Thursday, 6 June 2024

കാണികള്‍ തിയേറ്ററിലേക്ക് തിരിച്ചെത്തുമ്പോള്‍... മലയാള സിനിമയ്ക്ക് തിരിച്ചുവരവിന്റെ ആവേശം


മലയാള സിനിമയ്ക്ക് ഇത് നല്ല കാലമാണ്. ഈ വര്‍ഷം ആദ്യപാദത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍ തിയേറ്ററില്‍ മികച്ച വിജയം നേടിയത് സിനിമാ വ്യവസായത്തിനാകെ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധിക്കുന്ന ഇന്‍ഡസ്ട്രികളിലൊന്നായി മാറുന്ന വിധത്തിലാണ് മലയാള സിനിമകളുടെ കുതിപ്പ്. ഈ വര്‍ഷം ഹിന്ദിയും തെലുങ്കും തമിഴും ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന ചലച്ചിത്ര വ്യവസായങ്ങളെ പിറകിലാക്കിക്കൊണ്ടാണ് വിപണിയില്‍ മലയാളം നേട്ടം കൈവരിച്ചത്. 

കോവിഡ് കാലവും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തീര്‍ത്ത പ്രതിസന്ധിയും പിന്നിട്ട് മലയാള സിനിമ വ്യാവസായികമായി തിരിച്ചെത്തുന്നത് ഈ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം 2018, ആര്‍ ഡി എക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, രോമാഞ്ചം തുടങ്ങിയ സിനിമകളിലൂടെ 500 കോടിയുടെ കച്ചവടം നടന്നെങ്കിലും ഇന്‍ഡസ്ട്രി മൊത്തത്തില്‍ ലാഭകരമായിരുന്നില്ല. ഒടിടിയിലും തിയേറ്ററിലുമായി 250 ഓളം സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയതും പല സിനിമകള്‍ക്കും വന്‍ മുടക്കുമുതല്‍ ഉണ്ടായിരുന്നതും കണക്കുകൂട്ടുമ്പോള്‍ അത്ര ലാഭകരമായ ബിസിനസ് ആയിരുന്നില്ല പോയ വര്‍ഷം ഉണ്ടായത്. മികച്ച സിനിമകള്‍ വരുമ്പോള്‍ തിയേറ്ററില്‍ കാണികള്‍ ഉണ്ടാകുകയും അല്ലാത്തപ്പോള്‍ വൈദ്യുതി വാടകയും ജീവനക്കാരുടെ ശമ്പളവുമടക്കം  മുടങ്ങുന്ന തരത്തില്‍ നഷ്ടത്തിലേക്ക് പോകുകയും ചെയ്യുന്ന പതിവാണ് തുടര്‍ന്നു പോന്നിരുന്നത്. പല തിയേറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. തങ്ങളെ എന്തെങ്കിലും തരത്തില്‍ ആകര്‍ഷിക്കാത്ത സിനിമകളെ പ്രേക്ഷകര്‍ കൈയൊഴിയുകയും അവര്‍ ഒടിടി സ്ട്രീമിങ്ങുകളിലേക്ക് ചുരുങ്ങുകയുമായിരുന്നു. ഇതോടെ കേരളത്തിലെ തിയേറ്റര്‍ വ്യവസായം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. മിക്ക തിയേറ്ററുകളിലും ആളില്ലാതെ പ്രദര്‍ശനം മുടങ്ങുന്നത് പതിവായി. കാണികള്‍ കയറാന്‍ സാധ്യതയുള്ള സിനിമകള്‍ വരുമ്പോള്‍ തിയേറ്റര്‍ തുറക്കുകയും അല്ലാത്തപ്പോള്‍ അടച്ചിടുകയും ചെയ്യുന്ന രീതിയുമുണ്ടായിരുന്നു. മാളുകള്‍ ഉള്‍പ്പെടെയുള്ളവയിലെ മള്‍ട്ടി സ്‌ക്രീനുകളില്‍ പലതും പ്രദര്‍ശനം നിലച്ച അവസ്ഥയിലായിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു പല തിയേറ്ററുകളെയും അല്‍പ്പമെങ്കിലും നിലനിര്‍ത്തിയത്.



എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ 200 കോടിയും 100 കോടിയും 50 കോടിയും കളക്ഷന്‍ നേടിയ ഒന്നിലേറെ സിനിമകളുണ്ട് മലയാളത്തില്‍. മെയ് പകുതി വരെ ഏകദേശം 1000 കോടിയുടെ ബിസിനസാണ് മലയാള സിനിമ ഉണ്ടാക്കിയത്. ഇത് റെക്കോര്‍ഡാണ്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയായ ബോളിവുഡിനു പോലും ഈ വര്‍ഷം ഈ നേട്ടത്തില്‍ എത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ പത്താന്‍, ജവാന്‍ പോലുള്ള സിനിമകളിലൂടെ വ്യാവസായികമായി നേട്ടമുണ്ടാക്കിയ ബോളിവുഡിന് 2024 ല്‍ ആ നേട്ടം നിലനിര്‍ത്താനായിട്ടില്ല. തെലുങ്കിലും തമിഴിലും സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഈ വര്‍ഷം പ്രതീക്ഷയ്‌ക്കൊത്ത് തിയേറ്റര്‍ നേട്ടമുണ്ടാക്കാനായില്ല, അവിടെയാണ് മലയാള സിനിമയുടെ കുതിപ്പ് രാജ്യവ്യാപകമായി ശ്രദ്ധേയമാകുന്നത്.

ഓസ്‌ലര്‍, ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ 2024 ല്‍ മലയാള സിനിമാ വ്യവസായത്തിന് നേട്ടമുണ്ടാക്കി. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും പ്രേമലുവും അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ സിനിമകളാണ്. മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും 200 കോടി ക്ലബ്ബിലും പ്രേമലു 150 കോടി ക്ലബ്ബിലും എത്തി. ആവേശം ഇപ്പോഴും തിയേറ്ററില്‍ തുടരുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആവേശം എന്നീ ചിത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും ഓവര്‍സീസ് കളക്ഷനിലും വലിയ വിജയമായി മാറി. ഡബ്ബിംഗ് വേര്‍ഷന്‍ ഇല്ലാതെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമ നേടുന്ന റെക്കോര്‍ഡ് കളക്ഷന്‍ എന്ന നേട്ടത്തിലെത്തി. സര്‍വൈവല്‍ ഡ്രാമ എന്ന ജോണറില്‍ ഭാഷയ്ക്കതീതമായി എല്ലാ വിഭാഗം കാണികളുടെയും ആസ്വാദന തലത്തെ ഉള്‍ക്കൊള്ളാനായി എന്നതായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സവിശേഷത. ആവേശവും ഫഹദിന്റെ രംഗ എന്ന കഥാപാത്രവും എല്ലാ പ്രമുഖ ഇന്‍ഡസ്ട്രികളിലും ട്രെന്‍ഡ് സെറ്ററാണ്. സോഷ്യല്‍ മീഡിയയിലും ഈ ചിത്രം ഉണ്ടാക്കിയ ഓളം വലുതാണ്. യൂത്തിന്റെ ഇഷ്ടങ്ങളും ട്രെന്‍ഡുകളും തിരിച്ചറിഞ്ഞ് ഒരുക്കിയ പ്രേമലുവിനും ഭാഷയ്ക്കപ്പുറത്തെ സ്വീകാര്യത ലഭിച്ചു. ഈ സിനിമയുടെ അഭൂതപൂര്‍വ്വമായ വാണിജ്യവിജയത്തെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയും ചെയ്തു. 


2023 ല്‍ മേയ് വരെ മലയാളത്തിലെ ഏക തിയേറ്റര്‍ ഹിറ്റ് ജിത്തു മാധവന്റെ രോമാഞ്ചം മാത്രമായിരുന്നു. ഈ വര്‍ഷം ഇതേ കാലയളവില്‍ അതിന്റെ എണ്ണം ആറോ ഏഴോ എന്ന നിലയിലേക്ക് ഉയര്‍ന്നു. ഈ പ്രവണത നിലനിര്‍ത്താനായാല്‍ മലയാളത്തില്‍ ഏറ്റവും വലിയ തിയേറ്റര്‍ ബിസിനസ് നടക്കുന്ന വര്‍ഷമായി ഇത് മാറിയേക്കും.

