Thursday, 24 February 2022

ചിത്രമേള തൊട്ട് ഫ്രീഡം ഫൈറ്റ് വരെ; മലയാളത്തിലെ ആന്തോളജി സിനിമകള്‍


സമൂഹത്തില്‍ ഭിന്നരീതികളില്‍ ചൂഷണത്തിന് വിധേയമാക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ കഥകള്‍ പങ്കുവയ്ക്കുന്ന ഫ്രീഡം ഫൈറ്റ് മലയാളത്തിലെ ആന്തോളജി സിനിമയ്ക്ക് വേറിട്ട മേല്‍വിലാസം നല്‍കുകയാണ്. തികഞ്ഞ സാമൂഹ്യബോധ്യവും ഉള്‍ക്കാമ്പുമുള്ള ഗീതു അണ്‍ചെയിന്‍ഡ്, അസംഘടിതര്‍, റേഷന്‍ ക്ലിപ്തവിഹിതം, ഓള്‍ഡ് ഏജ് ഹോം, പ്ര.തൂ.മു എന്നീ അഞ്ച് ഹ്രസ്വചിത്രങ്ങളാണ് ഫ്രീഡം ഫൈറ്റില്‍ അവതരിപ്പിക്കുന്നത്. ആന്തോളജി സിനിമകള്‍ തിയേറ്ററില്‍ വന്‍വിജയമായ ചരിത്രമില്ലാത്ത മലയാളത്തിന് ഇത്തരം സിനിമകളുടെ ഒടിടി വിജയസാധ്യത കൂടിയാണ് ഫ്രീഡം ഫൈറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫേം വഴി വ്യാപകമായി കാണപ്പെട്ട ഫ്രീഡം ഫൈറ്റ്, മലയാളത്തില്‍ അത്ര ജനകീയമല്ലാത്ത ആന്തോളജി സങ്കേതത്തില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനവും രൂപപ്പെടുത്തുന്നുണ്ട്.

ഓരോ ചെറുസിനിമയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്ത പ്രമേയമായിട്ടാണ് ഏറെയും ആന്തോളജിയില്‍ അവതരിപ്പിക്കാറ്. ചെറുസിനിമകളെ തമ്മില്‍ സൂചനകളോ പരസ്പരബന്ധമോ നല്‍കി അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഫ്രീഡം ഫൈറ്റില്‍ വ്യത്യസ്ത ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന മനുഷ്യരെയാണ് അവതരിപ്പിക്കുന്നതെങ്കിലും എല്ലാവരുടെയും പ്രാഥമികാവശ്യം അസ്വാതന്ത്ര്യത്തില്‍ നിന്നുള്ള മോചനമാണ്. എല്ലാവരും ഒരുപോലെ എതിരിടുന്നത് അതിനെയാണ്. മലയാളത്തില്‍ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള ആന്തോളജി സിനിമകള്‍ക്കൊന്നും പ്രമേയസ്വീകരണത്തില്‍ ഇത്രകണ്ട് മൗലികത പുലര്‍ത്താനായിട്ടില്ല.

വ്യത്യസ്ത കഥകളും കഥാപാത്രങ്ങളും വിവിധ സെഗ്മെന്റുകളിലായി ഒരു മുഴുനീള ഫീച്ചര്‍ ഫിലിമിന്റെ ദൈര്‍ഘ്യത്തില്‍ അവതരിപ്പിക്കുന്ന ആന്തോളജി വിഭാഗത്തിന് ലോകസിനിമയില്‍ ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ദൈര്‍ഘ്യം കുറഞ്ഞ ഹ്രസ്വചിത്രങ്ങള്‍ വ്യത്യസ്ത സംവിധായകര്‍ തയ്യാറാക്കി ഒറ്റ സിനിമയുടെ ഭാഗമാക്കുന്ന പരീക്ഷണത്തിന് 1930കളുടെ തുടക്കത്തില്‍ ഹോളിവുഡ് ആണ് തുടക്കമിട്ടത്. നവ കലാരൂപം എന്ന നിലയില്‍ സിനിമ വളര്‍ച്ചയുടെ വ്യത്യസ്ത അവതരണ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കാലമായിരുന്നു അത്. ഒരു മണിക്കൂറില്‍ താഴെയും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതുമായ ഒട്ടേറെ സിനിമകള്‍ അന്ന് നിര്‍മ്മിക്കപ്പെട്ടിരുന്നു. 


പാരാമൗണ്ട് പിക്‌ചേഴ്‌സിന്റെ 1930 ല്‍ പുറത്തിറങ്ങിയ പാരാമൗണ്ട് ഓണ്‍ പരേഡ് എന്ന ചിത്രത്തില്‍ 10 സംവിധായകരാണ് ഭാഗമായത്. ഒന്നിലധികം സംവിധായകര്‍ ഒരു സിനിമയുടെ ഭാഗമാകുകയെന്ന വ്യത്യസ്തതയുമായി എത്തിയ ഈ സിനിമ അന്നത്തെ വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു. ഗ്രാന്‍ഡ് ഹോട്ടല്‍, പാരാമൗണ്ടിന്റെ തന്നെ ഇഫ് ഐ ഹാഡ് എ മില്യണ്‍ (1932) എന്നിവയും ആന്തോളജി സങ്കേതത്തില്‍ ഇതിനു പിന്നാലെ പുറത്തിറങ്ങിയ സിനിമകളാണ്. 

അഞ്ച് തമാശക്കഥകള്‍ ചേര്‍ത്ത് 1939 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സിരിക്കാതെ ആണ് ഇന്ത്യയിലെ ആദ്യത്തെ ആന്തോളജി ചിത്രം. സൂപ്പര്‍ ഡീലക്‌സ്, സില്ലു കരുപ്പെട്ടി, പാവ കഥൈകള്‍, പുത്തം പുതു കാലൈ, നവരസ, കുട്ടി സ്റ്റോറി തുടങ്ങി അടുത്തിടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച ആന്തോളജി സിനിമകള്‍ ഉണ്ടായത് തമിഴില്‍ നിന്നാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കാം.

