Monday, 28 March 2022

ദി പ്രിന്‍സ്, യുവതുര്‍ക്കി, ദുബായ്, കാസനോവ.. വന്‍ പ്രതീക്ഷ നല്‍കി തിയേറ്ററില്‍ കൂപ്പുകുത്തിയ സിനിമകള്‍


വലിയ പ്രതീക്ഷയില്‍ വന്ന് തിയേറ്ററില്‍ അമ്പേ പരാജയപ്പെട്ടുപോകുന്ന ചില സിനിമകളുണ്ട്. പ്രീ പബ്ലിസിറ്റിയും താരമൂല്യവുമാണ് ഇത്തരം സിനിമകളുടെ പ്രതീക്ഷ വലുതാക്കുന്നത്. എന്നാല്‍ അതിനൊത്ത് ഉള്ളടക്കത്തില്‍ ഗുണം പുലര്‍ത്താന്‍ കഴിയാതെ പോകുന്നതോടെ ഇവ ബോക്‌സ് ഓഫീസ് ദുരന്തമാകുന്നു. നിര്‍മ്മാതാവിനും സാങ്കേതികപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം പ്രേക്ഷകരും ഈ സിനിമകളെ തങ്ങളുടെ നഷ്ടത്തിന്റെ പേരില്‍ മാത്രമായിരിക്കും പില്‍ക്കാലത്ത് ഓര്‍മ്മിക്കുക. 

മലയാള സിനിമ വ്യാവസായികമായി വളര്‍ന്ന എണ്‍പതുകളിലാണ് ബിഗ് ബജറ്റ് സിനിമകള്‍ കാര്യമായി നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയത്. താരമൂല്യമുള്ള ഒന്നിലേറെ നായകനടന്മാര്‍ ഒന്നിച്ച് ഒരു സിനിമയില്‍ അണിനിരക്കുമ്പോഴുള്ള പ്രേക്ഷകപ്രീതിയും വിപണനസാധ്യതയും മുതലെടുക്കുന്നതായിരുന്നു ഈ ബിഗ് ബജറ്റ് സിനിമകളിലേറെയും. ബ്ലാക്ക് ആന്റ് വൈറ്റ് കാലം തൊട്ട് ഈ പതിവ് ഉണ്ടെങ്കില്‍ പോലും പിന്നീടിത് വിപണിമൂല്യം മാത്രം ലക്ഷ്യമിട്ടുള്ളതായി.

കച്ചവടം ലക്ഷ്യമിട്ടുള്ള താരകേന്ദ്രീകൃത സിനിമകള്‍ വലിയ കാന്‍വാസിലും മുതല്‍മുടക്കിലും നിര്‍മ്മിക്കപ്പെട്ടതോടെ പ്രമേയത്തിനും മുകളില്‍ താരങ്ങള്‍ സാന്നിധ്യങ്ങളായി മാറാന്‍ തുടങ്ങി. തൊണ്ണൂറുകള്‍ക്ക് മുമ്പുണ്ടായ മള്‍ട്ടിസ്റ്റാര്‍, ബിഗ് ബജറ്റ് സിനിമകള്‍ പ്രമേയത്തിലും കലാമൂല്യത്തിലും ശ്രദ്ധവച്ചെങ്കില്‍ അതിനുശേഷം പൂര്‍ണമായും താരകേന്ദ്രീകൃതമായി. താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ കൂടി രൂപപ്പെട്ടതോടെ ഇത്തരം സൂപ്പര്‍താര സിനിമകള്‍ക്കുള്ള പ്രീ റിലീസ് ഹൈപ്പിന്റെ സാധ്യത വലുതായി. ഇത്തരം വന്‍ ഹൈപ്പുകളാണ് പില്‍ക്കാലത്ത് പല സിനിമകളുടെയും പരാജയത്തിന്റെ ആക്കം കൂട്ടാനിടയാക്കിയത്.


വന്‍കിട താരങ്ങള്‍ ഒരു ചെറിയ കാന്‍വാസിലുള്ള സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ പ്രതീക്ഷയാണ് ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകുമ്പോള്‍ ആരാധകര്‍ക്ക് സ്വാഭാവികമായും ഉണ്ടാകുക. ഒരു സൂപ്പര്‍താരത്തിന്റെ താരമൂല്യത്തിനനുസരിച്ച് പണം മുടക്കാന്‍ എക്കാലത്തും നിര്‍മ്മാണക്കമ്പനികള്‍ തയ്യാറാണ്. ഒരാളുടെ വിപണിമൂല്യം എത്രത്തോളം ഉയര്‍ന്നു നില്‍ക്കുന്നുവോ മുടക്കുന്ന പണത്തിന്റെ തോത് അത്രതന്നെ ഉയരും. പണത്തിന്റെ ഈ മൂല്യം സിനിമയുടെ പ്രഖ്യാപനവും പ്രീ പ്രൊഡക്ഷന്‍ ഘട്ടവും തൊട്ട് പ്രചാരണ വേലകളെയും സ്വാധീനിക്കും. പ്രേക്ഷകപ്രതീക്ഷയെ അത്രമേല്‍ ഉന്നതിയിലെത്തിക്കുന്ന പബ്ലിസിറ്റിയായിരിക്കും ഇത്തരം സിനിമകള്‍ക്ക് റിലീസിനു മുമ്പ് ലഭിക്കുക. ഇങ്ങനെ അമിതമായ പ്രതീക്ഷാഭാരവുമായി എത്തി ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരെ ആകര്‍ഷിക്കാനാകാതെ തിയേറ്ററില്‍ തകര്‍ന്ന നിരവധി ചിത്രങ്ങളാണ് മലയാളത്തിലുള്ളത്. 

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെട്ട കടത്തനാടന്‍ അമ്പാടി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചരിത്ര സിനിമകള്‍ക്കിടയില്‍ കടന്നുപോയ മൂന്ന് പതിറ്റാണ്ട് കാലത്ത് ഒട്ടനവധി താരകേന്ദ്രീകൃത സിനിമകളാണ് ഇങ്ങനെ തിയേറ്ററില്‍ പിടികിട്ടാതെ നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോയത്. താരങ്ങള്‍ക്ക് വലിയ പോറല്‍ ഏല്‍ക്കാറില്ലെങ്കിലും സിനിമയുടെ വന്‍പരാജയത്തോടെ പല നിര്‍മ്മാതാക്കളും സിനിമാ മേഖലയില്‍നിന്ന് പൂര്‍ണമായോ ഭാഗികമായോ തൂത്തുകളയപ്പെടാറുണ്ടെന്നതാണ് ചരിത്രം.

1990 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍-േമാഹന്‍ലാല്‍ കൂട്ടുകെട്ടിലെ കടത്തനാടന്‍ അമ്പാടിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് പ്രേംനസീറിന്റെ മരണശേഷം പുറത്തിറങ്ങിയ സിനിമയെന്നതായിരുന്നു. തിയേറ്റര്‍ റിലീസിന് നാലു വര്‍ഷം മുമ്പ് ഷൂട്ടിംഗ് ആരംഭിക്കുകയും ഇടയ്ക്ക് മുടങ്ങുകയും കോടതിയുടെ നൂലാമാലകളില്‍ പെടുകയും ചെയ്ത സിനിമയുടെ ഗതി ഏറെക്കുറെ നേരത്തെ തന്നെ നിര്‍ണയിക്കപ്പെട്ടതായിരുന്നു. വടക്കന്‍പാട്ടിലെ വീരചരിതങ്ങളെ കേന്ദ്രമാക്കി മലയാളത്തിലിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചതെന്ന ഖ്യാതി നേടിയ ഒരു വടക്കന്‍ വീരഗാഥ റിലീസ് ചെയ്തതിനു ശേഷമായിരുന്നു കടത്തനാടന്‍ അമ്പാടിയുടെ റിലീസ് സാധ്യമായത്. പഴയ വടക്കന്‍പാട്ട് സിനിമാ പ്രമേയ സങ്കേതങ്ങളെ മാതൃകയാക്കി നിര്‍മ്മിക്കപ്പെട്ട കടത്തനാടന്‍ അമ്പാടിക്ക് വടക്കന്‍ വീരഗാഥ ഉണ്ടാക്കിയ വഴിത്തിരിവിനു ശേഷം പിടിച്ചുനില്‍ക്കുക തീര്‍ത്തും അസാധ്യമായിരുന്നു. കാലം തെറ്റിയിറങ്ങേണ്ടി വന്ന ഈ സിനിമയ്ക്ക് മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍താരമായ പ്രേംനസീറിന്റെ സാന്നിധ്യവും മോഹന്‍ലാലിന്റെ സൂപ്പര്‍താര പരിവേഷവും കൊണ്ട് ആദ്യദിവസങ്ങളില്‍ ആളുകളെ തിയേറ്ററിലെത്തിക്കാനായെങ്കിലും പഴകിപ്പതിഞ്ഞ പ്രമേയ പരിസരവും ആഖ്യാനശൈലിയും സിനിമയെ പ്രേക്ഷകരില്‍ നിന്ന് അകറ്റി. ഫലമോ ബിഗ് ബജറ്റില്‍ രണ്ടു തലമുറ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവുമായി വന്‍ പ്രതീക്ഷകളുമായി എത്തിയ ചിത്രം ബോക്‌സ ഓഫീസ് ദുരന്തമായി. കടത്തനാടന്‍ അമ്പാടിയുടെ പരാജയത്തോടെ തൊണ്ണൂറുകളില്‍ വടക്കന്‍പാട്ട് സിനിമകളില്‍ കൈവയ്ക്കാന്‍ മുന്‍നിര താരങ്ങളോ സാങ്കേതികപ്രവര്‍ത്തകരോ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.


തൊണ്ണൂറുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തുല്യ താരമൂല്യമുണ്ടായിരുന്ന സുരേഷ് ഗോപിക്കു വേണ്ടി ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മ്മിക്കാന്‍ വന്‍കിട നിര്‍മ്മാണക്കമ്പനികള്‍ തയ്യാറായിരുന്നു. ഏകലവ്യനും മാഫിയയും കമ്മീഷണറും ബോക്‌സ് ഓഫീസില്‍ തീര്‍ത്ത തരംഗത്തിന്റെ വെളിച്ചത്തില്‍ സുരേഷ് ഗോപിയുടെ വമ്പിച്ച ജനപ്രീതിയും തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ പോന്ന ഗാംഭീര്യവും കൈമുതലാക്കിയായിരുന്നു ഭദ്രന്‍ യുവതുര്‍ക്കി ഒരുക്കിയത്. സ്ഫടികത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ, തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ വിജയശാന്തിയുടെ സാന്നിധ്യം, അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മാണ പങ്കാളിയായ ഏക മലയാള സിനിമ തുടങ്ങിയ വലിയ പ്രത്യേകതകളോടെയായിരുന്നു യുവതുര്‍ക്കി 1996ലെ ഓണത്തിന് റിലീസ് ചെയ്തത്. കേരളത്തിലെ പ്രേക്ഷകര്‍ക്ക് അത്രകണ്ട് പരിചിതമല്ലാത്ത ഉത്തരേന്ത്യന്‍ രാഷ്ട്രീയവും പ്രത്യേകിച്ച് അന്നത്തെ ഡല്‍ഹി രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളും വിവാദ കഥാപാത്രങ്ങളുമായിരുന്നു യുവതുര്‍ക്കിക്ക് പ്രമേയമായത്. ഭൂരിഭാഗവും ന്യൂഡല്‍ഹിയിലെ മര്‍മ്മപ്രധാന സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുകയും പൂര്‍ണതയ്ക്കു വേണ്ടി നിര്‍മ്മാണക്കമ്പനി വിട്ടുവീഴ്ച ചെയ്യുകയും ചെയ്തതോടെ വന്‍ ബജറ്റിലേക്കേ് യുവതുര്‍ക്കിയുടെ നിര്‍മ്മാണച്ചെലവ് നീങ്ങി. മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന സിനിമയായിട്ടാണ് യുവതുര്‍ക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കാലത്തിന് മുമ്പേ സഞ്ചരിച്ച, മലയാള സിനിമയ്ക്ക് അത്രകണ്ട് പരിചിതമല്ലാത്ത മേക്കിംഗ് രീതി ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ആകര്‍ഷിച്ചപ്പോള്‍ ആദ്യദിവസങ്ങളിലെ ആരവം കെട്ടടങ്ങി. മികച്ച നിലവാരത്തിലും ബജറ്റിലും നിര്‍മ്മിക്കപ്പെട്ട സിനിമയുടെ കളക്ഷന്‍ കുത്തനെ താഴേക്കായി. സെവന്‍ ആര്‍ട്‌സിനും അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷനും ചിത്രം വന്‍ നഷ്ടം വരുത്തി. 