തങ്ങളുടെ ആസ്വാദിപ്പിക്കുന്ന ഉള്ളടക്കം ഉണ്ടെങ്കില്‍ കാണികള്‍ തിയേറ്ററില്‍ എത്തും എന്നതു തന്നെയാണ് ഈ വിജയങ്ങള്‍ അടിവരയിടുന്നത്. കോവിഡും ഒടിടി പ്ലാറ്റ്‌ഫോമും ഉയര്‍ത്തിയ ഭീഷണി മറികടക്കാന്‍ മലയാള സിനിമ തെല്ല് സമയമെടുത്തിരുന്നു. കോവിഡിനു ശേഷം അന്യഭാഷാ സിനിമകളാണ് കേരളത്തിലെ തിയേറ്ററില്‍ നിന്ന് വാണിജ്യ നേട്ടമുണ്ടാക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആദ്യഘട്ടത്തില്‍ കാണികളെ തിയേറ്ററില്‍ നിന്ന് അകറ്റിയെങ്കിലും ബിഗ് സ്‌ക്രീനില്‍ തന്നെ കാണണം എന്നു തോന്നിപ്പിക്കുന്ന സിനിമകള്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ മൊബൈല്‍ ഫോണിന്റെ ചെറു ചതുരത്തില്‍ നിന്ന് തിയേറ്ററിലെ വിശാലതയിലേക്ക് തിരിച്ചെത്തി. തിയേറ്ററില്‍ വിജയിക്കുന്ന സിനിമകള്‍ക്കും മികച്ച ഉള്ളടക്കങ്ങള്‍ക്കും മാത്രം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രാധാന്യം നല്‍കിയപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ലാഭം മാത്രം ലക്ഷ്യമിട്ട് പടയ്ക്കുന്ന നിലവാരം കുറഞ്ഞ സിനിമകളുടെ എണ്ണത്തിനും തെല്ല് അറുതിയായിട്ടുണ്ട്.


കാണികള്‍ ഒരിക്കലും സിനിമയില്‍ നിന്ന് അകന്നിരുന്നില്ല. സിനിമയാണ് അവരില്‍ നിന്ന് അകന്നത് എന്നാണ് ഇപ്പോഴത്തെ മലയാളത്തിലെ തിയേറ്റര്‍ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. എന്തെങ്കിലും പുതുമ സമ്മാനിക്കുന്നതാണെന്ന് തോന്നിയാല്‍ ആ സിനിമയെ പ്രേക്ഷകര്‍ കൈവിടാറില്ല. കാണികളെ ആകര്‍ഷിക്കും വിധമുള്ള സിനിമകളൊരുക്കി ഒടിടി, ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമായിരുന്നു കോവിഡാനന്തര ചലച്ചിത്ര വ്യവസായത്തിന് ഉണ്ടായിരുന്നത്. ബിഗ് ബജറ്റ്-പോപ്പുലര്‍ കാരക്ടര്‍ സിനിമകള്‍ നിര്‍മ്മിച്ചാണ് ലോകമെങ്ങുമുള്ള സിനിമാ വിപണി ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. സ്‌പൈഡര്‍മാന്‍, ജെയിംസ്‌ബോണ്ട്, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍, ജുറാസിക് വേള്‍ഡ്, അവതാര്‍ തുടങ്ങിയ ഫ്രാഞ്ചൈസികള്‍ തിയേറ്ററിലെത്തിച്ചാണ് ഹോളിവുഡ് മാന്ദ്യത്തെ മറികടന്നത്. ഇന്ത്യന്‍ സിനിമയും ഈ മാതൃകയാണ് തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍ അവലംബിച്ചത്. തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികള്‍ കുറേക്കൂടി വേഗത്തില്‍ വന്‍ ബജറ്റ് സിനിമകളിലൂടെ ഇതു നേടിയെടുത്തു. അല്പം വൈകി ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ 1000 കോടി കളക്ഷന്‍ നേട്ടത്തോടെ ബോളിവുഡും ദീര്‍ഘകാലം നീണ്ടുപോയ മാന്ദ്യത്തെ മറികടന്നു. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് താരതമ്യേന വലിയ മുതല്‍മുടക്കിലുള്ള സിനിമകള്‍ അത്രകണ്ട് ഫലപ്രദമല്ലാത്ത മലയാളത്തിന് കാണികളെ തിരികെയെത്തിക്കാന്‍ പിന്നെയും സമയമെടുത്തു. മികച്ച കണ്ടെന്റിലൂടെയും പുതുമയുള്ള ആവിഷ്‌കാരത്തിലൂടെയുമാണ് മലയാള സിനിമ കാണികളെ തിയേറ്ററിലേക്ക് തിരികെയെത്തിച്ചത്.  

