ഇരുട്ടും രാത്രിയും ഭയത്തിന്റെ സന്തതസഹചാരികളാണ്. പകല്‍വെളിച്ചത്തില്‍ അതിന് അത്രകണ്ട് നിലനില്‍പ്പില്ല. ഭയം പലതിനോടുമാകാം. എങ്കിലും മുത്തശ്ശിക്കഥകളില്‍ കേട്ടതും സാമാന്യയുക്തിക്ക് നിരക്കാത്തതെങ്കിലും വിശ്വസിച്ചുപോരുന്നതുമായ സങ്കല്‍പ്പങ്ങളോടും രൂപങ്ങളോടുമാണ് മനുഷ്യന്‍ വലിയ ഭയം പുലര്‍ത്തിപ്പോരുന്നത്. കുട്ടിക്കാലത്ത് കേട്ട കഥകളില്‍ പലതും വളര്‍ച്ചയില്‍ മറന്നുപോകുന്നുവെങ്കിലും ഭയത്തിന്റെ കഥകള്‍ ആഴത്തില്‍ തന്നെ വേരൂന്നാറുണ്ട്. ഭയം അത്രമേല്‍ ആദിമവികാരമായതുകൊണ്ടാകാം അതിനോടുള്ള മനുഷ്യന്റെ ഈ പ്രതിപത്തി. രാത്രികളില്‍, ഇരുട്ടില്‍, തനിച്ചാകുന്ന വേളകളില്‍, ഒറ്റപ്പെട്ടുപോകുന്ന ഇടങ്ങളില്‍, വന്യവും പ്രാകൃതവുമായ പ്രദേശങ്ങളില്‍ എല്ലാം ഭയം സിരകളിലേക്ക് പടര്‍ന്നുകയറുന്നു. താന്‍ പോലുമറിയാതെയാകും അതിന്റെ ആഗമനം. പിന്നെ വിട്ടുപോകാതെ പിടിമുറുക്കുകയും ചെയ്യും.
ജീവിതത്തിന്റെ നേരാഖ്യാനമെന്ന നിലയില്‍ സാഹിത്യവും സിനിമയുമെല്ലാം ഭയമെന്ന ഈ വികാരത്തെ നിരന്തരം അതിന്റെ സൃഷ്ടിതലത്തില്‍ ആവിഷ്‌കരിച്ചുപോരുന്നു. ഇവയെല്ലാം ഭയത്തെ ആവിഷ്‌കരിക്കുന്നത് ഇരുട്ടിന്റെ പശ്ചാത്തലത്തിലൂടെയാണ്. ഭയമെന്ന വികാരത്തിന് ഏറ്റവും മൂര്‍ച്ച കൈവരുന്നത് ഇരുളിലാണെന്നതു തന്നെ ഇതിനു കാരണം. മനുഷ്യനിലെ ഭയത്തിന് ദൃശ്യ, ശ്രവ്യ സാധ്യതകള്‍ സന്നിവേശിപ്പിച്ച് തീവ്രതയേറ്റാനാണ് സിനിമ ശ്രമിച്ചത്. തുടക്കകാലം തൊട്ട് സിനിമയുടെ പ്രമേയത്തില്‍ ഭയത്തിന്റെ കഥകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. പ്രേക്ഷകന്റെ ഭയവികാരത്തെ ചൂഷണം ചെയ്യുന്നതും അതതു പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കെട്ടുകഥകളോടും അതീന്ദ്രിയ, അതിമാനുഷ സങ്കല്‍പ്പങ്ങളോടും പ്രേതോച്ചാടന കര്‍മ്മങ്ങളോടും ബന്ധപ്പെടുത്തിയുമാണ് ഭയത്തിന്റെ പ്രമേയങ്ങള്‍ സിനിമയില്‍ രൂപപ്പെട്ടത്. ഈ ജോണറിന് വലിയ കാഴ്ചവൃന്ദം ഉണ്ടായതോടെ കൃത്യമായ ഇടവേളകളില്‍ ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി.
