വായനക്കാരന്റെ മാധവിക്കുട്ടിയും കമലിന്റെ ആമിയും
മലയാളിക്ക് ആരായിരുന്നു മാധവിക്കുട്ടി? എന്തായിരുന്നാലും വെറുമൊരു ഒരു എഴുത്തുകാരൻ/ എഴുത്തുകാരി എന്ന തരത്തിലായിരുന്നില്ല മലയാളി മാധവിക്കുട്ടിയെ കണ്ടത്. മറ്റ് എഴുത്തുകാരിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ട സവിശേഷമായ എന്തോ ഒന്ന് അവരിലുണ്ടെന്ന് മലയാളികൾ വിശ്വസിച്ചു. മലയാളിക്ക് ഒരിക്കലും പൂർണ്ണമായി പിടികിട്ടാനിടയില്ലാത്ത മാധവിക്കുട്ടിയെ അവർ കണ്ടുപോന്നതും ചിത്രീകരിച്ചതും പല തരത്തിലാണ്. ഫിക്ഷനും ജീവിതവും രണ്ടായി കാണാൻ ശേഷിയില്ലാതെ ഓരോരുത്തരുടെയും മനസ്സിന്റെ വലുപ്പത്തിനനുസരിച്ച് മാധവിക്കുട്ടിയെ തളച്ചിടാനുള്ള വ്യഗ്രത എക്കാലത്തും കാണാമായിരുന്നു. മാധവിക്കുട്ടിയുടെ എഴുത്തുജീവിത കാലത്തും മരണശേഷവും അതിന് വ്യത്യാസമില്ല. അതുകൊണ്ടുതന്നെ മലയാളി മനസ്സിന്റെ ചെറുകോൽ മാനദണ്ഡം കൊണ്ട് അളന്നു തിട്ടപ്പെടുത്താനാകാത്ത വലുപ്പത്തിൽ മാധവിക്കുട്ടിയങ്ങനെ എല്ലാക്കാലവും എഴുന്നു നിൽക്കും.
മലയാളിയുടെ പൊതുബോധ ധാരണയ്ക്ക് മാറ്റം വരാനിടയില്ല. നവോത്ഥാന മൂല്യങ്ങളും സ്ത്രീ സ്വാതന്ത്ര്യബോധവും തൊലിപ്പുറത്തു പോലും സ്പർശിച്ചിട്ടില്ലാത്ത മലയാളി ജീവിതം ആഘോഷിക്കപ്പെടുന്ന വലിയൊരു കാപട്യമാണ്. മാധവിക്കുട്ടിയാകട്ടെ സ്വന്തം ശരികളുടെയും സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പിൽ അഭിരമിച്ചുജീവിച്ച് തൃപ്തയായി മരിച്ച മാനവിക ബോധത്തിന്റെ ഉടമയും. അവർ മരണത്തിലും സന്തോഷവതിയായിരുന്നിരിക്കണം. ചുറ്റുമുള്ളവർ അവരുടെ എഴുത്തിലേക്കും ജീവിതത്തിലെ തെരഞ്ഞെടുപ്പിലേക്കും കൈകടത്താൻ സദാ ശ്രമിച്ചിരുന്നെങ്കിലും മാധവിക്കുട്ടി അതിനെ ഉറച്ച ചിരികളോടെയും ഏറെ നിഷ്‌കളങ്കവും എന്നാൽ ഉള്ളിൽ അത്രയേറെ ഉറപ്പുമുള്ള ഭാഷ കൊണ്ടും നേരിട്ടു.
മാധവിക്കുട്ടി ജനിക്കേണ്ടിയിരുന്നത് കേരളത്തിലായിരുന്നില്ല. മാധവിക്കുട്ടിയെ, അല്ലെങ്കിൽ സമൂഹത്തിന്റെ യാഥാസ്ഥിതിക ചുറ്റുപാടുകളെ വെല്ലുവിളിച്ച് എഴുതുന്ന ഏതൊരാളെയും ഉൾക്കൊള്ളാവുന്ന മാനസിക വലുപ്പമല്ല കേരളത്തിന്റെത്. അത് നിരന്തരം തന്റെ ജീവിതത്തിലേക്ക് ഉൾവലിഞ്ഞ് അപരന്റെ കുറവുകളിലേക്കും തെറ്റുകളിലേക്കും നോക്കുകയും എന്നാൽ അങ്ങനെയല്ലെന്ന് നടിക്കുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടത്തിന്റെ പ്രതിനിധാനമാണ്.
