Thursday, 24 July 2014

സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന ചായക്കടകള്‍
പാലിന് വിലകൂടിയെങ്കിലും ചായ കുടിക്കാതെ പറ്റില്ലല്ലോ. ദിവസത്തില്‍ ഒന്നിലേറെ ചായ നമ്മുടെ ശീലവുമാണല്ലോ. എന്നാല്‍ പല കടകളിലെയും ചായയുടെ വില സാധാരണക്കാരന്റെ പോക്കറ്റില്‍ ഒതുങ്ങാത്ത തരത്തിലുള്ളതുമാണ്. ഇതിനിടയില്‍ സാധാരണക്കാരനെ ആകര്‍ഷിക്കുന്ന തരത്തില്‍ അഞ്ചുരൂപയ്ക്ക് ചായയും കടിയും ഒരുക്കി നല്‍കുകയാണ് നഗരത്തിലെ ചില കടക്കാര്‍. ബേക്കറി, വാന്റോസ് ജംഗ്ഷനുകളിലെ തട്ടുകടകളിലാണ് ഈ അഞ്ചുരൂപാ ആശ്വാസം. മറ്റു കടകളില്‍ ചായയ്ക്ക് ഏഴുരൂപയില്‍ തുടങ്ങുന്ന വില വലിയ കടകളിലെത്തുമ്പോള്‍ സ്റ്റാറ്റസിനനുസരിച്ച് ഏറുന്നു.
സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇമ്മാനുവല്‍ എന്ന കടയാണ് അഞ്ചുരൂപ കച്ചവടം ആദ്യം തുടങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്ത ശരവണയിലും പിന്നാലെ ഈ പ്രദേശത്തെ മറ്റു കടകളിലും വിലകുറച്ചു. സ്‌പെന്‍സര്‍-വാന്റോസ് റോഡില്‍ പുതിയതായി തുടങ്ങിയ രമേശന്റെ കട വിലക്കുറവില്‍ മാത്രമല്ല വൃത്തിയിലും വെടിപ്പിലും മുന്‍പിലാണ്. ഇവിടെ ചായയ്ക്കും കടിക്കും പുറമേ അപ്പത്തിനും ദോശയ്ക്കും ചപ്പാത്തിക്കുമെല്ലാം അഞ്ചുരൂപ മാത്രമാണ് ഈടാക്കുന്നത്. ബേക്കറി ജംഗ്ഷനിലെ ആനന്ദദാസിലാണ് അഞ്ചുരൂപയ്ക്ക് കിട്ടുന്ന മെനു കൂടുതല്‍. മറ്റ് കടകളേക്കാള്‍ തിരക്കും ഇവിടെയാണ് കൂടുതല്‍. വൈകുന്നേരങ്ങളിലാണ് കടകളില്‍ തിരക്കേറുന്നത്. ഇടനേരങ്ങളിലും ചായ കുടിക്കുന്ന ശീലക്കാര്‍ കുറവല്ലാത്തതിനാല്‍ ഈ കടകളില്‍ ആളൊഴിഞ്ഞ നേരമില്ലെന്നു പറയാം.
മറ്റുള്ള കടകളില്‍നിന്നും കേവലം രണ്ടു രൂപയുടെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഒരു ചായക്കും കടിക്കും നാലുരൂപ ലാഭം കിട്ടുമ്പോള്‍ ദിവസവും രണ്ടുപ്രാവശ്യം ചായക്കട സന്ദര്‍ശിക്കുന്നവരുടെ ലാഭം
എട്ടുരൂപ. അപ്പോള്‍ ചായകുടിയില്‍ ഒരുമാസം ലാഭിക്കുന്നത് 240 രൂപ! കണക്കിന്റെ കാര്യം അങ്ങനെയാണല്ലോ, ചെറിയ സംഖ്യകള്‍ നമ്മള്‍ ശ്രദ്ധിക്കില്ല. വലിയ അക്കങ്ങളില്‍ എപ്പൊഴും കണ്ണുടക്കും.

അഞ്ചുരൂപയ്ക്ക് ചായയും ചെറുകടികളും വില്‍ക്കുന്നത് നഷ്ടമല്ലെന്ന അഭിപ്രായക്കാരാണ് കച്ചവടക്കാര്‍. അഞ്ചുരൂപയ്ക്ക് വടയും ബജിയും ഒക്കെ കിട്ടുമ്പോള്‍ ഒരെണ്ണത്തില്‍ ഒതുക്കാന്‍ ആരും തയ്യാറാവില്ല. ആവശ്യക്കാര്‍ രണ്ടും മൂന്നും എണ്ണം എടുക്കുമ്പോള്‍ ലാഭം കടക്കാരനുതന്നെ. വലിയ ലാഭവും എന്നാല്‍ നഷ്ടവും ഇല്ലെന്ന ഒരു മറുഭാഗം പറയുന്നവരും ഉണ്ട്. മറ്റു കടക്കാര്‍ അഞ്ചുരൂപയ്ക്ക് വില്‍ക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ലെന്നുകണ്ട് വില കുറച്ചവരും കൂട്ടത്തിലുണ്ടെന്ന് മറച്ചുവെയ്ക്കുന്നില്ല. പാലിന്റെ വിലയില്‍ ആശങ്കപ്പെടുന്ന ചായ വില്‍പ്പനക്കാരും കുറവല്ല.
എങ്കിലും അഞ്ചുരൂപാ ബോര്‍ഡ് കണ്ട് ചായ കുടിക്കാന്‍ കയറുന്നവര്‍ ഏറെയാണെന്നാണ് കടക്കാരുടെ പൊതു അഭിപ്രായം. എല്ലാ കടകളുടെയും മുന്നില്‍ ചായ-5, വട-5, എത്തയ്ക്കാ അപ്പം-5, ബജി-5 എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ കാണാം. ചിലര്‍ പിന്നെയും വ്യത്യസ്തരായി വിപണനതന്ത്രം ഒന്നുകൂടി മാറ്റിച്ചവിട്ടി ചപ്പാത്തിക്കും പൊറോട്ടയ്ക്കും അപ്പത്തിനും അഞ്ചുരൂപ ഓഫര്‍ ചെയ്തുകൊണ്ടുള്ള ബോര്‍ഡും തൂക്കിയിട്ടുണ്ട്.
എന്തായാലും പത്തുരൂപയ്ക്ക് ലഘുഭക്ഷണം കഴിയാം എന്നൊരു സ്ഥിതിയുണ്ടിപ്പോള്‍ നഗരത്തില്‍. വലിയ കടകളില്‍ പോകാന്‍ താത്പര്യമില്ലാത്തവരും പാങ്ങില്ലാത്തവരും കടയ്ക്ക് പരിസരത്ത് നിന്നും സ്ഥലം അഡ്ജസ്റ്റ് ചെയത് ഇരുന്നും ചായ കുടിക്കാന്‍ തയ്യാറുള്ളവരും ഇത്തരം കടകളില്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ഇതിനു പരിസരത്തെ ആള്‍ക്കൂട്ടത്തില്‍നിന്നു മനസ്സിലാക്കാം.