ഏറെക്കുറെ ഒരേ മാതൃകയിലുള്ള കഥാകഥന ശൈലിയും വൈവിധ്യമില്ലായ്മയുമാണ് ഹൊറര്‍ ജോണര്‍ എക്കാലത്തും നേരിട്ട പ്രധാന പ്രതിസന്ധി. അതുകൊണ്ടുതന്നെ ലോകസിനിമയിലെ ഹൊറര്‍ ക്ലാസിക്കുകള്‍ വിരലിലെണ്ണാവുന്നവയായി ഒതുങ്ങുന്നു. ഈ ക്ലാസിക്കുകളെ പിന്‍പറ്റുന്നവയായിരുന്നു പല കാലങ്ങളില്‍, പല ഭാഷകളില്‍ പിന്തുടര്‍ന്നു വന്നവയില്‍ ഭൂരിഭാഗവും. എങ്ങനെയും ഭയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ വന്നവയാകട്ടെ കേവലവികാരം ജനിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നല്ലാതെ ദീര്‍ഘകാലം കാണികളില്‍ തങ്ങിനില്‍ക്കുന്നവയായി മാറിയില്ല. ഹൊറര്‍ സിനിമകളില്‍ വ്യത്യസ്തത കൊണ്ടുവരുന്നതില്‍ എക്കാലത്തും മുന്നില്‍നിന്നത് ഹോളിവുഡ് ആണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജോണറിലേക്കുള്ള ഇന്ത്യന്‍ സംഭാവന തീര്‍ത്തും ശുഷ്‌കമാണ്.
എ.വിന്‍സെന്റിന്റെ ഭാര്‍ഗവീനിലയത്തില്‍ തുടങ്ങി രാഹുല്‍ സദാശിവന്റെ ഭൂതകാലത്തില്‍ എത്തിനില്‍ക്കുന്നതാണ് മലയാളത്തിലെ ഹൊറര്‍ സിനിമാ ചരിത്രം. ഈ രണ്ടു സിനിമകളും പ്രേക്ഷകരെ ഭയപ്പെടുത്തുന്നതില്‍ വിജയിച്ചുവെന്നതിനൊപ്പം മലയാളത്തിന് അഭിമാനിക്കാവുന്ന സൃഷ്ടികളുമായി മാറുന്നു. ഭാര്‍ഗവീനിലയത്തിനും ഭൂതകാലത്തിനുമിടയിലെ അറുപതു വര്‍ഷത്തോളമെത്തുന്ന ചരിത്രം ചികഞ്ഞാല്‍ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇക്കാലയളവില്‍ നൂറോളം സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. ഇക്കൂട്ടത്തില്‍ എന്തെങ്കിലും സവിശേഷതകളോ പുതുമകളോ അവശേഷിപ്പിച്ചവയാകട്ടെ തീരെച്ചുരുക്കവും.
ഒരേ കഥാസങ്കേതവും പശ്ചാത്തലവും പിന്തുടരുകയും ഏതു വിധേനയും കാണികളെ ഭയപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഹൊറര്‍ ജോണര്‍ സിനിമകള്‍ പലപ്പോഴും നിര്‍മ്മിക്കപ്പെടാറ്. ഭീകരരൂപങ്ങളുടെയും പില്‍ക്കാലത്ത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും സാധ്യത ഇതിനായി ഉപയോഗപ്പെടുത്തി. എന്നാല്‍ ഭാര്‍ഗവീനിലയവും യക്ഷിയും മണിച്ചിത്രത്താഴും പോലുള്ള അപൂര്‍വ്വം സിനിമകള്‍ ആഖ്യാനത്തിലെ പുതുമ കൊണ്ടും പ്രമേയസ്വീകരണത്തിലെയും അവതരണത്തിലെയും മനശാസ്ത്രപരമായ സമീപനം കൊണ്ടും മനുഷ്യരിലെ കേവലവികാരത്തെ പുറത്തെത്തിക്കുന്നതില്‍ വിജയിച്ചു. ഭൂതകാലം എന്ന ഏറ്റവും പുതിയ ഹൊറര്‍ ചിത്രം വിജയം കാണുന്നതും ഈ വഴിയില്‍ തന്നെയാണ്.
