Thursday, 18 December 2025

പ്രേക്ഷക പങ്കാളിത്തവും സിനിമകളുടെ മികവും കൊണ്ട് ശ്രദ്ധേയമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള


കാണികളുടെ സജീവമായ പങ്കാളിത്തവും സിനിമകളുടെ മികവും കൊണ്ട് ശ്രദ്ധേയമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള. ഐഎഫ്എഫ്കെ ആറാം നാളിലേക്ക് എത്തിയപ്പോള്‍ ലോക സിനിമാ കാഴ്ചകള്‍ വിസ്മയം തീര്‍ക്കുകയും സിനിമ മാത്രം മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെയുമാണ് സിനിമാപ്രേമികള്‍ കടന്നുപോകുന്നത്. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ നിരവധി സിനിമകളാണ് കാഴ്ചക്കാരെ ആകര്‍ഷിച്ചത്.

ഡിസംബര്‍ 12 ന് ആരംഭിച്ച എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. 26 വിവിധ വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 സിനിമകളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 13000-ത്തിലേറെ ഡെലിഗേറ്റുകളാണ് ഐഎഫ്എഫ്കെ-2025 ന്റെ ഭാഗമാകുന്നത്.


കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിലി സംവിധായകന്‍ പാബ്ലോ ലാറോ, പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകന്‍ ഷാജി എന്‍ കരുണിനെക്കുറിച്ചുള്ള പുസ്തകമായ 'കരുണയുടെ ക്യാമറ' മന്ത്രി പ്രകാശനം ചെയ്തു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ രാജീവ് നാഥിനെ ചടങ്ങില്‍ ആദരിച്ചു. ആന്‍ മേരി ജാസിര്‍ സംവിധാനം ചെയ്ത 'പലസ്തീന്‍ 36' ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം.


അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഫുള്‍ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓണ്‍ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോര്‍ ദി ബോഡി, ഖിഡ്കി ഗാവ്, ദി സെറ്റില്‍മെന്റ്, തന്തപ്പേര്, ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് ചിത്രം നിനോ, തുര്‍ക്കി സംവിധായകന്‍ എര്‍ക്കാന്‍ യാസുജിയുടെ ഫ്രാഗ്മെന്റ്‌സ് ഫ്രം ദി ഈസ്റ്റ്, ബുഗോണിയ തുടങ്ങിയ സിനിമകള്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടി. ലോക സിനിമ വിഭാഗത്തില്‍ പപ്പ ബൂക, ഫ്രാന്‍സ്, ആല്‍ഫ, സോങ്ങ്സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്, ലെറ്റര്‍ ടു ആന്‍ എയ്ഞ്ചല്‍ എന്നിവയും അഭിനന്ദനം നേടി. 2025 കാനില്‍ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ, വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കെല്ലി റെയ്ച്ചര്‍ട്ടിന്റെ ദി മാസ്റ്റര്‍മൈന്‍ഡ്, ലിയെന്‍ റാംസെയുടെ ഡൈ മൈ ലൗ തുടങ്ങിയ സിനിമകളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, സെന്റിമെന്റല്‍ വാല്യൂ, ദി പ്രസിഡന്റ്‌സ് കേക്ക് എന്നീ ചിത്രങ്ങള്‍ പ്രേക്ഷകപ്രശംസ നേടി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവായ അബ്ദുറഹ്മാന്‍ സിസാക്കോയുടെ ടിംബക്തു എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമ ജസീരിയ, യെന്‍ ആന്‍ഡ് എയ്-ലീ, ദി സെറ്റില്‍മെന്റ്, ലൈഫ് ഓഫ് എ ഫാലസ്, കിസ്സിംഗ് ബഗ്, ഷാഡോ ബോക്‌സ്, മലയാള ചിത്രങ്ങളായ മോഹം, പെണ്ണും പൊറാട്ടും, ചാവുകല്യാണം, കാത്തിരിപ്പ്, ഒരു അപസര്‍പ്പക കഥ, എബ്ബ്  തുടങ്ങിയവയും പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധേയമായി.


വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കെയ്‌റോ സ്റ്റേഷന്‍, അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍, ദ അദര്‍ എന്നീ ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളിയായ സയ്യിദ് മിര്‍സയുടെ നസീം, സലീം ലാംഗ്‌ഡേ പേ മത് രോ, 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍ എന്നീ ചിത്രങ്ങളും റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കാണികള്‍ക്കു മുന്നിലെത്തി.

ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ബേഡ് മാന്‍ ടെയ്ല്‍, എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, സംസാര, വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്, ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.


ഹോമേജ് വിഭാഗത്തില്‍  എം ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം, ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറികോ ഫെല്ലിനിയുടെ എയിറ്റ് ആന്‍ഡ് ഹാഫ്, സ്വീഡിഷ് സംവിധായകന്‍ താരിഖ് സാലേഖിന്റെ ഈഗ്ള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്, ചെക്കോസ്ലോവാക്യന്‍ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളില്‍ ഒന്നായ ജിറി മെന്‍സലിന്റെ ക്ലോസ്ലി വാച്ചഡ് ട്രെയിന്‍സ്, പാര്‍ക്ക് ചാന്‍ വുകിന്റെ നോ അദര്‍ ചോയ്സ് എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.

ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ മൗറിത്താനിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്മാന്‍ സിസ്സാക്കോ 'ജി. അരവിന്ദന്‍ സ്മാരക പ്രഭാഷണം' നടത്തി. സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ ലൈഫ് ഓണ്‍ എര്‍ത്ത്, ബ്ലാക്ക് ടീ എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചാര്‍ലി ചാപ്ലിന്റെ ദി ഗോള്‍ഡ് റഷ് റീസ്റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചത് മികച്ച അനുഭവമായിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ ഐഎഫ്എഫ്കെയില്‍ സുവര്‍ണചകോരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചല്‍ ഫാള്‍, അലി സോവ: പ്രിന്‍സ് ഓഫ് ദി സ്ട്രീറ്റ്‌സ് എന്നിവയും മേളയില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തി. ഇന്തോനേഷ്യന്‍ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിന്‍ ആന്‍ഡ് ഇല്ലിയിന്‍' മിഡ്നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ചു.


അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പില്‍ പുരസ്‌കാരങ്ങള്‍ നേടിയ നാല് ചിത്രങ്ങള്‍ 'സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ക്കു മുന്നിലെത്തി.

രണ്ടാം ദിവസം വിവിധ വിഭാഗങ്ങളിലായി 72 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, ലോക സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളുമാണ് മൂന്നാം ദിനം പ്രദര്‍ശനത്തിനെത്തിയത്. നാലാം ദിനം 74 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി.  ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളില്‍ 72 ചിത്രങ്ങളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്.

ചലച്ചിത്രമേളയോടനുബന്ധിച്ച്  സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിനും തുടക്കമായി. മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകള്‍ക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകള്‍ തുറന്നുനല്‍കുക, അന്താരാഷ്ട്ര ക്രിയേറ്റീവ് ഫിനാന്‍ഷ്യല്‍ സഹകരണം സാധ്യമാക്കുക, സിനിമാ വ്യവസായം, സാങ്കേതിക വിദ്യ എന്നിവയിലെ ഏറ്റവും നൂതന വിജ്ഞാനം പങ്കുവയ്ക്കുക എന്നിവയാണ് കേരള ഫിലിം മാര്‍ക്കറ്റിന്റെ ലക്ഷ്യങ്ങള്‍.


ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം, സിനിമാപ്രവര്‍ത്തകരും വിമര്‍ശകരും  പ്രേക്ഷകരും തമ്മില്‍ വിമര്‍ശനാത്മക സംവാദത്തിനും  ആശയവിനിമയത്തിനും വേദിയൊരുക്കി. 'സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകള്‍: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും' എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'നിര്‍മിതി ബുദ്ധി സമകാലിക നിരൂപണത്തെ എങ്ങനെ സ്വാധീനിക്കുന്നു' എന്ന വിഷയത്തിലും ചര്‍ച്ച നടന്നു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30 വര്‍ഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ഐ.എഫ്.എഫ്.കെ. എക്സ്പീരിയന്‍സിയ, വിഖ്യാത ചലച്ചിത്രക്കാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനം എന്നിവ ടാഗോര്‍ തിയേറ്റര്‍ കാമ്പസിലാണ് നടക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ  ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളില്‍ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ. ഋത്വിക് ഘട്ടക്കിന്റെ അഞ്ച് വിഖ്യാത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത ചിലിയന്‍ ചലച്ചിത്രകാരന്‍ പാബ്ലോ ലറൈന്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസ് സെഷന്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. മേളയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ക്ക് നഗരത്തിലെ മാനവീയം വീഥി വേദിയായി.