യുവതുര്‍ക്കിക്കൊപ്പം പുറത്തിറങ്ങിയ മറ്റൊരു സൂപ്പര്‍താര ചിത്രമായ ദി പ്രിന്‍സിനും തിയേറ്ററില്‍ നിന്ന് വന്‍തിരിച്ചടിയാണ് നേരിട്ടത്. യുവതുര്‍ക്കി ഇപ്പോഴും ഒരു വിഭാഗം പ്രേക്ഷകരുടെ കാഴ്ചയിലും ചര്‍ച്ചയിലും നിലനില്‍ക്കുന്ന സിനിമയാണെങ്കില്‍ ദി പ്രിന്‍സ് ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സിനിമയാണ്. ആകര്‍ഷകമായ പേരു മുതല്‍ മോഹന്‍ലാലിന്റെ ഒരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചവര്‍ക്ക് ലഭിച്ച തിയേറ്റര്‍ അനുഭവം തീര്‍ത്തും നനഞ്ഞുകുതിര്‍ന്നൊരു പടക്കമായിരുന്നു. രജനീകാന്തിന്റെ ബാഷ എന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റിനു ശേഷം സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയെന്നതായിരുന്നു ദി പ്രിന്‍സിന്റെ വലിയ ആകര്‍ഷണം. പക്ഷേ ബാഷയില്‍ രജനീകാന്തിനൊപ്പം തീര്‍ത്ത അപാരമായ കാഴ്ചാനുഭവം മോഹന്‍ലാലിനൊപ്പം തീര്‍ക്കാന്‍ സുരേഷ് കൃഷ്ണയ്ക്കായില്ല. ചെന്നെ ആയിരുന്നു കഥാപശ്ചാത്തലം. കഥാപാത്രങ്ങള്‍ മിക്കതും മലയാളത്തിനു പുറത്തുള്ളവര്‍. മറ്റു കഥാപാത്രങ്ങളോടും പശ്ചാത്തലത്തിനോടും സാമ്യത കിട്ടാനായി മിക്‌സിംഗില്‍ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ വരുത്തിയ വ്യത്യാസം കാണികള്‍ക്ക് രസിച്ചില്ല. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മോശം സിനിമകളിലൊന്നായിട്ടാണ് കാണികള്‍ പ്രിന്‍സിനെ വിലയിരുത്തിയത്. തിയേറ്ററില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിനായില്ല.

പുതിയ സഹസ്രാബ്ദത്തില്‍ അതേ പേരു കടംകൊണ്ടുള്ള ജയരാജിന്റെ മള്‍ട്ടിസ്റ്റാര്‍ ബിഗ് ബജറ്റ് സിനിമ മില്ലേനിയം സ്റ്റാര്‍സ് തിയേറ്ററില്‍ അമ്പേ പരാജയമായ സിനിമയാണ്. പ്രമേയപരിസരത്തിലും ആഖ്യാനത്തിലും പുതുമ നിലനിര്‍ത്തിയ ഈ മ്യൂസിക്കല്‍ ത്രില്ലറിനെ ഉള്‍ക്കൊള്ളാന്‍ കാണികള്‍ തയ്യാറായില്ല. സുരേഷ്‌ഗോപി, ജയറാം, ബിജുമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമ മുംബൈ നഗരപ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്.


ദി പ്രിന്‍സ് പോലെ സിനിമയുടെ പേര് പ്രഖ്യാപിച്ചതു മുതല്‍ക്കുള്ള പ്രതീക്ഷയും മമ്മൂട്ടി-ജോഷി-രഞ്ജിപണിക്കര്‍ കൂട്ടുകെട്ടിന്റെ സാന്നിധ്യവും മമ്മൂട്ടിയുടെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ദുബായ് എന്ന സിനിമയ്ക്ക് മലയാളത്തില്‍ അതുവരെ മറ്റൊരു സിനിമയ്ക്കും കിട്ടാത്ത പ്രീ പബ്ലിസിറ്റിയാണ് ഉണ്ടാക്കിയത്. പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തില്‍ അതുവരെയുള്ളതില്‍ ഏറ്റവും ചെലവേറിയതായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഒരു തരത്തിലും ആകര്‍ഷിക്കാന്‍ ഈ സിനിമക്കായില്ല. തിയേറ്റര്‍ കളക്ഷനില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നായി ഈ ചിത്രം മാറി.

അതിരാത്രം, ആവനാഴി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ നേര്‍ക്കുനേര്‍ വന്ന ബല്‍റാം v/s ്താരാദാസ് എന്ന ഐവി ശശി ചിത്രം റിലീസിനു മുമ്പ് ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ ചിത്രങ്ങളിലൊന്നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച രണ്ട് ആക്ഷന്‍ ത്രില്ലറുകളിലെ കഥാപാത്രങ്ങള്‍ രംഗത്തെത്തുകയും ഈ ചിത്രങ്ങളുടെ സംവിധായകനും നായകനും തിരക്കഥാകൃത്തും വീണ്ടും ഒന്നിച്ചണിനിരക്കുകയും ചെയ്യുമ്പോഴത്തെ പ്രതീക്ഷ വാനോളമുയരുമെന്ന് തീര്‍ച്ച. റിലീസ് ദിവസം തലേന്ന് രാത്രി തന്നെ ആരാധകര്‍ തിയേറ്ററിലെത്തി. പാതിരാത്രി പിന്നിട്ടതോടെ പലയിടങ്ങളിലും ഷോ ആരംഭിക്കേണ്ടി വന്നു. എന്നാല്‍ കള്‍ട്ട് പദവിനേടിയ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ചൂടും ചൂരും പുതിയ സിനിമയില്‍ ആവര്‍ത്തിച്ചില്ല. ഫലം, വലിയ പ്രതീക്ഷ പുലര്‍ത്തി പ്രേക്ഷകര്‍ ഒരിക്കല്‍കൂടി കാണാന്‍ താത്പര്യപ്പെടാത്ത സിനിമകളുടെ കൂട്ടത്തില്‍ ഒന്നുകൂടി ചേര്‍ക്കപ്പെടുക മാത്രമുണ്ടായി.

ഈ സിനിമയുടെ ആവര്‍ത്തനം പോലെയായിരുന്നു ഷാജി കൈലാസ് ചിത്രം ദി കിംഗ് ആന്റ് ദി കമ്മീഷണറിന്റെയും വിധി. മലയാളത്തില്‍ കള്‍ട്ട് സ്റ്റാറ്റസ് ഉള്ള രണ്ട് നായക കഥാപാത്രങ്ങളും സിനിമകളും പേരുള്‍പ്പടെ ആവര്‍ത്തിക്കുകയായിരുന്നു ഈ ചിത്രത്തില്‍. സ്വാഭാവികമായും ആരാധകപ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ രണ്ട് കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിക്കത്തക്ക രീതിയില്‍ ബോധപൂര്‍വ്വം എഴുതിയുണ്ടാക്കിയ തിരക്കഥയില്‍ പാളിച്ചകള്‍ ഏറെയായിരുന്നു. ഇത് പ്രേക്ഷകരില്‍ യാതൊരു തരത്തിലും ഉദ്വേഗം ജനിപ്പിക്കുന്നതായിരുന്നില്ല. രണ്ട് സൂപ്പര്‍താരങ്ങള്‍ കേന്ദ്രമായ ബിഗ് ബജറ്റ് ചിത്രം തിയേറ്ററില്‍ ആദ്യദിവസങ്ങളിലെ ഓളത്തോടെ കെട്ടടങ്ങി.

മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവ മലയാളത്തില്‍ അതുവരെയുണ്ടായതില്‍ ഏറ്റവും വലിയ സിനിമയായിരുന്നു. മുടക്കുമുതല്‍ കൊണ്ടും വിദേശത്തെ ചിത്രീകരണം കൊണ്ടും പ്രണയസങ്കല്‍പ്പങ്ങളുടെ ഉദാത്ത രൂപത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുവെന്നുമുള്ള പ്രതീക്ഷകള്‍ കാസനോവയെന്ന വലിയ ചിത്രത്തിന്റെ മാര്‍ക്കറ്റ് വലുതാക്കി. അതുവരെയുണ്ടായ വലിയ തിയേറ്റര്‍ റിലീസോടെ കാസനോവയെ വരവേറ്റെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ പരാജയ ചിത്രമാകാനായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ വിധി. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഘടകങ്ങളൊന്നും ഫലപ്രദമാകാതെ പോയതോടെ മോഹന്‍ലാല്‍ ആരാധകര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്ന സിനിമയായി കാസനോവ മാറി.


മമ്മൂട്ടിയും തമിഴ് സൂപ്പര്‍താരം അര്‍ജുനും നായകന്മാരായ വന്ദേമാതരമാണ് പ്രേക്ഷകരെ ഒരു തരത്തിലും ആകര്‍ഷിക്കാനാകാതെ പോയ മറ്റൊരു ബിഗ് ബജറ്റ് ചിത്രം. രണ്ട് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കായി മള്‍ട്ടി ലാംഗ്വേജ് റിലീസടക്കം ഒരുക്കിയിട്ടും ദുര്‍ബലമായ തിരക്കഥയും അവതരണത്തിലെ പുതുമയില്ലായ്മയും വന്ദേമാതരത്തെ ആളുകളില്‍ നിന്നകറ്റി.

ജയരാജ് സംവിധാനം ചെയ്ത ചരിത്രസിനിമ വീരം 35 കോടി ബജറ്റിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഈ സിനിമയുടെ റിലീസ് വേളയില്‍ മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമായിരുന്നു ഇത്. അന്യഭാഷാ നായകനെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചില്ല. സിനിമ ആഖ്യാനശൈലി കൊണ്ട് ശ്രദ്ധേയമാണെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ പരാജയമായി, ഫലം തിയേറ്റര്‍ റിലീസില്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ച സിനിമകളിലൊന്നായി വീരം അവശേഷിച്ചു.

മലയാള സിനിമയുടെ നിര്‍മ്മാണച്ചെലവ് 10 കോടിക്കു മുകളിലേക്ക് ഉയര്‍ന്നത് പോയ പതിറ്റാണ്ടിന്റെ തുടക്കത്തോടെയാണ്. ഈ കാലയളവില്‍ വന്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങി, തിയേറ്ററില്‍ നിന്ന് അത് തിരിച്ചുപിടിക്കാന്‍ കഴിയാതെ പോയ സൂപ്പര്‍താര ചിത്രങ്ങളാണ് ലൈലാ ഓ ലൈല, ലോക്പാല്‍, കമ്മാരസംഭവം, ജാക്ക് ഡാനിയല്‍ എന്നിവ. ഇതില്‍ കമ്മാരസംഭവം ആഖ്യാനശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും വന്‍ ബജറ്റിനെ സാധൂരിക്കുന്ന വിജയം തിയേറ്ററില്‍ നേടാനായില്ല.

വലിയ പ്രീ പബ്ലിസിറ്റി ലഭിച്ച് തിയേറ്ററില്‍ കാര്യമായ ചലനമുണ്ടാക്കാനാകാതെ പോയ സിനിമകളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടം പിടിക്കുന്നവയാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം, ആറാട്ട് എന്നീ ചിത്രങ്ങള്‍. 


മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന ഖ്യാതിയോടെയാണ് പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. റിലീസിനു മുമ്പ് ഇത്രയധികം പബ്ലിസിറ്റി ലഭിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് ആഗോള കാണികള്‍ക്കു മുന്നിലേക്ക് ഒരു സിനിമ എന്ന വിശേഷണത്തോടെ വിവിധ ഭാഷകളിലായി റെക്കോര്‍ഡ് സ്‌ക്രീനുകളിലും രണ്ടാഴ്ചയ്ക്കു ശേഷം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്ത മരക്കാര്‍ പരസ്യവരുമാനം കൊണ്ടും പ്രീ ബുക്കിംഗ് കൊണ്ടും മാത്രം മുടക്കുമുതലായ 100 കോടി തിരിച്ചുപിടിച്ചെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. 

വന്‍ പരസ്യ, അവകാശവാദ ഘോഷങ്ങളോടെ തിയേറ്ററിലെത്തിയ സിനിമയുടെ പെരുമയ്ക്കു ചേരും വിധമുള്ള വരവേല്പ് തന്നെ പ്രേക്ഷകര്‍ നല്‍കി. കേരളത്തിലെ 90 ശതമാനത്തിലേറെ തിയേറ്ററുകളിലും മരക്കാര്‍ ആയിരുന്നു റിലീസ്. മറ്റു സിനിമകള്‍ മരക്കാറിനു വേണ്ടി വഴിമാറിക്കൊടുത്തു. മിക്ക തിയേറ്ററുകളിലും പാതിരാത്രി തന്നെ ആദ്യ പ്രദര്‍ശനം തുടങ്ങി. കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോഴത്തെ ഏറ്റവും പ്രത്യാശാകരമായ കാഴ്ച തന്നെയായിരുന്നു ഇത്.

