Saturday, 12 July 2014

അഞ്ജലിമേനോന്‍
മലയാളത്തിലെ ആദ്യത്തെ വലിയ സംവിധായിക
ക്യാമറയ്ക്കു മുന്നില്‍ സ്ത്രീകള്‍ അവിഭാജ്യവും ആവശ്യവുമായ ഘടകമായിരുന്നു നമുക്കെന്നും. അതങ്ങനെ ഒരു ശീലത്തിന്റെ ഭാഗമായി നിര്‍ബന്ധമായിപ്പോയതാകാം. എന്നാല്‍ കുറേക്കൂടി സര്‍ഗാത്മകമായ ക്യാമറയുടെ പിന്‍മേഖലയിലേക്കു നോക്കിയാല്‍ ഈ സാന്നിധ്യം നിരാശപ്പെടുത്തുന്നതോ കണ്ടുകിട്ടാന്‍ പ്രയാസമുള്ളതോ ആയി മാറും.
ആണ്‍കോയ്മ എന്നൊന്നും വിളിക്കേണ്ടതില്ലെങ്കിലും സ്ത്രീകള്‍ അഭിനയിക്കാന്‍ മാത്രമുള്ളവരും, അഭിനയിപ്പിക്കുന്നതും എഴുതുന്നതും ക്യാമറ പിടിക്കുന്നതും എഡിറ്റ് ചെയ്യുന്നതും പാട്ടെഴുതുന്നതും സംഗീതം നല്‍കുന്നതും എന്നുവേണ്ട സിനിമയ്ക്കു പിറകിലെ സകല മേഖലകളും ആണുങ്ങള്‍ കൈകാര്യം ചെയ്യുന്നതായി തുടര്‍ന്നുപോന്നു. ഇതെല്ലാം ആണുങ്ങള്‍ മാത്രം ചെയ്യുന്ന എന്തൊക്കെയോ ആണെന്ന തോന്നലും നമ്മളിലടിയുറച്ചു. ലോകസിനിമയില്‍ പോലും സ്ഥിതി അത്രകണ്ട് വ്യത്യസ്തമല്ല എന്നുവേണം പറയാന്‍.
ഷീല, രേവതി, സുഹാസിനി, ബീനാപോള്‍, ഗീതു മോഹന്‍ദാസ്, ശ്രീബാല കെ മേനോന്‍, ശാലിനി ഉഷാ നായര്‍, രേവതി എസ് വര്‍മ്മ തുടങ്ങി വിരലിലെണ്ണാവുന്നവരിലൊതുങ്ങുന്നു 85 വയസ്സു കഴിഞ്ഞ മലയാള സിനിമയിലെ ക്യാമറയ്ക്കു പിറകിലെ സ്തീസാന്നിധ്യം.
കഴിവും പരിശ്രമവും കൈമുതലായിട്ടുള്ള ആര്‍ക്കും കടന്നുവരാവുന്ന ഇടമായി മലയാള സിനിമ കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ മാറിയതോടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒട്ടേറെ പുതിയ മുഖങ്ങള്‍ ഉണ്ടായി. പ്രതിഭയുള്ളവര്‍ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു. ഈ ഒഴുക്കില്‍ മുന്‍പത്തേക്കാളേറെ സ്ത്രീസാന്നിധ്യങ്ങളും ഉണ്ടായിരുന്നു. അതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള പേരാണ് അഞ്ജലിമേനോന്റേത്. കേരള കഫെയിലെ പത്ത് സംവിധായകരില്‍ ഒരാളായി ഹാപ്പി ജേര്‍ണിയിലൂടെ അരങ്ങേറിയ അഞ്ജലിയെ ആസ്വാദകര്‍ തിരിച്ചറിഞ്ഞു. പിന്നീട് മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും. രണ്ടും പ്രേക്ഷകരുടെ മനസ്സുനിറച്ച സിനിമകള്‍. മഞ്ചാടിക്കുരുവില്‍ സംവിധായികയുടെയും ഉസ്താദ് ഹോട്ടലില്‍ തിരക്കഥാകാരിയുടെയും വേഷത്തില്‍.