മേളയുടെ സമാപന സമ്മേളനവും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വെള്ളിയാഴ്ച വൈകിട്ട് നിശാഗന്ധിയില്‍ നടക്കും.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 17

Thursday, 4 December 2025

ലോക സിനിമയുടെയും സര്‍ഗാത്മക വിനിമയത്തിന്റെയും വേദിയായി 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള/ ഐഎഫ്എഫ്‌ഐ -2025 അവലോകനം


ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും നവപ്രതിഭകളെയും അടയാളപ്പെടുത്തി 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ കൊടിയിറങ്ങി. 2024, 2025 വര്‍ഷങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ മികച്ച ചലച്ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നില്‍ വിസ്മയം തീര്‍ത്താണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവത്തിന് സമാപനമായത്.

    പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് നവംബര്‍ 20 മുതല്‍ 28 വരെ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ പ്രമേയങ്ങളും കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും അറിയാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ചലച്ചിത്ര പ്രേമികളാണ് ഗോവയിലെത്തിയത്.


ആഷ്‌ളെയ് മെയ്‌ഫെയര്‍ സംവിധാനം ചെയ്ത വിയറ്റ്‌നാമീസ് ചിത്രം സ്‌കിന്‍ ഓഫ് യൂത്ത് മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടി.  40 ലക്ഷം രൂപയാണ് സമ്മാനത്തുക. 'എ പൊയറ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മര്‍ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താന്‍ മികച്ച നടിയായി. ഗൊന്ധല്‍ എന്ന ചിത്രത്തിലൂടെ സന്തോഷ് ധവാകര്‍ മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗനും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്ന് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സൂക്ഷ്മമായ ആഖ്യാനം, മികച്ച എഡിറ്റിംഗ്, ഊഷ്മളമായ സംഗീതം, എന്നിവയുടെ സംഗമമാണ് സുവര്‍ണമയൂരത്തിന് അര്‍ഹമായ സ്‌കിന്‍ ഓഫ് യൂത്ത് എന്ന ചിത്രമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ധീരവും അതിശയകരവുനായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വിളംബരമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജൂറി വ്യക്തമാക്കി.


അകിനോല ഡേവീസ് ജൂനിയര്‍ സംവിധാനം ചെയ്ത 'മൈ ഫാദേഴ്‌സ് ഷാഡോ' പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം 'ഫ്രാങ്ക്' എന്ന ചിത്രലൂടെ ടോണിസ് പില്‍, മൈ ഡോട്ടേഴ്‌സ് ഹെയര്‍ എന്ന ചിത്രത്തിലൂടെ ഹെസം ഫറഹ്മത്ത് എന്നിവര്‍ പങ്കുവെച്ചു.

കേസരി ചാപ്റ്റര്‍ -2 വിലൂടെ കരണ്‍ സിങ് ത്യാഗി മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം എറിക് സ്വന്‍സണ്‍ സംവിധാനം ചെയ്ത 'സേഫ് ഹൗസ് എന്ന ചിത്രത്തിന് ലഭിച്ചു. ബാന്റിഷ് ബന്റിട്‌സ് ആണ് മികച്ച വെബ് സീരീസ്. 

സമാപന സമ്മേളനത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍പേഴ്‌സണ്‍ രാകേഷ് ഓംപ്രകാശ്, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, നടന്‍മാരായ രണ്‍വീര്‍ സിങ്, നവാസുദ്ദീന്‍ സിദ്ദിഖി, റിഷഭ് ഷെട്ടി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിച്ചു.


പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊന്ധല്‍ എന്നിവ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകളായിരുന്നു.

ചലച്ചിത്ര മേളയില്‍ അഞ്ചുദിവസത്തെ സിനിമാ ചര്‍ച്ചകള്‍ക്കും ആഗോള സഹകരണങ്ങള്‍ക്കും വഴിയൊരുക്കിയ വേവ്‌സ് ഫിലിം ബസാറില്‍ നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ്, സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ്, മാര്‍ക്കറ്റ് സ്‌ക്രീനിംഗുകള്‍ എന്നിവയിലായി പതിനഞ്ചിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആകെ 320 പ്രോജക്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു. 1050 കോടി രൂപയിലധികം രൂപയുടെ ബിസിനസ് ചര്‍ച്ചകളും കൂടിയാലോചനകളും നടന്ന പരിപാടിയുടെ ഭാഗമായി 100 കോടി രൂപയുടെ ധാരണാപത്രങ്ങളും ഒപ്പുവച്ചു. ഫിലിം ബസാറിലെ സിനിമകളില്‍ 10,000 ഡോളറിന്റെ കോ-പ്രൊഡക്ഷന്റ് ഗ്രാന്റോടെ കാക്തേത് ഒന്നാം സ്ഥാനം നേടി. ഉള്‍ട്ട, സിംഹസ്ഥ കുംഭ് എന്നീ ചിത്രങ്ങള്‍ രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.


എന്‍എഫ്ഡിസി, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയുമായി ചേര്‍ന്ന് ഐഎഫ്എഫ്‌ഐ ആദ്യമായി സംഘടിപ്പിച്ച സിനിമാ എഐ ഹാക്കത്തണില്‍ 18-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളുണ്ടായിരുന്നു. മികച്ച എഐ അനിമേഷനുള്ള പുരസ്‌കാരം കയ്‌റ സ്വന്തമാക്കി. ഏറ്റവും നൂതനമായ എഐ സിനിമയായി 'ദ സിനിമ ദാറ്റ് നെവര്‍ വാസ്, മികച്ച എഐ ഷോര്‍ട്ട് ആയി നാഗോരി എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. വടക്കന്‍ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബീയിങ് എന്ന ചിത്രവും എഐ ഹാക്കത്തണില്‍ പുരസ്‌കാരം നേടി.

നവംബര്‍ 20 ന് വര്‍ണാഭമായ ചടങ്ങുകളോടെയാണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായത്. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയായി. 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിച്ചത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെട്ടു. ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. 7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുത്തത്.

കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.


സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളാണ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഓഫ് ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആയിരുന്നു മേളയിലെ സമാപന ചിത്രം.

അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. 


എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. 

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ സംഭാവനകളെ മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു. 

ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടന്നു. മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിച്ചു.

ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിച്ചത്. സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും അര്‍ത്ഥവത്തായ വേദിയായി മാറിക്കൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 56-ാം പതിപ്പിന് സമാപനമായത്. ചലച്ചിത്ര-സര്‍ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ മറികടക്കാന്‍ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായിട്ടുണ്ട്.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 1

Monday, 1 December 2025

56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ പ്രൗഢോജ്ജ്വല തുടക്കം


വര്‍ണാഭമായ ചടങ്ങുകളോടെ 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായി. ഇനി ഒരാഴ്ചക്കാലം സമകാലിക ലോക സിനിമകള്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ചയുടെയും ചര്‍ച്ചകളുടെയും ഇടമായി പനാജി മാറും. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയാകും.

ഇന്നലെ വൈകിട്ട് എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. 

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ചലച്ചിത്ര അഭിനേതാക്കളായ അനുപം ഖേര്‍, നന്ദമുരി ബാലകൃഷ്ണ, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ഈ മാസം 28 വരെ നീളുന്ന മേളയില്‍ 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിക്കുന്നത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെടുന്നു. 50-ല്‍ അധികം സിനിമകള്‍ വനിതാ സംവിധായകരുടേതാണ്. കൂടാതെ, 21 ഓസ്‌കര്‍ എന്‍ട്രികളും 50-ല്‍ അധികം പുതുമുഖ സംവിധായകരുടെ സൃഷ്ടികളും ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തും.

ഐഎഫ്എഫ്‌ഐ ഓരോ പതിപ്പിലും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റ് പോലുള്ള സംരംഭങ്ങള്‍ രാജ്യത്തുടനീളം വളര്‍ന്നുവരുന്ന സര്‍ഗാത്മക പ്രതിഭകളെ ശാക്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും ഐഎഫ്എഫ്‌ഐ അര്‍ത്ഥവത്തായ വേദിയായി മാറിയിരിക്കുന്നുവെന്ന് ഗവര്‍ണര്‍ അശോക് ഗജപതി രാജു പറഞ്ഞു. ഗോവ ചലച്ചിത്ര മേളയുടെ ആഗോള നിലവാരത്തെ പ്രശംസിച്ച അദ്ദേഹം ചലച്ചിത്ര-സര്‍ഗ്ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ ഐഎഫ്എഫ്‌ഐ മറികടന്നിട്ടുണ്ടെന്നും വ്യക്തമാക്കി.


ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗ്ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ചൂണ്ടിക്കാട്ടി. ചലച്ചിത്ര മേള ഇന്ത്യന്‍ പ്രതിഭകളെ ആഗോള സാധ്യതകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഗോവയെ ഇന്ത്യയുടെ സൃഷ്ടിപരമായ തലസ്ഥാനമാക്കുക എന്നതാണ് സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ മഹത്തായ സംഭാവനകളും തെലുങ്ക് സിനിമയെ സമ്പന്നമാക്കിയതും മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.

ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളാണ് ഉദ്ഘാടന പരേഡിന് നേതൃത്വം നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തകരെ പരിപോഷിപ്പിക്കുകയും രാജ്യത്തുടനീളം ചലച്ചിത്രമേഖലയില്‍ നൂതനാശയങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ 50 വര്‍ഷങ്ങള്‍ ആവിഷ്‌ക്കരിച്ച നിശ്ചലദൃശ്യം പരേഡിന് ചരിത്രപരമായ മാനം നല്‍കി. നൂറിലധികം കലാകാരന്മാരെ അണിനിരത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി സ്വരലയാവിഷ്‌ക്കാരം 'ഭാരത് ഏക് സൂര്‍' പരേഡിലെ സവിശേഷതയായിരുന്നു.

ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' ആണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.


ചലച്ചിത്ര മേളയുടെ ഭാഗമായ വേവ്‌സ് ഫിലിം ബസാര്‍ കേന്ദ്രസഹമന്ത്രി എല്‍. മുരുഗന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കുള്ള ലോകത്തിലെ ആദ്യത്തെ ഇ-മാര്‍ക്കറ്റ്‌പ്ലേസാണ് വേവ്‌സ് ഫിലിം ബസാര്‍. സ്‌ക്രീന്റൈറ്റേഴ്സ് ലാബ്, വിപണി പ്രദര്‍ശനങ്ങള്‍, വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവയിലായി 300 ലധികം ഫിലിം പ്രോജക്ടുകള്‍, സഹനിര്‍മ്മാണ വിപണി വിഭാഗത്തില്‍ 22 ഫീച്ചര്‍ ഫിലിമുകള്‍, 5 ഡോക്യുമെന്ററികള്‍ എന്നിവ ഫിലിം ബസാറിന്റെ ഭാഗമാണ്. ആകെ 20,000 യുഎസ് ഡോളറിന്റെ ധനസഹായമാണ് ഫിലിം ബസാര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ മാസം 24 വരെ ഇത് പ്രവര്‍ത്തിക്കും. 

7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 

കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളാണ്.


അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുന്നു.

നടനും സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊണ്ടാല്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകള്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

അമരന്‍ ആണ് പനോരമയിലെ ഉദ്ഘാടനചിത്രം. ഹിന്ദി ചിത്രമായ കകോരി ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. 


മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും നാല്‍പ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

ജപ്പാനാണ് ഇത്തവണത്തെ കണ്‍ട്രി ഓഫ് ഫോക്കസ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആണ് മേളയിലെ സമാപന ചിത്രം. സമാപന ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിക്കും.

ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിക്കും. 

മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കും. അമീര്‍ ഖാന്‍, മുസാഫര്‍ അലി, വിധു വിനോദ് ചോപ്ര, സുഹാസിനി, ഖുഷ്ബു, വിശാല്‍ ഭരദ്വാജ്, ശേഖര്‍ കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.

ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് സിനിമയുമായി ബന്ധപ്പെട്ട എഐ ഹാക്കത്തോണ്‍. എഡിറ്റിംഗ്, സൗണ്ട്, ഫിലിം പൈറസി മേഖലകളിലെ എഐ സ്വാധീനത്തെക്കുറിച്ച് ഇതില്‍ ചര്‍ച്ച ചെയ്യും. ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കും.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 നവംബര്‍ 21

Tuesday, 19 August 2025

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര അവലോകനം


71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്‌കാരമായ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇത്തവണ 2023 ല്‍ പുറത്തിറങ്ങിയതും സെന്‍സര്‍ ചെയ്തതുമായ സിനിമകള്‍ പരിഗണിച്ചാണ് നിര്‍ണയിച്ചത്. 

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത് ഫെയില്‍ ആണ് മികച്ച ചിത്രം. ഫ്ളവറിംഗ് മാന്‍ മികച്ച നോണ്‍-ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ഗോഡ് വള്‍ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ മികച്ച ഡോക്യുമെന്ററി പുരസ്‌കാരവും നേടി. ദി കേരള സ്റ്റോറിയിലൂടെ സുദീപ്‌തോ സെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. 

ജവാന്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാനും ട്വല്‍ത് ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേയിലെ അഭിനയത്തിന് റാണി മുഖര്‍ജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്റെയും റാണി മുഖര്‍ജിയുടെയും ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണിത്. 2015 നു ശേഷം കരിയറില്‍ അപ്രതീക്ഷിത പരാജയങ്ങള്‍ നേരിട്ട ഷാരൂഖ് ഖാന്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വിജയത്തിലെത്തിക്കാനും അതില്‍ ജവാനിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കാനും സാധിച്ചത് ഷാരൂഖിന്റെ അഭിനയ ജീവിതത്തില്‍ വലിയ തിളക്കമായി.


പ്രേക്ഷക-നിരൂപക ശ്രദ്ധ ഒരുപോലെ നേടിയ ട്വല്‍ത് ഫെയിലിലെ വിക്രാന്ത് മാസിയുടെ അനിതരസാധാരണ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ തിളക്കമുള്ള പുരസ്‌കാരങ്ങള്‍ നേടി പുരസ്‌കാര പ്രഖ്യാപന വേളയില്‍ ശ്രദ്ധേയമായ പേരായി മാറിയ ട്വല്‍ത് ഫെയില്‍ യഥാര്‍ഥ ജീവിതത്തെ ആധാരമാക്കിയ ചിത്രമാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ശര്‍മ്മ എന്ന യഥാര്‍ഥ കഥാനായകന്റെ ജീവിതത്തിനുള്ള ആദരം കൂടിയായി ഈ സിനിമ മാറുന്നു.


മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ആദ്യമായി സ്വന്തമാക്കിയ ദേശീയ പുരസ്‌കാരത്തെ 'തന്റെ നീണ്ട യാത്രയ്ക്കും കലയോടുള്ള സമര്‍പ്പണത്തിനുമുള്ള അംഗീകാരം' എന്നാണ് റാണി മുഖര്‍ജി വിശേഷിപ്പിച്ചത്. മക്കളെ തിരികെ ലഭിക്കാന്‍ നോര്‍വെയിലെ നിയമ വ്യവസ്ഥയ്‌ക്കെതിരെ പേരാടിയ ഇന്ത്യക്കാരിയായ അമ്മയുടെ യഥാര്‍ഥ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന ചിത്രമൊരുക്കിയത്.


മലയാളത്തിന്റെ അഭിമാനമുയര്‍ത്തി വിജയരാഘവനും ഉര്‍വശിയും മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. പൂക്കാലം എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ മികച്ച സഹനടനായത്. ഉള്ളൊഴുക്കിലെ അഭിനയ മികവാണ് ഉര്‍വശിയെ സഹനടി പുരസ്‌കാരത്തിലെത്തിച്ചത്. ഇത് രണ്ടാം തവണയാണ് ഉര്‍വശിയെ തേടി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. 2006 ല്‍ അച്ചുവിന്റെ അമ്മയിലൂടെയാണ് ആദ്യമായി ഉര്‍വശിക്ക് ദേശീയ അംഗീകാരം ലഭിച്ചത്. ഉള്ളൊഴുക്കിലെ ലീലാമ്മ എന്ന കഥാപാത്രമായി ഉര്‍വശിയുടെ ഭാവതീവ്രമായ പ്രകടനം പ്രേക്ഷകരുടെ ഉള്ളുലയ്ക്കാന്‍ പോന്നതായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും ഉര്‍വശി അര്‍ഹയായിരുന്നു. വിജയരാഘവന്‍ ആദ്യമായാണ് ദേശീയ പുരസ്‌കാരം നേടുന്നത്. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു വിജയരാഘവന്‍ പൂക്കാലത്തില്‍ അഭിനയിച്ചത്. 100 വയസ്സുള്ള അപ്പൂപ്പന്‍ വേഷത്തില്‍ അസാധാരണമായ പകര്‍ന്നാട്ടമാണ് വിജയരാഘവന്‍ ഈ സിനിമയ്ക്കായി നടത്തിയത്.