എന്നാല്‍ ഉറക്കമൊഴിച്ച് ആദ്യ പ്രദര്‍ശനം കണ്ടുതീര്‍ത്ത പ്രേക്ഷകരില്‍ മരക്കാര്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല, കടുത്ത നിരാശയും കൂടിയാണ് സമ്മാനിച്ചത്. ആദ്യദിവസത്തെ മൂന്നോ നാലോ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ ഇതായിരുന്നില്ല, തങ്ങള്‍ പ്രതീക്ഷിച്ച മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന് പ്രേക്ഷകരില്‍ നിന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. വളരെ ഉയര്‍ന്ന പ്രതീക്ഷയാണ് നിരാശയുടെ ആഴം വര്‍ധിപ്പിച്ചതെന്ന് പൊടുന്നനെ വിലയിരുത്താമെങ്കിലും പ്രേക്ഷകരില്‍ ഉണ്ടാക്കിയ തണുത്ത പ്രതികരണത്തിന് കാരണം സിനിമയുടെ നിലവാരക്കുറവ് തന്നെയായിരുന്നു.

ഹോളിവുഡിലേതടക്കമുള്ള യുദ്ധകഥകളും ആയോധനവീരന്മാരുടെ ചരിത്രാഖ്യാനങ്ങളും കണ്ടു പരിചയിച്ച പ്രേക്ഷകരെ പരിഗണിക്കുന്നതായിരുന്നില്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. പ്രേക്ഷകരെ വിലകുറച്ചു കണ്ടു എന്നതു തന്നെയാണ് ഈ സിനിമയ്ക്കു പറ്റിയ വലിയ വീഴ്ച. ഡേവിഡ് ബെനിയോഫിന്റെ വിഖ്യാത സിനിമ ട്രോയ് അടക്കമുള്ളവയുടെ പേരു നിരത്തിയാണ് മരക്കാര്‍ കണ്ട പ്രേക്ഷകര്‍ സിനിമക്കെതിരെ പ്രതികരിച്ചത്. പല ഹോളിവുഡ് വാര്‍ സ്‌റ്റോറികളുടെയും അവതരണരീതിയും കഥാമുന്നേറ്റവും പശ്ചാത്തലവും അതേപടി പിന്തുടരുകയോ അനുകരിക്കുകയോ ആയിരുന്നു മരക്കാര്‍. 


എങ്ങനെയാണോ മരക്കാറിന്റെ റിലീസിനു മുമ്പ് പ്രേക്ഷകര്‍ ഈ സിനിമയെ ആഘോഷിച്ചത്, അതിനു നേര്‍ വിപരീത പ്രതികരണമായിരുന്നു റിലീസിംഗിനു ശേഷമുണ്ടായത്. ഇത് കേവലം പ്രതീക്ഷകളില്‍ നിന്നുമുടലെടുത്ത നിരാശ മാത്രമായിരുന്നില്ല. ശരാശരിയിലും താഴെയുള്ള, ഒട്ടും വെല്ലുവിളിയുയര്‍ത്താത്ത തിരക്കഥയുമായി വിഷ്വല്‍ ഇഫക്ട്‌സിലും കലാസംവിധാനത്തിലും മാത്രം പ്രതീക്ഷ വച്ച് പടച്ചെടുത്ത ഒരു സിനിമയാണ് തങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ബോധ്യമായി. അവര്‍ ആ നിരാശ സോഷ്യല്‍ മീഡിയ ഡീഗ്രേഡിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കൊണ്ട് പ്രകടിപ്പിക്കുകയും ചെയ്തു. ഒരു നല്ല സിനിമയെ/കലാസൃഷ്ടിയെ എന്തെങ്കിലും പ്രത്യേക കാരണത്താലോ ഉദ്ദേശത്താലോ ബോധപൂര്‍വ്വം ഇകഴ്ത്തി കാണിക്കുകയെന്നത് സൃഷ്ടിയോടും അതിന്റെ സ്രഷ്ടാക്കളോടുമുള്ള പൊറുക്കാനാകാത്ത പാതകമാണ്. എന്നാല്‍ തങ്ങളെ വിഡ്ഢികളാക്കുന്ന ആഖ്യാനത്തോടാണ് ഇവിടെ പ്രേക്ഷകര്‍ അവരുടെ ആസ്വാദനസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയത്.

മരക്കാറിന്റെ അനുഭവം മുന്നിലുള്ളതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ട, ഇതൊരു മാസ് മസാല ചിത്രം മാത്രമാണെന്നു മുന്‍കൂര്‍ പറഞ്ഞുകൊണ്ടായിരുന്നു ആറാട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ അടക്കം പുറത്തുവിട്ടത്. വലിയ അവകാശവാദങ്ങള്‍ നടത്താന്‍ അണിയറക്കാര്‍ തയ്യാറായില്ലെങ്കിലും മോഹന്‍ലാലിന്റെ ആരാധകര്‍ ആവേശത്തോടെയാണ് ആറാട്ടിനെ വരവേറ്റത്. പുതുമകളില്ലാത്ത ചിത്രമെന്ന അണിയറപ്രവര്‍ത്തകരുടെ തുറന്നുപറച്ചില്‍ ഒരുപരിധി വരെ ആറാട്ടിന് ഗുണം ചെയ്യുകയാണുണ്ടായത്. സിനിമ നിലവാരമില്ലാതിരുന്നിട്ടും മരക്കാറിനുണ്ടായ ഡീഗ്രേഡിംഗില്‍ നിന്ന് ആറാട്ട് അങ്ങനെയാണ് രക്ഷപ്പെട്ടത്. ആദ്യദിവസങ്ങളിലെ ആരവത്തോടെ തിയേറ്റര്‍ വിടാനായിരുന്നു ഈ സൂപ്പര്‍താര ചിത്രത്തിന്റെയും വിധി.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 മാര്‍ച്ച് 19, ഷോ റീല്‍ 11

Tuesday, 15 March 2022

മമ്മൂട്ടി മലയാളത്തിന്റെ തലപ്പൊക്കം


സഹ്യനേക്കാള്‍ തലപ്പൊക്കം, നിളയെക്കാളുമാര്‍ദ്രത എന്ന ആറ്റൂരിന്റെ മേഘരൂപനിലെ പ്രയോഗം ഒരിക്കല്‍കൂടി കടംകൊള്ളുന്നു. കുഞ്ഞിരാമന്‍നായരിലെ കാവ്യവ്യക്തിത്വത്തെ അടയാളപ്പെടുത്താനാണ് ആറ്റൂര്‍ രവിവര്‍മ്മ ഈ വരികള്‍ ഉപയോഗിച്ചതെങ്കില്‍ ഇവിടെ നടന്‍ മമ്മൂട്ടിയോട് ചേര്‍ത്തുവയ്ക്കുന്നു. ഇപ്പറയും വിധം തലപ്പൊക്കമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി തന്റെ കരിയറില്‍ വേറിട്ടൊരു ഘട്ടത്തിലേക്ക് പ്രവേശം നടത്തുന്നത്.

പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടന്‍ തന്റെ ഏറ്റവും പുതിയ കഥാപാത്രമായ അമല്‍നീരദിന്റെ ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പനിലൂടെ പരിപാകതയുള്ള അഭിനേതാവിന്റെ നേരടയാളം കാണിക്കുന്നു. പ്രായം ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പരപ്പ് കഥാപാത്രവും ഉള്‍ക്കൊള്ളുന്നു. അങ്ങനെ മൈക്കിളപ്പനും ഭീഷ്മപര്‍വ്വവും മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന കഥാപാത്രവും സിനിമയുമായി അടയാളപ്പെടുത്തപ്പെടുന്നു.

മമ്മൂട്ടിയുടെ പ്രായത്തിനോട് നീതി പുലര്‍ത്തുന്ന കഥാപാത്രമാണ് മൈക്കിളപ്പന്‍. എന്നാല്‍ ഈ പ്രായത്തിലും മമ്മൂട്ടി പുലര്‍ത്തുന്ന സമാനതയില്ലാത്ത കരിസ്മയുടെ ആള്‍രൂപം കൂടിയാകുന്നു മൈക്കിളപ്പന്‍. ഒരേസമയം നടനും സൂപ്പര്‍താരവും സ്‌ക്രീനില്‍ സന്നിവേശിക്കുകയാണ് മൈക്കിളപ്പനില്‍. അത്രമേല്‍ ഗാംഭീര്യമുള്ള കഥാപാത്രത്തെ തനിക്കുമാത്രം പോന്ന ഗാംഭീര്യത്തിലും കൈയടക്കത്തിലുമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൂപ്പര്‍താരം എന്ന പകിട്ടിന് ബലമേകാന്‍ ബോധപൂര്‍വ്വം ചേര്‍ക്കുന്ന എടുത്തുകെട്ടുകളൊന്നുമില്ലാതെ തന്നെ സ്‌ക്രീനിലെ തന്റെ അപാരമായ ഗരിമ കൊണ്ടാണ് മമ്മൂട്ടി ഒപ്പമഭിനയിക്കുന്ന മറ്റേതൊരു ചെറുപ്പക്കാരനേക്കാളും ഈടുറ്റ സാന്നിധ്യമാകുന്നത്. ആ ശരീരവും കണ്ണുകളും മുഖപേശികളും ശബ്ദവുമെല്ലാം സാന്നിധ്യമറിയിക്കുന്നു. 

പല തലമുറ അഭിനേതാക്കള്‍ക്കൊപ്പം ക്യാമറയ്ക്കു മുന്നില്‍ നിലകൊണ്ടയാള്‍ തലപ്പൊക്കം കൊണ്ട് ഏറെ മുന്നിലെത്തിയിരിക്കുന്നു. ഒപ്പം മത്സരിച്ചവരില്‍ പലരും പിന്തള്ളപ്പെട്ടു. അതിനിടെ തലമുറ പലത് കടന്നുപോയി. അയാള്‍ മാത്രം ഇപ്പോഴും നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അയാള്‍ക്ക് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. ഓരോ പിന്നോട്ടുപോക്കിലും രണ്ടടി മുന്നോട്ടു കുതിക്കാനായി സ്വയം ചിട്ടപ്പെടുത്തുകയാണയാള്‍. അങ്ങനെ പിന്നിട്ട ഓരോ പതിറ്റാണ്ടിലും ഒപ്പമുണ്ടായിരുന്നവര്‍ പിറകോട്ടു പോകുമ്പോഴും അയാള്‍ മഹാസാന്നിധ്യമായി നിലകൊള്ളുന്നു. ഏറ്റവും പുതിയ മാറ്റത്തിനൊപ്പവും സഞ്ചരിക്കാന്‍ സ്വയം പാകപ്പെടുത്തിയെടുക്കുന്നു.


പോയ പതിറ്റാണ്ടില്‍ മമ്മൂട്ടി അഭിനയിച്ച അറുപതോളം സിനിമകളില്‍ കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, ബെസ്റ്റ് ആക്ടര്‍, കുഞ്ഞനന്തന്റെ കട, മുന്നറിയിപ്പ്, പത്തേമാരി, പേരന്‍പ്, ഉണ്ട തുടങ്ങി വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു മമ്മൂട്ടിയിലെ നടനെ ചൂഷണം ചെയ്യുന്നവ. മമ്മൂട്ടിയുടെ ആകാരസൗന്ദര്യത്തെ എടുത്തുകാണിക്കാനും പുകഴ്ത്താനും വേണ്ടി എഴുതപ്പെട്ട സംഭാഷണങ്ങളുടേയും രംഗങ്ങളുടേയും അമിതഭാരവും ഇക്കാലയളവിലെ സിനിമകള്‍ വഹിച്ചുപോന്നു. ഭീഷ്മപര്‍വ്വവും അതിലെ മമ്മൂട്ടിയും വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഇൗ സിനിമ മമ്മൂട്ടിയിലെ ആകാരസൗന്ദര്യത്തെ ചൂഷണം ചെയ്യുന്നതിനൊപ്പം നടനെക്കൂടി അടയാളപ്പെടുത്തുന്നു. ചിരിയിലും നോട്ടത്തിലും മൂളലിലും വളച്ച പുരികക്കൊടിയില്‍ പോലും അടിമുടി നടനാകുന്ന മമ്മൂട്ടിയെ ഭീഷ്മപര്‍വ്വത്തില്‍ കാണാനാകും. സൂപ്പര്‍താരത്തെ ബോധപൂര്‍വ്വം ചെറുപ്പക്കാരനാക്കാനുള്ള ഒരു ശ്രമവും ഈ സിനിമ നടത്തുന്നില്ല. മാത്രമല്ല, ഇതുവഴി മധ്യവയസ്സ് പിന്നിട്ട കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനും കാണികള്‍ക്കാകുന്നു.

