Thursday, 13 June 2024

വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മിപ്പിക്കുന്ന കോടമ്പാക്കം സിനിമാ ജീവിതം


സിനിമകള്‍ മാറുകയും വളരുകയും വാടുകയുമൊക്കെ ചെയ്തിട്ടും ഇന്നും കോടമ്പാക്കം എന്നു കേള്‍ക്കുന്നവര്‍ക്ക് സിനിമയില്‍ ഭാഗ്യം തേടിയെത്തിയവരെയാവും ഓര്‍മവരിക. അതില്‍ താരങ്ങളായി വളര്‍ന്നുകയറി ആകാശം മുട്ടിയവരുണ്ട്. ഒന്നുമാകാതെ മണ്ണടിഞ്ഞവരുണ്ട്. അതിനു രണ്ടിനുമിടയില്‍ താരങ്ങളോ പ്രേതങ്ങളോ ആകാതെ അരിഷ്ടിച്ചു കഴിയുന്നവര്‍ എത്രയെത്ര. എന്നിട്ടും ഓരോ ദിവസവും ഭാഗ്യം വച്ചു കളിക്കാന്‍ മുച്ചീട്ടു കളിക്കാരെ പോലെ ഓരോരുത്തര്‍ വരുന്നു, കോടമ്പാക്കത്തിന്റെ മുറ്റത്തേക്ക്.

-(കോടമ്പാക്കം കുറിപ്പുകള്‍, എസ്.രാജേന്ദ്രബാബു)

പി.കെ ശ്രീനിവാസന്റെ കോടമ്പാക്കം ബ്ലാക്ക് ആന്‍ഡ് വൈറ്റ്, എസ്. രാജേന്ദ്രബാബുവിന്റെ കോടമ്പാക്കം കുറിപ്പുകള്‍, എ.വിന്‍സെന്റിന്റെയും കെ.എസ് സേതുമാധവന്റെയും ശശികുമാറിന്റെയും ഹരിഹരന്റെയും ഐ.വി ശശിയുടെയും ചലച്ചിത്ര ജീവിതം പറയുന്ന തിരയും കാലവും, മലയാള സിനിമയുടെ ചരിത്രവും നാള്‍വഴികളും പറയുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പുസ്തകം, ഷക്കീലയുടെ ആത്മകഥ അങ്ങനെ തുടങ്ങി പല പുസ്തകങ്ങളിലും കോടമ്പാക്കത്തെ കുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കോടമ്പാക്കത്ത് വാണവരും വീണവരുമായുള്ളവരുടെ ജീവിതങ്ങള്‍ ഓരോ പുസ്തകങ്ങളിലുമുണ്ട്. നിതാന്തപരിശ്രമം കൊണ്ട് ലക്ഷ്യത്തിലെത്തിയവരെയും ലക്ഷ്യം കാണാതെ വീണുപോയവരെയും കുറിച്ചുള്ള കഥകളാണ് അവയെല്ലാം.

      റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരം എന്ന ചിത്രത്തിന്റെ ആദ്യ സീനില്‍ കോടമ്പാക്കത്തെ ഈ ജീവിതത്തെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നുണ്ട്. വിജയിച്ചവരെ നമ്മള്‍ ഓര്‍മ്മിക്കുന്നു. വിജയിച്ചവരേക്കാള്‍ കൂടുതല്‍ പരാജയമടഞ്ഞവരാണ്. അവര്‍ കൂടി ചേരുന്നതാണ് കോടമ്പാക്കം. ഹൃദയം എന്ന സിനിമയില്‍ തെരുവില്‍ കണ്ടുമുട്ടുന്ന ഒരു കഥാപാത്രത്തിലൂടെ വിനീത് ശ്രീനിവാസന്‍ കോടമ്പാക്കത്തിന്റെ റഫറന്‍സ് കൊണ്ടുവരുന്നുണ്ട്. കോടമ്പാക്കം കഥകള്‍ ഇനിയുമേറെ സാധ്യതയുള്ള ഒരു ഡോക്യുമെന്റേഷനാണ്. വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമ ആവിഷ്‌കരിക്കുന്നതും കോടമ്പാക്കത്തെ സിനിമാ ജീവിതത്തെക്കുറിച്ചാണ്.

     


   കോടമ്പാക്കം ഓവര്‍ ബ്രിഡ്ജ് മുതല്‍ ലിബര്‍ട്ടി, ട്രസ്റ്റ്പുരം, പവര്‍ഹൗസ്, വടപളനി, സാലിഗ്രാമം, വത്സരവാക്കം എന്നിവിടങ്ങളിലൂടെ പോരൂര്‍ വരെ നീണ്ടുകിടക്കുന്ന ആര്‍ക്കോട്ട് റോഡില്‍ പലയിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫിലിം സ്റ്റുഡിയോകളും അവിടേക്ക് വന്നുപോകുന്ന താരങ്ങളും. സിനിമയില്‍ ഭാഗ്യാന്വേഷണത്തിനായി എത്തിച്ചേരുന്നവരും ചിരപ്രതിഷ്ഠ നേടിയവരുമായ അനേകര്‍ പാര്‍ക്കുന്ന ചെറുതും വലുതുമായ ലോഡ്ജുകള്‍. കോടമ്പാക്കത്തിന്റെ ഈ മുഖങ്ങളെല്ലാം കുറച്ചു സീനുകളില്‍ കൂടിയാണെങ്കിലും ഓര്‍മ്മിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയ്ക്കായിട്ടുണ്ട്. കോടമ്പാക്കത്തെ സിനിമാപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന പ്രിവ്യൂ ഷോയ്ക്കു ശേഷം അവര്‍ 'ബലേ ഭേഷ്' എന്നു പറഞ്ഞ മിക്ക സിനിമകളും കുത്തുപാളയെടുക്കുമെന്ന ഒരു ചൊല്ല് അവിടെ നിലനിന്നിരുന്നു. അടുത്ത സിനിമയില്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് മോശം സിനിമയ്ക്കും ഈ 'നല്ല അഭിപ്രായം' പറഞ്ഞിരുന്നത്. ആ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണികള്‍ സ്വീകരിക്കില്ല. ഐ.വി ശശിയുടെ ആലിംഗനം എന്ന സിനിമയിലൂടെ എ.ടി ഉമ്മറിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച 'തുഷാരബിന്ദുക്കളേ' എന്ന ഗാനത്തിന്റെ യഥാര്‍ഥ സ്രഷ്ടാവ് കോടമ്പാക്കത്തെ ഭാഗ്യാന്വേഷികളിലൊരാളായ കണ്ണൂര്‍ രാജനായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സമ്മതത്തോടെ ഈ ഗാനം സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു. തന്റെ പാട്ടിലൂടെ മറ്റൊരാള്‍ക്ക് പുരസ്‌കാരം ലഭിച്ച വിവരം കണ്ണൂര്‍ രാജന്‍ നിറകണ്ണുകളോടെ പത്രത്തില്‍ വായിക്കുന്നത് കോടമ്പാക്കത്തെ കുറിച്ചുള്ള പുസ്തകങ്ങളിലൊന്നില്‍ പറയുന്നുണ്ട്. പലപ്പോഴും കൈയകലത്തുനിന്ന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതുകൊണ്ടു മാത്രം ഏറ്റവും മുന്‍നിരയില്‍ എത്തപ്പെടാതെ പോയ പ്രതിഭാധനന്‍ എന്ന നിലയിലാണ് കണ്ണൂര്‍ രാജനെ പില്‍ക്കാലം വാഴ്ത്തിയത്. കോടമ്പാക്കത്തെ ഈ കഥകളെല്ലാം വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ കഥാപരിസരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിനെല്ലാമുപരി കേരളത്തില്‍ തുടങ്ങി കോടമ്പാക്കത്തിലൂടെ വളരുകയും മുറിയുകയും പിന്നെയും ഇരട്ടി മധുരത്തോടെ പടരുകയും ചെയ്യുന്ന സൗഹൃദത്തിന്റെ ആഴമാണ് ഈ സിനിമ പകര്‍ത്തിവയ്ക്കുന്നത്.

സിനിമയെന്ന മായിക സ്വപ്‌നത്തെ മനസ്സാ പുണര്‍ന്ന് കോടമ്പാക്കത്ത് എത്തിയ ഭാഗ്യാന്വേഷികള്‍ അനവധിയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണേന്ത്യന്‍ സിനിമയുടെ കേന്ദ്രമായിരുന്നു കോടമ്പാക്കം. 1950 കളില്‍ തുടങ്ങി സിനിമകള്‍ സ്റ്റുഡിയോ ഫ്‌ളോറില്‍ നിന്ന് അതത് പ്രാദേശിക ലൊക്കേഷനുകളിലേക്ക് പൂര്‍ണമായി മാറിയ 1980 കളുടെ പകുതിയോളം കോടമ്പാക്കം ദക്ഷിണേന്ത്യന്‍ സിനിമയുടെ പറുദീസയായി നിലകൊണ്ടു. അതുകൊണ്ടു തന്നെ ഈ നാല് ഭാഷാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സിനിമയിലെ ഭാഗ്യാന്വേഷികള്‍ വണ്ടി കയറിയിരുന്നത് കോടമ്പാക്കത്തേക്ക് ആയിരുന്നു. എങ്ങനെയെങ്കിലും കോടമ്പാക്കത്തെ സിനിമാ സ്റ്റുഡിയോകളില്‍ കയറിക്കൂടാന്‍ പ്രധാന ചലച്ചിത്രകാര•ാരെ പരിചയപ്പെട്ട് സിനിമയുടെ ഭാഗമാകാനും അവര്‍ പരിശ്രമിച്ചു. അതിനായി എന്തു ജോലി ചെയ്യാനും അവര്‍ തയ്യാറായി. പലര്‍ക്കും അവസരം ലഭിച്ചു. അഭിനേതാവാകാന്‍ മോഹിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായവരുണ്ട്. നായികയാകാനെത്തി നൃത്ത സംഘത്തില്‍ ഒതുങ്ങിപ്പോയവര്‍. പിന്നണി പാടാനെത്തി കോറസ് ആയി ഒതുങ്ങിയവരുണ്ട്. സംവിധായകനാകാന്‍ കഴിവുണ്ടായിട്ടും എക്കാലവും സഹസംവിധായകനായി പോയവരുണ്ട്. ചിലരുടെ കഴിവില്‍ പടികള്‍ കയറി ഉന്നതസ്ഥാനങ്ങളിലേക്ക് വളര്‍ന്ന് വിരാജിച്ചവരുണ്ട്. അവസരം ലഭിച്ചവരേക്കാള്‍ പതി•ടങ്ങ് ആയിരുന്നു അവസരം ലഭിക്കാതെ പോയവര്‍. സിനിമയിലെ ഭാഗ്യാന്വേഷണത്തില്‍ പരാജയപ്പെട്ടവര്‍ കോടമ്പാക്കത്തെ കടകളിലും തെരുവിലും ഉപജീവനം കഴിച്ചുപോന്നു. ചിലര്‍ തെരുവില്‍ തന്നെ അകപ്പെട്ട് ഇല്ലാതായിപ്പോയി. മറ്റു ചിലര്‍ സിനിമാ സ്വപ്‌നം ഉപേക്ഷിച്ച് ജനിച്ച നാട്ടിലേക്കു തന്നെ മടങ്ങി. ഇനി മറ്റൊരു കൂട്ടരുണ്ട്. ലക്ഷ്യത്തില്‍ തന്നെ എത്തിയവര്‍. വെള്ളിത്തിരയില്‍ തിളങ്ങിയവര്‍. ആരാധകരെ സൃഷ്ടിച്ചവര്‍. ഒരു കാലത്ത് അവസരം അന്വേഷിച്ച് അലഞ്ഞ തെരുവുകളിലൂടെ മുന്തിയ ഇനം കാറുകളോടിച്ച് സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് സിനിമാ ഷൂട്ടിംഗിനായി പാഞ്ഞവര്‍. അവരെ നമ്മള്‍ ഓര്‍മ്മിക്കുന്നു. എക്കാലവും നമ്മുടെ ആരാധനാ ബിംബങ്ങളായി അവര്‍ മാറുന്നു. ഇതെല്ലാം ഓര്‍മ്മിപ്പിക്കുകയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. 