പാര്‍ക്കിംഗ് എന്ന തമിഴ് ചിത്രത്തിലൂടെ മുത്തുപേട്ടൈ സോമു ഭാസ്‌കര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനോടൊപ്പം പങ്കിട്ടു. ഗുജറാത്തി ചിത്രമായ വാഷിലൂടെ ജാനകി ബോഡിവാലയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കുവെച്ചു.


മുതിര്‍ന്ന അഭിനേതാക്കളായ ഉര്‍വശിക്കും വിജയരാഘവനും പുറമേ പുരസ്‌കാര നേട്ടത്തിലൂടെ മലയാളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ മിഥുന്‍ മുരളിക്കും മോഹന്‍ദാസിനുമായി. പൂക്കാലത്തിലൂടെയാണ് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളി സ്വന്തമാക്കിയത്. 2018 എന്ന ചിത്രത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ദാസ് നേടിയത്. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള നെഗല്‍ ദി ക്രോണിക്കിള്‍ ഓഫ് പാഡിമാന്‍ പ്രത്യേക പരാമര്‍ശം നേടി. എം.കെ. രാംദാസാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി ചിത്രം അനിമലിന്റെ സൗണ്ട് ഡിസൈനിംഗിന് മലയാളികളായ സച്ചിന്‍ സുധാകരനും ഹരിഹരന്‍ മുരളീധരനും അവാര്‍ഡിന് അര്‍ഹരായി. ഈ ചിത്രത്തിന്റെ റീ റെക്കോര്‍ഡിംഗിന് മലയാളിയായ എംആര്‍ രാജാകൃഷ്ണന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.


മറാഠി ചിത്രം ആത്മ പാംഫ്‌ളറ്റിലൂടെ ആസിഷ് ബെന്‍ഡ മികച്ച പുതുമുഖ സംവിധായകനായി. കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് 2023 ലെ ജനപ്രിയ സിനിമ. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായി മേഘ്‌ന ഗുല്‍സാറിന്റെ ഹിന്ദി ചിത്രം സാം ബഹാദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. സുധാകര്‍ റെഡ്ഡി യക്കാന്തി സംവിധാനം ചെയ്ത മറാഠി ചിത്രം നാള്‍-2 കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്സ് ഗെയിമിംഗ് ആന്‍ഡ് കോമിക് വിഭാഗത്തില്‍ മികച്ച ചിത്രമായി ഹനു-മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗിദ്ദ് ദി സ്‌കാവെഞ്ചര്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

പാര്‍ക്കിംഗ് ആണ് മികച്ച തമിഴ് സിനിമ. എ ജാക്ക് ഫ്രൂട്ട് ഹിസ്റ്ററി മികച്ച ഹിന്ദി സിനിമയ്ക്കും ഭഗവന്ത് കേസരി തെലുങ്ക് സിനിമയ്ക്കും കണ്ടിലു-ദ റേ ഓഫ് ഹോപ്പ് കന്നഡ സിനിമയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞൈടുക്കപ്പെട്ടു.


ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരം ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മൊഹപത്ര സ്വന്തമാക്കി. ബേബിയിലൂടെ പി.വി.എന്‍.എസ് രോഹിത് മികച്ച ഗായകനും ജവാനിലൂടെ ശില്‍പാ റാവു മികച്ച ഗായികയുമായി. ജി വി പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. തമിഴ് ചിത്രം വാത്തിയിലെ ഗാനങ്ങളാണ് ജി വി പ്രകാശ് കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഹിന്ദി ചിത്രം അനിമലിലൂടെ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 332 എന്‍ട്രികളും, നോണ്‍-ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 115 എണ്ണവുമാണ് പുരസ്‌കാരത്തിന് മത്സരിക്കാനായി ജൂറിക്ക് മുന്നില്‍ എത്തിയത്. ഇതിനു പുറമേ 27 പുസ്തകങ്ങളും, 16 നിരൂപക സമര്‍പ്പണങ്ങളും അവാര്‍ഡ് പരിഗണനയ്ക്കായി എത്തി. അശുതോഷ് ഗോവാരിക്കര്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെയും പി.ശേഷാദ്രി നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെയും ജൂറി ചെയര്‍പേഴ്സണായി. 

കോവിഡിനെ തുടര്‍ന്ന് 2021-22 ല്‍ പുരസ്‌കാര വിതരണം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2022 ലെ പുരസ്‌കാരങ്ങളാണ് നല്‍കിയത്.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ആഗസ്റ്റ് 4

Monday, 11 August 2025

ആശങ്ക വേണ്ട; കോവിഡ് വാക്‌സിനുകളും ഹൃദയാഘാത മരണങ്ങളും തമ്മില്‍ ബന്ധമില്ല


ഇന്ത്യയില്‍ കോവിഡിനു ശേഷമുള്ള കാലയളവില്‍ ചെറുപ്പക്കാര്‍ക്ക് പെട്ടെന്ന് മരണം സംഭവിക്കുന്നതുമായി വാക്‌സിനേഷന് ബന്ധമില്ലെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നടത്തിയ വിപുലമായ പഠനങ്ങളില്‍ കോവിഡ്-19 വാക്‌സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു. മാറിയ ജീവിതശൈലിയും വ്യക്തികളില്‍ നേരത്തെ തന്നെയുള്ള ശാരീരിക പ്രശ്‌നങ്ങളുമാണ് പെട്ടെന്നുള്ള മരണത്തിന് പ്രധാന ഘടകങ്ങളായി തിരിച്ചറിഞ്ഞത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് യുവാക്കളുടെ പൊടുന്നനെയുള്ള അസ്വാഭാവിക മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കോവിഡ് കാലയളവിനു ശേഷം കാരണം വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള  മരണങ്ങളെ സംബന്ധിച്ച് രാജ്യത്തെ ഒട്ടേറെ ഏജന്‍സികള്‍ പഠനം നടത്തിയിരുന്നു. ഇത്തരം മരണങ്ങളും കോവിഡ്-19 വാക്‌സിനുകളും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് ഈ പഠനങ്ങളിലൂടെ സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുടെ പഠനങ്ങള്‍ ഇന്ത്യയിലെ കോവിഡ് -19 വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ജനിതക സവിശേഷതകള്‍, ജീവിതശൈലി, മുന്‍പേ തന്നെയുണ്ടായിരുന്ന ശാരീരികപ്രശ്‌നങ്ങള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാം.

18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പ്രത്യേക കാരണങ്ങള്‍ മൂലമെന്ന് വിശദീകരിക്കാനാകാത്ത മരണങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഐസിഎംആറും എന്‍സിഡിസിയും സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. വിശദമായ പഠനങ്ങളുടെ ഭാഗമായി വ്യത്യസ്ത ഗവേഷണ സമീപനങ്ങള്‍ ഉപയോഗിച്ച് രണ്ട് പരസ്പര പൂരക പഠനങ്ങള്‍ നടത്തി. ഒന്ന് മുന്‍കാല ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് തത്സമയ അന്വേഷണം ഉള്‍പ്പെടുന്നതുമാണ്.  

ഐസിഎംആറിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി 'ഇന്ത്യയിലെ 18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള ആളുകളില്‍ കാരണം വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ - എ മള്‍ട്ടിസെന്‍ട്രിക് മാച്ച്ഡ് കേസ്-കണ്‍ട്രോള്‍ സ്റ്റഡി' എന്ന തലക്കെട്ടില്‍ നടത്തിയ ആദ്യ പഠനം, 2023 മെയ് മുതല്‍ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 തൃതീയ പരിചരണ സൗകര്യങ്ങളുള്ള ആശുപത്രികളിലാണ് നടത്തിയത്. 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും മധ്യേ ആരോഗ്യവാന്മാരായി കാണപ്പെട്ടെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളെ ആധാരമാക്കിയാണ് പരിശോധന നടത്തിയത്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്, യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഈ പഠനം തെളിയിച്ചു.