തീരുമാനങ്ങളിലെ കണിശതയും, തന്നെത്തേടിയെത്തുന്നവരുടെ അഭയവും, തെറ്റുകള്‍ക്കെതിരെയുള്ള സന്ധിയില്ലായ്മയും, ആത്മധൈര്യത്തിന്റെ ആള്‍രൂപവുമായ മൈക്കിളപ്പന്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്കിടയിലെ മഹാസാന്നിധ്യമാണ്. അപ്പോള്‍ അയാള്‍ക്ക് സഹ്യനോളമാണ് തലപ്പൊക്കം. എന്നാലതിന് ശാന്തമായി പരന്നൊഴുകുന്ന നിളയുടെ ആര്‍ദ്രതയുമുണ്ട്. മൈക്കിളപ്പന്‍ ഒരു ഘട്ടത്തിലും അമാനുഷികനാകുന്നില്ല. പാണ്ഡവര്‍ക്കും കൗരവര്‍ക്കും യുദ്ധതന്ത്രങ്ങള്‍ ഓതിക്കൊടുക്കുകയും ഒരു ഘട്ടത്തില്‍ കൗരവപ്പടയില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാനിറങ്ങുകയും ചെയ്യേണ്ടിവരുന്ന ഭീഷ്മപിതാമഹനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് മൈക്കിളപ്പന്‍. അഭിനവഭീഷ്മര്‍ പാണ്ഡവര്‍ക്കൊപ്പം അണിചേരുന്നുവെന്ന വ്യത്യാസമുണ്ട്. ഭീഷ്മ പിതാമഹന്റെ ഗാംഭീര്യവും സ്ഥൈര്യവും ശരീരത്തിലും വാക്കുകളിലും സമന്വയിക്കുകയാണ് മൈക്കിളപ്പനില്‍. 

പോരാട്ടത്തില്‍ ചിലപ്പോഴൊക്കെ മുന്നില്‍ നില്‍ക്കുന്നുണ്ട് മൈക്കിളപ്പന്‍. എന്നാല്‍ ഭൂരിഭാഗം വേളകളിലും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത് തന്റെ പടയാളികളെക്കൊണ്ട് നടപ്പാക്കുകയാണ് ചെയ്യുന്നത്. ഉത്തരായനം കാത്തുള്ള ഭീഷ്മ പിതാമഹന്റെ ശരശയ്യയെ ഓര്‍മ്മപ്പെടുത്തും വിധമാണ് ഭീഷ്മപര്‍വ്വത്തിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരനും മറ്റു പടയാളികള്‍ക്കും ഉപദേശം നല്‍കുന്നുണ്ട് ഭീഷ്മര്‍. സംഘട്ടനത്തില്‍ മുറിവുകള്‍ക്കടിപ്പെട്ട് ആശുപത്രിക്കിടക്കയില്‍ കിടന്നാണ് മൈക്കിളപ്പന്‍ പടയാളികള്‍ക്ക് നിര്‍ദേശം നല്‍കുന്നതും കൃത്യങ്ങള്‍ ചെയ്യിപ്പിക്കുന്നതും. താന്‍ എപ്പോള്‍ മരിക്കണമെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്നുള്ള ഭീഷ്മവാക്യത്തെ മൈക്കിളപ്പനും ആവര്‍ത്തിക്കുന്നുണ്ട്. ഈ രംഗങ്ങളിലെല്ലാം മമ്മൂട്ടിയിലെ പരിപാകതയെത്തിയ നടനെ അടയാളപ്പെടുത്താനാണ് ഭീഷ്മപര്‍വ്വത്തിന്റെ സംവിധായകന്‍ ശ്രദ്ധിക്കുന്നത്. മറ്റൊരു നടനും സാധ്യമാകാത്ത തലപ്പൊക്കത്തിലാണ് മമ്മൂട്ടി ഭീഷ്മപിതാമഹനെ ഓര്‍മ്മിപ്പിക്കുന്ന മൈക്കിളപ്പനായി പരകായപ്രവേശം നടത്തുന്നത്. നീട്ടിവളര്‍ത്തി അലസമായൊഴുകുന്ന മുടിയിഴകളില്‍ പോലും ഭീഷ്മപിതാമഹന്റെ സാന്നിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിനാകുന്നു. വാചകങ്ങളുടെ അതിപ്രസരമില്ലാതെ, കുറിക്കു കൊള്ളും വിധവും അന്തിമ തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുവാനും വേണ്ടിയുള്ളതാണ് ആ സംസാരങ്ങള്‍. ആളുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു പോലും വേണ്ടുന്ന ഘട്ടങ്ങളില്‍ മാത്രം. ഏറ്റവും അവശ്യം വേളകളില്‍ മാത്രമാണ് ശാന്തഭാവം രൗദ്രതയിലേക്ക് മാറുന്നത്. അപ്പോള്‍ അധികമാരും കാണാത്ത മറ്റൊരു മൈക്കിളപ്പന്റെ സാന്നിധ്യം അനുഭവിക്കാനാകും. ഈ പരിവര്‍ത്തനങ്ങളിലെല്ലാം മമ്മൂട്ടിയിലെ പാകപ്പെട്ട നടന്റെ പകര്‍ന്നാട്ടങ്ങള്‍ക്ക് പ്രസക്തി കൈവരുന്നുണ്ട്.


പ്രായം ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതിനൊപ്പം അഭിനയത്തിലെ ഭിന്നമായ മറ്റൊരു തലത്തിലേക്ക് എത്തിച്ചേരുകയാണ് മമ്മൂട്ടിയില്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍താരങ്ങളിലൊരാളായ അമിതാഭ് ബച്ചന്‍ തന്റെ ക്ഷോഭിക്കുന്ന യൗവ്വനത്തിന്റെ ഇടവേള കടന്നെത്തിയത് ഇത്തരമൊരു പാകതയിലേക്കായിരുന്നു. ബച്ചനിലെ അഭിനയ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന പല കഥാപാത്രങ്ങളും സംഭവിച്ചത് ഇത്തരത്തില്‍ പ്രായം പാകപ്പെട്ട ശേഷമായിരുന്നു. ക്ലിന്റ് ഈസ്റ്റ്വുഡും ആന്റണി ഹോപ്കിന്‍സും പോലുള്ള ഇപ്പോഴും സജീവമായി തുടരുന്ന മഹാനടന്മാരുടെ ഉദാഹരണങ്ങള്‍ ലോകസിനിമയിലുമുണ്ട്. മമ്മൂട്ടിക്ക് ബച്ചനോളം പ്രായമായിട്ടില്ല, കാഴ്ചയിലും ബച്ചനേക്കാള്‍ ചെറുപ്പമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ഇനിയുമേറെ സാധ്യതയുണ്ട്. മൈക്കിളപ്പനില്‍ നിന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ പുതിയ പതിറ്റാണ്ടും ഘട്ടവും അതിന്റെ സൂചനയാണ് നല്‍കുന്നത്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തോടൊപ്പം വളര്‍ന്നവരാണ് കഴിഞ്ഞ അരനൂറ്റാണ്ടിലെ കാണികള്‍. ഈ കാണികള്‍ക്കൊപ്പം വളരുകയായിരുന്നു മമ്മൂട്ടിയും. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ തലപ്പൊക്കത്തിനൊപ്പമോ അതിനു മുകളിലോ നില്‍ക്കുന്ന വേറെയും നടന്മാര്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മലയാളത്തിലുണ്ടായിരുന്നു. ഇവരില്‍ പലരും ക്യാമറയ്ക്കു മുമ്പിലെ അത്ഭുതപ്പെടുത്തുന്ന അനായാസത കൊണ്ട് മമ്മൂട്ടിക്ക് മുകളിലുമാണ്. എന്നാല്‍ ഇത്ര സുദീര്‍ഘമായ കാലം സൂപ്പര്‍താര പദവിയില്‍ നിലനിന്നുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭ എന്നതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ് ഇപ്പോള്‍ ഭീഷ്മപര്‍വ്വത്തിലൂടെ അതിന്റെ ഏറ്റവും നവ്യമായ തലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 മാര്‍ച്ച് 11, ഷോ റീല്‍ 10

Wednesday, 9 March 2022

ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദര്‍... കണ്ടാലും കണ്ടാലും മടുക്കാത്ത സിനിമകള്‍


കിലുക്കം സിനിമയിലെ ഓരോ സീനും ഡയലോഗും കഥാപാത്രങ്ങളും ചിരിയല തീര്‍ക്കുന്ന കൗണ്ടറുകളും മലയാളിക്ക് കാണാപ്പാഠമാണ്. ചിത്രത്തിലേയും ഗോഡ്ഫാദറിലേയും സീനുകളോടും അതേ ഇഴയടുപ്പമാണ് മലയാളിക്ക്. മലയാളത്തിലെ എക്കാലത്തേയും കള്‍ട്ട് സിനിമകളിലൊന്നായ മണിച്ചിത്രത്താഴ് തീര്‍ത്ത ചിരിയും ചിന്തയും ഉദ്വേഗവും മൂന്നു പതിറ്റാണ്ടിലേക്കെത്തുമ്പോഴും അതേ തെളിമയോടെ നിലകൊള്ളുന്നു. 

എത്ര കണ്ടാലും മടുക്കാത്ത ചില സിനിമകളുണ്ട്. അവ കാണികളുമായി ഒരു അദൃശ്യ രസച്ചരടാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ചയിലും പുതുമ തരുന്നവയാണിവ. ഒരു തവണ കണ്ടുതീര്‍ന്നാല്‍ ഉടനടി ഒന്നുകൂടി കാണാന്‍ തോന്നുന്നത്രയും രസകരം. ഈ സിനിമകളുടെ ആസ്വാദനമൂല്യത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടായിരിക്കില്ല. നാടോടിക്കാറ്റ്, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, പഞ്ചാബിഹൗസ്.. ഇങ്ങനെ ചില സിനിമകള്‍ കുറച്ചു വര്‍ഷങ്ങളായി ഒരു മടുപ്പുമില്ലാതെ മലയാളി ആവര്‍ത്തിച്ചു കണ്ടുകൊണ്ടേയിരിക്കുന്നു. എത്രതവണ ഇവ കണ്ടെന്നതിന് പെട്ടെന്നൊരു ഉത്തരം നല്‍കാനാകില്ല. അത്രയേറെ തവണ. ഈ സിനിമകളിലെ ഓരോ സീനുകളും ഡയലോഗുകളും കാണാപ്പാഠമാണ്. ഇവയിലെ തമാശകളാകട്ടെ നിത്യജീവിതത്തിന്റെ ഭാഗമെന്നോണം ഒരുമിച്ചു വളരുന്നവ. മലയാളി ദിവസജീവിതത്തോട് പ്രയോഗങ്ങളായും ശൈലികളായും കൊരുത്തു ചേര്‍ക്കപ്പെട്ടവയാണ് ഈ സിനിമകളിലെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും തമാശകളും.

ദൂരദര്‍ശനും വിസിആറും തിയേറ്ററുകളും മാത്രമായിരുന്ന സിനിമാ കാഴ്ചകളിലേക്ക് സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ വന്നതോടെയാണ് സിനിമകാണല്‍ ശീലം പുതിയൊരു തലത്തിലേക്ക് എത്തിച്ചേരുന്നത്. ഒരു സിനിമ എത്ര ഇഷ്ടപ്പെട്ടാലും ഒന്നോ രണ്ടോ തവണ പണം മുടക്കി തിയേറ്ററില്‍ നിന്നു കാണുവാന്‍ മാത്രമേ ഒരു സാധാരണ പ്രേക്ഷകന്റെ സാമ്പത്തികസ്ഥിതിക്ക് സാധ്യമായിരുന്നുള്ളൂ. അങ്ങനെ അതുവരെ അപൂര്‍വ്വമായി മാത്രം സാധിച്ചിരുന്ന സിനിമാകാഴ്ചയ്ക്ക് ടെലിവിഷന്‍ ചാനലുകളുടെ വരവോടെ പരിധികളില്ലാതായി. ഒന്നിലധികം ചാനലുകള്‍, ഓരോ ചാനലിലും എല്ലാ ദിവസവും സിനിമ, അതും ഒന്നിലധികം സിനിമകള്‍. 


