Tuesday, 1 March 2022

കെപിഎസി ലളിത; ഭാവ, ശബ്ദ പൂര്‍ണത


പുരുഷ കഥാപാത്രങ്ങളുടെ താരാധിപത്യമുള്ള മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ ക്ലിഷേകളില്‍ തളച്ചിടാനുള്ള സാധ്യത നടന്മാരേക്കാള്‍ നടിമാര്‍ക്കാണുള്ളത്. നായക നടന്മാര്‍ക്ക് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വിശാലതയും ഉള്ളപ്പോള്‍ സിനിമ സ്വാഭാവികമായും നായക കേന്ദ്രീകൃതമായിപ്പോകാറുണ്ട്. ഇൗ നായകന്മാരെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന പ്രമേയത്തില്‍ ഏറെക്കുറെ ഒരേ സ്വഭാവം പുലര്‍ത്തുന്ന ഉപ,സഹ,സാന്നിധ്യ കഥാപാത്രങ്ങളുടെ സാധ്യത മാത്രമാണ് മറ്റ് സ്ത്രീ, അപ്രധാന കഥാപാത്രങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ കഥാപാത്ര വൈവിധ്യത്തിന്റെ കാര്യത്തില്‍ മുന്നേറ്റം പ്രകടിപ്പിക്കാന്‍ തുലോം അവസരം കുറവാണ് ഇത്തരം അഭിനേതാക്കള്‍ക്ക്. സവിശേഷമായ അഭിനയമികവും സ്വാഭാവികതയും കൊണ്ട് അപൂര്‍വ്വം ചില അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇതിനെ മറികടക്കാനായിട്ടുള്ളത്. അത്തരം ഒരു അഭിനേത്രിയാണ് കെ.പി.എ.സി. ലളിത.

പ്രായമോ സൗന്ദര്യമോ പരിഗണനാവിഷയമായാല്‍ ചില പ്രത്യേക കഥാപാത്രങ്ങളില്‍ മാത്രം തളച്ചിടപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു കെപിഎസി ലളിതക്ക്. എന്നാല്‍ ഇതു രണ്ടിനെയും പ്രകടനം കൊണ്ട് പിറകിലാക്കാനുള്ള ശേഷിയാണ് ലളിതയെ വേറിട്ടു നിര്‍ത്തിയത്. പതിറ്റാണ്ടുകളോളം തുടര്‍ന്ന അഭിനയജീവിതത്തില്‍ തുടക്കകാലത്ത് കാമുകിയും കൂട്ടുകാരിയും അനിയത്തിയും ഭാര്യയും വേലക്കാരിയുമൊക്കെയായി വേഷമിടുകയും പിന്നീട് അമ്മവേഷമെടുത്തണിയുകയും ചെയ്ത ലളിത ഏകഭാവത്തില്‍ നിന്ന് അടിമുടി മുക്തയാണ്. 

കേവലം ഒറ്റഭാവത്തില്‍ ഒതുങ്ങിപ്പോകുന്നതിലെ പരിമിതി ഈ നടിക്ക് കരിയറില്‍ ഒരു കാലത്തും ബാധ്യതയായതായി കാണാനാകില്ല. അവരുടെ ഒട്ടുമുക്കാല്‍ പങ്ക് കഥാപാത്രങ്ങളിലും ഒരു ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും. സംവിധായകന്റെ നിര്‍ദേശത്തിനുപരിയായി തന്നിലെ അഭിനേത്രിയിലെ ഭാവാഭിനയത്തിലെയും ശബ്ദത്തിലെയും പ്രകടനസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് ലളിത നല്‍കുന്ന സ്വയംനവീകരണം ആണ് അവരുടെ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കുന്നത്. അഭിനയകലയിലെ എല്ലാ രസങ്ങളെയും ആവാഹിക്കാനാകുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാകുന്നു കെപിഎസി ലളിത.


