കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം കുറിച്ച് ഇന്ത്യയുടെ പതിനേഴുകാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് പുതുചരിത്രം കുറിച്ചിരിക്കുകയാണ്. കാനഡയിലെ ടൊറോന്റോയില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ ഹികാരു നകാമുറയ്ക്കെതിരായ മത്സരത്തില്‍ അവസാന റൗണ്ട് സമനിലയില്‍ പിരിഞ്ഞതോടെ ഗുകേഷ് 14 പോയിന്റില്‍ ഒന്‍പതും നേടുകയായിരുന്നു. റഷ്യയുടെ ഇയാന്‍ നെപോം നിയാച്ചിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കാര്യങ്ങള്‍ ഗുകേഷിന് അനുകൂലമായത്.
നിലവിലുള്ള ലോകചാമ്പ്യനെ നേരിടുന്നതിന് അര്‍ഹത നേടാന്‍ മറ്റു പ്രമുഖ താരങ്ങള്‍ മത്സരിക്കുന്നതാണ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ്. അതില്‍ വമ്പന്‍മാരെയെല്ലാം മറികടന്ന് ഗുകേഷ് വിജയം നേടിയത് വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കെല്ലാം അപ്പുറമുള്ള പ്രകടനത്തിലൂടെ ആയിരുന്നു. 17 വയസ്സും 10 മാസവും 25 ദിവസവുമായിരുന്നു കാന്‍ഡിഡേറ്റ്‌സ് വിജയി ആയപ്പോഴത്തെ ഗുകേഷിന്റെ പ്രായം. 20 -ാം വയസ്സില്‍ കാന്‍ഡിഡേറ്റ്‌സ് ജേതാവായ റഷ്യന്‍ താരം ഗാരി കാസ്പറോവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് ഗുകേഷ് തിരുത്തിയത്. അഞ്ചു വട്ടം ലോക ചാമ്പ്യനായിട്ടുള്ള വിശ്വനാഥന്‍ ആനന്ദിനു ശേഷം കാന്‍ഡിഡേറ്റ്‌സ് ചെസ് ജേതാവാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. 2014 ലാണ് ആനന്ദ് ഒടുവില്‍ കാന്‍ഡിഡേറ്റ്‌സ് ജയിച്ചത്.
കാന്‍ഡിഡേറ്റ്‌സില്‍ വിജയി ആയതിനൊപ്പം ഈ വര്‍ഷം നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ നേരിടാനുള്ള യോഗ്യതയാണ് ഗുകേഷിനെ തേടി എത്തിയിട്ടുള്ളത്. ലിറനുമായി നേരിട്ടുള്ള പോരാട്ടം കൂടി ജയിച്ചാല്‍ ഈ പതിനേഴുകാരന്‍ ലോക ചെസിന്റെ നെറുകയിലേക്കു കയറും. മാഗ്‌നസ് കാള്‍സനും ഗാരി കാസ്പറോവും ഇരുപത്തിരണ്ടാം വയസില്‍ ലോക ചാമ്പ്യന്‍മാരായിട്ടുണ്ട്. ആ ചരിത്രം ഇന്ത്യന്‍ താരത്തിന്റെ കരുനീക്കങ്ങളില്‍ തിരുത്തപ്പെട്ടാല്‍ അത് ചെസ് ലോകത്തെ അമ്പരപ്പിക്കുന്ന സംഭവമാകും. രണ്ട് ഏഷ്യന്‍ താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് എന്ന പ്രത്യേകതയും ഗുകേഷ്- ലിറന്‍ പോരാട്ടത്തിനുണ്ടാവും.
കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ വിജയിയെ തീരുമാനിച്ച പതിനാലു റൗണ്ട് നീണ്ടുനിന്ന മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഹികാരു നകമുറയെ സമനിലയില്‍ തളച്ചതോടെയാണ് ഒമ്പതു പോയിന്റോടെ ഗുകേഷിന് കാന്‍ഡിഡേറ്റ്സ് കിരീടം ഉറപ്പായത്. ഒരവസരത്തില്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇയാന്‍ നിപ്പോം നിയാഷിക്കൊപ്പം പോയിന്റ് പട്ടികയില്‍ മുന്നിലായിരുന്ന ഗുകേഷ് 8.5 പോയിന്റോടെ ഒറ്റയ്ക്ക് ലീഡെടുത്തത് പതിമൂന്നാം റൗണ്ടില്‍ ഫ്രഞ്ച് ചെസ് മാസ്റ്റര്‍ അലിറേസ ഫിറോസയെ തോല്‍പ്പിച്ചപ്പോഴാണ്. അതിനു മുന്‍പ് ഏഴാം റൗണ്ടില്‍ അലിറേസയോട് ഗുകേഷ് തോറ്റിരുന്നു. ഈ തോല്‍വിയില്‍ തളരാതെ പിന്നീടുള്ള മത്സരങ്ങളെ ആത്മവിശ്വാസത്തോടെ സമീപിച്ചാണ് ഗുകേഷ് അന്തിമ വിജയത്തില്‍ എത്തിയത്.
ഇഎന്‍ടി സര്‍ജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകനായി 2006 മേയ് 29ന് ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. സ്‌കൂളിലെ ചെസ് പരിശീലകനായ ഭാസ്‌കറാണ് ഗുകേഷിലെ ചെസ് മികവ് ആദ്യം കണ്ടെത്തിയത്. കളി പഠിച്ചു തുടങ്ങി ആറാം മാസത്തില്‍ തന്നെ ഫിഡെ റേറ്റിങ്ങുള്ള താരമായി വളര്‍ന്നു എന്നത് ഗുകേഷിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി. ഏഴാം വയസില്‍ ചെസ് കളിച്ചു തുടങ്ങിയ ഗുകേഷ് ഒന്‍പത് വയസ്സിന് താഴെ പ്രായമുള്ളവരുടെ ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
2018 ഗുകേഷിന്റെ കരിയറില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വര്‍ഷമായിരുന്നു. 12 വയസ്സിന് താഴെയുള്ളവരുടെ വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് ഗുകേഷ് ആ വര്‍ഷം സ്വന്തമാക്കി. ഇതിന് പുറമെ 12 വയസ്സില്‍ താഴെയുള്ളവരുടെ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്സില്‍ അഞ്ച് സ്വര്‍ണമെഡലുകളും ഗുകേഷ് നേടി. വ്യക്തിഗത റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ്, ടീം റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ്, വ്യക്തിഗത ക്ലാസിക്കല്‍ വിഭാഗങ്ങളില്‍ ആയിരുന്നു ഈ നേട്ടം. 2019 ല്‍ തന്റെ പന്ത്രണ്ടാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചരിത്രനേട്ടം ഗുകേഷ് സ്വന്തമാക്കി. ഡല്‍ഹി ഇന്റര്‍നാഷണല്‍ ചെസ്മീറ്റില്‍ വെച്ചായിരുന്നു ഈ നേട്ടം.
2022 ജൂലൈ 16 ന് ബിയല്‍ ചെസ് ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ക്വാങ് ലിയമിനെ തോല്‍പ്പിച്ചുകൊണ്ട് ഗുകേഷ് ചെസിലെ വന്‍ കടമ്പയായി വിശേഷിപ്പിക്കപ്പെടുന്ന 2700 ഇലോ റേറ്റിങ് മറികടന്നു. 2022 സെപ്റ്റംബറില്‍ 2726 എന്ന റേറ്റിംഗ് ഗുകേഷ് മറികടന്നു. വെയ് യിക്കും അലിരേസ ഫിറൂസയ്ക്കും ശേഷം ഈ റേറ്റിംഗ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഇതോടെ ഗുകേഷിന്റെ പേരിലായി. എയിം ചെസ് റാപിഡ് ടൂര്‍ണമെന്റില്‍ മാഗ്‌നസ് കാള്‍സണെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും ഗുകേഷ് കരസ്ഥമാക്കിയിട്ടുണ്ട്. 2023 ല്‍ 2750 എന്ന റേറ്റിംഗ് മറികടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടത്തിലെത്തിയ ഗുകേഷ് 2023 ലെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയെങ്കിലും കാള്‍സണനോട് പരാജയപ്പെട്ടു.