ചില വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞതോടെ ചാനലുകളുടെയും സംപ്രേഷണം ചെയ്യുന്ന സിനിമകളുടെയും എണ്ണം പിന്നെയും വര്‍ധിച്ചു. തെരഞ്ഞെടുക്കാന്‍ വിരല്‍ത്തുമ്പില്‍ ഒട്ടനവധി സിനിമകള്‍. സിനിമാപ്രേമിയുടെ ആസ്വാദനശീലത്തെ ഇത് വലിയ തോതില്‍ സ്വാധീനിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയേറ്ററില്‍ നിന്ന് കണ്ടു രസിച്ച സിനിമകള്‍ ആവര്‍ത്തിച്ചു കാണാന്‍ അവര്‍ക്ക് അവസരം കൈവന്നു. നൂറും ഇരുന്നൂറും മുന്നൂറും ദിവസങ്ങള്‍ തിയേറ്ററില്‍ ഓടിയ സൂപ്പര്‍ഹിറ്റുകള്‍ ടെലിവിഷന്‍ ചാനലുകളിലെ സ്ഥിരം കാഴ്ചയായി. കാണികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവര്‍ ആവര്‍ത്തിച്ചുകാണുന്ന ജനപ്രിയ സിനിമകള്‍ ഇടയ്ക്കിടെ സംപ്രേഷണം ചെയ്യാന്‍ ചാനലുകളും താത്പര്യപ്പെട്ടു. മണിച്ചിത്രത്താഴ് പോലുള്ള സിനിമകള്‍ ഞായറാഴ്ചകളില്‍ പ്രൈംടൈമില്‍ ഇപ്പോഴും സംപ്രേഷണം ചെയ്യുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. സാധാരണ ദിവസങ്ങളില്‍ വൈകുന്നേരത്തെ പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യുന്നവ മിക്കതും ഇത്തരം എവര്‍ഗ്രീന്‍ പോപ്പുലര്‍ സിനിമകളായിരിക്കും.

യൂട്യൂബിന്റെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും സാധ്യത കൂടി വന്നതോടെ തങ്ങളുടെ ഇഷ്ടസിനിമകള്‍ വ്യക്തിയുടെ സ്വകാര്യതയോട് കൂടുതല്‍ അടുക്കുകയുണ്ടായി.

ഒരു സിനിമ ആവര്‍ത്തിച്ചു കാണുവാനുള്ള പ്രധാന മാനദണ്ഡം അതിന്റെ ആസ്വാദനമൂല്യം തന്നെയാണ്. ഇങ്ങനെ ജനങ്ങള്‍ ആവര്‍ത്തിച്ചുകാണുന്ന സിനിമകളില്‍ ഭൂരിഭാഗവും ഹാസ്യാത്മകമാണ്. തമാശ കേള്‍ക്കാനും കാണാനുമാണ് ആളുകള്‍ക്ക് ഏറെയിഷ്ടം. മനുഷ്യരുടെ ഈ താത്പര്യത്തെ ചൂഷണം ചെയ്യുന്നവയാണ് പില്‍ക്കാലത്ത് വന്‍ ജനപ്രീതി നേടിയ സിനിമകളില്‍ ഭൂരിഭാഗവും.


1980 കളില്‍ ഗള്‍ഫ് പ്രവാസം കേരളീയ ജീവിതത്തിന്റെ മൂലധന ക്രയവിക്രിയത്തെയും അടിസ്ഥാനസൗകര്യ വികസനത്തെയും സ്വാധീനിക്കുകയും വിനോദസംസ്‌കാരത്തെ വളര്‍ത്തുകയും ചെയ്തു. ജനപ്രിയ കലാരൂപം എന്ന നിലയില്‍ സിനിമകള്‍ക്ക് വന്‍ ജനപ്രീതി കൈവരികയും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള സിനിമാശാലകള്‍ ഉയരുകയും വലിയ ബജറ്റിലുള്ള ജനപ്രിയ കച്ചവട സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് ആളുകള്‍ ആവര്‍ത്തിച്ച് കാണുന്ന ജനപ്രിയ സിനിമകളില്‍ ഭൂരിഭാഗവും പിറവിയെടുക്കുന്നത് ഈ കാലത്താണ്. 1980കളുടെ പകുതിയോടെ ആക്ഷന്‍, കോമഡി ഫാമിലി ഡ്രാമകള്‍ക്ക് വലിയ ജനപ്രീതിയുണ്ടായി. അന്ന് സാധ്യമായിരുന്ന ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനിമകളില്‍ മിക്കതും വന്‍ വാണിജ്യവിജയം നേടി. മികച്ച ആസ്വാദനമൂല്യം കൊണ്ട് അവയില്‍ പലതും ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങള്‍ നര്‍മ്മസന്ദര്‍ഭങ്ങളില്‍ പറയുന്ന തിരക്കഥകളാണ് ഇക്കൂട്ടത്തില്‍ ഏറെ ജനപ്രിയമായത്.

1980 കള്‍ മുതല്‍ 2000 വരെ ഇറങ്ങിയ സിനിമകളാണ് മലയാളി ആവര്‍ത്തിച്ചുകാണുന്ന സിനിമകളില്‍ മുന്‍പന്തിയിലുള്ളത്. ഇതില്‍തന്നെ 1985 മുതല്‍ 1995 വരെയുള്ള സിനിമകള്‍ക്കാണ് കൂടുതല്‍ ജനപ്രിയത. മലയാളത്തില്‍ ഗുണമേന്മയുള്ള ജനപ്രിയ ഹാസ്യ, കുടുംബചിത്രങ്ങള്‍ കൂടുതലായി പുറത്തിറങ്ങിയത് ഈ പത്തു വര്‍ഷത്തിനിടയിലാണ്. ഈ കാലയളവിലെ മോഹന്‍ലാല്‍ സിനിമകളാണ് മലയാളി ആവര്‍ത്തിച്ചുകണ്ട സിനിമകളില്‍ ഭൂരിഭാഗവും. ശരാശരി മലയാളിയെയും അവരുടെ ജീവിതപ്രശ്‌നങ്ങളെയും സരസമായും ലളിതമായും പറയുന്നവയായിരുന്നു ഈ സിനിമകള്‍. തങ്ങളുടെ വേണ്ടപ്പെട്ട ആരോ, വീട്ടിലെ ഒരംഗമോ അനുജനോ ചേട്ടനോ മകനോ അയല്‍ക്കാരനോ ഒക്കെയാണെന്നു തോന്നുന്ന ലാളിത്യമാണ് മോഹന്‍ലാലിന്റെ ഈ ജനപ്രിയ കഥാപാത്രങ്ങളുടെ പ്രധാന സവിശേഷത. ഈ പ്രത്യേകതയും മോഹന്‍ലാലിലെ സ്ഥായിയായ രസികത്തവുമാണ് ഇത്തരം സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നതിനു പിന്നിലെ രസതന്ത്രം. ബോയിങ് ബോയിങ്, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ടി.പി ബാലഗോപാലന്‍ എംഎ, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, താളവട്ടം, വരവേല്‍പ്പ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഏയ് ഓട്ടോ, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ, കിലുക്കം, മിഥുനം, യോദ്ധ, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം തുടങ്ങി ഈ കാലയളവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമകളെല്ലാം ഇന്നും നിത്യഹരിതങ്ങളാണ്. ഈ സിനിമകളുടെയെല്ലാം പേരു കേള്‍ക്കുമ്പൊഴേ ഒരു നനുത്ത പുഞ്ചിരി മലയാളി ആസ്വാദകരുടെ ചുണ്ടില്‍ വിടരും. വിഭിന്നങ്ങളായ ജീവിതപ്രശ്‌നങ്ങള്‍ പ്രമേയമാക്കിയപ്പോഴും ഉള്ളുതുറന്ന ചിരി സമ്മാനിക്കുന്നവയായിരുന്നു ഇവയെല്ലാം. അതുകൊണ്ടാണ് ഈ സിനിമകളെ കാണികള്‍ ഇപ്പോഴും അവരുടെ ആവര്‍ത്തനക്കാഴ്ചയില്‍ ഉള്‍പ്പെടുത്തി നെഞ്ചേറ്റുന്നത്. മോഹന്‍ലാലിന്റെ താരമൂല്യത്തിന് അടിത്തറ പാകിയതും ഈ ജനപ്രിയ സിനിമകളാണ്.

രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട്, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ലാല്‍സലാം, ദേവാസുരം, സ്ഫടികം, ചന്ദ്രലേഖ, ആറാംതമ്പുരാന്‍, നരസിംഹം, രാവണപ്രഭു, ഉദയനാണ് താരം, നരന്‍, റണ്‍ ബേബി റണ്‍, ദൃശ്യം, പുലിമുരുകന്‍ തുടങ്ങിയവയാണ് ആവര്‍ത്തനക്കാഴ്ച കാണികളില്‍ സാധ്യമാക്കാനായിട്ടുള്ള മറ്റു പ്രധാന ലാല്‍ സിനിമകള്‍.


സാധാരണക്കാരുടെ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന പ്രമേയങ്ങള്‍ ഹാസ്യസന്ദര്‍ഭങ്ങള്‍ ചേര്‍ത്ത് ലളിതമായ ആഖ്യാനത്തോടെ അവതരിപ്പിച്ച സിനിമകളാണ് കാണികള്‍ ആവര്‍ത്തിച്ചു കാണുന്നത്. തീവ്രമായ വിഷയങ്ങളും ഇമോഷണല്‍ ഡ്രാമകളും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുവെങ്കിലും ആവര്‍ത്തിച്ചു കാണുന്നത് കുറവാണ്. ആകാശദൂതോ തനിയാവര്‍ത്തനമോ വാത്സല്യമോ കിരീടമോ പോലുള്ള സിനിമകള്‍ മലയാളികള്‍ അത്രയേറെ ഇഷ്ടപ്പെടുന്നുവെങ്കില്‍ പോലും ഇവ ഉണ്ടാക്കുന്ന വിഷാദം തങ്ങളിലേക്ക് ആവര്‍ത്തിക്കാന്‍ അവര്‍ തയ്യാറല്ല. അതത് കാലത്ത് തിയേറ്ററില്‍ ഈ മെലോഡ്രാമകള്‍ സിനിമകള്‍ വന്‍വാണിജ്യ വിജയം നേടുമെങ്കിലും രസികത്തം നിറഞ്ഞ ശുഭാന്ത്യ ആഖ്യാനങ്ങള്‍ കാണാനാണ് ആളുകള്‍ എക്കാലവും കൂടുതല്‍ താത്പര്യം കാണിക്കാറുള്ളത്. ഈ ആസ്വാദനക്ഷമത കാണികളുടെ ദൈനംദിന ജീവിതവുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. പിരിമുറുക്കം നിറഞ്ഞ ജീവിതാവസ്ഥയ്ക്ക് അയവു പകരാനാണ് എപ്പോഴും മനുഷ്യന്‍ താത്പര്യപ്പെടുക. അപ്പോള്‍ സ്വാഭാവികമായും താന്‍ ഇടപെടുന്ന കലാരൂപം തന്നെ രസം പിടിപ്പിക്കുന്നതായിരിക്കണം എന്ന് അവര്‍ ശഠിക്കുന്നു.

ഹാസ്യരസം കലര്‍ന്ന സിനിമകളെപ്പോലെ എല്ലാ വിഭാഗം കാഴ്ചക്കാരേയും വര്‍ഷങ്ങള്‍ക്കു ശേഷവും ആകര്‍ഷിക്കാനാകില്ലെങ്കിലും ഒരു സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡല്‍ഹി, സാമ്രാജ്യം, അതിരാത്രം, ആവനാഴി, സംഘം, മനു അങ്കിള്‍, ആഗസ്റ്റ് 1, ഒരു വടക്കന്‍ വീരഗാഥ, നായര്‍സാബ്, നിറക്കൂട്ട്, യാത്ര, നാടുവാഴികള്‍, ആര്യന്‍, അഭിമന്യു, കൗരവര്‍, ധ്രുവം, ഏകലവ്യന്‍, കമ്മീഷണര്‍, ദി കിംഗ്, ലേലം, പത്രം, ട്വന്റി-20 തുടങ്ങിയ ആക്ഷന്‍ ഫാമിലി ത്രില്ലര്‍ ഡ്രാമകള്‍ക്ക് ഇപ്പോഴും കാണികളുണ്ട്. ഈ സിനിമകളുടെ സംപ്രേഷണം ടെലിവിഷന്‍ ചാനലുകളില്‍ ആവര്‍ത്തിക്കുന്നത് ഇതിനു ദൃഷ്ടാന്തമാണ്.

ഓടരുതമ്മാവാ ആളറിയാം, ധീം തരികിട തോം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, അരം പ്ലസ് അരം സമം കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരംകുന്ന് പി.ഒ., പ്രാദേശിക വാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, കുടുംബപുരാണം, കുറുപ്പിന്റെ കണക്കുപുസ്തകം, പാവം പാവം രാജകുമാരന്‍, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, സന്ദേശം, റാംജിറാവ് സ്പീക്കിങ്, ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ സിനിമകള്‍ 1980 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ തുടങ്ങി ഇപ്പോഴും തലമുറകളെ രസിപ്പിച്ച് മുന്നോട്ടുപോകുന്നവയാണ്.

