Saturday, 29 December 2012

മലയാള സിനിമ-2012



Wednesday, 26 December 2012



ഉച്ചപ്പടം
മൂന്ന് വര്‍ഷം മുന്‍പ് ഡിസംബര്‍ 21ന്റെ വൈകുന്നേരമാണ് ഉച്ചപ്പടം പുറത്തിറങ്ങിയത്. കേരള സാഹിത്യ അക്കാദമിയിലെ ചടങ്ങില്‍ കവി പി രാമന്‍ അന്നത്തെ എന്റെ കാമുകിയ്ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് പുസ്തകം പ്രകാശിപ്പിച്ചു. പ്രമുഖരെ അകറ്റിനിര്‍ത്തിയ വേദിയില്‍ എല്ലാവരും എനിക്ക് ഏറെ അടുപ്പമുളളവര്‍. വിപിന്‍, അജിത ടീച്ചര്‍, ചിത്രഭാനു മാഷ്, രൂപ, രാമേട്ടന്‍ എല്ലാം പട്ടാമ്പി കോളേജിന്റെ സംഭാവന. 
മൂന്ന് വര്‍ഷത്തിനിടെ ആയിരം കോപ്പിയും തീര്‍ന്നുപോയി. ആരൊക്കൊയോ വാങ്ങി. വായിച്ചുകാണും, അല്ലെങ്കില്‍ കൈയും കണ്ണുമെത്താതെ എവിടെയെങ്കിലുമൊക്കെ ഇരിക്കുന്നുണ്ടാകാം. സ്വയം മറികടന്ന് എഴുതാന്‍ കഴിയാത്തതിനാല്‍ ഒരു രണ്ടാം പതിപ്പിനെപ്പറ്റി ചിന്ത പോയതേയില്ല. ആത്മപ്രകാശനവേളകള്‍ക്ക് അവസരമുണ്ടാക്കാന്‍ പോയില്ല. കൂട്ടങ്ങളിലും ചേര്‍ന്നില്ല. അപൂര്‍വം ഇടങ്ങളില്‍ വിളിച്ചപ്പോള്‍ കവിത ചൊല്ലാന്‍ പോയി. എവിടെയെങ്കിലും വെച്ച് ഒട്ടും നിനച്ചിരിക്കാതെ ഒരു കണ്ടുമുട്ടലില്‍ പുതിയ കവിതാന്വേഷണം, ഫോണ്‍കോള്‍, മെസേജ്, കത്ത് ഇതിലൊക്കെത്തന്നെ എത്രയോ തൃപ്തി. തുടര്‍ന്നും അതേ ഒഴുക്കോടെ എഴുതാന്‍ പറ്റുന്നില്ലല്ലോയെന്ന ആശങ്കയും തീര്‍ന്നു. സംഗതി ഉളളിലുണ്ടേല്‍ പുറത്തുവരും. ഇല്ലേല്‍ ഇല്ല.