മധ്യവയസ്‌ക, അമ്മ, വയോധിക തുടങ്ങിയ വേഷങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുപോരുന്ന ഒരു നടിയുടെ കഥാപാത്രങ്ങളില്‍ നിന്ന് അത്രകണ്ട് രസികത്തമോ ചിരിയോ സജീവതയോ പ്രതീക്ഷിക്കാനാകില്ല. സ്ഥായിയായ ശാന്ത, കരുണാ രസങ്ങളോ സ്നേഹമസൃണമായ മാതൃഭാവങ്ങളോ ആയിരിക്കും അവരില്‍ തെളിഞ്ഞുകാണുക. പ്രശ്‌നവേളകളിലെ ആശ്വാസമോ അവസാന വാക്കോ പ്രസന്നമായ ഒരു ചിരിയോ തലോടലോ ആയിട്ടായിരിക്കും ആ സാന്നിധ്യം അനുഭവിക്കാനാകുന്നത്.

ചിരിയില്‍ നിന്ന് കരച്ചിലിലേക്കും, ആര്‍ദ്രതയിലേക്കും വിരഹത്തിലേക്കും പൊടുന്നനെ മാറുന്ന ഭാവങ്ങള്‍ ലളിതയിലെ അഭിനേത്രിയുടെ കരുത്താണ്. കണ്ണുനീരില്‍ പോലും ചിരി പ്രകാശിപ്പിക്കാനുള്ള അസാധാരണ ശേഷി ഈ നടിക്കുണ്ട്. മറ്റു അമ്മനടിമാരില്‍ നിന്നും കെ.പി.എ.സി. ലളിത വ്യത്യസ്തയാകുന്നത് ഈ അസാധാരണത്വം കൊണ്ടാണ്. ഒരു കഥാപാത്രത്തില്‍ നിന്ന് അടുത്തതിലേക്ക് കൃത്യമായ ദൈര്‍ഘ്യം അടയാളപ്പെടുത്താന്‍ ഇവര്‍ക്കാകുന്നു. അമ്മ, മുതിര്‍ന്ന ചേച്ചി, ചേട്ടത്തിയമ്മ, അമ്മായി, അമ്മൂമ്മ, അമ്മായിയമ്മ തുടങ്ങി പ്രായത്തിനനുസരിച്ച് പ്രതിഷ്ഠിക്കപ്പെടുന്ന വാര്‍പ്പുമാതൃകാ കഥാപാത്രങ്ങളില്‍ പോലും ഈ കൈയൊപ്പ് കാണാം. സ്ഥായിയായ രസികത്തമാണ് ലളിതയുടെ മുഖമുദ്ര. ഒരു കൗതുകമോ, കള്ളമോ, ഉള്ളിലൊളിപ്പിച്ച ചിരിയോ, നാണമോ, ശൃംഗാരമോ അതില്‍ ഉള്ളടങ്ങിയിട്ടുണ്ടാകും. അങ്ങനെ അധികമൊന്നും ചെയ്യാനില്ലാതെ പ്രധാന കഥാപാത്രങ്ങളുടെ തണലു പറ്റിനില്‍ക്കുന്ന വേഷങ്ങള്‍ പോലും പേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാക്കി മാറ്റാന്‍ ലളിതയ്ക്കാകുന്നു. ഏതു കഥാപാത്രത്തിലും അസാധാരണമായ തന്മയത്വത്തോടെയും സ്വാഭാവികതോടെയും മിഴിവ് നല്‍കാനുള്ള ശേഷി, ശരീരഭാഷ, സംഭാഷണ ചാതുരി തുടങ്ങിയ ഘടകങ്ങള്‍ കെ.പി.എ.സി. ലളിതയെന്ന അഭിനേത്രിയെ വേറിട്ടു നോക്കിക്കാണാന്‍ മലയാള സിനിമാ ലോകത്തെ പ്രേരിപ്പിച്ചു.

