Wednesday, 23 July 2014

ലഹരിക്കെതിരെ കാര്‍ട്ടൂണ്‍ ആയുധമാക്കി ഹക്കു

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനാകുകയാണ് കാര്‍ട്ടൂണിസ്റ്റ് ഹക്കു. നാടിനെ നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ തന്റെ പ്രതിഷേധമാണ് ഹക്കു വരയിലൂടെ വെളിപ്പെടുത്തുന്നത്. ലഹരിയുടെ പിടിയില്‍നിന്നും സമൂഹത്തെ കരകയറ്റുക എന്ന ലക്ഷ്യം നിറവേറിക്കാണണമെന്ന ആത്മാര്‍ഥമായ ആഗ്രഹം കൂടി ഹക്കുവിന്റെ വരകള്‍ക്കു പിറകിലുണ്ട്.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കിയത് ഏറെ പ്രതീക്ഷയ്ക്കു വക നല്‍കുന്ന കാര്യമാണെന്ന് ഹക്കു പറയുന്നു. രാഷ്ട്രീയ-സാമൂഹിക സംഘടനകളെക്കൊണ്ടുമാത്രം തുടച്ചുമാറ്റാന്‍ കഴിയുന്നതല്ല സമൂഹത്തിലെ ലഹരി ഉപഭോഗം. സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതോടെ ലഹരി മാഫിയകളുടെ വേരറുക്കാനുള്ള പ്രവര്‍ത്തനം ത്വരിത ഗതിയിലായിട്ടുണ്ട്. നിരവധി ലഹരിവിരുദ്ധ പ്രദര്‍ശനങ്ങള്‍ ഇതിനോടകം നടത്തിയ ഹക്കു സാമ്പത്തികലാഭം നോക്കാതെയാണ് പലപ്പോഴും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്.

എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ ഹക്കു നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനുപുറമേ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലും ജനസഞ്ചയ കേന്ദ്രങ്ങളിലും ഹക്കുവിന്റെ ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടന്നിട്ടുണ്ട്. എല്ലായിടത്തുനിന്നും വലിയ പിന്തുണയും പങ്കാളിത്തവും ലഭിച്ചുവെന്ന് ചാരിതാര്‍ഥ്യത്തോടെ ഹക്കു സ്മരിക്കുന്നു. അട്ടപ്പാടി കമ്പളം ആദി കലാകേന്ദ്രം, കോട്ടയം ജനറല്‍ ആശുപത്രി, കരുനാഗപ്പള്ളി ജി എച്ച് എസ് എസ്, തിരുവനന്തപുരം പാണക്കാട് തങ്ങള്‍ ഹാള്‍, നാലാഞ്ചിറ സര്‍വോദയ സ്‌കൂള്‍, കുഴിവിള എം ജി എം സ്‌കൂള്‍, ചവറ വികാസ് കലാ സാംസ്‌ക്കാരിക സമിതി തുടങ്ങിയ സ്ഥലങ്ങള്‍ കൂട്ടത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ആര്‍ട്ട് ഗാലറികളില്‍ മാത്രം പ്രദര്‍ശനം ഒതുക്കിനിര്‍ത്താതെ സാമൂഹിക പ്രസക്തി കൂടി തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കല്‍ കഴിഞ്ഞവര്‍ഷം ഹക്കു നടത്തിയ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ക്ലീന്‍ കാമ്പസ് സേഫ് ക്യാമ്പസ് പരിപാടിയിലൂടെ സ്‌കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍ ആരംഭിച്ച ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ എളുപ്പം കുട്ടികളിലെത്തിക്കാന്‍ കാര്‍ട്ടൂണുകളിലൂടെ സാധിക്കും. ഡോക്യുമെന്ററി, സെമിനാര്‍, ബോധവത്ക്കരണ ക്ലാസ്സുകള്‍, ലേഖനങ്ങള്‍ തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും കുട്ടികളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ വരകളിലൂടെയും ചിത്രങ്ങളിലൂടെയും സാധിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ക്ലീന്‍ കാമ്പസ് സേഫ് ക്യാമ്പസിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ വഴിയുള്ള ബോധവത്കരണം കൂടി ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് തീര്‍ച്ച. ലഹരി ഉപയോഗത്തിന്റെ ഭീകരത വെളിവാക്കുന്ന കാര്‍ട്ടൂണുകള്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ കുട്ടികളുടെ ശ്രദ്ധ അതില്‍ പതിയും. തലമുറയെ ലഹരിയില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള പ്രവര്‍ത്തനത്തിന് അങ്ങനെ ആക്കം കൂട്ടുകയും ചെയ്യാം. കലയെ സാമൂഹിക ഉന്നമനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തോടെ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് അതൊരു പ്രോത്സാഹനവുമാകും.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഹരികുമാര്‍ കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായതോടെയാണ് ഹക്കു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. സാമൂഹിക പ്രശ്‌നങ്ങളും കാലിക സംഭവങ്ങളും എക്കാലത്തും ഹക്കു തന്റെ വരയില്‍ വിഷയമാക്കിയിട്ടുണ്ട്. വീക്ഷണം ദിനപത്രത്തില്‍ പത്തുവര്‍ഷം കാര്‍ട്ടൂണിസ്റ്റായി ജോലിചെയ്തിരുന്ന ഹക്കു ഇപ്പോള്‍ നിരവധി ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകളും ഇല്ലസ്‌ട്രേഷനും ചെയ്യുന്നു. ഭാര്യ ബാലാമണി തൃശ്ശൂര്‍ മുണ്ടത്തിക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്. വിദ്യാര്‍ഥിനികളായ ആര്യയും മീരയും മക്കള്‍.

വീക്ഷണം, ജൂലൈ 23


No comments:

Post a Comment