അനാക്കോണ്ട
തിരുവനന്തപുരം മൃഗശാല
സിനിമയില്‍ മാത്രം കണ്ടുപരിചയിച്ച ഭീകരന്‍ പാമ്പിനെ കാണാന്‍ അകാംക്ഷയോടെ കാത്തിരുന്നവര്‍ ഇന്നലെ രാവിലെത്തന്നെ മൃഗശാലയിലെത്തി. ഒമ്പതുമണിയോടെ കാത്തിരിപ്പിന് വിരാമമിട്ട് റെപ്‌റ്റെല്‍ ഹൗസിന്റെ വാതില്‍ തുറന്നു. ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും ഏപ്രില്‍ 10ന് തിരുവനന്തപുരത്തെത്തിച്ച ഏഴ് അനാക്കോണ്ടകളില്‍ അരുന്ധതി എന്ന പെണ്‍ അനാക്കോണ്ടയെയാണ് ഇന്നലെ സന്ദര്‍ശകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. വാവാ സുരേഷും റെപ്‌റ്റൈല്‍ ഹൗസ് കീപ്പര്‍ ഹര്‍ഷാദും ചേര്‍ന്നാണ് അരുന്ധതിയെ കൂട്ടിലാക്കിയത്. പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ കാടിന്റെ പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. ശീതരക്ത ജീവിയായ അനാക്കോണ്ടയ്ക്ക് താമസിക്കാന്‍ പ്രത്യേക കുളവും കൂട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്. വെള്ളത്തിലെ കിടപ്പ് മടുത്താല്‍ കയറിക്കിടക്കാന്‍ മരവും കൂട്ടില്‍ തയ്യാര്‍.
മൂന്നുവയസ്സ് പ്രായമുള്ള അരുന്ധതിക്ക് രണ്ടുമീറ്റര്‍ 10 സെന്റിമീറ്റര്‍ ആണ് നീളം. 4.6 കിലോയാണ് തൂക്കം. ഏപ്രില്‍ മാസത്തില്‍ മൃഗശാലയില്‍ എത്തിച്ചപ്പോള്‍ 2.7 കിലോഗ്രാമായിരുന്നു തൂക്കം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ 30 അടിവരെ നീളവും 230 കിലോ ഭാരവും ഇവയ്ക്കുണ്ടാകും. കാട്ടിലാണെങ്കില്‍ 10 വയസ്സുവരെ മാത്രം ആയുസ്സുള്ള ഇവയ്ക്ക് മൃഗശാലയിലെ കൂട്ടില്‍ 15 മുതല്‍ 30 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് അനാക്കോണ്ടകളുടെ ആരോഗ്യകാര്യ ചുമതലയുള്ള ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞു. വെള്ള എലിയാണ് ഇപ്പോള്‍ അരുന്ധതിയുടെ ഭക്ഷണം. ആഴ്ചയിലൊരിക്കല്‍ കോഴിയെ നല്‍കും. ദഹനപ്രക്രിയ സാവധാനമായതിനാല്‍ എപ്പൊഴും ഇവയ്ക്ക് ഭക്ഷണം വേണ്ട. വിസര്‍ജ്ജനം മൂന്നുനാള്‍ കൂടുമ്പോള്‍.
അനാക്കോണ്ടകള്‍ കാലാവസ്ഥയോട് പൂര്‍ണ്ണമായും പൊരുത്തപ്പെട്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്രീലങ്കയില്‍ തന്നെയായിരുന്നു ഈ പാമ്പുകളുടെ ജനനം. അതിനാല്‍ കേരളത്തിലെ കാലാവസ്ഥയോട് പെട്ടെന്ന് ഇണങ്ങാനായി. ഇപ്പോള്‍ കൂട്ടില്‍ പ്രവേശിപ്പിച്ചിട്ടുള്ള പാമ്പിന്റെ വാസസ്ഥലത്തോടുള്ള പ്രതികരണങ്ങള്‍ നിരീക്ഷണത്തിന് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ളവയെ കൂട്ടിലിടുക. മൂന്നാഴ്ചയ്ക്കകം ബാക്കി ആറു പാമ്പുകളെയും പ്രദര്‍ശിപ്പിക്കാനാകുമെന്ന് ഡോ. ജേക്കബ്ബ് പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് കൂടുകളിലായി ഏഴ് അനാക്കോണ്ടകളെയിടും. വളരെ ചെറുതായ മൂന്നെണ്ണത്തെയാണ് ഒരു കൂട്ടിലിടുക. വലിയ അനാക്കോണ്ടകള്‍ ചെറിയവയെ വിഴുങ്ങാനുള്ള സാധ്യത കണക്കിലെടുത്താണിത്. അരുന്ധതിയെക്കൂടാതെ എയ്ഞ്ചല, രമണി, രേണുക, രൂത്ത്, ഗംഗ എന്നിവയാണ് പെണ്‍ അനാക്കോണ്ടകള്‍. കൂട്ടത്തിലെ ഏക ആണിന്റെ പേര് ദില്‍.
