Sunday, 25 March 2018

സമൂഹത്തിന്റെ നേർകണ്ണാടിയായി എസ് ദുർഗ

ദുർഗ ഒരു പെണ്ണിന്റെ പേരാണ്. ദുർഗ ദേവിയുടെയും പേരാണ്. ദേവി സദാസമയം ഭക്തരുടെ സുരക്ഷയിൽ കഴിയുന്ന സ്ത്രീയുടെ മൂർത്തിമദ്ഭാവമാണ്. ദേവിക്കുവേണ്ടി സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കാനോ ദേവീഭക്തിക്കുവേണ്ടി എന്തുചെയ്യാനും മനുഷ്യർ തയ്യാറാണ്. എസ്.ദുർഗയെന്ന സനൽകുമാർ ശശിധരന്റെ സിനിമ തുടങ്ങുന്നതു തന്നെ ദേവിയുടെ പ്രീതിക്കായി ദേവീദാസന്മാർ തെക്കൻ കേരളത്തിലെ ക്ഷേത്രത്തിൽ നടത്തിപ്പോരുന്ന ഗരുഡൻതൂക്കത്തിന്റെയും ചൂരൽകുത്തിന്റെയും ദൃശ്യങ്ങൾ കൊണ്ടാണ്. ദേവിക്കായി ഭക്തർ സ്വശരീരത്തിൽ മുറിവേൽപ്പിച്ച് ആത്മനിർവൃതിയിലാറാടി രാത്രിയെ വെളിച്ചങ്ങൾ കൊണ്ട് പകലാക്കി ദേവിയെ രഥത്തിൽ ആനയിച്ച് കൊണ്ടുപോകുന്നു. ദൈർഘ്യമേറിയ ഈ ഷോട്ടുകളിൽനിന്ന് ഇരുട്ട് നിറഞ്ഞ ഹൈവേയിൽ, ഇടയ്ക്ക് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം മാത്രമെത്തുന്ന പാതയോരത്ത് ആരെയോ പ്രതീക്ഷിച്ച് ഭയത്താലും പരിഭ്രാന്തിയാലും നിൽക്കുന്ന പെൺകുട്ടിയിലേക്ക് ക്യാമറയെത്തുന്നു. വെളിച്ചത്തിന്റെ പൊട്ടോ ഏതൊരു സുരക്ഷയുമോ ഇല്ലാതെ നിൽക്കുന്ന അവളുടെ പേരും ദുർഗയെന്നാണ്. വഴിയരികിൽ ഒറ്റയ്ക്കാകുന്ന ഒരു പെൺകുട്ടിയോട് നമ്മൾ എങ്ങനെയായിരിക്കും പെരുമാറുക? ദേവിയുടെ അതേ രൂപവും ഭാവവും പേരുമുള്ള ഈ സ്ത്രീയെ ഭക്തിപാരവശ്യത്തോടെയല്ല, ഉപയോഗിക്കാനുള്ള ഒരു വസ്തുവായി മാത്രം കണക്കാക്കി നമുക്കുള്ളിലെ എല്ലാ വൈകല്യങ്ങളും മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. എസ് ദുർഗ സഞ്ചരിക്കുന്നതും ചോദ്യം ചെയ്യുന്നതും വീർപ്പുമട്ടിക്കുന്നതും ഇതുതന്നെയാണ്.
    രാത്രി വൈകി തിരക്കുകുറഞ്ഞ റോഡിൽ റെയിൽവേ സ്റ്റേഷനിൽ പോകാൻ വണ്ടി കിട്ടാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെല്ലാം കൈകാണിക്കുന്ന ദുർഗയും (രാജശ്രീ ദേശ്പാണ്ഡെ) കബീറും (കണ്ണൻ നായർ). രാത്രിയെന്ന ഭയവും ആരിൽനിന്നോ രക്ഷപ്പെടാനുള്ള വ്യഗ്രതയും ഇരുവരുടെയും മുഖത്തുണ്ട്. ഒടുവിൽ ലിഫ്റ്റ് കൊടുക്കുന്ന ഓമ്നി വാനിലുള്ള രണ്ടുപേരും പിന്നീട് അവരോടൊപ്പം ചേരുന്ന മറ്റു രണ്ടുപേരും കബീറിന്റെയും ദുർഗയുടെയും ഭയത്തോടൊപ്പം പ്രേക്ഷകന്റെ ഭയത്തെയും ഇരട്ടിപ്പിക്കും.
    
         കഥാപാത്രങ്ങളുടെ വിശദീകരണങ്ങളിലേക്കു കടക്കാൻ ശ്രമിക്കാതെ ഇരയ്ക്കും വേട്ടക്കാർക്കുമിടയിലെ സംഘർഷങ്ങളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. ഇത് കാണികളെ ഇരുട്ടിൽനിന്ന് പുറത്തുകടക്കാൻ വ്യഗ്രതപ്പെടുത്തുകയും വീർപ്പുമുട്ടിക്കുകയും സംഘർഷത്തിലാക്കുകയും ചെയ്യും. ഒടുവിൽ പുറത്തുകടക്കാനാകാതെ ഇര വേട്ടക്കാരിൽ തന്നെ ചെന്നെത്തുന്നിടത്ത് നെടുവീർപ്പിടാൻ പോലുമാകാതെ മുഖത്തുകിട്ടിയ അടിയായി അത് അവശേഷിക്കും. നമ്മുടെ തെരുവുകൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം എത്രമാത്രം സുരക്ഷിതമാണെന്നും നമ്മുടെ നോട്ടങ്ങളും ചിന്തയും എത്ര അപകടം പിടിച്ചതാണെന്നുമുള്ള ചോദ്യങ്ങൾ എസ് ദുർഗ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.
       എസ് ദുർഗ ഒരു സംവിധായകന്റെ ധീരമായ സിനിമാ പരീക്ഷണമാണ്. കഥയുടെയോ തിരക്കഥയുടെയോ സഹായമില്ലാതെ ഒറ്റരാത്രിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ സമൂഹ യാഥാർത്ഥ്യങ്ങളിലേക്ക് നേർവഴി നടന്നെത്തി കാണികളിൽ അത് സംവദിപ്പിക്കാൻ അയാൾക്കാകുന്നു. എന്തുകൊണ്ട് ദുർഗ ഇത്രയധികം അന്താരാഷ്ട്ര മേളകളിൽ അംഗീകരിക്കപ്പെട്ടു എന്നതിന്റെ ഉത്തരം ഈ സിനിമ കാണുന്നതിലൂടെ നിങ്ങൾക്ക് കിട്ടും. മലയാള സിനിമയുടെ നൂതന ആഖ്യാനവഴികൾ എവിടെവരെ എത്തിനിൽക്കുന്നുവെന്ന് ലോകവേദികളിൽ ഈ സിനിമ കാട്ടിക്കൊടുക്കുകയുണ്ടായി. ഇതിൽ അഭിമാനിക്കാവുന്നത് മലയാള സിനിമയ്ക്കാകെയാണ്.
  