ലോകസിനിമയില്‍ ആന്തോളജി സിനിമകള്‍ പരീക്ഷിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് മലയാളത്തില്‍ അത്തരമൊരു പരിശ്രമമുണ്ടായത്. നഗരത്തിന്റെ മുഖങ്ങള്‍, പെണ്ണിന്റെ പ്രപഞ്ചം, അപസ്വരങ്ങള്‍ എന്നീ വ്യത്യസ്ത കഥകള്‍ ഉള്‍പ്പെടുത്തിയ ചിത്രമേള മലയാളത്തിലെ ആദ്യത്തെ ആന്തോളജി ചിത്രമായി പരിഗണിക്കപ്പെടുന്നു. 1967ല്‍ ഇറങ്ങിയ ഈ ചിത്രത്തിനു പിന്നില്‍ അഞ്ച് എഴുത്തുകാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും എല്ലാ ഹ്രസ്വചിത്രങ്ങളുടെയും സംവിധായകന്‍ ടി. എസ്.മുത്തയ്യ ആയിരുന്നു. തന്റെ നവാഗത സംവിധാന സംരംഭത്തിന്റെ നിര്‍മ്മാതാവും മുത്തയ്യ തന്നെയായിരുന്നു. മുതിര്‍ന്ന സംവിധായകന്‍ എം.കൃഷ്ണന്‍നായരുടെ മേല്‍നോട്ടത്തിലായിരുന്നു മലയാളത്തിലെ ഈ പ്രഥമ ആന്തോളജി രൂപപ്പെട്ടത്.

ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന നഗരത്തിന്റെ മുഖങ്ങളില്‍ ഷീലയും ഉമ്മറും പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഹാസ്യപ്രധാനമായ പെണ്ണിന്റെ പ്രപഞ്ചത്തില്‍ അടൂര്‍ ഭാസിയും ബഹദൂറും മണവാളന്‍ ജോസഫുമാണ് മുഖ്യവേഷങ്ങളിലെത്തിയത്. ഇവര്‍ യഥാര്‍ഥ സിനിമാനടന്മാര്‍ തന്നെയായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടത്. ക്ലാസിക്കല്‍ ഹോളിവുഡ് കാലഘട്ടത്തിലെ ലോറല്‍ ആന്റ് ഹാര്‍ഡി കോമ്പോ സിനിമകളുടെ സ്വാധീനം പെണ്ണിന്റെ പ്രപഞ്ചത്തിനുണ്ടായിരുന്നു. പ്രേംനസീറും ശാരദയും നായികാനായകന്മാരായ അപസ്വരങ്ങള്‍ ദു:ഖപര്യവസായിയായ ഒരു പ്രണയകഥയായിരുന്നു.


ഒന്നിലധികം സിനിമകള്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്ന സൂചന നല്‍കിക്കൊണ്ടുള്ള ചിത്രമേള എന്ന പേര്, ഒരു സിനിമയ്ക്കകത്ത് മൂന്നു പേരില്‍ മൂന്നു വ്യത്യസ്ത സിനിമകള്‍, ത്രില്ലര്‍, കോമഡി, ഡ്രാമ തുടങ്ങി ഭിന്നാഭിരുചികളെ തൃപ്തിപ്പെടുത്തുന്നവ, മൂന്ന് സിനിമകളിലും വ്യത്യസ്ത അഭിനേതാക്കള്‍ തുടങ്ങി നിരവധിയായ കൗതുകങ്ങളായിരുന്നു മലയാളത്തിലെ ആദ്യത്തെ ആന്തോളജി പ്രേക്ഷകര്‍ക്കായി കാത്തുവച്ചത്.

1974 ല്‍ പി.സുബ്രഹ്മണ്യം, ബാബു നന്തന്‍കോട് എന്നിവര്‍ സംവിധായകരായ വണ്ടിക്കാരിയും യൗവനവുമാണ് ചിത്രമേളയെ തുടര്‍ന്ന് മലയാളത്തിലുണ്ടായ ആന്തോളജി പരിഗണനാര്‍ഹമായ സിനിമ.

എട്ട് വര്‍ഷത്തിനിടെ ഉണ്ടായ ഈ രണ്ട് ആന്തോളജി സിനിമകള്‍ കഴിഞ്ഞ് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് മലയാളത്തില്‍ മറ്റൊരു ആന്തോളജിയുണ്ടായത്. ഇത് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നായിരുന്നു.  2007 ല്‍ നാലു പെണ്ണുങ്ങള്‍, 2008 ല്‍ ഒരു പെണ്ണും രണ്ടാണും എന്നീ ആന്തോളജികള്‍ക്ക് തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള നാല് അധ്യായങ്ങളുള്ള ഘടനയാണുള്ളത്. രണ്ട് സിനിമകളും ഭൂമിശാസ്ത്രപരവും കാലികവുമായ ഒരേ പശ്ചാത്തലം പങ്കിടുന്നു. 1940 നും 1960 നും ഇടയിലുള്ള കുട്ടനാടാണ് കഥാപശ്ചാത്തലം. ഒരു നിയമത്തിന്റെ ലംഘനം, ചിന്നു അമ്മ, കന്യക, നിത്യകന്യക എന്നീ നാല് കഥകളാണ് നാലു പെണ്ണുങ്ങളിലുള്ളത്. 


കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ തുടങ്ങിയവയാണ് ഒരു പെണ്ണും രണ്ടാണും സിനിമയിലെ അധ്യായങ്ങള്‍. ഈ അധ്യായങ്ങള്‍ നാലും സ്വതന്ത്രമായ കഥകളാണ്. ഇവ തമ്മിലുള്ള ഒരേയൊരു ബന്ധം കുറ്റകൃത്യങ്ങളുടെ ആവര്‍ത്തന പ്രമേയമാണ്. സിനിമയുടെ ഒഴുക്കിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണത വര്‍ധിക്കുന്നു.