       


 പലയിടത്തും അയഞ്ഞുകിടക്കുന്ന, കുറേക്കൂടി ചെത്തിയൊതുക്കാമായിരുന്ന സൃഷ്ടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം.  എന്നാല്‍ ദക്ഷിണേന്ത്യന്‍ സിനിമയുടെ പറുദീസയായിരുന്ന ഒരിടത്തെയും കാലത്തെയും അടയാളപ്പെടുത്താനും അതിലൂടെ സഞ്ചരിക്കാനുമുള്ള പ്രേരണ ഇത് നല്‍കുന്നുണ്ട്. അതു തന്നെയാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ഗുണപരമായ സംഗതിയും. സിനിമയോടും സിനിമയ്ക്കുള്ളിലെ സിനിമയോടും ആഭിമുഖ്യം സൂക്ഷിക്കുന്നവരില്‍ തെല്ല് കൗതുകം അവശേഷിപ്പിക്കാന്‍ ഈ സിനിമയ്ക്കാകുന്നു.

പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മുരളി വിശ്വംഭരനും ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന വേണു കൂത്തുപറമ്പുമാണ് ഈ സിനിമയില്‍ കോടമ്പാക്കത്തെ ഭാഗ്യാന്വേഷികള്‍. നാട്ടില്‍ നാടകവും എഴുത്തും പാട്ടുമായി കഴിഞ്ഞവര്‍ സിനിമയെന്ന സ്വപ്‌നത്തിനു പിറകേ മദിരാശിയിലേക്കു പോകുന്നു. അലച്ചിലിനൊടുവില്‍ ഭാഗ്യാന്വേഷികളില്‍ ഒരാള്‍ രക്ഷപ്പെടുകയും മറ്റേയാള്‍ കഴിവുണ്ടായിട്ടും ഒന്നുമല്ലാതെ തെരുവിലായിപ്പോകുകയും ചെയ്യുന്നു. അയാളുടെ ജീവിതം മുഴുവന്‍ ഈ അലച്ചില്‍ തുടരുന്നു. പിന്നീട് സിനിമയും തലമുറകളും പലതു കഴിഞ്ഞ് ജീവിത സായാഹ്നത്തിലാണ് അവര്‍ വീണ്ടും ഒരുമിക്കുന്നതും ഒരു സിനിമയുടെ ഭാഗമാകുന്നതും. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് യൗവനത്തില്‍ അവര്‍ ഒരുമിച്ച് കണ്ട സ്വപ്‌നം മറ്റൊരു തലമുറയ്‌ക്കൊപ്പം സാധ്യമാകുന്നു. സിനിമ അങ്ങനെയാണ്; ജീവിതം പോലെ. നമ്മള്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതു പോലെ സംഭവിക്കണമെന്നില്ല. ഭാഗ്യം എത്താമരക്കൊമ്പിലേക്കു വഴുതി നീങ്ങിക്കൊണ്ടിരിക്കും. ചിലപ്പോള്‍ കൈയകലെ നഷ്ടമാകും. ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഒരു പൂക്കാലം സാധ്യമാകുകയും ചെയ്യാം. മുരളിയുടെയും വേണുവിന്റെയും ജീവിതത്തിലും സൗഹൃദത്തിലും വന്നു ഭവിക്കുന്നത് ഈ ഭാഗ്യമാണ്.

അക്ഷരകൈരളി, 2024 മേയ്‌

Sunday, 9 June 2024

കാനില്‍ അഭിമാനമായി ഇന്ത്യയും മലയാളവും


ലോകത്തെ ഏറ്റവും പ്രശസ്ത ചലച്ചിത്ര മേളകളില്‍ മുന്‍നിരയിലുള്ള ഫ്രാന്‍സിലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഖ്യാതി ഉയര്‍ത്തി ഇന്ത്യന്‍ സിനിമയും മലയാളവും. 77-ാമത് കാന്‍ ചലച്ചിത്ര മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പുരസ്‌കാരമായ 'ഗ്രാന്‍ഡ് പ്രീ' നേടിക്കൊണ്ട് പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രമാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. മുപ്പത് വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കാനില്‍ അംഗീകാരം ലഭിക്കുന്നത്. 1994 ല്‍ ഷാജി എന്‍ കരുണിന്റെ സ്വം എന്ന ചിത്രത്തിനാണ് ഇതിനു മുന്‍പ് കാനില്‍ പുരസ്‌കാരം ലഭിച്ചത്. 

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രദര്‍ശനത്തിനു ശേഷം എട്ട് മിനിറ്റ് നേരം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദനം കാണികള്‍ രേഖപ്പെടുത്തിയത്. കാവ്യാത്മകം, ലോലം, ഹൃദയാവര്‍ജകം തുടങ്ങിയ വിശേഷണങ്ങളാണ് ചിത്രത്തിന് കാണികളില്‍ നിന്ന് ലഭിച്ചത്. സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയ ആണ്. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യന്‍ കമ്പനികളായ ചോക്ക് ആന്‍ഡ് ചീസും അനദര്‍ ബെര്‍ത്തും ചേര്‍ന്നാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നിര്‍മ്മിച്ചത്. പ്രശസ്ത ഹോളിവുഡ് സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സര വിഭാഗം ചിത്രങ്ങള്‍ വിലയിരുത്തിയത്. യു എസ് സംവിധായകന്‍ സീന്‍ ബേക്കറിന്റെ അനോറയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പാം ദെ ഓര്‍ പുരസ്‌കാരം.


മുംബൈ പശ്ചാത്തലമായി രണ്ട് മലയാളി നഴ്‌സുമാരുടെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. 80 ശതമാനവും മലയാള ഭാഷയിലാണ് ഈ ചിത്രം. മലയാളി നടനായ അസീസ് നെടുമങ്ങാടും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ 'എ നൈറ്റ് ഓഫ് നോയിങ് നത്തിംഗ്' എന്ന ഡോക്യുമെന്ററിക്ക് 2021 ല്‍ കാനിലെ ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ചിരുന്നു. പായലിന്റെ ആഫ്റ്റര്‍ നൂണ്‍ ക്ലൗഡ്‌സ് എന്ന ചിത്രം 70-ാമത് കാന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഛായാഗ്രാഹണ രംഗത്തെ അനുപമമായ സംഭാവനയ്ക്ക് 2013 മുതല്‍ കാന്‍ ചലച്ചിത്ര മേളയില്‍ നല്‍കിവരുന്ന പിയര്‍ അജന്യൂ എക്‌സലന്‍സ് ഇന്‍ സിനിമാറ്റോഗ്രഫി ബഹുമതി മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ കരസ്ഥമാക്കി. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് സന്തോഷ് ശിവന്‍. ഛായാഗ്രാഹണ രംഗത്തെ ഇതിഹാസങ്ങളായ എഡ്വേഡ് ലാച്മാന്‍, ക്രിസ്റ്റഫര്‍ ഡോയല്‍, റോജര്‍ ഡിക്കിന്‍സ്, ആഗ്നസ് ഗൊദാര്‍ദ്, ബാരി അക്രോയ്ഡ് തുടങ്ങിയവരുടെ നിരയിലേക്കാണ് ഈ ബഹുമതിയിലൂടെ ഇന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സന്തോഷ് ശിവന്‍ പ്രവേശിച്ചത്. സൂം ലെന്‍സുകളുടെ നിര്‍മ്മാതാക്കളായ അജെന്യൂ കാന്‍ ചലച്ചിത്രോത്സവവുമായി സഹകരിച്ച് നല്‍കുന്ന പുരസ്‌കാരമാണിത്. 1989 ല്‍ താന്‍ ഛാാഗ്രാഹണം നിര്‍വ്വഹിച്ച രാഖ് എന്ന ഹിന്ദി ചിത്രത്തില്‍ അജെന്യൂ ലെന്‍സുകള്‍ ഉപയോഗിച്ചത് ചടങ്ങില്‍ തന്റെ ചലച്ചിത്ര യാത്രയെക്കുറിച്ച് സംസാരിക്കവേ സന്തോഷ് ശിവന്‍ ഓര്‍മ്മിച്ചു. 1980 കളില്‍ ചലച്ചിത്ര രംഗത്ത് എത്തിയ സന്തോഷ് ശിവന്‍ ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലായി 55 സിനിമകളുടെയും 50 ഓളം ഡോക്യുമെന്ററികളുടെയും ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അശോക, അനന്തഭദ്രം, ഉറുമി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.


കാനില്‍ നവഭാവുകത്വത്തിനും പുതുവഴികള്‍ക്കും പുതുരാജ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന 'അണ്‍ സേര്‍ട്ടന്‍ റിഗാഡ്' വിഭാഗത്തിലെ മികച്ച നടിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അനസൂയ സെന്‍ ഗുപ്തയും തെരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് അനസൂയ. ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് സംവിധാനം ചെയ്ത 'ദ ഷെയിംലെസ്'  എന്ന ഹിന്ദി ഭാഷാ ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളും അനാവരണം ചെയ്യുന്ന സിനിമയാണ് 'ദ ഷെയിംലെസ്'. ക്വീര്‍ സമൂഹത്തിനും മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അനസൂയ പറഞ്ഞു.


ലോകത്തിലെ ഏറ്റവും പ്രൗഢമായതും പഴക്കമുള്ളതും ശ്രദ്ധേയവുമായ ചലച്ചിത്രോത്സവമായ കാനിലെ ചുവപ്പ് പരവതാനിയില്‍ പ്രവേശിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയും ഏറെ വലുതാണ്. സംവിധായികയായ പായല്‍ കപാഡിയയക്കും മറാത്തി നടി ഛായ കദമിനും ഒപ്പം മലയാളി അഭിനേതാക്കളായ കനി കുസൃതിയും ദിവ്യപ്രഭയും റെഡ് കാര്‍പ്പറ്റില്‍ പ്രവേശിച്ചത് മലയാളികള്‍ക്കു കൂടി അഭിമാനിക്കാവുന്ന അവസരമായി മാറി. വേഷം കൊണ്ടും നിലപാടുകളുടെയും ഐക്യദാര്‍ഢ്യങ്ങളുടെയും പ്രഖ്യാപന വേദിയെന്ന നിലയിലും ശ്രദ്ധേയമാണ് കാനിലെ ഈ ചുവപ്പ് പരവതാനി. സംഘര്‍ഷത്തില്‍ മരിച്ചുവീഴുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള തണ്ണിമത്തന്‍ കഷണത്തിന്റെ ആകൃതിയിലുള്ള ബാഗ് അണിഞ്ഞുകൊണ്ടാണ് കനി കുസൃതി കാനില്‍ ശ്രദ്ധ നേടിയത്. 2019 ല്‍ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്‌സ് പുരസ്‌കാരവും കനി നേടിയിരുന്നു. 2022 ല്‍ 75-ാമത് ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നോമിനേഷന്‍ നേടിയ ദിവ്യപ്രഭയുടെ ടേക്ക് ഓഫ്, തമാശ എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.


കാനിലെ ഹ്രസ്വ ചലച്ചിത്ര മത്സര വിഭാഗത്തില്‍ ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചന്‍ സംവിധാനം ചെയ്ത 'കൈമിറ'യും ഇടം നേടിയിരുന്നു. രണ്ട് വര്‍ഷമായി മാസം തോറും നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത അഞ്ഞൂറോളം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങള്‍ മത്സരിക്കുന്ന 'ആന്വല്‍ റിമംബര്‍ ദ ഫ്യൂച്ചര്‍' വിഭാഗത്തിലാണ് കൈമിറ മത്സരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ മികച്ച ചിത്രമെന്ന നിലയിലാണ് കൈമിറ അവസാന റൗണ്ട് മത്സരത്തിനെത്തിയത്.

