Sunday, 6 March 2022

മലയാള സിനിമയ്ക്ക് രാജ്യാന്തര വേദികള്‍ ഉറപ്പാക്കും - അഭിമുഖം രഞ്ജിത്ത്/എന്‍.പി.മുരളീകൃഷ്ണന്‍


മലയാളത്തിലെ പ്രിയ സംവിധായകന്‍ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ നഗപരിധിക്കുള്ളില്‍ ഒരു ഫെസ്റ്റിവെല്‍ കോപ്ലക്‌സ് രൂപീകരിക്കുക, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും വിദേശ വിപണികളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും മലയാള സിനിമയ്ക്ക് അവസരമൊരുക്കാനുള്ള സ്ഥിരം സംവിധാനം ഒരുക്കുക, സമഗ്രമായ ഒരു മ്യൂസിയം നിര്‍മ്മിക്കുക തുടങ്ങി മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. കോവിഡിന്റെ സാഹചര്യത്തില്‍ ഐഎഫ്എഫ്‌കെ മാറ്റിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചും മേളയുടെ ഒരുക്കങ്ങളെക്കുറിച്ചും അക്കാദമിയുടെ ഭാവിപ്രവര്‍ത്തനത്തെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നു


സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ എന്ന ഏറെ ഉത്തരവാദിത്തപ്പെട്ട ചുമതലയേല്‍ക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളാണ് പങ്കുവെയ്ക്കാനുള്ളത്?  


തീര്‍ച്ചയായും വളരെയധികം ഉത്തരവാദിത്തപ്പെട്ട ഒരു ചുമതലയാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ബോധ്യമുണ്ട്. 1998ല്‍ രൂപീകരിക്കപ്പെട്ട ചലച്ചിത്ര അക്കാദമിക്ക് 23 വര്‍ഷത്തെ ചരിത്രമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍ തുടങ്ങി എത്രയോ മഹാരഥന്മാര്‍ തെളിച്ച വഴിയിലൂടെ സഞ്ചരിക്കുക എന്നതാണ് അക്കാദമിയുടെ ഒമ്പതാമത്തെ ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാനുള്ളത്. അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കും. മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍, നമ്മുടെ സമ്പന്നമായ ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണം, ചലച്ചിത്ര ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, പ്രേക്ഷകരില്‍ ദൃശ്യസാക്ഷരത വര്‍ധിപ്പിക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കും. ഡിജിറ്റല്‍ സാങ്കേതികതയുടെ വികാസത്തോടെ നിരവധി ചെറുപ്പക്കാര്‍ ചലച്ചിത്രമേഖലയിലേക്കു കടന്നുവരുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ ഇന്ത്യന്‍ ഉള്ളടക്കങ്ങളില്‍ നിര്‍ണായകസ്ഥാനം കൈവരിക്കാന്‍ ഇതിനകം മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും കലാമൂല്യവും വിപണിമൂല്യവുമുള്ള പ്രാദേശിക ഭാഷാ സിനിമയായി മലയാള സിനിമയെ ഉയര്‍ത്തുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍  അക്കാദമി ഏറ്റെടുത്ത് നടപ്പിലാക്കും.


അക്കാദമി അധ്യക്ഷന്‍ എന്ന നിലയില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?


പ്രധാനമായും രണ്ടു വലിയ പദ്ധതികളാണ് മുന്നിലുള്ളത്. ഒന്ന് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ആണ്. ചലച്ചിത്രോല്‍സവത്തിന് ഒരു സ്ഥിരം വേദി വേണമെന്ന് കാലങ്ങളായി ആവശ്യമുയര്‍ന്നിട്ടും സ്ഥലലഭ്യത എന്ന തടസ്സത്തില്‍ തട്ടി അത് മുടങ്ങിക്കിടക്കുകയായിരുന്നു. നഗരപരിധിക്കുള്ളില്‍ തന്നെ ഒരു ഫെസ്റ്റിവല്‍ കോംപ്ലക്‌സ് രൂപീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകും. മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും വിദേശവിപണിയിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും അവസരമൊരുക്കാനുള്ള സ്ഥിരം സംവിധാനം  ഇതിന്റെ ഭാഗമായിരിക്കും. 