തുടര്‍വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ്, ഹിറ്റ്‌ലര്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, പഞ്ചാബിഹൗസ്, ഫ്രണ്ട്‌സ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, മീശമാധവന്‍, പുലിവാല്‍ കല്യാണം, കല്യാണരാമന്‍, സിഐഡി മൂസ, പാണ്ടിപ്പട, വെട്ടം, രാജമാണിക്യം, മായാവി തുടങ്ങിയവയെല്ലാം കാണികളുടെ റിപ്പീറ്റ് വാച്ച് ലിസ്റ്റില്‍ ഇടംപിടിച്ചവയാണ്.


മേരിക്കുണ്ടൊരു കുഞ്ഞാട്, മൈ ബോസ്, വെള്ളിമൂങ്ങ, ടൂ കണ്‍ട്രീസ്, സാള്‍ട്ട് ആന്റ് പെപ്പര്‍, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, തട്ടത്തിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, 1983, ബാംഗ്ലൂര്‍ ഡേയ്സ്, ആക്ഷന്‍ ഹീറോ ബിജു, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ഉസ്താദ് ഹോട്ടല്‍, മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, അങ്കമാലി ഡയറീസ്, അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളാണ് 2010 നു ശേഷം പുറത്തിറങ്ങിയവയില്‍ പ്രേക്ഷകര്‍ ആവര്‍ത്തിച്ചുകാണുന്നവ. 

മലയാള സിനിമ നിര്‍മ്മാണത്തിലും ആഖ്യാനത്തിലും പുതിയ മാറ്റത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഈ പരീക്ഷണങ്ങളെ തിരിച്ചറിയുന്ന പുതിയൊരു വിഭാഗം കാണികളും രൂപപ്പെട്ടുകഴിഞ്ഞു. കഥപറച്ചിലിലെ ഈ പരീക്ഷണ സങ്കേതങ്ങളെ പ്രേക്ഷകര്‍ അംഗീകരിക്കുമ്പോഴും ജനപ്രിയത എന്നത് ആസ്വാദക മൂല്യത്തെ ആശ്രയിച്ചു തന്നെ തുടരുന്നു എന്നത് പോയ പതിറ്റാണ്ടിലെ ജനപ്രിയ സിനിമകളുടെ പേരുകള്‍ ചികഞ്ഞാല്‍ വ്യക്തമാകും. ചിരി തന്നെയാണ് എപ്പോഴും മുന്നില്‍ നില്‍ക്കുന്ന കേവലവികാരം. ഏതു സംഘര്‍ഷത്തിനും അയവു തരുന്ന മരുന്നായി അതു മാറുന്നു.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 മാര്‍ച്ച് 5, ഷോ റീല്‍ 9

Sunday, 6 March 2022

മലയാള സിനിമയ്ക്ക് രാജ്യാന്തര വേദികള്‍ ഉറപ്പാക്കും - അഭിമുഖം രഞ്ജിത്ത്/എന്‍.പി.മുരളീകൃഷ്ണന്‍


മലയാളത്തിലെ പ്രിയ സംവിധായകന്‍ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ നഗപരിധിക്കുള്ളില്‍ ഒരു ഫെസ്റ്റിവെല്‍ കോപ്ലക്‌സ് രൂപീകരിക്കുക, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും വിദേശ വിപണികളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും മലയാള സിനിമയ്ക്ക് അവസരമൊരുക്കാനുള്ള സ്ഥിരം സംവിധാനം ഒരുക്കുക, സമഗ്രമായ ഒരു മ്യൂസിയം നിര്‍മ്മിക്കുക തുടങ്ങി മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. കോവിഡിന്റെ സാഹചര്യത്തില്‍ ഐഎഫ്എഫ്‌കെ മാറ്റിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചും മേളയുടെ ഒരുക്കങ്ങളെക്കുറിച്ചും അക്കാദമിയുടെ ഭാവിപ്രവര്‍ത്തനത്തെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നു


സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ എന്ന ഏറെ ഉത്തരവാദിത്തപ്പെട്ട ചുമതലയേല്‍ക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളാണ് പങ്കുവെയ്ക്കാനുള്ളത്?  


തീര്‍ച്ചയായും വളരെയധികം ഉത്തരവാദിത്തപ്പെട്ട ഒരു ചുമതലയാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ബോധ്യമുണ്ട്. 1998ല്‍ രൂപീകരിക്കപ്പെട്ട ചലച്ചിത്ര അക്കാദമിക്ക് 23 വര്‍ഷത്തെ ചരിത്രമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍ തുടങ്ങി എത്രയോ മഹാരഥന്മാര്‍ തെളിച്ച വഴിയിലൂടെ സഞ്ചരിക്കുക എന്നതാണ് അക്കാദമിയുടെ ഒമ്പതാമത്തെ ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാനുള്ളത്. അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കും. മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍, നമ്മുടെ സമ്പന്നമായ ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണം, ചലച്ചിത്ര ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, പ്രേക്ഷകരില്‍ ദൃശ്യസാക്ഷരത വര്‍ധിപ്പിക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കും. ഡിജിറ്റല്‍ സാങ്കേതികതയുടെ വികാസത്തോടെ നിരവധി ചെറുപ്പക്കാര്‍ ചലച്ചിത്രമേഖലയിലേക്കു കടന്നുവരുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ ഇന്ത്യന്‍ ഉള്ളടക്കങ്ങളില്‍ നിര്‍ണായകസ്ഥാനം കൈവരിക്കാന്‍ ഇതിനകം മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും കലാമൂല്യവും വിപണിമൂല്യവുമുള്ള പ്രാദേശിക ഭാഷാ സിനിമയായി മലയാള സിനിമയെ ഉയര്‍ത്തുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍  അക്കാദമി ഏറ്റെടുത്ത് നടപ്പിലാക്കും.


അക്കാദമി അധ്യക്ഷന്‍ എന്ന നിലയില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?


പ്രധാനമായും രണ്ടു വലിയ പദ്ധതികളാണ് മുന്നിലുള്ളത്. ഒന്ന് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ആണ്. ചലച്ചിത്രോല്‍സവത്തിന് ഒരു സ്ഥിരം വേദി വേണമെന്ന് കാലങ്ങളായി ആവശ്യമുയര്‍ന്നിട്ടും സ്ഥലലഭ്യത എന്ന തടസ്സത്തില്‍ തട്ടി അത് മുടങ്ങിക്കിടക്കുകയായിരുന്നു. നഗരപരിധിക്കുള്ളില്‍ തന്നെ ഒരു ഫെസ്റ്റിവല്‍ കോംപ്ലക്‌സ് രൂപീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകും. മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും വിദേശവിപണിയിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും അവസരമൊരുക്കാനുള്ള സ്ഥിരം സംവിധാനം  ഇതിന്റെ ഭാഗമായിരിക്കും. 

മറ്റൊരു പദ്ധതി മലയാള സിനിമയ്ക്ക് സമഗ്രമായ ഒരു മ്യൂസിയം ഒരുക്കുക എന്നുള്ളതാണ്. മുംബൈ ഫിലിംസ് ഡിവിഷന്‍ കോംപ്ലക്‌സിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ അതേ മാതൃകയില്‍ മലയാള സിനിമാ മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതി നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ അക്കാദമിയുടെ ആസ്ഥാനമന്ദിരത്തോടു ചേര്‍ന്നാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാള സിനിമയുടെ സമഗ്രമായ ചരിത്രം ദൃശ്യപരമായി രേഖപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മ്യൂസിയത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ചലച്ചിത്രചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി കാഴ്ചക്കാരനു ലഭിക്കുന്ന വിധത്തില്‍ ക്രമാനുഗതമായ രീതിയില്‍ ചിട്ടയോടെ ചരിത്രവസ്തുതകള്‍ അവതരിപ്പിക്കും.  Interactive digital screens, Information based screen interfaces, multimedia kiosks എന്നീ ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കും. സിനിമാ പോസ്റ്ററുകള്‍, നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍, പഴയകാല ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍, ചലച്ചിത്ര ഉപകരണങ്ങള്‍, പ്രിന്റുകള്‍, ഫിലിംപെട്ടികള്‍, ചലച്ചിത്രപ്രവര്‍ത്തകരുടെ കത്തുകള്‍, തിരക്കഥകളുടെ കൈയെഴുത്തുപ്രതികള്‍ എന്നിവ എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശനത്തിനായി സജ്ജീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ചലച്ചിത്ര ഗവേഷകര്‍ക്കു വരെ  പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കും.



അക്കാദമി അധ്യക്ഷസ്ഥാനം ഏറ്റടെുത്തതിനു ശേഷമുള്ള ആദ്യ ഐ.എഫ്.എഫ്‌കെയാണ് വരാനിരിക്കുന്നത്? മേളയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, ആലോചനകള്‍, പുതിയ പാക്കേജുകള്‍, ഫോക്കസുകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കാമോ? 

കോവിഡ് വ്യാപിക്കുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍  ഐ.എഫ്.എഫ്.കെ നടത്താനാവില്ല. പുതുക്കിയ തീയതി കോവിഡ് സാഹചര്യം മാറുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും. 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സരവിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്‌ളിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുര്‍ദിഷ് ഭാഷയില്‍നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നാലിടങ്ങളിലായി നടത്തിയ ചലച്ചിത്ര മേള വീണ്ടും അതിന്റെ സ്ഥിരം വേദിയായ തിരുവനന്തപുരത്തേക്ക് തിരിച്ചത്തെുന്നു. ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ എന്തെല്ലാം മാറ്റങ്ങളായിരിക്കും ഉണ്ടായിരിക്കുക? 

മേളയുടെ കാഴ്ചക്കാരായി ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഡെലിഗേറ്റ് പാസുകളുടെ എണ്ണം വര്‍ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കും. 


കേരള രാജ്യാന്തര ചലച്ചിത്രമേള അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ എത്തിയെന്നു തന്നെയാണോ കരുതുന്നത്? ലോക സിനിമാ ഭൂപടത്തില്‍ നമ്മുടെ മേളയുടെ ഇടവും പ്രസക്തിയും ഇനിയും ഉറപ്പിക്കേണ്ടതുണ്ടോ?

ലോകസിനിമയിലെ മാറ്റങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലയാള സിനിമയെ പ്രമേയപരമായും സാങ്കേതികമായും നവീകരിക്കുന്നതില്‍ ഐ.എഫ്.എഫ്.കെ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിലെ സമാന്തര സിനിമയുടെ മാത്രമല്ല മുഖ്യധാരാ സിനിമയുടെ രൂപവും ഉള്ളടക്കവും അഴിച്ചുപണിയുന്നതില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ഐ.എഫ്.എഫ്.കെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് മലയാള സിനിമകള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.


മലയാള സിനിമയ്ക്ക് ലോക വിപണി ഒരുക്കുക എന്ന ആശയം ഫലവത്താകാന്‍ ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റിലൂടെ എത്ര മാത്രം സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്? ഇതിനായി പുതിയ ആശയങ്ങള്‍ക്കും പരിപാടികള്‍ക്കും രൂപം നല്‍കുമോ?

ഫിലിം മാര്‍ക്കറ്റ് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ചുള്ള ഒരു സംവിധാനമാണ്. മലയാള സിനിമയുടെ അന്തര്‍ദേശീയതലത്തിലുള്ള വിപണനം എന്നത് ഒരു സ്ഥിരം സംവിധാനമാക്കിയാല്‍ മാത്രമേ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ.  ഇതിനായി മലയാള സിനിമ പ്രൊമോഷന്‍ യൂണിറ്റ് എന്ന ഒരു സ്ഥിരം സംവിധാനം ഒരുക്കാനുള്ള നിര്‍ദേശം നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തി അക്കാദമി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അന്തര്‍ദേശീയ, ദേശീയതലത്തിലുള്ള ചലച്ചിത്രമേളകളുടെ പ്രോഗ്രാമര്‍മാര്‍, സെയില്‍സ് ഏജന്റുമാര്‍, ക്യുറേറ്റര്‍മാര്‍ എന്നിവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മലയാളത്തിലെ പുതിയ സിനിമകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഇത്തരമൊരു സ്ഥിരം സംവിധാനത്തിന്റെ സാധ്യത പരിശോധിക്കും.



ഐഎഫ്എഫ്‌കെയിലെ സ്ഥിരം സാന്നിധ്യമായ ചലച്ചിത്രകാരന്‍/കാണി എന്ന നിലയില്‍ നിന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ എന്ന ചുമതലയില്‍ നില്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?