സിനിമ പൂര്‍ണമായും വാണിജ്യതാത്പര്യങ്ങള്‍ക്ക് വിധേയമായിരുന്ന കാലത്താണ് മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി താരമൂല്യമുള്ള മുന്‍നിര താരങ്ങള്‍ ഒറ്റ സിനിമയുടെ ഭാഗമാകുന്നുവെന്ന ആകര്‍ഷണീയതയോടെ 2009 ല്‍ കേരള കഫേ റിലീസാകുന്നത്. ആന്തോളജി എന്ന സങ്കേതം മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമാക്കിയ സിനിമ എന്ന വിശേഷണം കേരള കഫേക്ക് അര്‍ഹതപ്പെട്ടതാണ്. ജനപ്രിയ താരങ്ങളും 10 സംവിധായകരും ഭാഗമായ 10 സിനിമകള്‍ എന്നതായിരുന്നു കേരള കഫേയുടെ വലിയ ആകര്‍ഷണം. ഇതിനു പുറമേ പത്ത് ഛായാഗ്രാഹകര്‍, സംഗീതജ്ഞര്‍, എഡിറ്റര്‍മാര്‍, കലാസംവിധായകര്‍ തുടങ്ങിയവരും സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഈ അതുല്യ സംരംഭത്തില്‍ പങ്കുചേര്‍ന്നു. നൊസ്റ്റാള്‍ജിയ, ഐലന്റ് എക്‌സ്പ്രസ്, ലളിതം ഹിരണ്‍മയം, മൃത്യുഞ്ജയം, ഹാപ്പി ജേണി, അവിരാമം, ഓഫ് സീസണ്‍, ബ്രിഡ്ജ്, മകള്‍, പുറംകാഴ്ചകള്‍ എന്നിവയായിരുന്നു കേരള കഫേയിലെ സിനിമകള്‍. ഷാജി കൈലാസ്, ശ്യാമപ്രസാദ്, ലാല്‍ജോസ്, രേവതി, അന്‍വര്‍ റഷീദ്, അഞ്ജലി മേനോന്‍, ബി.ഉണ്ണികൃഷ്ണന്‍, എം.പത്മകുമാര്‍ തുടങ്ങി മുന്‍നിര സംവിധായകരെല്ലാം കേരള കഫേയുടെ ഭാഗമായി. യാത്രയെന്ന പൊതുവിഷയത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ അവതരിപ്പിക്കുകയായിരുന്നു കേരള കഫേയിലെ ഓരോ ചിത്രവും. 

കേരള കഫേ ശ്രദ്ധിക്കപ്പെട്ടതോടെ വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും രണ്ടോ രണ്ടരയോ മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഒതുക്കിപ്പറയാമെന്ന ആന്തോളജി സിനിമകളുടെ സാധ്യത മലയാളത്തിലെ ചലച്ചിത്രകാരന്മാരില്‍ കനംവച്ചു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ പതിറ്റാണ്ടില്‍ നിരവധി സിനിമകളാണ് ഈ ഗണത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. അവയില്‍ ശ്രദ്ധിക്കപ്പെട്ടവ തുലോം തുച്ഛമാണെന്നതാണ് യാഥാര്‍ഥ്യം. ചെലവ് കുറവാണെന്നതും, ചെറിയ പ്ലാറ്റ്‌ഫോമില്‍ ചെറുകിട അഭിനേതാക്കളെ ഉള്‍പ്പെടുത്തി ചെയ്യാമെന്നുമുള്ള സാധ്യതയിലേക്കാണ് കൂടുതല്‍ പേരും ശ്രദ്ധവച്ചത്. അതുകൊണ്ടുതന്നെ പേരുകൊണ്ട് പ്രേക്ഷകര്‍ പെട്ടെന്ന് തിരിച്ചറിയുന്ന ആന്തോളജി സിനിമകള്‍ രണ്ടോ മൂന്നോ എണ്ണത്തിലേക്ക് ചുരുങ്ങുന്നു.


കേരള കഫേക്കു ശേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ആന്തോളജി അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹീര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ അഞ്ചു സുന്ദരികള്‍ ആണ്. സേതുലക്ഷ്മി, ഇഷ, ഗൗരി, കുള്ളന്റെ ഭാര്യ, ആമി എന്നീ ടൈറ്റിലുകളില്‍ അഞ്ച് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ അഞ്ചു സുന്ദരികള്‍ 2013ലാണ് പുറത്തിറങ്ങിയത്. ഷൈജു ഖാലിദിന്റെ സേതുലക്ഷ്മി എം.മുകുന്ദന്റെ ഫോട്ടോ എന്ന കഥയേയും അമല്‍നീരദിന്റെ കുള്ളന്റെ ഭാര്യ ഒരു ചൈനീസ് നാടോടിക്കഥയേയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കേരള കഫേയിലേതു പോലെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ബിജുമേനോന്‍ തുടങ്ങിയ താരസാന്നിധ്യം ഈ ആന്തോളജിക്കും ഗുണം ചെയ്തു.

താരമൂല്യമുള്ള നായകന്മാരെ കേന്ദ്രമാക്കിയായിരുന്നു വി.കെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ആന്തോളജിയും. ജയപ്രകാശ് കൂളൂരിന്റെ നാടകങ്ങളെ ആധാരമാക്കി ആറു വ്യത്യസ്ത കഥകളാണ് പോപ്പിന്‍സ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല.

അഞ്ചു സുന്ദരികള്‍ക്ക് പിറകെ അതേ വര്‍ഷം പുറത്തിറങ്ങിയ ആന്തോളജിയായ ഡി കമ്പനി ത്രില്ലര്‍ ഗാങ്‌സ്റ്റര്‍ ഡ്രാമ വിഭാഗത്തിലുള്ള മൂന്ന് സിനിമകളായിരുന്നു. എം.പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരു ബൊളീവിയന്‍ ഡയറി 1995, ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍, ദി ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്നിവയായിരുന്നു ഡി കമ്പനിയിലെ സെഗ്മെന്റുകള്‍. പ്രമേയസ്വീകരണത്തിലേയും ആഖ്യാനത്തിലേയും വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടാന്‍ ഈ ആന്തോളജിക്കായി.  


