്ട് തൂണും ചാരിനിന്ന് അയാള്‍ കുശലപ്രശ്‌നം തുടരുന്നു. തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്ത് അയാള്‍ക്കൊരവയവം തന്നെയാകുന്നു.
ഒരു അഭിനേതാവിന് ക്യാമറയ്ക്കു മുന്നില്‍ എത്ര സാധാരണീയനാകാന്‍ സാധിക്കുമെന്നു കണക്കുകൂട്ടിയാല്‍ ആ ചരടിന്റെ ഏറ്റവുമങ്ങേയറ്റത്തായിരിക്കും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടന്റെ ഇടം. കടവരാന്തയിലോ വീട്ടുമ്മറത്തോ നടവഴിയിലോ നിരത്തിലോ വയല്‍വരമ്പിലോ കുടുംബച്ചടങ്ങുകളിലോ പൂരപ്പറമ്പിലോ വച്ച് കണ്ടുമുട്ടി കുശലപ്രശ്‌നം നടത്തി ചിരിച്ചുകൊണ്ട് കൈകാണിച്ച് നടന്നുപോകാറുള്ള നാട്ടിലെ പരിചയക്കാരനായ മധ്യവയസ്‌കനോ വയോധികനോ ആണ് മലയാളിക്ക് ഈ നടന്‍.
കേരളീയ ഗ്രാമദേശങ്ങളിലെ മധ്യവര്‍ഗ സാധാരണക്കാരന്റെ മുഖം ഒടുവിലിനോട് അത്രയും സ്വാഭാവികമായി ഇഴചേര്‍ന്നിരിക്കുന്നു. ഗ്രാമ്യമുഖവും സംസാരത്തിലെ നിഷ്‌കളങ്കതയും അയാളില്‍ സമ്മേളിക്കുന്നു. തീര്‍ത്തും ഗ്രാമീണമായ/സാധാരണക്കാരന്‍ ചെയ്തുപോരുന്ന തൊഴിലുകളായിരിക്കും ഒടുവിലിന്റെ കഥാപാത്രങ്ങള്‍ ചെയ്തുപോരുന്നത്. അതിനോട് നൂറ്റൊന്നുവട്ടം താദാത്മ്യപ്പെടുകയും ചെയ്യും. ഗ്രാമ്യദേശത്തിന് പുറത്ത് വളരുകയും സാധാരണക്കാരന് അപ്രാപ്യമാകുന്ന സ്വപ്‌നസദൃശമായ ഉയരങ്ങളില്‍ വിരാജിക്കുകയും ചെയ്യുന്ന കഥാപാത്രമായി ഒടുവിലിനെ കാണാന്‍ സാധിക്കില്ല. എണ്ണ തേയ്ക്കുമ്പോള്‍, ഉമിക്കരി കൊണ്ട് പല്ലു തേയ്ക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, പറമ്പില്‍ കിളയ്ക്കുമ്പോള്‍, പശുവിനെ മേയ്ക്കുമ്പോള്‍, ചായയടിക്കുമ്പോള്‍, ഗൃഹാന്തരീക്ഷത്തില്‍ വര്‍ത്തമാനം പറയുമ്പോള്‍, മക്കളെ ഉപദേശിക്കുമ്പോള്‍, കൂട്ടുകാര്‍ക്കൊപ്പം സൗഹൃദഭാഷണത്തിലേര്‍പ്പെടുമ്പോള്‍, മേളം കൊട്ടുമ്പോള്‍, താളം പിടിക്കുമ്പോള്‍, ആനപാപ്പാനാകുമ്പോള്‍...ഇത്തരുണത്തിലുള്ള നിരവധിയായ ജീവിതാവസ്ഥകളില്‍ പരിചയവട്ടത്തിലുള്ള സാധാരണ മനുഷ്യന്റെ ചെയ്തികളുടെ പകര്‍പ്പു തന്നെയാണ് സിനിമയിലെ ഒടുവിലിലും കാണാനാകുക. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നതു കൊണ്ടു മാത്രം അയാളെ കാണികള്‍ ഒരഭിനേതാവായി കണക്കാക്കുന്നു.