കോവിഡിനു ശേഷമുള്ള കാലയളവില്‍ ഹിറ്റുകളുണ്ടായെങ്കിലും ദിവസങ്ങളോളം കാണികളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം സൂപ്പര്‍ ഹിറ്റാകുകയും ചെയ്യുന്നൊരു സിനിമയുണ്ടാകുന്നത് ജൂഡ് അന്റണി ജോസഫിന്റെ 2018 ലൂടെയാണ്. പുലിമുരുകനോ ലൂസിഫറോ പോലെ തിയേറ്ററുകളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും അതിവേഗം 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ സിനിമയ്ക്കായി. ഇതിന്റെ തുടര്‍ച്ചയാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ഈ വര്‍ഷം സാധ്യമാക്കിയത്. ഈ വര്‍ഷം തുടക്കം മുതല്‍ എല്ലാ മാസങ്ങളിലും തിയേറ്ററുകള്‍ നിരവധി ഹൗസ്ഫുള്‍ ഷോകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഗ്രാമ, നഗര ഭേദമില്ലാതെയാണ് സിനിമകള്‍ ഒരേസമയം സ്വീകരിക്കപ്പെട്ടത്. താരസാന്നിധ്യമില്ലാത്ത മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും പോലുള്ള സിനിമകള്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കൊണ്ടു തന്നെ മികച്ച അഭിപ്രായം കേള്‍പ്പിക്കുകയും ഈ മൗത്ത് പബ്ലിസിറ്റിയും സോഷ്യല്‍ മീഡിയാ പ്രചാരവും കൊണ്ട് വലിയ വിജയത്തിലേക്ക് നീങ്ങുകയുമാണുണ്ടായത്. ഇതര മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളിലൂടെയല്ലാതെ തന്നെ പ്രേക്ഷകര്‍ തിയേറ്ററിലെത്തിയതു കൊണ്ടു മാത്രം സിനിമകള്‍ സൂപ്പര്‍ഹിറ്റാകുന്നുവെന്ന ആശ്വാസമാണ് ഇതിലൂടെ തിയേറ്റര്‍ ഉടമകള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വ്യവസായത്തിനും ഉണ്ടാകുന്നത്. സിനിമയുടെ തിയേറ്റര്‍ വിജയത്തിനു ശേഷം ഒടിടി കച്ചവടം ഉറപ്പിക്കുന്ന രീതിയിലേക്ക് ഒടിടി കമ്പനികള്‍ മാറിയതോടെ വിജയം നേടിയ ഈ സിനിമകള്‍ക്ക് ഒടിടിയിലും മികച്ച വരുമാനം ഉറപ്പിക്കാനായി. 


പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്താതായപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെയും സോഷ്യല്‍ മീഡിയയെയും യുട്യൂബേഴ്‌സിനെയുമെല്ലാം പ്രതിപക്ഷത്ത് നിര്‍ത്താനുള്ള ശ്രമം പലപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ മികച്ച സിനിമകള്‍ എത്തുമ്പോള്‍ കാണികള്‍ തിയേറ്റരിലെത്തി സിനിമ കാണാന്‍ തന്നെയാണ് ഇപ്പോഴും താത്പര്യപ്പെടുന്നത് എന്ന് മലയാളത്തിലെ ഈ വര്‍ഷത്തെ തുടര്‍വിജയങ്ങള്‍ സൂചിപ്പിക്കുന്നു. തമിഴ് സിനിമയ്ക്ക് ഈ വര്‍ഷം വലിയ വിജയങ്ങള്‍ നേടാനാകാത്തതും ഗുണം ചെയ്തത് മലയാളത്തിനാണ്. മലയാളത്തിലെ ഹിറ്റ് സിനിമകള്‍ കാണാന്‍ ഇതോടെ അവര്‍ തയ്യാറായി. മറ്റ് ഭാഷകളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. താരതമ്യേന മലയാളം സിനിമകള്‍ കുറവ് കാണാറുള്ള കന്നട, തെലുങ്ക് പ്രേക്ഷകര്‍ മലയാളത്തിലെ ഇക്കൊല്ലത്തെ ഹിറ്റ് സിനിമകള്‍ പലതും തിയേറ്ററില്‍ കാണാന്‍ തയ്യാറായി. ഭാഷയ്ക്കപ്പുറത്തെ ആസ്വാദനം സാധ്യമാക്കുന്നുവെന്നതാണ് ഈ വിജയ സിനിമകളില്‍ പൊതുവായി കാണാവുന്ന വസ്തുത. 

തങ്ങളുടെ ആസ്വാദനക്ഷമതയെ വിരസമാകാതെ പരിഗണിക്കുകയും, പുതുമയും മികച്ച ദൃശ്യാനുഭവങ്ങളും സമ്മാനിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ ഒടിടി, ടെലിവിഷന്‍ സ്ട്രീമിംഗിനു വേണ്ടി കാത്തിരിക്കില്ല. അവര്‍ തിയേറ്ററിലെത്തും. ഇപ്പോഴത്തെ പ്രവണത നിലനിര്‍ത്തി നല്ല സിനിമകള്‍ തുടര്‍ച്ചയായി നല്‍കാനായല്‍ മലയാള സിനിമ ഇനിയും മുന്നോട്ടുപോകും.

https://www.mathrubhumi.com/movies-music/columns/malayalam-cinema-come-back-2024-releases-makes-audience-return-to-theatres-1.9584406

മാതൃഭൂമി ഓണ്‍ലൈന്‍, 2024 മേയ് 25, ഷോ റീല്‍ -52

No comments:

Post a Comment