മറ്റൊരു പദ്ധതി മലയാള സിനിമയ്ക്ക് സമഗ്രമായ ഒരു മ്യൂസിയം ഒരുക്കുക എന്നുള്ളതാണ്. മുംബൈ ഫിലിംസ് ഡിവിഷന്‍ കോംപ്ലക്‌സിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ അതേ മാതൃകയില്‍ മലയാള സിനിമാ മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതി നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ അക്കാദമിയുടെ ആസ്ഥാനമന്ദിരത്തോടു ചേര്‍ന്നാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാള സിനിമയുടെ സമഗ്രമായ ചരിത്രം ദൃശ്യപരമായി രേഖപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മ്യൂസിയത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ചലച്ചിത്രചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി കാഴ്ചക്കാരനു ലഭിക്കുന്ന വിധത്തില്‍ ക്രമാനുഗതമായ രീതിയില്‍ ചിട്ടയോടെ ചരിത്രവസ്തുതകള്‍ അവതരിപ്പിക്കും.  Interactive digital screens, Information based screen interfaces, multimedia kiosks എന്നീ ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കും. സിനിമാ പോസ്റ്ററുകള്‍, നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍, പഴയകാല ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍, ചലച്ചിത്ര ഉപകരണങ്ങള്‍, പ്രിന്റുകള്‍, ഫിലിംപെട്ടികള്‍, ചലച്ചിത്രപ്രവര്‍ത്തകരുടെ കത്തുകള്‍, തിരക്കഥകളുടെ കൈയെഴുത്തുപ്രതികള്‍ എന്നിവ എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശനത്തിനായി സജ്ജീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ചലച്ചിത്ര ഗവേഷകര്‍ക്കു വരെ  പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കും.



അക്കാദമി അധ്യക്ഷസ്ഥാനം ഏറ്റടെുത്തതിനു ശേഷമുള്ള ആദ്യ ഐ.എഫ്.എഫ്‌കെയാണ് വരാനിരിക്കുന്നത്? മേളയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, ആലോചനകള്‍, പുതിയ പാക്കേജുകള്‍, ഫോക്കസുകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കാമോ? 

കോവിഡ് വ്യാപിക്കുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍  ഐ.എഫ്.എഫ്.കെ നടത്താനാവില്ല. പുതുക്കിയ തീയതി കോവിഡ് സാഹചര്യം മാറുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും. 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സരവിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്‌ളിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുര്‍ദിഷ് ഭാഷയില്‍നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നാലിടങ്ങളിലായി നടത്തിയ ചലച്ചിത്ര മേള വീണ്ടും അതിന്റെ സ്ഥിരം വേദിയായ തിരുവനന്തപുരത്തേക്ക് തിരിച്ചത്തെുന്നു. ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ എന്തെല്ലാം മാറ്റങ്ങളായിരിക്കും ഉണ്ടായിരിക്കുക? 

മേളയുടെ കാഴ്ചക്കാരായി ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഡെലിഗേറ്റ് പാസുകളുടെ എണ്ണം വര്‍ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കും. 


കേരള രാജ്യാന്തര ചലച്ചിത്രമേള അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ എത്തിയെന്നു തന്നെയാണോ കരുതുന്നത്? ലോക സിനിമാ ഭൂപടത്തില്‍ നമ്മുടെ മേളയുടെ ഇടവും പ്രസക്തിയും ഇനിയും ഉറപ്പിക്കേണ്ടതുണ്ടോ?

ലോകസിനിമയിലെ മാറ്റങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലയാള സിനിമയെ പ്രമേയപരമായും സാങ്കേതികമായും നവീകരിക്കുന്നതില്‍ ഐ.എഫ്.എഫ്.കെ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിലെ സമാന്തര സിനിമയുടെ മാത്രമല്ല മുഖ്യധാരാ സിനിമയുടെ രൂപവും ഉള്ളടക്കവും അഴിച്ചുപണിയുന്നതില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ഐ.എഫ്.എഫ്.കെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് മലയാള സിനിമകള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.