Thursday, 13 December 2012

ഐ എഫ് എഫ് കെ-2012

മേളയുടെ സെലക്ഷന് ഷേക്ക് ഹാന്റ്

തിരുവനന്തപുരം ചലച്ചിത്രമേളയിലെ പുരസ്‌ക്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. പുരസ്‌കൃതമാകാന്‍ മാത്രം വലുപ്പമുളള ഒരുപാട് സിനിമകളുണ്ട്. നാല് ഫെസ്റ്റിവെല്‍ അനുഭവത്തില്‍ ഏറ്റവും നല്ല സിനിമകള്‍ കാണാനായ വര്‍ഷം. നോസ് വെമോസ
് പപ്പാ, റോസ്, ഐവാന്‍സ് വുമണ്‍, ഫിലിമിസ്ഥാന്‍, റെപ്പന്റന്റ്, ഹോളി മോട്ടോര്‍സ്, ഐ ഡി, പിയത്തെ, ലൗ ലൈക്ക് പോയിസണ്‍, മിസ്ട്രി, ടുഡേ, സംഹിത ഇങ്ങനെ കുറേ പേരുകള്‍ പെട്ടെന്നുതന്നെ പറയാനാകുന്നു എന്നതു തന്നെയാണ് മേളക്കാഴ്ചയെ ഇത്തവണ അനുഭവമാക്കുന്നത്. ഓണ്‍ ദ റോഡ്, യെമ, ടെര്‍മിനല്‍ ട്രസ്റ്റ്, മിഡ്‌നൈറ്റ് ചില്‍ഡ്രന്‍, ടൂറിംഗ് ടാക്കീസ്, സ്റ്റാ നിനാ, അമോര്‍...ഓടിനടന്ന് കണ്ടപ്പോള്‍ കാണാനാകാതെ പോയ പേരുകളും ഏറെയാണ്.
പ്രതിഷേധങ്ങളും വിവാദങ്ങളും ഉണ്ടാകണം. അങ്ങനെയാണ് നമ്മള്‍ ജനാധിപത്യ വിശാസികളും സോഷ്യലിസ്റ്റ് വാദികളുമാകുക. ഉണ്ടായതും തുടരുന്നതുമായ അത്തരം കാഴ്ചകളും പറച്ചിലുകളുമൊക്കെ അതുകൊണ്ടുതന്നെ നല്ലതും പ്രസക്തവുമാണ്. ടാഗോര്‍ തീയറ്ററിലെ ഡെലിഗേറ്റ് കൗണ്ടര്‍ മുതല്‍ കുറേ നല്ല മാറ്റങ്ങള്‍ നല്ലതായിത്തന്നെ തോന്നി. എണ്ണിപ്പറയുന്നില്ല നല്ലതും ചീത്തതും. പക്ഷേ സിനിമകളുടെ തെരഞ്ഞെടുപ്പിന് വലിയ സന്തോഷം തന്നെ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം കാഴ്ചകളെക്കൂടി ചേര്‍ത്തു വായിച്ചാണ് ഈ നല്ല സര്‍ട്ടിഫിക്കറ്റ്.

Wednesday, 12 December 2012

ഫിലിമിസ്ഥാന്‍

ഹൊ! ഫിലിമിസ്ഥാന്‍




ഹിന്ദുസ്ഥാന്‍
പാക്കിസ്ഥാന്‍
ഫിലിമിസ്ഥാന്‍ 
വന്ദേമാതരം വിളിക്കാതെ ദേശീയഗാനം ഓര്‍മ്മിപ്പിക്കാതെ തന്നെ കണ്ണും മനസ്സും നിറച്ച സിനിമ. ഞാനും നീയും സഹോദരന്മാരാണ്. നമുക്ക് പറയാം പാക്കിസ്ഥാന്‍ നല്ലതാണെന്ന്, അവര്‍ പറയും ഇന്ത്യ നല്ല
തെന്ന്. ദേശസ്‌നേഹവും അതിര്‍ത്തിയും ഇന്ത്യയും പാക്കിസ്ഥാനും വരുന്ന എത്ര സിനിമകളാണ് നമ്മള്‍ കണ്ടത്! എങ്കില്‍ക്കൂടി ഫിലിമിസ്ഥാന്‍! അതൊരനുഭവമാണ്. കാണാതെ പോകരുതേ ഈ കാഴ്ച. അതിര്‍ത്തിവേലിക്കരികിലെ മൈല്‍ കുറ്റിയില്‍ അപ്പുറമിപ്പുറമെഴുതി വെച്ച ഇന്ത്യ-പാക്കിസ്ഥാന്‍ സൂചകത്തിനപ്പുറം നമ്മളൊന്നു തന്നെയാണെന്നുറപ്പിക്കാനുളള ഓര്‍മ്മപ്പെടുത്തല്‍ തന്നെയാകുന്നുണ്ട് ഈ സിനിമ.
കിം കി ഡുക്ക്‌