ആള്‍ത്താമസമില്ലാത്ത, കാടുപിടിച്ച, ഭയപ്പെടുത്തുന്ന വീടുകളെ ഭാര്‍ഗവീ നിലയമാണെന്നാണ് മലയാളി ഇപ്പോഴും വിശേഷിപ്പിച്ചുപോരുന്നത്. ഇതു തന്നെയാണ് ആറു പതിറ്റാണ്ടായി ഭാര്‍ഗവിനിലയം എന്ന സിനിമയുണ്ടാക്കിയിട്ടുള്ള സ്വാധീനവും. ഒരു വീടിന്റെ അന്തരീക്ഷം തന്നെ ഭയപ്പെടുത്തുന്ന രൂപത്തില്‍ ചിട്ടപ്പെടുത്താനും എന്തോ നിഗൂഢത അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സദാ ജിജ്ഞാസ ജനിപ്പിക്കാനും ഭാര്‍ഗവിനിലയത്തിന്റെ സംവിധായകനായി. ഈ നിഗൂഢതകള്‍ ചുരുളഴിക്കുകയായിരുന്നു സിനിമ. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭയത്തിനായി ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കാറായിട്ടില്ലാത്ത കാലത്ത് പ്രമേയപരിസരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ഗതിവിഗതികള്‍ കൊണ്ടായിരുന്നു ഭാര്‍ഗവിനിലയം കാണികളെ ഭയപ്പെടുത്തിയത്. ഈ ഭയം അറുപതാണ്ട് എത്തുമ്പോഴും പുതുമ ചോരാതെ നിലനില്‍ക്കുന്നുവെന്നതാണ് ഈ സിനിമ തീര്‍ക്കുന്ന സര്‍ഗസൗന്ദര്യവും.
ഗൃഹാന്തരീക്ഷത്തിലൂടെയാണ് ഭൂതകാലവും കാണികളെ പേടിപ്പെടുത്തുന്നത്. കല്ലും മണ്ണും മരവും കൊണ്ടുതീര്‍ത്ത അചേതന വസ്തുവെങ്കിലും വീടിന് കണ്ണും കാതും മനസ്സുമുണ്ട്. നമ്മളോട് എറ്റവുമടുത്ത ഈ പരിസരം തന്നെയാകാം ഭയപ്പെടുത്തുമാറുള്ള പ്രദേശമായി മാറുന്നതും. ഇത്തരമൊരു അന്തരീക്ഷത്തിലേക്കാണ് ഭൂതകാലം പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്. ഹൊറര്‍ സിനിമകളുടെ പ്രഖ്യാപിത സ്വഭാവങ്ങള്‍ പാടേ പറിച്ചെറിഞ്ഞ് മനുഷ്യമനസ്സിലേക്കുള്ള സഞ്ചാരമാണ് ഭൂതകാലം നടത്തുന്നത്. കലുഷമായ മനസ്സിന്റെ തോന്നലുകളെയും വികാരങ്ങളെയും ഭയവുമായി കൃത്യം സങ്കലനം ചെയ്തിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളിലൊന്നായ ഭയം സദാ അവന്റെ ഉള്ളില്‍ തന്നെയുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ അത് മറനീക്കി പുറത്തുവരും. ഭാര്‍ഗവീനിലയത്തില്‍ എത്തുന്ന എഴുത്തുകാരനും ഭൂതകാലത്തില്‍ വാടകവീട്ടിലെ അന്തരീക്ഷത്തില്‍ അമ്മയും മകനും കടന്നുപോകുന്ന അനുഭവങ്ങളും ഈ ഭയത്തിന്റെ മറനീക്കല്‍ തന്നെ.