സിനിമ കറുപ്പിലും വെളുപ്പിലുമൊതുങ്ങിയിരുന്ന കാലത്തെ നാടകീയത ലളിതയെ ആവേശിച്ചിരുന്നില്ല. പ്രൊഫഷണല്‍ നാടകരംഗത്തു നിന്നു സിനിമയില്‍ പ്രവേശിച്ചിട്ടു പോലും അതിനാടകീയതയെ പുല്‍കാതെ സ്വാഭാവികമായി ക്യാമറയ്ക്കു മുന്നില്‍ പെരുമാറുന്ന നടിയെയാണ് ലളിതയില്‍ കാണാനാകുക. സംഭാഷണത്തിലും ഈ നാടകീയതയില്ലായ്മ ലളിതയെ സമകാലികരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നു. തുടക്കകാലത്ത് ബഹദൂര്‍, അടൂര്‍ ഭാസി, ശങ്കരാടി, സുകുമാരി തുടങ്ങിയവരുടെ സഹകഥാപാത്രമായിട്ടാണ് ലളിതയെ കൂടുതലും കണ്ടത്. രസികത്തം നിറഞ്ഞ അത്തരമൊരു കോമ്പോ തൊള്ളായിരത്തി അറുപതുകളിലെയും എഴുപതുകളിലെയും സിനിമകളിലെ വിജയഘടകമായി വര്‍ത്തിച്ചുപോന്നിരുന്നു. 

     എണ്‍പതുകളില്‍ മധ്യവയസ്സിലേക്കു പ്രവേശിക്കുമ്പോഴാണ് കുറേക്കൂടി വികാസം പ്രാപിക്കുന്നതും ഉള്‍ക്കനമുള്ളതും നേരത്തെ പ്രതിപാദിച്ചതു പോലെ രസികത്തം നിറഞ്ഞതുമായ കഥാപാത്രങ്ങളായി ലളിതയെ കാണാനാകുക. മലയാളി ലളിതയെ നിരന്തരം ഓര്‍മ്മിച്ചെടുക്കുന്നതും ഈ കാലഘട്ടത്തിലെ ഇത്തരം കഥാപാത്രങ്ങളിലൂടെ തന്നെ. 


1978ല്‍ അടൂരിന്റെ കൊടിയേറ്റത്തിലെ ശാന്തമ്മയാണ് ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിനും എണ്‍പതുകള്‍ തൊട്ട് തുടങ്ങുന്ന ജനപ്രിയ കഥാപാത്രങ്ങള്‍ക്കുമിടയിലെ ലളിതയുടെ പാലം. അടൂരിന്റെ സിനിമയിലെ നായികാ കഥാപാത്രമാകുന്നെങ്കിലും ലളിത തന്റെ അഭിനയത്തില്‍ പുതുതായി എന്തെങ്കിലും ബോധപൂര്‍വ്വം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നു കാണാം. സ്ഥായിയായ തന്റെ ഭാവങ്ങളിലൂടെ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്. ഉള്‍ക്കാമ്പുള്ള ഒരു അഭിനേത്രിക്ക് മാത്രം സ്വായത്തമാകുന്ന ആത്മവിശ്വാസമാണിത്.

ഭരതന്റെ കാറ്റത്തെ കിളിക്കൂടിലൂടെ അഭിനയത്തിലെ രണ്ടാം ഘട്ടത്തിലേക്കു ലളിത പ്രവേശിക്കുന്നു. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങുന്ന സത്യന്‍ അന്തിക്കാടിന്റെ ജനപ്രിയ സിനിമകളിലെ സ്ഥിരം സാന്നിധ്യമാകുന്നതോടെ കെ.പി.എ.സി ലളിതയിലെ നടിക്കും അത്തരമൊരു ജനപ്രിയത കൈവരുന്നു. സ•നസ്സുള്ളവര്‍ക്ക് സമാധാനം, ടി.പി.ബാലഗോപാലന്‍ എം.എ., ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, വരവേല്പ്, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയ അന്തിക്കാടന്‍ സിനിമകളിലെല്ലാം ജനങ്ങള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ലളിതയുടേത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ ഏഷണിയും പരദൂഷണവും ശീലമാക്കിയ അയല്‍പ്പക്കക്കാരി ചേച്ചിയാണ് ലളിത. പൊന്മുട്ടയിടുന്ന താറാവില്‍ കാര്യപ്രാപ്തിയും അതിസാമര്‍ഥ്യവുമുള്ള വീട്ടമ്മയാണ്. ഗള്‍ഫുകാരനായ അനിയന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സാമര്‍ഥ്യക്കാരി ചേട്ടത്തിയമ്മയെ വരവേല്‍പ്പിലും, കാര്യം കാണാന്‍ പുകഴ്ത്തുകയും അല്ലെങ്കില്‍ നീ ഗുണം പിടിക്കില്ലെന്ന് പറയുകയും ചെയ്യുന്ന ചേച്ചിയെ സന്ദേശത്തിലും കാണാം. ഈ കഥാപാത്രങ്ങളിലെല്ലാം അസാമാന്യമായ മെയ്വഴക്കമുള്ള നാട്ടിന്‍പുറത്തുകാരിയുടെ സ്വാഭാവികത ലളിതയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