വീക്ഷണം, ജൂലൈ 24


Wednesday, 23 July 2014

ലഹരിക്കെതിരെ കാര്‍ട്ടൂണ്‍ ആയുധമാക്കി ഹക്കു

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനാകുകയാണ് കാര്‍ട്ടൂണിസ്റ്റ് ഹക്കു. നാടിനെ നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ തന്റെ പ്രതിഷേധമാണ് ഹക്കു വരയിലൂടെ വെളിപ്പെടുത്തുന്നത്. ലഹരിയുടെ പിടിയില്‍നിന്നും സമൂഹത്തെ കരകയറ്റുക എന്ന ലക്ഷ്യം നിറവേറിക്കാണണമെന്ന ആത്മാര്‍ഥമായ ആഗ്രഹം കൂടി ഹക്കുവിന്റെ വരകള്‍ക്കു പിറകിലുണ്ട്.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കിയത് ഏറെ പ്രതീക്ഷയ്ക്കു വക നല്‍കുന്ന കാര്യമാണെന്ന് ഹക്കു പറയുന്നു. രാഷ്ട്രീയ-സാമൂഹിക സംഘടനകളെക്കൊണ്ടുമാത്രം തുടച്ചുമാറ്റാന്‍ കഴിയുന്നതല്ല സമൂഹത്തിലെ ലഹരി ഉപഭോഗം. സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതോടെ ലഹരി മാഫിയകളുടെ വേരറുക്കാനുള്ള പ്രവര്‍ത്തനം ത്വരിത ഗതിയിലായിട്ടുണ്ട്. നിരവധി ലഹരിവിരുദ്ധ പ്രദര്‍ശനങ്ങള്‍ ഇതിനോടകം നടത്തിയ ഹക്കു സാമ്പത്തികലാഭം നോക്കാതെയാണ് പലപ്പോഴും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്.

എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ ഹക്കു നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനുപുറമേ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലും ജനസഞ്ചയ കേന്ദ്രങ്ങളിലും ഹക്കുവിന്റെ ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടന്നിട്ടുണ്ട്. എല്ലായിടത്തുനിന്നും വലിയ പിന്തുണയും പങ്കാളിത്തവും ലഭിച്ചുവെന്ന് ചാരിതാര്‍ഥ്യത്തോടെ ഹക്കു സ്മരിക്കുന്നു. അട്ടപ്പാടി കമ്പളം ആദി കലാകേന്ദ്രം, കോട്ടയം ജനറല്‍ ആശുപത്രി, കരുനാഗപ്പള്ളി ജി എച്ച് എസ് എസ്, തിരുവനന്തപുരം പാണക്കാട് തങ്ങള്‍ ഹാള്‍, നാലാഞ്ചിറ സര്‍വോദയ സ്‌കൂള്‍, കുഴിവിള എം ജി എം സ്‌കൂള്‍, ചവറ വികാസ് കലാ സാംസ്‌ക്കാരിക സമിതി തുടങ്ങിയ സ്ഥലങ്ങള്‍ കൂട്ടത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ആര്‍ട്ട് ഗാലറികളില്‍ മാത്രം പ്രദര്‍ശനം ഒതുക്കിനിര്‍ത്താതെ സാമൂഹിക പ്രസക്തി കൂടി തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കല്‍ കഴിഞ്ഞവര്‍ഷം ഹക്കു നടത്തിയ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ക്ലീന്‍ കാമ്പസ് സേഫ് ക്യാമ്പസ് പരിപാടിയിലൂടെ സ്‌കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍ ആരംഭിച്ച ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ എളുപ്പം കുട്ടികളിലെത്തിക്കാന്‍ കാര്‍ട്ടൂണുകളിലൂടെ സാധിക്കും. ഡോക്യുമെന്ററി, സെമിനാര്‍, ബോധവത്ക്കരണ ക്ലാസ്സുകള്‍, ലേഖനങ്ങള്‍ തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും കുട്ടികളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ വരകളിലൂടെയും ചിത്രങ്ങളിലൂടെയും സാധിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ക്ലീന്‍ കാമ്പസ് സേഫ് ക്യാമ്പസിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ വഴിയുള്ള ബോധവത്കരണം കൂടി ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് തീര്‍ച്ച. ലഹരി ഉപയോഗത്തിന്റെ ഭീകരത വെളിവാക്കുന്ന കാര്‍ട്ടൂണുകള്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ കുട്ടികളുടെ ശ്രദ്ധ അതില്‍ പതിയും. തലമുറയെ ലഹരിയില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള പ്രവര്‍ത്തനത്തിന് അങ്ങനെ ആക്കം കൂട്ടുകയും ചെയ്യാം. കലയെ സാമൂഹിക ഉന്നമനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തോടെ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് അതൊരു പ്രോത്സാഹനവുമാകും.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഹരികുമാര്‍ കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായതോടെയാണ് ഹക്കു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. സാമൂഹിക പ്രശ്‌നങ്ങളും കാലിക സംഭവങ്ങളും എക്കാലത്തും ഹക്കു തന്റെ വരയില്‍ വിഷയമാക്കിയിട്ടുണ്ട്. വീക്ഷണം ദിനപത്രത്തില്‍ പത്തുവര്‍ഷം കാര്‍ട്ടൂണിസ്റ്റായി ജോലിചെയ്തിരുന്ന ഹക്കു ഇപ്പോള്‍ നിരവധി ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകളും ഇല്ലസ്‌ട്രേഷനും ചെയ്യുന്നു. ഭാര്യ ബാലാമണി തൃശ്ശൂര്‍ മുണ്ടത്തിക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്. വിദ്യാര്‍ഥിനികളായ ആര്യയും മീരയും മക്കള്‍.

വീക്ഷണം, ജൂലൈ 23


Saturday, 19 July 2014

പൗലോ കൊയ്‌ലോ-അഡല്‍റ്റ്‌റി



കൊയ്‌ലോയുടെ മാന്ത്രികത ഇനി അഡല്‍റ്റ്‌റിയിലൂടെ 

പൗലോ കൊയ്‌ലോയുടെ പുതിയ പുസ്തകം അഡല്‍റ്റ്‌റി പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ ഭാഷകള്‍ക്കുശേഷം പ്രകാശനം ചെയ്യുന്നത് മലയാളത്തില്‍


15 കോടിയിലേറെ വായനക്കാര്‍, 80 ഭാഷകളില്‍ പരിഭാഷ, വായനക്കാരനെക്കൂടി ഭ്രമാത്മക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള കഴിവ്, മാന്ത്രികഭംഗിയുള്ള സങ്കല്‍പ്പനം, ആഖ്യാനതലത്തിലെ ദാര്‍ശനികത... ഇങ്ങനെ പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരന് ചാര്‍ത്തിനല്‍കാവുന്ന മേലങ്കികള്‍ ഏറെയാണ്. ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രശസ്തനായ ഈ എഴുത്തുകാരന് മലയാളത്തിലും വായനക്കാര്‍ ഏറെയാണ്. മലയാളികളുടെ ഈ കൊയ്‌ലോ പ്രണയത്തിന് അര്‍ഹിക്കത്തക്ക അംഗീകാരമാണ് ഡി സി ബുക്‌സ് ഇന്നലെ സമ്മാനിച്ചത്. കൊയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകമായ അഡല്‍റ്റ്‌റിയുടെ പ്രകാശനം ഡി സി പുസ്‌കമേളയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്നു. ഈ പ്രകാശനത്തിലെ വലിയ പ്രത്യേകത എന്തെന്നാല്‍ പുസ്തകം ഇംഗ്ലീഷില്‍ വരുന്നതിനു മുന്‍പേയാണ് ഈ മലയാളം പരിഭാഷ. നിലവില്‍ അഡല്‍റ്റ്‌റി പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ ഭാഷകളില്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.
ലോകഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു വിഭാഗം സംസാരിക്കുന്ന ഒരു ഭാഷയാണ് മലയാളം. അവിടെയാണ് ഈ പ്രകാശനത്തിലൂടെ മലയാളി വായനക്കാര്‍ക്കും കൊയ്‌ലോയ്ക്കും കിട്ടുന്ന അംഗീകാരത്തിന്റെ വലിപ്പമേറുന്നത്. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഏതൊരാളും തന്റെ വായനാ ജീവിതത്തില്‍ കൊയ്‌ലോയിലൂടെ കടന്നുപോകാതിരിക്കില്ല. ഇത് ഏതു നല്ല വായനക്കാരനും സമ്മതിച്ചുതരും. അവിടെയാണ് ചെറിയ ഭാഷയായ മലയാളത്തിലും കൊയ്‌ലോയുടെ പ്രസക്തി. മലയാളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ളതും വിറ്റുപോകുന്നതുമായ പുസ്തകങ്ങളാണ് കൊയ്‌ലോയുടെത്. ഇത് ശരിക്കും മനസ്സിലാക്കിത്തന്നെയാണ് ഡി സി അഡല്‍റ്റ്‌റിയുടെ പ്രസാധനം ഇത്രയും പെട്ടെന്ന് ഏറ്റെടുത്തതും.