         കൃത്രിമ വെളിച്ചങ്ങൾ പൂർണ്ണമായി ഒഴിവാക്കി രാത്രിയിലെ ഇരുട്ടും നിഴലും വെളിച്ചവും മാത്രം പ്രയോജനപ്പെടുത്തിയ പ്രതാപ് ജോസഫിന്റെ ക്യാമറ എസ് ദുർഗയുടെ നട്ടെല്ലാണ്. ആഖ്യാനത്തിന്റെ കാഴ്ചാവേഗവും തുടർച്ചയും സാദ്ധ്യമാക്കിയ സനൽകുമാർ ശശിധരന്റെ തന്നെ എഡിറ്റിംഗും മികവുറ്റത്.
        സെക്സി ദുർഗയെ എസ് ദുർഗയാക്കിയ വിവാദങ്ങൾക്കുപിന്നിൽ താത്കാലിക വോട്ട് ബാങ്ക് രാഷ്ട്രീയ താത്പര്യമല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്ന് സിനിമ കണ്ട പ്രേക്ഷകർക്ക് ഉറപ്പിച്ചുപറയാനാകും. സെൻസർ ചെയ്യാനുള്ള ഗുരുതരപ്രശ്നങ്ങളൊന്നും സനൽകുമാർ ചെയ്തുവച്ചിട്ടില്ല.നിക്ഷിപ്ത താത്പര്യത്തിനു വേണ്ടി കലാകാരന്റെ സ്വാതന്ത്ര്യത്തെ വെട്ടിക്കളിക്കുന്നവർക്ക് എന്നെങ്കിലും ബോധോദയമുണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല. സെൻസർ ബോർഡുകൾ ഇല്ലാത്ത ഒരു കലാകാലത്തിനു വേണ്ടി പ്രത്യാശിക്കാം

കേരളകൗമുദി ഓൺലൈൻ, മാർച്ച് 23

Thursday, 22 March 2018

ഇങ്ങനേയും സിനിമയെ ജനങ്ങളിലെത്തിക്കാം..
കേരളത്തിലെ പട്ടണങ്ങളിലൂടെ ഒരു സിനിമാവണ്ടിയങ്ങനെ പതിയെ നീങ്ങുകയാണ്. വണ്ടിയിൽ സിനിമയുടെ പോസ്റ്റർ പതിച്ചിട്ടുണ്ട്. മറ്റ് ആർഭാടങ്ങളൊന്നുമില്ല. എട്ടുപത്തു പേരടങ്ങുന്ന പരസ്യപ്രചാരണ സംഘത്തിൽ സിനിമയുടെ സംവിധായകനുമുണ്ട്. ചെണ്ടകൊട്ടിയും നോട്ടീസ് വിതരണംചെയ്തും പോസ്റ്റർ പിടിച്ചും അവരങ്ങനെ നടന്നുനീങ്ങുന്നു. ഉച്ചഭാഷിണിയില്ലാതെ ചെണ്ടയുടെ മാത്രം അകമ്പടിയിൽ റോഡരികിലൂടെ നീങ്ങുന്ന സംഘത്തെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. റോഡരികിൽ നിൽക്കുന്നവർക്കും വാഹനത്തിൽ പോകുന്നവർക്കും നോട്ടീസ് നൽകി സിനിമയെപ്പറ്റി പറഞ്ഞ് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം സംഘം നീങ്ങുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ഓട്ടം തുടങ്ങിയ ഈ സിനിമാവണ്ടി ഇന്നലെ തൃശ്ശൂരും പിന്നിട്ട് മന്നോട്ടപോകുകയാണ്. നാളെ കാസർകോട് സമാപിക്കും.
അമ്പതിലേറെ ലോക ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും റോട്ടർ ഡാം മേളയിലടക്കം പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്.ദുർഗ എന്ന സിനിമയുടെ പരസ്യപ്രചാരണമാണിത്. വിവാദങ്ങൾക്കും സെൻസർ കുരുക്കുകൾക്കുംശേഷം എസ്.ദുർഗ നാളെ തിയേറ്ററിലെത്തുകയാണ്. അതിനു മന്നോടിയായിട്ടാണിത്. വൻകിട വിതരണക്കാരോ പരസ്യദാതാക്കളോ ഇല്ലാത്ത സിനിമയുടെ പ്രചാരണത്തിനായി കാഴ്ച ചലച്ചിത്രവേദി കണ്ടെത്തിയ വഴിയാണിത്. സിനിമ റിലീസ് ചെയ്യുന്ന നാൽപ്പതോളം പട്ടണങ്ങളിലാണ് പ്രചാരണവാഹനം എത്തുക. ഓരോ പട്ടണത്തിലും രൂപീകരിച്ചിട്ടുള്ള പ്രാദേശിക കൂട്ടായ്മയാണ് പ്രചാരണസംഘത്തെ നയിക്കുന്നത്.

          സിനിമാ നോട്ടീസുവണ്ടിക്കാലത്തിനും ഒഡേസയുടെ ജനകീയ സിനിമാ നിർമ്മാണ പ്രവർത്തനത്തിനുംശേഷം കേരളം കണ്ട വേറിട്ട ഒരു സിനിമാ പ്രചാരണ മാർഗ്ഗമാണിത്. സംവിധായകൻ തന്നെ സിനിമയുടെ പ്രചാരണത്തിനായി റോഡിലിറങ്ങി ജനങ്ങൾക്കിടയിലൂടെ നടക്കുന്ന അപൂർവ്വ കാഴ്ചയ്ക്കും കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.
സ്വതന്ത്രസിനിമകളുടെ പ്രോത്സാഹനത്തിനായി സിനിമാവണ്ടി പോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഐ.എഫ്.എഫ്.കെയിൽനിന്നും തിയേറ്ററുകളിൽനിന്നും തഴയപ്പെട്ട സിനിമകൾക്ക് സമാന്തരപ്രദർശനം ഒരുക്കിയും മാതൃകയായ കാഴ്ച ചലച്ചിത്രവേദി സനൽകുമാർ ശശിധരന്റെ എസ്.ദുർഗയുടെ പ്രദർശനത്തിനായി തിരഞ്ഞെടുത്ത മാർഗ്ഗം ഏറെ അഭിനന്ദനാർഹമാണ്.
          പരമ്പരാഗതമല്ലാത്ത ഒരു വിതരണ സംവിധാനത്തിലൂടെയാണ് എസ്.ദുർഗ തിയേറ്ററുകളിലെത്തുന്നത്. ഓരോ പ്രദേശത്തും സിനിമ കാണാനാഗ്രഹിക്കുന്നവരുടെ പ്രാദേശികക്കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ വിതരണം നടക്കുക. അതത് പ്രദേശത്ത് സിനിമയുടെ വിതരണക്കാർ ഈ പ്രാദേശികക്കൂട്ടായ്മാണ്. ചിത്രത്തിന്റെ തിയേറ്റർ വരുമാനത്തിന്റെ പത്ത് ശതമാനം ഈ പ്രാദേശിക കൂട്ടായ്മകൾക്ക് പങ്കുവെയ്ക്കും. ഫിലിം സൊസൈറ്റികളും, കോളേജ് ഫിലിം ക്ലബ്ബുകളും കലാസാംസ്‌കാരിക സംഘടനകളും വിതരണക്കാരായി കൂട്ടായ്മയിൽ പങ്കചേർന്നിട്ടുണ്ട്. ചിത്രത്തിന്റെ തിയേറ്റർ ചെലവുകളും പോസ്റ്റർ, പബ്ലിസിറ്റി ചെലവുകളും നിവ് ആർട്ട് മൂവീസാണ് വഹിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നും ഒരു കൂട്ടായ്മയെങ്കിലും വിതരണക്കാരായി മന്നോട്ടുവന്നിട്ടുണ്ട്. ഇതോടെ സമാന്തര സിനിമകളുടെ പ്രദർശനത്തിൽ പുതിയ വഴി വെട്ടുകയാണ് കാഴ്ച ചലച്ചിത്ര വേദിയും നിവ് ആർട്ട് മൂവീസും ചെയ്തിട്ടുള്ളത്. ചെറിയ ആർട്ട്ഹൗസ് സിനിമകൾക്ക് സമാന്തരമായ തിയേറ്റർ വിതരണ സമ്പ്രദായം ഉണ്ടായിവരുന്നതിന് ഭാവിയിൽ ഇത് പ്രചോദനമായേക്കും.

