Wednesday, 9 March 2022

ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദര്‍... കണ്ടാലും കണ്ടാലും മടുക്കാത്ത സിനിമകള്‍


കിലുക്കം സിനിമയിലെ ഓരോ സീനും ഡയലോഗും കഥാപാത്രങ്ങളും ചിരിയല തീര്‍ക്കുന്ന കൗണ്ടറുകളും മലയാളിക്ക് കാണാപ്പാഠമാണ്. ചിത്രത്തിലേയും ഗോഡ്ഫാദറിലേയും സീനുകളോടും അതേ ഇഴയടുപ്പമാണ് മലയാളിക്ക്. മലയാളത്തിലെ എക്കാലത്തേയും കള്‍ട്ട് സിനിമകളിലൊന്നായ മണിച്ചിത്രത്താഴ് തീര്‍ത്ത ചിരിയും ചിന്തയും ഉദ്വേഗവും മൂന്നു പതിറ്റാണ്ടിലേക്കെത്തുമ്പോഴും അതേ തെളിമയോടെ നിലകൊള്ളുന്നു. 

എത്ര കണ്ടാലും മടുക്കാത്ത ചില സിനിമകളുണ്ട്. അവ കാണികളുമായി ഒരു അദൃശ്യ രസച്ചരടാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ചയിലും പുതുമ തരുന്നവയാണിവ. ഒരു തവണ കണ്ടുതീര്‍ന്നാല്‍ ഉടനടി ഒന്നുകൂടി കാണാന്‍ തോന്നുന്നത്രയും രസകരം. ഈ സിനിമകളുടെ ആസ്വാദനമൂല്യത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടായിരിക്കില്ല. നാടോടിക്കാറ്റ്, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, പഞ്ചാബിഹൗസ്.. ഇങ്ങനെ ചില സിനിമകള്‍ കുറച്ചു വര്‍ഷങ്ങളായി ഒരു മടുപ്പുമില്ലാതെ മലയാളി ആവര്‍ത്തിച്ചു കണ്ടുകൊണ്ടേയിരിക്കുന്നു. എത്രതവണ ഇവ കണ്ടെന്നതിന് പെട്ടെന്നൊരു ഉത്തരം നല്‍കാനാകില്ല. അത്രയേറെ തവണ. ഈ സിനിമകളിലെ ഓരോ സീനുകളും ഡയലോഗുകളും കാണാപ്പാഠമാണ്. ഇവയിലെ തമാശകളാകട്ടെ നിത്യജീവിതത്തിന്റെ ഭാഗമെന്നോണം ഒരുമിച്ചു വളരുന്നവ. മലയാളി ദിവസജീവിതത്തോട് പ്രയോഗങ്ങളായും ശൈലികളായും കൊരുത്തു ചേര്‍ക്കപ്പെട്ടവയാണ് ഈ സിനിമകളിലെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും തമാശകളും.

ദൂരദര്‍ശനും വിസിആറും തിയേറ്ററുകളും മാത്രമായിരുന്ന സിനിമാ കാഴ്ചകളിലേക്ക് സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ വന്നതോടെയാണ് സിനിമകാണല്‍ ശീലം പുതിയൊരു തലത്തിലേക്ക് എത്തിച്ചേരുന്നത്. ഒരു സിനിമ എത്ര ഇഷ്ടപ്പെട്ടാലും ഒന്നോ രണ്ടോ തവണ പണം മുടക്കി തിയേറ്ററില്‍ നിന്നു കാണുവാന്‍ മാത്രമേ ഒരു സാധാരണ പ്രേക്ഷകന്റെ സാമ്പത്തികസ്ഥിതിക്ക് സാധ്യമായിരുന്നുള്ളൂ. അങ്ങനെ അതുവരെ അപൂര്‍വ്വമായി മാത്രം സാധിച്ചിരുന്ന സിനിമാകാഴ്ചയ്ക്ക് ടെലിവിഷന്‍ ചാനലുകളുടെ വരവോടെ പരിധികളില്ലാതായി. ഒന്നിലധികം ചാനലുകള്‍, ഓരോ ചാനലിലും എല്ലാ ദിവസവും സിനിമ, അതും ഒന്നിലധികം സിനിമകള്‍. 