വടക്കുനോക്കിയന്ത്രത്തിലെ ദിനേശന്റെ അമ്മ, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയമ്മ, ഗജകേസരിയോഗത്തിലെ മാധവിയമ്മ, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, മണിച്ചിത്രത്താഴിലെ ഭാസുര,  കനല്‍ക്കാറ്റിലെ ഓമന, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കത്തിലെ കൗസല്യ എന്നീ കഥാപാത്രങ്ങള്‍ രസികത്തവും സവിശേഷമായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നവയാണ്. ആദ്യത്തെ കണ്‍മണി, അനിയത്തിപ്രാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മനസ്സിനക്കരെ തുടങ്ങിയ സിനിമകളില്‍ വ്യത്യസ്ത സ്വാഭാവവിശേഷങ്ങളുള്ള അമ്മവേഷങ്ങളാണ് ലളിതയ്ക്ക്. ഇതില്‍ അല്‍പ്പം ക്രൗര്യതയും പിടിവാശിയുമുള്ള അമ്മായിയമ്മയുണ്ട്. വാര്‍ധക്യത്തിലെ ഒറ്റപ്പെടലിന്റെ നോവനുഭവിക്കുന്ന അമ്മയുണ്ട്. മക്കളുടെയും ഭര്‍ത്താവിന്റെയും ഇടയില്‍പെട്ട് ഏതു പക്ഷം ചേരണമെന്നറിയാതെ ഉഴലുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥയുണ്ട്. മാതൃ അവസ്ഥയുടെ ഭിന്ന വികാരവിചാരങ്ങള്‍ പകരുന്നവയായിരുന്നു ഈ കഥാപാത്രങ്ങള്‍. 