ഐഎഫ്എഫ്‌കെയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്ന സ്ഥാനം വലിയ ഉത്തരവാദിത്തമാണ് എന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രം മലയാളി ലോകസിനിമ കണ്ടതിന്റെയും മലയാള സിനിമ അതിനനുസരിച്ച് മാറിയതിന്റെയും കൂടി ചരിത്രമാണ്. ലോക ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഭകള്‍ ഈ കേരളത്തിന്റെ മണ്ണില്‍ വരുകയും ഇവിടത്തെ ചലച്ചിത്രപ്രേമികളുമായി സംവദിക്കുകയും ചെയ്തു. കേരളത്തിന്റെ അഭിമാനമായ, നമ്മുടെ ഏറ്റവും വലിയ അന്താരാഷ്ട്ര സാംസ്‌കാരിക ഉല്‍സവമായ മേളയെ പുതിയ ഉയരങ്ങളിലത്തെിക്കാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും എന്റെയും പുതിയ ഭരണസമിതിയുടെയും ഭാഗത്തുനിന്ന് ഉണ്ടാവും.


മലയാള ചലച്ചിത്ര മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള അക്കാദമിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്?

മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന പുതിയ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ചലച്ചിത്രപഠന കോഴ്‌സുകള്‍ നടത്തും. ഫെലോഷിപ്പ് പദ്ധതിയിലൂടെയുള്ള ചലച്ചിത്രഗവേഷണം, പഴയ മലയാളം ക്ലാസിക് സിനിമകളുടെ ഡിജിറ്റൈസേഷന്‍ ഉള്‍പ്പെടെ സമ്പന്നമായ ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണം, ചലച്ചിത്ര ചരിത്രത്തിന്റെ ക്രോഡീകരണത്തിനായുള്ള പ്രസിദ്ധീകരണങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയിലൂടെ ചലച്ചിത്ര വിദ്യാഭ്യാസത്തിന്റെയും ദൃശ്യസാക്ഷരതയുടെയും വ്യാപനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അക്കാദമിക സ്വഭാവമുള്ള പദ്ധതികളും പൂര്‍വാധികം വിപുലമായി നടപ്പിലാക്കും.

സമകാലിക ജനപഥം, 2022 ഫെബ്രുവരി

Tuesday, 1 March 2022

കെപിഎസി ലളിത; ഭാവ, ശബ്ദ പൂര്‍ണത


പുരുഷ കഥാപാത്രങ്ങളുടെ താരാധിപത്യമുള്ള മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ ക്ലിഷേകളില്‍ തളച്ചിടാനുള്ള സാധ്യത നടന്മാരേക്കാള്‍ നടിമാര്‍ക്കാണുള്ളത്. നായക നടന്മാര്‍ക്ക് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വിശാലതയും ഉള്ളപ്പോള്‍ സിനിമ സ്വാഭാവികമായും നായക കേന്ദ്രീകൃതമായിപ്പോകാറുണ്ട്. ഇൗ നായകന്മാരെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന പ്രമേയത്തില്‍ ഏറെക്കുറെ ഒരേ സ്വഭാവം പുലര്‍ത്തുന്ന ഉപ,സഹ,സാന്നിധ്യ കഥാപാത്രങ്ങളുടെ സാധ്യത മാത്രമാണ് മറ്റ് സ്ത്രീ, അപ്രധാന കഥാപാത്രങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ കഥാപാത്ര വൈവിധ്യത്തിന്റെ കാര്യത്തില്‍ മുന്നേറ്റം പ്രകടിപ്പിക്കാന്‍ തുലോം അവസരം കുറവാണ് ഇത്തരം അഭിനേതാക്കള്‍ക്ക്. സവിശേഷമായ അഭിനയമികവും സ്വാഭാവികതയും കൊണ്ട് അപൂര്‍വ്വം ചില അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇതിനെ മറികടക്കാനായിട്ടുള്ളത്. അത്തരം ഒരു അഭിനേത്രിയാണ് കെ.പി.എ.സി. ലളിത.

പ്രായമോ സൗന്ദര്യമോ പരിഗണനാവിഷയമായാല്‍ ചില പ്രത്യേക കഥാപാത്രങ്ങളില്‍ മാത്രം തളച്ചിടപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു കെപിഎസി ലളിതക്ക്. എന്നാല്‍ ഇതു രണ്ടിനെയും പ്രകടനം കൊണ്ട് പിറകിലാക്കാനുള്ള ശേഷിയാണ് ലളിതയെ വേറിട്ടു നിര്‍ത്തിയത്. പതിറ്റാണ്ടുകളോളം തുടര്‍ന്ന അഭിനയജീവിതത്തില്‍ തുടക്കകാലത്ത് കാമുകിയും കൂട്ടുകാരിയും അനിയത്തിയും ഭാര്യയും വേലക്കാരിയുമൊക്കെയായി വേഷമിടുകയും പിന്നീട് അമ്മവേഷമെടുത്തണിയുകയും ചെയ്ത ലളിത ഏകഭാവത്തില്‍ നിന്ന് അടിമുടി മുക്തയാണ്. 

കേവലം ഒറ്റഭാവത്തില്‍ ഒതുങ്ങിപ്പോകുന്നതിലെ പരിമിതി ഈ നടിക്ക് കരിയറില്‍ ഒരു കാലത്തും ബാധ്യതയായതായി കാണാനാകില്ല. അവരുടെ ഒട്ടുമുക്കാല്‍ പങ്ക് കഥാപാത്രങ്ങളിലും ഒരു ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും. സംവിധായകന്റെ നിര്‍ദേശത്തിനുപരിയായി തന്നിലെ അഭിനേത്രിയിലെ ഭാവാഭിനയത്തിലെയും ശബ്ദത്തിലെയും പ്രകടനസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് ലളിത നല്‍കുന്ന സ്വയംനവീകരണം ആണ് അവരുടെ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കുന്നത്. അഭിനയകലയിലെ എല്ലാ രസങ്ങളെയും ആവാഹിക്കാനാകുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാകുന്നു കെപിഎസി ലളിത.


മധ്യവയസ്‌ക, അമ്മ, വയോധിക തുടങ്ങിയ വേഷങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുപോരുന്ന ഒരു നടിയുടെ കഥാപാത്രങ്ങളില്‍ നിന്ന് അത്രകണ്ട് രസികത്തമോ ചിരിയോ സജീവതയോ പ്രതീക്ഷിക്കാനാകില്ല. സ്ഥായിയായ ശാന്ത, കരുണാ രസങ്ങളോ സ്നേഹമസൃണമായ മാതൃഭാവങ്ങളോ ആയിരിക്കും അവരില്‍ തെളിഞ്ഞുകാണുക. പ്രശ്‌നവേളകളിലെ ആശ്വാസമോ അവസാന വാക്കോ പ്രസന്നമായ ഒരു ചിരിയോ തലോടലോ ആയിട്ടായിരിക്കും ആ സാന്നിധ്യം അനുഭവിക്കാനാകുന്നത്.

ചിരിയില്‍ നിന്ന് കരച്ചിലിലേക്കും, ആര്‍ദ്രതയിലേക്കും വിരഹത്തിലേക്കും പൊടുന്നനെ മാറുന്ന ഭാവങ്ങള്‍ ലളിതയിലെ അഭിനേത്രിയുടെ കരുത്താണ്. കണ്ണുനീരില്‍ പോലും ചിരി പ്രകാശിപ്പിക്കാനുള്ള അസാധാരണ ശേഷി ഈ നടിക്കുണ്ട്. മറ്റു അമ്മനടിമാരില്‍ നിന്നും കെ.പി.എ.സി. ലളിത വ്യത്യസ്തയാകുന്നത് ഈ അസാധാരണത്വം കൊണ്ടാണ്. ഒരു കഥാപാത്രത്തില്‍ നിന്ന് അടുത്തതിലേക്ക് കൃത്യമായ ദൈര്‍ഘ്യം അടയാളപ്പെടുത്താന്‍ ഇവര്‍ക്കാകുന്നു. അമ്മ, മുതിര്‍ന്ന ചേച്ചി, ചേട്ടത്തിയമ്മ, അമ്മായി, അമ്മൂമ്മ, അമ്മായിയമ്മ തുടങ്ങി പ്രായത്തിനനുസരിച്ച് പ്രതിഷ്ഠിക്കപ്പെടുന്ന വാര്‍പ്പുമാതൃകാ കഥാപാത്രങ്ങളില്‍ പോലും ഈ കൈയൊപ്പ് കാണാം. സ്ഥായിയായ രസികത്തമാണ് ലളിതയുടെ മുഖമുദ്ര. ഒരു കൗതുകമോ, കള്ളമോ, ഉള്ളിലൊളിപ്പിച്ച ചിരിയോ, നാണമോ, ശൃംഗാരമോ അതില്‍ ഉള്ളടങ്ങിയിട്ടുണ്ടാകും. അങ്ങനെ അധികമൊന്നും ചെയ്യാനില്ലാതെ പ്രധാന കഥാപാത്രങ്ങളുടെ തണലു പറ്റിനില്‍ക്കുന്ന വേഷങ്ങള്‍ പോലും പേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാക്കി മാറ്റാന്‍ ലളിതയ്ക്കാകുന്നു. ഏതു കഥാപാത്രത്തിലും അസാധാരണമായ തന്മയത്വത്തോടെയും സ്വാഭാവികതോടെയും മിഴിവ് നല്‍കാനുള്ള ശേഷി, ശരീരഭാഷ, സംഭാഷണ ചാതുരി തുടങ്ങിയ ഘടകങ്ങള്‍ കെ.പി.എ.സി. ലളിതയെന്ന അഭിനേത്രിയെ വേറിട്ടു നോക്കിക്കാണാന്‍ മലയാള സിനിമാ ലോകത്തെ പ്രേരിപ്പിച്ചു.

സിനിമ കറുപ്പിലും വെളുപ്പിലുമൊതുങ്ങിയിരുന്ന കാലത്തെ നാടകീയത ലളിതയെ ആവേശിച്ചിരുന്നില്ല. പ്രൊഫഷണല്‍ നാടകരംഗത്തു നിന്നു സിനിമയില്‍ പ്രവേശിച്ചിട്ടു പോലും അതിനാടകീയതയെ പുല്‍കാതെ സ്വാഭാവികമായി ക്യാമറയ്ക്കു മുന്നില്‍ പെരുമാറുന്ന നടിയെയാണ് ലളിതയില്‍ കാണാനാകുക. സംഭാഷണത്തിലും ഈ നാടകീയതയില്ലായ്മ ലളിതയെ സമകാലികരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നു. തുടക്കകാലത്ത് ബഹദൂര്‍, അടൂര്‍ ഭാസി, ശങ്കരാടി, സുകുമാരി തുടങ്ങിയവരുടെ സഹകഥാപാത്രമായിട്ടാണ് ലളിതയെ കൂടുതലും കണ്ടത്. രസികത്തം നിറഞ്ഞ അത്തരമൊരു കോമ്പോ തൊള്ളായിരത്തി അറുപതുകളിലെയും എഴുപതുകളിലെയും സിനിമകളിലെ വിജയഘടകമായി വര്‍ത്തിച്ചുപോന്നിരുന്നു. 

     എണ്‍പതുകളില്‍ മധ്യവയസ്സിലേക്കു പ്രവേശിക്കുമ്പോഴാണ് കുറേക്കൂടി വികാസം പ്രാപിക്കുന്നതും ഉള്‍ക്കനമുള്ളതും നേരത്തെ പ്രതിപാദിച്ചതു പോലെ രസികത്തം നിറഞ്ഞതുമായ കഥാപാത്രങ്ങളായി ലളിതയെ കാണാനാകുക. മലയാളി ലളിതയെ നിരന്തരം ഓര്‍മ്മിച്ചെടുക്കുന്നതും ഈ കാലഘട്ടത്തിലെ ഇത്തരം കഥാപാത്രങ്ങളിലൂടെ തന്നെ. 


1978ല്‍ അടൂരിന്റെ കൊടിയേറ്റത്തിലെ ശാന്തമ്മയാണ് ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിനും എണ്‍പതുകള്‍ തൊട്ട് തുടങ്ങുന്ന ജനപ്രിയ കഥാപാത്രങ്ങള്‍ക്കുമിടയിലെ ലളിതയുടെ പാലം. അടൂരിന്റെ സിനിമയിലെ നായികാ കഥാപാത്രമാകുന്നെങ്കിലും ലളിത തന്റെ അഭിനയത്തില്‍ പുതുതായി എന്തെങ്കിലും ബോധപൂര്‍വ്വം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നു കാണാം. സ്ഥായിയായ തന്റെ ഭാവങ്ങളിലൂടെ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്. ഉള്‍ക്കാമ്പുള്ള ഒരു അഭിനേത്രിക്ക് മാത്രം സ്വായത്തമാകുന്ന ആത്മവിശ്വാസമാണിത്.

