സഹ്യനേക്കാള്‍ തലപ്പൊക്കം, നിളയെക്കാളുമാര്‍ദ്രത എന്ന ആറ്റൂരിന്റെ മേഘരൂപനിലെ പ്രയോഗം ഒരിക്കല്‍കൂടി കടംകൊള്ളുന്നു. കുഞ്ഞിരാമന്‍നായരിലെ കാവ്യവ്യക്തിത്വത്തെ അടയാളപ്പെടുത്താനാണ് ആറ്റൂര്‍ രവിവര്‍മ്മ ഈ വരികള്‍ ഉപയോഗിച്ചതെങ്കില്‍ ഇവിടെ നടന്‍ മമ്മൂട്ടിയോട് ചേര്‍ത്തുവയ്ക്കുന്നു. ഇപ്പറയും വിധം തലപ്പൊക്കമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി തന്റെ കരിയറില്‍ വേറിട്ടൊരു ഘട്ടത്തിലേക്ക് പ്രവേശം നടത്തുന്നത്.
പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടന്‍ തന്റെ ഏറ്റവും പുതിയ കഥാപാത്രമായ അമല്‍നീരദിന്റെ ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പനിലൂടെ പരിപാകതയുള്ള അഭിനേതാവിന്റെ നേരടയാളം കാണിക്കുന്നു. പ്രായം ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പരപ്പ് കഥാപാത്രവും ഉള്‍ക്കൊള്ളുന്നു. അങ്ങനെ മൈക്കിളപ്പനും ഭീഷ്മപര്‍വ്വവും മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന കഥാപാത്രവും സിനിമയുമായി അടയാളപ്പെടുത്തപ്പെടുന്നു.
മമ്മൂട്ടിയുടെ പ്രായത്തിനോട് നീതി പുലര്‍ത്തുന്ന കഥാപാത്രമാണ് മൈക്കിളപ്പന്‍. എന്നാല്‍ ഈ പ്രായത്തിലും മമ്മൂട്ടി പുലര്‍ത്തുന്ന സമാനതയില്ലാത്ത കരിസ്മയുടെ ആള്‍രൂപം കൂടിയാകുന്നു മൈക്കിളപ്പന്‍. ഒരേസമയം നടനും സൂപ്പര്‍താരവും സ്‌ക്രീനില്‍ സന്നിവേശിക്കുകയാണ് മൈക്കിളപ്പനില്‍. അത്രമേല്‍ ഗാംഭീര്യമുള്ള കഥാപാത്രത്തെ തനിക്കുമാത്രം പോന്ന ഗാംഭീര്യത്തിലും കൈയടക്കത്തിലുമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൂപ്പര്‍താരം എന്ന പകിട്ടിന് ബലമേകാന്‍ ബോധപൂര്‍വ്വം ചേര്‍ക്കുന്ന എടുത്തുകെട്ടുകളൊന്നുമില്ലാതെ തന്നെ സ്‌ക്രീനിലെ തന്റെ അപാരമായ ഗരിമ കൊണ്ടാണ് മമ്മൂട്ടി ഒപ്പമഭിനയിക്കുന്ന മറ്റേതൊരു ചെറുപ്പക്കാരനേക്കാളും ഈടുറ്റ സാന്നിധ്യമാകുന്നത്. ആ ശരീരവും കണ്ണുകളും മുഖപേശികളും ശബ്ദവുമെല്ലാം സാന്നിധ്യമറിയിക്കുന്നു.
പല തലമുറ അഭിനേതാക്കള്‍ക്കൊപ്പം ക്യാമറയ്ക്കു മുന്നില്‍ നിലകൊണ്ടയാള്‍ തലപ്പൊക്കം കൊണ്ട് ഏറെ മുന്നിലെത്തിയിരിക്കുന്നു. ഒപ്പം മത്സരിച്ചവരില്‍ പലരും പിന്തള്ളപ്പെട്ടു. അതിനിടെ തലമുറ പലത് കടന്നുപോയി. അയാള്‍ മാത്രം ഇപ്പോഴും നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അയാള്‍ക്ക് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. ഓരോ പിന്നോട്ടുപോക്കിലും രണ്ടടി മുന്നോട്ടു കുതിക്കാനായി സ്വയം ചിട്ടപ്പെടുത്തുകയാണയാള്‍. അങ്ങനെ പിന്നിട്ട ഓരോ പതിറ്റാണ്ടിലും ഒപ്പമുണ്ടായിരുന്നവര്‍ പിറകോട്ടു പോകുമ്പോഴും അയാള്‍ മഹാസാന്നിധ്യമായി നിലകൊള്ളുന്നു. ഏറ്റവും പുതിയ മാറ്റത്തിനൊപ്പവും സഞ്ചരിക്കാന്‍ സ്വയം പാകപ്പെടുത്തിയെടുക്കുന്നു.
