ആദിവാസി ജീവിതത്തിനു വേണം ഒരു ലോംഗ് മാർച്ച്
മഹാരാഷ്ട്രയിൽ കൃഷിഭൂമിക്കും വനാവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി കർഷകർ നടത്തിയ ലോംഗ് മാർച്ച് രാജ്യത്ത് അവകാശപോരാട്ടങ്ങൾക്കായി നടന്ന വലിയ സമരങ്ങളിലൊന്നായി അടയാളപ്പെടുത്തിക്കഴിഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, വനാവകാശ നിയമം നടപ്പാക്കൽ, ദരിദ്ര കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ നൽകൽ, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കർഷകരെ വഞ്ചിച്ച ബി.ജെ.പി സർക്കാരിനെതിരായ പ്രതിഷേധമാണ് കർഷകർ ലോംഗ് മാർച്ചിലൂടെ പ്രകടിപ്പിച്ചത്. ഏഴുദിവസംകൊണ്ട് 180 കിലോമീറ്റർ ദൂരമാണ് ഇതിനായി അവർ നടന്നുതീർത്തത്. വനാവകാശ നിയമം നടപ്പാക്കുന്നതടക്കമുള്ള കർഷകരുടെ ആവശ്യങ്ങൾ രണ്ടുമാസത്തിനകം നടപ്പാക്കുമെന്ന് രേഖാമൂലം നൽകിയ ഉറപ്പിന്മേൽ സമരം അവസാനിച്ചു. രാജ്യത്ത് അവകാശത്തിനും നീതിക്കുമായി പോരാടുന്ന ബഹുജന പ്രസ്ഥാനങ്ങൾക്കാകെ ഊർജ്ജം നൽകിയ സമരത്തിനുശേഷം കേരളീയർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. കേരളത്തിലെ ആദിവാസികളോട് നമ്മൾ നീതി കാട്ടിയിട്ടുണ്ടോ? അവരുടെ ആവാസത്തിലും കൃഷിഭൂമിയിലും നമ്മൾ ഏതുതരത്തിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്?ഭൂപരിഷ്‌കരണം ആദിവാസികളുമായി ബന്ധപ്പെടുത്തുമ്പോൾ കിട്ടുന്ന ഉത്തരമെന്തായിരിക്കും? ആദിവാസി,വനാവകാശ നിയമങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ?
ഇന്ത്യയിൽ പരമ്പരാഗതമായി വനഭൂമിയിൽ അധിവസിക്കുന്ന പട്ടികവർഗക്കാരുടെയും ഇതര വനവാസികളുടെയും അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി വനാവകാശനിയമം പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ 2007 ജനുവരി രണ്ടിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമമനുസരിച്ച് 2005 ഡിസംബർ 13ന് മുമ്പ് വനഭൂമിയിൽ അധിവസിക്കുന്ന മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും അവരുടെ കൈവശഭൂമിയുടെ അവകാശം നൽകുന്ന രേഖ നൽകണമെന്ന് നിഷ്‌കർഷിക്കുന്നു. എന്നാൽ നിയമം പാസ്സായിട്ട് പത്തുവഷം കഴിയുമ്പൊഴും അത് സമ്പൂർണ്ണമായി നടപ്പാക്കാൻ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കുമായിട്ടില്ല; പ്രത്യേകിച്ച് പുരോഗമിച്ച സാമൂഹ്യവ്യവസ്ഥിതിയുള്ള കേരളത്തിലും.