കേരള കൗമുദി എഡിറ്റോറിയൽ 2018 മാർച്ച് 22

Wednesday, 21 March 2018

ആദിവാസി ജീവിതത്തിനു വേണം ഒരു ലോംഗ് മാർച്ച്

മഹാരാഷ്ട്രയിൽ കൃഷിഭൂമിക്കും വനാവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി കർഷകർ നടത്തിയ ലോംഗ് മാർച്ച് രാജ്യത്ത് അവകാശപോരാട്ടങ്ങൾക്കായി നടന്ന വലിയ സമരങ്ങളിലൊന്നായി അടയാളപ്പെടുത്തിക്കഴിഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, വനാവകാശ നിയമം നടപ്പാക്കൽ, ദരിദ്ര കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ നൽകൽ, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കർഷകരെ വഞ്ചിച്ച ബി.ജെ.പി സർക്കാരിനെതിരായ പ്രതിഷേധമാണ് കർഷകർ ലോംഗ് മാർച്ചിലൂടെ പ്രകടിപ്പിച്ചത്. ഏഴുദിവസംകൊണ്ട് 180 കിലോമീറ്റർ ദൂരമാണ് ഇതിനായി അവർ നടന്നുതീർത്തത്. വനാവകാശ നിയമം നടപ്പാക്കുന്നതടക്കമുള്ള കർഷകരുടെ ആവശ്യങ്ങൾ രണ്ടുമാസത്തിനകം നടപ്പാക്കുമെന്ന് രേഖാമൂലം നൽകിയ ഉറപ്പിന്മേൽ സമരം അവസാനിച്ചു. രാജ്യത്ത് അവകാശത്തിനും നീതിക്കുമായി പോരാടുന്ന ബഹുജന പ്രസ്ഥാനങ്ങൾക്കാകെ ഊർജ്ജം നൽകിയ സമരത്തിനുശേഷം കേരളീയർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. കേരളത്തിലെ ആദിവാസികളോട് നമ്മൾ നീതി കാട്ടിയിട്ടുണ്ടോ? അവരുടെ ആവാസത്തിലും കൃഷിഭൂമിയിലും നമ്മൾ ഏതുതരത്തിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്?ഭൂപരിഷ്‌കരണം ആദിവാസികളുമായി ബന്ധപ്പെടുത്തുമ്പോൾ കിട്ടുന്ന ഉത്തരമെന്തായിരിക്കും? ആദിവാസി,വനാവകാശ നിയമങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ?
            ഇന്ത്യയിൽ പരമ്പരാഗതമായി വനഭൂമിയിൽ അധിവസിക്കുന്ന പട്ടികവർഗക്കാരുടെയും ഇതര വനവാസികളുടെയും അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി വനാവകാശനിയമം പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ 2007 ജനുവരി രണ്ടിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമമനുസരിച്ച് 2005 ഡിസംബർ 13ന് മുമ്പ് വനഭൂമിയിൽ അധിവസിക്കുന്ന മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും അവരുടെ കൈവശഭൂമിയുടെ അവകാശം നൽകുന്ന രേഖ നൽകണമെന്ന് നിഷ്‌കർഷിക്കുന്നു. എന്നാൽ നിയമം പാസ്സായിട്ട് പത്തുവഷം കഴിയുമ്പൊഴും അത് സമ്പൂർണ്ണമായി നടപ്പാക്കാൻ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കുമായിട്ടില്ല; പ്രത്യേകിച്ച് പുരോഗമിച്ച സാമൂഹ്യവ്യവസ്ഥിതിയുള്ള കേരളത്തിലും.
            കേരളത്തിൽ ആദിവാസി ജീവിതത്തെ സംരക്ഷിക്കുന്നതിനുപകരം അവരുടെ ആവാസം കൈയ്യേറി കൃഷിനിലങ്ങൾ നശിപ്പിച്ച് അവരെ കൂടുതൽ ഉൾക്കാട്ടിലേക്ക് പായിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോൾ. ഭൂമാഫിയകൾ തീർത്ത വേലിക്കരികെ പേടിച്ചുകഴിയുകയാണ് കേരളത്തിലെ ആദിവാസികൾ. ഭൂവിസ്തൃതി കുറഞ്ഞ, ജീവിതനിലവാരത്തിൽ ഉയർന്ന പട്ടികയിലുൾപ്പെട്ട ഒരു സംസ്ഥാനത്തിൽ നഗരങ്ങളിൽ കെട്ടിടങ്ങൾ ആകാശത്തേക്ക് വളർന്നും വനമേഖലകളിൽ വനഭൂമി കൈയ്യേറി അവിടങ്ങളിൽ ആദിമകാലം തൊട്ട് അധിവസിക്കുന്ന ജനതയുടെ സ്വൈര്യജീവിതം ഇല്ലാതാക്കിയുമാണ് നഗരവത്കരണവും വികസനവും സാദ്ധ്യമാകുന്നത്. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ശബ്ദം ഇല്ലാതാക്കിയ ഒരു ജനതയ്ക്ക് നീതി നിഷേധിക്കപ്പെട്ട് പേടിച്ച് ഉൾക്കാട്ടിലേക്ക് വലിഞ്ഞ് ജീവിക്കേണ്ടിവരികയാണ്. കൃഷിയിടവും കാടുജീവിതവും ജീവനോപാധിയും നഷ്ടമായവർക്ക് അന്നത്തിനായി പിന്നെയും കാടിറങ്ങേണ്ടിവരുന്ന ഗതികേടാണുള്ളത്. നാട്ടുവാസികളിൽനിന്ന് അകന്ന് ഗോത്രജീവിതത്തിന്റെ സ്വൈര്യതയിൽ ജീവിച്ചിരുന്ന ജനതയെ അതിൽനിന്ന് ചിതറിച്ചതിൽ പൊതുസമൂഹത്തിനും ഭരണകൂടത്തിനും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളോട് കാലാകാലങ്ങളായി സർക്കാർ വകുപ്പുകളും വ്യവസ്ഥിതിയും കാണിച്ചുപോരുന്ന അവഗണനയുടെ ഒടുവിലത്തെ ഇരയാണ് അട്ടപ്പാടിയിൽ വംശീയവെറിയിൽ ആൾക്കൂട്ടം വിചാരണചെയ്ത് കൊലപ്പെടുത്തിയ മധു.
          
           തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിക്കുവേണ്ടി ആദിവാസികളിൽനിന്ന് പൊതുസമൂഹത്തിനും സർക്കാരിനുമെതിരെ ആദ്യം ഉയർന്ന വലിയ ശബ്ദങ്ങളിലൊന്ന് മുത്തങ്ങയിലേതായിരുന്നു. പൊതുസമൂഹത്തിന്റെ അവകാശ സമരങ്ങൾ മാത്രം കണ്ടുശീലിച്ച കേരളത്തിന് ആദിവാസികളുടെ സമരം ആദ്യം അമ്പരപ്പാണുണ്ടാക്കിയത്. മുത്തങ്ങ സമരവും വെടിവെപ്പും നടന്നിട്ട് 15 വർഷം പിന്നിടുമ്പൊൾ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല,അവർ കൂടുതൽ കൂടുതൽ ചൂഷണങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആദിവാസികൾ ഇനിയും ശബ്ദമുയർത്തുമെന്ന ഭയത്താൽ സമരത്തെ അടിച്ചമർത്തുക എന്ന നയമാണ് സർക്കാർ അന്ന് സ്വീകരിച്ചത്. എന്നാൽ മുത്തങ്ങ പിന്നീട് ചെങ്ങറയ്ക്കും അരിപ്പയ്ക്കും ആറളത്തിനും സെക്രട്ടേറിയറ്റ് പടിക്കലെ നിൽപ്പുസമരത്തിനും പ്രചോദനമാകുകയാണുണ്ടായത്. ആദിവാസി മേഖലയിൽ നടന്ന സമരത്തെക്കാൾ സെക്രട്ടേറിയറ്റ് പടിക്കലേക്ക് ആദിവാസികൾ വന്നു നടത്തിയ നിൽപ്പുസമരത്തിന് സ്വാഭാവികമായും മാദ്ധ്യമങ്ങളിലും ഔദ്യോഗികതലത്തിലും കൂടുതൽ ശ്രദ്ധ കിട്ടി. എന്നാൽ ഏറ്റവും ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തിയ സമരങ്ങളിലെ ആവശ്യങ്ങൾ ഇപ്പൊഴും പൂർണ്ണമായി നിറവേറ്റപ്പെട്ടില്ല. ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമിയാകട്ടെ അവർ ജീവിച്ചുപോന്ന ആവാസത്തോടോ ജീവിതരീതിയോടോ ഒട്ടും നീതി പുലർത്തുന്നതായിരുന്നില്ല. മിക്കവരും ഭൂമി ഉപേക്ഷിച്ചുപോയി. പലരുടെയും ഭൂമി ഇപ്പൊഴും കടലാസിലാണ്. ആദിവാസികളെ ആട്ടിയോടിച്ച് ഉദ്യോഗസ്ഥരും ഭൂമാഫിയകളും ഭൂമി കൈയ്യേറിക്കൊണ്ടിരിക്കുന്നു. സർക്കാർ തലത്തിൽ ഇതിനെപ്പറ്റി യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
         