രാധാമണിക്കുഞ്ഞമ്മയുടെതാണ് മലയാളം പരിഭാഷ. കാലികപ്രശ്‌നങ്ങളെ ശുഭോദര്‍ക്കമായി സമീപിച്ച് പ്രശ്‌നപരിഹാരം തേടുന്ന സ്ഥിരം ശൈലി അഡല്‍റ്റ്‌റിയിലും കൊയ്‌ലോ സ്വീകരിച്ചിട്ടുണ്ടെന്ന് തന്റെ വിവര്‍ത്തനാനുഭവം പങ്കുവെയ്ക്കവെ രാധാമണിക്കുഞ്ഞമ്മ പറയുകയുണ്ടായി. വായിച്ച് അത്ഭുതം കൂറിയ എഴുത്തുകാരനെ വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞതിലുള്ള സൗഭാഗ്യത്തെ പ്രകടിപ്പിക്കാനും അവര്‍ മറക്കുന്നില്ല. മലയാളികളുടെ ഹൃദയവികാരം ഏറ്റുവാങ്ങിയ എഴുത്തുകാരനായ കൊയ്‌ലോയുടെ ആഖ്യാനത്തിലെ ദാര്‍ശനിക തലത്തെയാണ് താന്‍ എന്നും സ്‌നേഹിച്ചിട്ടുള്ളതെന്ന് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ഒരു കഥാപാത്രത്തിലൂടെ ജീവിതത്തിലെ നാനാതലങ്ങളിലേക്ക് സഞ്ചരിക്കുന്ന കൊയ്‌ലോ ശൈലി അഡല്‍റ്റ്‌റിയില്‍ ലിന്‍ഡ എന്ന കഥാപാത്രത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ ആവിഷ്‌ക്കരിച്ചിട്ടുള്ള അഡല്‍റ്റ്‌റി കൊയ്‌ലോയുടെ മറ്റു നോവലുകളെക്കാള്‍ ലളിതമായ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മധുപാല്‍ തന്റെ വായനാനുഭവമായി പറഞ്ഞു. ജീവിതവികാരങ്ങള്‍ ലളിതമായ ഭാഷയില്‍ പറഞ്ഞ് സൈദ്ധാന്തികമായ മാനം നല്‍കി അവസാനിപ്പിക്കുന്ന രീതി തന്നെയാണ് അഡല്‍റ്റ്‌റിയിലുമുള്ളത്.
ആല്‍ക്കെമിസ്റ്റ്, സഹീര്‍, ഫിഫ്ത്ത് മൗണ്ടൈന്‍, പില്‍ഗ്രിമേജ്, ഇലവന്‍ മിനുട്ട്‌സ്, ബ്രിഡ, പോര്‍ട്ടോവില്ലയിലെ മന്ത്രവാദിനി തുടങ്ങിയ നോവലുകളിലൂടെയാണ് കൊയ്‌ലോ മലയാളി വായനയില്‍ സജീവമായി ഇടപെട്ടത്. ഇതില്‍ത്തന്നെ ആല്‍ക്കെമിസ്റ്റിനും സഹീറിനും റെക്കോര്‍ഡ് വില്‍പ്പനയാണ് കേരളത്തിലുണ്ടായത്. ബ്രസീലില്‍ ജനിച്ച് പോര്‍ച്ചുഗല്‍ ഭാഷയില്‍ എഴുതുന്ന കൊയ്‌ലോ 1982ല്‍ ഹെല്‍ ആര്‍ക്കൈവ്‌സ് എന്ന പുസ്തകത്തിലൂടെയാണ് വായനക്കാര്‍ക്കിടയിലേക്കു കടന്നുവന്നത്. അഡല്‍റ്റ്‌റിയെ അന്വേഷിച്ചായിരിക്കും മലയാളി വായനക്കാര്‍ വരുംദിവസങ്ങളില്‍ പുസ്തകക്കടകളിലെത്തുകയെന്നു തീര്‍ച്ച.

വീക്ഷണം, ജൂലൈ 20

Saturday, 12 July 2014

സര്‍ക്കാര്‍ സ്‌കൂള്‍

മികവുറ്റ ചില വിദ്യാലയങ്ങള്‍

വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഒരു സ്‌കൂള്‍ ഇന്ന് സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികളെ ഒന്നാം ക്ലാസിലേയ്ക്ക് എത്തിച്ചിരിക്കുന്നു. തിരുവനന്തപുത്തെ മണക്കാട് സ്‌കൂളില്‍ നിന്നാണ് ഈ നേട്ടത്തിന്റെ വാര്‍ത്തയെത്തുന്നത്. സര്‍ക്കാര്‍ ഫണ്ടും പിടിഎയുടെ സഹായവും കൃത്യമായി വിനിയോഗിച്ചാല്‍ ഒരു വിദ്യാലയം എത്ര മികവുറ്റതാക്കാമെന്നതിന് ഉദാഹരണമാണ് മണക്കാട് ഗവ ടി.ടി.ഐ എല്‍.പി. സ്‌കൂള്‍.
ഈ സുവര്‍ണകാലത്തിന് മുമ്പ് മണക്കാട് സ്‌കൂളിന് മറ്റൊരു മുഖമുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന കുട്ടികളുമായി നടത്തിയ പ്രവേശനോല്‍സവം. കാലൊടിഞ്ഞ ബഞ്ചും ഡസ്‌കും. ഇടിഞ്ഞുവീഴാറായ കെട്ടിടം. എന്നാല്‍ അധ്യാപകരും നാട്ടുകാരും മനസുവച്ചതോടെ പി ടി എ ഫണ്ടും സര്‍ക്കാര്‍ സഹായവും കൃത്യമായി വിനിയോഗിച്ചു. ഏഴുവര്‍ഷം മുമ്പ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുടെ പട്ടികയിലായിരുന്ന മണക്കാട് എല്‍ പി സ്‌കൂള്‍ പടിപടിയായി ഇന്നത്തെ നിലയിലായി. കുട്ടികള്‍ക്കായി ഇന്‍ഡോര്‍ സ്‌റ്റേഡിയവും, സ്റ്റീം കിച്ചനും, സ്മാര്‍ട്ട് ക്ലാസ് മുറികളും പ്രത്യേകതയുള്ള കുട്ടികള്‍ക്കായി വിദഗ്ധ പരിചരണവും ഒരുക്കിയാണ് ഈ അധ്യയനവര്‍ഷത്തില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളത്. അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത. ഈ സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികളും സ്‌കൂളിലയക്കാന്‍ രക്ഷിതാക്കളും എത്രത്തോളം താത്പര്യം കാണിക്കുന്നുവെന്നതിന് ഇതില്‍പരം മറ്റെന്തു തെളിവുവേണം. സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ക്ക് സ്വീകരിക്കാവുന്നൊരു മാതൃകയാണ് മണക്കാട് സ്‌കൂളിന്റെത്. ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ ഏതു പടുകുഴിയില്‍ നിന്നും കരകയാറാനാകുമെന്ന് മണക്കാട് സ്‌കൂള്‍ തെളിയിക്കുന്നു.