തീയറ്ററിലെ ലേലംവിളി

കിം കി ഡുക്കിന് ലോകം നിറയെ ആരാധകരുണ്ട്. കേരളത്തിലും ഒട്ടും കുറവല്ല വൃന്ദം. തിരുവനന്തപുരം ചലച്ചിത്രമേളയില്‍ മുന്‍പ് പ്രദര്‍ശിപ്പിച്ചപ്പോഴൊക്കെ ഡുക്ക് ചിത്രങ്ങള്‍ക്ക് വലിയ ജനപ്രീതി കിട്ടിയിട്ടുണ്ട്. ആ ഒരു പ്രതീക്ഷയാണ് ശ്രീകുമാര്‍ തിയേറ്ററിലേക്ക് ഇന്നലെ രാവിലെ മുതല്‍ ഒഴുകിയെത്തിയ ആസ്വാദകക്കൂട്ടം. ഈ തിരക്ക് മുന്‍പേ ഉറപ്പിച്ചതായിരുന്നുവെങ്കിലും പിന്നെയും അത് അതിനിയന്ത്രണാതീതം! കേരളത്തില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനുമാകില്ല ഇത്രയും കുറഞ്ഞ മിനിട്ടുകള്‍കൊണ്ട് വലിയൊരു തിയേറ്റര്‍ നിറയ്ക്കാന്‍. സീറ്റു കിട്ടുമെന്ന് വിദൂരചിന്തയേയില്ലാത്ത ആരാധകര്‍ തറയിലിരുന്നും വാതിലിനോടു ചേര്‍ന്നുനിന്നും ഏറെ തൃപ്തരായി.
സിനിമ തുടങ്ങും മുന്‍പേയുള്ള ഈ കാഴ്ചകള്‍ക്കിടയിലാണ് തിയേറ്ററിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ആ ഇരമ്പവും പ്രകടനവും. ഏതോ പ്രമുഖന്‍ അതല്ല കിം കിഡുക്ക് തന്നെ പ്രത്യക്ഷപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന ശബ്ദാന്തരീക്ഷം. സംഗതി പിന്നെയാണ് വെളിപ്പെട്ടു തുടങ്ങിയത്. ലേലം വിളിയാണ്, സീറ്റ് കിട്ടാത്ത ഒരു വ്യക്തി കൈയില്‍ നൂറുരൂപ നോട്ട് ഉയര്‍ത്തിക്കാണിച്ച് സീറ്റ് ചോദിക്കുന്നു. കാര്യത്തിലെ രസികത്തം മനസ്സിലാക്കിയ ജനം ഈ ചെയ്തിയെ ആരവത്തോടെ സ്വീകരിച്ചു. കൈയിലെ നോട്ടുകളുടെ മൂല്യം പിന്നെയും കൂട്ടി ഇയാള്‍ പിശകല്‍ തുടര്‍ന്നപ്പോള്‍ കൈയടിയും പ്രോത്സാഹനവുമായി തിയേറ്ററില്‍ ഉത്സവാന്തരീക്ഷം. ഒടുവില്‍ ആയിരം രൂപ ഏറ്റുവാങ്ങി ഒരു മിടുക്കന്‍ സീറ്റൊഴിഞ്ഞുകൊടുത്തതോടെ ഇയാള്‍ ഈ മേളയിലെ താരവും ഡുക്കിന്റെ മികച്ച ആരാധകനുമായി ദിവസം കൈക്കലാക്കി.


Monday, 10 December 2012

സിനിമയോട് കൗതുകം വിടാതെ


ഒരു കുട്ടിയുണ്ടായിരുന്നു
ഇന്നത്തെ സിനിമ വായിച്ച്

ഇടയ്ക്ക് തരമാവുന്ന യാത്രകളില്‍
സിനിമാ പോസ്റ്ററുകളെ പ്രണയിച്ച

ചുറ്റുവട്ടത്തെ ടാക്കീസുകളൊക്കെ
അടച്ചുപൂട്ടുന്നതുകണ്ട്
നോട്ടീസിലെ താരങ്ങളോട്
സങ്കടം പറഞ്ഞ്