2018 നും 2023 നും ഇടയില്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നടന്ന രണ്ട് പഠനങ്ങളാണ് കോവിഡ് വാക്‌സിന്‍ അപകടകാരിയല്ലെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് മുമ്പും ശേഷവും ഹൃദയാഘാത മരണങ്ങളുടെ പഠനമാണ് പ്രധാനമായും നടന്നതെന്ന് എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. അഭിഷേക് യാദവ് പറയുന്നു. കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കോവിഡിന് ശേഷം പെട്ടെന്നുള്ള ഹൃദയാഘാതങ്ങളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് ഈ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 




ഐസിഎംആറുമായി ചേര്‍ന്ന് എയിംസ് 2023 ല്‍ ആരംഭിച്ച പഠനം തുടരുകയാണ്. രണ്ട് വര്‍ഷം കൂടിയാണ് ഇതിന്റെ കാലാവധി. ഇതുവരെ 230 മരണങ്ങള്‍ പഠനവിധേയമാക്കി. ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ കുടുംബാരോഗ്യ ചരിത്രം, ഡിഎന്‍എ പരിശോധന തുടങ്ങിയ വിവിധ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്. 230 കേസുകളില്‍ പകുതിയും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ്. യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങളുടെ പൊതുവായ കാരണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദീര്‍ഘകാല പഠനമാണിത്. പഠനത്തില്‍ നിന്നുള്ള ഡാറ്റയുടെ ആദ്യ വിശകലനം ഹൃദയാഘാതം അല്ലെങ്കില്‍ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഈ പ്രായത്തിലുള്ളവരില്‍ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാരണങ്ങളുടെ പാറ്റേണില്‍ വലിയ മാറ്റങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് പ്രധാനമാണ്. വിശദീകരിക്കാനാകാത്ത ഭൂരിഭാഗം മരണങ്ങളിലും, ജനിതക ഘടകങ്ങളാണ് കാരണമായി വിശദീകരിക്കപ്പെടുന്നത്. പഠനം പൂര്‍ത്തിയായതിനു ശേഷം അന്തിമ ഫലങ്ങള്‍ പുറത്തു വിടും.

ഇന്ത്യയിലെ യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് കൂടുതല്‍ സമഗ്രമായ  ധാരണ ഈ രണ്ട് പഠനങ്ങളും നല്‍കുന്നു. കോവിഡ്-19 വാക്‌സിനുകള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനേഷനല്ല മറിച്ച നേരത്തെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് ഇരുപഠനങ്ങളും പറയുന്നുണ്ട്.

കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്നും മരണനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡല്‍ഹി എയിംസിലെ  അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കരണ്‍ മദന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ സമയത്ത്, ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം വാക്‌സിനുകളാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത കുറവാണെന്ന് ഐസിഎംആറും എയിംസും നടത്തിയ പഠനം ചൂണ്ടികാട്ടുന്നുവെന്ന്   കാര്‍ഡിയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. രാജീവ് നരംഗ് പറഞ്ഞു. ഓക്‌സഫഡ്-ആസ്‌ട്രെനിക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന് 62.1 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് എയിംസിലെ കമ്മ്യൂണിറ്റി വിഭാഗത്തിലെ ഡോ. സഞ്ജയ് റായ് പറയുന്നു. രാജ്യത്ത് കഴിഞ്ഞ മാസം വര്‍ധിച്ച കോവിഡ് കേസുകളില്‍ ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്.

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി, ഈ മരണങ്ങള്‍ക്ക് കോവിഡ് 19 അണുബാധയോ കോവിഡ് വാക്‌സിനുകളോ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ മാസം ഇരുപതിലേറെ പേര്‍ ഹൃദയാഘാതത്താല്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ച്ചയായുള്ള മരണങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം തേടുകയായിരുന്നു ലക്ഷ്യം. സമിതിയുടെ പഠനത്തില്‍ കോവിഡ് 19 വാക്‌സിനുകള്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി കണ്ടെക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നു. ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ പെട്ടെന്ന് വര്‍ധിച്ചതിന് പിന്നില്‍ പെരുമാറ്റപരവും ജനിതകപരവും പാരിസ്ഥിതികപരവുമായ നിരവധി അപകടസാധ്യതകള്‍ ഇതിന് കാരണമാകാം. കോവിഡ് മഹാമാരി കഴിഞ്ഞ് മൂന്ന് വര്‍ഷമായതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഹൃദയാഘാതങ്ങള്‍ നേരിട്ട് കോവിഡ് അണുബോധയോ വാക്‌സിനേഷനോ മൂലമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിംഹാന്‍സ്, സെന്റ് ജോണ്‍ മെഡിക്കല്‍ കോളേജ്, ബിഎംസിആര്‍ഐ, മണിപ്പാല്‍ ആശുപത്രി, രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആസിഎംആര്‍-എന്‍സിഡിഐആര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം, പക്ഷാഘാതം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.

ഹൃദ്രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും അവബോധം പകരാനും പ്രതിരോധത്തിനുമുള്ള വിപുലമായ പദ്ധതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. മദ്യപാനം, പുകയില, അമിതവണ്ണം, സമ്മര്‍ദ്ദം, ജനിതക ഘടകങ്ങള്‍ തുടങ്ങിയവയാണ് ഹൃദയാഘാത മരണങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകള്‍ തെറ്റാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായക തെളിവുകളില്ലാത്ത അനുമാനങ്ങളില്‍ അധിഷ്ഠിതമായ അവകാശവാദങ്ങള്‍ വാക്‌സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. കോവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കുന്നതില്‍ വാക്‌സിനുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് വാക്‌സിന്‍ പേടിയ്ക്ക് കാരണമാവുകയും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇന്ത്യാ ഗവണ്മെന്റ് സദാ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജൂലൈ 7

Sunday, 8 June 2025

ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീടവും വിജയാഘോഷത്തിലെ കണ്ണീരും


18 വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം ഐപിഎല്‍ ക്രിക്കറ്റ് കിരീടമണിഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ വിജയാഹ്ലാദപ്രകടനത്തിന് അധിക മണിക്കൂറുകളുടെ ആയുസ്സുണ്ടായില്ല. ടീമിന്റെ വിക്ടറി പരേഡിനിടെ ബുധനാഴ്ച ബംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്നില്‍ സംഭവിച്ചത് ഇന്ത്യന്‍ കായികചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമായിരുന്നു. ഇഷ്ട ടീമിനെയും കളിക്കാരെയും അടുത്തുകാണാന്‍ ആവേശത്തോടെ ഒഴുകിയെത്തിയവര്‍ക്കാണ് തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ പൊലിഞ്ഞത്. ആറുവയസുകാരി ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. 

പതിനായിരക്കണക്കിന് ആളുകളെത്തിയപ്പോള്‍ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിനകത്തേക്ക് കയറാന്‍ ശ്രമിച്ചവര്‍ക്ക് അകത്തോട്ടും പുറത്തോട്ടും നീങ്ങാനായില്ല. തിരക്കില്‍ കൂട്ടമായി നിലത്തുവീണും ശ്വാസം മുട്ടിയുമാണ് ആളുകള്‍ക്ക് അപകടം സംഭവിച്ചത്. ആഘോഷത്തിനുള്ള സുരക്ഷിതമായ സാഹചര്യമൊരുക്കാതെ മനുഷ്യരെ അപകടത്തിലേക്ക് വിട്ടുകൊടുത്തവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ഐപിഎല്ലിന്റെ പതിനെട്ട് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബംഗളൂരു ടീം ചാമ്പ്യന്‍മാരായപ്പോള്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു ആരാധകര്‍. ഫൈനല്‍ ജയിച്ച രാത്രി തന്നെ നഗരത്തില്‍ വലിയ ആഘോഷപ്രകടനങ്ങളാണ് നടന്നത്. ഇതിനിടെയാണ് ജേതാക്കള്‍ക്കായി വിക്ടറി പരേഡ് നടത്താന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കര്‍ണാടക സര്‍ക്കാരും തീരുമാനിക്കുന്നത്. അപകടസാധ്യത മുന്നില്‍കണ്ട് വിക്ടറി പരേഡിന് അനുമതി നല്‍കുന്നതില്‍ പോലീസ് ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


സെക്രട്ടറിയറ്റും നിയമസഭയും ഉള്‍ക്കൊള്ളുന്ന വിധാന്‍സൗധയില്‍നിന്ന് വൈകിട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന ബസ്സില്‍ വിക്ടറി പരേഡ് നടത്തുമെന്നാണ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ രാവിലെ മുതല്‍ ഈ പ്രദേശത്തും സ്‌റ്റേഡിയത്തിന് സമീപത്തേക്കും ആളുകള്‍ ഒഴുകിയെത്തി. 5000 പോലീസുകാരാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ സ്റ്റേഡിയത്തിലും പരിസരത്തും പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനം ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിയതോടെ തിക്കും തിരക്കും വര്‍ധിച്ചു. അപ്രതീക്ഷിതമായ ഈ തള്ളിക്കയറ്റം നിയന്ത്രണവിധേയമാക്കാന്‍ പോലീസ് പാടുപെട്ടു. 40,000 പേര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി അതിന്റെ എത്രയോ ഇരട്ടി പേരാണ് തടിച്ചുകൂടിയത്. ടീം സ്റ്റേഡിയത്തില്‍ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പര്‍ മൂന്നിന് മുന്നിലാണ് കൂടുതല്‍ തിരക്കുണ്ടായത്. തിരക്ക് കൈവിട്ടതോടെ വിക്ടറി പരേഡ് ഉപേക്ഷിച്ച് ടീമിനെ സ്റ്റേഡിയത്തിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ജൂണ്‍ 10 നകം സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് സി.എം ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി ഹാജരായി. 

ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയുടെ മുന്നൊരുക്കത്തിന് ലഭിച്ചത് ചുരുങ്ങിയ സമയമായിരുന്നുവെന്ന് പ്രതികരിച്ച സിദ്ധരാമയ്യ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും പറഞ്ഞു. ജില്ലാ ഭരണകൂടത്തില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വിവിധ കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആര്‍സിബി ടീം, ഇവന്റ് മാനേജ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.


ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ദുരന്തത്തില്‍ അതീവ ദു:ഖിതരാണെന്നും റോയല്‍ ചലഞ്ചേഴ്‌സ് ടീം ഔദ്യോഗികവനയില്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞയുടന്‍ പരിപാടിയില്‍ മാറ്റം വരുത്തിയതായും പ്രാദേശിക ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതായും ടീം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി കെയേഴ്‌സ് എന്ന പേരില്‍ ഫണ്ടും രൂപീകരിച്ചു. 

ബംഗളൂരുവിലെ ദുരന്തത്തിന് കാരണം ആസൂത്രണത്തിലെ പാളിച്ചയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രതികരിച്ചു. ഇത്തരം വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടത്തേണ്ടതാണെന്നും സംഘാടകര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും ബിസിസിഐ വ്യക്തമാക്കി.

രണ്ട് മാസത്തോളം നീണ്ട ആവേശകരമായ ക്രിക്കറ്റ് പോരാട്ടത്തില്‍ പുതിയ കിരീടാവകാശിയെ സമ്മാനിച്ചുകൊണ്ടാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 18-ാം പതിപ്പിന് സമാപനമായത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 6 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇതിഹാസ താരം വിരാട് കോലിയും 18 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാക്കിയത്. 


2008 ലെ ആദ്യ ഐപിഎല്‍ മുതല്‍ തുടര്‍ച്ചയായ 18 സീസണുകളില്‍ ഒരേ ടീമിനു വേണ്ടി മാത്രം കളിച്ച ഏക കളിക്കാരന്‍ വിരാട് കോലിയാണ്. ഇക്കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും അംബാസിഡറായി മാറിയ കോലിക്ക് ഒരു ഐപിഎല്‍ കിരീടം നേടാനായില്ല എന്ന കുറവാണ് ഇത്തവണ വഴിമാറിയത്. കാവ്യനീതി പോലെ ഐപിഎലിന്റെ പതിനെട്ടാം സീസണില്‍ ആ കിരീടം 18-ാം നമ്പര്‍ ജഴ്‌സിക്കാരന്റെ കൈകളിലെത്തി. 

74 മത്സരങ്ങളിലായി 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. ലീഗ് റൗണ്ടില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയ പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ ക്വാളിഫയര്‍ ഘട്ടത്തില്‍ മത്സരിച്ചു. മാര്‍ച്ച് 22 ന് ആരംഭിച്ച ടൂര്‍ണമെന്റ് 13 വേദികളിലായിട്ടാണ് സംഘടിപ്പിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മെയ് 9 ന് ഐപിഎല്‍ നിര്‍ത്തിവച്ചു. പിന്നീട് ആറ് വേദികളിലായി മെയ് 17 മുതല്‍ മത്സരങ്ങള്‍ പുനരാരംഭിച്ചു. 


താരപ്പൊലിമയിലും ആരാധകപിന്തുണയിലും ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ആര്‍സിബി. എന്നാല്‍ 18 വര്‍ഷമായി കിരീടം മാത്രം അകന്നുനിന്നു. ഏറെക്കുറെ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ടീം ഇത്രയും കാലം മുന്നോട്ടുപോയത്. പല നിര്‍ണായക മത്സരങ്ങളിലും കോലിക്ക് വേണ്ടത്ര പിന്തുണ നല്‍കാന്‍ ടീമംഗങ്ങള്‍ക്ക് സാധിച്ചില്ല. അതുകൊണ്ടു തന്നെ മുമ്പ് മൂന്നുതവണ ഫൈനലില്‍ എത്തിയിട്ടും കിരീടത്തില്‍ മുത്തമിടാന്‍ ആര്‍സിബിക്ക് സാധിച്ചില്ല. അതിനിടയില്‍ ലോകോത്തര താരങ്ങള്‍ പലരും ആര്‍സിബിയില്‍ വന്നുപോയി. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ആദ്യ സീസണില്‍ കളിച്ചുതുടങ്ങിയ ആര്‍സിബിയെ കെവിന്‍ പീറ്റേഴ്‌സണ്‍, അനില്‍ കുംബ്ലെ, ഡാനിയല്‍ വെറ്റോറി, വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ നയിച്ചു. എന്നിട്ടും അകന്നുനിന്ന കിരീടമാണ് ഇന്ത്യക്ക് വേണ്ടി ഇതുവരെ ട്വന്റി-20 മത്സരം കളിച്ചിട്ടില്ലാത്ത മധ്യപ്രദേശുകാരന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയിലൂടെ ആര്‍സിബി സാധിച്ചെടുത്തത്. ഈ സീസണില്‍ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കേണ്ടിവന്ന രജത് പാടിദാറിന് മികച്ച രീതിയിലും ഒത്തിണക്കത്തോടെയും ടീമിനെ നയിക്കാനായി.

വ്യക്തിഗത മികവ് കൊണ്ടു മാത്രം കിരീടം നേടാനാവില്ല എന്ന തിരിച്ചറിവില്‍ 18-ാം സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലം മുതല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ആര്‍സിബി പദ്ധതികള്‍ തയ്യാറാക്കിയത്. ലേലത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചെലവിടാതെ ആവശ്യമുള്ള പൊസിഷനുകളിലേക്ക് ഏറ്റവും മികച്ച കളിക്കാരെ കണ്ടെത്തുന്നതിലായിരുന്നു ശ്രദ്ധ. മികച്ച ബാറ്റിംഗ് നിരയും മോശം ബൗളിംഗുമാണ് ആര്‍സിബിയെ മുന്‍ സീസണുകളില്‍ വലച്ചതെങ്കില്‍ ഇത്തവണ ബൗളിംഗ് നിര വിജയത്തില്‍ നിര്‍ണായകമായി. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ നേതൃത്വത്തില്‍ ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ക്രുണാല്‍ പാണ്ഡ്യ, സായുഷ് ശര്‍മ്മ എന്നിവരെല്ലാം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. ഫൈനല്‍ മത്സരത്തില്‍ ക്രുണാലിന്റെ ഓവറുകള്‍ വിജയത്തില്‍ നിര്‍ണായകമായി. അതിനുള്ള അംഗീകാരമായി ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ക്രുണാലിനെ തേടിയെത്തുകയും ചെയ്തു.


ബാറ്റിംഗില്‍ പതിവുപോലെ വിരാട് കോലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍, ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ലിയാം ലിവിങ്സ്റ്റണ്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരെല്ലാം മികച്ച പിന്തുണ നല്‍കി. ആര്‍സിബി വിജയിച്ച മത്സരങ്ങളിലെല്ലാം പ്ലെയര്‍ ഓഫ് ദ മാച്ച് ആയത് വ്യത്യസ്ത കളിക്കാര്‍ ആയിരുന്നുവെന്നത് ഇത്തവണ അവര്‍ പുറത്തെടുത്ത ടീം ഗെയിമിനെ സാധൂകരിക്കുന്ന ഘടകമാണ്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം  മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓരോ കളിക്കാരനുമായി. മുന്‍ സീസണുകളില്‍ ടോപ് ഓര്‍ഡര്‍ ബാറ്റിംഗിനെ മാത്രം ആശ്രയിക്കുന്ന ടീമായിരുന്നു ആര്‍സിബി. ഇത്തവണ മധ്യനിരയിലും ഫിനിഷിങ്ങിലും മികച്ച കളിക്കാരെ കൊണ്ടുവരാനായതിലെ മാറ്റം പ്രകടനത്തിലും ഫലം കണ്ടു. 15 കളികളില്‍ നിന്ന് 657 റണ്‍സുമായി വിരാട് കോലി ബാറ്റിംഗിലും 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളുമായി ഹെയ്‌സല്‍വുഡ് ബൗളിങ്ങിലും ആര്‍സിബിയുടെ പ്രകടനത്തില്‍ മികച്ചുനിന്നു.