രണ്ടാമത്തെ കൂടിന്റെ പണി പൂര്‍ത്തിയായതായിരുന്നു. വെള്ളത്തിന് മറ്റു വിഷാംശങ്ങളൊന്നുമില്ലെന്നും സിമന്റും പെയിന്റും കലരുന്നില്ലെന്നും ഉറപ്പാക്കാനായി മീനുകളെ വെള്ളത്തിലിട്ടിരുന്നു. ആദ്യകൂട്ടിലിട്ട മീനുകളൊന്നും ചത്തില്ല. ഇതോടെയാണ് അനാക്കോണ്ടയെ ഈ കൂട്ടിലിടാന്‍ തീരുമാനമായത്. എന്നാല്‍ രണ്ടാമത്തെ കൂട്ടിലിട്ട മീനുകള്‍ ചത്തതോടെ ഈ കൂടുകള്‍ ആദ്യം മുതല്‍ പണിയണം. വളരെ ശ്രദ്ധയോടെ പണിയേണ്ട കൂട് തിരക്കിട്ട് പൂര്‍ത്തിയാക്കിയതാണ് പ്രശ്‌നമായതെന്ന് ഡോക്ടര്‍ പറഞ്ഞു.
അനാക്കോണ്ടകളുടെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. കഴുത്തിന്റെ ഭാഗത്താണ് ചിപ്പ് കടത്തിവച്ചിരിക്കുന്നത്. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണിത്. ഭക്ഷണം, ദഹനസമയം, പരിചരണം, വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വേണ്ടിവരുന്ന ചികിത്സ എന്നിവയെല്ലാം മനസിലാക്കി കമ്പ്യൂട്ടറിലെ വര്‍ക്ക്ഷീറ്റില്‍ രേഖപ്പെടുത്തുന്നുണ്ട്. താപനില ക്രമീകരിക്കാവുന്ന കൂടാണ് അനാക്കോണ്ടകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ സി.സി ടിവി കാമറകളുമുണ്ട്. അതേസമയം സൂര്യപ്രകാശം നേരിട്ടടിക്കാനായി പാമ്പുകളുടെ വാസസ്ഥലത്തെ മേല്‍ക്കൂരയുടെ കുറച്ചു ഭാഗം പൊളിച്ചുനീക്കി. പകരം ഫൈബര്‍ ഗഌസ് ഷീറ്റിട്ടിട്ടുണ്ട്.
സിനിമയില്‍ കാണുന്നത്രയും ഭീകരരൂപമല്ല നേരില്‍ കണ്ടപ്പോള്‍ എന്നാണ് കാഴ്ചക്കാരുടെ ആദ്യ പ്രതികരണം. പാമ്പിനെ കൂട്ടിലിടാനെത്തിയ വാവാ സുരേഷിന്റെ അഭിപ്രായവും മറ്റൊന്നല്ല. മറ്റു പാമ്പുകളെപ്പോലെ സാധു ജീവിയാണിതും. സിനിമയില്‍ അനിമേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരമാക്കി ചിത്രീകരിച്ചതിലൂടെ നമ്മുടെ മനസ്സിലും അനാക്കോണ്ടയ്ക്ക് വമ്പന്‍ പാമ്പെന്ന സങ്കല്‍പ്പം ഉണ്ടായതാണ് ഇത് എന്തോ ആണെന്ന തോന്നലുണ്ടാക്കിയത്.- വാവാ സുരേഷ് പറഞ്ഞു.
ചെന്നൈ അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസില്‍ നിന്ന് അനുവാദം ലഭിച്ചതോടെയാണ് അനാക്കോണ്ടകളെ പ്രദര്‍ശിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവു പുറത്തിറക്കിയത്. ആരോഗ്യനില പരിശോധിക്കാന്‍ കഴിഞ്ഞ മാസം ചെന്നൈ അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസിലെ ക്വാറന്റൈന്‍ ഓഫീസര്‍ ഡോ. റൂത്ത് സോഫില്ല എത്തിയിരുന്നു.
വീക്ഷണം, ജൂലൈ 1
No comments:
Post a Comment