പോയ പതിറ്റാണ്ടില്‍ മമ്മൂട്ടി അഭിനയിച്ച അറുപതോളം സിനിമകളില്‍ കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, ബെസ്റ്റ് ആക്ടര്‍, കുഞ്ഞനന്തന്റെ കട, മുന്നറിയിപ്പ്, പത്തേമാരി, പേരന്‍പ്, ഉണ്ട തുടങ്ങി വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു മമ്മൂട്ടിയിലെ നടനെ ചൂഷണം ചെയ്യുന്നവ. മമ്മൂട്ടിയുടെ ആകാരസൗന്ദര്യത്തെ എടുത്തുകാണിക്കാനും പുകഴ്ത്താനും വേണ്ടി എഴുതപ്പെട്ട സംഭാഷണങ്ങളുടേയും രംഗങ്ങളുടേയും അമിതഭാരവും ഇക്കാലയളവിലെ സിനിമകള്‍ വഹിച്ചുപോന്നു. ഭീഷ്മപര്‍വ്വവും അതിലെ മമ്മൂട്ടിയും വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഇൗ സിനിമ മമ്മൂട്ടിയിലെ ആകാരസൗന്ദര്യത്തെ ചൂഷണം ചെയ്യുന്നതിനൊപ്പം നടനെക്കൂടി അടയാളപ്പെടുത്തുന്നു. ചിരിയിലും നോട്ടത്തിലും മൂളലിലും വളച്ച പുരികക്കൊടിയില്‍ പോലും അടിമുടി നടനാകുന്ന മമ്മൂട്ടിയെ ഭീഷ്മപര്‍വ്വത്തില്‍ കാണാനാകും. സൂപ്പര്‍താരത്തെ ബോധപൂര്‍വ്വം ചെറുപ്പക്കാരനാക്കാനുള്ള ഒരു ശ്രമവും ഈ സിനിമ നടത്തുന്നില്ല. മാത്രമല്ല, ഇതുവഴി മധ്യവയസ്സ് പിന്നിട്ട കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനും കാണികള്‍ക്കാകുന്നു.
തീരുമാനങ്ങളിലെ കണിശതയും, തന്നെത്തേടിയെത്തുന്നവരുടെ അഭയവും, തെറ്റുകള്‍ക്കെതിരെയുള്ള സന്ധിയില്ലായ്മയും, ആത്മധൈര്യത്തിന്റെ ആള്‍രൂപവുമായ മൈക്കിളപ്പന്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്കിടയിലെ മഹാസാന്നിധ്യമാണ്. അപ്പോള്‍ അയാള്‍ക്ക് സഹ്യനോളമാണ് തലപ്പൊക്കം. എന്നാലതിന് ശാന്തമായി പരന്നൊഴുകുന്ന നിളയുടെ ആര്‍ദ്രതയുമുണ്ട്. മൈക്കിളപ്പന്‍ ഒരു ഘട്ടത്തിലും അമാനുഷികനാകുന്നില്ല. പാണ്ഡവര്‍ക്കും കൗരവര്‍ക്കും യുദ്ധതന്ത്രങ്ങള്‍ ഓതിക്കൊടുക്കുകയും ഒരു ഘട്ടത്തില്‍ കൗരവപ്പടയില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാനിറങ്ങുകയും ചെയ്യേണ്ടിവരുന്ന ഭീഷ്മപിതാമഹനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് മൈക്കിളപ്പന്‍. അഭിനവഭീഷ്മര്‍ പാണ്ഡവര്‍ക്കൊപ്പം അണിചേരുന്നുവെന്ന വ്യത്യാസമുണ്ട്. ഭീഷ്മ പിതാമഹന്റെ ഗാംഭീര്യവും സ്ഥൈര്യവും ശരീരത്തിലും വാക്കുകളിലും സമന്വയിക്കുകയാണ് മൈക്കിളപ്പനില്‍.