പുരസ്‌കാര നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതിനൊപ്പം പായല്‍ കപാഡിയ, അനസൂയ സെന്‍ ഗുപ്ത, കനി കുസൃതി, ദിവ്യപ്രഭ, ഛായ കദിം, ഐശ്വര്യ തങ്കച്ചന്‍ എന്നീ വനിതകളുടെ പേരുകളിലൂടെ കൂടിയാണ് ഇന്ത്യന്‍ സിനിമാ രംഗം ഇക്കുറി മഹത്തായ കാന്‍ ചലച്ചിത്ര മേളയില്‍ സാന്നിധ്യമറിയിച്ചത്. അങ്ങനെയിത് മുഴുവന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും സ്ത്രീകളുടെയും ആത്മവിശ്വാസം ഉയര്‍ത്താന്‍ പോന്ന നേട്ടം കൂടിയായി മാറുന്നു.

https://www.youtube.com/watch?v=MjiU3UoD_qo

ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 മേയ് 27

Friday, 7 June 2024

പാട്ട് കവിതയേക്കാള്‍ മുകളിലാണ് - ശ്രീകുമാരന്‍ തമ്പി - അഭിമുഖം: ശ്രീകുമാരന്‍ തമ്പി/എന്‍.പി. മുരളീകൃഷ്ണന്‍


മലയാള ചലച്ചിത്ര ഗാന പാരമ്പര്യത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നടന്ന വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. മലയാള ചലച്ചിത്ര ഗാനങ്ങളുടെ സുവര്‍ണകാലമായ 1960 കളില്‍ പാട്ടുകളെഴുതി തുടങ്ങിയ ശ്രീകുമാരന്‍ തമ്പി അറുപത് വര്‍ഷങ്ങളായി തന്റെ സപര്യ തുടരുന്നു. അദ്ദേഹത്തിന്റെ രചനാവഴി കേരളീയ സംസ്‌കാരത്തോടും കലകളോടും സംഗീതത്തോടും ഇഴചേര്‍ന്നു കിടക്കുന്നതാണ്. മികച്ച താളബോധവും സുന്ദരമായ പദശൈലിയും കൈമുതലായിട്ടുള്ള ശ്രീകുമാരന്‍ തമ്പിയില്‍ നിന്നുണ്ടായ ഗാനങ്ങളോരോന്നും മലയാളത്തിന് ഈടുറ്റ ശേഖരങ്ങളാണ്. മലയാള ചലച്ചിത്ര സംഗീതത്തെക്കുറിച്ചും ഗാനരചനയിലെ വഴികളെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി.

താളബോധമുള്ള കവിക്കേ പാട്ടെഴുത്തുകാരനാകാന്‍ സാധിക്കൂ 

താളബോധമുള്ള കവിക്ക് മാത്രമേ ഗാനരചയിതാവ് ആകാന്‍ കഴിയുകയുള്ളൂ. എല്ലാ കവികള്‍ക്കും പാട്ടെഴുത്തുകാരന്‍ ആകാന്‍ പറ്റില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. കവികള്‍ക്കെല്ലാം പാട്ടെഴുത്തുകാരനാകാം എന്നത് ഒരു തെറ്റിദ്ധാരണയാണ്. പാട്ട് കവിതയേക്കാള്‍ മുകളിലാണ്. എഴുത്തച്ഛന്‍ പാട്ടെഴുത്തുകാരനായിരുന്നു. അധ്യാത്മരാമായണം കിളിപ്പാട്ട് എന്നാണ് അദ്ദേഹം തന്റെ രചനയ്ക്ക് പേര് നല്‍കിയത്. താന്‍ എഴുതുന്നത് ജനങ്ങള്‍ പാടണം എന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. മസ്തിഷ്‌ക പ്രക്ഷാളനം അല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയാണ് നമുക്ക് ഒരു രാമായണ പാരായണ സംസ്‌കാരം ഉണ്ടായത്. എഴുത്തച്ഛനെ ആധുനിക മലയാള കവികള്‍ക്ക് പുച്ഛമാണ്. തങ്ങള്‍ എഴുതുന്നതും സൃഷ്ടിക്കുന്നതും ഉന്നതമായ ഭാഷയും കവിതയുമാണെന്നാണ് അവര്‍ ധരിക്കുന്നത്. ഞാനതിനോട് യോജിക്കുന്നില്ല. എഴുത്തച്ഛന്റെ മലയാളത്തില്‍ ജീവിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. 


എഴുത്തച്ഛനോളം തന്നെ സമര്‍ഥനായിരുന്ന ചെറുശ്ശേരി തന്റെ കൃതിക്ക് കൃഷ്ണഗാഥ എന്നാണ് പേരിട്ടത്. അതായത് കൃഷ്ണനെക്കുറിച്ചുള്ള പാട്ട്. ഉത്തര മലബാറില്‍ കൃഷ്ണന്‍പാട്ട് എന്നാണ് ഇപ്പോഴും ഇതിനെ വിളിക്കുന്നത്. ആദ്യകാല മലയാള കവിതയിലെ പ്രധാനപ്പെട്ട ഈ രണ്ടു കവികളും പാട്ടെഴുത്തുകാരായിരുന്നു. അപ്പോള്‍ കവിതയെക്കാള്‍ വലുതാണ് പാട്ട് എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ പാട്ട് ജനകീയമാണ്. കവിത ജനകീയമല്ല. ജനകീയമല്ലാത്ത ഒരു പ്രസ്ഥാനത്തിന് നിലനില്‍പ്പില്ല. ശാശ്വതമായി നിലനില്‍ക്കുന്നത് ജനകീയമായ കലകളാണ്. ഏറ്റവും ഉന്നത പുരസ്‌കാരങ്ങള്‍ നേടിയിട്ടും എഴുതിയ ഒരു വരി പോലും ആളുകള്‍ ഓര്‍ക്കുകയോ പാടുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എഴുതിയിട്ടെന്തു പ്രയോജനം. ആ പുരസ്‌കാരങ്ങള്‍ കൊണ്ട് എന്തു പ്രയോജനം! ഇന്നും അധ്യാത്മ രാമായണവും കൃഷ്ണഗാഥയും ജനങ്ങള്‍ ഏറ്റുപാടുന്നു. അപ്പോള്‍ പാട്ട് എന്നത് കുറഞ്ഞൊരു വസ്തുവല്ല. 

കവിതയില്‍ സംഗീതം ലയിക്കുമ്പോഴാണ് പാട്ട് ഉണ്ടാകുന്നത്. എല്ലാ കവികളിലും സംഗീതമില്ല. ഗദ്യം മുറിച്ച് കവിത എഴുതി വയ്ക്കുന്നവരുടെ മനസ്സില്‍ സംഗീതമില്ല. ഞാന്‍ നൂറുകണക്കിന് കവിതയെഴുതി എന്നിട്ടും എനിക്ക് സിനിമയില്‍ പാട്ടെഴുതാന്‍ അവസരം കിട്ടിയില്ല എന്ന് കൊതിക്കെറുവ് പറഞ്ഞിട്ട് കാര്യമില്ല. കവിത്വവും താളബോധവും ഒത്തിണങ്ങിയാലേ വിജയിക്കൂ.


വരികളും താളവുമറിഞ്ഞ് പാട്ടുകളൊരുക്കിയ തലമുറ

സംഗീതത്തിലെ താളം അറിഞ്ഞായിരുന്നു ഞങ്ങളുടെ തലമുറ പാട്ടുകള്‍ എഴുതിയിരുന്നത്. ചതുശ്രം, തിസരം, മിശ്രം എന്നിങ്ങനെ പാട്ടിന്റെ സമയക്രമത്തെ സൂചിപ്പിക്കുന്ന താളങ്ങളുടെ പേരുകള്‍ പാട്ട് എഴുതിക്കൊടുക്കുന്ന പേജില്‍ എഴുതിയിരുന്നു. ഇത് കണ്ടാല്‍ സംഗീത സംവിധായകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. ദക്ഷിണാമൂര്‍ത്തി സ്വാമിയൊക്കെ ഇത് പെട്ടെന്ന് മനസ്സിലാക്കും. അമ്പതും അറുപതും വര്‍ഷം കഴിഞ്ഞിട്ടും പാട്ടുകള്‍ നിലനില്‍ക്കുന്നത് അതുകൊണ്ടാണ്.

വയലാറും പി ഭാസ്‌കരനും ഒഎന്‍വിയും ഞാനുമടങ്ങുന്ന പാട്ടെഴുത്തുകാര്‍ക്ക് സംഗീതബോധമുണ്ടായിരുന്നു. സംഗീതസംവിധായകനെ പാട്ട് പാടി കേള്‍പ്പിക്കാന്‍ സാധിച്ചിരുന്നു. അവിടെയാണ് ഞങ്ങളുടെ തലമുറയുടെ വിജയം. ഈണം കേട്ടും അല്ലാതെയും ഞാന്‍ പാട്ട് എഴുതിയിട്ടുണ്ട്. അക്കാലത്ത് കേരളത്തിനു പുറത്തു നിന്നുള്ള സംഗീത സംവിധായകര്‍ ഉണ്ടായിരുന്നു. അവരുടെയൊപ്പം ജോലി ചെയ്യുമ്പോള്‍ ഈണത്തിനൊപ്പമാണ് പാട്ട് എഴുതിയിരുന്നത്. സലില്‍ ചൗധരിയുടെയൊക്കെ പാട്ടുകള്‍ അങ്ങനെ എഴുതിയതാണ്. മലയാളി സംഗീത സംവിധായകര്‍ വരികള്‍ക്കൊത്ത് ട്യൂണ്‍ ചെയ്യണമെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ എഴുതിയ സാഹചര്യവുമുണ്ട്. തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി' അങ്ങനെ എഴുതിയതാണ്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് കേള്‍പ്പിച്ച പല ഈണങ്ങളില്‍ നിന്ന് പത്മരാജന്‍ തെരഞ്ഞെടുത്ത ട്യൂണിന് അനുസരിച്ചാണ് ആ പാട്ട് എഴുതിയത്. ഇപ്പോഴും ട്യൂണ്‍ വച്ച് എഴുതുന്നുണ്ട്.


ആദ്യമേ പുസ്തകം എടുത്തുവച്ച് പാട്ട് എഴുതുന്ന പതിവ് എനിക്കല്ല. മനസ്സില്‍ പാടിയിട്ടാണ് പാട്ട് എഴുതാറ്. ആ ഒരു താളബോധം കുട്ടിക്കാലത്തേ കിട്ടിയിരുന്നു. പറയെഴുന്നള്ളത്തിന്റെ കൊട്ടിന്റെ താളത്തിനൊത്ത് വാക്കുകള്‍ പറയുന്ന ശീലം ഉണ്ടായിരുന്നു.  ഇത് പില്‍ക്കാലത്ത് എന്നെ സഹായിച്ചു. സലില്‍ ചൗധരി, കാനു ഘോഷ്, വേദ്പാല്‍ വര്‍മ തുടങ്ങിയ അന്യഭാഷകളില്‍ നിന്നുള്ള സംഗീത സംവിധായകരുടെ ട്യൂണുകള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനും എഴുതാനും ഈ താളബോധം സഹായിച്ചു. താളബോധമുണ്ടെങ്കില്‍ ട്യൂണ്‍ വച്ച് എഴുതാന്‍ എളുപ്പമാണ്. പക്ഷേ കവിത ആദ്യം എഴുതി അതിന് ഈണം പകരുമ്പോള്‍ കിട്ടുന്ന കാവ്യശുദ്ധി മറ്റ് പാട്ടുകള്‍ക്ക് കിട്ടില്ല. ആദര്‍ശപരമായി കവിത എഴുതി സംഗീതത്തിലേക്ക് പോകുന്നതാണ് നല്ലത്. എന്റെ പകുതിയിലധികം പാട്ടുകളും ട്യൂണ്‍ വച്ച് എഴുതിയതാണ്. 