തന്റെ എഴുത്തിൽ തനിക്ക് തോന്നുന്ന ശരികളെ കൊണ്ടുവന്ന് അവതരിപ്പിക്കുക മാത്രമായിരുന്നു മാധവിക്കുട്ടി ചെയ്തത്. യാഥാർഥ്യത്തെക്കാൾ ഫിക്ഷന്റെ രൂപമാണ് അതിൽ പല എഴുത്തുകൾക്കും ചേരുക. ആ എഴുത്തുകൾ കൊണ്ട് മരണശേഷവും മാധവിക്കുട്ടി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു(അതൊന്നും അവരെ ബാധിക്കില്ലെങ്കിലും) ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതാമോ? എങ്ങനെ ഇതൊക്കെ എഴുതാനുള്ള അനുഭവമുണ്ടായി? എങ്കിൽ അവർ സമൂഹത്തിന്റെ സദാചാര ബോധത്തിന് ചേർന്ന സ്ത്രീയല്ല. ഇങ്ങനെ വളരെ എളുപ്പത്തിൽ അളന്നാണ് മാധവിക്കുട്ടിയെയും അവരുടെ എഴുത്തിനെയും അളന്നത്. എന്നാൽ മാധവിക്കുട്ടി വളർന്നത് കേരളത്തിനും ഇന്ത്യക്കും പുറത്തേക്കായിരുന്നു. അതൊന്നും കാണാൻ ബഹു ഭൂരിപക്ഷത്തിന്റെതായ മലയാളി മനസ്സുകൾ തയ്യാറായില്ല. മാധവിക്കുട്ടിയെ വായിച്ചവരെക്കാൾ, വായിക്കാത്തവരായിരുന്നു വലിയ വിമർശകർ എന്നതായിരുന്നു യാഥാർഥ്യവും, ഏറ്റവും വലിയ ശരികേടും.
....................
മാധവിക്കുട്ടിക്ക് ഒരു സമർപ്പണമെന്നോണം പിൽക്കാലത്ത് ഒരു സിനിമയുണ്ടാകുന്നു. അതിൽ മാധവിക്കുട്ടിയെ സ്‌നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത വായനാ മനസ്സുള്ളവർ പ്രതീക്ഷിക്കുക സ്വാതന്ത്ര്യബോധത്തിന്റെയും സർഗാത്മകതയുടെയും ഉറച്ച അഭിപ്രായബോധങ്ങളുടെയും ആൾരൂപമായ ആമിയെയാരിക്കുമെന്ന് തീർച്ച. അതല്ലാതെ നമുക്ക് പരിചിതമായ മാധവിക്കുട്ടിയുടെ ജീവിതത്തെ അതേപടി, യാതൊരു സൗന്ദര്യ, സർഗാത്മക, ചലച്ചിത്രകാരന്റെ സ്വതന്ത്രാവിഷ്‌കാര സാധ്യതയും ഉപയോഗിക്കാതെ കേവലമൊരു രണ്ടേമുക്കാൽ മണിക്കൂറിന്റെ ചലനചിത്രത്തിൽ പിടിച്ചൊതുക്കിയിടുന്നത് ആത്മഹത്യാപരവും വലിയ നീതികേടുമായിരിക്കും. അടുത്തിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയിൽ സംഭവിച്ചതാണ് അതാണ്. എഴുത്തുകാരിയുടെ ജീവിതത്തിലെ ഓരോ സന്ദർശങ്ങളെയും ഓർത്തെടുത്ത് സ്പർശിച്ച് പോകുന്ന സിനിമ സ്വതന്ത്രാവിഷ്‌കാരത്തിന്റെ ചലച്ചിത്രസാധ്യതയെ പൂർണ്ണമായി തള്ളിക്കളഞ്ഞു. അങ്ങനെ മാധവിക്കുട്ടിയുടെ ജീവിതത്തോട് പറച്ചിൽകൊണ്ടും പരദൂഷണം കൊണ്ടും എവുത്തുകൊണ്ടും മലയാളി കാണിച്ച നീതികേടുകളിലേക്ക് സിനിമയെന്ന മാധ്യമത്തിന്റെ സംഭാവനയായി ഒന്നുകൂടിയായി ആമിയെന്ന സിനിമ കാലം രേഖപ്പെടുത്തും.