ചില വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞതോടെ ചാനലുകളുടെയും സംപ്രേഷണം ചെയ്യുന്ന സിനിമകളുടെയും എണ്ണം പിന്നെയും വര്‍ധിച്ചു. തെരഞ്ഞെടുക്കാന്‍ വിരല്‍ത്തുമ്പില്‍ ഒട്ടനവധി സിനിമകള്‍. സിനിമാപ്രേമിയുടെ ആസ്വാദനശീലത്തെ ഇത് വലിയ തോതില്‍ സ്വാധീനിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയേറ്ററില്‍ നിന്ന് കണ്ടു രസിച്ച സിനിമകള്‍ ആവര്‍ത്തിച്ചു കാണാന്‍ അവര്‍ക്ക് അവസരം കൈവന്നു. നൂറും ഇരുന്നൂറും മുന്നൂറും ദിവസങ്ങള്‍ തിയേറ്ററില്‍ ഓടിയ സൂപ്പര്‍ഹിറ്റുകള്‍ ടെലിവിഷന്‍ ചാനലുകളിലെ സ്ഥിരം കാഴ്ചയായി. കാണികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവര്‍ ആവര്‍ത്തിച്ചുകാണുന്ന ജനപ്രിയ സിനിമകള്‍ ഇടയ്ക്കിടെ സംപ്രേഷണം ചെയ്യാന്‍ ചാനലുകളും താത്പര്യപ്പെട്ടു. മണിച്ചിത്രത്താഴ് പോലുള്ള സിനിമകള്‍ ഞായറാഴ്ചകളില്‍ പ്രൈംടൈമില്‍ ഇപ്പോഴും സംപ്രേഷണം ചെയ്യുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. സാധാരണ ദിവസങ്ങളില്‍ വൈകുന്നേരത്തെ പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യുന്നവ മിക്കതും ഇത്തരം എവര്‍ഗ്രീന്‍ പോപ്പുലര്‍ സിനിമകളായിരിക്കും.

യൂട്യൂബിന്റെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും സാധ്യത കൂടി വന്നതോടെ തങ്ങളുടെ ഇഷ്ടസിനിമകള്‍ വ്യക്തിയുടെ സ്വകാര്യതയോട് കൂടുതല്‍ അടുക്കുകയുണ്ടായി.

ഒരു സിനിമ ആവര്‍ത്തിച്ചു കാണുവാനുള്ള പ്രധാന മാനദണ്ഡം അതിന്റെ ആസ്വാദനമൂല്യം തന്നെയാണ്. ഇങ്ങനെ ജനങ്ങള്‍ ആവര്‍ത്തിച്ചുകാണുന്ന സിനിമകളില്‍ ഭൂരിഭാഗവും ഹാസ്യാത്മകമാണ്. തമാശ കേള്‍ക്കാനും കാണാനുമാണ് ആളുകള്‍ക്ക് ഏറെയിഷ്ടം. മനുഷ്യരുടെ ഈ താത്പര്യത്തെ ചൂഷണം ചെയ്യുന്നവയാണ് പില്‍ക്കാലത്ത് വന്‍ ജനപ്രീതി നേടിയ സിനിമകളില്‍ ഭൂരിഭാഗവും.