ജീവിതത്തില്‍ നല്ല കാര്യങ്ങളൊന്നും സംഭവിക്കാതാകുന്നതോടെ സന്തോഷങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടവരാണ് ഭൂതകാലത്തിലെ അമ്മയും മകനും. അത്രയേറെ സ്‌നേഹിക്കുന്നവരാണെങ്കിലും ഈ സമാധാനമില്ലായ്മയില്‍ കലഹിക്കുന്നവരും പരസ്പരം കുറ്റപ്പെടുത്തുന്നവരുമാണിവര്‍. സ്വസ്ഥതയില്ലാത്ത ദിവസങ്ങള്‍ ഇവര്‍ക്ക് സംഭവിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. ഈ സമാധാനമില്ലായ്മയിലേക്കാണ് ഭയം കടന്നുവരുന്നത്. അസ്വസ്ഥമായ ഭൂതകാലം അവരെ വേട്ടയാടുന്നു. ശബ്ദത്തിന്റേയും രൂപത്തിന്റേയും സാന്നിധ്യത്തില്‍ ആദ്യം മകനിലേക്കും പിന്നീട് അമ്മയിലേക്കും ഭയം കടന്നുവരുന്നതോടെ ആ വീടും അവിടത്തെ രാത്രികളും അവര്‍ക്ക് അങ്ങേയറ്റം ഭീതിദമായി മാറുന്നു. സാധാരണ ഗൃഹാന്തരീക്ഷത്തിലെ ദൈനംദിന വിഷയങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോയി വളരെ സ്വാഭാവികമായാണ് ഈ സിനിമയില്‍ ഭയം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ കാണികള്‍ക്ക് ഇത് എളുപ്പത്തില്‍ തങ്ങളോട് ബന്ധപ്പെടുത്താന്‍ സാധിക്കുന്നു. മനസ്സിന്റെ പിടി അയഞ്ഞുപോകുന്നതോടെ കാണുന്ന കാഴ്ചകള്‍ വിചിത്രവും ഭയപ്പെടുത്തുന്നതുമായി മാറും. ഭയപ്പെടുത്തുന്നതിനായി ബോധപൂര്‍വ്വം ഈ സിനിമ ഒന്നും ചെയ്യുന്നില്ല. കഥാപാത്രങ്ങളില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഭയം അതേ ആവേഗത്തോടെ കാണികളിലേക്കും പടരുകയാണ്.
ഭയം എന്ന വികാരത്തെ മന:ശാസ്ത്രപരമായി സമീപിക്കുന്ന ഈ രീതി അവലംബിച്ച സിനിമകള്‍ മലയാളത്തില്‍ അധികമുണ്ടായിട്ടില്ല. ഇക്കൂട്ടത്തില്‍ പ്രഥമപരിഗണനയര്‍ഹിക്കുന്നതാണ് കെ.എസ്.സേതുമാധവന്റെ യക്ഷി. യക്ഷീരൂപങ്ങളോ പ്രേതസാന്നിധ്യങ്ങളോ ഇല്ലാതെ പ്രേക്ഷകരെ ഭയപ്പെടുത്തിയ യക്ഷി മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമ എന്ന പരിഗണനയര്‍ഹിക്കുന്നു. മനസ്സിന്റെ തോന്നലുകളെയും ചോദനകളെയും വികാരങ്ങളെയും ഭയത്തിന്റെ പാളിയില്‍ സങ്കലനം ചെയ്യുന്ന ആഖ്യാനം ഏറെ പുതുമയുള്ളതായിരുന്നു. സിനിമ നാടകീയതയില്‍നിന്ന് വിട്ടുപോരാന്‍ മടികാണിച്ചിരുന്ന കാലത്തായിരുന്നു ഇതെന്നോര്‍ക്കണം.
ഭാര്‍ഗവിനിലയത്തിനും യക്ഷിക്കും സാഹിത്യസൃഷ്ടികളുടെ ചലച്ചിത്രാവിഷ്‌കാരം എന്ന അലങ്കാരം ഉണ്ടായിരുന്നെങ്കില്‍ എം.കൃഷ്ണന്‍ നായരുടെ കള്ളിയങ്കാട്ടു നീലിക്കു പിന്നില്‍ നാടോടിക്കഥയുടെ പശ്ചാത്തലമായിരുന്നു. തലമുറകള്‍ കൈമാറിവന്ന കെട്ടുകഥയിലെ യക്ഷിയാണ് കള്ളിയങ്കാട്ട് നീലി. അതിപ്രശസ്തമായ ഈ നാമവും കഥാപശ്ചാത്തലവും തുടര്‍ന്നു പുറത്തിറങ്ങിയ ഹൊറര്‍ സിനിമകള്‍ക്ക് മാതൃകയായി. പ്രതിനായകരാലും ചതിപ്രയോഗത്തിലൂടെയും കൊല്ലപ്പെടുകയും യക്ഷീരൂപത്തില്‍ പ്രതികാരം ചെയ്യാനെത്തുകയും ചെയ്യുന്ന കഥാകഥന രീതിക്ക് കള്ളിയങ്കാട്ട് നീലി പ്രചോദനമായി.