കോട്ടണ്‍ഹില്‍ സ്‌കൂളാണ് തലസ്ഥാനത്തുനിന്നുള്ള മറ്റൊരു മികച്ച സര്‍ക്കാര്‍ മാതൃക. പുതിയതായി 147 കുട്ടികളാണ് ഈ വര്‍ഷം കോട്ടണ്‍ഹിലില്‍ ഒന്നാംക്ലാസ്സില്‍ അഡ്മിഷന്‍ നേടിയത്. കഴിഞ്ഞ വര്‍ഷം 693 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 840 ആയി. രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ അഡ്മിഷനിലും വലിയ വളര്‍ച്ചയാണ് ഉണ്ടായത്. അഡ്മിഷന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള അന്വേഷണങ്ങള്‍ ഇപ്പൊഴും നിലച്ചിട്ടില്ല എന്നതാണ് കോട്ടണ്‍ഹില്ലില്‍ നിന്നുള്ള പുതിയ വര്‍ത്തമാനം.
കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ അമൃതധാര പദ്ധതി, പൂന്തോട്ടം, മൃഗങ്ങളുടെയും പക്ഷികളുടെയും വര്‍ണ്ണച്ചിത്രങ്ങളോടു കൂടിയ ഡെസ്‌ക്കും ബഞ്ചും, പെയിന്റിംഗുകള്‍ നിറഞ്ഞ ക്ലാസ്സ്മുറികള്‍, സ്റ്റീം കിച്ചന്‍, ഡൈനിംഗ് ഹാള്‍, ഇന്‍ഡോര്‍ ഗെയിംസിനായി പുതിയ സ്റ്റേഡിയം, ഗതാഗത സൗകര്യത്തിനായി പുതിയ ബസ്സ്, 15 പുതിയ കമ്പ്യൂട്ടറുകള്‍, മള്‍ട്ടിമീഡിയ ഹാള്‍ എന്നിവയെല്ലാം ഒരുക്കിയാണ് സ്‌കൂള്‍ പുതിയ കൂട്ടുകാരെ വരവേല്‍ക്കുന്നത്. സര്‍ക്കാര്‍ സഹായത്തിനൊപ്പം അധ്യാപകരുടെയും പി ടി എയുടെയും കൂട്ടായ പരിശ്രമം കൊണ്ടും കൂടിയാണ് കോട്ടണ്‍ഹിലിന് ഈ നേട്ടത്തിലെത്താനായത്. ഇംഗ്ലീഷ് നിലവാരം വര്‍ധിപ്പിക്കുന്നതിനായി പി ടി എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിന് പുതിയ ഒരു ടീച്ചറെയും ഈ വര്‍ഷം നിയമിച്ചു.
സമൂഹം സഹകരിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നിലനിര്‍ത്താനും വളര്‍ത്താനും പറ്റും- കോട്ടണ്‍ഹില്‍ സ്‌കൂളിന്റെ വിജയഗാഥകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പി ടി എ പ്രസിഡന്റ് പ്രസന്നകുമാറിന്റെതാണ് ഈ വാക്കുകള്‍. അതു സത്യമാണെന്ന് നമുക്കും സമ്മതിക്കേണ്ടിവരും. അവര്‍ പറയുകയല്ലല്ലോ ഇതാ ഒരു മാതൃക എന്ന് പ്രവര്‍ത്തിച്ച് കാണിച്ചു തരികയല്ലേ ചെയ്യുന്നത്.
എസ് എസ് എല്‍ സിക്ക് തുടര്‍ച്ചയായ അഞ്ചാം തവണയും നൂറുശതമാനം വിജയം നേടിയാണ് പാപ്പനംകോട് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പരാധീനതകളിലും തലയുയര്‍ത്തിപ്പിടിക്കുന്നത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കില്‍ പോലും വിജയത്തിന്റെ മേന്മ കൊണ്ടുമാത്രം അഡ്മിഷന്‍ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. അത്യാവശ്യം സൗകര്യങ്ങള്‍ കൂടി ഒരുക്കിയാല്‍ ജില്ലയില്‍ അഭിമാനിക്കുന്ന ഉയരത്തില്‍ എത്തുന്ന മറ്റൊരു സര്‍ക്കാര്‍ സ്‌കൂള്‍ കൂടിയായി മാറും ഇതെന്ന് നിസ്സംശയം പറയാം.
അഞ്ചുമുതല്‍ 10 വരെ ക്ലാസ്സുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്. ഈ വര്‍ഷം മുതല്‍ അഞ്ചാംക്ലാസ്സില്‍ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചിരിക്കുന്നു. മികച്ച അധ്യാപകരുടെ നിരയാണ് പാപ്പനംകോട് സ്‌കൂളിനെ നേട്ടങ്ങളിലെത്തിക്കുന്നത്. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി നെല്‍കൃഷിയും പച്ചക്കറിത്തോട്ടവും സ്‌കൂളിലുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെക്കാള്‍ മികച്ചതാണ് പല സര്‍ക്കാര്‍ സ്‌കൂളുകളും എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തിലെ മാത്രം സ്ഥിതിയല്ലിത്. മറ്റു ജില്ലകളിലും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ട്. പക്ഷേ ഈ സ്‌കൂളുകളില്‍ വന്നുചേരുന്ന കുട്ടികളുടെ എണ്ണം താഴോട്ടുതന്നെയാണ്. രക്ഷിതാക്കളും സമൂഹവും ഇക്കാര്യത്തില്‍ സ്വയംവിലയിരുത്തലിനു വിധേയമാകേണ്ടതുണ്ട്.
വിരലിലെണ്ണാവുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മാത്രമാണ് കേരളത്തില്‍ ഉന്നതനിലവാരത്തിലുള്ളത്. പുതിയതായി മുളച്ചുപൊന്തുന്നതും നിലനില്‍ക്കുന്നതുമായ പല സ്‌കൂളുകളുടെയും സ്ഥിതി അതിദയനീയമാണ്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും പണമുണ്ടാക്കാനുള്ള മാനേജ്‌മെന്റ് കൊതിയും യോഗ്യതയില്ലാത്ത അധ്യാപകരും ചേര്‍ന്ന് കുട്ടികളുടെ ഭാവിയാണ് വെള്ളത്തിലാഴ്ത്തുന്നത്.
മധ്യകേരളത്തിലും മലബാറിലും ഇത്തരത്തിലുളള നിരവധി സ്‌കൂളുകളുണ്ട്. തെക്കന്‍ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമാകാനിടയില്ല. പലതിനും അംഗീകാരം പോലുമില്ല. കുട്ടികളുടെ ഭാവി തങ്ങളുടെ കൈകളിലാണെന്ന വിചാരം മാനേജ്‌മെന്റിനുമില്ല. രക്ഷിതാക്കളുടെ വിദ്യാഭ്യാസമില്ലായ്മയും വിദ്യാഭ്യാസമുള്ളവരുടെ ചിന്താശേഷിക്കുറവും കുട്ടികളെ ഇത്തരം സ്‌കൂളുകളിലയക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഇംഗ്ലീഷം മീഡിയം എന്ന പൊലിമയും ആര്‍ഭാടവും ഇപ്പൊഴും ഒരു വിഭാഗം രക്ഷിതാക്കളെ മദിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. മറ്റൊരു വിഭാഗം മീഡിയത്തിലല്ല, മികച്ച വിദ്യാഭ്യാസം മക്കള്‍ക്ക് കിട്ടുന്നുണ്ട് എന്നതിലാണ് ശ്രദ്ധ വെയ്ക്കുന്നത്. അതാണ് വേണ്ടതും.
ആശയവിനിമയ ശേഷി, സര്‍ഗാത്മകത, വിമര്‍ശനചിന്ത തുടങ്ങിയവയിലെല്ലാം മേല്‍ക്കൈ പുലര്‍ത്തുന്ന പൊതുവിദ്യാലയത്തിലെ കുട്ടികള്‍ സാങ്കേതികതകള്‍ ഉപയോഗപ്പെടുത്തി ബോധനപഠന വികാസം വരുത്തുന്നതിലും ഏറെ മുന്നിലാണ്. പുതിയ പാഠ്യപദ്ധതിയില്‍ പഠിച്ചുവരുന്നവര്‍ മറ്റു സിലബസില്‍ പഠിക്കുന്നവരെക്കാള്‍ എല്ലാ തലത്തിലും ഏറെ മുന്നിലാണെന്ന് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്.