അമരം, വെങ്കലം, സ്ഫടികം, ശാന്തം തുടങ്ങിയ സിനിമകളില്‍ രസികത്തമല്ല ലളിതയുടെ സ്ഥായീഭാവം. മനോവേദനയും അന്തഃസംഘര്‍ഷങ്ങളുമുള്ള കഥാപാത്രങ്ങളുടെ ഘനീഭവിച്ച സങ്കടങ്ങള്‍ നെഞ്ചു പൊട്ടിയൊഴുകുന്നത് ഇവയില്‍ കാണാം. കരയുന്ന കെ.പി.എ.സി. ലളിത കാണികളില്‍ ചിരപ്രതിഷ്ഠ നേടിയൊരു ബിംബമാണ്. ഉടുത്തിരിക്കുന്ന സാരിയുടെയോ മുണ്ടിന്റെയോ കോന്തല കൊണ്ട് മൂക്കുചീറ്റി കരയുന്ന ഒരമ്മമുഖം അത്ര മിഴിവോടെ കാണികളുടെയുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നെഞ്ചുപൊട്ടി കരയുന്ന, കരഞ്ഞു മൂക്കുചീറ്റുന്ന, കണ്ണുനിറച്ചുകൊണ്ട് കണ്ണിനു താഴത്തെ കറുപ്പുരാശിയും കനംവച്ച മുഖവുമായി തിരിഞ്ഞുനോക്കുന്ന, സങ്കടം മുഴുക്കെ നെഞ്ചിലൊതുക്കി ചുണ്ടു കടിച്ചുപിടിച്ച് പൊട്ടിക്കരച്ചിലിനെ തടഞ്ഞുനിര്‍ത്തുന്ന, നെഞ്ചത്തടിച്ചു കരയുന്ന, ഇരുകൈകളും തലയ്ക്കു താങ്ങാക്കി അലമുറയിടുന്ന, ശപിച്ചു കരയുന്ന ഒരു പെണ്‍സാന്നിധ്യമുണ്ട് സക്രീനില്‍. തൊട്ടടുത്തുനിന്ന് നമുക്ക് അടുത്തറിയാവുന്ന ഒരു സ്ത്രീ നെഞ്ചുപൊട്ടി കരയുന്നതു മാതിരിയുള്ള ഈ അനുഭവപ്പകര്‍ച്ചയുടെ ഉടമസ്ഥയാണ് നമുക്ക് കെ.പി.എ.സി. ലളിതയെന്ന നടി. കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള അവരുടെ കരച്ചില്‍ അതേ തീവ്രതയോടെ കാണികളുടെ നെഞ്ചകത്തേക്കു പകര്‍ന്ന് വലിയൊരു വിങ്ങലായി മാറുന്നു. സങ്കടങ്ങളുടെ ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെ അവര്‍ക്കിടയില്‍ ഈടുറ്റൊരു ബന്ധം രൂപപ്പെടുന്നു. നാണക്കാരി, കുശുമ്പി, മിടുക്കി, കാര്യശേഷിയുള്ളവള്‍, പ്രണയാതുര, ശൃംഗാരി, ഗൗരവക്കാരി തുടങ്ങി നിരവധിയായ ഭാവങ്ങള്‍ എളുപ്പത്തില്‍ വഴങ്ങുന്ന മുഖമാണെങ്കില്‍ക്കൂടി ഈ കരച്ചില്‍ അതിലുമേറെയാഴത്തിലാണ് അടയാളപ്പെടുത്തപ്പെടുന്നത്.

      ഭരതന്റെ അമരത്തിലെയും വെങ്കലത്തിലെയും കഥാപാത്രങ്ങള്‍ ലളിതയുടെ അത്യപൂര്‍വ്വ പ്രകടനം എന്നു തുല്യം ചാര്‍ത്താം. ലളിതയെ മുന്നില്‍ക്കണ്ട് എഴുതിയെന്നുറപ്പിക്കാവുന്ന ഭാര്‍ഗവിയും കുഞ്ഞിപ്പെണ്ണും അസാമാന്യ ഭാവപ്രകടനമാണ് സംവിധായകന് പകരം നല്‍കുന്നത്. ജയരാജിന്റെ ശാന്തത്തിലെ അമ്മയുടെ വേദനയും ഉളളുലയ്ക്കുന്ന കരച്ചിലും ഒരു ദീര്‍ഘനിശ്വാസത്തോടെയും പിടച്ചിലോടെയുമാണ് മലയാളി കണ്ടത്. കൊലപാതക രാഷ്ട്രീയത്തിന്റെ ചോരക്കറ ശീലമാക്കിയ നാട്ടിലെ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ പ്രതിനിധിയായിരുന്നു ശാന്തത്തിലെ നാരായണി. 

ഭാവത്തിനു പുറമേ ശബ്ദത്തില്‍ ലളിത കൊണ്ടുവരുന്ന വ്യതിയാനങ്ങളും ശ്രദ്ധേയമാണ്. മതിലുകളില്‍ ശബ്ദം കൊണ്ട് മാത്രം അടയാളപ്പെടുത്തുന്ന സ്ത്രീകഥാപാത്രമായി അടൂര്‍ തെരഞ്ഞെടുത്തത് ലളിതയെ ആയിരുന്നുവെന്നത് ഈ ശബ്ദത്തിന്റെ സവിശേഷതയ്ക്ക് ദൃഷ്ടാന്തമാണ്. കരച്ചിലില്‍ നിന്ന് പെട്ടെന്ന് ചിരിയിലേക്കും, ശബ്ദകോലാഹലങ്ങളില്‍ നിന്ന് പൊടുന്നനെ കരച്ചിലിലേക്കും, സുഖാന്വേഷണ പരിഗണന സൗഹൃദ ചര്‍ച്ചകളില്‍ നിന്ന് ഉള്ളുലയ്ക്കുന്ന നോവുകളിലേക്കും ആര്‍ദ്രതയിലേകക്കും കൊണ്ടുപോകുന്നത് ഭാവവ്യതിയാനങ്ങള്‍ക്കൊപ്പം ശബ്ദത്തിലെ ഉയര്‍ച്ചതാഴ്ചകളും കമ്പനങ്ങളും കൊണ്ടു കൂടിയാണ്. 