കള്ളിയങ്കാട്ട് നീലിക്കു പുറമേ പ്രേതങ്ങളുടെ പ്രതികാരകഥകള്‍ക്ക് മലയാളത്തില്‍ വന്‍പ്രചാരം ലഭിച്ചതിനു പിന്നില്‍ ബേബിയുടെ ലിസയുടെ വന്‍വിജയമായിരുന്നു. പ്രതികാരത്തിനായി മറ്റൊരു ശരീരത്തില്‍ കയറിക്കൂടുകയും മരിച്ചുപോയ ആളെപ്പോലെ പെരുമാറുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു ലിസയില്‍. ഈ സിനിമയിലെ പ്രതികാര രീതിയും പ്രതികാര ത്വരയ്ക്കു പിന്നിലെ സംഭവങ്ങള്‍ ചുരുളഴിക്കുന്ന അന്വേഷണ ഘട്ടങ്ങളും പില്‍ക്കാലസിനിമകള്‍ മാതൃകയാക്കി. വിജയചിത്രങ്ങളുടെ മാതൃക പിന്തുടരുക എന്നതില്‍കവിഞ്ഞ് കള്ളിയങ്കാട്ടു നീലിയെയും ലിസയെയും പിന്‍പറ്റി എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമകളില്‍ മറ്റെന്തെങ്കിലും പുതുമ കണ്ടെത്താനാകില്ല. ചതിയിലും വഞ്ചനയിലും കൊല്ലപ്പെടുക, പ്രതികാരം ചോദിക്കാനെത്തുക, മന്ത്രവാദിയാല്‍ തളയ്ക്കപ്പെടുക എന്ന പശ്ചാത്തലമാണ് ഈ സിനിമകള്‍ പിന്തുടര്‍ന്നത്. ദുര്‍ദേവതകളും ദുര്‍മന്ത്രവാദവും പ്രമേയമാക്കിയ ശ്രീകൃഷ്ണപ്പരുന്തും അഥര്‍വ്വവും ഇക്കൂട്ടത്തില്‍ വേറിട്ടുനിന്നവയാണ്.
സങ്കീര്‍ണമായ കഥാപരിസരത്തെ മന:ശാസ്ത്രപരമായ സമീപനം കൊണ്ട് വിശ്വസനീയമായി അവതരിപ്പിച്ചതായിരുന്നു മണിച്ചിത്രത്താഴിന്റെ വിജയം. പ്രേതബാധ, പ്രതികാരം, ബാധയൊഴിപ്പിക്കല്‍ എന്നിവ സമാന്തരമായി കടന്നുവരുന്നെങ്കില്‍ കൂടി കഥപറച്ചിലിന്റെ പുതുമയും സൗന്ദര്യവും ഒഴുക്കും പൂര്‍വ്വമാതൃകയില്ലാത്തതായിരുന്നു. മനുഷ്യമനസ്സിലെ ജിജ്ഞാസയെയും ഭയത്തെയും ചേര്‍ത്തിണക്കി അവതരിപ്പിക്കുകയും അതിന് യുക്തിസഹമായ ഒരു പശ്ചാത്തലം നല്‍കുക കൂടി ചെയ്തപ്പോള്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകപരിഗണന ലഭിച്ച സിനിമകളിലൊന്ന് സംഭവിക്കുകയായിരുന്നു.