          ഭൂപരിഷ്‌കരണം നടപ്പാക്കി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികൾ ഭൂരഹിതരായി തുടരുന്നു. ഏഴ് ലക്ഷത്തിലധികം ഭൂരഹിതരുള്ള കേരളത്തിൽ അതിൽ വലിയൊരു വിഭാഗം ആദിവാസികളാണ്. 2003ൽ ഭൂമിവിതരണം തുടങ്ങി 7000ത്തോളം കുടുംബങ്ങൾക്ക് 9000 ഏക്കർ ഭൂമിയാണ് ഇതുവരെ വിതരണം ചെയ്തത്. എന്നാൽ ഇതിൽ പകുതിയിൽ കൂടുതലും ആദിവാസികളുടെ കൈയ്യിലില്ല. ആദിവാസികൾ ഇപ്പൊഴും ഭൂരഹിതരായി തുടരുന്നു. സർക്കാരുകൾ ആദിവാസി ക്ഷേമത്തിനായി വിനിയോഗിച്ചിട്ടുള്ള കോടികളും ജലരേഖയായി അവശേഷിക്കുന്നു.
         ആദിവാസിയുടെ കൂര പൊളിച്ചും മണ്ണു വാരിയെടുത്തും ഉണ്ടായതാണ് കേരളത്തിന്റെ പൊതുസമൂഹ വികസനവും പളപളപ്പുമെന്നത് യാഥാർത്ഥ്യമാണ്. ഒരു കെട്ട് പുകയിലയ്‌ക്കോ കുറച്ച് ഉണക്കമീനിനോ വാറ്റുചാരായത്തിനു വേണ്ടിയാണ് നിരക്ഷരരായ ആദിവാസിക്ക് പലപ്പൊഴും കിടപ്പാടവും ഭൂമിയും നഷ്ടമായത്. ഇത്രമാത്രം ചതിക്കും വഞ്ചനക്കും ഇരയാക്കപ്പെട്ട മറ്റൊരു ജനവിഭാഗവും ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ഇല്ല.               അരികുചേർക്കപ്പെടുന്നവന്റെ സമരജ്വാലകൾ ഇന്നും അണയാതെ കത്തുകയാണ്. തലചായ്ക്കാനും സൈ്വര്യമായി ജീവിക്കാനുമുള്ള ഭരണഘടന ഉറപ്പുനൽകിയ അവകാശത്തിനും വേണ്ടിയാണ് ഭൂസമരങ്ങളൊക്കെ തന്നെയും നടന്നത്. മുത്തങ്ങയും അരിപ്പയും ചെങ്ങറയും ആവർത്തിച്ചിട്ടും ലഭിക്കാത്ത പൂർണ്ണനീതിക്കായി കേരളം ഒരു ലോംഗ് മാർച്ചിന് തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവർക്കൊപ്പം ഭരണകേന്ദ്രങ്ങളിലേക്ക് നീതിതേടി നടന്നടുക്കേണ്ട കാലുകൾ നമ്മുടെ തന്നെയാണ്. അപരന്റെ വാക്കുകൾ സംഗീതമാകുന്ന കാലം അങ്ങനയേ യാഥാർത്ഥ്യമാകൂ.

കേരളകൗമുദി എഡിറ്റോറിയൽ 2018 മാർച്ച് 14
വായനക്കാരന്റെ മാധവിക്കുട്ടിയും കമലിന്റെ ആമിയും

മലയാളിക്ക് ആരായിരുന്നു മാധവിക്കുട്ടി? എന്തായിരുന്നാലും വെറുമൊരു ഒരു എഴുത്തുകാരൻ/ എഴുത്തുകാരി എന്ന തരത്തിലായിരുന്നില്ല മലയാളി മാധവിക്കുട്ടിയെ കണ്ടത്. മറ്റ് എഴുത്തുകാരിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ട സവിശേഷമായ എന്തോ ഒന്ന് അവരിലുണ്ടെന്ന് മലയാളികൾ വിശ്വസിച്ചു. മലയാളിക്ക് ഒരിക്കലും പൂർണ്ണമായി പിടികിട്ടാനിടയില്ലാത്ത മാധവിക്കുട്ടിയെ അവർ കണ്ടുപോന്നതും ചിത്രീകരിച്ചതും പല തരത്തിലാണ്. ഫിക്ഷനും ജീവിതവും രണ്ടായി കാണാൻ ശേഷിയില്ലാതെ ഓരോരുത്തരുടെയും മനസ്സിന്റെ വലുപ്പത്തിനനുസരിച്ച് മാധവിക്കുട്ടിയെ തളച്ചിടാനുള്ള വ്യഗ്രത എക്കാലത്തും കാണാമായിരുന്നു. മാധവിക്കുട്ടിയുടെ എഴുത്തുജീവിത കാലത്തും മരണശേഷവും അതിന് വ്യത്യാസമില്ല. അതുകൊണ്ടുതന്നെ മലയാളി മനസ്സിന്റെ ചെറുകോൽ മാനദണ്ഡം കൊണ്ട് അളന്നു തിട്ടപ്പെടുത്താനാകാത്ത വലുപ്പത്തിൽ മാധവിക്കുട്ടിയങ്ങനെ എല്ലാക്കാലവും എഴുന്നു നിൽക്കും.
    മലയാളിയുടെ പൊതുബോധ ധാരണയ്ക്ക് മാറ്റം വരാനിടയില്ല. നവോത്ഥാന മൂല്യങ്ങളും സ്ത്രീ സ്വാതന്ത്ര്യബോധവും തൊലിപ്പുറത്തു പോലും സ്പർശിച്ചിട്ടില്ലാത്ത മലയാളി ജീവിതം ആഘോഷിക്കപ്പെടുന്ന വലിയൊരു കാപട്യമാണ്. മാധവിക്കുട്ടിയാകട്ടെ സ്വന്തം ശരികളുടെയും സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പിൽ അഭിരമിച്ചുജീവിച്ച് തൃപ്തയായി മരിച്ച മാനവിക ബോധത്തിന്റെ ഉടമയും. അവർ മരണത്തിലും സന്തോഷവതിയായിരുന്നിരിക്കണം. ചുറ്റുമുള്ളവർ അവരുടെ എഴുത്തിലേക്കും ജീവിതത്തിലെ തെരഞ്ഞെടുപ്പിലേക്കും കൈകടത്താൻ സദാ ശ്രമിച്ചിരുന്നെങ്കിലും മാധവിക്കുട്ടി അതിനെ ഉറച്ച ചിരികളോടെയും ഏറെ നിഷ്‌കളങ്കവും എന്നാൽ ഉള്ളിൽ അത്രയേറെ ഉറപ്പുമുള്ള ഭാഷ കൊണ്ടും നേരിട്ടു.
     മാധവിക്കുട്ടി ജനിക്കേണ്ടിയിരുന്നത് കേരളത്തിലായിരുന്നില്ല. മാധവിക്കുട്ടിയെ, അല്ലെങ്കിൽ സമൂഹത്തിന്റെ യാഥാസ്ഥിതിക ചുറ്റുപാടുകളെ വെല്ലുവിളിച്ച് എഴുതുന്ന ഏതൊരാളെയും ഉൾക്കൊള്ളാവുന്ന മാനസിക വലുപ്പമല്ല കേരളത്തിന്റെത്. അത് നിരന്തരം തന്റെ ജീവിതത്തിലേക്ക് ഉൾവലിഞ്ഞ് അപരന്റെ കുറവുകളിലേക്കും തെറ്റുകളിലേക്കും നോക്കുകയും എന്നാൽ അങ്ങനെയല്ലെന്ന് നടിക്കുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടത്തിന്റെ പ്രതിനിധാനമാണ്.
   