ഭൂമി, തീ, കാറ്റ്, വെള്ളം എന്നീ ഘടകങ്ങളെ ആധാരമാക്കി നാല് പേരുടെ കഥ പറയുന്ന ബിജോയ് നമ്പ്യാരുടെ സോളോ മലയാളത്തിലെ ആന്തോളജികളിലെ വേറിട്ട പരീക്ഷണമാണ്. വേള്‍ഡ് ഓഫ് ശേഖര്‍ (ബ്ലൈന്‍ഡ് ലൗ), വേള്‍ഡ് ഓഫ് ത്രിലോക് (ദി സൈക്ലിസ്റ്റ്), വേള്‍ഡ് ഓഫ് ശിവ (ടൈസ് ഓഫ് ബ്ലഡ്), വേള്‍ഡ് ഓഫ് രുദ്ര (എവരിതിംഗ് ഈസ് ഫെയര്‍ ഇന്‍ ലൗ ആന്റ് വാര്‍) എന്നീ പേരുകളില്‍ ശിവസങ്കല്‍പ്പം കേന്ദ്ര കഥാപാത്രത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആഖ്യാനശൈലിയാണ് സോളോ ഉപയോഗിക്കുന്നത്. ശേഖര്‍, ത്രിലോക്, ശിവ, രുദ്ര എന്നീ കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചത്.

സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്നു ചെറുസിനിമകളായി അവതരിപ്പിച്ച ആണും പെണ്ണും പ്രണയം, വിശ്വാസവഞ്ചന, കാമം എന്നിവയെക്കുറിച്ചുള്ള ഓരോ സെഗ്മെന്റുകളാണ്. വേണു, ആഷിഖ് അബു, ജയ് കെ. എന്നിവര്‍ സംവിധാനം ചെയ്ത ഈ ചിത്രങ്ങള്‍ മലയാളത്തിലെ ആന്തോളജി വിഭാഗത്തില്‍ പ്രശംസയര്‍ഹിക്കുന്നതാണ്.

വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ കഥകള്‍ ഉള്‍പ്പെടുത്തി സോഹന്‍ലാല്‍ ചെയ്ത ആന്തോളജിയാണ് കഥവീട്. ഒരു യാത്രയില്‍, ആന മയില്‍ ഒട്ടകം, ഒന്നും ഒന്നും മൂന്ന്, ക്രോസ് റോഡ്, ലെസന്‍സ്, ചെരാതുകള്‍ തുടങ്ങിയവയാണ് മലയാളത്തിലിറങ്ങിയ മറ്റ് ആന്തോളജി സിനിമകള്‍.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 18, ഷോ റീല്‍ -7

Sunday, 20 February 2022

വേട്ടയാടുന്ന ഭൂതകാലം


ചില മനുഷ്യരും വീടുകളും വല്ലാതെ ഇരുള്‍ മൂടി കിടക്കുന്ന പ്രദേശങ്ങളായിരിക്കും. സന്തോഷത്തിനോ പ്രതീക്ഷകള്‍ക്കോ അവിടെ പ്രവേശനമുണ്ടാകില്ല. മനുഷ്യരുടെ മുടിക്കെട്ടിയ പ്രകൃതം പോലെ തീരെ നിറം മങ്ങിയതായിരിക്കും വീടിന്റെ പുറംചായം പോലും. ഒരു പൂവു പോലും ആ മുറ്റത്ത് പുഞ്ചിരിക്കില്ല. അവിടെ നിന്നുള്ള വെട്ടം തീരെ അരണ്ടതായിരിക്കും. വല്ലപ്പോഴും മാത്രം തൊണ്ടയില്‍ നിന്ന് ഉരുവംകൊള്ളുന്ന ശബ്ദങ്ങള്‍ കലമ്പലിന്റേയോ കരച്ചിലിന്റേയോ ആയിരിക്കും. രാപകല്‍ തുടരുന്ന ഭയാനകമായ നിശബ്ദതയില്‍ നിന്നുരുവപ്പെടുന്ന ചെറുശബ്ദങ്ങള്‍ക്കു പോലും കനപ്പെടലിന്റെ ഗാംഭീര്യമുണ്ടായിരിക്കും. രാത്രി അതൊന്നു കൂടി കനപ്പെടും. ആ നേരം അവിടത്തെ മനുഷ്യജീവികളുടെ തോന്നലുകളും വികാരങ്ങളും ഭയത്തിന്റേതു മാത്രമാകും. നിഴല്‍രൂപങ്ങളും ശബ്ദങ്ങളും അവര്‍ക്കു ചുറ്റും ഇടതടവില്ലാതെ പ്രത്യക്ഷമാകും. അവര്‍ക്ക് ഉറക്കവും സമാധാനവും നഷ്ടമാകും. മരണത്തിനും ജീവിതത്തിനുമിടയിലെ നേര്‍ത്ത നൂല്‍പ്പാലത്തില്‍പെട്ട് ഉഴന്നുപോകും.

       കല്ലും മണ്ണും മരവും കൊണ്ടുതീര്‍ത്ത അചേതന വസ്തുവെങ്കിലും വീടിന് കണ്ണും കാതും മനസ്സുമുണ്ട്. നമ്മളോട് എറ്റവുമടുത്ത ഈ പരിസരം തന്നെയാകാം ഭയപ്പെടുത്തുമാറുള്ള പ്രദേശമായി മാറുന്നതും. ഇത്തരമൊരു അന്തരീക്ഷത്തിലേക്കാണ് രാഹുല്‍ സദാശിവന്റെ ഭൂതകാലം എന്ന സിനിമ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്. ഭയമെന്ന വികാരത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമകളിലൊന്നാണ് ഭൂതകാലം. ഹൊറര്‍ സിനിമകളുടെ പ്രഖ്യാപിത സ്വഭാവങ്ങള്‍ പാടേ പറിച്ചെറിഞ്ഞ് മനുഷ്യമനസ്സിലേക്കുള്ള സഞ്ചാരമാണ് ഭൂതകാലം നടത്തുന്നത്. കലുഷമായ മനസ്സിന്റെ തോന്നലുകളെയും വികാരങ്ങളെയും ഭയവുമായി കൃത്യം സങ്കലനം ചെയ്തിരിക്കുന്നു.

മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളിലൊന്നായ ഭയം സദാ അവന്റെ ഉള്ളില്‍ തന്നെയുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ അത് മറനീക്കി പുറത്തുവരും. ഈ വികാരത്തെ ചൂഷണം ചെയ്തുകൊണ്ട് കാലാകാലങ്ങളില്‍ നിരവധിയായ സിനിമകള്‍ എല്ലാ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. മലയാളത്തില്‍ ഭാര്‍ഗവിനിലയം തൊട്ടിങ്ങോട്ട് ഈ ഗണത്തിലുള്ള സിനിമകള്‍ കൃത്യമായ ഇടവേളകളില്‍ കാലോചിതമായ ദൃശ്യ, ശബ്ദ വിന്ന്യാസങ്ങളുടെ പിന്തുണയോടെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഭാര്‍ഗവിനിലയം, ലിസ, കരിമ്പൂച്ച, മണിച്ചിത്രത്താഴ്, ആകാശഗംഗ, എസ്ര തുടങ്ങി ചുരുക്കം ചിലവ മാത്രമാണ് ഇക്കൂട്ടത്തില്‍ പ്രേക്ഷകപ്രീതി നേടിയെടുക്കുന്നതില്‍ വിജയിച്ചിട്ടുള്ളത്. 

    


ഒരേ കഥാസങ്കേതവും പശ്ചാത്തലവും പിന്തുടരുകയും ഏതു വിധേനയും കാണികളെ ഭയപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഹൊറര്‍ ജോണര്‍ സിനിമകള്‍ പലപ്പോഴും നിര്‍മ്മിക്കപ്പെടാറ്. ഭീകരരൂപങ്ങളുടെയും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും സാധ്യത ഇതിനായി ഉപയോഗപ്പെടുത്തും. എന്നാല്‍ ഭാര്‍ഗവിനിലയവും മണിച്ചിത്രത്താഴും പോലുള്ള സിനിമകള്‍ ആഖ്യാനത്തിലെ പുതുമ കൊണ്ടും മനശാസ്ത്രപരമായ സമീപനം കൊണ്ടും മനുഷ്യരിലെ കേവലവികാരത്തെ പുറത്തെത്തിക്കുന്നതില്‍ വിജയിച്ചു. ഭൂതകാലം എന്ന ഏറ്റവും പുതിയ ഹൊറര്‍ സിനിമ വിജയം കാണുന്നതും ഈ വഴിയില്‍ തന്നെയാണ്. 

ഒരു വീടിനെയും അവിടത്തെ അന്തേവാസികളായ അമ്മയേയും മകനേയും കേന്ദ്രീകരിച്ചാണ് ഭൂതകാലം മുന്നോട്ടുപോകുന്നത്. ജീവിതത്തില്‍ നല്ല കാര്യങ്ങളൊന്നും സംഭവിക്കാതാകുന്നതോടെ സന്തോഷങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടവരാണ് ഇരുവരും. അത്രയേറെ സ്‌നേഹിക്കുന്നവരാണെങ്കിലും ഈ സമാധാനമില്ലായ്മയില്‍ കലഹിക്കുന്നവരും പരസ്പരം കുറ്റപ്പെടുത്തുന്നവരുമാണിവര്‍. സ്വസ്ഥതയില്ലാത്ത ദിവസങ്ങള്‍ ഇവര്‍ക്ക് സംഭവിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. ഈ സമാധാനമില്ലായ്മയിലേക്കാണ് ഭയം കൂടി കടന്നുവരുന്നത്. അസ്വസ്ഥമായ ഭൂതകാലം അവരുടെ ഇന്നിനെ വേട്ടയാടുന്നു. ശബ്ദത്തിന്റേയും രൂപത്തിന്റേയും സാന്നിധ്യത്തില്‍ ആദ്യം മകനിലേക്കും പിന്നീട് അമ്മയിലേക്കും  ഭയം കടന്നുവരുന്നതോടെ ആ വീടും അവിടത്തെ രാത്രികളും അവര്‍ക്ക് അങ്ങേയറ്റം ഭീതിദമായി മാറുന്നു. ഇത്തരം ദൃശ്യങ്ങളുടെ മികവുറ്റ ആഖ്യാനം കൊണ്ട് മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും യുക്തിസഹമായ ഹൊറര്‍ സിനിമകളിലൊന്ന് എന്ന തലത്തിലേക്ക് ഭൂതകാലം പ്രവേശിക്കുന്നു.

സാധാരണ ഗൃഹാന്തരീക്ഷത്തിലെ ദൈനംദിന വിഷയങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോയി വളരെ സ്വാഭാവികമായാണ് ഈ സിനിമയില്‍ ഭയം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ കാണികള്‍ക്ക് ഇത് എളുപ്പത്തില്‍ തങ്ങളോട് ബന്ധപ്പെടുത്താന്‍ സാധിക്കുന്നു. മനസ്സിന്റെ പിടി അയഞ്ഞുപോകുന്നതോടെ കാണുന്ന കാഴ്ചകള്‍ വിചിത്രവും ഭയപ്പെടുത്തുന്നതുമായി മാറും. ഭയപ്പെടുത്തുന്നതിനായി ബോധപൂര്‍വ്വം ഈ സിനിമ ഒന്നും ചെയ്യുന്നില്ല. കഥാപാത്രങ്ങളില്‍ സ്വാാഭാവികമായി സംഭവിക്കുന്ന ഭയം അതേ ആവേഗത്തോടെ കാണികളിലേക്കും പടരുന്നതോടെ ഭൂതകാലം രോമകൂപങ്ങളെ പലവട്ടം ഉയിര്‍കൊള്ളിക്കുന്ന കാഴ്ചയായി മാറുന്നു. സൈക്കോളജിക്കല്‍ ഡ്രാമ എന്ന രീതിയില്‍ തുടങ്ങി ഹൊറര്‍ ത്രില്ലറിലേക്ക് സിനിമ പ്രവേശിക്കുന്നു. ഒരു ജോണറില്‍ തുടങ്ങി മറ്റൊന്നിലേക്ക് പ്രവേശിക്കുന്ന രീതി അവലംബിക്കുന്നത് സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. 