വിശ്വനാഥന്‍ ആനന്ദിന്റെ വെസ്റ്റ് ബ്രിഡ്ജ് അക്കാഡമിയുടെ അഭിമാനമായി വളര്‍ന്ന ഗുകേഷ് ലോക, ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പുകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2022 ലെ ചെന്നൈ ചെസ് ഒളിമ്പ്യാഡില്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടുകയും ഇന്ത്യയെ വെങ്കല മെഡലിലേക്കു നയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിക്കൊടുത്തതിലും ഗുകേഷിന്റെ കരങ്ങളുണ്ട്.
വിശ്വനാഥന്‍ ആനന്ദ് എല്ലാവര്‍ക്കും പ്രചോദനമാണെന്നും തന്റെ കരിയറില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഗുകേഷ് പറഞ്ഞു. 5 തവണ ലോക ചെസ് ചാമ്പ്യനായിട്ടുള്ള നോര്‍വേ താരം മാഗ്നസ് കാള്‍സണ്‍ ആണ് ഗുകേഷിനെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കളിക്കാരന്‍. ലോക കായികരംഗത്ത് ഏറ്റവും മികച്ച മനോഭാവം കൈമുതലായിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് മാഗ്നസ് കാള്‍സണ്‍ എന്നാണ് ഗുകേഷിന്റെ വിലയിരുത്തല്‍. കാന്‍ഡിഡേറ്റ്‌സ് വിജയത്തില്‍ റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അഭിനന്ദിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഗുകേഷ് പറയുന്നു. സമ്മര്‍ദ്ദ നിമിഷങ്ങളെ നേരിടാന്‍ ഗുകേഷ് മാതൃകയാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിങ് ധോണിയെയും ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെയുമാണ്.
'പ്രായം കടന്ന പക്വതയും കരുനിലയെ അപഗ്രഥിക്കാനുള്ള സവിശേഷമായ കഴിവും ഗുകേഷിനുണ്ട്. ക്ലാസിക്കല്‍ ചെസില്‍ എനിക്കു മുന്‍തൂക്കമുണ്ടെന്നു ഞാന്‍ കരുതുന്നുണ്ടെങ്കിലും കളിക്കാന്‍ വളരെ പ്രയാസമുള്ള എതിരാളിയാണ് ഗുകേഷ്' നിലവിലെ ലോക ചെസ് ചാമ്പ്യനായ ഡിങ് ലിറന്‍, ഗുകേഷ് കാന്‍ഡിഡേറ്റ്‌സ് ജേതാവായതിനു ശേഷം പറഞ്ഞ അഭിപ്രായമാണിത്. എതിരാളിയില്‍ നിന്നുള്ള ബഹുമാനസൂചകമായ ഇൗ വാക്കുകള്‍ തന്നെയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഗുകേഷിന് ലഭിക്കാവുന്ന മികച്ച അംഗീകാരം.
ലോക ചെസില്‍ ഇന്ത്യയുടെ സുപ്രധാന സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് പുതിയ തലമുറ. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ നേട്ടങ്ങള്‍ ഈ തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. ചെസിലെ ലോകകപ്പ് നേടാനുള്ള രമേഷ് ബാബു പ്രജ്ഞാനന്ദയുടെ കുതിപ്പ് ഫൈനലിലെ ടൈബ്രേക്കര്‍ വരെ എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ലോക ചെസിലെ ഒന്നാം നമ്പറുകാരനായ മാഗ്‌നസ് കാള്‍സണോട് നന്നായി പൊരുതിയാണ് പതിനെട്ടുകാരനായ പ്രജ്ഞാനന്ദ അന്നു കീഴടങ്ങിയത്. ഇതിനു പിന്നാലെയാണ് ഗുകേഷ് എന്ന കൗമാരക്കാരനിലൂടെ രാജ്യത്തിന്റെ ചെസ് പാരമ്പര്യം വീണ്ടും കരുത്ത് കാട്ടുന്നത്.
https://www.youtube.com/watch?v=NQTFdt-eqs4
ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 ഏപ്രില്‍ 29
No comments:
Post a Comment