Monday, 10 December 2012

സിനിമയോട് കൗതുകം വിടാതെ


ഒരു കുട്ടിയുണ്ടായിരുന്നു
ഇന്നത്തെ സിനിമ വായിച്ച്

ഇടയ്ക്ക് തരമാവുന്ന യാത്രകളില്‍
സിനിമാ പോസ്റ്ററുകളെ പ്രണയിച്ച

ചുറ്റുവട്ടത്തെ ടാക്കീസുകളൊക്കെ
അടച്ചുപൂട്ടുന്നതുകണ്ട്
നോട്ടീസിലെ താരങ്ങളോട്
സങ്കടം പറഞ്ഞ്

ഇന്നത്തെ സിനിമ വായിച്ച് വായിച്ച്
വലുതായ കുട്ടി
ടിക്കറ്റ് ചീന്തുന്ന പണിക്കാരനായി

ഉച്ചപ്പടം

സിനിമ എന്നും അത്ഭുതപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്തു. സിനിമാ തിയേറ്ററിന്റെ വാതിലില്‍ ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന ആളായിരുന്നു ആരാധനാപുരുഷന്‍. ആ ധീരപുരുഷനായി ത്തീരാന്‍ കുഞ്ഞുമനസ് വ്യഗ്രത കാണിച്ചിരുന്നു. ഇഷ്ടദിവസം സിനിമകള്‍ മാറിവരുന്ന വെള്ളിയാഴ്ച. പത്രത്തിന്റെ മുഴുവന്‍ പേജില്‍ നിറഞ്ഞുകാണുന്ന പുതിയ സിനിമാ പരസ്യങ്ങള്‍. രാമുട്ട്യേട്ടന്റെയും കുഞ്ഞുമാനിക്കയുടേയും പീടികച്ചുമരില്‍ വെള്ളിയാഴ്ചകളില്‍ വരുന്ന പോസ്റ്ററുകള്‍. എടപ്പാള്‍ മുരളി, ദീപ, ഗോവിന്ദ, കുറ്റിപ്പുറം മീന, കൂടല്ലൂര്‍ ശ്രീധര്‍ ഇത്രയുമായിരുന്നു ചുറ്റുവട്ടത്തെ ഏറ്റവുമടുത്ത തിയേറ്ററുകള്‍. പിന്നെ തരമാകുന്ന ഇത്തിരി ദൂരങ്ങളിലേക്കുള്ള അപൂര്‍വ്വയാത്രകള്‍, അപ്പോള്‍ കാണുന്ന സിനിമാ തിയേറ്ററുകള്‍, പോസ്റ്ററുകള്‍, പത്രത്തിലെ ഇന്നത്തെ സിനിമ കോളം വായിച്ച് സിനിമാ തിയേറ്ററുകളുടെ പേരുകളൊക്കെയും സ്വായത്തമാക്കല്‍.. ഇതൊക്കെയായിരുന്നു വലിയ ഇഷ്ടങ്ങള്‍.
അന്യമായി നിന്ന തിയേറ്റര്‍ സ്വാതന്ത്ര്യം കൈവന്നു. നല്ലതും ചീത്തയും നോക്കാതെ സിനിമ കണ്ടു. 'സിനിമ കാണല്‍' അത് തന്നെയായിരുന്നു പ്രധാനം. അഭിരുചികള്‍ മാറാന്‍ പിന്നെയും സമയമെടുത്തു. നല്ല പുസ്തകങ്ങള്‍ നല്ല സിനിമയിലേക്കും കാഴ്ചകളിലേക്കുമുള്ള വഴികാണിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകള്‍ കണ്ടപ്പോള്‍ 'വേറിട്ട എന്തൊക്കെയോ സംസാരിക്കുന്ന /പറഞ്ഞുതരുന്ന ചിലത്' എന്ന തോന്നല്‍ ഉണ്ടായി. അത്തരത്തിലുള്ളവ വീണ്ടും കാണാനായെങ്കില്‍ എന്ന പ്രതീക്ഷയും!
2009 അവസാന മാസം തിരുവനന്തപുരം ജീവിതം തുടങ്ങുന്നു. എന്റെ ആദ്യ ഫിലിം ഫെസ്റ്റിവല്‍. പാസ് എടുക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരുടെ പാസിലും പാസില്ലാതെയും സിനിമ കണ്ടു. നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെക്കാളും വരും വര്‍ഷങ്ങളില്‍ നഷ്ടപ്പെടുത്തരുത് സിനിമ കാണാനുള്ള അവസരമെന്ന് മനസ്സിലുറപ്പിച്ചു. ആന്റിക്രൈസ്റ്റിന്റെ അനുഭവവും ഓര്‍മ്മയും വേട്ടയാടലും-ഈ ഫെസ്റ്റിവെലിനെ സ്വയമങ്ങനെ വായിക്കാനേ തരമുളളൂ. കൂടുതല്‍ സിനിമ കാണാന്‍ അവസരം കിട്ടിയില്ല എന്നതുതന്നെ കാരണം.