1980 കളില്‍ ഗള്‍ഫ് പ്രവാസം കേരളീയ ജീവിതത്തിന്റെ മൂലധന ക്രയവിക്രിയത്തെയും അടിസ്ഥാനസൗകര്യ വികസനത്തെയും സ്വാധീനിക്കുകയും വിനോദസംസ്‌കാരത്തെ വളര്‍ത്തുകയും ചെയ്തു. ജനപ്രിയ കലാരൂപം എന്ന നിലയില്‍ സിനിമകള്‍ക്ക് വന്‍ ജനപ്രീതി കൈവരികയും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള സിനിമാശാലകള്‍ ഉയരുകയും വലിയ ബജറ്റിലുള്ള ജനപ്രിയ കച്ചവട സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് ആളുകള്‍ ആവര്‍ത്തിച്ച് കാണുന്ന ജനപ്രിയ സിനിമകളില്‍ ഭൂരിഭാഗവും പിറവിയെടുക്കുന്നത് ഈ കാലത്താണ്. 1980കളുടെ പകുതിയോടെ ആക്ഷന്‍, കോമഡി ഫാമിലി ഡ്രാമകള്‍ക്ക് വലിയ ജനപ്രീതിയുണ്ടായി. അന്ന് സാധ്യമായിരുന്ന ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനിമകളില്‍ മിക്കതും വന്‍ വാണിജ്യവിജയം നേടി. മികച്ച ആസ്വാദനമൂല്യം കൊണ്ട് അവയില്‍ പലതും ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങള്‍ നര്‍മ്മസന്ദര്‍ഭങ്ങളില്‍ പറയുന്ന തിരക്കഥകളാണ് ഇക്കൂട്ടത്തില്‍ ഏറെ ജനപ്രിയമായത്.

1980 കള്‍ മുതല്‍ 2000 വരെ ഇറങ്ങിയ സിനിമകളാണ് മലയാളി ആവര്‍ത്തിച്ചുകാണുന്ന സിനിമകളില്‍ മുന്‍പന്തിയിലുള്ളത്. ഇതില്‍തന്നെ 1985 മുതല്‍ 1995 വരെയുള്ള സിനിമകള്‍ക്കാണ് കൂടുതല്‍ ജനപ്രിയത. മലയാളത്തില്‍ ഗുണമേന്മയുള്ള ജനപ്രിയ ഹാസ്യ, കുടുംബചിത്രങ്ങള്‍ കൂടുതലായി പുറത്തിറങ്ങിയത് ഈ പത്തു വര്‍ഷത്തിനിടയിലാണ്. ഈ കാലയളവിലെ മോഹന്‍ലാല്‍ സിനിമകളാണ് മലയാളി ആവര്‍ത്തിച്ചുകണ്ട സിനിമകളില്‍ ഭൂരിഭാഗവും. ശരാശരി മലയാളിയെയും അവരുടെ ജീവിതപ്രശ്‌നങ്ങളെയും സരസമായും ലളിതമായും പറയുന്നവയായിരുന്നു ഈ സിനിമകള്‍. തങ്ങളുടെ വേണ്ടപ്പെട്ട ആരോ, വീട്ടിലെ ഒരംഗമോ അനുജനോ ചേട്ടനോ മകനോ അയല്‍ക്കാരനോ ഒക്കെയാണെന്നു തോന്നുന്ന ലാളിത്യമാണ് മോഹന്‍ലാലിന്റെ ഈ ജനപ്രിയ കഥാപാത്രങ്ങളുടെ പ്രധാന സവിശേഷത. ഈ പ്രത്യേകതയും മോഹന്‍ലാലിലെ സ്ഥായിയായ രസികത്തവുമാണ് ഇത്തരം സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നതിനു പിന്നിലെ രസതന്ത്രം. ബോയിങ് ബോയിങ്, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ടി.പി ബാലഗോപാലന്‍ എംഎ, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, താളവട്ടം, വരവേല്‍പ്പ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഏയ് ഓട്ടോ, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ, കിലുക്കം, മിഥുനം, യോദ്ധ, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം തുടങ്ങി ഈ കാലയളവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമകളെല്ലാം ഇന്നും നിത്യഹരിതങ്ങളാണ്. ഈ സിനിമകളുടെയെല്ലാം പേരു കേള്‍ക്കുമ്പൊഴേ ഒരു നനുത്ത പുഞ്ചിരി മലയാളി ആസ്വാദകരുടെ ചുണ്ടില്‍ വിടരും. വിഭിന്നങ്ങളായ ജീവിതപ്രശ്‌നങ്ങള്‍ പ്രമേയമാക്കിയപ്പോഴും ഉള്ളുതുറന്ന ചിരി സമ്മാനിക്കുന്നവയായിരുന്നു ഇവയെല്ലാം. അതുകൊണ്ടാണ് ഈ സിനിമകളെ കാണികള്‍ ഇപ്പോഴും അവരുടെ ആവര്‍ത്തനക്കാഴ്ചയില്‍ ഉള്‍പ്പെടുത്തി നെഞ്ചേറ്റുന്നത്. മോഹന്‍ലാലിന്റെ താരമൂല്യത്തിന് അടിത്തറ പാകിയതും ഈ ജനപ്രിയ സിനിമകളാണ്.

രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട്, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ലാല്‍സലാം, ദേവാസുരം, സ്ഫടികം, ചന്ദ്രലേഖ, ആറാംതമ്പുരാന്‍, നരസിംഹം, രാവണപ്രഭു, ഉദയനാണ് താരം, നരന്‍, റണ്‍ ബേബി റണ്‍, ദൃശ്യം, പുലിമുരുകന്‍ തുടങ്ങിയവയാണ് ആവര്‍ത്തനക്കാഴ്ച കാണികളില്‍ സാധ്യമാക്കാനായിട്ടുള്ള മറ്റു പ്രധാന ലാല്‍ സിനിമകള്‍.


സാധാരണക്കാരുടെ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന പ്രമേയങ്ങള്‍ ഹാസ്യസന്ദര്‍ഭങ്ങള്‍ ചേര്‍ത്ത് ലളിതമായ ആഖ്യാനത്തോടെ അവതരിപ്പിച്ച സിനിമകളാണ് കാണികള്‍ ആവര്‍ത്തിച്ചു കാണുന്നത്. തീവ്രമായ വിഷയങ്ങളും ഇമോഷണല്‍ ഡ്രാമകളും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുവെങ്കിലും ആവര്‍ത്തിച്ചു കാണുന്നത് കുറവാണ്. ആകാശദൂതോ തനിയാവര്‍ത്തനമോ വാത്സല്യമോ കിരീടമോ പോലുള്ള സിനിമകള്‍ മലയാളികള്‍ അത്രയേറെ ഇഷ്ടപ്പെടുന്നുവെങ്കില്‍ പോലും ഇവ ഉണ്ടാക്കുന്ന വിഷാദം തങ്ങളിലേക്ക് ആവര്‍ത്തിക്കാന്‍ അവര്‍ തയ്യാറല്ല. അതത് കാലത്ത് തിയേറ്ററില്‍ ഈ മെലോഡ്രാമകള്‍ സിനിമകള്‍ വന്‍വാണിജ്യ വിജയം നേടുമെങ്കിലും രസികത്തം നിറഞ്ഞ ശുഭാന്ത്യ ആഖ്യാനങ്ങള്‍ കാണാനാണ് ആളുകള്‍ എക്കാലവും കൂടുതല്‍ താത്പര്യം കാണിക്കാറുള്ളത്. ഈ ആസ്വാദനക്ഷമത കാണികളുടെ ദൈനംദിന ജീവിതവുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. പിരിമുറുക്കം നിറഞ്ഞ ജീവിതാവസ്ഥയ്ക്ക് അയവു പകരാനാണ് എപ്പോഴും മനുഷ്യന്‍ താത്പര്യപ്പെടുക. അപ്പോള്‍ സ്വാഭാവികമായും താന്‍ ഇടപെടുന്ന കലാരൂപം തന്നെ രസം പിടിപ്പിക്കുന്നതായിരിക്കണം എന്ന് അവര്‍ ശഠിക്കുന്നു.

ഹാസ്യരസം കലര്‍ന്ന സിനിമകളെപ്പോലെ എല്ലാ വിഭാഗം കാഴ്ചക്കാരേയും വര്‍ഷങ്ങള്‍ക്കു ശേഷവും ആകര്‍ഷിക്കാനാകില്ലെങ്കിലും ഒരു സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡല്‍ഹി, സാമ്രാജ്യം, അതിരാത്രം, ആവനാഴി, സംഘം, മനു അങ്കിള്‍, ആഗസ്റ്റ് 1, ഒരു വടക്കന്‍ വീരഗാഥ, നായര്‍സാബ്, നിറക്കൂട്ട്, യാത്ര, നാടുവാഴികള്‍, ആര്യന്‍, അഭിമന്യു, കൗരവര്‍, ധ്രുവം, ഏകലവ്യന്‍, കമ്മീഷണര്‍, ദി കിംഗ്, ലേലം, പത്രം, ട്വന്റി-20 തുടങ്ങിയ ആക്ഷന്‍ ഫാമിലി ത്രില്ലര്‍ ഡ്രാമകള്‍ക്ക് ഇപ്പോഴും കാണികളുണ്ട്. ഈ സിനിമകളുടെ സംപ്രേഷണം ടെലിവിഷന്‍ ചാനലുകളില്‍ ആവര്‍ത്തിക്കുന്നത് ഇതിനു ദൃഷ്ടാന്തമാണ്.