മികച്ച അടിസ്ഥാനസൗകര്യങ്ങളും പഠനമികവും മുന്നോട്ടുവെച്ചാല്‍ അത് ശ്രദ്ധിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്കോ സമൂഹത്തിനോ സാധിക്കില്ല. അധ്യാപകരും രക്ഷിതാക്കളും പ്രാദേശിക ഭരണകൂടങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിച്ചാല്‍ മികച്ച വിദ്യാലയങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളോ കമ്പ്യൂട്ടര്‍ ലാബുകളോ ഉണ്ടാക്കി മാത്രമല്ല, ഇത്തരമൊരു കൂട്ടായ പരിശ്രമത്തിലൂടെയായിരിക്കും മികച്ച വിദ്യാലയങ്ങള്‍ ഉണ്ടാകുകയെന്ന് ആര്‍ വി ജി മേനോന്‍ അഭിപ്രായപ്പെടുന്നു.
ആര്‍ വി ജിയുടെ അഭിപ്രായത്തെ സാധൂകരിക്കുന്ന വിധം ഒത്തൊരുമയുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നിലെത്തിയ ഒട്ടേറെ പൊതുവിദ്യാലയങ്ങള്‍ നമുക്കു മുന്നിലുണ്ട്. കാസര്‍ഗോട്ടെ കൂട്ടക്കനി യു.പി സ്‌കൂള്‍, മലപ്പുറം കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആലപ്പുഴയിലെ നീര്‍ക്കുന്നം എസ്.ഡി.വി. ജി. യു. പി. എസ്, തിരുവനന്തപുരം ആറ്റിങ്ങലിലെ അവനവഞ്ചേരി ജി. എച്ച്. എസ്. എസ്, എറണാകുളത്തെ കീച്ചേരി ജി.യു.പി.എസ് തുടങ്ങിയ സ്‌കൂളുകളെയെല്ലാം ഇതില്‍ ചേര്‍ത്തുവായിക്കാന്‍ സാധിക്കും.
കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങള്‍ എണ്‍പതുശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികളെ മാത്രം തെരഞ്ഞെടുത്ത് പരീക്ഷയ്ക്കിരുത്തി ഉന്നതവിജയം നേടുമ്പോള്‍ മുഴുവന്‍ കുട്ടികളെയും പരീക്ഷയ്ക്കിരുത്തി മികച്ച വിജയം നേടുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.  സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മോശമാണെന്ന ധാരണ ആളുകളില്‍ മാറിവരുന്നു. -ഈ സാക്ഷ്യപ്പെടുത്തല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെതാണ്.
കാഴ്ചപ്പാടുകള്‍ തന്നെയാണ് മാറേണ്ടത്. ചുറ്റുവട്ടത്തെ മാറ്റങ്ങളിലേക്ക് കണ്ണയക്കുകയും മക്കളുടെ  ഭാവിക്കൊപ്പം അവരെ സാമൂഹ്യബോധമുള്ള പൗരന്മാര്‍ കൂടിയാക്കി വാര്‍ത്തെടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. അത്തരം തലമുറയെയാണ് നാടിനാവശ്യവും.