നിശബ്ദതയ്ക്കും അതിനെ ഭഞ്ജിക്കുന്ന ശബ്ദസാന്നിധ്യങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഈ സിനിമയില്‍ ഗോപിസുന്ദറാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ഗോപിസുന്ദറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന്. കഥയിലെ പ്രസന്നതയില്ലാത്ത വീടിന്റെ അന്തരീക്ഷത്തിന് യോജിക്കും വിധം തിളക്കമറ്റ ഫ്രെയിം ഒരുക്കി തില്‍ ഷെഹ്നാദ് ജലാല്‍ സിനിമയെ കാണികളോട് കൂടുതല്‍ അടുപ്പിക്കുന്നു.

           കഥാപാത്രങ്ങളുടെ ആഴമറിഞ്ഞ് രേവതിയും ഷെയ്ന്‍ നിഗവും തങ്ങളുടെ കഥാപാത്രങ്ങള്‍ അസാമാന്യ മിഴിവ് നല്‍കുന്നു. ഭിന്നവികാരങ്ങളിലൂടെ കടന്നുപോകേണ്ട കഥാപാത്രത്തില്‍ നിയന്ത്രിതാഭിനയമാണ് രേവതിയുടേത്. കരിയറില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അതിന്റെ ആത്മാംശം ഉള്‍ക്കൊണ്ട് മികവുറ്റതാക്കാന്‍ ഷെയ്‌നിന് സാധിച്ചിരിക്കുന്നു. ഇരുവരും ചേര്‍ന്നുള്ള രംഗങ്ങള്‍ക്കും സോളോ സീനുകള്‍ക്കും ഒരുപോലെ പ്രകടനസാധ്യതയ്ക്ക് അവസരം നല്‍കുന്നുണ്ട്.

അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ഒട്ടേറെ മികവുറ്റ സൃഷ്ടികള്‍ സംഭാവന ചെയ്യാന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ആഗോളകാണികള്‍ ഏറെ ഗൗരവത്തോടെയാണ് മലയാളം സിനിമകളെ നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും. മലയാളത്തിലെ പുതിയ മാറ്റങ്ങളും പരീക്ഷണങ്ങളും അവര്‍ ഉള്‍ക്കൊള്ളുന്നു. സോണി ലിവ് പ്ലാറ്റ്‌ഫോം വഴി ആഗോളകാണികളിലേക്ക് എത്തിയ ഭൂതകാലം ഇത്തരം മികച്ച സൃഷ്ടികളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യമാണ്.

സ്ത്രീശബ്ദം, 2022 ഫെബ്രുവരി

Friday, 18 February 2022

മലയാളത്തിന്റെ മാളൂട്ടി, ഹെലന്‍ ബോളിവുഡിന്റെ ട്രാപ്ഡ് ഹോളിവുഡിന്റെ ഗ്രാവിറ്റി


ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടുപ്പോകുന്ന ആകസ്മികാനുഭവങ്ങള്‍ ഒരുപക്ഷേ ജീവിതത്തില്‍ സംഭവിച്ചേക്കാം. തീര്‍ത്തും സാധാരണമായി പൊയ്‌ക്കൊണ്ടിരുന്ന ജീവിതത്തില്‍ പൊടുന്നനെയായിരിക്കാം ഇത്തരം അപായങ്ങള്‍ സംഭവിക്കുക. ഇത് ജീവിതത്തെ ആകെ കീഴ്‌മേല്‍ മറിക്കും. തനിച്ച് രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ പലതും തേടും. പരിസരത്ത് ആരുമില്ലെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന പ്രതീക്ഷയില്‍ രക്ഷയ്ക്കായുള്ള പരിശ്രമങ്ങള്‍ തുടരും. ഇത്തരം അപകടസന്ധികളില്‍ നിന്ന് ജീവിതത്തിലേക്കുള്ള മനുഷ്യന്റെ തിരിച്ചുവരവിനെ സിനിമ എല്ലാ കാലത്തും പ്രമേയമാക്കിയിട്ടുണ്ട്. ഇതില്‍ പലതും യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ളവയാണ്. അതല്ലാതെ സാങ്കല്‍പ്പിക കഥകളിലെ അപകടവും അതിജീവനവും വിഷയമാക്കിയ സിനിമകളുമേറെ. രക്ഷപ്പെടാനുള്ള പരിശ്രമങ്ങളെയും ഒടുവില്‍ രക്ഷാമാര്‍ഗം തെളിയുന്നതോടെ ശുഭപര്യവസായിയായി തീരുന്നതുമാണ് ഈ സിനിമകള്‍.

മലയാളത്തില്‍ ഇത്തരം പ്രമേയങ്ങള്‍ അധികമുണ്ടായിട്ടില്ലെങ്കിലും ഭരതന്റെ മാളൂട്ടിയും മാത്തുക്കുട്ടി സേവ്യറുടെ ഹെലനും സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്നവയാണ്. 1989 ലെ അമേരിക്കന്‍ ടെലിവിഷന്‍ സിനിമയായ എവരിബഡിസ് ബേബി: ദി റെസ്‌ക്യൂ ഓഫ് ജെസ്സിക്ക മക്ലറെയെ അടിസ്ഥാനമാക്കിയാണ് മാളൂട്ടി ഒരുക്കിയത്. കളിക്കുന്നതിനിടെ കുഴല്‍ക്കിണറിനെടുത്ത കുഴിയില്‍ വീണുപോകുന്ന അഞ്ചു വയസ്സുകാരിയെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഉള്ളുരുക്കത്തോടെയാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. ഹോളിവുഡില്‍ അടക്കം ഒട്ടേറെ സര്‍വൈവല്‍ ത്രില്ലര്‍ സിനിമകള്‍ അതിനോടകം പുറത്തുവന്നിരുന്നെങ്കിലും 1990 ല്‍ മാളൂട്ടിയുടെ പ്രമേയം മലയാളത്തിന് ഏറെ പുതുമയുള്ളതായിരുന്നു.