പ്രതീക്ഷ തന്നവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് സ്വാഭാവികമായ പ്രക്രിയയാണ്. തീര്‍ച്ചയായും അഞ്ജലിമേനോന്റെ അടുത്ത സിനിമയ്ക്കായും ആസ്വാദകര്‍ കാത്തിരുന്നു. സിനിമ പുറത്തുവന്നപ്പോള്‍ പ്രതീക്ഷ അസ്ഥാനത്തായില്ല എന്നുമാത്രമല്ല അത്ഭുതങ്ങള്‍ സമ്മാനിക്കാന്‍ ശേഷിയുള്ള ചലച്ചിത്രകാരിയാണ് അഞ്ജലി എന്നു തെളിയിക്കുകയും മലയാള സിനിമയില്‍ തന്റേതു മാത്രമായൊരു ഇടം ഉറപ്പിക്കുകയും ചെയ്തു.
ബാംഗ്ലൂര്‍ ഡേയ്‌സ് ഒരത്ഭുത സിനിമയല്ല. മറുവശം ചേര്‍ത്തുപറഞ്ഞാല്‍ ഒരത്ഭുതമാണുതാനും. മലയാളത്തില്‍ ആദ്യമായാണ് ഒരു സംവിധായികയില്‍ നിന്നും ഇത്തരമൊരു മാസ് സിനിമ ഉണ്ടാകുന്നത്. അതുതന്നെയാണ് ഇതിലെ അത്ഭുതവും. സ്ത്രീകള്‍ സംവിധായകവേഷം കെട്ടുന്നതുതന്നെ അപൂര്‍വ്വമാണെന്നിരിക്കെ, വേഷമണിഞ്ഞാല്‍ തന്നെ അത് സമാന്തരപാതയിലെ പരിശ്രമങ്ങളായിരിക്കുമെന്നുമുള്ള ധാരണകളെയാണ് മുഖ്യധാരയിലേക്കുള്ള ഓടിക്കയറ്റത്തിലൂടെ അഞ്ജലിമേനോന്‍ മറികടക്കുന്നത്. അത്ഭുതത്തിനപ്പുറം കഴിവിനെയും ആത്മവിശ്വാസത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുക എന്നത് പാടുപിടിച്ച പണിയാണ്. അങ്ങനെ സാധിക്കുതും അത്യപൂര്‍വ്വമാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ അഞ്ജലി സാധിച്ചത് അതാണ്. താരസാന്നിധ്യം കൊണ്ടായിരുന്നു റിലീസിനുമുമ്പ് ഈ സിനിമ ആരാധകരെ ആകര്‍ഷിച്ചത്. താരങ്ങളെയെല്ലാം പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളാക്കി, എന്നാല്‍ സംവിധായികയുടെ കൈയൊപ്പ് വ്യക്തമായി പതിപ്പിച്ച ഒരു സൃഷ്ടിയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. ഒരേസമയം ഫഹദ്, ദുല്‍ഖര്‍, നിവിന്‍ പോളി, പാര്‍വ്വതി, നസ്‌റിയ, ഇഷാ തല്‍വാര്‍, നിത്യാമേനോന്‍ എന്നിവരുടെയൊക്കെ സിനിമയാകുമ്പോള്‍ തന്നെ കുറേ പടികൂടി മുമ്പിലെത്തി ഒരു അഞ്ജലിമേനോന്‍ ചിത്രമായാണ് ബാംഗ്ലൂര്‍ ഡേയ്‌സ് അവസാനിക്കുകയും നിലനില്‍ക്കുകയും ചെയ്യുക.
ക്ലീന്‍ എന്റര്‍ടെയ്‌നര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന മസാലകളാണ് കുറേ വര്‍ഷങ്ങളായി മലയാളത്തില്‍ വലിയ വിജയം നേടുന്ന സിനിമകള്‍. അവയെ ആരാധകര്‍ (ആസ്വാദകരല്ല) മാസ് എന്ന ഓമനപ്പേരിട്ടു വിളിക്കാനും തുടങ്ങി. നരസിംഹത്തില്‍ തുടങ്ങി ശ്യംഗാരവേലനില്‍ എത്തിനില്‍ക്കുന്ന വിജയഘടകങ്ങള്‍ നോക്കിയാല്‍ ഈ മാസ് രസതന്ത്രം വ്യക്തമാകും.