പഴയ സംഗീത സംവിധായകര്‍ മലയാളത്തിലെ പ്രധാന കവിതകളെല്ലാം വായിച്ചവരും കവികളെ അറിയുന്നവരുമാണ്. ദേവരാജന്‍ മാഷും ദക്ഷിണാമൂര്‍ത്തി സ്വാമിയുമെല്ലാം അങ്ങനെയായിരുന്നു. അര്‍ജുനന്‍ മാഷ് മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ചയാളാണ്. വലിയ അക്ഷരജ്ഞാനമില്ല. കവിതകളറിയില്ല. പക്ഷേ അറിയാത്തത് ചോദിച്ച് മനസ്സിലാക്കും. അങ്ങനെ പ്രയാസമുള്ള വരികള്‍ ചോദിച്ചു മനസ്സിലാക്കി പഠിച്ചാണ് അദ്ദേഹം ട്യൂണ്‍ ചെയ്യുന്നത്. അത് വലിയ മനസ്സാണ്. ആ എളിമ മാതൃകയാക്കേണ്ടതാണ്. 


പഴയ സംഗീത സംസ്‌കാരം മലയാളത്തിന് നഷ്ടപ്പെട്ടു

ഇപ്പോള്‍ പാട്ടെഴുത്തുകാരന് സംഗീതജ്ഞാനമോ താളബോധമോ വേണമെന്നില്ല. ഗദ്യത്തില്‍ കവിതയെഴുതുന്നവരും പാട്ടെഴുതുന്നുണ്ട്. അത് സംഗീത സംവിധായകന്‍ പറഞ്ഞുകൊടുക്കുന്ന താളത്തില്‍ മാത്രമാണ്. വൃത്തത്തില്‍ കവിതയെഴുതുന്നവരോട് ഗദ്യകവികള്‍ക്ക് പുച്ഛമാണ്. അവര്‍ ആശാനെയും വള്ളത്തോളിനെയും ഉള്ളൂരിനെയും ചങ്ങമ്പുഴയെയും ഒന്നും വായിക്കാത്തവരാണ്. തങ്ങള്‍ എഴുതുന്ന ഗദ്യമാണ് കവിതയെന്നാണ് അവരുടെ പക്ഷം. ഇതാണ് തലമുറയുടെ കുഴപ്പം. അവര്‍ പഴയതൊന്നും പഠിക്കാതെ പഴയതിനെ പുച്ഛിക്കുകയും പുതിയതിനെ മാത്രം അംഗീകരിക്കുകയും ചെയ്യുന്നു. അവിടെയാണ് തെറ്റ്. 

പഴയ സംഗീത സംസ്‌കാരം മലയാളത്തിന് നഷ്ടപ്പെട്ടു പോയി. ആ സംസ്‌കാരത്തില്‍ അല്ല നമ്മള്‍ ജീവിക്കുന്നത്. ഇന്ന് നമുക്ക് പാട്ടുകള്‍ ഉണ്ടാകുന്നുണ്ട്. പാട്ടെഴുത്തുകാരെ കുറ്റം പറയാനാകില്ല. അവര്‍ക്ക് സ്വാതന്ത്ര്യമില്ല. സംവിധായകന്റെയും സംഗീത സംവിധായകന്റെയും താത്പര്യത്തിന് അനുസരിച്ച് വരികള്‍ എഴുതിക്കൊടുക്കുന്നവര്‍ മാത്രമാണവര്‍. പഴയ അച്ചുകൂട സമ്പ്രദായത്തിലെ അച്ചുനിരത്തല്‍ പോലെയാണ് ഇപ്പോള്‍ പാട്ടെഴുത്ത്. സംഗീത സംവിധായകന്‍ നല്‍കുന്ന ഈണത്തിന് വേണ്ട വാക്കുകള്‍ ഇട്ട് കൊടുക്കുന്നു. അവിടെ മലയാള കവിതയുമായോ താളവുമായോ ഒരു ബന്ധവും സംഭവിക്കുന്നില്ല. ഇന്ന് കവിത വായിച്ച് സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ അറിയുന്നവര്‍ ഇല്ല. നല്ല മലയാളം അറിയുന്ന പാട്ടെഴുത്തുകാരും സംഗീത സംവിധായകരും ഇപ്പോള്‍ ഇല്ലെന്നതും യാഥാര്‍ഥ്യമാണ്.


വടക്കന്‍പാട്ടുകള്‍ ജനകീയമായത് സിനിമകളിലൂടെ

ഓമനത്തിങ്കള്‍ക്കിടാവോ എന്ന നീലാംബരി രാഗത്തില്‍ ഇരയിമ്മന്‍ തമ്പി പാടിവച്ച പാട്ട് കേട്ടാല്‍ ഇന്നും കുട്ടികള്‍ ഉറങ്ങും. അതിന് തലമുറ മാറ്റമില്ല. നീലാംബരി രാഗത്തിന്റെ പ്രത്യേകതയാണത്. സംഗീതവും കവിതയും കൂടി സൃഷ്ടിക്കുന്ന ഒരു ധന്യതയാണ് അതിനെ ജനകീയമാക്കുന്നത്. ഇന്നത്തെ കവി എഴുതുന്ന കവിത കേട്ടാല്‍ കുട്ടി അലോസരപ്പെടും. കവിതയുടെ ഉറവിടം പാട്ടാണ് എന്നത് നമ്മള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യമാണ്. സംഗീതത്തിന്റെ ചിറകുകളിലാണ് കവിത എല്ലാ കാലത്തും സഞ്ചരിച്ചത്. വടക്കന്‍പാട്ടുകള്‍ നമ്മള്‍ ഓര്‍മ്മിക്കുന്നത് സിനിമകളിലെ ജനപ്രിയ സംഗീതത്തിലൂടെയാണ്. ഇതുപോലെ വീരാപദാനം പ്രമേയമാക്കിയ തെക്കന്‍പാട്ടുകളും ഉണ്ട്. ഇരവിക്കുട്ടിപ്പിള്ള പോര് ഒക്കെ ഇതിന് ഉദാഹരണമാണ്. പക്ഷേ അത് സിനിമയായില്ല. അതുകൊണ്ടുതന്നെ ആ പാട്ടുകള്‍ ജനകീയമായതുമില്ല. 

കൃഷ്ണഗാഥയിലും അധ്യാത്മ രാമായണത്തിലും അജ്ഞാത കര്‍തൃകങ്ങളായ നാടന്‍പാട്ടുകളിലും അന്നത്തെ മലയാള ഭാഷയിലെ പല വ്യവഹാര പദപ്രയോഗങ്ങളും കാണാം. അതില്‍ പലതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല. ഇത്തരം കവിതകള്‍ പഠിക്കുമ്പോഴാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഭാഷയും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. അതാണ് പാട്ടിന്റെ മഹത്വം. 


നമ്മുടെ അടിത്തറ സോപാനസംഗീതവും നാടന്‍പാട്ടും

മലയാള ഭാഷയുടെ അടിത്തറ സോപാനസംഗീതവും നാടന്‍പാട്ടുകളുമാണ്. പാശ്ചാത്യ സംഗീതവുമായി ലയിച്ചുചേരുന്ന സംസ്‌കാരമല്ല മലയാളത്തിന്റേത്. ഏറ്റവും വേഗത്തില്‍ പാടി വള്ളം തുഴയുന്ന വഞ്ചിപ്പാട്ടിന്റെ പോലും താളം പതിഞ്ഞതാണ്. നമ്മള്‍ ലയത്തില്‍ വിശ്വസിക്കുന്നവരാണ്. പരിപൂര്‍ണമായി ഭാവവും ലയവും വരണമെങ്കില്‍ പതിഞ്ഞ താളം വേണം. കഥപകളിപ്പദങ്ങള്‍ പതിഞ്ഞ താളമാണ്. ഈ താളങ്ങള്‍ വേഗത്തിലായാല്‍ അത് മലയാള സംഗീതമാകില്ല. മലയാള സംസ്‌കാരവുമായി ബന്ധപ്പെട്ട താളം ഭാവത്തിലും ലയത്തിനും പ്രാധാന്യം കൊടുക്കുന്നതാണ്. നമ്മുടെ സംഗീതമല്ല, ലോകസംഗീതം മതി നമുക്ക് എന്ന് തീരുമാനിക്കുന്ന പുതിയ തലമുറ നമ്മുടെ സംസ്‌കാരം തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. അത് ഒരു തരം വിട്ടുകൊടുക്കലാണ്. അതില്‍ ന്യായമില്ല. മലയാള സംഗീതത്തില്‍ ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ പാടി എഴുതുന്നത്. എന്റെ സംഗീത സംസ്‌കാരത്തില്‍ ഉറച്ചുനിന്ന് പാട്ടെഴുതുമ്പോള്‍ മാത്രമേ 'എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍' എന്ന് എഴുതാന്‍ സാധിക്കൂ. സാഹചര്യത്തിനൊത്ത് 'തുള്ളിയോടും പുള്ളിമാനേ നില്ല്' എന്ന് എഴുതുമ്പോഴും ആ വേഗത്തിനകത്ത് ഒരു മിതത്വമുണ്ട്.  

നമ്മുടെ സംസ്‌കാരം എന്നത് പതിഞ്ഞ താളത്തിലുള്ള ഭാവഗരിമയുള്ള ഗാനങ്ങളാണ്. ഇരയിമ്മന്‍ തമ്പിയും കുഞ്ഞികുട്ടി തങ്കച്ചിയും സ്വാതി തിരുനാളും കെ സി കേശവപിള്ളയുമെല്ലാം എഴുതിയിട്ടുള്ള പാട്ടുകളും പദങ്ങളും മലയാള സംസ്‌കാരവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ഗസലുകളുമായി മത്സരിക്കാന്‍ കഴിവുള്ള പദങ്ങള്‍ നമുക്കുണ്ട്. തലമുറ മാറിയാലും തനിമ നിലനില്‍ക്കും. ആയിരം പേര്‍ കണ്ടിരുന്ന കഥകളി ഇന്ന് നൂറു പേരേ കാണുന്നുണ്ടായിരിക്കൂ. നാളെ അത് പത്തു പേരായേക്കാം. പക്ഷേ കഥകളി നിലനില്‍ക്കും. കാരണം അത് നമ്മുടെ കലകളുടെ ശ്രേഷ്ഠതയാണ്. 


കവിതയുമായി ചേര്‍ന്ന് പാട്ട് ഉണ്ടായി. ആ പാട്ട് ഉണ്ടായ കാലത്ത് വരമൊഴി പോലും ഉണ്ടായിരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. അക്ഷരങ്ങള്‍ കണ്ടുപിടിക്കാത്ത കാലത്തും പാട്ടുണ്ടായിരുന്നു. വയലില്‍ ജോലി ചെയ്യുന്നവരും പാറ പൊട്ടിക്കുന്നവരും പാടുമായിരുന്നു. അതങ്ങനെ തലമുറകള്‍ ഏറ്റുപാടി. 'വൈക്കം കായലില്‍ ഓളം തല്ലുമ്പോള്‍ ഓര്‍ക്കും ഞാനെന്റെ മാരനെ' എന്ന പാട്ട് ഒരു മഹാകവിയും എഴുതിയതല്ല. ആരോ ഒരാള്‍ കായലിന്റെ തീരത്ത് ഇരുന്ന് പാടിയതാണ്. മറ്റാരോ അത് കേട്ട് ഏറ്റുപാടി. അതങ്ങനെ കൈമാറി നാടന്‍പാട്ടായി മാറി. കവിയല്ലെങ്കിലും അയാള്‍ക്ക് താളബോധമുണ്ടായിരുന്നു. അതുകൊണ്ട് പാട്ട് നിലനിന്നു. 

