Thursday, 24 July 2014

സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന ചായക്കടകള്‍
പാലിന് വിലകൂടിയെങ്കിലും ചായ കുടിക്കാതെ പറ്റില്ലല്ലോ. ദിവസത്തില്‍ ഒന്നിലേറെ ചായ നമ്മുടെ ശീലവുമാണല്ലോ. എന്നാല്‍ പല കടകളിലെയും ചായയുടെ വില സാധാരണക്കാരന്റെ പോക്കറ്റില്‍ ഒതുങ്ങാത്ത തരത്തിലുള്ളതുമാണ്. ഇതിനിടയില്‍ സാധാരണക്കാരനെ ആകര്‍ഷിക്കുന്ന തരത്തില്‍ അഞ്ചുരൂപയ്ക്ക് ചായയും കടിയും ഒരുക്കി നല്‍കുകയാണ് നഗരത്തിലെ ചില കടക്കാര്‍. ബേക്കറി, വാന്റോസ് ജംഗ്ഷനുകളിലെ തട്ടുകടകളിലാണ് ഈ അഞ്ചുരൂപാ ആശ്വാസം. മറ്റു കടകളില്‍ ചായയ്ക്ക് ഏഴുരൂപയില്‍ തുടങ്ങുന്ന വില വലിയ കടകളിലെത്തുമ്പോള്‍ സ്റ്റാറ്റസിനനുസരിച്ച് ഏറുന്നു.
സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇമ്മാനുവല്‍ എന്ന കടയാണ് അഞ്ചുരൂപ കച്ചവടം ആദ്യം തുടങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്ത ശരവണയിലും പിന്നാലെ ഈ പ്രദേശത്തെ മറ്റു കടകളിലും വിലകുറച്ചു. സ്‌പെന്‍സര്‍-വാന്റോസ് റോഡില്‍ പുതിയതായി തുടങ്ങിയ രമേശന്റെ കട വിലക്കുറവില്‍ മാത്രമല്ല വൃത്തിയിലും വെടിപ്പിലും മുന്‍പിലാണ്. ഇവിടെ ചായയ്ക്കും കടിക്കും പുറമേ അപ്പത്തിനും ദോശയ്ക്കും ചപ്പാത്തിക്കുമെല്ലാം അഞ്ചുരൂപ മാത്രമാണ് ഈടാക്കുന്നത്. ബേക്കറി ജംഗ്ഷനിലെ ആനന്ദദാസിലാണ് അഞ്ചുരൂപയ്ക്ക് കിട്ടുന്ന മെനു കൂടുതല്‍. മറ്റ് കടകളേക്കാള്‍ തിരക്കും ഇവിടെയാണ് കൂടുതല്‍. വൈകുന്നേരങ്ങളിലാണ് കടകളില്‍ തിരക്കേറുന്നത്. ഇടനേരങ്ങളിലും ചായ കുടിക്കുന്ന ശീലക്കാര്‍ കുറവല്ലാത്തതിനാല്‍ ഈ കടകളില്‍ ആളൊഴിഞ്ഞ നേരമില്ലെന്നു പറയാം.
മറ്റുള്ള കടകളില്‍നിന്നും കേവലം രണ്ടു രൂപയുടെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഒരു ചായക്കും കടിക്കും നാലുരൂപ ലാഭം കിട്ടുമ്പോള്‍ ദിവസവും രണ്ടുപ്രാവശ്യം ചായക്കട സന്ദര്‍ശിക്കുന്നവരുടെ ലാഭം
എട്ടുരൂപ. അപ്പോള്‍ ചായകുടിയില്‍ ഒരുമാസം ലാഭിക്കുന്നത് 240 രൂപ! കണക്കിന്റെ കാര്യം അങ്ങനെയാണല്ലോ, ചെറിയ സംഖ്യകള്‍ നമ്മള്‍ ശ്രദ്ധിക്കില്ല. വലിയ അക്കങ്ങളില്‍ എപ്പൊഴും കണ്ണുടക്കും.

അഞ്ചുരൂപയ്ക്ക് ചായയും ചെറുകടികളും വില്‍ക്കുന്നത് നഷ്ടമല്ലെന്ന അഭിപ്രായക്കാരാണ് കച്ചവടക്കാര്‍. അഞ്ചുരൂപയ്ക്ക് വടയും ബജിയും ഒക്കെ കിട്ടുമ്പോള്‍ ഒരെണ്ണത്തില്‍ ഒതുക്കാന്‍ ആരും തയ്യാറാവില്ല. ആവശ്യക്കാര്‍ രണ്ടും മൂന്നും എണ്ണം എടുക്കുമ്പോള്‍ ലാഭം കടക്കാരനുതന്നെ. വലിയ ലാഭവും എന്നാല്‍ നഷ്ടവും ഇല്ലെന്ന ഒരു മറുഭാഗം പറയുന്നവരും ഉണ്ട്. മറ്റു കടക്കാര്‍ അഞ്ചുരൂപയ്ക്ക് വില്‍ക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ലെന്നുകണ്ട് വില കുറച്ചവരും കൂട്ടത്തിലുണ്ടെന്ന് മറച്ചുവെയ്ക്കുന്നില്ല. പാലിന്റെ വിലയില്‍ ആശങ്കപ്പെടുന്ന ചായ വില്‍പ്പനക്കാരും കുറവല്ല.
എങ്കിലും അഞ്ചുരൂപാ ബോര്‍ഡ് കണ്ട് ചായ കുടിക്കാന്‍ കയറുന്നവര്‍ ഏറെയാണെന്നാണ് കടക്കാരുടെ പൊതു അഭിപ്രായം. എല്ലാ കടകളുടെയും മുന്നില്‍ ചായ-5, വട-5, എത്തയ്ക്കാ അപ്പം-5, ബജി-5 എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ കാണാം. ചിലര്‍ പിന്നെയും വ്യത്യസ്തരായി വിപണനതന്ത്രം ഒന്നുകൂടി മാറ്റിച്ചവിട്ടി ചപ്പാത്തിക്കും പൊറോട്ടയ്ക്കും അപ്പത്തിനും അഞ്ചുരൂപ ഓഫര്‍ ചെയ്തുകൊണ്ടുള്ള ബോര്‍ഡും തൂക്കിയിട്ടുണ്ട്.
എന്തായാലും പത്തുരൂപയ്ക്ക് ലഘുഭക്ഷണം കഴിയാം എന്നൊരു സ്ഥിതിയുണ്ടിപ്പോള്‍ നഗരത്തില്‍. വലിയ കടകളില്‍ പോകാന്‍ താത്പര്യമില്ലാത്തവരും പാങ്ങില്ലാത്തവരും കടയ്ക്ക് പരിസരത്ത് നിന്നും സ്ഥലം അഡ്ജസ്റ്റ് ചെയത് ഇരുന്നും ചായ കുടിക്കാന്‍ തയ്യാറുള്ളവരും ഇത്തരം കടകളില്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ഇതിനു പരിസരത്തെ ആള്‍ക്കൂട്ടത്തില്‍നിന്നു മനസ്സിലാക്കാം.

വീക്ഷണം, ജൂലൈ 24


No comments:

Post a Comment