ബാംഗ്ലൂര്‍ ഡേയ്‌സ് മാസിനുവേണ്ടി ഉണ്ടാക്കിയ സിനിമയല്ല. തിരക്കഥ തയ്യാറാക്കി കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ കണ്ടെത്തി ഒരുക്കിയ സിനിമയാണ്. അതുകൊണ്ടാണ് ഏച്ചുകെട്ടല്‍ അനുഭവപ്പെടാതെ മൂന്നുമണിക്കൂര്‍ നേരം നമ്മളെ പിടിച്ചിരുത്തുന്നത്. ഇത്രയും നേരം ചിരിയോ കരച്ചിലോ ഉദ്വേഗപൂര്‍വ്വം കണ്ണും കാതും നട്ടിരിക്കുകയോ അല്ല. ആഘോഷം, ചിരി, ഓര്‍മ്മ, അല്പം ആര്‍ദ്രത.. ഇതൊക്കെയാണ് ബാംഗ്ലൂര്‍ ഡേയ്‌സിലെ കഥാപാത്രങ്ങളും കഥാപരിസരവും നമുക്ക് സമ്മാനിക്കുക. ഇതില്‍ സമീര്‍ താഹിര്‍ (ക്യാമറ), പ്രവീണ്‍ പ്രഭാകര്‍ (എഡിറ്റിംഗ്), ഗോപീസുന്ദര്‍ (സംഗീതം) എന്നിവര്‍ക്ക് വലിയ പങ്കുണ്ട്.
നേരത്തെപ്പറഞ്ഞ മാസ് സിനിമകള്‍ മിക്കതും ഒരു നടനും അയാളുടെ ആരാധകര്‍ക്കും വേണ്ടി ബോധപൂര്‍വ്വം തയ്യാറാക്കുന്നവയാണ്. അതില്‍ തൃപ്തിപ്പെടുത്തലിന്റെ ചേരുവകളാണ് കൂടുതല്‍ ചേര്‍ക്കേണ്ടത്. ഒട്ടേറെ വാര്‍പ്പുമാതൃകകള്‍ പിന്നിലുള്ളതിനാല്‍ അത്തരത്തിലുള്ള തിരക്കഥാ രചനയും എളുപ്പമാകും.
ബാംഗ്ലൂര്‍ ഡേയ്‌സിലെ നായകന്മാരായ ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെല്ലാം ഏറെ ആരാധകരുള്ള നടന്മാരാണ്. എന്നാല്‍ ആരാധകര്‍ക്കുവേണ്ടി സിനിമകള്‍ തെരഞ്ഞെടുക്കുന്നവരുമല്ല. എന്തെങ്കിലും ചെയ്യാനുള്ള വേഷങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള ഭൂതകാലമാണ് ഇവര്‍ക്കുള്ളതും. അതുകൊണ്ടുതന്നെ ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ഒരു ചിത്രമൊരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നു മനസ്സിലാവും. ഇതില്‍ വിജയിച്ചു എന്നതാണ് ഈ ചിത്രത്തിന്റെയും അഞ്ജലിമേനോന്റെയും പ്രസക്തി വര്‍ധിപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നേടിനില്‍ക്കുന്ന ഒരു നടനും മൂന്നു തുടര്‍ പരാജയങ്ങള്‍ നേരിട്ട നടനും സ്ഥിരം നിലവാരത്തില്‍ നിന്നും ഒരിക്കലും താഴെ പോകാത്ത മറ്റൊരു നടനുമായിരുന്നു അഞ്ജലിക്കു മുന്നിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം അഭിമാനിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളും വിജയവുമാണ് അഞ്ജലി നല്‍കിയത്.