കാര്‍ലോസ് ഗാവിരിയയുടെ പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം 2010 ഫെസ്റ്റിവലിലെ നല്ല ഓര്‍മ്മയായപ്പോള്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍ എത്തരത്തില്‍ നമ്മളോട് സംവദിക്കുന്നു എന്നതിന്റെ വലിയ സാക്ഷ്യപ്പെടുത്തലായി. ഇത്തരത്തിലുളള ഓരോ സിനിമയും സിനിമയ്ക്കപ്പുറത്തേക്ക് ഉയരുമ്പോള്‍, ചര്‍ച്ച ചെയ്യുന്ന പ്രശ്‌നം നമ്മുടേതു കൂടിയായി മാറുമ്പോള്‍, വളരുന്നത് ഭൂമിക മാത്രമല്ല സിനിമയെന്ന മാധ്യമവും അതിന്റെ സാധ്യതയുമാണ്. അത്തരമൊരു സാധ്യതയും അത് അനുഭവവേദ്യമാക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കുമപ്പുറത്തെ ജനതയും ജീവിതവും രാഷ്ട്രീയവുമൊക്കെയാണ് ഇത്തരമൊരു സിനിമാ മേളയോട് ഇഷ്ടം കൂട്ടൂന്നതും ഒരു കാത്തിരിപ്പിന് വക നല്‍കുന്നതാക്കി മാറ്റുന്നതും. ഈ വര്‍ഷത്തില്‍ ജനങ്ങള്‍ ഇഷ്ടചിത്രമായി തെരഞ്ഞെടുത്ത അപര്‍ണാസെന്നിന്റെ ജാപ്പനീസ് വൈഫ് കാവ്യഭംഗി എന്നൊക്കെയുള്ള വിശേഷണങ്ങളെയാകെ ശരിവയ്ക്കുന്ന സിനിമയായി.
ഐ എഫ് എഫ് കെ ഒരു ഉത്സവപ്രതീതിയായി മനസ്സില്‍ തോന്നിയത് അല്ലെങ്കില്‍ അതിന്റെ ഭാഗമായതും 2011 ലാണ്. ഓടിനടന്ന് സിനിമ കണ്ടു. കളേഴ്‌സ് ഓഫ് മൗണ്ടെയ്ന്‍ ഇഷ്ട സിനിമയായി മനസ്സിലെഴുതി. അതിലെ കുട്ടിത്തത്തിനൊപ്പമങ്ങനെ യാത്ര പോയി, ആ യാത്ര തുടരവേ ജനങ്ങള്‍ എന്തുമാത്രം അരക്ഷിതരായാണ് ദിവസജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മലയുടെ ചിത്രം വരച്ചുതന്ന സിനിമയെ സ്‌നേഹിക്കുകയും ചെയ്തു. (ദാ, ഇത്തവണത്തെ ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് രണ്ടു ദിവസം മാത്രം മുന്‍പ് കളേഴ്‌സ് ഓഫ് മൗണ്ടെയ്ന്‍ ഒന്നുകൂടെ കണ്ടു. അപ്പൊഴും അതേ ഇഷ്ടം.) സെപ്പറേഷനും പെയ്ന്റിംഗ് ലെസനും മാന്‍ വിത്തൗട്ട് സെല്‍ഫോണും മറ്റിഷ്ടങ്ങളായി. 'ബോഡിയും' 'ത്രീ'യും മറ്റുള്ളവരെപ്പോലെ തള്ളിക്കയറിക്കണ്ടു.
രഞ്ജിത്ത് വലിയ വായില്‍ പറഞ്ഞാലും ആദിമധ്യാന്തം റിലീസ് ചെയ്യാനൊന്നും പോകുന്നില്ലെന്ന ഉള്‍ത്തോന്നല്‍ കാരണം ഷെറി എന്തു ചെയ്തിരിക്കുന്നതെന്ന് കാണാന്‍ ആ സിനിമയ്ക്ക് കയറി. പ്രവേശന നിഷിദ്ധമാക്കാന്‍ മാത്രം ഒരു പ്രശ്‌നവും ആദിമധ്യന്തത്തിനില്ലെന്ന് തോന്നിയതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിച്ച ശ്രീകുമാര്‍ തീയറ്റര്‍ മുതല്‍ കൈരളി വരെ നടന്ന ഷെറി ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. പരിചയക്കാരുമൊത്തിരുന്ന് അഭിപ്രായങ്ങളായി, ചര്‍ച്ചകളായി, ഫെസ്റ്റിവല്‍ തീര്‍ന്നാലും നല്ല സിനിമകളെ കണ്ടെത്താനും കാണാനും ആര്‍ജ്ജവമുണ്ടായി. തീരുന്ന ദിവസം ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന സങ്കടമുണ്ടായി.
ഐ എഫ് എഫ് കെ 2012 വന്നു. ഇത്തവണ നേരത്തെ സൈറ്റ് പരതി. സിനിമകളുടെ സെലക്ഷന്‍ കണ്ടു. മുന്‍ധാരണകള്‍ ഉണ്ടാക്കിയില്ലെങ്കിലും ധാരണയുണ്ടായി. ഒരുപാട് സിനിമകള്‍ കാണണം, എന്തൊക്കെയാണ് പുറംരാജ്യങ്ങളിലെ സിനിമകളില്‍ പറഞ്ഞിരിക്കുന്ന അവരുടെ രാഷ്ട്രീയ-സാമൂഹിക ജീവിതാവസ്ഥകള്‍, എന്തൊക്കെ അത്ഭുതങ്ങള്‍, നിറങ്ങള്‍, പരീക്ഷണങ്ങള്‍, പുതുമകള്‍ എല്ലാമാണ് അവ ഒരുക്കി വച്ചിട്ടുള്ളതെന്ന് തൊട്ടറിയണം. പിന്നെ സിനിമയെ കണ്ണുനിറച്ച് കണ്ട് അത്ഭുതവും ആവേശവും ഇഷ്ടവുമൊക്കെയായി ആ പഴയ കുട്ടിയുടെ കൗതുകത്തോടെ തീരാതെ കെട്ടിപ്പുണരണം.

No comments:

Post a Comment