17-ാം സീസണിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്,ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കും വന്‍ മുന്നേറ്റം നടത്താനായില്ല.


പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവ ഇക്കുറി മികച്ച പോരാട്ടം പുറത്തെടുത്ത ടീമുകളാണ്. റണ്ണേഴ്‌സ് അപ്പായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ് ഇത്തവണ ഏറ്റവുമധികം ഒത്തിണക്കം കാണിച്ച ടീമായി മാറി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പഞ്ചാബ് ക്വാളിഫയറിലേക്ക് പ്രവേശിച്ചത്. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ എന്ന വിശേഷണത്തിന് ശ്രേയസ് ഒരിക്കല്‍കൂടി അര്‍ഹനായി. കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കിയാണ് ശ്രേയസ് ഇത്തവണ പഞ്ചാബിനെ നയിക്കാന്‍ ഇറങ്ങിയത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിംഗ് ബാറ്റര്‍ സായ് സുദര്‍ശന്‍ 759 റണ്‍സോടെ ഈ ഐപിഎലിലെ റണ്‍ വേട്ടക്കാരില്‍ മുന്നിലെത്തി ഓറഞ്ച് ക്യാപ്പിന് അര്‍ഹനായി. 25 വിക്കറ്റുകളോടെ ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണയാണ് ഇക്കുറി പര്‍പ്പിള്‍ ക്യാപ്പ് നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും വിലപ്പെട്ട കളിക്കാരനായി മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ആദരമര്‍പ്പിച്ചാണ് ഐപിഎല്‍ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ മേധാവികളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ക്ഷണിച്ചിരുന്നു.

https://www.youtube.com/watch?v=0wwFKTp80Cs

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജൂണ്‍ 6

Friday, 16 May 2025

ഷാജി എന്‍ കരുണ്‍: മലയാള സിനിമയുടെ അന്താരാഷ്ട്ര ഔന്നത്യം


ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ ശ്രദ്ധേയമായി അടയാളപ്പെടുത്തിയ വിഖ്യത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഓര്‍മ്മയായി. ഛായാഗ്രാഹണ കലയിലൂടെ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് നിര്‍ണായക സംഭാവന നല്‍കുകയും സമാന്തര സിനിമാ ധാരയില്‍ വേറിട്ട വഴി വെട്ടിത്തുറക്കുകയും ചെയ്ത മഹാനായ ചലച്ചിത്രകാരനെയാണ് ഷാജി എന്‍ കരുണിന്റെ നിര്യാണത്തോടെ മലയാളത്തിന് നഷ്ടമാകുന്നത്. അഞ്ചു പതിറ്റാണ്ട് കാലം ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ അദ്ദേഹത്തിനായി. സര്‍ഗാത്മക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ടു പോകുമ്പോഴും മലയാള സിനിമയുടെ മികവിനും പുരോഗതിക്കുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിലും ഷാജി എന്‍ കരുണ്‍ മുന്നില്‍ നിന്നു. 

സംവിധാനം നിര്‍വ്വഹിച്ച ആദ്യ സിനിമയായ പിറവി, തുടര്‍ന്ന് സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ സിനിമകളിലൂടെയാണ് ഷാജി മലയാളത്തിന്റെ വിതാനം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിയത്. സംവിധായകനാകുന്നതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ജി. അരവിന്ദന്റെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഷാജിയുടെ ഛായാഗ്രാഹണ മികവ് പതിഞ്ഞിരുന്നു. 70 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത പിറവി, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്വം, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ ഷാജി എന്‍. കരുണിനായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകള്‍ ഒരുക്കുകയും ഒട്ടേറെ ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഷാജി എന്‍ കരുണ്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രാഹണത്തില്‍ സ്വര്‍ണ മെഡലോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ജോലി ചെയ്യവേയാണ് ജി. അരവിന്ദനൊപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ഒരിടത്ത്, ചിദംബരം തുടങ്ങിയ വിഖ്യാത സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തിയത് ഷാജി ആയിരുന്നു. മലയാള സിനിമയിലെ ഛായാഗ്രാഹണ കലയെ വേറിട്ട വിതാനത്തില്‍ പ്രതിഷ്ഠിക്കാനും കലാപരമായ ഔന്നത്യം നല്‍കാനും ഷാജിയുടെ ക്യാമറക്കായി. കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ കവിഞ്ഞ് അതിന് മിഴിവും ആഴവും നല്‍കാനും അതിലൂടെ സിനിമയുടെ ആസ്വാദന തലത്തിന്റെ മികവ് കൂട്ടാനും ഷാജിക്കായി. കൂടെവിടെ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, പഞ്ചവടിപ്പാലം, മീനമാസത്തിലെ സൂര്യന്‍, മംഗളം നേരുന്നു, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒന്നുമുതല്‍ പൂജ്യം വരെ, സര്‍ഗം തുടങ്ങിയ ശ്രദ്ധേയ സിനിമകളും ഷാജിയുടെ ഛായാഗ്രാഹണ മികവിന് ദൃഷ്ടാന്തമാണ്. 


1970 കളില്‍ മലയാള സിനിമ നവതരംഗത്തിലേക്ക് പ്രവേശിക്കുകയും ശക്തമായ സമാന്തരധാര വെട്ടിത്തുറക്കുകയും ചെയ്ത കാലത്ത് ഛായാഗ്രാഹണ കലയിലൂടെ അതിന് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നയാളായിരുന്നു ഷാജി എന്‍ കരുണ്‍. ഫ്രെയിമില്‍ കടുംചായങ്ങള്‍ക്കു പകരം മിതത്വമുള്ളതും പ്രമേയം ആവശ്യപ്പെടുന്നതുമായ ദൃശ്യപരിചരണ രീതിയായിരുന്നു ഷാജിയുടേത്. ഹരിഹരന്‍, കെ.ജി ജോര്‍ജ്, ലെനിന്‍ രാജേന്ദ്രന്‍, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടേത് ഉള്‍പ്പെടെ 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ഷാജി പ്രവര്‍ത്തിച്ചു. 

ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച പിറവി മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. ലോക ചലച്ചിത്ര ഭൂപടത്തില്‍ മലയാളത്തെ പ്രതിഷ്ഠിച്ച ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. പിറവിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഷാജിയെ തേടിയെത്തി. പിറവിക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാന്‍ ചലച്ചിത്ര മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളായി ഷാജി എന്‍ കരുണ്‍ മാറി. 

പ്രമേയ സ്വീകരണത്തിലെയും ആവിഷ്‌കാരത്തിലെയും പുതുമയാണ് ഷാജി എന്‍ കരുണ്‍ എന്ന സംവിധായകനെ വേറിട്ടു നിര്‍ത്തിയത്. പൂര്‍വ്വമാതൃകകള്‍ ഇല്ലാത്തതും അനുകരിക്കാന്‍ സാധിക്കാത്തതുമായ ശൈലി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിലെ സമാന്തര സിനിമാ ധാരയിലെ പ്രഥമ ഗണനീയരിലൊരാളായി അദ്ദേഹത്തെ വിലയിരുത്തുന്നു. ഓരോ സിനിമയ്ക്കുമിടയില്‍ കൃത്യമായ ഇടവേള സൂക്ഷിക്കുകയും പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുകയും ചെയ്യുന്നതായിരുന്നു ഷാജിയുടെ രീതി. ദീര്‍ഘമായ കരിയറില്‍ ഏഴ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 


കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ അടിയന്തരാവസ്ഥകാലത്തെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പിറവിക്ക് ഇതിവൃത്തമായപ്പോള്‍ ഏകാകിയായ സ്ത്രീയുടെ സംഘര്‍ഷങ്ങളായിരുന്നു സ്വമ്മില്‍ പ്രമേയമായത്. കഥകളി കലാകാരനായ കുഞ്ഞികുട്ടന്റെ ആത്മസംഘര്‍ഷങ്ങളാണ് വാനപ്രസ്ഥത്തില്‍ ആവിഷ്‌കരിക്കുന്നത്. ഘടനാപരമായി നാല് വ്യത്യസ്ത പശ്ചാത്തലങ്ങളായി തിരിച്ചിരിക്കുന്ന ആഖ്യാനമായിരുന്നു കുട്ടിസ്രാങ്കിന്റേത്

പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്നുതവണയും ഷാജിയെ തേടിയെത്തി. സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.