ഇന്നത്തെ സിനിമ വായിച്ച് വായിച്ച്
വലുതായ കുട്ടി
ടിക്കറ്റ് ചീന്തുന്ന പണിക്കാരനായി

ഉച്ചപ്പടം

സിനിമ എന്നും അത്ഭുതപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്തു. സിനിമാ തിയേറ്ററിന്റെ വാതിലില്‍ ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന ആളായിരുന്നു ആരാധനാപുരുഷന്‍. ആ ധീരപുരുഷനായി ത്തീരാന്‍ കുഞ്ഞുമനസ് വ്യഗ്രത കാണിച്ചിരുന്നു. ഇഷ്ടദിവസം സിനിമകള്‍ മാറിവരുന്ന വെള്ളിയാഴ്ച. പത്രത്തിന്റെ മുഴുവന്‍ പേജില്‍ നിറഞ്ഞുകാണുന്ന പുതിയ സിനിമാ പരസ്യങ്ങള്‍. രാമുട്ട്യേട്ടന്റെയും കുഞ്ഞുമാനിക്കയുടേയും പീടികച്ചുമരില്‍ വെള്ളിയാഴ്ചകളില്‍ വരുന്ന പോസ്റ്ററുകള്‍. എടപ്പാള്‍ മുരളി, ദീപ, ഗോവിന്ദ, കുറ്റിപ്പുറം മീന, കൂടല്ലൂര്‍ ശ്രീധര്‍ ഇത്രയുമായിരുന്നു ചുറ്റുവട്ടത്തെ ഏറ്റവുമടുത്ത തിയേറ്ററുകള്‍. പിന്നെ തരമാകുന്ന ഇത്തിരി ദൂരങ്ങളിലേക്കുള്ള അപൂര്‍വ്വയാത്രകള്‍, അപ്പോള്‍ കാണുന്ന സിനിമാ തിയേറ്ററുകള്‍, പോസ്റ്ററുകള്‍, പത്രത്തിലെ ഇന്നത്തെ സിനിമ കോളം വായിച്ച് സിനിമാ തിയേറ്ററുകളുടെ പേരുകളൊക്കെയും സ്വായത്തമാക്കല്‍.. ഇതൊക്കെയായിരുന്നു വലിയ ഇഷ്ടങ്ങള്‍.
അന്യമായി നിന്ന തിയേറ്റര്‍ സ്വാതന്ത്ര്യം കൈവന്നു. നല്ലതും ചീത്തയും നോക്കാതെ സിനിമ കണ്ടു. 'സിനിമ കാണല്‍' അത് തന്നെയായിരുന്നു പ്രധാനം. അഭിരുചികള്‍ മാറാന്‍ പിന്നെയും സമയമെടുത്തു. നല്ല പുസ്തകങ്ങള്‍ നല്ല സിനിമയിലേക്കും കാഴ്ചകളിലേക്കുമുള്ള വഴികാണിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകള്‍ കണ്ടപ്പോള്‍ 'വേറിട്ട എന്തൊക്കെയോ സംസാരിക്കുന്ന /പറഞ്ഞുതരുന്ന ചിലത്' എന്ന തോന്നല്‍ ഉണ്ടായി. അത്തരത്തിലുള്ളവ വീണ്ടും കാണാനായെങ്കില്‍ എന്ന പ്രതീക്ഷയും!
2009 അവസാന മാസം തിരുവനന്തപുരം ജീവിതം തുടങ്ങുന്നു. എന്റെ ആദ്യ ഫിലിം ഫെസ്റ്റിവല്‍. പാസ് എടുക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരുടെ പാസിലും പാസില്ലാതെയും സിനിമ കണ്ടു. നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെക്കാളും വരും വര്‍ഷങ്ങളില്‍ നഷ്ടപ്പെടുത്തരുത് സിനിമ കാണാനുള്ള അവസരമെന്ന് മനസ്സിലുറപ്പിച്ചു. ആന്റിക്രൈസ്റ്റിന്റെ അനുഭവവും ഓര്‍മ്മയും വേട്ടയാടലും-ഈ ഫെസ്റ്റിവെലിനെ സ്വയമങ്ങനെ വായിക്കാനേ തരമുളളൂ. കൂടുതല്‍ സിനിമ കാണാന്‍ അവസരം കിട്ടിയില്ല എന്നതുതന്നെ കാരണം.
കാര്‍ലോസ് ഗാവിരിയയുടെ പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം 2010 ഫെസ്റ്റിവലിലെ നല്ല ഓര്‍മ്മയായപ്പോള്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍ എത്തരത്തില്‍ നമ്മളോട് സംവദിക്കുന്നു എന്നതിന്റെ വലിയ സാക്ഷ്യപ്പെടുത്തലായി. ഇത്തരത്തിലുളള ഓരോ സിനിമയും സിനിമയ്ക്കപ്പുറത്തേക്ക് ഉയരുമ്പോള്‍, ചര്‍ച്ച ചെയ്യുന്ന പ്രശ്‌നം നമ്മുടേതു കൂടിയായി മാറുമ്പോള്‍, വളരുന്നത് ഭൂമിക