പാട്ടിലെ കേരളീയ സംസ്‌കാരം

മലയാള ഭാഷയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും ഏറ്റവുമധികം പാട്ടുകള്‍ എഴുതിയിട്ടുള്ളത് ഞാനാണ്. അത് ഞാന്‍ മനപൂര്‍വ്വം ചെയ്തതുമാണ്. കേരളത്തിന്റെ സംസ്‌കാരത്തില്‍ എന്നും നിലനില്‍ക്കുന്ന ചില അടയാളങ്ങളുണ്ട്. അതിലൊന്നാണ് ഓണം. അത് മാറില്ല. ഓണത്തിനു പുറമേ വിഷു, മലയാള ഭാഷ എന്നിവയിലെല്ലാം ഇത്തരം സാംസ്‌കാരിക അടയാളങ്ങളുണ്ട്. അതാണ് പാട്ടിലും പ്രയോഗിക്കുന്നത്. ഇത് എക്കാലത്തേക്കുമുള്ള ഈടുവയ്പുകളാണ്. 'മലയാള ഭാഷ തന്‍ മാദകഭംഗി' എന്ന പാട്ടില്‍ 'പുളിയിലക്കരമുണ്ട്' എന്ന വാക്ക് ബോധപൂര്‍വ്വം ഉപയോഗിച്ചതാണ്. കേരളീയതയുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരു വാക്കാണത്. വര്‍ഷങ്ങള്‍ക്കു ശേഷം ഈ പാട്ട് കേള്‍ക്കുന്ന തലമുറയില്‍ പെട്ട ഒരു കുട്ടിക്ക് പുളിയിലക്കരമുണ്ട് എന്താണെന്ന് അറിയാനുള്ള ഒരു വ്യഗ്രത കാണും. 'കേരളം കേരളം കേളികൊട്ടുയരുന്നു' എന്ന പാട്ടിലെ 'കേളീ കദംബം' അതുപോലൊരു വാക്കാണ്. ആറുകളാണ് സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍. നിളയും പെരിയാറും പമ്പയും അച്ചന്‍കോവിലാറുമെല്ലാം കേരളത്തിന്റെ കലകളെയും സംസ്‌കാരത്തെയും വളര്‍ത്തിയവയാണ്. ഇങ്ങനെ നമ്മുടെ നദികളും കായലുമെല്ലാം പാട്ടുകളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവോണം എന്ന് ഞാന്‍ സിനിമയ്ക്ക് പേരിട്ടതും അതിനു വേണ്ടി തിരുവോണപുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍ എന്ന പാട്ട് എഴുതിയതും ബോധപൂര്‍വ്വമാണ്. ഇത് എല്ലാക്കാലവും ഓര്‍മ്മിക്കും.. മലയാളിപ്പെണ്ണേ നിന്റെ മനസ്സ് എന്ന പാട്ട് ഉത്തമയായ മലയാളി സ്ത്രീക്കുള്ള വലിയ അംഗീകാരമാണ്. 'കാവ്യനര്‍ത്തകീ ചിലമ്പൊലി ചാര്‍ത്തിയ കലയുടെ നാടേ മലനാടേ' എന്ന ഗാനം മലയാള ദൃശ്യകലയുടെ ചരിത്രം ഒരു ചലച്ചിത്ര ഗാനത്തിലൂടെ പറയുകയാണ്. 


മലയാളം മഹത്തരമായ ഒരു ഭാഷയാണ്. മറ്റു ഭാഷകളേക്കാള്‍ പ്രായം കുറവാണ്. എന്നാല്‍ ഇതര ഭാഷകളിലെ നന്മകള്‍ അത് സ്വാംശീകരിച്ചിട്ടുണ്ട്, സംസ്‌കൃത ഭാഷയിലെ ഗുണങ്ങള്‍ മലയാളം ഉള്‍ക്കൊണ്ടിട്ടുണ്ട്, മലയാളത്തില്‍ ഗദ്യഭാഷയും പദ്യഭാഷയും രണ്ടാണ്. 

സാക്ഷരത മനുഷ്യനെ വളര്‍ത്തുകയാണ് ചെയ്യുക. എന്നാല്‍ സാക്ഷരത കൊണ്ട് സംസ്‌കാരത്തെയോ ഭാഷയെയോ വളര്‍ത്താന്‍ ശ്രമിക്കാത്ത മനുഷ്യരുടെ നാടായി കേരളം മാറി. മലയാളികള്‍ക്ക് വ്യക്തിപരമായ വളര്‍ച്ചയിലും നേട്ടങ്ങളിലും മാത്രമേ താത്പര്യമുള്ളൂ. അതല്ലാതെ ഭാഷയോ കേരള സംസ്‌കാരമോ അവരുടെ വിഷയമല്ല. 


പാട്ടില്‍ സമഗ്രത വേണം

ഞാന്‍ ഒരു എന്‍ജിനീയര്‍ ആയതുകെ#ാണ്ടായിരിക്കണം, എല്ലാ കാര്യവും  വ്യക്തമായിരിക്കണം, പൂര്‍ണമായിരിക്കണം എന്ന നിഷ്‌കര്‍ഷ എനിക്കുണ്ട്. എഴുതുന്ന പാട്ടുകളില്‍ സമഗ്രത വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരു പാട്ടിലെ പല്ലവി പൂര്‍ണമായിരിക്കണം. എന്നാലേ പാട്ടിന് ആ പൂര്‍ണത കൈവരൂ. എന്റെ എല്ലാ പാട്ടുകളും ഞാന്‍ അങ്ങനെ എഴുതിയിട്ടുള്ളവയാണ്. 

നിരൂപകയും അധ്യാപികയുമായ ശാരദക്കുട്ടി മുമ്പ് ഒരിക്കല്‍ എഴുതിയിരുന്നു. അവര്‍ക്ക് കോളേജില്‍ മലയാള ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് കവിതയിലെ ഘടന പഠിപ്പിക്കണമായിരുന്നു. അതിന് തയ്യാറാക്കിയ കുറിപ്പ് എടുക്കാന്‍ മറന്നു. പെട്ടെന്നാണ് 'ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ' എന്ന ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ഓര്‍മ്മിച്ചത്. ആ പാട്ടിലൂടെ കവിതയുടെ ഘടനയെക്കുറിച്ച് ക്ലാസ് എടുത്തു. വിദ്യാര്‍ഥികള്‍ക്ക് ആശയം വ്യക്തമായെന്ന് അവര്‍ ചാരിതാര്‍ഥ്യത്തോടെ എഴുതുന്നു. ഇതില്‍പരം അംഗീകാരം മറ്റെന്താണ് ഒരു ഗാനരചയിതാവിന് വേണ്ടത്.


മലയാള ചലച്ചിത്ര സംഗീത ചരിത്രം എഴുതുന്നു

ഇപ്പോള്‍ ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്ര സംഗീത ചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണ്. ആദ്യ ശബ്ദ ചിത്രമായ ബാലന്‍ മുതല്‍ക്കുള്ള മലയാള സിനിമാ ഗാനങ്ങളുടെ ചരിത്രപരമായ വളര്‍ച്ച, സംഗീത സംവിധായകര്‍, ഗാനരചയിതാക്കള്‍, സിനിമയുടെ വിജയപരാജയം എന്നിവയെല്ലാം ഇതില്‍ കടന്നുവരുന്നു. 84-ാം വയസ്സിലും കര്‍മ്മനിരതനായി തുടരാനാണ് അദ്ദേഹത്തിന് താത്പര്യം.

ഇന്നത്തെ സിനിമയ്ക്ക് തന്റെ പാട്ട് ആവശ്യമില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. എന്നാലും ആവശ്യപ്പെടുന്നവര്‍ക്ക് എഴുതിക്കൊടുക്കുന്നുണ്ട്. അത് സിനിമയിലെ സന്ദര്‍ഭവും പാട്ടിന് നല്‍കിയ ഈണവും ഇഷ്ടപ്പെടണം. എന്നാലേ എഴുതൂ. ഇതുരണ്ടും സംഗീത സംവിധായകനോട് ആദ്യമേ പറയും. മലയാള സിനിമയ്ക്ക് ആവശ്യമില്ലാത്ത ഈണങ്ങളുണ്ട്. അതിന് വരികള്‍ ഒരുക്കാന്‍ വയ്യെന്നും അദ്ദേഹം പറയുന്നു. ജയരാജിന്റെ ഭയാനകത്തിലെയും മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലെയും മുഴുവന്‍ പാട്ടുകളും എഴുതി. കഴിഞ്ഞ വര്‍ഷം പെര്‍ഫ്യൂം, കണ്ണാടി എന്നീ സിനിമകളിലെ ഓരോ പാട്ടുകള്‍ എഴുതി. കഴിഞ്ഞ മാസം ഒരു ക്രിസ്തീയ ഭക്തിഗാനവും എഴുതി. അങ്ങനെ എഴുത്തുവഴിയില്‍ ഇപ്പോഴും സജീവതയുടെ പാതയില്‍ തുടരുകയാണ് മലയാളത്തിന്റെ അഭിമാനമായ ഈ ബഹുമുഖ പ്രതിഭ.

സമകാലിക ജനപഥം, 2024 മേയ്‌

Thursday, 6 June 2024

കാണികള്‍ തിയേറ്ററിലേക്ക് തിരിച്ചെത്തുമ്പോള്‍... മലയാള സിനിമയ്ക്ക് തിരിച്ചുവരവിന്റെ ആവേശം


മലയാള സിനിമയ്ക്ക് ഇത് നല്ല കാലമാണ്. ഈ വര്‍ഷം ആദ്യപാദത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍ തിയേറ്ററില്‍ മികച്ച വിജയം നേടിയത് സിനിമാ വ്യവസായത്തിനാകെ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധിക്കുന്ന ഇന്‍ഡസ്ട്രികളിലൊന്നായി മാറുന്ന വിധത്തിലാണ് മലയാള സിനിമകളുടെ കുതിപ്പ്. ഈ വര്‍ഷം ഹിന്ദിയും തെലുങ്കും തമിഴും ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന ചലച്ചിത്ര വ്യവസായങ്ങളെ പിറകിലാക്കിക്കൊണ്ടാണ് വിപണിയില്‍ മലയാളം നേട്ടം കൈവരിച്ചത്. 