   
            തന്റെ എഴുത്തിൽ തനിക്ക് തോന്നുന്ന ശരികളെ കൊണ്ടുവന്ന് അവതരിപ്പിക്കുക മാത്രമായിരുന്നു മാധവിക്കുട്ടി ചെയ്തത്. യാഥാർഥ്യത്തെക്കാൾ ഫിക്ഷന്റെ രൂപമാണ് അതിൽ പല എഴുത്തുകൾക്കും ചേരുക. ആ എഴുത്തുകൾ കൊണ്ട് മരണശേഷവും മാധവിക്കുട്ടി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു(അതൊന്നും അവരെ ബാധിക്കില്ലെങ്കിലും) ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതാമോ? എങ്ങനെ ഇതൊക്കെ എഴുതാനുള്ള അനുഭവമുണ്ടായി? എങ്കിൽ അവർ സമൂഹത്തിന്റെ സദാചാര ബോധത്തിന് ചേർന്ന സ്ത്രീയല്ല. ഇങ്ങനെ വളരെ എളുപ്പത്തിൽ അളന്നാണ് മാധവിക്കുട്ടിയെയും അവരുടെ എഴുത്തിനെയും അളന്നത്. എന്നാൽ മാധവിക്കുട്ടി വളർന്നത് കേരളത്തിനും ഇന്ത്യക്കും പുറത്തേക്കായിരുന്നു. അതൊന്നും കാണാൻ ബഹു ഭൂരിപക്ഷത്തിന്റെതായ മലയാളി മനസ്സുകൾ തയ്യാറായില്ല. മാധവിക്കുട്ടിയെ വായിച്ചവരെക്കാൾ, വായിക്കാത്തവരായിരുന്നു വലിയ വിമർശകർ എന്നതായിരുന്നു യാഥാർഥ്യവും, ഏറ്റവും വലിയ ശരികേടും.

....................
മാധവിക്കുട്ടിക്ക് ഒരു സമർപ്പണമെന്നോണം പിൽക്കാലത്ത് ഒരു സിനിമയുണ്ടാകുന്നു. അതിൽ മാധവിക്കുട്ടിയെ സ്‌നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത വായനാ മനസ്സുള്ളവർ പ്രതീക്ഷിക്കുക സ്വാതന്ത്ര്യബോധത്തിന്റെയും സർഗാത്മകതയുടെയും ഉറച്ച അഭിപ്രായബോധങ്ങളുടെയും ആൾരൂപമായ ആമിയെയാരിക്കുമെന്ന് തീർച്ച. അതല്ലാതെ നമുക്ക് പരിചിതമായ മാധവിക്കുട്ടിയുടെ ജീവിതത്തെ അതേപടി, യാതൊരു സൗന്ദര്യ, സർഗാത്മക, ചലച്ചിത്രകാരന്റെ സ്വതന്ത്രാവിഷ്‌കാര സാധ്യതയും ഉപയോഗിക്കാതെ കേവലമൊരു രണ്ടേമുക്കാൽ മണിക്കൂറിന്റെ ചലനചിത്രത്തിൽ പിടിച്ചൊതുക്കിയിടുന്നത് ആത്മഹത്യാപരവും വലിയ നീതികേടുമായിരിക്കും. അടുത്തിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയിൽ സംഭവിച്ചതാണ് അതാണ്. എഴുത്തുകാരിയുടെ ജീവിതത്തിലെ ഓരോ സന്ദർശങ്ങളെയും ഓർത്തെടുത്ത് സ്പർശിച്ച് പോകുന്ന സിനിമ സ്വതന്ത്രാവിഷ്‌കാരത്തിന്റെ ചലച്ചിത്രസാധ്യതയെ പൂർണ്ണമായി തള്ളിക്കളഞ്ഞു. അങ്ങനെ മാധവിക്കുട്ടിയുടെ ജീവിതത്തോട് പറച്ചിൽകൊണ്ടും പരദൂഷണം കൊണ്ടും എവുത്തുകൊണ്ടും മലയാളി കാണിച്ച നീതികേടുകളിലേക്ക് സിനിമയെന്ന മാധ്യമത്തിന്റെ സംഭാവനയായി ഒന്നുകൂടിയായി ആമിയെന്ന സിനിമ കാലം രേഖപ്പെടുത്തും.
  
          മാധവിക്കുട്ടിയുടെ സ്വതന്ത്രമായ മനോസഞ്ചാരത്തെ അടയാളപ്പെടുത്താൻ അമൂർത്തമായ ആവിഷ്‌കാര സാധ്യതകൾ ഉപയോഗിച്ചിരുന്നെങ്കിൽ തെല്ലെങ്കിലും നീതീകരണം സാധ്യമായിരുന്നേനെ.(ലെനിൻ രാജേന്ദ്രൻ നഷ്ടപ്പെട്ട നീലാംബരിക്ക് 'മഴ'യെന്ന പേരിൽ സ്വതന്ത്രാവിഷ്‌കാരം കൊടുത്തതുപോലെ) പുന്നയൂർക്കുളത്തെ കുട്ടിക്കാലം മുതൽ കൊൽക്കൊത്തയിലെയും മുംബൈയിലെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാധവിക്കുട്ടിയുടെ ജീവിതത്തെ ഉപരിപ്ലവമായി പകർത്തിവച്ചതിലൂടെ ബയോപിക് എന്ന രീതിയിൽ ആമി മോശപ്പെട്ട ഒരു സിനിമയായി അവശേഷിക്കുന്നു. ഇവിടങ്ങളിലെല്ലാം സഞ്ചരിച്ച് തിരിച്ചെത്തി 'എ കമൽ സിനിമ' എന്ന് സ്‌ക്രീനിൽ എഴുതിയതും വായിച്ച് തിരിഞ്ഞുനടക്കുമ്പൊഴും ആമിയെ കണ്ടെത്താനാവുന്നില്ല. ഒരുപക്ഷേ അവരെ അത്രയേറെ വായിച്ചാരാധിക്കാത്തവർക്ക് ഇത് ഒരു സിനിമയുടെ സാധ്യതയിൽ ചെറിയ അന്വേഷണം നടത്താൻ സാധിക്കുമായിരിക്കും. എങ്കിലും അതെത്രമേൽ ഫലം കാണുമെന്ന് നിശ്ചയമില്ല. ആമിക്കു തൊട്ടുപിറകെ ഇറങ്ങിയ 'ക്യാ്ര്രപൻ' എന്ന സിനിമയും ബയോപിക് രൂപത്തിലുള്ളതായിരുന്നു. ഇന്ത്യൻ ഫുട്‌ബോളർ വി.പി. സത്യന്റെ ജീവിതം പറയുന്ന സിനിമയിൽ നവാഗതനായ പ്രജേഷ് സെന്നിന് വലിയൊരു പരിധി വരെ നീതി പുലർത്താനായി. അതേസമയം സത്യനെക്കാൾ മലയാള ജീവിതത്തിൽ സാന്നിധ്യമായിരുന്ന മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോൾ മാധവിക്കുട്ടിയുടെ ജൈവസാന്നിധ്യമന്വേഷിക്കുന്ന കാണികൾക്ക് അത് കണ്ടെത്താനാകാതെ നിരാശരാകേണ്ടി വരുന്നു. 
           കമലിന് ചെയ്യാൻ കഴിയുന്നതൊക്കെ അദ്ദേഹം ആമിയിൽ ചെയ്തു;മഞ്ജു വാര്യരും. പക്ഷേ, മുൻധാരണയിൽ എഴുതിത്തയ്യാറാക്കിയ പുറന്തോടു മാത്രമുള്ള ഒരു തിരക്കഥയിൽ എന്ത് അത്ഭുതം കാട്ടാനാണ്! അപൂർവ്വം ചിലയിടങ്ങളിലെ മിന്നലാട്ടങ്ങളൊഴിച്ചാൽ സ്‌ക്രീനിൽ കണ്ണും മനസ്സും പിടിച്ചുനിർത്താൻ ആവുന്നേയില്ല. മാധവിക്കുട്ടിയുടെ ഉടയാടകളുടെയും ശബ്ദത്തിന്റെയും അനുകരണം മുഴച്ചുതന്നെ നിൽക്കുന്നു. മാറിമാറിയുടുക്കുന്ന വസ്ത്രങ്ങളുടെ പേരല്ല മാധവിക്കുട്ടി. ഏറെ ലാളിത്യത്തോടെയും കുട്ടിത്തം നിറഞ്ഞും എന്നാൽ ഉറച്ചതുമായ അവരുടെ സംസാരവും ചില കാര്യങ്ങൾ പറഞ്ഞതിനു ശേഷമുള്ള ഗംഭീരമായ ആ ചിരിയും ഇങ്ങനെയേ അല്ല. മഞ്ജുവിന്റെ മാധവിക്കുട്ടിച്ചിരി വൻ അരോചകതയാണ് കാണികളിലുണ്ടാക്കുക. ഒരുപക്ഷേ മഞ്ജുവിന് പകരം ഇത്ര പരിചിതമല്ലാത്ത മറ്റൊരു മുഖമോ ശബ്ദമോ ആയിരുന്നെങ്കിൽ ഇതൊന്നുമിത്ര മുഴച്ചുനിൽക്കുന്നതായി തോന്നില്ലായിരുന്നു. പക്ഷേ മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോൾ ഉണ്ടായേക്കാവുന്ന കച്ചവടസാധ്യത അണിയറക്കാർക്ക് തള്ളിക്കളയാൻ സാധിക്കില്ലല്ലോ. അപ്പോൾ മലയാളത്തിൽ നിലവിൽ ലഭ്യമായ തീയേറ്റർ വിപണിസാധ്യത കൂടിയ നായികയെത്തന്നെ മാധവിക്കുട്ടിയാക്കി. അതിനപ്പുറം മാധവിക്കുട്ടിയായി മാറാൻ ഈ നടിക്കുള്ള ശേഷി അളക്കാനോ കഥാപാത്രത്തോട് നീതികാണിച്ചേക്കാവുന്ന അനുയോജ്യയായ മറ്റൊരു നടിയെ സ്‌ക്രീൻ ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കാനോ തയ്യാറായില്ല. അതിന്റെ ബാക്കിപത്രമാണ് തീയേറ്ററിൽ ലഭ്യമായ മാധവിക്കുട്ടിയുടെ വികൃതാനുകരണം.
  