സ്വജീവിതത്തില്‍ എത്ര ഗ്രാമീണനും നിഷ്‌കളങ്കനുമായിരുന്നുവോ, അത്രയും സമം ചേര്‍ത്ത കഥാപാത്രങ്ങളായിരുന്നു സിനിമയിലും ഒടുവിലിനെ തേടിയെത്തിയത്. ജീവിതത്തിലെ കളങ്കമില്ലാത്ത പെരുമാറ്റം ക്യാമറയ്ക്കു മുന്നില്‍ പുനരാവിഷ്‌കരിക്കേണ്ട പ്രവര്‍ത്തനം മാത്രമായിരുന്നു ഒടുവിലിന് നടത്തേണ്ടിയിരുന്നത്. നാലു പതിറ്റാണ്ടോളം ചെന്ന കരിയറില്‍ താരശരീരമെന്നത് ഒരിക്കല്‍ പോലും ഈ നടന് ബാധ്യതയാകുന്നില്ല. നഗരകേന്ദ്രീകൃതമായ ആധുനിക സംസ്‌കാരത്തോടും പുതുമോടികളോടും ചേര്‍ത്ത് സങ്കല്പിക്കാനാകാത്തത്രയും ഗ്രാമീണനാകുന്നു അയാള്‍. മുണ്ട്, ഷര്‍ട്ട്, കൈലി, മുണ്ടു മാത്രമുടുത്ത് ഷര്‍ട്ടിടാത്ത ശരീരം, മേല്‍മുണ്ട് എന്നിങ്ങനെയുള്ള വേഷങ്ങളിലാണ് മുക്കാല്‍ പങ്ക് കഥാപാത്രങ്ങളിലും ഒടുവിലിനെ കാണുന്നത്. സ്ഥായിയായ നിഷ്‌കളങ്കത നിറഞ്ഞുനില്‍ക്കുന്ന മുഖത്തിന് ക്രൗര്യഭാവം ചേരുകയേയില്ല. അപൂര്‍വം ചിലപ്പോള്‍ കാര്‍ക്കശ്യമോ നഗരവേഷമോ എടുത്തണിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് അതും ഉജ്ജ്വലമാക്കാന്‍ സാധിക്കുന്നു.
തൊള്ളായിരത്തി എഴുപതുകളില്‍ സിനിമയില്‍ എത്തിയ ഒടുവിലിന് മലയാള സിനിമയുടെ പുഷ്‌കലകാലമായ എണ്‍പതുകളില്‍ മറ്റു പല സമകാലികരെയും പോലെ ജനപ്രിയ വേഷങ്ങളെടുടെ പരിലാളന ലഭിച്ചു. ഇക്കാലയളവു തൊട്ട് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു സിനിമ ആലോചിക്കുമ്പോള്‍ എഴുത്തുകാരന്റെയും സംവിധായകന്റെയുമുള്ളില്‍ പ്രഥമ പരിഗണനയിലെത്തുന്ന പേരുകളിലൊന്ന് ഒടുവിലിന്റേതായി. ഒടുവില്‍ സജീവമായിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഇതിന് നിദര്‍ശകമാണ്. ചായക്കടക്കാരന്‍, ബ്രോക്കര്‍, കള്ളുചെത്തുകാരന്‍, കൃഷിക്കാരന്‍, കന്നുകാലികളെ വളര്‍ത്തുന്നയാള്‍, മേളക്കാരന്‍, ഭാഗവതര്‍, അധ്യാപകന്‍, പോലീസ്, വക്കീല്‍, പലിശക്കാരന്‍, ഗൃഹനാഥന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തുടങ്ങി സമൂഹത്തിലെ ഭിന്ന പരിച്ഛേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളായി ഒടുവില്‍ മാറുന്നു. സാധാരണ മനുഷ്യര്‍ക്കിടയില്‍ ഒരാളായി ജീവിച്ചുപോന്ന ഒരാളെ സംബന്ധിച്ച് ഇതിലാരുമായി മാറാനും പരകായപ്രവേശം ചെയ്യാനും എളുപ്പത്തില്‍ സാധിച്ചു.