മലയാളത്തിലെ ഭൂരിഭാഗം ഹൊറര്‍ സിനിമകളുടെയും കഥാപശ്ചാത്തലം തീര്‍ത്തും യുക്തിരഹിതമായിരുന്നു. സാമാന്യയുക്തിയോട് ഏറെ അകന്നുനില്‍ക്കുന്ന ഇത്തരം സിനിമകള്‍ രൂപങ്ങള്‍ കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടും കാണികളെ പേടിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. 1978ല്‍ ലിസയുടെ വന്‍വിജയത്തെ തുടര്‍ന്ന് എണ്‍പതുകളില്‍ പ്രതികാരദാഹവുമായെത്തുന്ന ആത്മാക്കളുടെ കഥപറഞ്ഞ ഹൊറര്‍ചിത്ര പരമ്പരകള്‍ രൂപപ്പെട്ടതിനു സമാനമായിരുന്നു 1999ല്‍ വിനയന്റെ ആകാശഗംഗയുടെ തിയേറ്റര്‍ വിജയത്തെ തുടര്‍ന്ന് രണ്ടായിരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഉണ്ടായ തരംഗം. ഒരു വിജയചിത്രത്തെ പിന്‍പറ്റി സിനിമകളൊരുക്കുക എന്ന കേവല കച്ചവടതന്ത്രം മാത്രമായിരുന്നു ഈ സിനിമകള്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും പ്രേക്ഷകശ്രദ്ധ ലഭിക്കാതെ പോകുകയാണുണ്ടായത്. ഈ ഭാര്‍ഗവീനിലയം, ഡ്രാക്കുള തുടങ്ങിയ പ്രശസ്ത സിനിമകളുടെ പേരുകള്‍ പോലും ഇക്കാലയളവില്‍ പരീക്ഷിക്കുകയുണ്ടായി. പൂര്‍വജ•ത്തിലെ ബന്ധം, വഞ്ചനയുടെ കഥ, നിഷ്ഠൂര കൊലപാതകം, ബാധകയറല്‍, പ്രതികാരം, ഉച്ചാടനം, ആവാഹനം തുടങ്ങിയ വാക്കുകള്‍ ഇത്തരം സിനിമകളുടെ പ്രമേയത്തില്‍ ഒരേപടി കടന്നുവന്നു. പ്രേതഭയത്തെ തുടര്‍ന്നുള്ള ഹാസ്യരംഗങ്ങളും അവ സൃഷ്ടിക്കുന്നതിനായിട്ടുള്ള കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ സിനിമകളില്‍ ആവര്‍ത്തിച്ചു.
എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതന്‍, അനന്തഭദ്രം തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ ഹൊറര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ലെങ്കിലും കഥപറച്ചിലില്‍ ഭയമെന്ന വികാരത്തെയും പ്രേതാത്മക്കളെന്ന സങ്കല്‍പ്പത്തെക്കൂടി കൂട്ടുപിടിച്ച് കഥപറഞ്ഞവയായിരുന്നു. അപരിചിതന്‍ (ഓജോ ബോര്‍ഡ്), പ്രേതം (മെന്റലിസം), ദി പ്രീസ്റ്റ് (എക്‌സോര്‍സിസം) തുടങ്ങിയ സിനിമകള്‍ പ്രേതോച്ചാടനത്തിനുള്ള പുതിയ സങ്കേതങ്ങള്‍ പരീക്ഷിക്കുന്നതില്‍ ശ്രദ്ധ വച്ചപ്പോള്‍ ചുറ്റുമുള്ള വസ്തുകള്‍ നെഗറ്റീവ് എനര്‍ജിയായി ജീവനു തന്നെ ഭീഷണിയായേക്കാമെന്ന പ്രമേയം പങ്കുവച്ച ചതുര്‍മുഖം ടെക്‌നോ ഹൊറര്‍ എന്ന പുതിയ സങ്കേതമാണ് പരീക്ഷിച്ചത്. സമീപകാലത്ത് പുറത്തിറങ്ങിയവയില്‍ പതിവു ഹൊറര്‍ പ്രമേയപരിസരത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ ശ്രമിച്ച സിനിമയായിരുന്നു എസ്ര.
മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജനുവരി 28, ഷോ റീല്‍ -4
No comments:
Post a Comment