മതിലുകളിലേതു പോലെ മണിച്ചിത്രത്താഴില്‍ മതിലിനപ്പുറമിപ്പുറമുള്ള ശബ്ദങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു സീനുണ്ട്. 'ആരാടീ എന്റെ മുണ്ട് എടുത്തത്' എന്നു കുളിമുറിയില്‍ വച്ച് അപ്പുറത്തെ മുറിയിലുള്ള ആളോട് ലളിത ചോദിക്കുന്ന രംഗം. സീനില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളത്. ലളിതയുടേത് ശബ്ദസാന്നിധ്യവും. പക്ഷേ അപ്പുറത്തെ കുളിമുറിയില്‍ അങ്ങനെയൊരാള്‍ ഉണ്ടെന്നു തന്നെ തോന്നിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള ലളിതയുടെ ശബ്ദം കൊണ്ടുള്ള സാന്നിധ്യം. മാടമ്പള്ളിത്തറവാട്ടിലെ പ്രേതകഥകളെപ്പറ്റി ലളിതയുടെ കഥാപാത്രമായ ഭാസുര പറയുന്നതും കഥയിലെ ഭീതി അപ്പാടെ ജനിപ്പിച്ചുകൊണ്ടു തന്നെ.


കന്മദത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മകനെ കാണുമ്പോള്‍ വഴിഞ്ഞൊഴുകുന്ന മാതൃസ്‌നേഹത്താലുള്ള അമ്മയാണ് ലളിത. പക്ഷേ പൊടുന്നനെ അതിന് വിരാമമിടേണ്ടി വരുമ്പോള്‍, ആരാണ് എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് 'ആരോ' എന്നാണ് അമ്മയുടെ മറുപടി. ഭാവവും ശബ്ദവും ഏതേതു മുകളില്‍ എന്നു സംശയിച്ചുപോകുന്ന പ്രകടനദൃശ്യങ്ങളിലൊന്ന്. മനസിനക്കരെയില്‍ കുഞ്ഞുമറിയയും ത്രേസ്യയും ചേര്‍ന്നുള്ള രംഗങ്ങള്‍. അതിലൊന്നില്‍ താനുണ്ടാക്കിയ പലഹാരങ്ങള്‍ വലിച്ചെറിയപ്പെട്ട അപമാനിതയായി ചട്ടത്തുമ്പില്‍ കണ്ണു തുടച്ച് തിരിച്ചിറങ്ങുമ്പോള്‍ 'ഒരു പോള കണ്ണടയ്ക്കാതെ  ഉണ്ടാക്കിയതാ..' എന്ന ലളിതയുടെ പറച്ചില്‍ പൊടുന്നനെയാകും കാണിയുടെ തൊണ്ടയും കണ്ണുകളും നിറയ്ക്കുന്ന ഒരു ദീര്‍ഘനിശ്വാസമായി മാറുക. 'സമയത്ത് കെട്ടിച്ചുതരാന്‍ ആരും ഉണ്ടായിട്ടില്ല. കാശിനുവേണ്ടി ഞാന്‍ ചെയ്തതാണെങ്കിലും മരിക്കണവരെ ഈ താലി ഞാന്‍ ഇട്ടോട്ടെ' എന്ന കനല്‍ക്കാറ്റിലെ ലളിതയുടെ ഓമനയും കാണികളുടെ ഉള്ളുലയ്ക്കുന്ന ശബ്ദവ്യതിയാനമാകുന്നുണ്ട്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 24 ഷോ റീല്‍ 8

No comments:

Post a Comment