പത്മശ്രീ ബഹുമതിക്കും ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്‌കാരത്തിനും ഈ സംവിധായക പ്രതിഭ അര്‍ഹനായി. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത അംഗീകാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍.കരുണിനെ തേടിയെത്തിയത് 2023 ലാണ്.


1952 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975 ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ച ഷാജി 1976 ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. 1998 ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു ഷാജി എന്‍ കരുണ്‍. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മല്‍സരവിഭാഗം ആരംഭിച്ചത്.

മലയാള സിനിമയുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുകയും ചെയ്തുകൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കവേയാണ് അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണം.

ഷാജി എന്‍ കരുണിന്റെ വിടവാങ്ങലിലൂടെ കലാമൂല്യമുള്ള സൃഷ്ടികളുടെ പ്രബലമായ കണ്ണിയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. മലയാള സിനിമയുടെ ഔന്നത്യം ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് വളര്‍ത്തിയ അനശ്വര ചലച്ചിത്രകാരന് ആകാശവാണിയുടെ പ്രണാമം.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഏപ്രില്‍ 30

Wednesday, 14 May 2025

വായനയുടെ മധുരം പകര്‍ന്ന് നിയമസഭ പുസ്തകോത്സവം; മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം അവലോകനം

 


വായനയാണ് ലഹരിയെന്ന പ്രമേയം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവാര്‍ന്ന അനുഭവമായി മാറി. വായനക്കാരുടെയും എഴുത്തുകാരുടെയും പ്രസാധകരുടെയും സജീവ സാന്നിധ്യം കൊണ്ടും സമകാലിക വിഷയങ്ങളിലെ വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ കൊണ്ടുമാണ് ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേള ശ്രദ്ധേയമായത്. ജനുവരി ഏഴ് മുതല്‍ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയമാണ് പുസ്തകോത്സവത്തിന് വേദിയായത്. 

സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവ വികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായി മാറി. ഒന്നും രണ്ടും പതിപ്പുകളുടെ ശ്രദ്ധേയമായ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ കെ എല്‍ ഐ ബി എഫിനായി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പുസ്തകസ്‌നേഹികളും പൊതുജനങ്ങളും പുസ്തകോത്സവത്തെ ആവേശത്തോടെ ഏറ്റെടുത്തു. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നിയമസഭ ഇത്രയും ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയൊരുക്കുന്നത്.

250 സ്റ്റാളുകളിലായി 150 ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും ഈ വേദികളില്‍ നടന്നു. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ജനുവരി 7 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തലസ്ഥാനത്തിന് യുനെസ്‌കോയുടെ ലോക പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ്വ യോഗ്യതയുമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ലോക സാഹിത്യ നഗരമായതു പോലെ തിരുവനന്തപുരം യുനെസ്‌കോയുടെ ബുക്ക് ക്യാപിറ്റല്‍ ആകണം. ലോകത്ത് വായന മരിക്കുന്നു എന്നു കേള്‍ക്കുമ്പോഴും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങള്‍ക്കും അരാജക ചിന്തകള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പാണ് നിയമസഭ രാജ്യാന്തര പുസ്തകോത്സവമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

കേരള നിയമസഭയുടെ മാതൃകയില്‍ കര്‍ണാടക നിയമസഭയും അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍ ഫരീദ് വ്യക്തമാക്കി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് അനുശോചനമര്‍പ്പിച്ചാണ് മൂന്നാമത് നിയമസഭാ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചത്. മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്തു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിയമസഭാ സമുച്ചയത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളാണ് പുസ്തകോത്സവത്തിന് പ്രധാന വേദിയായത്. അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ വേദി, നിയമസഭയുടെ സ്റ്റുഡന്റ്‌സ് കോര്‍ണര്‍, പ്രസാധകരുടെ പരിപാടികള്‍ക്കുള്ള വേദികള്‍, ബുക്ക് ഒപ്പിടലിനുള്ള പ്രത്യേക വേദി ഉള്‍പ്പെടെ 7 വേദികളിലാണ് പരിപാടികള്‍ അരങ്ങേറിയത്.

പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, പ്രഭാഷണം, മീറ്റ് ദ ഓതര്‍, സാഹിത്യ - നാടക സംവാദം, പുസ്തക ചര്‍ച്ചകള്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, ഏകപാത്ര നാടകം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും, മാജിക് ഷോ, പപ്പറ്റ് ഷോ, വിദ്യാര്‍ത്ഥികളുടെയും നിയമസഭാ ജീവനക്കാരുടെയും കലാപരിപാടികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ എഴുപതിലധികം പരിപാടികള്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു.

പ്രഭാവര്‍മയുടെ അംഗാര നൂപുരം, ബൃന്ദാ കാരാട്ടിന്റെ ഇന്ത്യന്‍ വര്‍ഗീയ ഫാസിസവും സ്ത്രീകളും, ജി കാര്‍ത്തികേയന്റെ രാഷ്ട്രീയജീവിതം, ഡോ. ടി എം തോമസ് ഐസക്കിന്റെ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ: നിയോ ലിബറല്‍ കാലത്തെ സാമ്പത്തിക നീതി, ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പറയാതെ വയ്യ, നജീബ് കാന്തപുരം എം.എല്‍.എയുടെ പച്ച ഇലകള്‍, പ്രൊഫ എസ് ശിവദാസ് രചിച്ച കുട്ടികള്‍ക്കായുളള 14 സാഹിത്യ രചനകള്‍ ഉള്‍പ്പെടെ നിരവധി സര്‍ഗരചനകളാണ് പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തത്.

വിവിധ വിഷയങ്ങളില്‍ നടന്ന പ്രഭാഷണങ്ങള്‍ പുസ്തകോത്സവത്തിന്റെ സവിശേഷതയായിരുന്നു. ഒരു ജനാധിപത്യവാദിയുടെ ആകുലതകള്‍ എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, എം വി ഗോവിന്ദന്‍, യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പങ്കിട്ടു. വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സി പി ഐ എം നേതാവ് എം. സ്വരാജും കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനും പങ്കെടുത്തു. പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തില്‍ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടവും, വായനയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും പ്രഭാഷണം നടത്തി.


മന്ത്രിമാരായ പി. രാജീവ്, കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, എഴുത്തുകാരായ എം മുകുന്ദന്‍, ടി ഡി രാമകൃഷ്ണന്‍, ബെന്യാമിന്‍, പി എഫ് മാത്യൂസ്, ഒ വി ഉഷ, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പ്രൊഫ. ആദിത്യ മുഖര്‍ജി, പി സായ്‌നാഥ് തുടങ്ങി രാഷ്ട്രീയ സാഹിത്യ  കലാ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

പുസ്തകോത്സവത്തിന്റെ ഭാഗമായി വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ പങ്കുവെയ്ക്കാന്‍ പുസ്തകാസ്വാദനം, പദ്യപാരായണം, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍, വനിതാ പാര്‍ലമെന്റ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. 

വിവിധ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകളും പുസ്തകോത്സവത്തിന് മികവേറ്റി. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാനായി കുട്ടികള്‍ക്ക് സ്റ്റുഡന്റ്‌സ് കോര്‍ണര്‍ ഒരുക്കിയിരുന്നു. ഇവിടെ വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി സന്ദര്‍ശിക്കാനും അവസരമൊരുക്കിയിരുന്നു.

സ്ത്രീശാക്തീകരണത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുസ്തക കലവറ പരിചയപ്പെടുന്നതിനും പുസ്തകങ്ങള്‍ വാങ്ങാനും നിയമസഭാ ഹാളും നൂറുവര്‍ഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാനും മൂന്നാം പതിപ്പ് അവസരമൊരുക്കി. 

ജനുവരി 13 ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയായി. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പുസ്തകോത്സവത്തില്‍ പങ്കാളികളാക്കുമെന്നും പുസ്തക വായനയ്ക്കും പത്രവായനയ്ക്കും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും സമാപന സമ്മേളനത്തില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2026 ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജനുവരി 15