മാത്രമല്ല സിനിമയെന്ന മാധ്യമവും അതിന്റെ സാധ്യതയുമാണ്. അത്തരമൊരു സാധ്യതയും അത് അനുഭവവേദ്യമാക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കുമപ്പുറത്തെ ജനതയും ജീവിതവും രാഷ്ട്രീയവുമൊക്കെയാണ് ഇത്തരമൊരു സിനിമാ മേളയോട് ഇഷ്ടം കൂട്ടൂന്നതും ഒരു കാത്തിരിപ്പിന് വക നല്‍കുന്നതാക്കി മാറ്റുന്നതും. ഈ വര്‍ഷത്തില്‍ ജനങ്ങള്‍ ഇഷ്ടചിത്രമായി തെരഞ്ഞെടുത്ത അപര്‍ണാസെന്നിന്റെ ജാപ്പനീസ് വൈഫ് കാവ്യഭംഗി എന്നൊക്കെയുള്ള വിശേഷണങ്ങളെയാകെ ശരിവയ്ക്കുന്ന സിനിമയായി.
ഐ എഫ് എഫ് കെ ഒരു ഉത്സവപ്രതീതിയായി മനസ്സില്‍ തോന്നിയത് അല്ലെങ്കില്‍ അതിന്റെ ഭാഗമായതും 2011 ലാണ്. ഓടിനടന്ന് സിനിമ കണ്ടു. കളേഴ്‌സ് ഓഫ് മൗണ്ടെയ്ന്‍ ഇഷ്ട സിനിമയായി മനസ്സിലെഴുതി. അതിലെ കുട്ടിത്തത്തിനൊപ്പമങ്ങനെ യാത്ര പോയി, ആ യാത്ര തുടരവേ ജനങ്ങള്‍ എന്തുമാത്രം അരക്ഷിതരായാണ് ദിവസജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മലയുടെ ചിത്രം വരച്ചുതന്ന സിനിമയെ സ്‌നേഹിക്കുകയും ചെയ്തു. (ദാ, ഇത്തവണത്തെ ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് രണ്ടു ദിവസം മാത്രം മുന്‍പ് കളേഴ്‌സ് ഓഫ് മൗണ്ടെയ്ന്‍ ഒന്നുകൂടെ കണ്ടു. അപ്പൊഴും അതേ ഇഷ്ടം.) സെപ്പറേഷനും പെയ്ന്റിംഗ് ലെസനും മാന്‍ വിത്തൗട്ട് സെല്‍ഫോണും മറ്റിഷ്ടങ്ങളായി. 'ബോഡിയും' 'ത്രീ'യും മറ്റുള്ളവരെപ്പോലെ തള്ളിക്കയറിക്കണ്ടു.
രഞ്ജിത്ത് വലിയ വായില്‍ പറഞ്ഞാലും ആദിമധ്യാന്തം റിലീസ് ചെയ്യാനൊന്നും പോകുന്നില്ലെന്ന ഉള്‍ത്തോന്നല്‍ കാരണം ഷെറി എന്തു ചെയ്തിരിക്കുന്നതെന്ന് കാണാന്‍ ആ സിനിമയ്ക്ക് കയറി. പ്രവേശന നിഷിദ്ധമാക്കാന്‍ മാത്രം ഒരു പ്രശ്‌നവും ആദിമധ്യന്തത്തിനില്ലെന്ന് തോന്നിയതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിച്ച ശ്രീകുമാര്‍ തീയറ്റര്‍ മുതല്‍ കൈരളി വരെ നടന്ന ഷെറി ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. പരിചയക്കാരുമൊത്തിരുന്ന് അഭിപ്രായങ്ങളായി, ചര്‍ച്ചകളായി, ഫെസ്റ്റിവല്‍ തീര്‍ന്നാലും നല്ല സിനിമകളെ കണ്ടെത്താനും കാണാനും ആര്‍ജ്ജവമുണ്ടായി. തീരുന്ന ദിവസം ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന സങ്കടമുണ്ടായി.
ഐ എഫ് എഫ് കെ 2012 വന്നു. ഇത്തവണ നേരത്തെ സൈറ്റ് പരതി. സിനിമകളുടെ സെലക്ഷന്‍ കണ്ടു. മുന്‍ധാരണകള്‍ ഉണ്ടാക്കിയില്ലെങ്കിലും ധാരണയുണ്ടായി. ഒരുപാട് സിനിമകള്‍ കാണണം, എന്തൊക്കെയാണ് പുറംരാജ്യങ്ങളിലെ സിനിമകളില്‍ പറഞ്ഞിരിക്കുന്ന അവരുടെ രാഷ്ട്രീയ-സാമൂഹിക ജീവിതാവസ്ഥകള്‍, എന്തൊക്കെ അത്ഭുതങ്ങള്‍, നിറങ്ങള്‍, പരീക്ഷണങ്ങള്‍, പുതുമകള്‍ എല്ലാമാണ് അവ ഒരുക്കി വച്ചിട്ടുള്ളതെന്ന് തൊട്ടറിയണം. പിന്നെ സിനിമയെ കണ്ണുനിറച്ച് കണ്ട് അത്ഭുതവും ആവേശവും ഇഷ്ടവുമൊക്കെയായി ആ പഴയ കുട്ടിയുടെ കൗതുകത്തോടെ തീരാതെ കെട്ടിപ്പുണരണം.
മോഹന്‍ലാല്‍