പോരാട്ടത്തില്‍ ചിലപ്പോഴൊക്കെ മുന്നില്‍ നില്‍ക്കുന്നുണ്ട് മൈക്കിളപ്പന്‍. എന്നാല്‍ ഭൂരിഭാഗം വേളകളിലും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത് തന്റെ പടയാളികളെക്കൊണ്ട് നടപ്പാക്കുകയാണ് ചെയ്യുന്നത്. ഉത്തരായനം കാത്തുള്ള ഭീഷ്മ പിതാമഹന്റെ ശരശയ്യയെ ഓര്‍മ്മപ്പെടുത്തും വിധമാണ് ഭീഷ്മപര്‍വ്വത്തിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരനും മറ്റു പടയാളികള്‍ക്കും ഉപദേശം നല്‍കുന്നുണ്ട് ഭീഷ്മര്‍. സംഘട്ടനത്തില്‍ മുറിവുകള്‍ക്കടിപ്പെട്ട് ആശുപത്രിക്കിടക്കയില്‍ കിടന്നാണ് മൈക്കിളപ്പന്‍ പടയാളികള്‍ക്ക് നിര്‍ദേശം നല്‍കുന്നതും കൃത്യങ്ങള്‍ ചെയ്യിപ്പിക്കുന്നതും. താന്‍ എപ്പോള്‍ മരിക്കണമെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്നുള്ള ഭീഷ്മവാക്യത്തെ മൈക്കിളപ്പനും ആവര്‍ത്തിക്കുന്നുണ്ട്. ഈ രംഗങ്ങളിലെല്ലാം മമ്മൂട്ടിയിലെ പരിപാകതയെത്തിയ നടനെ അടയാളപ്പെടുത്താനാണ് ഭീഷ്മപര്‍വ്വത്തിന്റെ സംവിധായകന്‍ ശ്രദ്ധിക്കുന്നത്. മറ്റൊരു നടനും സാധ്യമാകാത്ത തലപ്പൊക്കത്തിലാണ് മമ്മൂട്ടി ഭീഷ്മപിതാമഹനെ ഓര്‍മ്മിപ്പിക്കുന്ന മൈക്കിളപ്പനായി പരകായപ്രവേശം നടത്തുന്നത്. നീട്ടിവളര്‍ത്തി അലസമായൊഴുകുന്ന മുടിയിഴകളില്‍ പോലും ഭീഷ്മപിതാമഹന്റെ സാന്നിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിനാകുന്നു. വാചകങ്ങളുടെ അതിപ്രസരമില്ലാതെ, കുറിക്കു കൊള്ളും വിധവും അന്തിമ തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുവാനും വേണ്ടിയുള്ളതാണ് ആ സംസാരങ്ങള്‍. ആളുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു പോലും വേണ്ടുന്ന ഘട്ടങ്ങളില്‍ മാത്രം. ഏറ്റവും അവശ്യം വേളകളില്‍ മാത്രമാണ് ശാന്തഭാവം രൗദ്രതയിലേക്ക് മാറുന്നത്. അപ്പോള്‍ അധികമാരും കാണാത്ത മറ്റൊരു മൈക്കിളപ്പന്റെ സാന്നിധ്യം അനുഭവിക്കാനാകും. ഈ പരിവര്‍ത്തനങ്ങളിലെല്ലാം മമ്മൂട്ടിയിലെ പാകപ്പെട്ട നടന്റെ പകര്‍ന്നാട്ടങ്ങള്‍ക്ക് പ്രസക്തി കൈവരുന്നുണ്ട്.
പ്രായം ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതിനൊപ്പം അഭിനയത്തിലെ ഭിന്നമായ മറ്റൊരു തലത്തിലേക്ക് എത്തിച്ചേരുകയാണ് മമ്മൂട്ടിയില്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍താരങ്ങളിലൊരാളായ അമിതാഭ് ബച്ചന്‍ തന്റെ ക്ഷോഭിക്കുന്ന യൗവ്വനത്തിന്റെ ഇടവേള കടന്നെത്തിയത് ഇത്തരമൊരു പാകതയിലേക്കായിരുന്നു. ബച്ചനിലെ അഭിനയ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന പല കഥാപാത്രങ്ങളും സംഭവിച്ചത് ഇത്തരത്തില്‍ പ്രായം പാകപ്പെട്ട ശേഷമായിരുന്നു. ക്ലിന്റ് ഈസ്റ്റ്വുഡും ആന്റണി ഹോപ്കിന്‍സും പോലുള്ള ഇപ്പോഴും സജീവമായി തുടരുന്ന മഹാനടന്മാരുടെ ഉദാഹരണങ്ങള്‍ ലോകസിനിമയിലുമുണ്ട്. മമ്മൂട്ടിക്ക് ബച്ചനോളം പ്രായമായിട്ടില്ല, കാഴ്ചയിലും ബച്ചനേക്കാള്‍ ചെറുപ്പമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ഇനിയുമേറെ സാധ്യതയുണ്ട്. മൈക്കിളപ്പനില്‍ നിന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ പുതിയ പതിറ്റാണ്ടും ഘട്ടവും അതിന്റെ സൂചനയാണ് നല്‍കുന്നത്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തോടൊപ്പം വളര്‍ന്നവരാണ് കഴിഞ്ഞ അരനൂറ്റാണ്ടിലെ കാണികള്‍. ഈ കാണികള്‍ക്കൊപ്പം വളരുകയായിരുന്നു മമ്മൂട്ടിയും. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ തലപ്പൊക്കത്തിനൊപ്പമോ അതിനു മുകളിലോ നില്‍ക്കുന്ന വേറെയും നടന്മാര്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മലയാളത്തിലുണ്ടായിരുന്നു. ഇവരില്‍ പലരും ക്യാമറയ്ക്കു മുമ്പിലെ അത്ഭുതപ്പെടുത്തുന്ന അനായാസത കൊണ്ട് മമ്മൂട്ടിക്ക് മുകളിലുമാണ്. എന്നാല്‍ ഇത്ര സുദീര്‍ഘമായ കാലം സൂപ്പര്‍താര പദവിയില്‍ നിലനിന്നുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭ എന്നതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ് ഇപ്പോള്‍ ഭീഷ്മപര്‍വ്വത്തിലൂടെ അതിന്റെ ഏറ്റവും നവ്യമായ തലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
മാതൃഭൂമി ഓണ്‍ലൈന്‍, 2022 മാര്‍ച്ച് 11, ഷോ റീല്‍ 10
No comments:
Post a Comment