ഒടുവിലിന്റെ ഗ്രാമ്യമുഖം ഏറ്റവും തെളിച്ചത്തോടെ കാണാനാകുക സത്യന്‍ അന്തിക്കാട് സിനിമകളിലാണ്. തെങ്ങും കവുങ്ങും നെല്‍പ്പാടവുമുള്ള ഫ്രെയിമുകളില്‍ ക്യാമറ വയ്ക്കുമ്പോള്‍ അതിനോളം ഗ്രാമ്യമായ തന്റെ സ്ഥിരം അഭിനേതാക്കളുടെ മുഖങ്ങളുടെ കൂട്ടത്തില്‍ ഒടുവിലിനെയും സത്യന്‍ അന്തിക്കാട് പ്രതിഷ്ഠിച്ചിരുന്നു. പൊന്‍മുട്ടയിടുന്ന താറാവിലെ പാപ്പി, വരവേല്പിലെ നാരായണന്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞാപ്പു, കളിക്കളത്തിലെ ദേവസ്സി, തലയണമന്ത്രത്തിലെ പൊതുവാള്‍ മാഷ്, എന്നും നന്‍മകളിലെ ബാലന്‍, കനല്‍ക്കാറ്റിലെ അയ്യപ്പന്‍ നായര്‍, സന്ദേശത്തിലെ അച്യുതന്‍ നായര്‍, ഗോളാന്തരവാര്‍ത്തയിലെ സുശീലന്‍, തൂവല്‍കൊട്ടാരത്തിലെ അച്യുതന്‍ മാരാര്‍, ഒരാള്‍ മാത്രത്തിലെ പങ്കുണ്ണി മേനോന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ കെ.ജി. നമ്പ്യാര്‍, മനസ്സിനക്കരെയിലെ ശ്രീധരന്‍ എന്നീ അന്തിക്കാടന്‍ കഥാപാത്രങ്ങള്‍ ചിരപരിചിതമായ ഗ്രാമാന്തരീക്ഷത്തില്‍ നിന്നുള്ളവരുടെ പ്രതിനിധികളായിരുന്നു. സംവിധായകന്റെ പ്രതീക്ഷയില്‍ നിന്ന് ഒരു പണത്തൂക്കം പോലും കുറയാത്ത പ്രകടനമാണ് ഈ കഥാപാത്രങ്ങളിലെല്ലാം ഒടുവിലിന്റെ അടിവര. ഈ ഒടുവില്‍ കഥാപാത്രങ്ങളെല്ലാം ചുറ്റുവട്ടത്തെ പരിചിതമുഖങ്ങളാകുന്നതിനൊപ്പം തുറന്നൊരു ചിരി കൂടി ഉള്ളടക്കം ചെയ്താണ് കടന്നുപോകുന്നതെന്നും കാണാം.
പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ചായക്കടക്കാരന്‍ അപ്പുണ്ണി നായര്‍, പാവം പാവം രാജകുമാരനിലെ പ്രിന്‍സിപ്പല്‍ കുറുപ്പ്, ഗജകേസരിയോഗത്തിലെ തഹസില്‍ദാര്‍, മാലയോഗത്തിലെ കലിയുഗം പരമു നായര്‍, മൂക്കില്ലാരാജ്യത്തിലെ ഡോക്ടര്‍ വി.എന്‍.ശര്‍മ്മ, ചെപ്പ് കിലുക്കണ ചങ്ങാതിയിലെ നിഷ്‌കളങ്കന്‍ പിള്ള, യോദ്ധയിലെ ഗോപാല മേനോന്‍, മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ കുട്ടന്‍നായര്‍, സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ ബി.എ. ബി.എഡിലെ പാപ്പുണ്ണി, അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ ഈശ്വര പിള്ള, മാട്ടുപ്പെട്ടി മച്ചാനിലെ പ്രഭാകര പ്രഭു, ഞങ്ങള്‍ സന്തുഷ്ടരാണിലെ മര്‍മ്മം ഗോപാലപിള്ള തുടങ്ങി ഒടുവിലിന്റെ ജനപ്രിയ കഥാപാത്രങ്ങള്‍ക്കെല്ലാം നര്‍മ്മത്തിന്റെ സ്വാഭാവികാടിത്തറയുണ്ട്. ഒടുവിലിന്റെ ഗ്രാമ്യമുഖത്തിനൊപ്പം അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ് ഈ തുറന്ന ചിരി.
ചിരി കടന്നുചെന്നാല്‍ ഉള്‍ക്കനമുള്ള ചില നോവുകള്‍ അന്തര്‍ലീനമായിട്ടുള്ള ഒടുവില്‍ കഥാപാത്രങ്ങളെ കാണാന്‍ സാധിക്കും. ദേവാസുരത്തിലെ പെരിങ്ങോടനും ആറാം തമ്പുരാനിലെ കൃഷ്ണവര്‍മ്മ തമ്പുരാനും തൂവല്‍കൊട്ടാരത്തിലെ അച്യുതമാരാരും നിഴല്‍ക്കുത്തിലെ ആരാച്ചാരും ഇൗ ഗണത്തിലുള്ള കഥാപാത്രങ്ങളാണ്. ഇവയെല്ലാം ഒടുവിലിലെ അഭിനേതാവിനെ ചിരസ്മരണയില്‍ നിര്‍ത്താന്‍ പോന്നവയാണ്. 'എനിക്ക് തരാന്‍, തന്നോട് പറയാന്‍ എന്റെ കൈയില്‍ ഒന്നുമില്ലെടോ നീലകണ്ഠാ, നാവാമുകുന്ദന് കൊടുത്തതില്‍ ബാക്കി ഇത്തിരി നിവേദ്യമുണ്ട്. അതിന്നാ, സ്വീകരിക്കാ' എന്നു പറഞ്ഞ് മനസ്സിനും ശരീരത്തിനും മുറിവേറ്റ അവസ്ഥയില്‍ കഴിയുന്ന സുഹൃത്തിന് ഹൃദയ നിവേദ്യമായി സമര്‍പ്പിച്ച് കൊട്ടിപ്പാടുന്ന പെരിങ്ങോടനെന്ന ബിംബം കാലാതീതമാണ്. പലപ്പോഴും ഒരു മുഴുനീള കഥാപാത്രത്തിന് സാധിക്കാത്ത ഉള്‍ക്കനവും ആഴവും പകര്‍ന്നുനല്‍കാന്‍ ചില നൈമിഷികമായ വന്നുപോകലുകള്‍ക്കാവും. അതായിരുന്നു കടപ്പാടുകള്‍ക്കും ബന്ധങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും പിടികൊടുക്കാതെ അലഞ്ഞ പെരിങ്ങോട് ശങ്കരമാരാരെന്ന ഊരുതെണ്ടിയുടെ നിയോഗം. ആഴത്തിലുള്ള ഒരു നോവായിട്ടല്ലാതെ പെരിങ്ങോടനെ ഓര്‍ക്കാനാവില്ല. സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമാക്കിയ നിഴല്‍ക്കുത്തിലെ ആരാച്ചാര്‍ കഥാപാത്രത്തെക്കാളുമാഴത്തില്‍ ഒടുവിലിലെ നടനെ അടയാളപ്പെടുത്തിയിട്ടുള്ളത് പെരിങ്ങോടനിലാണ്.