മാധവിക്കുട്ടിയുടെ സ്വതന്ത്രമായ മനോസഞ്ചാരത്തെ അടയാളപ്പെടുത്താൻ അമൂർത്തമായ ആവിഷ്‌കാര സാധ്യതകൾ ഉപയോഗിച്ചിരുന്നെങ്കിൽ തെല്ലെങ്കിലും നീതീകരണം സാധ്യമായിരുന്നേനെ.(ലെനിൻ രാജേന്ദ്രൻ നഷ്ടപ്പെട്ട നീലാംബരിക്ക് 'മഴ'യെന്ന പേരിൽ സ്വതന്ത്രാവിഷ്‌കാരം കൊടുത്തതുപോലെ) പുന്നയൂർക്കുളത്തെ കുട്ടിക്കാലം മുതൽ കൊൽക്കൊത്തയിലെയും മുംബൈയിലെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാധവിക്കുട്ടിയുടെ ജീവിതത്തെ ഉപരിപ്ലവമായി പകർത്തിവച്ചതിലൂടെ ബയോപിക് എന്ന രീതിയിൽ ആമി മോശപ്പെട്ട ഒരു സിനിമയായി അവശേഷിക്കുന്നു. ഇവിടങ്ങളിലെല്ലാം സഞ്ചരിച്ച് തിരിച്ചെത്തി 'എ കമൽ സിനിമ' എന്ന് സ്‌ക്രീനിൽ എഴുതിയതും വായിച്ച് തിരിഞ്ഞുനടക്കുമ്പൊഴും ആമിയെ കണ്ടെത്താനാവുന്നില്ല. ഒരുപക്ഷേ അവരെ അത്രയേറെ വായിച്ചാരാധിക്കാത്തവർക്ക് ഇത് ഒരു സിനിമയുടെ സാധ്യതയിൽ ചെറിയ അന്വേഷണം നടത്താൻ സാധിക്കുമായിരിക്കും. എങ്കിലും അതെത്രമേൽ ഫലം കാണുമെന്ന് നിശ്ചയമില്ല. ആമിക്കു തൊട്ടുപിറകെ ഇറങ്ങിയ 'ക്യാ്ര്രപൻ' എന്ന സിനിമയും ബയോപിക് രൂപത്തിലുള്ളതായിരുന്നു. ഇന്ത്യൻ ഫുട്‌ബോളർ വി.പി. സത്യന്റെ ജീവിതം പറയുന്ന സിനിമയിൽ നവാഗതനായ പ്രജേഷ് സെന്നിന് വലിയൊരു പരിധി വരെ നീതി പുലർത്താനായി. അതേസമയം സത്യനെക്കാൾ മലയാള ജീവിതത്തിൽ സാന്നിധ്യമായിരുന്ന മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോൾ മാധവിക്കുട്ടിയുടെ ജൈവസാന്നിധ്യമന്വേഷിക്കുന്ന കാണികൾക്ക് അത് കണ്ടെത്താനാകാതെ നിരാശരാകേണ്ടി വരുന്നു.
കമലിന് ചെയ്യാൻ കഴിയുന്നതൊക്കെ അദ്ദേഹം ആമിയിൽ ചെയ്തു;മഞ്ജു വാര്യരും. പക്ഷേ, മുൻധാരണയിൽ എഴുതിത്തയ്യാറാക്കിയ പുറന്തോടു മാത്രമുള്ള ഒരു തിരക്കഥയിൽ എന്ത് അത്ഭുതം കാട്ടാനാണ്! അപൂർവ്വം ചിലയിടങ്ങളിലെ മിന്നലാട്ടങ്ങളൊഴിച്ചാൽ സ്‌ക്രീനിൽ കണ്ണും മനസ്സും പിടിച്ചുനിർത്താൻ ആവുന്നേയില്ല. മാധവിക്കുട്ടിയുടെ ഉടയാടകളുടെയും ശബ്ദത്തിന്റെയും അനുകരണം മുഴച്ചുതന്നെ നിൽക്കുന്നു. മാറിമാറിയുടുക്കുന്ന വസ്ത്രങ്ങളുടെ പേരല്ല മാധവിക്കുട്ടി. ഏറെ ലാളിത്യത്തോടെയും കുട്ടിത്തം നിറഞ്ഞും എന്നാൽ ഉറച്ചതുമായ അവരുടെ സംസാരവും ചില കാര്യങ്ങൾ പറഞ്ഞതിനു ശേഷമുള്ള ഗംഭീരമായ ആ ചിരിയും ഇങ്ങനെയേ അല്ല. മഞ്ജുവിന്റെ മാധവിക്കുട്ടിച്ചിരി വൻ അരോചകതയാണ് കാണികളിലുണ്ടാക്കുക. ഒരുപക്ഷേ മഞ്ജുവിന് പകരം ഇത്ര പരിചിതമല്ലാത്ത മറ്റൊരു മുഖമോ ശബ്ദമോ ആയിരുന്നെങ്കിൽ ഇതൊന്നുമിത്ര മുഴച്ചുനിൽക്കുന്നതായി തോന്നില്ലായിരുന്നു. പക്ഷേ മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോൾ ഉണ്ടായേക്കാവുന്ന കച്ചവടസാധ്യത അണിയറക്കാർക്ക് തള്ളിക്കളയാൻ സാധിക്കില്ലല്ലോ. അപ്പോൾ മലയാളത്തിൽ നിലവിൽ ലഭ്യമായ തീയേറ്റർ വിപണിസാധ്യത കൂടിയ നായികയെത്തന്നെ മാധവിക്കുട്ടിയാക്കി. അതിനപ്പുറം മാധവിക്കുട്ടിയായി മാറാൻ ഈ നടിക്കുള്ള ശേഷി അളക്കാനോ കഥാപാത്രത്തോട് നീതികാണിച്ചേക്കാവുന്ന അനുയോജ്യയായ മറ്റൊരു നടിയെ സ്‌ക്രീൻ ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കാനോ തയ്യാറായില്ല. അതിന്റെ ബാക്കിപത്രമാണ് തീയേറ്ററിൽ ലഭ്യമായ മാധവിക്കുട്ടിയുടെ വികൃതാനുകരണം.