ഓടരുതമ്മാവാ ആളറിയാം, ധീം തരികിട തോം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, അരം പ്ലസ് അരം സമം കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരംകുന്ന് പി.ഒ., പ്രാദേശിക വാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, കുടുംബപുരാണം, കുറുപ്പിന്റെ കണക്കുപുസ്തകം, പാവം പാവം രാജകുമാരന്‍, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, സന്ദേശം, റാംജിറാവ് സ്പീക്കിങ്, ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ സിനിമകള്‍ 1980 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ തുടങ്ങി ഇപ്പോഴും തലമുറകളെ രസിപ്പിച്ച് മുന്നോട്ടുപോകുന്നവയാണ്.

തുടര്‍വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ്, ഹിറ്റ്‌ലര്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, പഞ്ചാബിഹൗസ്, ഫ്രണ്ട്‌സ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, മീശമാധവന്‍, പുലിവാല്‍ കല്യാണം, കല്യാണരാമന്‍, സിഐഡി മൂസ, പാണ്ടിപ്പട, വെട്ടം, രാജമാണിക്യം, മായാവി തുടങ്ങിയവയെല്ലാം കാണികളുടെ റിപ്പീറ്റ് വാച്ച് ലിസ്റ്റില്‍ ഇടംപിടിച്ചവയാണ്.


മേരിക്കുണ്ടൊരു കുഞ്ഞാട്, മൈ ബോസ്, വെള്ളിമൂങ്ങ, ടൂ കണ്‍ട്രീസ്, സാള്‍ട്ട് ആന്റ് പെപ്പര്‍, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, തട്ടത്തിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, 1983, ബാംഗ്ലൂര്‍ ഡേയ്സ്, ആക്ഷന്‍ ഹീറോ ബിജു, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ഉസ്താദ് ഹോട്ടല്‍, മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, അങ്കമാലി ഡയറീസ്, അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളാണ് 2010 നു ശേഷം പുറത്തിറങ്ങിയവയില്‍ പ്രേക്ഷകര്‍ ആവര്‍ത്തിച്ചുകാണുന്നവ. 

മലയാള സിനിമ നിര്‍മ്മാണത്തിലും ആഖ്യാനത്തിലും പുതിയ മാറ്റത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഈ പരീക്ഷണങ്ങളെ തിരിച്ചറിയുന്ന പുതിയൊരു വിഭാഗം കാണികളും രൂപപ്പെട്ടുകഴിഞ്ഞു. കഥപറച്ചിലിലെ ഈ പരീക്ഷണ സങ്കേതങ്ങളെ പ്രേക്ഷകര്‍ അംഗീകരിക്കുമ്പോഴും ജനപ്രിയത എന്നത് ആസ്വാദക മൂല്യത്തെ ആശ്രയിച്ചു തന്നെ തുടരുന്നു എന്നത് പോയ പതിറ്റാണ്ടിലെ ജനപ്രിയ സിനിമകളുടെ പേരുകള്‍ ചികഞ്ഞാല്‍ വ്യക്തമാകും. ചിരി തന്നെയാണ് എപ്പോഴും മുന്നില്‍ നില്‍ക്കുന്ന കേവലവികാരം. ഏതു സംഘര്‍ഷത്തിനും അയവു തരുന്ന മരുന്നായി അതു മാറുന്നു.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 മാര്‍ച്ച് 5, ഷോ റീല്‍ 9

No comments:

Post a Comment