സാധാരണ മാസ് സിനിമയില്‍ നായക കഥാപാത്രമാണ് എല്ലാം ചെയ്യുക. പിറകെ നില്‍ക്കുകയോ മറഞ്ഞുനില്‍ക്കുകയോ ചായ കൊണ്ടുകൊടുക്കുകയോ ആയിരിക്കും സ്ത്രീയുടെ/നായികയുടെ അഭിനയസാധ്യത. ഈ മാസ് വ്യത്യസ്തമാകുന്ന മറ്റൊരിടം അതാണ്. ബാംഗ്ലൂര്‍ ഡേയ്‌സിലെ നായികാ കഥാപാത്രങ്ങളെല്ലാം വ്യക്തമായ മേല്‍വിലാസവും അഭിപ്രായവുമുള്ളവരാണ്. അവര്‍ ആരുടെയും നിഴലിനു പിറകില്‍ നില്‍ക്കുന്നവരുമല്ല. വെളിച്ചത്തില്‍ വന്ന് സമൂഹവുമായി ഇടപെടുന്നവരാണ് പാര്‍വ്വതിയുടെയും നസ്‌റിയയുടെയും ഇഷാ തല്‍വാറിന്റെയും നിത്യയുടെയുമെല്ലാം കഥാപാത്രങ്ങള്‍. ഇഷാ തല്‍വാറിന്റെയും നിത്യാമേനോന്റെയും കഥാപാത്രങ്ങള്‍ ബാംഗ്ലൂര്‍ ജീവിതത്തിന്റെ പരിച്ഛേദമായും കാണാം.
സാഹസിക വിനോദമായ ബൈക്ക് റേസിംഗ് ഒരു സംവിധായിക ചിത്രീകരിക്കുന്നത് ആശ്ചര്യം ജനിപ്പിക്കുന്നതാണ്. കാരണം മറ്റൊന്നുമല്ല പൂര്‍വ്വമാതൃകകള്‍ ഇല്ല എന്നതുതന്നെ. വീട്ടിലോ ഫഌറ്റിലോ നഗരത്തിലോ ഒതുങ്ങിനില്‍ക്കാത്ത സിനിമ ജീവിതത്തിനുപിന്നാലെയാണ് സഞ്ചരിക്കുന്നത്. സിനിമയുടെ തലം വലുതാകുന്നതും അങ്ങനെയാണ്. അഞ്ജലിമേനോന്‍ തന്റെ മുന്‍ സിനിമകളില്‍ അടയാളപ്പെടുത്തി വച്ചിട്ടുള്ള നന്മയും സ്‌നേഹവും ഓര്‍മ്മകളും പിന്നെ നമ്മള്‍ തെന്നയായിപ്പോകുന്ന കഥാപാത്രങ്ങളുമെല്ലാം ബാംഗ്ലൂര്‍ ഡേയ്‌സിലുമുണ്ട്.
ഒരു വലിയ സിനിമ മികച്ച രീതിയില്‍ ഒരുക്കി എന്നതാണ് അഞ്ജലിയെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്. വലിയ കാന്‍വാസില്‍ സിനിമകള്‍ ഒരുക്കിയിരുന്ന സംവിധായകര്‍ മലയാളത്തിനുണ്ടായിരുന്നു. ശശികുമാര്‍, കെ എസ് സേതുമാധവന്‍, ഐ വി ശശി, ജോഷി, പ്രിയദര്‍ശന്‍, ഷാജികൈലാസ് ഇവരൊക്കെ അത്തരത്തില്‍ പല കാലങ്ങളില്‍ സിനിമയെടുത്തവരാണ്. അഞ്ജലിയെ ഇൗ ഗണത്തില്‍ ചേര്‍ക്കാനല്ല. പ്രേക്ഷകരെ നിരന്തരം തീയറ്ററിലേക്ക് ആകര്‍ഷിച്ചവരാണ് ഇവരെല്ലാം. വലിയ ജനക്കൂട്ടത്തെയാണ് അഞ്ജലിയും ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ തീയറ്ററുകളിലെത്തിച്ചത്. ഒരു സംവിധായികയിലൂടെ മലയാളത്തില്‍ ഇത്തരമൊരു നേട്ടമുണ്ടാകുമ്പോള്‍ അവരെ പ്രശംസിക്കുന്നതില്‍ മടികാട്ടേണ്ടതില്ല. ബാംഗ്ലൂര്‍ ഡേയ്‌സ് പോലൊരു സിനിമ നിര്‍മ്മിക്കാനായതില്‍ അന്‍വര്‍ റഷീദിനും സോഫിയപോളിനും ഏറെ അഭിമാനിക്കാനും വകയുണ്ട്.

സ്ത്രീശബ്ദം, ജൂലൈ 2014


No comments:

Post a Comment