വികാരങ്ങൾ അതിവേഗം വ്രണപ്പെടുന്ന മാറിയ ജാതി,മത പ്രീണന ജീവിതകാലത്തായിരുന്നു മാധവിക്കുട്ടി ജീവിച്ചിരുന്നതെങ്കിൽ, അവർ മതം മാറിയത് ഇന്നായിരുന്നുവെങ്കിൽ ഹിന്ദു കുറെക്കൂടി നന്നായി ഉണരുമായിരുന്നുവെന്ന് നിശ്ചയമായും പറയാം. പക്ഷേ, ആമിയിൽ മതം മാറിയ ശേഷം പുന്നയൂർക്കുളത്തെത്തുന്ന മാധവിക്കുട്ടിയെ കാണിക്കുന്ന രംഗങ്ങളിൽ കാവിയുടുപ്പിട്ട പാമ്പുദൈവ സംരക്ഷകർക്ക് തെല്ല് വീര്യം കൂടുതലാണ്. ഹിന്ദു ഇത്രകണ്ട് ഉണർന്നെണീറ്റു തുടങ്ങിയിട്ടില്ലാതിരുന്ന അക്കാലത്തെ കാണിക്കാൻ കമൽ ബോധപൂർവ്വം വീര്യം ചേർത്തുകൊടുത്തിട്ടുണ്ടോയെന്ന് ഇതുകാണുമ്പോൾ സ്വാഭാവികമായും സംശയിക്കും. നിലവിൽ കേരളത്തിലെ സംഘപരിവാർ സാന്നിധ്യം തിരിച്ചറിഞ്ഞ്, അവരെ തഴുകുന്ന തരത്തിൽ സീനുകൾ ക്രമപ്പെടുത്തി, സിനിമയ്‌ക്കെതിരെ വന്നേക്കാവുന്ന എതിർപ്പ് ഒഴിവാക്കാൻ മുൻകൂട്ടി നടത്തുന്ന ഇത്തരം വിട്ടുവീഴ്ചകൾ ഭാവിയിലെങ്കിലും ദോഷം ചെയ്യുമെന്നുറപ്പാണ്. അക്ബർ അലിയെന്ന മനുഷ്യനോട് തോന്നുന്ന അടുപ്പം കൊണ്ട് മാധവിക്കുട്ടി മതം മാറുന്നതായിട്ടാണ് ആമി കാണുമ്പോൾ തോന്നുക. ഇസ്ലാം മതാചാരങ്ങളോട് അവർക്കുണ്ടായിരുന്ന താത്പര്യം നേരത്തെ തന്നെ എഴുത്തിലും സംഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. കേവലം ഒരു വ്യക്തിയോടുള്ള വികാരം കൊണ്ട് മാധവിക്കുട്ടി മതം മാറില്ലെന്നും ഇസ്ലാം വിശ്വാസരീതികളിലേക്കുള്ള സ്വയം സമർപ്പണവും സ്വാതന്ത്ര പ്രഖ്യാപനവുമായിരുന്നു അതെന്ന് വായനക്കാർ നേരത്തെ ബോധ്യപ്പെട്ടതും ഉൾക്കൊണ്ടതുമാണ്. എന്നാൽ ആമിയുടെ ചലച്ചിത്രകാരൻ ഇതിലും വിട്ടുവീഴ്ച ചെയ്യുന്നു. അല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ മതവികാരത്തെ സംരക്ഷിക്കാനും എതിർപ്പ് ഒഴിവാക്കാനും കലയിൽ കൊണ്ടുവരുന്ന സേഫ് സോൺ ഇടങ്ങൾ തന്നെയായിരിക്കും ഇവിടെയുമുണ്ടായത്. ആമിയിൽ മറ്റെല്ലാ കഥാപാത്രങ്ങളും ജീവിതത്തിലെ അതേ പേരിൽ പ്രത്യക്ഷപ്പെടുമ്പോൾ അക്ബർ അലി മാത്രമാണ് സാങ്കൽപ്പിക നാമത്തിലുള്ളത്.