             വികാരങ്ങൾ അതിവേഗം വ്രണപ്പെടുന്ന മാറിയ ജാതി,മത പ്രീണന ജീവിതകാലത്തായിരുന്നു മാധവിക്കുട്ടി ജീവിച്ചിരുന്നതെങ്കിൽ, അവർ മതം മാറിയത് ഇന്നായിരുന്നുവെങ്കിൽ ഹിന്ദു കുറെക്കൂടി നന്നായി ഉണരുമായിരുന്നുവെന്ന് നിശ്ചയമായും പറയാം. പക്ഷേ, ആമിയിൽ മതം മാറിയ ശേഷം പുന്നയൂർക്കുളത്തെത്തുന്ന മാധവിക്കുട്ടിയെ കാണിക്കുന്ന രംഗങ്ങളിൽ കാവിയുടുപ്പിട്ട പാമ്പുദൈവ സംരക്ഷകർക്ക് തെല്ല് വീര്യം കൂടുതലാണ്. ഹിന്ദു ഇത്രകണ്ട് ഉണർന്നെണീറ്റു തുടങ്ങിയിട്ടില്ലാതിരുന്ന അക്കാലത്തെ കാണിക്കാൻ കമൽ ബോധപൂർവ്വം വീര്യം ചേർത്തുകൊടുത്തിട്ടുണ്ടോയെന്ന് ഇതുകാണുമ്പോൾ സ്വാഭാവികമായും സംശയിക്കും. നിലവിൽ കേരളത്തിലെ സംഘപരിവാർ സാന്നിധ്യം തിരിച്ചറിഞ്ഞ്, അവരെ തഴുകുന്ന തരത്തിൽ സീനുകൾ ക്രമപ്പെടുത്തി, സിനിമയ്‌ക്കെതിരെ വന്നേക്കാവുന്ന എതിർപ്പ് ഒഴിവാക്കാൻ മുൻകൂട്ടി നടത്തുന്ന ഇത്തരം വിട്ടുവീഴ്ചകൾ ഭാവിയിലെങ്കിലും ദോഷം ചെയ്യുമെന്നുറപ്പാണ്. അക്ബർ അലിയെന്ന മനുഷ്യനോട് തോന്നുന്ന അടുപ്പം കൊണ്ട് മാധവിക്കുട്ടി മതം മാറുന്നതായിട്ടാണ് ആമി കാണുമ്പോൾ തോന്നുക. ഇസ്ലാം മതാചാരങ്ങളോട് അവർക്കുണ്ടായിരുന്ന താത്പര്യം നേരത്തെ തന്നെ എഴുത്തിലും സംഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. കേവലം ഒരു വ്യക്തിയോടുള്ള വികാരം കൊണ്ട് മാധവിക്കുട്ടി മതം മാറില്ലെന്നും ഇസ്ലാം വിശ്വാസരീതികളിലേക്കുള്ള സ്വയം സമർപ്പണവും സ്വാതന്ത്ര പ്രഖ്യാപനവുമായിരുന്നു അതെന്ന് വായനക്കാർ നേരത്തെ ബോധ്യപ്പെട്ടതും ഉൾക്കൊണ്ടതുമാണ്. എന്നാൽ ആമിയുടെ ചലച്ചിത്രകാരൻ ഇതിലും വിട്ടുവീഴ്ച ചെയ്യുന്നു. അല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ മതവികാരത്തെ സംരക്ഷിക്കാനും എതിർപ്പ് ഒഴിവാക്കാനും കലയിൽ കൊണ്ടുവരുന്ന സേഫ് സോൺ ഇടങ്ങൾ തന്നെയായിരിക്കും ഇവിടെയുമുണ്ടായത്. ആമിയിൽ മറ്റെല്ലാ കഥാപാത്രങ്ങളും ജീവിതത്തിലെ അതേ പേരിൽ പ്രത്യക്ഷപ്പെടുമ്പോൾ അക്ബർ അലി മാത്രമാണ് സാങ്കൽപ്പിക നാമത്തിലുള്ളത്.