കോവിഡ് കാലവും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തീര്‍ത്ത പ്രതിസന്ധിയും പിന്നിട്ട് മലയാള സിനിമ വ്യാവസായികമായി തിരിച്ചെത്തുന്നത് ഈ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം 2018, ആര്‍ ഡി എക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, രോമാഞ്ചം തുടങ്ങിയ സിനിമകളിലൂടെ 500 കോടിയുടെ കച്ചവടം നടന്നെങ്കിലും ഇന്‍ഡസ്ട്രി മൊത്തത്തില്‍ ലാഭകരമായിരുന്നില്ല. ഒടിടിയിലും തിയേറ്ററിലുമായി 250 ഓളം സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയതും പല സിനിമകള്‍ക്കും വന്‍ മുടക്കുമുതല്‍ ഉണ്ടായിരുന്നതും കണക്കുകൂട്ടുമ്പോള്‍ അത്ര ലാഭകരമായ ബിസിനസ് ആയിരുന്നില്ല പോയ വര്‍ഷം ഉണ്ടായത്. മികച്ച സിനിമകള്‍ വരുമ്പോള്‍ തിയേറ്ററില്‍ കാണികള്‍ ഉണ്ടാകുകയും അല്ലാത്തപ്പോള്‍ വൈദ്യുതി വാടകയും ജീവനക്കാരുടെ ശമ്പളവുമടക്കം  മുടങ്ങുന്ന തരത്തില്‍ നഷ്ടത്തിലേക്ക് പോകുകയും ചെയ്യുന്ന പതിവാണ് തുടര്‍ന്നു പോന്നിരുന്നത്. പല തിയേറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. തങ്ങളെ എന്തെങ്കിലും തരത്തില്‍ ആകര്‍ഷിക്കാത്ത സിനിമകളെ പ്രേക്ഷകര്‍ കൈയൊഴിയുകയും അവര്‍ ഒടിടി സ്ട്രീമിങ്ങുകളിലേക്ക് ചുരുങ്ങുകയുമായിരുന്നു. ഇതോടെ കേരളത്തിലെ തിയേറ്റര്‍ വ്യവസായം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. മിക്ക തിയേറ്ററുകളിലും ആളില്ലാതെ പ്രദര്‍ശനം മുടങ്ങുന്നത് പതിവായി. കാണികള്‍ കയറാന്‍ സാധ്യതയുള്ള സിനിമകള്‍ വരുമ്പോള്‍ തിയേറ്റര്‍ തുറക്കുകയും അല്ലാത്തപ്പോള്‍ അടച്ചിടുകയും ചെയ്യുന്ന രീതിയുമുണ്ടായിരുന്നു. മാളുകള്‍ ഉള്‍പ്പെടെയുള്ളവയിലെ മള്‍ട്ടി സ്‌ക്രീനുകളില്‍ പലതും പ്രദര്‍ശനം നിലച്ച അവസ്ഥയിലായിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു പല തിയേറ്ററുകളെയും അല്‍പ്പമെങ്കിലും നിലനിര്‍ത്തിയത്.



എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ 200 കോടിയും 100 കോടിയും 50 കോടിയും കളക്ഷന്‍ നേടിയ ഒന്നിലേറെ സിനിമകളുണ്ട് മലയാളത്തില്‍. മെയ് പകുതി വരെ ഏകദേശം 1000 കോടിയുടെ ബിസിനസാണ് മലയാള സിനിമ ഉണ്ടാക്കിയത്. ഇത് റെക്കോര്‍ഡാണ്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയായ ബോളിവുഡിനു പോലും ഈ വര്‍ഷം ഈ നേട്ടത്തില്‍ എത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ പത്താന്‍, ജവാന്‍ പോലുള്ള സിനിമകളിലൂടെ വ്യാവസായികമായി നേട്ടമുണ്ടാക്കിയ ബോളിവുഡിന് 2024 ല്‍ ആ നേട്ടം നിലനിര്‍ത്താനായിട്ടില്ല. തെലുങ്കിലും തമിഴിലും സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഈ വര്‍ഷം പ്രതീക്ഷയ്‌ക്കൊത്ത് തിയേറ്റര്‍ നേട്ടമുണ്ടാക്കാനായില്ല, അവിടെയാണ് മലയാള സിനിമയുടെ കുതിപ്പ് രാജ്യവ്യാപകമായി ശ്രദ്ധേയമാകുന്നത്.

ഓസ്‌ലര്‍, ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ 2024 ല്‍ മലയാള സിനിമാ വ്യവസായത്തിന് നേട്ടമുണ്ടാക്കി. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും പ്രേമലുവും അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ സിനിമകളാണ്. മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും 200 കോടി ക്ലബ്ബിലും പ്രേമലു 150 കോടി ക്ലബ്ബിലും എത്തി. ആവേശം ഇപ്പോഴും തിയേറ്ററില്‍ തുടരുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആവേശം എന്നീ ചിത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും ഓവര്‍സീസ് കളക്ഷനിലും വലിയ വിജയമായി മാറി. ഡബ്ബിംഗ് വേര്‍ഷന്‍ ഇല്ലാതെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമ നേടുന്ന റെക്കോര്‍ഡ് കളക്ഷന്‍ എന്ന നേട്ടത്തിലെത്തി. സര്‍വൈവല്‍ ഡ്രാമ എന്ന ജോണറില്‍ ഭാഷയ്ക്കതീതമായി എല്ലാ വിഭാഗം കാണികളുടെയും ആസ്വാദന തലത്തെ ഉള്‍ക്കൊള്ളാനായി എന്നതായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സവിശേഷത. ആവേശവും ഫഹദിന്റെ രംഗ എന്ന കഥാപാത്രവും എല്ലാ പ്രമുഖ ഇന്‍ഡസ്ട്രികളിലും ട്രെന്‍ഡ് സെറ്ററാണ്. സോഷ്യല്‍ മീഡിയയിലും ഈ ചിത്രം ഉണ്ടാക്കിയ ഓളം വലുതാണ്. യൂത്തിന്റെ ഇഷ്ടങ്ങളും ട്രെന്‍ഡുകളും തിരിച്ചറിഞ്ഞ് ഒരുക്കിയ പ്രേമലുവിനും ഭാഷയ്ക്കപ്പുറത്തെ സ്വീകാര്യത ലഭിച്ചു. ഈ സിനിമയുടെ അഭൂതപൂര്‍വ്വമായ വാണിജ്യവിജയത്തെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയും ചെയ്തു. 


2023 ല്‍ മേയ് വരെ മലയാളത്തിലെ ഏക തിയേറ്റര്‍ ഹിറ്റ് ജിത്തു മാധവന്റെ രോമാഞ്ചം മാത്രമായിരുന്നു. ഈ വര്‍ഷം ഇതേ കാലയളവില്‍ അതിന്റെ എണ്ണം ആറോ ഏഴോ എന്ന നിലയിലേക്ക് ഉയര്‍ന്നു. ഈ പ്രവണത നിലനിര്‍ത്താനായാല്‍ മലയാളത്തില്‍ ഏറ്റവും വലിയ തിയേറ്റര്‍ ബിസിനസ് നടക്കുന്ന വര്‍ഷമായി ഇത് മാറിയേക്കും.

തങ്ങളുടെ ആസ്വാദിപ്പിക്കുന്ന ഉള്ളടക്കം ഉണ്ടെങ്കില്‍ കാണികള്‍ തിയേറ്ററില്‍ എത്തും എന്നതു തന്നെയാണ് ഈ വിജയങ്ങള്‍ അടിവരയിടുന്നത്. കോവിഡും ഒടിടി പ്ലാറ്റ്‌ഫോമും ഉയര്‍ത്തിയ ഭീഷണി മറികടക്കാന്‍ മലയാള സിനിമ തെല്ല് സമയമെടുത്തിരുന്നു. കോവിഡിനു ശേഷം അന്യഭാഷാ സിനിമകളാണ് കേരളത്തിലെ തിയേറ്ററില്‍ നിന്ന് വാണിജ്യ നേട്ടമുണ്ടാക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആദ്യഘട്ടത്തില്‍ കാണികളെ തിയേറ്ററില്‍ നിന്ന് അകറ്റിയെങ്കിലും ബിഗ് സ്‌ക്രീനില്‍ തന്നെ കാണണം എന്നു തോന്നിപ്പിക്കുന്ന സിനിമകള്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ മൊബൈല്‍ ഫോണിന്റെ ചെറു ചതുരത്തില്‍ നിന്ന് തിയേറ്ററിലെ വിശാലതയിലേക്ക് തിരിച്ചെത്തി. തിയേറ്ററില്‍ വിജയിക്കുന്ന സിനിമകള്‍ക്കും മികച്ച ഉള്ളടക്കങ്ങള്‍ക്കും മാത്രം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രാധാന്യം നല്‍കിയപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ലാഭം മാത്രം ലക്ഷ്യമിട്ട് പടയ്ക്കുന്ന നിലവാരം കുറഞ്ഞ സിനിമകളുടെ എണ്ണത്തിനും തെല്ല് അറുതിയായിട്ടുണ്ട്.


കാണികള്‍ ഒരിക്കലും സിനിമയില്‍ നിന്ന് അകന്നിരുന്നില്ല. സിനിമയാണ് അവരില്‍ നിന്ന് അകന്നത് എന്നാണ് ഇപ്പോഴത്തെ മലയാളത്തിലെ തിയേറ്റര്‍ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. എന്തെങ്കിലും പുതുമ സമ്മാനിക്കുന്നതാണെന്ന് തോന്നിയാല്‍ ആ സിനിമയെ പ്രേക്ഷകര്‍ കൈവിടാറില്ല. കാണികളെ ആകര്‍ഷിക്കും വിധമുള്ള സിനിമകളൊരുക്കി ഒടിടി, ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമായിരുന്നു കോവിഡാനന്തര ചലച്ചിത്ര വ്യവസായത്തിന് ഉണ്ടായിരുന്നത്. ബിഗ് ബജറ്റ്-പോപ്പുലര്‍ കാരക്ടര്‍ സിനിമകള്‍ നിര്‍മ്മിച്ചാണ് ലോകമെങ്ങുമുള്ള സിനിമാ വിപണി ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. സ്‌പൈഡര്‍മാന്‍, ജെയിംസ്‌ബോണ്ട്, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍, ജുറാസിക് വേള്‍ഡ്, അവതാര്‍ തുടങ്ങിയ ഫ്രാഞ്ചൈസികള്‍ തിയേറ്ററിലെത്തിച്ചാണ് ഹോളിവുഡ് മാന്ദ്യത്തെ മറികടന്നത്. ഇന്ത്യന്‍ സിനിമയും ഈ മാതൃകയാണ് തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍ അവലംബിച്ചത്. തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികള്‍ കുറേക്കൂടി വേഗത്തില്‍ വന്‍ ബജറ്റ് സിനിമകളിലൂടെ ഇതു നേടിയെടുത്തു. അല്പം വൈകി ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ 1000 കോടി കളക്ഷന്‍ നേട്ടത്തോടെ ബോളിവുഡും ദീര്‍ഘകാലം നീണ്ടുപോയ മാന്ദ്യത്തെ മറികടന്നു. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് താരതമ്യേന വലിയ മുതല്‍മുടക്കിലുള്ള സിനിമകള്‍ അത്രകണ്ട് ഫലപ്രദമല്ലാത്ത മലയാളത്തിന് കാണികളെ തിരികെയെത്തിക്കാന്‍ പിന്നെയും സമയമെടുത്തു. മികച്ച കണ്ടെന്റിലൂടെയും പുതുമയുള്ള ആവിഷ്‌കാരത്തിലൂടെയുമാണ് മലയാള സിനിമ കാണികളെ തിയേറ്ററിലേക്ക് തിരികെയെത്തിച്ചത്.  

കോവിഡിനു ശേഷമുള്ള കാലയളവില്‍ ഹിറ്റുകളുണ്ടായെങ്കിലും ദിവസങ്ങളോളം കാണികളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം സൂപ്പര്‍ ഹിറ്റാകുകയും ചെയ്യുന്നൊരു സിനിമയുണ്ടാകുന്നത് ജൂഡ് അന്റണി ജോസഫിന്റെ 2018 ലൂടെയാണ്. പുലിമുരുകനോ ലൂസിഫറോ പോലെ തിയേറ്ററുകളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും അതിവേഗം 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ സിനിമയ്ക്കായി. ഇതിന്റെ തുടര്‍ച്ചയാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ഈ വര്‍ഷം സാധ്യമാക്കിയത്. ഈ വര്‍ഷം തുടക്കം മുതല്‍ എല്ലാ മാസങ്ങളിലും തിയേറ്ററുകള്‍ നിരവധി ഹൗസ്ഫുള്‍ ഷോകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഗ്രാമ, നഗര ഭേദമില്ലാതെയാണ് സിനിമകള്‍ ഒരേസമയം സ്വീകരിക്കപ്പെട്ടത്. താരസാന്നിധ്യമില്ലാത്ത മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും പോലുള്ള സിനിമകള്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കൊണ്ടു തന്നെ മികച്ച അഭിപ്രായം കേള്‍പ്പിക്കുകയും ഈ മൗത്ത് പബ്ലിസിറ്റിയും സോഷ്യല്‍ മീഡിയാ പ്രചാരവും കൊണ്ട് വലിയ വിജയത്തിലേക്ക് നീങ്ങുകയുമാണുണ്ടായത്. ഇതര മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളിലൂടെയല്ലാതെ തന്നെ പ്രേക്ഷകര്‍ തിയേറ്ററിലെത്തിയതു കൊണ്ടു മാത്രം സിനിമകള്‍ സൂപ്പര്‍ഹിറ്റാകുന്നുവെന്ന ആശ്വാസമാണ് ഇതിലൂടെ തിയേറ്റര്‍ ഉടമകള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വ്യവസായത്തിനും ഉണ്ടാകുന്നത്. സിനിമയുടെ തിയേറ്റര്‍ വിജയത്തിനു ശേഷം ഒടിടി കച്ചവടം ഉറപ്പിക്കുന്ന രീതിയിലേക്ക് ഒടിടി കമ്പനികള്‍ മാറിയതോടെ വിജയം നേടിയ ഈ സിനിമകള്‍ക്ക് ഒടിടിയിലും മികച്ച വരുമാനം ഉറപ്പിക്കാനായി. 


പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്താതായപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെയും സോഷ്യല്‍ മീഡിയയെയും യുട്യൂബേഴ്‌സിനെയുമെല്ലാം പ്രതിപക്ഷത്ത് നിര്‍ത്താനുള്ള ശ്രമം പലപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ മികച്ച സിനിമകള്‍ എത്തുമ്പോള്‍ കാണികള്‍ തിയേറ്റരിലെത്തി സിനിമ കാണാന്‍ തന്നെയാണ് ഇപ്പോഴും താത്പര്യപ്പെടുന്നത് എന്ന് മലയാളത്തിലെ ഈ വര്‍ഷത്തെ തുടര്‍വിജയങ്ങള്‍ സൂചിപ്പിക്കുന്നു. തമിഴ് സിനിമയ്ക്ക് ഈ വര്‍ഷം വലിയ വിജയങ്ങള്‍ നേടാനാകാത്തതും ഗുണം ചെയ്തത് മലയാളത്തിനാണ്. മലയാളത്തിലെ ഹിറ്റ് സിനിമകള്‍ കാണാന്‍ ഇതോടെ അവര്‍ തയ്യാറായി. മറ്റ് ഭാഷകളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. താരതമ്യേന മലയാളം സിനിമകള്‍ കുറവ് കാണാറുള്ള കന്നട, തെലുങ്ക് പ്രേക്ഷകര്‍ മലയാളത്തിലെ ഇക്കൊല്ലത്തെ ഹിറ്റ് സിനിമകള്‍ പലതും തിയേറ്ററില്‍ കാണാന്‍ തയ്യാറായി. ഭാഷയ്ക്കപ്പുറത്തെ ആസ്വാദനം സാധ്യമാക്കുന്നുവെന്നതാണ് ഈ വിജയ സിനിമകളില്‍ പൊതുവായി കാണാവുന്ന വസ്തുത. 

തങ്ങളുടെ ആസ്വാദനക്ഷമതയെ വിരസമാകാതെ പരിഗണിക്കുകയും, പുതുമയും മികച്ച ദൃശ്യാനുഭവങ്ങളും സമ്മാനിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ ഒടിടി, ടെലിവിഷന്‍ സ്ട്രീമിംഗിനു വേണ്ടി കാത്തിരിക്കില്ല. അവര്‍ തിയേറ്ററിലെത്തും. ഇപ്പോഴത്തെ പ്രവണത നിലനിര്‍ത്തി നല്ല സിനിമകള്‍ തുടര്‍ച്ചയായി നല്‍കാനായല്‍ മലയാള സിനിമ ഇനിയും മുന്നോട്ടുപോകും.

https://www.mathrubhumi.com/movies-music/columns/malayalam-cinema-come-back-2024-releases-makes-audience-return-to-theatres-1.9584406

മാതൃഭൂമി ഓണ്‍ലൈന്‍, 2024 മേയ് 25, ഷോ റീല്‍ -52

Tuesday, 4 June 2024

വേനല്‍ച്ചൂടില്‍ വെന്തുരുകി നാടും നഗരവും


നാളിതുവരെ കാണാത്ത അത്യുഷ്ണത്തില്‍ വലയുകയാണ് നാടും നഗരവും. നാല്‍പത് ഡിഗ്രിയും കടന്നുപോകുന്ന താപനിലയും അന്തരീക്ഷത്തില്‍ അധികമായുള്ള ഈര്‍പ്പത്തിന്റെ സാന്നിധ്യവും വേനല്‍ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലമുള്ള മാറ്റങ്ങള്‍ ലോകമെങ്ങും പ്രത്യക്ഷമായിക്കഴിഞ്ഞു. കേരളത്തില്‍ ഈ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിനു പിന്നിലും ഇതിന്റെ പ്രത്യക്ഷങ്ങളായ ലക്ഷണങ്ങളുണ്ട്. മുമ്പെങ്ങും വേനല്‍ക്കാലത്ത് ഇല്ലാത്ത വിധം കഠിനമായ ചൂടില്‍ വെന്തുരുകുകയാണ് കേരളം. ആവശ്യത്തിന് വെയിലും മഴയുമെല്ലാം ലഭിക്കുന്ന സുഖദമായ കാലാവസ്ഥയുള്ള പ്രദേശം എന്ന വിശേഷണം കേരളത്തിന് കൈമോശം വരുന്ന പ്രതീതിയാണ് ഈ വേനല്‍ക്കാലത്ത് നിലനില്‍ക്കുന്നത്. എല്ലാ ജില്ലകളിലും ചൂട് മുന്‍വര്‍ഷങ്ങളേക്കാള്‍ അധികരിച്ചു. ഇക്കുറി പതിവിനേക്കാള്‍ നേരത്തെ ആയിരുന്നു വേനലിന്റെ ആരംഭം. ജനുവരി മാസത്തില്‍ അത്യുഷ്ണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഫെബ്രുവരിയില്‍ ചൂട് കനത്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റെക്കോര്‍ഡ് ചൂടിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മേയ് മാസം ആരംഭിച്ചപ്പോഴും സ്ഥിതിയില്‍ മാറ്റമില്ല. ചില ജില്ലകളില്‍ ഇടയ്ക്ക് വേനല്‍മഴ ലഭിച്ചെങ്കിലും ചൂടിന്റെ തോതില്‍ മാറ്റമുണ്ടായില്ല.

മേയ് ആറാം തിയതി വരെ സംസ്ഥാനത്ത് കനത്ത ചൂട് ആയിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും ഉഷ്ണതരംഗ സാധ്യത തുടരുകയാണ്. 


123 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാം. ഇടുക്കി, വയനാട് ജില്ലകളില്‍ 34 ഡിഗ്രയിലേക്ക് ചൂട് ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഇത് മലയോര ജില്ലകളിലേക്കുള്ള വേനലവധിക്കാല യാത്രകളെയും ബാധിച്ചേക്കും.

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ഈ സമയം പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. ജനങ്ങള്‍ വേണ്ടത്ര ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ ഈ സമയത്ത് സാധ്യത കൂടുതലാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന അത്രയും ഗുരുതരമായ അവസ്ഥയാണ്. കേരളത്തില്‍ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.

കനത്ത ചൂട് തുടരുന്നതിനാല്‍ സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആണ് നിര്‍ദേശം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകള്‍ക്കും നിയന്ത്രണമുണ്ട്. 11 മണി മുതല്‍ മൂന്നുമണി വരെ ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും.  കലാകായിക മല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പോലീസ്, എസ് പി സി, എന്‍ സി സി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ടെന്നും നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നു. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. 


വേനലില്‍ നിന്ന് രക്ഷനേടി ഏപ്രില്‍-മെയ് മാസങ്ങളില്‍ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന പതിവ് കേരളം ഉള്‍പ്പെടയുള്ള പ്രദേളങ്ങളിലുണ്ട്. എന്നാല്‍ ഇത്തരം യാത്രകളെയും ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ വേനലവധിക്കാലത്ത് പ്രധാനമായും പോകാറുള്ള തമിഴ് നാട്ടിലെ ഊട്ടിയും കൊടൈക്കനാലും പോലുള്ള സ്ഥലങ്ങളിലെ താപനിലയും ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഊട്ടിയില്‍ രേഖപ്പെടുത്തിയത് 29 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയില്‍ 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയര്‍ന്ന താപനില. കൊടൈക്കനാലില്‍ തിങ്കളാഴ്ചത്തെ താപനില 26 കടന്നു. സാധാരണ ഈ കാലയളവില്‍ ഊട്ടിയില്‍ 20 മുതല്‍ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ പതിവിലും ചൂട് കൂടി. എന്നാല്‍ രാത്രി 12 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇത് സഞ്ചാരികള്‍ക്ക് ആശ്വാസം പകരുന്നതാണ്. 

കേരളത്തിനു പുറമേ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും കൊടും ചൂടിന്റെ പിടിയിലാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് അനുഭവപ്പെടുക കടുത്ത ചൂട് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളിലായിരിക്കും ചൂട് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്നനിരക്കില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പരമാവധി താപനിലയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

സമതലങ്ങളിലെ മിക്ക ഭാഗങ്ങളിലും സാധാരണ ചൂടിനേക്കാള്‍ താപനിലയുള്ള കൂടുതല്‍ ദിവസങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 മുതല്‍ 20 ദിവസം വരെ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്. സാധാരണ ഇത് നാലുമുതല്‍ എട്ട് ദിവസം വരെയാണ് ഉണ്ടാകാറ്. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടുന്നത്.

ഏപ്രിലില്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലാണ് കൂടുതല്‍ ഉഷണതരംഗം റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഏപ്രിലില്‍ പരമാവധി താപനിലയാണ് ഉണ്ടായത്.

ഇന്ത്യയുടെ മധ്യ ഭാഗങ്ങളിലെയും വടക്കന്‍ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ എട്ട് ദിവസം വരെ ഉഷ്ണ തരംഗത്തിന് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര കര്‍ണാടക, ഒഡിഷ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഏപ്രിലില്‍ ഉഷ്ണതരംഗത്തിന്റെ ആഘാതം കനത്ത തോതില്‍ അനുഭവപ്പെട്ടു. മേയ് മാസത്തിന്റെ തുടക്കത്തിലും സ്ഥിതിഗതികള്‍ അതേപടി തുടരുന്നതായാണ് സൂചനകള്‍.

ഇന്ത്യക്കു പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും വിയറ്റ്‌നാം, തായ്‌ലാന്റ്, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍ തുടങ്ങിയ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കനത്ത ചൂടിന്റെ പിടിയിലാണ്. വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള മേഖലകളെയും ഉഷ്ണതരംഗം ബാധിച്ചിട്ടുണ്ട്.

ചൂടിനെ ചെറുക്കാന്‍ പരമാവധി ശുദ്ധജലം കുടിക്കുകയും ബന്ധപ്പെട്ട അധികൃതരുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക എന്നതു തന്നെയാണ് പ്രാഥമികമായി ചെയ്യേണ്ടത്. കഠിനമായ വേനലില്‍ വിലപ്പെട്ട ജലം പാഴാക്കാതെ ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

https://www.youtube.com/watch?v=qBa476squEo

ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 മേയ് 3

Sunday, 2 June 2024

ദൊമ്മരാജു ഗുകേഷ്.. ഇന്ത്യന്‍ ചെസിലെ പുതു വിസ്മയം


കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം കുറിച്ച് ഇന്ത്യയുടെ പതിനേഴുകാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് പുതുചരിത്രം കുറിച്ചിരിക്കുകയാണ്. കാനഡയിലെ ടൊറോന്റോയില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ ഹികാരു നകാമുറയ്ക്കെതിരായ മത്സരത്തില്‍ അവസാന റൗണ്ട് സമനിലയില്‍ പിരിഞ്ഞതോടെ ഗുകേഷ് 14 പോയിന്റില്‍ ഒന്‍പതും നേടുകയായിരുന്നു. റഷ്യയുടെ ഇയാന്‍ നെപോം നിയാച്ചിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കാര്യങ്ങള്‍ ഗുകേഷിന് അനുകൂലമായത്. 