നഗരത്തിലെ ഷോപ്പിംഗ് മാളിലെ ചിക്കന്‍ ഹബില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി സ്ഥാപനത്തിലെ ഫ്രീസര്‍ റൂമില്‍ ഒരു രാത്രി കുടുങ്ങിപ്പോവുന്നതാണ് ഹെലന്റെ പ്രമേയം. മൈനസ് 18 ഡിഗ്രി താപനിലയില്‍ അവള്‍ എങ്ങനെ മുന്നോട്ടുപോകും എന്ന ഉദ്വേഗത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുന്നത്. അവതരണം കൊണ്ട് ശ്രദ്ധ നേടിയ ഈ ചിത്രം തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

വിക്രമാദിത്യ മോട്ട്‌വാനെയുടെ ബോളിവുഡ് ചിത്രം ട്രാപ്ഡില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് കേന്ദ്ര കഥാപാത്രമായ ശൗര്യ അകപ്പെടുന്നത്. കാമുകിയുമായി ഒളിച്ചോടാന്‍ പദ്ധതിയിടുന്ന ശൗര്യ തങ്ങള്‍ക്ക് താമസിക്കാന്‍ സ്ഥലം അന്വേഷിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ പെട്ടുപോകുന്നത്. രക്ഷപ്പെടാനായി പൂട്ട് പൊളിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു. വയറിംഗ് തകരാറിലായതിനാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ വൈദ്യുതി ഇല്ലാതാകുന്നു. സഹായത്തിനായി വിളിക്കുന്നതിന് മുമ്പ് ഫോണിലെ ബാറ്ററി തീര്‍ന്നു. പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടമാകുന്ന ശൗര്യ ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാതെ ജീവിക്കാന്‍ പാടുപെടുകയാണ്. ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ അയാള്‍ ക്രമേണ കൂടുതല്‍ ക്ലോസ്‌ട്രോഫോബിക് (ഇടുങ്ങിയ സ്ഥലം ഉണര്‍ത്തുന്ന ക്രമാതീത ഭയം) ആയിത്തീരുന്നു. പാറ്റയേയും ഉറുമ്പിനേയും പ്രാവിനേയും ഭക്ഷിച്ച് വിശപ്പടക്കാന്‍ ശ്രമിക്കുന്നു. ആരോടും സംസാരിക്കാതിരിക്കുന്ന അവസ്ഥ മറികടക്കാന്‍ എലിയോടാണ് ശൗര്യ മിണ്ടുന്നത്. തനിക്കൊപ്പം കടുത്ത തണുപ്പില്‍ പെട്ടുപോകുന്ന എലിയെ സംരക്ഷിക്കുന്ന നായികയെ ഹെലനില്‍ കാണാം. ഒറ്റപ്പെടുന്ന മനുഷ്യന്‍ കടന്നുപോകുന്ന ഭിന്ന അവസ്ഥകളാണിത്. രക്ഷപ്പെടാനുള്ള അവസാനശ്രമമെന്ന നിലയില്‍ ഒരു ലോഹ ഷീറ്റ് ഉപയോഗിച്ച് ബാല്‍ക്കണി ഗേറ്റിലൂടെ വെട്ടാന്‍ തുടങ്ങുകയും ഒടുവില്‍ വിജയിക്കുകയുമാണ് ശൗര്യ.

സര്‍വൈവല്‍ ത്രില്ലര്‍ സിനിമകള്‍ ഏറ്റവുമധികം ഉണ്ടായിട്ടുള്ളത് ഹോളിവുഡിലാണ്. മുറിക്കകത്തും വീടിനകത്തും തുടങ്ങി കാട്ടിലും കടലിലും ബഹിരാകാശത്തും ഒറ്റപ്പെട്ടുപോയവരുടെ മാനസികാവസ്ഥകളെയും അതിജീവനശ്രമങ്ങളെയും ചിത്രീകരിച്ച് ഹോളിവുഡ് ലോകകാണികളെ വിസ്മയിപ്പിച്ചു. 


സര്‍വൈവല്‍ ഡ്രാമ സിനിമകളില്‍ ലോകമെങ്ങും ഏറെ ആരാധകരെ നേടിയ ഹോളിവുഡ് ചിത്രമാണ് റോബര്‍ട്ട് സെമക്കിസിന്റെ കാസ്റ്റ് എവേ. 2000ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഒരു വിമാനാപകടത്തിനു ശേഷം തെക്കന്‍ പെസഫിക്കിലെ വിജനമായ ദ്വീപില്‍ അകപ്പെടുന്ന ചക്ക് നോളണ്ട് എന്ന കഥാപാത്രത്തെയാണ് ടോം ഹാങ്ക്‌സ് അവതരിപ്പിച്ചത്. നാലു വര്‍ഷത്തോളം ദ്വീപില്‍ കഴിയേണ്ടിവരുന്ന ചക്ക് പലതവണ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. വിരസതയകറ്റാന്‍ പല വഴികളും തേടുന്നു. ഒരു പന്തിനെ മനുഷ്യനായി കണ്ട് അതിനോട് സുഹൃത്തിനോടെന്ന പോലെ അടുക്കുന്നുണ്ട്. ഇതിനിടെ പരിശ്രമം കൊണ്ട് ഒരു ചങ്ങാടം ഉണ്ടാക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരു കപ്പലിന്റെ സഹായത്താല്‍ തിരികെ നാട്ടിലെത്തുകയാണ് ചക്ക്. ദ്വീപിലകപ്പെടുന്ന റോബിന്‍സന്‍ ക്രൂസോയുടെ കഥയിലെ അതിജീവനശ്രമങ്ങളോട് താദാത്മ്യപ്പെടുത്താനാകും ചക്ക് നോളണ്ടിന്റെ അവസ്ഥയെ.

യാന്‍ മാര്‍ട്ടെലിന്റെ ലൈഫ് ഓഫ് പൈ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ പുറത്തിറങ്ങിയ ആങ് ലീ ചിത്രം അതിജീവനത്തിനായി കടലിനോടും കടുവയോടും പൊരുതുന്ന മനുഷ്യനെയാണ് കേന്ദ്രമാക്കിയത്. 