             കൃത്രിമത്വമാണ് ആമിയുടെ മുഖമുദ്ര. കഥാപാത്രങ്ങളുടെ വേഷത്തിലും സംസാരത്തിലും അതിനാടകീയത എഴുന്നുനിൽക്കുന്നു. സിനിമയിലെ കലാസംവിധാനവും വസ്ത്രാലങ്കാരവുമെല്ലാം മാധവിക്കുട്ടിയെന്ന ജീവസ്സുറ്റ പ്രതീകത്തിന് ബാധ്യതയായി മാറുന്നു. അതുകൊണ്ടുതന്നെ മധു നീലകണ്ഠന്റെ ക്യാമറയുടെ മിഴിവും എം.ജയചന്ദ്രന്റെ തനിമയുള്ള സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്യുന്നില്ല.
    മുരളി ഗോപിയുടെ ദാസ് എന്ന കഥാപാത്രമാണ് ആമിയിൽ പ്രകടനം കൊണ്ട് മുന്നിൽ നിൽക്കുന്നത്. മികച്ച നടനെന്ന് പലതവണ കാണികളെക്കൊണ്ട് പറയിച്ചിട്ടുള്ള മുരളി ഗോപി കമലയുടെ ദാസേട്ടനായി വ്യക്തിത്വമുള്ള കഥാപാത്രമാകുന്നു. ടൊവിനോ തോമസിന്റെ കൃഷ്ണനും അനൂപ് മേനോന്റെ അക്ബർ അലിയും അനുകരണങ്ങളില്ലാതെ സ്വതസിദ്ധമായ ശരീരഭാഷ കൊണ്ടും സംസാരംകൊണ്ടും വിരസമാകുന്നില്ല. അതുപോലെ മാധവിക്കുട്ടിയുടെ കുട്ടിക്കാലവും കൗമാരവും അഭിനയിച്ച പെൺകുട്ടികളും നീതിപുലർത്തി.
    മാധവിക്കുട്ടിയുടെ സമ്പൂർണ്ണ ജീവിതമെടുത്ത് സിനിമയാക്കുന്നത് അത്ര എളുപ്പമല്ല. എല്ലാ മേഖലകളിലേക്കും സഞ്ചരിച്ച് ഒന്നിനും അർഹിച്ച പ്രാധാന്യമോ അടയാളപ്പെടുത്തലോ നൽകാനാകാതെ വന്നതാണ് കമലിന്റെ ആമിയുടെ പരാജയം. ഒട്ടനവധി മികച്ച സിനിമകളെടുത്തിട്ടുള്ള കമലെന്ന ചലച്ചിത്രകാരന്റെ നിഴലുപോലും ആമിയിലില്ല. സ്വതന്ത്രമായ ഒരു കലാസൃഷ്ടിയേ ആയി മാറാൻ ആമിക്കാകുന്നില്ല. ജെ.സി ദാനിയേലിന്റെ ജീവിതം സിനിമയാക്കിയ കമലിനെയും ആമിയിൽ കാണാനാകുന്നില്ല. മേഘമൽഹാർ പോലെ കാവ്യസുന്ദരമായ സിനിമയെടുത്ത ചലച്ചിത്രകാരനും ഇതിൽ പതിഞ്ഞിട്ടില്ല.
    മാധവിക്കുട്ടിയുടെ ജീവിതം ഇനിയും പല ഭാഷകളിൽ സിനിമയാകട്ടെ. അത് ആമി പോലുള്ള ബൃഹദാഖ്യാനങ്ങളായിട്ടല്ല. ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാനായാൽ മതി. മാധവിക്കുട്ടി അങ്ങനെയായിരുന്നു.

സ്ത്രീശബ്ദം, 2018 മാർച്ച്‌
രസകരമായ ഒരു കല്യാണക്കഥ

ഒരു ക്ലിഷേ പ്രണയകഥ എന്ന് ടാഗ് ലൈനിൽ പറയുന്ന കല്യാണത്തിൽ നിന്ന് പ്രേക്ഷകന് കിട്ടുന്നത് ബോറടിക്കാത്ത രണ്ടു മണിക്കൂറാണ്. കല്യാണത്തിൽ പുതുമകളൊന്നുമില്ല. പലതവണ പറഞ്ഞിട്ടുള്ള പ്രണയകഥ തന്നെയാണ് പറയുന്നത്. എങ്കിലും അത് വിരസമാകാതെയും തമാശ കലർത്തി കാണികളെ സിനിമയ്‌ക്കൊപ്പം സജീവമാക്കി നിർത്തുകയും ചെയ്യുന്ന അവതരണമികവാാണ് കല്യാണം ടീമിന്റെ മിടുക്ക്.
    മുകേഷ് സരിത താരദമ്പതിമാരുടെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറിയ കല്യാണം സാൾട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
    അയൽക്കാരായ രണ്ടു കുടുംബങ്ങളാണ് കല്യാണത്തിലെ കേന്ദ്രം. ശരത്തിന് ചെറുപ്പം മുതൽക്കേ ശാരിയെ ഇഷ്ടമാണ്. പക്ഷേ തുറന്നുപറയാനുള്ള ധൈര്യമില്ല. ശാരിക്കും ശരത്തിനോട് ഇഷ്ടമുണ്ടെങ്കിലും തിരിച്ചങ്ങനെ ഉണ്ടായിരിക്കുമോ എന്ന ആശങ്കയിൽ അവളും പറയുന്നില്ല. തുറന്നുപറയാത്ത ആ ഇഷ്ടം ശാരിയുടെ കല്യാണദിവസം വരെ എത്തുന്നു. പിന്നീട് എന്തു സംഭവിക്കുമെന്നതാണ് കല്യാണത്തിന്റെ ഹൈലൈറ്റ്. സംവിധായകന്റെ കഥയ്ക്ക് സുമേഷ് മധുവാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ബാങ്കിംഗ് ഹവേഴ്സ് 104 എന്ന ചിത്രത്തിനുശേഷം സുമേഷ് തിരക്കഥയെഴുതുന്ന ചിത്രമാണിത്.
   
 
          കഥപറച്ചിലിലെയും അവതരണത്തിലെയും മികവും താരങ്ങളുടെ മികച്ച പ്രകടനവുമാണ് കല്യാണത്തിന്റെ ഹൈലൈറ്റ്. മറ്റു ഉപകഥകളിലോക്കോ വലിയ സംഭവവികാസങ്ങളിലേക്കോ സഞ്ചരിക്കാതെ, ശരത്തിന് ശാരിയോടുള്ള പ്രണയത്തെ ചുറ്റി മാത്രമാണ് സിനിമയുടെ മുന്നോട്ടുപോക്ക്. ഈ പ്രണയത്തെ കേന്ദ്രീകരിച്ചാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയും വികാസം.
         മുകേഷും ശ്രീനിവാസനുമാണ് ചിത്രത്തിനു ഊർജ്ജമാകുന്ന രണ്ടു പ്രധാന കഥാപാത്രങ്ങൾ. അനായാസം ഹാസ്യം കൈകാര്യം ചെയ്യാനും അച്ഛൻ കഥാപാത്രങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനും കഴിയുന്ന ഇരുവരുടെയും വേഷം മികച്ചതായി. പ്രണയിതാവിന്റെ വേഷത്തിൽ അരങ്ങേറിയ ശ്രാവൺ മോശമാക്കിയില്ല. അലസനും എന്നാൽ കാമുകിയെ സ്വന്തമാക്കാൻ എന്തിനും തയ്യാറുമായ ചെറുപ്പക്കാരൻ ശ്രാവണിൽ ഭദ്രമായിരുന്നു. പുതുമുഖം വർഷയാണ് നായികാവേഷത്തിൽ. ഏറെയാന്നും ചെയ്യാനില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യമായി മാറിയ വർഷയെ വീണ്ടും മലയാള സിനിമയിൽ കാണുമെന്നുറപ്പ്. ഹരീഷ് കണാരനും ജേക്കബ്ബ് ഗ്രിഗറിയും കല്യാണത്തെ ചിരികൊണ്ട് സമ്പന്നമാക്കുമ്പോൾ മൂന്നു സീനിൽ മാത്രമുള്ള ഇന്ദ്രൻസ് തന്റെ മികവുറ്റ അഭിനയമികവ് ഒരിക്കൽക്കൂടി തേച്ചുമിനുക്കാനുള്ള അവസരമായി വർക്ക് ഷോപ്പ് മെക്കാനിക്കിന്റെ വേഷം ഉപയോഗിക്കുന്നു.
  