ഇതാണ് ലാലത്തം!


വീകരിച്ച കൈരളി തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്നു. ചടങ്ങിന് മുഖ്യമന്ത്രി വന്നു, സിനിമാമന്ത്രി വന്നു, മേയര്‍ വന്നു, സിനിമാരംഗത്തെ പരിചിതമുഖങ്ങള്‍ പലതും തൊട്ടടുത്ത്. പക്ഷേ കൗതുക
മതൊന്നുമല്ല. വേദി കൈയടക്കലും അതൊന്നുമല്ലായിരുന്നു. അതിന് അവകാശിയായത് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു. സംഭവമിങ്ങനെ:
സ്വാഗതപ്രസംഗത്തിനുശേഷം സിനിമാമന്ത്രിയുടെ കൂട്ടിച്ചേര്‍പ്പ്- 'ലാലേട്ടന് എന്തോ പറയാനുണ്ട്' അങ്ങനെ മോഹന്‍ലാല്‍ മൈക്കിന് മുന്നിലെത്തി. മുഖ്യമന്ത്രിയോടാണ് പറയാനുള്ളത്. മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് മോഹന്‍ലാല്‍ എന്ന നടന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നു-സിനിമ 'തിരനോട്ടം'. ലാലിനെ ആദ്യമായി പകര്‍ത്തിയ ആ ക്യാമറ ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ആര്‍ക്കൈവ്‌സിലാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രവര്‍ത്തനരഹിതമായ ആ ക്യാമറയാണ് ലാലിനാവശ്യം. മുമ്പ് രണ്ട് തവണ ഇതിനായി നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഒരനക്കവും ഉണ്ടായില്ലെന്നും പറഞ്ഞ ലാല്‍ മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ ഒരു കണ്ണുണ്ടാകണമെന്ന് സൂചിപ്പിച്ചു. കൈയടിയോടെയാണ് സദസ്സ് വലിയ നടന്റെ കൗതുകവും അഭിനയത്തോട് ആത്മാര്‍പ്പണവും സൂക്ഷിക്കുന്ന ഈ ആഗ്രഹത്തെ ഏറ്റുവാങ്ങിയത്. പ്രവര്‍ത്തിക്കാത്ത ഈ ക്യാമറയ്ക്കു പകരം പുതിയൊരു ക്യാമറ അക്കാദമിക്ക് വാങ്ങി നല്‍കാമെന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഒരു ലാല്‍ കഥാപാത്രത്തിന്റെ ലാളിത്യം കാഴ്ചക്കാര്‍ ആസ്വദിച്ചു. ഭക്തന് വരം കണക്കെ 'ക്യാമറ അനുവദിച്ചിരിക്കുന്നു'വെന്ന് തൊട്ടടുത്ത നിമിഷം മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കൊച്ചുകുട്ടിയുടെ ആവേശത്തില്‍ പിന്നെയും മോഹന്‍ലാല്‍ സദസ്സിന്റെ സ്വന്തം.