ജനപഥം, ജൂണ്‍


അഞ്ജലിമേനോന്‍
മലയാളത്തിലെ ആദ്യത്തെ വലിയ സംവിധായിക
ക്യാമറയ്ക്കു മുന്നില്‍ സ്ത്രീകള്‍ അവിഭാജ്യവും ആവശ്യവുമായ ഘടകമായിരുന്നു നമുക്കെന്നും. അതങ്ങനെ ഒരു ശീലത്തിന്റെ ഭാഗമായി നിര്‍ബന്ധമായിപ്പോയതാകാം. എന്നാല്‍ കുറേക്കൂടി സര്‍ഗാത്മകമായ ക്യാമറയുടെ പിന്‍മേഖലയിലേക്കു നോക്കിയാല്‍ ഈ സാന്നിധ്യം നിരാശപ്പെടുത്തുന്നതോ കണ്ടുകിട്ടാന്‍ പ്രയാസമുള്ളതോ ആയി മാറും.
ആണ്‍കോയ്മ എന്നൊന്നും വിളിക്കേണ്ടതില്ലെങ്കിലും സ്ത്രീകള്‍ അഭിനയിക്കാന്‍ മാത്രമുള്ളവരും, അഭിനയിപ്പിക്കുന്നതും എഴുതുന്നതും ക്യാമറ പിടിക്കുന്നതും എഡിറ്റ് ചെയ്യുന്നതും പാട്ടെഴുതുന്നതും സംഗീതം നല്‍കുന്നതും എന്നുവേണ്ട സിനിമയ്ക്കു പിറകിലെ സകല മേഖലകളും ആണുങ്ങള്‍ കൈകാര്യം ചെയ്യുന്നതായി തുടര്‍ന്നുപോന്നു. ഇതെല്ലാം ആണുങ്ങള്‍ മാത്രം ചെയ്യുന്ന എന്തൊക്കെയോ ആണെന്ന തോന്നലും നമ്മളിലടിയുറച്ചു. ലോകസിനിമയില്‍ പോലും സ്ഥിതി അത്രകണ്ട് വ്യത്യസ്തമല്ല എന്നുവേണം പറയാന്‍.
ഷീല, രേവതി, സുഹാസിനി, ബീനാപോള്‍, ഗീതു മോഹന്‍ദാസ്, ശ്രീബാല കെ മേനോന്‍, ശാലിനി ഉഷാ നായര്‍, രേവതി എസ് വര്‍മ്മ തുടങ്ങി വിരലിലെണ്ണാവുന്നവരിലൊതുങ്ങുന്നു 85 വയസ്സു കഴിഞ്ഞ മലയാള സിനിമയിലെ ക്യാമറയ്ക്കു പിറകിലെ സ്തീസാന്നിധ്യം.
കഴിവും പരിശ്രമവും കൈമുതലായിട്ടുള്ള ആര്‍ക്കും കടന്നുവരാവുന്ന ഇടമായി മലയാള സിനിമ കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ മാറിയതോടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒട്ടേറെ പുതിയ മുഖങ്ങള്‍ ഉണ്ടായി. പ്രതിഭയുള്ളവര്‍ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു. ഈ ഒഴുക്കില്‍ മുന്‍പത്തേക്കാളേറെ സ്ത്രീസാന്നിധ്യങ്ങളും ഉണ്ടായിരുന്നു. അതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള പേരാണ് അഞ്ജലിമേനോന്റേത്. കേരള കഫെയിലെ പത്ത് സംവിധായകരില്‍ ഒരാളായി ഹാപ്പി ജേര്‍ണിയിലൂടെ അരങ്ങേറിയ അഞ്ജലിയെ ആസ്വാദകര്‍ തിരിച്ചറിഞ്ഞു. പിന്നീട് മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും. രണ്ടും പ്രേക്ഷകരുടെ മനസ്സുനിറച്ച സിനിമകള്‍. മഞ്ചാടിക്കുരുവില്‍ സംവിധായികയുടെയും ഉസ്താദ് ഹോട്ടലില്‍ തിരക്കഥാകാരിയുടെയും വേഷത്തില്‍.
പ്രതീക്ഷ തന്നവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് സ്വാഭാവികമായ പ്രക്രിയയാണ്. തീര്‍ച്ചയായും അഞ്ജലിമേനോന്റെ അടുത്ത സിനിമയ്ക്കായും ആസ്വാദകര്‍ കാത്തിരുന്നു. സിനിമ പുറത്തുവന്നപ്പോള്‍ പ്രതീക്ഷ അസ്ഥാനത്തായില്ല എന്നുമാത്രമല്ല അത്ഭുതങ്ങള്‍ സമ്മാനിക്കാന്‍ ശേഷിയുള്ള ചലച്ചിത്രകാരിയാണ് അഞ്ജലി എന്നു തെളിയിക്കുകയും മലയാള സിനിമയില്‍ തന്റേതു മാത്രമായൊരു ഇടം ഉറപ്പിക്കുകയും ചെയ്തു.
ബാംഗ്ലൂര്‍ ഡേയ്‌സ് ഒരത്ഭുത സിനിമയല്ല. മറുവശം ചേര്‍ത്തുപറഞ്ഞാല്‍ ഒരത്ഭുതമാണുതാനും. മലയാളത്തില്‍ ആദ്യമായാണ് ഒരു സംവിധായികയില്‍ നിന്നും ഇത്തരമൊരു മാസ് സിനിമ ഉണ്ടാകുന്നത്. അതുതന്നെയാണ് ഇതിലെ അത്ഭുതവും. സ്ത്രീകള്‍ സംവിധായകവേഷം കെട്ടുന്നതുതന്നെ അപൂര്‍വ്വമാണെന്നിരിക്കെ, വേഷമണിഞ്ഞാല്‍ തന്നെ അത് സമാന്തരപാതയിലെ പരിശ്രമങ്ങളായിരിക്കുമെന്നുമുള്ള ധാരണകളെയാണ് മുഖ്യധാരയിലേക്കുള്ള ഓടിക്കയറ്റത്തിലൂടെ അഞ്ജലിമേനോന്‍ മറികടക്കുന്നത്. അത്ഭുതത്തിനപ്പുറം കഴിവിനെയും ആത്മവിശ്വാസത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുക എന്നത് പാടുപിടിച്ച പണിയാണ്. അങ്ങനെ സാധിക്കുതും അത്യപൂര്‍വ്വമാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ അഞ്ജലി സാധിച്ചത് അതാണ്. താരസാന്നിധ്യം കൊണ്ടായിരുന്നു റിലീസിനുമുമ്പ് ഈ സിനിമ ആരാധകരെ ആകര്‍ഷിച്ചത്. താരങ്ങളെയെല്ലാം പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളാക്കി, എന്നാല്‍ സംവിധായികയുടെ കൈയൊപ്പ് വ്യക്തമായി പതിപ്പിച്ച ഒരു സൃഷ്ടിയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. ഒരേസമയം ഫഹദ്, ദുല്‍ഖര്‍, നിവിന്‍ പോളി, പാര്‍വ്വതി, നസ്‌റിയ, ഇഷാ തല്‍വാര്‍, നിത്യാമേനോന്‍ എന്നിവരുടെയൊക്കെ സിനിമയാകുമ്പോള്‍ തന്നെ കുറേ പടികൂടി മുമ്പിലെത്തി ഒരു അഞ്ജലിമേനോന്‍ ചിത്രമായാണ് ബാംഗ്ലൂര്‍ ഡേയ്‌സ് അവസാനിക്കുകയും നിലനില്‍ക്കുകയും ചെയ്യുക.
ക്ലീന്‍ എന്റര്‍ടെയ്‌നര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന മസാലകളാണ് കുറേ വര്‍ഷങ്ങളായി മലയാളത്തില്‍ വലിയ വിജയം നേടുന്ന സിനിമകള്‍. അവയെ ആരാധകര്‍ (ആസ്വാദകരല്ല) മാസ് എന്ന ഓമനപ്പേരിട്ടു വിളിക്കാനും തുടങ്ങി. നരസിംഹത്തില്‍ തുടങ്ങി ശ്യംഗാരവേലനില്‍ എത്തിനില്‍ക്കുന്ന വിജയഘടകങ്ങള്‍ നോക്കിയാല്‍ ഈ മാസ് രസതന്ത്രം വ്യക്തമാകും.
ബാംഗ്ലൂര്‍ ഡേയ്‌സ് മാസിനുവേണ്ടി ഉണ്ടാക്കിയ സിനിമയല്ല. തിരക്കഥ തയ്യാറാക്കി കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ കണ്ടെത്തി ഒരുക്കിയ സിനിമയാണ്. അതുകൊണ്ടാണ് ഏച്ചുകെട്ടല്‍ അനുഭവപ്പെടാതെ മൂന്നുമണിക്കൂര്‍ നേരം നമ്മളെ പിടിച്ചിരുത്തുന്നത്. ഇത്രയും നേരം ചിരിയോ കരച്ചിലോ ഉദ്വേഗപൂര്‍വ്വം കണ്ണും കാതും നട്ടിരിക്കുകയോ അല്ല. ആഘോഷം, ചിരി, ഓര്‍മ്മ, അല്പം ആര്‍ദ്രത.. ഇതൊക്കെയാണ് ബാംഗ്ലൂര്‍ ഡേയ്‌സിലെ കഥാപാത്രങ്ങളും കഥാപരിസരവും നമുക്ക് സമ്മാനിക്കുക. ഇതില്‍ സമീര്‍ താഹിര്‍ (ക്യാമറ), പ്രവീണ്‍ പ്രഭാകര്‍ (എഡിറ്റിംഗ്), ഗോപീസുന്ദര്‍ (സംഗീതം) എന്നിവര്‍ക്ക് വലിയ പങ്കുണ്ട്.
നേരത്തെപ്പറഞ്ഞ മാസ് സിനിമകള്‍ മിക്കതും ഒരു നടനും അയാളുടെ ആരാധകര്‍ക്കും വേണ്ടി ബോധപൂര്‍വ്വം തയ്യാറാക്കുന്നവയാണ്. അതില്‍ തൃപ്തിപ്പെടുത്തലിന്റെ ചേരുവകളാണ് കൂടുതല്‍ ചേര്‍ക്കേണ്ടത്. ഒട്ടേറെ വാര്‍പ്പുമാതൃകകള്‍ പിന്നിലുള്ളതിനാല്‍ അത്തരത്തിലുള്ള തിരക്കഥാ രചനയും എളുപ്പമാകും.
ബാംഗ്ലൂര്‍ ഡേയ്‌സിലെ നായകന്മാരായ ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെല്ലാം ഏറെ ആരാധകരുള്ള നടന്മാരാണ്. എന്നാല്‍ ആരാധകര്‍ക്കുവേണ്ടി സിനിമകള്‍ തെരഞ്ഞെടുക്കുന്നവരുമല്ല. എന്തെങ്കിലും ചെയ്യാനുള്ള വേഷങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള ഭൂതകാലമാണ് ഇവര്‍ക്കുള്ളതും. അതുകൊണ്ടുതന്നെ ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ഒരു ചിത്രമൊരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നു മനസ്സിലാവും. ഇതില്‍ വിജയിച്ചു എന്നതാണ് ഈ ചിത്രത്തിന്റെയും അഞ്ജലിമേനോന്റെയും പ്രസക്തി വര്‍ധിപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നേടിനില്‍ക്കുന്ന ഒരു നടനും മൂന്നു തുടര്‍ പരാജയങ്ങള്‍ നേരിട്ട നടനും സ്ഥിരം നിലവാരത്തില്‍ നിന്നും ഒരിക്കലും താഴെ പോകാത്ത മറ്റൊരു നടനുമായിരുന്നു അഞ്ജലിക്കു മുന്നിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം അഭിമാനിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളും വിജയവുമാണ് അഞ്ജലി നല്‍കിയത്.

