നാളിതുവരെ കാണാത്ത അത്യുഷ്ണത്തില്‍ വലയുകയാണ് നാടും നഗരവും. നാല്‍പത് ഡിഗ്രിയും കടന്നുപോകുന്ന താപനിലയും അന്തരീക്ഷത്തില്‍ അധികമായുള്ള ഈര്‍പ്പത്തിന്റെ സാന്നിധ്യവും വേനല്‍ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലമുള്ള മാറ്റങ്ങള്‍ ലോകമെങ്ങും പ്രത്യക്ഷമായിക്കഴിഞ്ഞു. കേരളത്തില്‍ ഈ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിനു പിന്നിലും ഇതിന്റെ പ്രത്യക്ഷങ്ങളായ ലക്ഷണങ്ങളുണ്ട്. മുമ്പെങ്ങും വേനല്‍ക്കാലത്ത് ഇല്ലാത്ത വിധം കഠിനമായ ചൂടില്‍ വെന്തുരുകുകയാണ് കേരളം. ആവശ്യത്തിന് വെയിലും മഴയുമെല്ലാം ലഭിക്കുന്ന സുഖദമായ കാലാവസ്ഥയുള്ള പ്രദേശം എന്ന വിശേഷണം കേരളത്തിന് കൈമോശം വരുന്ന പ്രതീതിയാണ് ഈ വേനല്‍ക്കാലത്ത് നിലനില്‍ക്കുന്നത്. എല്ലാ ജില്ലകളിലും ചൂട് മുന്‍വര്‍ഷങ്ങളേക്കാള്‍ അധികരിച്ചു. ഇക്കുറി പതിവിനേക്കാള്‍ നേരത്തെ ആയിരുന്നു വേനലിന്റെ ആരംഭം. ജനുവരി മാസത്തില്‍ അത്യുഷ്ണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഫെബ്രുവരിയില്‍ ചൂട് കനത്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റെക്കോര്‍ഡ് ചൂടിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മേയ് മാസം ആരംഭിച്ചപ്പോഴും സ്ഥിതിയില്‍ മാറ്റമില്ല. ചില ജില്ലകളില്‍ ഇടയ്ക്ക് വേനല്‍മഴ ലഭിച്ചെങ്കിലും ചൂടിന്റെ തോതില്‍ മാറ്റമുണ്ടായില്ല.
മേയ് ആറാം തിയതി വരെ സംസ്ഥാനത്ത് കനത്ത ചൂട് ആയിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും ഉഷ്ണതരംഗ സാധ്യത തുടരുകയാണ്.
123 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാം. ഇടുക്കി, വയനാട് ജില്ലകളില്‍ 34 ഡിഗ്രയിലേക്ക് ചൂട് ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഇത് മലയോര ജില്ലകളിലേക്കുള്ള വേനലവധിക്കാല യാത്രകളെയും ബാധിച്ചേക്കും.
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ഈ സമയം പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. ജനങ്ങള്‍ വേണ്ടത്ര ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ ഈ സമയത്ത് സാധ്യത കൂടുതലാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന അത്രയും ഗുരുതരമായ അവസ്ഥയാണ്. കേരളത്തില്‍ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.
കനത്ത ചൂട് തുടരുന്നതിനാല്‍ സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആണ് നിര്‍ദേശം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകള്‍ക്കും നിയന്ത്രണമുണ്ട്. 11 മണി മുതല്‍ മൂന്നുമണി വരെ ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. കലാകായിക മല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പോലീസ്, എസ് പി സി, എന്‍ സി സി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ടെന്നും നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നു. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്.
വേനലില്‍ നിന്ന് രക്ഷനേടി ഏപ്രില്‍-മെയ് മാസങ്ങളില്‍ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന പതിവ് കേരളം ഉള്‍പ്പെടയുള്ള പ്രദേളങ്ങളിലുണ്ട്. എന്നാല്‍ ഇത്തരം യാത്രകളെയും ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ വേനലവധിക്കാലത്ത് പ്രധാനമായും പോകാറുള്ള തമിഴ് നാട്ടിലെ ഊട്ടിയും കൊടൈക്കനാലും പോലുള്ള സ്ഥലങ്ങളിലെ താപനിലയും ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഊട്ടിയില്‍ രേഖപ്പെടുത്തിയത് 29 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയില്‍ 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയര്‍ന്ന താപനില. കൊടൈക്കനാലില്‍ തിങ്കളാഴ്ചത്തെ താപനില 26 കടന്നു. സാധാരണ ഈ കാലയളവില്‍ ഊട്ടിയില്‍ 20 മുതല്‍ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ പതിവിലും ചൂട് കൂടി. എന്നാല്‍ രാത്രി 12 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇത് സഞ്ചാരികള്‍ക്ക് ആശ്വാസം പകരുന്നതാണ്.
കേരളത്തിനു പുറമേ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും കൊടും ചൂടിന്റെ പിടിയിലാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് അനുഭവപ്പെടുക കടുത്ത ചൂട് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളിലായിരിക്കും ചൂട് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്നനിരക്കില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പരമാവധി താപനിലയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
സമതലങ്ങളിലെ മിക്ക ഭാഗങ്ങളിലും സാധാരണ ചൂടിനേക്കാള്‍ താപനിലയുള്ള കൂടുതല്‍ ദിവസങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 മുതല്‍ 20 ദിവസം വരെ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്. സാധാരണ ഇത് നാലുമുതല്‍ എട്ട് ദിവസം വരെയാണ് ഉണ്ടാകാറ്. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടുന്നത്.
ഏപ്രിലില്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലാണ് കൂടുതല്‍ ഉഷണതരംഗം റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഏപ്രിലില്‍ പരമാവധി താപനിലയാണ് ഉണ്ടായത്.
ഇന്ത്യയുടെ മധ്യ ഭാഗങ്ങളിലെയും വടക്കന്‍ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ എട്ട് ദിവസം വരെ ഉഷ്ണ തരംഗത്തിന് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര കര്‍ണാടക, ഒഡിഷ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഏപ്രിലില്‍ ഉഷ്ണതരംഗത്തിന്റെ ആഘാതം കനത്ത തോതില്‍ അനുഭവപ്പെട്ടു. മേയ് മാസത്തിന്റെ തുടക്കത്തിലും സ്ഥിതിഗതികള്‍ അതേപടി തുടരുന്നതായാണ് സൂചനകള്‍.
ഇന്ത്യക്കു പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും വിയറ്റ്‌നാം, തായ്‌ലാന്റ്, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍ തുടങ്ങിയ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കനത്ത ചൂടിന്റെ പിടിയിലാണ്. വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള മേഖലകളെയും ഉഷ്ണതരംഗം ബാധിച്ചിട്ടുണ്ട്.
ചൂടിനെ ചെറുക്കാന്‍ പരമാവധി ശുദ്ധജലം കുടിക്കുകയും ബന്ധപ്പെട്ട അധികൃതരുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക എന്നതു തന്നെയാണ് പ്രാഥമികമായി ചെയ്യേണ്ടത്. കഠിനമായ വേനലില്‍ വിലപ്പെട്ട ജലം പാഴാക്കാതെ ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
https://www.youtube.com/watch?v=qBa476squEo
ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 മേയ് 3
No comments:
Post a Comment