           തുറന്നുപറയാത്ത പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെടുത്തിയവർക്കും പുനർചിന്തയ്ക്കുള്ള വക കൂടി നൽകുന്നുണ്ട് കല്യാണത്തിന്റെ കഥാപരിസരം. അവർക്ക് ഈ സിനിമ അൽപ്പം നോവു കൂടിയായിരിക്കും സമ്മാനിക്കുക. ഉയർന്ന ജാതി മഹിമയായി കാണുന്ന അൽപ്പബുദ്ധികളെ കണക്കിന് കളിയാക്കാനും സിനിമ ശ്രദ്ധിക്കുന്നുണ്ട്. ജാതിക്കും സമ്പത്തിനുമെല്ലാമുപരിയായി മനസ്സിന്റെ വലുപ്പവും പൊരുത്തവും തന്നെ ഒടുവിൽ തിരിച്ചറിയപ്പെടുമെന്ന് കല്യാണം ഓർമ്മിപ്പിക്കുന്നു. വിട്ടുപോകാത്ത അനുഭൂതിയായി പ്രണയം സൂക്ഷിക്കുന്ന മനസ്സുകളിലേക്കുള്ള കല്യാണമേളത്തിന്റെ പെരുമ്പറ തന്നെയാണ് കല്യാണത്തിലൂടെ കൊട്ടിക്കയറുന്നത്.
        പ്രണയകഥയ്ക്കു ചേരുന്ന പാട്ടുകളും പശ്ചാത്തലവുമാണ് കല്യാണത്തിന്റേത്. ദുൽഖർ സൽമാനും ജേക്കബ്ബ് ഗ്രിഗറിയും ചേർന്ന് പാടിയ 'ധൃതംഗപുളകിതനായി' ഉൾപ്പടെയുള്ള പാട്ടുകളും കല്യാണത്തിന്റെ മികവു കൂട്ടുന്നു. പ്രകാശ് അലക്സാണ് സംഗീതം. ക്യാമറ ബിനേന്ദ്ര മേനോനും.

കേരളകൗമുദി ഓൺലൈൻ, 2018 ഫെബ്രുവരി 23
കല്ലായി എഫ്.എം
മുഹമ്മദ് റഫിക്കുള്ള സമർപ്പണം


വിശ്രുത ഗായകൻ മുഹമ്മദ് റഫിക്കും ആയിരക്കണക്കായ റഫി ആരാധകർക്കുമുള്ള സമർപ്പണമാണ് വിനീഷ് മില്ലേനിയത്തിന്റെ കല്ലായി എഫ്.എം. ഒരു ബയോപിക് രീതിയിലല്ല കല്ലായി എഫ്.എമ്മിൽ റഫിയെ ഓർത്തെടുക്കുന്നത്. റഫിയുടെ കടുത്ത ആരാധകനായ വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഗായകനെ സിനിമ സ്മരിക്കുന്നത്.
    കല്ലായി എഫ്.എം എന്നത് സിലോൺ ബാപ്പുവെന്ന കല്ലായിക്കാരന്റെ കമ്മ്യൂണിറ്റി റേഡിയോ ആണ്. ലാഭം നോക്കിയല്ല ബാപ്പു ഇത് നടത്തുന്നത്. റഫിയുടെ പാട്ടുകൾ നാട്ടുകാരെ കേൾപ്പിക്കാനുള്ള ഒരു വഴിയാണ് അദ്ദേഹത്തിനിത്. ബാപ്പുവിന്റെ രാവും പകലുമെല്ലാം ഈ എഫ്.എം സ്റ്റേഷനോടും റഫിയോടുള്ള ആരാധനയിലും ഇഴുകിച്ചേർന്നതാണ്. റഫിയുടെ എല്ലാ പാട്ടുകളുടെയും റിക്കാർഡുകൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട് ബാപ്പു. രണ്ടു മക്കളും ഭാര്യ ജമീലയുമായി സന്തോഷകരമായി മുന്നോട്ടു പോകുമ്പോഴും സംഗീതം പലപ്പോഴും ഒരു ചർച്ചാവിഷയമായി അയാളുടെ ജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. എങ്കിലും അയാൾ റഫിയെ അയാൾ നെഞ്ചോടു ചേർത്തുവയ്ക്കുന്നു. റഫിയോടുള്ള ബാപ്പുവിന്റെ ഈ ആരാധന ഒരാൾ സിനിമയാക്കുകയും ചെയ്യുന്നു. അതിൽ ബാപ്പു അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ സിനിമയ്ക്കുള്ളിലെ സിനിമ കൂടിയാകുന്നു കല്ലായി എഫ്.എം.
   
   
ശ്രീനിവാസനാണ് സിലോൺ ബാപ്പു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം ശ്രീനിവാസന് ലഭിച്ച അഭിനയപ്രാധാന്യമുള്ള വേഷം സ്വതസിദ്ധമായ ശൈലിയിലൂടെ അദ്ദേഹം മികച്ചതാക്കി. ബാപ്പുവിന്റെ റഫി ആരാധന പ്രമേയമാക്കുന്ന കല്ലായി എഫ്.എം മറ്റു കഥാപാത്രങ്ങളുടെ പശ്ചാത്തല വിശദീകരണത്തിലേക്കോ കാഴ്ചകളിലേക്കോ കടക്കുന്നില്ല. അതുകൊണ്ടുതന്നെ ലളിതമായി കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുന്ന ഒരു സാധാരണ ചിത്രമായിട്ടായിരിക്കും കല്ലായി എഫ്.എം അനുഭവപ്പെടുക. വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളോ പരീക്ഷണാത്മകമായ ആഖ്യാനരീതിക്കോ, മിഴിവുറ്റ ക്യാമറാ ചലനങ്ങൾക്കോ ചിത്രത്തിൽ സ്ഥാനമില്ല. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കഥയാണെങ്കിലും കോഴിക്കോടിന്റെ ജീവിതശൈലിയും സാമൂഹിക, സാംസ്‌കാരിക ചുറ്റുപാടും കാഴ്ചക്കാരന്റെ ഉള്ളിലെത്തും വിധം അടയാളപ്പെടുത്താൻ സിനിമയ്ക്കാവുന്നില്ല.
            വിനീഷ് മില്ലേനിയം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിട്ടുള്ളത്. തിരക്കഥയിലെ പഴുതുകൾ ഒഴുക്കുള്ള കാഴ്ചയ്ക്ക് തടസ്സമാകുന്നുണ്ട്. എങ്കിലും മലയാളത്തിലെ ആദ്യ സംവിധായക സംരംഭമെന്ന തരത്തിൽ പിഴവുകൾ തിരുത്തി പ്രതീക്ഷവയ്ക്കാൻ വിനീഷിനാകും. നേരത്തെ തീക്കുളിക്കും പച്ചൈമരം എന്ന തമിഴ് ചിത്രം വിനീഷിന്റേതായി പുറത്തുവന്നിരുന്നു.
    സിലോൺ ബാപ്പുവിന്റെ മകൻ റഫി മുഹമ്മദ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി ശ്രദ്ധേയമായ സാന്നിദ്ധ്യമാകുന്നു. ബാപ്പുവിന്റെ ഭാര്യയും മകളുമായി എത്തുന്ന കൃഷ്ണപ്രഭയും പാർവ്വതി രതീഷുമാണ് ചിത്രത്തിലെ സജീവമായ സ്ത്രീസാന്നിദ്ധ്യങ്ങൾ. മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫിയുടെ സാന്നിദ്ധ്യമാണ് മറ്റൊരാകർഷണം. മുഹമ്മദ് റഫിയായിട്ടാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. പിതാവുമായി രൂപം കൊണ്ടുള്ള സാമ്യം റഫി സ്‌ക്രീനിലെത്തുന്ന അനുഭവം പ്രേക്ഷകനിലുണ്ടാക്കുന്നു. കലാഭവൻ ഷാജോൺ, അനീഷ് ജി.മേനോൻ, സുനിൽ സുഗദ, കോട്ടയം നസീർ, കെ.ടി.സി അബ്ദുല്ല, അപ്പുണ്ണി ശശി എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്.
  
ഒയാസിസ് ഗ്രൂപ്പിന്റെ ബാനറിൽ ഷാജഹാൻ ഒയാസിസ് നിർമ്മിച്ച ചിത്രത്തിൽ മുഹമ്മദ് റഫിയുടെ പ്രശസ്തമായ രണ്ട് ഗാനങ്ങൾ ദൃശ്യവത്കരിക്കുന്നുണ്ട്. ഗോപിസുന്ദർ ഈണമിട്ട പാട്ടുകൾ റഫിക്കുള്ള ആദരം കൂടിയാകുന്നു.


കേരളകൗമുിദ ഓൺലൈൻ, 2018 ഫെബ്രുവരി 16