സാധാരണ മാസ് സിനിമയില്‍ നായക കഥാപാത്രമാണ് എല്ലാം ചെയ്യുക. പിറകെ നില്‍ക്കുകയോ മറഞ്ഞുനില്‍ക്കുകയോ ചായ കൊണ്ടുകൊടുക്കുകയോ ആയിരിക്കും സ്ത്രീയുടെ/നായികയുടെ അഭിനയസാധ്യത. ഈ മാസ് വ്യത്യസ്തമാകുന്ന മറ്റൊരിടം അതാണ്. ബാംഗ്ലൂര്‍ ഡേയ്‌സിലെ നായികാ കഥാപാത്രങ്ങളെല്ലാം വ്യക്തമായ മേല്‍വിലാസവും അഭിപ്രായവുമുള്ളവരാണ്. അവര്‍ ആരുടെയും നിഴലിനു പിറകില്‍ നില്‍ക്കുന്നവരുമല്ല. വെളിച്ചത്തില്‍ വന്ന് സമൂഹവുമായി ഇടപെടുന്നവരാണ് പാര്‍വ്വതിയുടെയും നസ്‌റിയയുടെയും ഇഷാ തല്‍വാറിന്റെയും നിത്യയുടെയുമെല്ലാം കഥാപാത്രങ്ങള്‍. ഇഷാ തല്‍വാറിന്റെയും നിത്യാമേനോന്റെയും കഥാപാത്രങ്ങള്‍ ബാംഗ്ലൂര്‍ ജീവിതത്തിന്റെ പരിച്ഛേദമായും കാണാം.
സാഹസിക വിനോദമായ ബൈക്ക് റേസിംഗ് ഒരു സംവിധായിക ചിത്രീകരിക്കുന്നത് ആശ്ചര്യം ജനിപ്പിക്കുന്നതാണ്. കാരണം മറ്റൊന്നുമല്ല പൂര്‍വ്വമാതൃകകള്‍ ഇല്ല എന്നതുതന്നെ. വീട്ടിലോ ഫഌറ്റിലോ നഗരത്തിലോ ഒതുങ്ങിനില്‍ക്കാത്ത സിനിമ ജീവിതത്തിനുപിന്നാലെയാണ് സഞ്ചരിക്കുന്നത്. സിനിമയുടെ തലം വലുതാകുന്നതും അങ്ങനെയാണ്. അഞ്ജലിമേനോന്‍ തന്റെ മുന്‍ സിനിമകളില്‍ അടയാളപ്പെടുത്തി വച്ചിട്ടുള്ള നന്മയും സ്‌നേഹവും ഓര്‍മ്മകളും പിന്നെ നമ്മള്‍ തെന്നയായിപ്പോകുന്ന കഥാപാത്രങ്ങളുമെല്ലാം ബാംഗ്ലൂര്‍ ഡേയ്‌സിലുമുണ്ട്.
ഒരു വലിയ സിനിമ മികച്ച രീതിയില്‍ ഒരുക്കി എന്നതാണ് അഞ്ജലിയെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്. വലിയ കാന്‍വാസില്‍ സിനിമകള്‍ ഒരുക്കിയിരുന്ന സംവിധായകര്‍ മലയാളത്തിനുണ്ടായിരുന്നു. ശശികുമാര്‍, കെ എസ് സേതുമാധവന്‍, ഐ വി ശശി, ജോഷി, പ്രിയദര്‍ശന്‍, ഷാജികൈലാസ് ഇവരൊക്കെ അത്തരത്തില്‍ പല കാലങ്ങളില്‍ സിനിമയെടുത്തവരാണ്. അഞ്ജലിയെ ഇൗ ഗണത്തില്‍ ചേര്‍ക്കാനല്ല. പ്രേക്ഷകരെ നിരന്തരം തീയറ്ററിലേക്ക് ആകര്‍ഷിച്ചവരാണ് ഇവരെല്ലാം. വലിയ ജനക്കൂട്ടത്തെയാണ് അഞ്ജലിയും ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ തീയറ്ററുകളിലെത്തിച്ചത്. ഒരു സംവിധായികയിലൂടെ മലയാളത്തില്‍ ഇത്തരമൊരു നേട്ടമുണ്ടാകുമ്പോള്‍ അവരെ പ്രശംസിക്കുന്നതില്‍ മടികാട്ടേണ്ടതില്ല. ബാംഗ്ലൂര്‍ ഡേയ്‌സ് പോലൊരു സിനിമ നിര്‍മ്മിക്കാനായതില്‍ അന്‍വര്‍ റഷീദിനും സോഫിയപോളിനും ഏറെ അഭിമാനിക്കാനും വകയുണ്ട്.