കേരളത്തിൽ ആദിവാസി ജീവിതത്തെ സംരക്ഷിക്കുന്നതിനുപകരം അവരുടെ ആവാസം കൈയ്യേറി കൃഷിനിലങ്ങൾ നശിപ്പിച്ച് അവരെ കൂടുതൽ ഉൾക്കാട്ടിലേക്ക് പായിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോൾ. ഭൂമാഫിയകൾ തീർത്ത വേലിക്കരികെ പേടിച്ചുകഴിയുകയാണ് കേരളത്തിലെ ആദിവാസികൾ. ഭൂവിസ്തൃതി കുറഞ്ഞ, ജീവിതനിലവാരത്തിൽ ഉയർന്ന പട്ടികയിലുൾപ്പെട്ട ഒരു സംസ്ഥാനത്തിൽ നഗരങ്ങളിൽ കെട്ടിടങ്ങൾ ആകാശത്തേക്ക് വളർന്നും വനമേഖലകളിൽ വനഭൂമി കൈയ്യേറി അവിടങ്ങളിൽ ആദിമകാലം തൊട്ട് അധിവസിക്കുന്ന ജനതയുടെ സ്വൈര്യജീവിതം ഇല്ലാതാക്കിയുമാണ് നഗരവത്കരണവും വികസനവും സാദ്ധ്യമാകുന്നത്. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ശബ്ദം ഇല്ലാതാക്കിയ ഒരു ജനതയ്ക്ക് നീതി നിഷേധിക്കപ്പെട്ട് പേടിച്ച് ഉൾക്കാട്ടിലേക്ക് വലിഞ്ഞ് ജീവിക്കേണ്ടിവരികയാണ്. കൃഷിയിടവും കാടുജീവിതവും ജീവനോപാധിയും നഷ്ടമായവർക്ക് അന്നത്തിനായി പിന്നെയും കാടിറങ്ങേണ്ടിവരുന്ന ഗതികേടാണുള്ളത്. നാട്ടുവാസികളിൽനിന്ന് അകന്ന് ഗോത്രജീവിതത്തിന്റെ സ്വൈര്യതയിൽ ജീവിച്ചിരുന്ന ജനതയെ അതിൽനിന്ന് ചിതറിച്ചതിൽ പൊതുസമൂഹത്തിനും ഭരണകൂടത്തിനും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളോട് കാലാകാലങ്ങളായി സർക്കാർ വകുപ്പുകളും വ്യവസ്ഥിതിയും കാണിച്ചുപോരുന്ന അവഗണനയുടെ ഒടുവിലത്തെ ഇരയാണ് അട്ടപ്പാടിയിൽ വംശീയവെറിയിൽ ആൾക്കൂട്ടം വിചാരണചെയ്ത് കൊലപ്പെടുത്തിയ മധു.
തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിക്കുവേണ്ടി ആദിവാസികളിൽനിന്ന് പൊതുസമൂഹത്തിനും സർക്കാരിനുമെതിരെ ആദ്യം ഉയർന്ന വലിയ ശബ്ദങ്ങളിലൊന്ന് മുത്തങ്ങയിലേതായിരുന്നു. പൊതുസമൂഹത്തിന്റെ അവകാശ സമരങ്ങൾ മാത്രം കണ്ടുശീലിച്ച കേരളത്തിന് ആദിവാസികളുടെ സമരം ആദ്യം അമ്പരപ്പാണുണ്ടാക്കിയത്. മുത്തങ്ങ സമരവും വെടിവെപ്പും നടന്നിട്ട് 15 വർഷം പിന്നിടുമ്പൊൾ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല,അവർ കൂടുതൽ കൂടുതൽ ചൂഷണങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആദിവാസികൾ ഇനിയും ശബ്ദമുയർത്തുമെന്ന ഭയത്താൽ സമരത്തെ അടിച്ചമർത്തുക എന്ന നയമാണ് സർക്കാർ അന്ന് സ്വീകരിച്ചത്. എന്നാൽ മുത്തങ്ങ പിന്നീട് ചെങ്ങറയ്ക്കും അരിപ്പയ്ക്കും ആറളത്തിനും സെക്രട്ടേറിയറ്റ് പടിക്കലെ നിൽപ്പുസമരത്തിനും പ്രചോദനമാകുകയാണുണ്ടായത്. ആദിവാസി മേഖലയിൽ നടന്ന സമരത്തെക്കാൾ സെക്രട്ടേറിയറ്റ് പടിക്കലേക്ക് ആദിവാസികൾ വന്നു നടത്തിയ നിൽപ്പുസമരത്തിന് സ്വാഭാവികമായും മാദ്ധ്യമങ്ങളിലും ഔദ്യോഗികതലത്തിലും കൂടുതൽ ശ്രദ്ധ കിട്ടി. എന്നാൽ ഏറ്റവും ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തിയ സമരങ്ങളിലെ ആവശ്യങ്ങൾ ഇപ്പൊഴും പൂർണ്ണമായി നിറവേറ്റപ്പെട്ടില്ല. ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമിയാകട്ടെ അവർ ജീവിച്ചുപോന്ന ആവാസത്തോടോ ജീവിതരീതിയോടോ ഒട്ടും നീതി പുലർത്തുന്നതായിരുന്നില്ല. മിക്കവരും ഭൂമി ഉപേക്ഷിച്ചുപോയി. പലരുടെയും ഭൂമി ഇപ്പൊഴും കടലാസിലാണ്. ആദിവാസികളെ ആട്ടിയോടിച്ച് ഉദ്യോഗസ്ഥരും ഭൂമാഫിയകളും ഭൂമി കൈയ്യേറിക്കൊണ്ടിരിക്കുന്നു. സർക്കാർ തലത്തിൽ ഇതിനെപ്പറ്റി യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഭൂപരിഷ്‌കരണം നടപ്പാക്കി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികൾ ഭൂരഹിതരായി തുടരുന്നു. ഏഴ് ലക്ഷത്തിലധികം ഭൂരഹിതരുള്ള കേരളത്തിൽ അതിൽ വലിയൊരു വിഭാഗം ആദിവാസികളാണ്. 2003ൽ ഭൂമിവിതരണം തുടങ്ങി 7000ത്തോളം കുടുംബങ്ങൾക്ക് 9000 ഏക്കർ ഭൂമിയാണ് ഇതുവരെ വിതരണം ചെയ്തത്. എന്നാൽ ഇതിൽ പകുതിയിൽ കൂടുതലും ആദിവാസികളുടെ കൈയ്യിലില്ല. ആദിവാസികൾ ഇപ്പൊഴും ഭൂരഹിതരായി തുടരുന്നു. സർക്കാരുകൾ ആദിവാസി ക്ഷേമത്തിനായി വിനിയോഗിച്ചിട്ടുള്ള കോടികളും ജലരേഖയായി അവശേഷിക്കുന്നു.
ആദിവാസിയുടെ കൂര പൊളിച്ചും മണ്ണു വാരിയെടുത്തും ഉണ്ടായതാണ് കേരളത്തിന്റെ പൊതുസമൂഹ വികസനവും പളപളപ്പുമെന്നത് യാഥാർത്ഥ്യമാണ്. ഒരു കെട്ട് പുകയിലയ്‌ക്കോ കുറച്ച് ഉണക്കമീനിനോ വാറ്റുചാരായത്തിനു വേണ്ടിയാണ് നിരക്ഷരരായ ആദിവാസിക്ക് പലപ്പൊഴും കിടപ്പാടവും ഭൂമിയും നഷ്ടമായത്. ഇത്രമാത്രം ചതിക്കും വഞ്ചനക്കും ഇരയാക്കപ്പെട്ട മറ്റൊരു ജനവിഭാഗവും ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ഇല്ല. അരികുചേർക്കപ്പെടുന്നവന്റെ സമരജ്വാലകൾ ഇന്നും അണയാതെ കത്തുകയാണ്. തലചായ്ക്കാനും സൈ്വര്യമായി ജീവിക്കാനുമുള്ള ഭരണഘടന ഉറപ്പുനൽകിയ അവകാശത്തിനും വേണ്ടിയാണ് ഭൂസമരങ്ങളൊക്കെ തന്നെയും നടന്നത്. മുത്തങ്ങയും അരിപ്പയും ചെങ്ങറയും ആവർത്തിച്ചിട്ടും ലഭിക്കാത്ത പൂർണ്ണനീതിക്കായി കേരളം ഒരു ലോംഗ് മാർച്ചിന് തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവർക്കൊപ്പം ഭരണകേന്ദ്രങ്ങളിലേക്ക് നീതിതേടി നടന്നടുക്കേണ്ട കാലുകൾ നമ്മുടെ തന്നെയാണ്. അപരന്റെ വാക്കുകൾ സംഗീതമാകുന്ന കാലം അങ്ങനയേ യാഥാർത്ഥ്യമാകൂ.
കേരളകൗമുദി എഡിറ്റോറിയൽ 2018 മാർച്ച് 14

No comments:
Post a Comment