സര്‍ഗത്തിലെ വലിയ തമ്പുരാനും, ആറാം തമ്പുരാനിലെ കൃഷ്ണവര്‍മ്മ തമ്പുരാനും, തൂവല്‍കൊട്ടാരത്തിലെ അച്യുതമാരാരും, മീശമാധവനിലെ കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരിയും കുടുംബഭാരവും ധര്‍മ്മസങ്കടങ്ങളും ചുമലിലേറ്റേണ്ടിവരുന്ന പിതാവായിട്ടാണ് ഒടുവിലിനെ അടയാളപ്പെടുത്തുന്നത്. ശശിശങ്കറിന്റെ പുന്നാരത്തിലെ മക്കള്‍ ഉപേക്ഷിച്ച നാരായണന്‍ നായര്‍ എന്ന അധ്യാപകനും മക്കള്‍ കൂടെയുണ്ടായിട്ടും ഒറ്റപ്പെട്ടുപോകുന്ന ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കത്തിലെ മുന്‍ഷി പരമേശ്വരന്‍ പിള്ളയും ഇതിനോടു ചേര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങളാണ്. ചിരിയില്‍ നിന്ന് ഉത്തരവാദിത്വത്തിലേക്കും ഗഹനമായ മൗനത്തിലേക്കും ഉള്‍ക്കരച്ചിലിലേക്കും എളുപ്പത്തില്‍ കടന്നുപോകുന്ന നടനെയാണ് ഈ കഥാപാത്രങ്ങള്‍ അടയാളപ്പെടുത്തുന്നത്.
സംഗീതത്തിലും വാദ്യോപകരണങ്ങളിലും അടിസ്ഥാന പാഠങ്ങള്‍ അഭ്യസിക്കുകയും മേളത്തോടും വാദ്യകലകളോടും അഭിരുചി സൂക്ഷിക്കുകയും ചെയ്യുന്ന ഒടുവിലിന് അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴുള്ള വഴക്കം ശ്രദ്ധേയമാണ്. തൂവല്‍കൊട്ടാരത്തിലെ അച്യുതമാരാരാണ് ഈ ഗണത്തിലെ അഗ്രഗണ്യന്‍. തായമ്പക കൊട്ടുമ്പോഴത്തെ അച്യുതമാരാരുടെ കൈകളിലെയും മുഖത്തെയും ക്ലോസപ്പുകളില്‍ കാണുന്ന വഴക്കവും ഭാവവ്യതിയാനങ്ങളും ഉള്ളില്‍ താളപ്പെരുക്കമുള്ള ഒരു മനുഷ്യനു മാത്രം അനുഭവിപ്പിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ളതാണ്. കെ.കെ. ഹരിദാസിന്റെ വധു ഡോക്ടറാണ് എന്ന സിനിമയിലും മാരാര്‍ വേഷമാണ് ഒടുവിലിന്.
എം.ടിയുടെ ഒരു ചെറുപുഞ്ചിരിയിലെ വാര്‍ധക്യത്തിലെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കൃഷ്ണക്കുറുപ്പ്, തിരുവിതാംകൂറിലെ അവസാന ആരാച്ചാരായ കാളിയപ്പന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന അടൂരിന്റെ നിഴല്‍ക്കുത്ത്, കഥാപുരുഷന്‍ എന്നിവ ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന അഭിനേതാവിനെ ചൂഷണം ചെയ്ത സിനിമകളാണ്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ഒടുവിലിന്റെ പ്രതിഭയോടു നീതി പുലര്‍ത്താതെ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കഥാപാത്രങ്ങളിലേക്ക് നിരന്തരം ക്ഷണിക്കപ്പെട്ടുപോന്ന സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തിയ കഥാപാത്രങ്ങളായി വേണം ചെറുപുഞ്ചിരിയിലെയും നിഴല്‍ക്കുത്തിലെയും കഥാപാത്രങ്ങളെ കാണാന്‍.
കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച -4, 2021 ജനുവരി
https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-4
No comments:
Post a Comment