മലയാള സിനിമയ്ക്ക് ലോക വിപണി ഒരുക്കുക എന്ന ആശയം ഫലവത്താകാന്‍ ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റിലൂടെ എത്ര മാത്രം സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്? ഇതിനായി പുതിയ ആശയങ്ങള്‍ക്കും പരിപാടികള്‍ക്കും രൂപം നല്‍കുമോ?

ഫിലിം മാര്‍ക്കറ്റ് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ചുള്ള ഒരു സംവിധാനമാണ്. മലയാള സിനിമയുടെ അന്തര്‍ദേശീയതലത്തിലുള്ള വിപണനം എന്നത് ഒരു സ്ഥിരം സംവിധാനമാക്കിയാല്‍ മാത്രമേ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ.  ഇതിനായി മലയാള സിനിമ പ്രൊമോഷന്‍ യൂണിറ്റ് എന്ന ഒരു സ്ഥിരം സംവിധാനം ഒരുക്കാനുള്ള നിര്‍ദേശം നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തി അക്കാദമി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അന്തര്‍ദേശീയ, ദേശീയതലത്തിലുള്ള ചലച്ചിത്രമേളകളുടെ പ്രോഗ്രാമര്‍മാര്‍, സെയില്‍സ് ഏജന്റുമാര്‍, ക്യുറേറ്റര്‍മാര്‍ എന്നിവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മലയാളത്തിലെ പുതിയ സിനിമകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഇത്തരമൊരു സ്ഥിരം സംവിധാനത്തിന്റെ സാധ്യത പരിശോധിക്കും.



ഐഎഫ്എഫ്‌കെയിലെ സ്ഥിരം സാന്നിധ്യമായ ചലച്ചിത്രകാരന്‍/കാണി എന്ന നിലയില്‍ നിന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ എന്ന ചുമതലയില്‍ നില്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?

ഐഎഫ്എഫ്‌കെയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്ന സ്ഥാനം വലിയ ഉത്തരവാദിത്തമാണ് എന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രം മലയാളി ലോകസിനിമ കണ്ടതിന്റെയും മലയാള സിനിമ അതിനനുസരിച്ച് മാറിയതിന്റെയും കൂടി ചരിത്രമാണ്. ലോക ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഭകള്‍ ഈ കേരളത്തിന്റെ മണ്ണില്‍ വരുകയും ഇവിടത്തെ ചലച്ചിത്രപ്രേമികളുമായി സംവദിക്കുകയും ചെയ്തു. കേരളത്തിന്റെ അഭിമാനമായ, നമ്മുടെ ഏറ്റവും വലിയ അന്താരാഷ്ട്ര സാംസ്‌കാരിക ഉല്‍സവമായ മേളയെ പുതിയ ഉയരങ്ങളിലത്തെിക്കാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും എന്റെയും പുതിയ ഭരണസമിതിയുടെയും ഭാഗത്തുനിന്ന് ഉണ്ടാവും.


മലയാള ചലച്ചിത്ര മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള അക്കാദമിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്?

മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന പുതിയ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ചലച്ചിത്രപഠന കോഴ്‌സുകള്‍ നടത്തും. ഫെലോഷിപ്പ് പദ്ധതിയിലൂടെയുള്ള ചലച്ചിത്രഗവേഷണം, പഴയ മലയാളം ക്ലാസിക് സിനിമകളുടെ ഡിജിറ്റൈസേഷന്‍ ഉള്‍പ്പെടെ സമ്പന്നമായ ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണം, ചലച്ചിത്ര ചരിത്രത്തിന്റെ ക്രോഡീകരണത്തിനായുള്ള പ്രസിദ്ധീകരണങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയിലൂടെ ചലച്ചിത്ര വിദ്യാഭ്യാസത്തിന്റെയും ദൃശ്യസാക്ഷരതയുടെയും വ്യാപനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അക്കാദമിക സ്വഭാവമുള്ള പദ്ധതികളും പൂര്‍വാധികം വിപുലമായി നടപ്പിലാക്കും.

സമകാലിക ജനപഥം, 2022 ഫെബ്രുവരി

No comments:

Post a Comment