കൃത്രിമത്വമാണ് ആമിയുടെ മുഖമുദ്ര. കഥാപാത്രങ്ങളുടെ വേഷത്തിലും സംസാരത്തിലും അതിനാടകീയത എഴുന്നുനിൽക്കുന്നു. സിനിമയിലെ കലാസംവിധാനവും വസ്ത്രാലങ്കാരവുമെല്ലാം മാധവിക്കുട്ടിയെന്ന ജീവസ്സുറ്റ പ്രതീകത്തിന് ബാധ്യതയായി മാറുന്നു. അതുകൊണ്ടുതന്നെ മധു നീലകണ്ഠന്റെ ക്യാമറയുടെ മിഴിവും എം.ജയചന്ദ്രന്റെ തനിമയുള്ള സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്യുന്നില്ല.
മുരളി ഗോപിയുടെ ദാസ് എന്ന കഥാപാത്രമാണ് ആമിയിൽ പ്രകടനം കൊണ്ട് മുന്നിൽ നിൽക്കുന്നത്. മികച്ച നടനെന്ന് പലതവണ കാണികളെക്കൊണ്ട് പറയിച്ചിട്ടുള്ള മുരളി ഗോപി കമലയുടെ ദാസേട്ടനായി വ്യക്തിത്വമുള്ള കഥാപാത്രമാകുന്നു. ടൊവിനോ തോമസിന്റെ കൃഷ്ണനും അനൂപ് മേനോന്റെ അക്ബർ അലിയും അനുകരണങ്ങളില്ലാതെ സ്വതസിദ്ധമായ ശരീരഭാഷ കൊണ്ടും സംസാരംകൊണ്ടും വിരസമാകുന്നില്ല. അതുപോലെ മാധവിക്കുട്ടിയുടെ കുട്ടിക്കാലവും കൗമാരവും അഭിനയിച്ച പെൺകുട്ടികളും നീതിപുലർത്തി.
മാധവിക്കുട്ടിയുടെ സമ്പൂർണ്ണ ജീവിതമെടുത്ത് സിനിമയാക്കുന്നത് അത്ര എളുപ്പമല്ല. എല്ലാ മേഖലകളിലേക്കും സഞ്ചരിച്ച് ഒന്നിനും അർഹിച്ച പ്രാധാന്യമോ അടയാളപ്പെടുത്തലോ നൽകാനാകാതെ വന്നതാണ് കമലിന്റെ ആമിയുടെ പരാജയം. ഒട്ടനവധി മികച്ച സിനിമകളെടുത്തിട്ടുള്ള കമലെന്ന ചലച്ചിത്രകാരന്റെ നിഴലുപോലും ആമിയിലില്ല. സ്വതന്ത്രമായ ഒരു കലാസൃഷ്ടിയേ ആയി മാറാൻ ആമിക്കാകുന്നില്ല. ജെ.സി ദാനിയേലിന്റെ ജീവിതം സിനിമയാക്കിയ കമലിനെയും ആമിയിൽ കാണാനാകുന്നില്ല. മേഘമൽഹാർ പോലെ കാവ്യസുന്ദരമായ സിനിമയെടുത്ത ചലച്ചിത്രകാരനും ഇതിൽ പതിഞ്ഞിട്ടില്ല.
മാധവിക്കുട്ടിയുടെ ജീവിതം ഇനിയും പല ഭാഷകളിൽ സിനിമയാകട്ടെ. അത് ആമി പോലുള്ള ബൃഹദാഖ്യാനങ്ങളായിട്ടല്ല. ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാനായാൽ മതി. മാധവിക്കുട്ടി അങ്ങനെയായിരുന്നു.
സ്ത്രീശബ്ദം, 2018 മാർച്ച്

No comments:
Post a Comment