നിലവിലുള്ള ലോകചാമ്പ്യനെ നേരിടുന്നതിന് അര്‍ഹത നേടാന്‍ മറ്റു പ്രമുഖ താരങ്ങള്‍ മത്സരിക്കുന്നതാണ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ്. അതില്‍ വമ്പന്‍മാരെയെല്ലാം മറികടന്ന് ഗുകേഷ് വിജയം നേടിയത് വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കെല്ലാം അപ്പുറമുള്ള പ്രകടനത്തിലൂടെ ആയിരുന്നു. 17 വയസ്സും 10 മാസവും 25 ദിവസവുമായിരുന്നു കാന്‍ഡിഡേറ്റ്‌സ് വിജയി ആയപ്പോഴത്തെ ഗുകേഷിന്റെ പ്രായം. 20 -ാം വയസ്സില്‍ കാന്‍ഡിഡേറ്റ്‌സ് ജേതാവായ റഷ്യന്‍ താരം ഗാരി കാസ്പറോവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് ഗുകേഷ് തിരുത്തിയത്. അഞ്ചു വട്ടം ലോക ചാമ്പ്യനായിട്ടുള്ള വിശ്വനാഥന്‍ ആനന്ദിനു ശേഷം കാന്‍ഡിഡേറ്റ്‌സ് ചെസ് ജേതാവാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. 2014 ലാണ് ആനന്ദ് ഒടുവില്‍ കാന്‍ഡിഡേറ്റ്‌സ് ജയിച്ചത്. 


കാന്‍ഡിഡേറ്റ്‌സില്‍ വിജയി ആയതിനൊപ്പം ഈ വര്‍ഷം നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ നേരിടാനുള്ള യോഗ്യതയാണ് ഗുകേഷിനെ തേടി എത്തിയിട്ടുള്ളത്. ലിറനുമായി നേരിട്ടുള്ള പോരാട്ടം കൂടി ജയിച്ചാല്‍ ഈ പതിനേഴുകാരന്‍ ലോക ചെസിന്റെ നെറുകയിലേക്കു കയറും. മാഗ്‌നസ് കാള്‍സനും ഗാരി കാസ്പറോവും ഇരുപത്തിരണ്ടാം വയസില്‍ ലോക ചാമ്പ്യന്‍മാരായിട്ടുണ്ട്. ആ ചരിത്രം ഇന്ത്യന്‍ താരത്തിന്റെ കരുനീക്കങ്ങളില്‍ തിരുത്തപ്പെട്ടാല്‍ അത് ചെസ് ലോകത്തെ അമ്പരപ്പിക്കുന്ന സംഭവമാകും. രണ്ട് ഏഷ്യന്‍ താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് എന്ന പ്രത്യേകതയും ഗുകേഷ്- ലിറന്‍ പോരാട്ടത്തിനുണ്ടാവും.

കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ വിജയിയെ തീരുമാനിച്ച പതിനാലു റൗണ്ട് നീണ്ടുനിന്ന മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഹികാരു നകമുറയെ സമനിലയില്‍ തളച്ചതോടെയാണ് ഒമ്പതു പോയിന്റോടെ ഗുകേഷിന് കാന്‍ഡിഡേറ്റ്സ് കിരീടം ഉറപ്പായത്. ഒരവസരത്തില്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇയാന്‍ നിപ്പോം നിയാഷിക്കൊപ്പം പോയിന്റ് പട്ടികയില്‍ മുന്നിലായിരുന്ന ഗുകേഷ് 8.5 പോയിന്റോടെ ഒറ്റയ്ക്ക് ലീഡെടുത്തത് പതിമൂന്നാം റൗണ്ടില്‍ ഫ്രഞ്ച് ചെസ് മാസ്റ്റര്‍ അലിറേസ ഫിറോസയെ തോല്‍പ്പിച്ചപ്പോഴാണ്. അതിനു മുന്‍പ് ഏഴാം റൗണ്ടില്‍ അലിറേസയോട് ഗുകേഷ് തോറ്റിരുന്നു. ഈ തോല്‍വിയില്‍ തളരാതെ പിന്നീടുള്ള മത്സരങ്ങളെ ആത്മവിശ്വാസത്തോടെ സമീപിച്ചാണ് ഗുകേഷ് അന്തിമ വിജയത്തില്‍ എത്തിയത്.


ഇഎന്‍ടി സര്‍ജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകനായി 2006 മേയ് 29ന് ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. സ്‌കൂളിലെ ചെസ് പരിശീലകനായ ഭാസ്‌കറാണ് ഗുകേഷിലെ ചെസ് മികവ് ആദ്യം കണ്ടെത്തിയത്. കളി പഠിച്ചു തുടങ്ങി ആറാം മാസത്തില്‍ തന്നെ ഫിഡെ റേറ്റിങ്ങുള്ള താരമായി വളര്‍ന്നു എന്നത് ഗുകേഷിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി. ഏഴാം വയസില്‍ ചെസ് കളിച്ചു തുടങ്ങിയ ഗുകേഷ് ഒന്‍പത് വയസ്സിന് താഴെ പ്രായമുള്ളവരുടെ ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

2018 ഗുകേഷിന്റെ കരിയറില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വര്‍ഷമായിരുന്നു. 12 വയസ്സിന് താഴെയുള്ളവരുടെ വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് ഗുകേഷ് ആ വര്‍ഷം സ്വന്തമാക്കി. ഇതിന് പുറമെ 12 വയസ്സില്‍ താഴെയുള്ളവരുടെ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്സില്‍ അഞ്ച് സ്വര്‍ണമെഡലുകളും ഗുകേഷ് നേടി. വ്യക്തിഗത റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ്, ടീം റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ്, വ്യക്തിഗത ക്ലാസിക്കല്‍ വിഭാഗങ്ങളില്‍ ആയിരുന്നു ഈ നേട്ടം. 2019 ല്‍ തന്റെ പന്ത്രണ്ടാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചരിത്രനേട്ടം ഗുകേഷ് സ്വന്തമാക്കി. ഡല്‍ഹി ഇന്റര്‍നാഷണല്‍ ചെസ്മീറ്റില്‍ വെച്ചായിരുന്നു ഈ നേട്ടം.


2022 ജൂലൈ 16 ന് ബിയല്‍ ചെസ് ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ക്വാങ് ലിയമിനെ തോല്‍പ്പിച്ചുകൊണ്ട് ഗുകേഷ് ചെസിലെ വന്‍ കടമ്പയായി വിശേഷിപ്പിക്കപ്പെടുന്ന 2700 ഇലോ റേറ്റിങ് മറികടന്നു. 2022 സെപ്റ്റംബറില്‍ 2726 എന്ന റേറ്റിംഗ് ഗുകേഷ് മറികടന്നു. വെയ് യിക്കും അലിരേസ ഫിറൂസയ്ക്കും ശേഷം ഈ റേറ്റിംഗ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഇതോടെ ഗുകേഷിന്റെ പേരിലായി. എയിം ചെസ് റാപിഡ് ടൂര്‍ണമെന്റില്‍ മാഗ്‌നസ് കാള്‍സണെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും ഗുകേഷ് കരസ്ഥമാക്കിയിട്ടുണ്ട്. 2023 ല്‍ 2750 എന്ന റേറ്റിംഗ് മറികടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടത്തിലെത്തിയ ഗുകേഷ് 2023 ലെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയെങ്കിലും കാള്‍സണനോട് പരാജയപ്പെട്ടു.

വിശ്വനാഥന്‍ ആനന്ദിന്റെ വെസ്റ്റ് ബ്രിഡ്ജ് അക്കാഡമിയുടെ അഭിമാനമായി വളര്‍ന്ന ഗുകേഷ് ലോക, ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പുകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2022 ലെ ചെന്നൈ ചെസ് ഒളിമ്പ്യാഡില്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടുകയും ഇന്ത്യയെ വെങ്കല മെഡലിലേക്കു നയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിക്കൊടുത്തതിലും ഗുകേഷിന്റെ കരങ്ങളുണ്ട്.


വിശ്വനാഥന്‍ ആനന്ദ് എല്ലാവര്‍ക്കും പ്രചോദനമാണെന്നും തന്റെ കരിയറില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഗുകേഷ് പറഞ്ഞു. 5 തവണ ലോക ചെസ് ചാമ്പ്യനായിട്ടുള്ള നോര്‍വേ താരം മാഗ്നസ് കാള്‍സണ്‍ ആണ് ഗുകേഷിനെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കളിക്കാരന്‍. ലോക കായികരംഗത്ത് ഏറ്റവും മികച്ച മനോഭാവം കൈമുതലായിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് മാഗ്നസ് കാള്‍സണ്‍ എന്നാണ് ഗുകേഷിന്റെ വിലയിരുത്തല്‍. കാന്‍ഡിഡേറ്റ്‌സ് വിജയത്തില്‍ റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അഭിനന്ദിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഗുകേഷ് പറയുന്നു. സമ്മര്‍ദ്ദ നിമിഷങ്ങളെ നേരിടാന്‍ ഗുകേഷ് മാതൃകയാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിങ് ധോണിയെയും ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെയുമാണ്.

'പ്രായം കടന്ന പക്വതയും കരുനിലയെ അപഗ്രഥിക്കാനുള്ള സവിശേഷമായ കഴിവും ഗുകേഷിനുണ്ട്. ക്ലാസിക്കല്‍ ചെസില്‍ എനിക്കു മുന്‍തൂക്കമുണ്ടെന്നു ഞാന്‍ കരുതുന്നുണ്ടെങ്കിലും കളിക്കാന്‍ വളരെ പ്രയാസമുള്ള എതിരാളിയാണ് ഗുകേഷ്' നിലവിലെ ലോക ചെസ് ചാമ്പ്യനായ ഡിങ് ലിറന്‍, ഗുകേഷ് കാന്‍ഡിഡേറ്റ്‌സ് ജേതാവായതിനു ശേഷം പറഞ്ഞ അഭിപ്രായമാണിത്. എതിരാളിയില്‍ നിന്നുള്ള ബഹുമാനസൂചകമായ ഇൗ വാക്കുകള്‍ തന്നെയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഗുകേഷിന് ലഭിക്കാവുന്ന മികച്ച അംഗീകാരം.

ലോക ചെസില്‍ ഇന്ത്യയുടെ സുപ്രധാന സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് പുതിയ തലമുറ. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ നേട്ടങ്ങള്‍ ഈ തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. ചെസിലെ ലോകകപ്പ് നേടാനുള്ള രമേഷ് ബാബു പ്രജ്ഞാനന്ദയുടെ കുതിപ്പ് ഫൈനലിലെ ടൈബ്രേക്കര്‍ വരെ എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ലോക ചെസിലെ ഒന്നാം നമ്പറുകാരനായ മാഗ്‌നസ് കാള്‍സണോട് നന്നായി പൊരുതിയാണ് പതിനെട്ടുകാരനായ പ്രജ്ഞാനന്ദ അന്നു കീഴടങ്ങിയത്. ഇതിനു പിന്നാലെയാണ് ഗുകേഷ് എന്ന കൗമാരക്കാരനിലൂടെ രാജ്യത്തിന്റെ ചെസ് പാരമ്പര്യം വീണ്ടും കരുത്ത് കാട്ടുന്നത്.

https://www.youtube.com/watch?v=NQTFdt-eqs4

ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 ഏപ്രില്‍ 29