സ്ത്രീശബ്ദം, ജൂലൈ 2014


Wednesday, 2 July 2014

അനാക്കോണ്ട
 തിരുവനന്തപുരം മൃഗശാല


അരുന്ധതിയെ കാണാന്‍ വന്‍ തിരക്ക്‌

സിനിമയില്‍ മാത്രം കണ്ടുപരിചയിച്ച ഭീകരന്‍ പാമ്പിനെ കാണാന്‍ അകാംക്ഷയോടെ കാത്തിരുന്നവര്‍ ഇന്നലെ രാവിലെത്തന്നെ മൃഗശാലയിലെത്തി. ഒമ്പതുമണിയോടെ കാത്തിരിപ്പിന് വിരാമമിട്ട് റെപ്‌റ്റെല്‍ ഹൗസിന്റെ വാതില്‍ തുറന്നു. ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും ഏപ്രില്‍ 10ന് തിരുവനന്തപുരത്തെത്തിച്ച ഏഴ് അനാക്കോണ്ടകളില്‍ അരുന്ധതി എന്ന പെണ്‍ അനാക്കോണ്ടയെയാണ് ഇന്നലെ സന്ദര്‍ശകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. വാവാ സുരേഷും റെപ്‌റ്റൈല്‍ ഹൗസ് കീപ്പര്‍ ഹര്‍ഷാദും ചേര്‍ന്നാണ് അരുന്ധതിയെ കൂട്ടിലാക്കിയത്. പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ കാടിന്റെ പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. ശീതരക്ത ജീവിയായ അനാക്കോണ്ടയ്ക്ക് താമസിക്കാന്‍ പ്രത്യേക കുളവും കൂട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്. വെള്ളത്തിലെ കിടപ്പ് മടുത്താല്‍ കയറിക്കിടക്കാന്‍ മരവും കൂട്ടില്‍ തയ്യാര്‍.
മൂന്നുവയസ്സ് പ്രായമുള്ള അരുന്ധതിക്ക് രണ്ടുമീറ്റര്‍ 10 സെന്റിമീറ്റര്‍ ആണ് നീളം. 4.6 കിലോയാണ് തൂക്കം. ഏപ്രില്‍ മാസത്തില്‍ മൃഗശാലയില്‍ എത്തിച്ചപ്പോള്‍ 2.7 കിലോഗ്രാമായിരുന്നു തൂക്കം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ 30 അടിവരെ നീളവും 230 കിലോ ഭാരവും ഇവയ്ക്കുണ്ടാകും. കാട്ടിലാണെങ്കില്‍ 10 വയസ്സുവരെ മാത്രം ആയുസ്സുള്ള ഇവയ്ക്ക് മൃഗശാലയിലെ കൂട്ടില്‍ 15 മുതല്‍ 30 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് അനാക്കോണ്ടകളുടെ ആരോഗ്യകാര്യ ചുമതലയുള്ള ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞു. വെള്ള എലിയാണ് ഇപ്പോള്‍ അരുന്ധതിയുടെ ഭക്ഷണം. ആഴ്ചയിലൊരിക്കല്‍ കോഴിയെ നല്‍കും.  ദഹനപ്രക്രിയ സാവധാനമായതിനാല്‍ എപ്പൊഴും ഇവയ്ക്ക് ഭക്ഷണം വേണ്ട. വിസര്‍ജ്ജനം മൂന്നുനാള്‍ കൂടുമ്പോള്‍.
അനാക്കോണ്ടകള്‍ കാലാവസ്ഥയോട് പൂര്‍ണ്ണമായും പൊരുത്തപ്പെട്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്രീലങ്കയില്‍ തന്നെയായിരുന്നു ഈ പാമ്പുകളുടെ ജനനം. അതിനാല്‍ കേരളത്തിലെ കാലാവസ്ഥയോട് പെട്ടെന്ന് ഇണങ്ങാനായി. ഇപ്പോള്‍ കൂട്ടില്‍ പ്രവേശിപ്പിച്ചിട്ടുള്ള പാമ്പിന്റെ വാസസ്ഥലത്തോടുള്ള പ്രതികരണങ്ങള്‍ നിരീക്ഷണത്തിന് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ളവയെ കൂട്ടിലിടുക. മൂന്നാഴ്ചയ്ക്കകം ബാക്കി ആറു പാമ്പുകളെയും പ്രദര്‍ശിപ്പിക്കാനാകുമെന്ന് ഡോ. ജേക്കബ്ബ് പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് കൂടുകളിലായി ഏഴ് അനാക്കോണ്ടകളെയിടും. വളരെ ചെറുതായ മൂന്നെണ്ണത്തെയാണ് ഒരു കൂട്ടിലിടുക. വലിയ അനാക്കോണ്ടകള്‍ ചെറിയവയെ വിഴുങ്ങാനുള്ള സാധ്യത കണക്കിലെടുത്താണിത്. അരുന്ധതിയെക്കൂടാതെ എയ്ഞ്ചല, രമണി, രേണുക, രൂത്ത്, ഗംഗ എന്നിവയാണ് പെണ്‍ അനാക്കോണ്ടകള്‍. കൂട്ടത്തിലെ ഏക ആണിന്റെ പേര് ദില്‍.
രണ്ടാമത്തെ കൂടിന്റെ പണി പൂര്‍ത്തിയായതായിരുന്നു. വെള്ളത്തിന് മറ്റു വിഷാംശങ്ങളൊന്നുമില്ലെന്നും സിമന്റും പെയിന്റും കലരുന്നില്ലെന്നും ഉറപ്പാക്കാനായി മീനുകളെ വെള്ളത്തിലിട്ടിരുന്നു. ആദ്യകൂട്ടിലിട്ട മീനുകളൊന്നും ചത്തില്ല. ഇതോടെയാണ് അനാക്കോണ്ടയെ ഈ കൂട്ടിലിടാന്‍ തീരുമാനമായത്. എന്നാല്‍ രണ്ടാമത്തെ കൂട്ടിലിട്ട മീനുകള്‍ ചത്തതോടെ ഈ കൂടുകള്‍ ആദ്യം മുതല്‍ പണിയണം. വളരെ ശ്രദ്ധയോടെ പണിയേണ്ട കൂട് തിരക്കിട്ട് പൂര്‍ത്തിയാക്കിയതാണ് പ്രശ്‌നമായതെന്ന് ഡോക്ടര്‍ പറഞ്ഞു.

അനാക്കോണ്ടകളുടെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. കഴുത്തിന്റെ ഭാഗത്താണ് ചിപ്പ് കടത്തിവച്ചിരിക്കുന്നത്. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണിത്. ഭക്ഷണം, ദഹനസമയം, പരിചരണം, വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വേണ്ടിവരുന്ന ചികിത്സ എന്നിവയെല്ലാം മനസിലാക്കി കമ്പ്യൂട്ടറിലെ വര്‍ക്ക്ഷീറ്റില്‍ രേഖപ്പെടുത്തുന്നുണ്ട്. താപനില ക്രമീകരിക്കാവുന്ന കൂടാണ് അനാക്കോണ്ടകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ സി.സി ടിവി കാമറകളുമുണ്ട്. അതേസമയം സൂര്യപ്രകാശം നേരിട്ടടിക്കാനായി പാമ്പുകളുടെ വാസസ്ഥലത്തെ മേല്‍ക്കൂരയുടെ കുറച്ചു ഭാഗം പൊളിച്ചുനീക്കി. പകരം ഫൈബര്‍ ഗഌസ് ഷീറ്റിട്ടിട്ടുണ്ട്.
സിനിമയില്‍ കാണുന്നത്രയും ഭീകരരൂപമല്ല നേരില്‍ കണ്ടപ്പോള്‍ എന്നാണ് കാഴ്ചക്കാരുടെ ആദ്യ പ്രതികരണം. പാമ്പിനെ കൂട്ടിലിടാനെത്തിയ വാവാ സുരേഷിന്റെ അഭിപ്രായവും മറ്റൊന്നല്ല. മറ്റു പാമ്പുകളെപ്പോലെ സാധു ജീവിയാണിതും. സിനിമയില്‍ അനിമേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരമാക്കി ചിത്രീകരിച്ചതിലൂടെ നമ്മുടെ മനസ്സിലും അനാക്കോണ്ടയ്ക്ക് വമ്പന്‍ പാമ്പെന്ന സങ്കല്‍പ്പം ഉണ്ടായതാണ് ഇത് എന്തോ ആണെന്ന തോന്നലുണ്ടാക്കിയത്.- വാവാ സുരേഷ് പറഞ്ഞു.
ചെന്നൈ അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസില്‍ നിന്ന് അനുവാദം ലഭിച്ചതോടെയാണ് അനാക്കോണ്ടകളെ പ്രദര്‍ശിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവു പുറത്തിറക്കിയത്. ആരോഗ്യനില പരിശോധിക്കാന്‍ കഴിഞ്ഞ മാസം ചെന്നൈ അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസിലെ ക്വാറന്റൈന്‍ ഓഫീസര്‍ ഡോ. റൂത്ത് സോഫില്ല എത്തിയിരുന്നു.

വീക്ഷണം, ജൂലൈ 1