ഭരതന്റെ കാറ്റത്തെ കിളിക്കൂടിലൂടെ അഭിനയത്തിലെ രണ്ടാം ഘട്ടത്തിലേക്കു ലളിത പ്രവേശിക്കുന്നു. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങുന്ന സത്യന്‍ അന്തിക്കാടിന്റെ ജനപ്രിയ സിനിമകളിലെ സ്ഥിരം സാന്നിധ്യമാകുന്നതോടെ കെ.പി.എ.സി ലളിതയിലെ നടിക്കും അത്തരമൊരു ജനപ്രിയത കൈവരുന്നു. സ•നസ്സുള്ളവര്‍ക്ക് സമാധാനം, ടി.പി.ബാലഗോപാലന്‍ എം.എ., ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, വരവേല്പ്, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയ അന്തിക്കാടന്‍ സിനിമകളിലെല്ലാം ജനങ്ങള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ലളിതയുടേത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ ഏഷണിയും പരദൂഷണവും ശീലമാക്കിയ അയല്‍പ്പക്കക്കാരി ചേച്ചിയാണ് ലളിത. പൊന്മുട്ടയിടുന്ന താറാവില്‍ കാര്യപ്രാപ്തിയും അതിസാമര്‍ഥ്യവുമുള്ള വീട്ടമ്മയാണ്. ഗള്‍ഫുകാരനായ അനിയന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സാമര്‍ഥ്യക്കാരി ചേട്ടത്തിയമ്മയെ വരവേല്‍പ്പിലും, കാര്യം കാണാന്‍ പുകഴ്ത്തുകയും അല്ലെങ്കില്‍ നീ ഗുണം പിടിക്കില്ലെന്ന് പറയുകയും ചെയ്യുന്ന ചേച്ചിയെ സന്ദേശത്തിലും കാണാം. ഈ കഥാപാത്രങ്ങളിലെല്ലാം അസാമാന്യമായ മെയ്വഴക്കമുള്ള നാട്ടിന്‍പുറത്തുകാരിയുടെ സ്വാഭാവികത ലളിതയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

വടക്കുനോക്കിയന്ത്രത്തിലെ ദിനേശന്റെ അമ്മ, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയമ്മ, ഗജകേസരിയോഗത്തിലെ മാധവിയമ്മ, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, മണിച്ചിത്രത്താഴിലെ ഭാസുര,  കനല്‍ക്കാറ്റിലെ ഓമന, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കത്തിലെ കൗസല്യ എന്നീ കഥാപാത്രങ്ങള്‍ രസികത്തവും സവിശേഷമായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നവയാണ്. ആദ്യത്തെ കണ്‍മണി, അനിയത്തിപ്രാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മനസ്സിനക്കരെ തുടങ്ങിയ സിനിമകളില്‍ വ്യത്യസ്ത സ്വാഭാവവിശേഷങ്ങളുള്ള അമ്മവേഷങ്ങളാണ് ലളിതയ്ക്ക്. ഇതില്‍ അല്‍പ്പം ക്രൗര്യതയും പിടിവാശിയുമുള്ള അമ്മായിയമ്മയുണ്ട്. വാര്‍ധക്യത്തിലെ ഒറ്റപ്പെടലിന്റെ നോവനുഭവിക്കുന്ന അമ്മയുണ്ട്. മക്കളുടെയും ഭര്‍ത്താവിന്റെയും ഇടയില്‍പെട്ട് ഏതു പക്ഷം ചേരണമെന്നറിയാതെ ഉഴലുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥയുണ്ട്. മാതൃ അവസ്ഥയുടെ ഭിന്ന വികാരവിചാരങ്ങള്‍ പകരുന്നവയായിരുന്നു ഈ കഥാപാത്രങ്ങള്‍. 


അമരം, വെങ്കലം, സ്ഫടികം, ശാന്തം തുടങ്ങിയ സിനിമകളില്‍ രസികത്തമല്ല ലളിതയുടെ സ്ഥായീഭാവം. മനോവേദനയും അന്തഃസംഘര്‍ഷങ്ങളുമുള്ള കഥാപാത്രങ്ങളുടെ ഘനീഭവിച്ച സങ്കടങ്ങള്‍ നെഞ്ചു പൊട്ടിയൊഴുകുന്നത് ഇവയില്‍ കാണാം. കരയുന്ന കെ.പി.എ.സി. ലളിത കാണികളില്‍ ചിരപ്രതിഷ്ഠ നേടിയൊരു ബിംബമാണ്. ഉടുത്തിരിക്കുന്ന സാരിയുടെയോ മുണ്ടിന്റെയോ കോന്തല കൊണ്ട് മൂക്കുചീറ്റി കരയുന്ന ഒരമ്മമുഖം അത്ര മിഴിവോടെ കാണികളുടെയുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നെഞ്ചുപൊട്ടി കരയുന്ന, കരഞ്ഞു മൂക്കുചീറ്റുന്ന, കണ്ണുനിറച്ചുകൊണ്ട് കണ്ണിനു താഴത്തെ കറുപ്പുരാശിയും കനംവച്ച മുഖവുമായി തിരിഞ്ഞുനോക്കുന്ന, സങ്കടം മുഴുക്കെ നെഞ്ചിലൊതുക്കി ചുണ്ടു കടിച്ചുപിടിച്ച് പൊട്ടിക്കരച്ചിലിനെ തടഞ്ഞുനിര്‍ത്തുന്ന, നെഞ്ചത്തടിച്ചു കരയുന്ന, ഇരുകൈകളും തലയ്ക്കു താങ്ങാക്കി അലമുറയിടുന്ന, ശപിച്ചു കരയുന്ന ഒരു പെണ്‍സാന്നിധ്യമുണ്ട് സക്രീനില്‍. തൊട്ടടുത്തുനിന്ന് നമുക്ക് അടുത്തറിയാവുന്ന ഒരു സ്ത്രീ നെഞ്ചുപൊട്ടി കരയുന്നതു മാതിരിയുള്ള ഈ അനുഭവപ്പകര്‍ച്ചയുടെ ഉടമസ്ഥയാണ് നമുക്ക് കെ.പി.എ.സി. ലളിതയെന്ന നടി. കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള അവരുടെ കരച്ചില്‍ അതേ തീവ്രതയോടെ കാണികളുടെ നെഞ്ചകത്തേക്കു പകര്‍ന്ന് വലിയൊരു വിങ്ങലായി മാറുന്നു. സങ്കടങ്ങളുടെ ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെ അവര്‍ക്കിടയില്‍ ഈടുറ്റൊരു ബന്ധം രൂപപ്പെടുന്നു. നാണക്കാരി, കുശുമ്പി, മിടുക്കി, കാര്യശേഷിയുള്ളവള്‍, പ്രണയാതുര, ശൃംഗാരി, ഗൗരവക്കാരി തുടങ്ങി നിരവധിയായ ഭാവങ്ങള്‍ എളുപ്പത്തില്‍ വഴങ്ങുന്ന മുഖമാണെങ്കില്‍ക്കൂടി ഈ കരച്ചില്‍ അതിലുമേറെയാഴത്തിലാണ് അടയാളപ്പെടുത്തപ്പെടുന്നത്.

      ഭരതന്റെ അമരത്തിലെയും വെങ്കലത്തിലെയും കഥാപാത്രങ്ങള്‍ ലളിതയുടെ അത്യപൂര്‍വ്വ പ്രകടനം എന്നു തുല്യം ചാര്‍ത്താം. ലളിതയെ മുന്നില്‍ക്കണ്ട് എഴുതിയെന്നുറപ്പിക്കാവുന്ന ഭാര്‍ഗവിയും കുഞ്ഞിപ്പെണ്ണും അസാമാന്യ ഭാവപ്രകടനമാണ് സംവിധായകന് പകരം നല്‍കുന്നത്. ജയരാജിന്റെ ശാന്തത്തിലെ അമ്മയുടെ വേദനയും ഉളളുലയ്ക്കുന്ന കരച്ചിലും ഒരു ദീര്‍ഘനിശ്വാസത്തോടെയും പിടച്ചിലോടെയുമാണ് മലയാളി കണ്ടത്. കൊലപാതക രാഷ്ട്രീയത്തിന്റെ ചോരക്കറ ശീലമാക്കിയ നാട്ടിലെ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ പ്രതിനിധിയായിരുന്നു ശാന്തത്തിലെ നാരായണി. 

ഭാവത്തിനു പുറമേ ശബ്ദത്തില്‍ ലളിത കൊണ്ടുവരുന്ന വ്യതിയാനങ്ങളും ശ്രദ്ധേയമാണ്. മതിലുകളില്‍ ശബ്ദം കൊണ്ട് മാത്രം അടയാളപ്പെടുത്തുന്ന സ്ത്രീകഥാപാത്രമായി അടൂര്‍ തെരഞ്ഞെടുത്തത് ലളിതയെ ആയിരുന്നുവെന്നത് ഈ ശബ്ദത്തിന്റെ സവിശേഷതയ്ക്ക് ദൃഷ്ടാന്തമാണ്. കരച്ചിലില്‍ നിന്ന് പെട്ടെന്ന് ചിരിയിലേക്കും, ശബ്ദകോലാഹലങ്ങളില്‍ നിന്ന് പൊടുന്നനെ കരച്ചിലിലേക്കും, സുഖാന്വേഷണ പരിഗണന സൗഹൃദ ചര്‍ച്ചകളില്‍ നിന്ന് ഉള്ളുലയ്ക്കുന്ന നോവുകളിലേക്കും ആര്‍ദ്രതയിലേകക്കും കൊണ്ടുപോകുന്നത് ഭാവവ്യതിയാനങ്ങള്‍ക്കൊപ്പം ശബ്ദത്തിലെ ഉയര്‍ച്ചതാഴ്ചകളും കമ്പനങ്ങളും കൊണ്ടു കൂടിയാണ്. 

മതിലുകളിലേതു പോലെ മണിച്ചിത്രത്താഴില്‍ മതിലിനപ്പുറമിപ്പുറമുള്ള ശബ്ദങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു സീനുണ്ട്. 'ആരാടീ എന്റെ മുണ്ട് എടുത്തത്' എന്നു കുളിമുറിയില്‍ വച്ച് അപ്പുറത്തെ മുറിയിലുള്ള ആളോട് ലളിത ചോദിക്കുന്ന രംഗം. സീനില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളത്. ലളിതയുടേത് ശബ്ദസാന്നിധ്യവും. പക്ഷേ അപ്പുറത്തെ കുളിമുറിയില്‍ അങ്ങനെയൊരാള്‍ ഉണ്ടെന്നു തന്നെ തോന്നിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള ലളിതയുടെ ശബ്ദം കൊണ്ടുള്ള സാന്നിധ്യം. മാടമ്പള്ളിത്തറവാട്ടിലെ പ്രേതകഥകളെപ്പറ്റി ലളിതയുടെ കഥാപാത്രമായ ഭാസുര പറയുന്നതും കഥയിലെ ഭീതി അപ്പാടെ ജനിപ്പിച്ചുകൊണ്ടു തന്നെ.


കന്മദത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മകനെ കാണുമ്പോള്‍ വഴിഞ്ഞൊഴുകുന്ന മാതൃസ്‌നേഹത്താലുള്ള അമ്മയാണ് ലളിത. പക്ഷേ പൊടുന്നനെ അതിന് വിരാമമിടേണ്ടി വരുമ്പോള്‍, ആരാണ് എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് 'ആരോ' എന്നാണ് അമ്മയുടെ മറുപടി. ഭാവവും ശബ്ദവും ഏതേതു മുകളില്‍ എന്നു സംശയിച്ചുപോകുന്ന പ്രകടനദൃശ്യങ്ങളിലൊന്ന്. മനസിനക്കരെയില്‍ കുഞ്ഞുമറിയയും ത്രേസ്യയും ചേര്‍ന്നുള്ള രംഗങ്ങള്‍. അതിലൊന്നില്‍ താനുണ്ടാക്കിയ പലഹാരങ്ങള്‍ വലിച്ചെറിയപ്പെട്ട അപമാനിതയായി ചട്ടത്തുമ്പില്‍ കണ്ണു തുടച്ച് തിരിച്ചിറങ്ങുമ്പോള്‍ 'ഒരു പോള കണ്ണടയ്ക്കാതെ  ഉണ്ടാക്കിയതാ..' എന്ന ലളിതയുടെ പറച്ചില്‍ പൊടുന്നനെയാകും കാണിയുടെ തൊണ്ടയും കണ്ണുകളും നിറയ്ക്കുന്ന ഒരു ദീര്‍ഘനിശ്വാസമായി മാറുക. 'സമയത്ത് കെട്ടിച്ചുതരാന്‍ ആരും ഉണ്ടായിട്ടില്ല. കാശിനുവേണ്ടി ഞാന്‍ ചെയ്തതാണെങ്കിലും മരിക്കണവരെ ഈ താലി ഞാന്‍ ഇട്ടോട്ടെ' എന്ന കനല്‍ക്കാറ്റിലെ ലളിതയുടെ ഓമനയും കാണികളുടെ ഉള്ളുലയ്ക്കുന്ന ശബ്ദവ്യതിയാനമാകുന്നുണ്ട്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 24 ഷോ റീല്‍ 8