Thursday, 6 December 2012

ന്യൂ ജനറേഷന്‍ സിനിമ

Tuesday, 27 November 2012


ഒരുപാട് ഇടവഴികളുളെളാരിടത്തു നിന്നും
ഒരിടവഴിയുമില്ലാതലഞ്ഞ്
എല്ലാ വഴികളിലുമിടവഴി തേടി
ഒടുവിലീ വഴി നടക്കുന്നു...
ഈ വഴിയും
വഴിയൊടുക്കത്തിലെ വീടും
അവിടത്തെ ഒറ്റമുറിക്കട്ടിലും
അവിടത്തെയാകാശവും

Thursday, 15 November 2012


നടന്ന്..പിന്നെയും നടക്കുന്ന വഴി

ഈ വഴി അത്രയേറെ പ്രിയമാര്‍ന്നതാണ്. ക്ലാസ്സ്മുറിക്കകത്തെ പുതിയ വലിയ പാഠങ്ങളോ, മറക്കാനാകാത്ത അധ്യാപന അനുഭവമോ ഒന്നുമായിരുന്നില്ല ഈ കാമ്പസിനെ അടുപ്പിച്ചത്. എന്തോ ഒന്ന് എന്ന് ഒറ്റവാക്കില്‍ പറയുന്നതിനേക്കാള്‍ ചിലതുകള്‍ എന്നു പറയാന്‍ തന്നെയാണിഷ്ടം.
 
തിരുവനന്തപുരം ജീവിതത്തിന്റെ ഉരുവപ്പെടലും പരുവപ്പെടലിന്റെയും തുടക്കം ഇവിടത്തെ ക്ലാസ്മുറിയിലെ തനിച്ചുതാമസത്തില്‍ നിന്ന്. ഏകാന്തത രത്‌നഖനിയാണെന്ന് പറഞ്ഞ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ വാക്കുകള്‍ അത്ര തിളങ്ങുന്ന രത്‌നഖനിയല്ലെന്ന് ഓര്‍മ്മപ്പെടുത്തിയ രാത്രിയുടെ ഒറ്റപ്പെടലുകള്‍, മൊബൈല്‍ഫോണ്‍ ശബ്ദം പോലും ഞെട്ടിച്ചുകളഞ്ഞ നെഞ്ചിടിപ്പുകള്‍... എന്റെ നിസ്സഹായതയും ഇല്ലായ്മയും സര്‍ഗ്ഗാത്മകതയും കണ്ട, സംസാരിച്ച ചുവരുകളും ബെഞ്ചുഡസ്‌ക്കുകളും, ഭൗതിക, രസതന്ത്ര ശാസ്ത്രജ്ഞന്മാരും ടെസ്റ്റ്യൂബുകളും...മുഖം നോക്കാന്‍ കണ്ണാടിയില്ലാതെ മുഖം മറന്നു. പിന്നെപ്പിന്നെ രാത്രിയും ദിവസങ്ങളും കടന്ന് ചങ്ങാത്തവും ഇഷ്ടവും മുഖവും തന്ന് കൂട്ടുകാര്‍. വിരലിലെണ്ണാവുന്ന ആ അഞ്ചാറിഷ്ടങ്ങള്‍.. ഇതെഴുതുന്ന ദിവസവും കണ്ടുമുട്ടും വിധം നീണ്ടുനില്‍ക്കുന്ന അടുപ്പങ്ങള്‍..നടവഴിയും ക്ലാസ്മുറിയും കടന്ന് വര്‍ഷം മൂന്നിലെത്തുമ്പോഴും തിരുവനന്തപുരം നഗരമാകെത്തന്നെയും വിട്ടുപോകാത്ത കണ്ണിയായി പിടിച്ചുനിര്‍ത്തിയ സമ്പത്ത്. ഇപ്പോള്‍ (മുന്‍പും) തോന്നുന്നുണ്ട്; ഇവിടെക്കിട്ടിയ പ്രണയങ്ങളേക്കാള്‍ എത്രയോ വില പിടിച്ചതാണ് ഈ സൗഹൃദങ്ങളെന്ന്...