ചൊവ്വയില്‍ ഉപേക്ഷിക്കപ്പെട്ട ബഹിരാകാശയാത്രികന്റെ അതിജീവന ശ്രമവും അയാളെ രക്ഷിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളും റിഡ്‌ലി സ്‌കോട്ട് മാര്‍ഷ്യനില്‍ പ്രമേയമാക്കിയപ്പോള്‍ തങ്ങളുടെ ബഹിരാകാശവാഹനത്തിന്റെ മധ്യ ഭ്രമണപഥത്തിലെ നാശത്തെത്തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങിയ അമേരിക്കന്‍ ബഹിരാകാശയാത്രികരുടെ ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളെ അല്‍ഫോന്‍സോ ക്യൂറോണിന്റെ ഗ്രാവിന്റെ ദൃശ്യവത്കരിച്ചു. സാന്ദ്രാ ബുള്ളോക്ക് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒറ്റപ്പെടല്‍ ഒരു വേള പ്രേക്ഷകന് തന്റേതെന്നതു പോലെയുള്ള അവസ്ഥ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു ഗ്രാവിറ്റിയുടെ ആഖ്യാനമികവ്.


1996ല്‍ എവറസ്റ്റ് പര്‍വ്വതാരോഹണത്തിനിടെ സംഭവിച്ച ദുരന്തം പശ്ചാത്തലമാക്കുന്ന ചിത്രമാണ് എവറസ്റ്റ്. രണ്ട് പര്‍വതാരോഹക സംഘങ്ങളുടെ അതിജീവനം പ്രമേയമാക്കിയ ബാല്‍തസാര്‍ കോര്‍മക്കൂറിന്റെ ഈ ചിത്രത്തിന് ചിത്രീകരണ മികവ് കൊണ്ട് ഏറെ അഭിനന്ദനം നേടിയെടുക്കാനായി. 

ഇസ്രായേലി സാഹസികനായ യോസി ഗിന്‍സ്ബെര്‍ഗിന്റെ ആമസോണ്‍ മഴക്കാടുകളിലേക്കുള്ള യഥാര്‍ഥ യാത്രയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രെഗ് മക്ലീന്റെ ഓസ്ട്രേലിയന്‍ ചിത്രമായ ജംഗിള്‍.  അജ്ഞാതമായ വനങ്ങള്‍ പര്യവേഷണം ചെയ്യാനും അവിടത്തെ മനുഷ്യരെ കണ്ടുമുട്ടാനുമുള്ള സാധ്യതകള്‍ തേടുന്നയാളാണ് യോസി. ആമസോണ്‍ കാടുകളിലേക്കുള്ള യാത്രക്കിടെ യാദൃശ്ചികമായി ഒറ്റപ്പെട്ടുപോകുന്ന യോസിയുടെ അതീജീവന ശ്രമങ്ങളാണ് സിനിമ വിഷയമാക്കുന്നത്. 

  മനോജ് നൈറ്റ് ശ്യാമളന്റെ ഓള്‍ഡ് സര്‍വൈവല്‍ ത്രില്ലര്‍ ജോണറില്‍ പുറത്തിറങ്ങിയ പുതിയ സിനിമകളിലൊന്നാണ്. ആളൊഴിഞ്ഞ ബീച്ചില്‍ അകപ്പെടുന്ന ഒരു കൂട്ടം ആളുകളെ കേന്ദ്രീകരിക്കുന്നതാണ് ഈ സിനിമ. ഈ വിചിത്രമായ പ്രദേശത്ത് ആളുകള്‍ക്ക് പെട്ടെന്ന് വാര്‍ധക്യം നേരിടേണ്ടിവരുന്നു. ഇവരുടെ അതിജീവന ശ്രമങ്ങളാണ് പിന്നീട്. പിയറി ഓസ്‌കാര്‍ ലെവിയുടെയും ഫ്രെഡറിക് പീറ്റേഴ്‌സിന്റെയും ഫ്രഞ്ച് ഭാഷയിലുള്ള സ്വിസ് ഗ്രാഫിക് നോവലായ സാന്‍ഡ്കാസില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 10, ഷോ റീല്‍ -6

Friday, 11 February 2022

ഹൃദയത്തിലെ ബണ്‍ പൊറോട്ടയും ബീഫും, മധുരത്തിലെ ബിരിയാണി ആമാശയത്തിലൂടെ ഹൃദയത്തെ പുല്‍കുന്ന സിനിമകള്‍



ഹൃദയത്തിലേക്കുള്ള വഴി ആമാശയത്തിലൂടെയുമാകാം. നല്ല ഭക്ഷണം ഇഷ്ടപ്പെടാത്ത ആരുണ്ട്. നിത്യക്ക് അരുണ്‍ പരിചയപ്പെടുത്തുന്നത് ബണ്‍ പൊറോട്ടയും ബീഫുമാണ്. 'ഇവിടെ നല്ല പൊറോട്ടോയും ബീഫും കിട്ടുന്ന ഒരു കടയുണ്ട്, നമുക്ക് അവിടേക്ക് പോയാലോ?' എന്നാണ് അരുണ്‍ നിത്യയോട് പറയുന്നത്. അവരുടെ ബന്ധം വളരുന്നത് വാഴയിലയില്‍ വിളമ്പുന്ന ഈ രുചിയിലൂടെയാണ്. നാവിലെ രുചിക്കൊപ്പം തുടരുന്ന സംസാരം അവര്‍ക്കിടയില്‍ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയാകുന്നു. 

തമിഴന്റെ സാമ്പാര്‍ സാദത്തിന്റെ രുചിപ്പെരുക്കത്തിന്റെ പ്രതിപാദനവും വിനീത് ശ്രീനിവാസന്റെ 'ഹൃദയ'ത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈയില്‍ തിരിച്ചെത്തുന്ന അരുണ്‍ തന്റെ പ്രിയപ്പെട്ട പാട്ടിയെ കാണുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് സാമ്പാര്‍ സാദത്തെ കുറിച്ചാണ്. ഈ രുചിയും അരുണ്‍ നിത്യയെ പരിചയപ്പെടുത്തുന്നുണ്ട്. കലാലയ പഠനകാലത്ത് അരുണിന്റെ രസമുകുളങ്ങളെ കീഴടക്കിയ അതേ രുചിയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിത്യയും കീഴ്‌പ്പെടുന്നു. അവര്‍ക്കിടയില്‍ രൂപപ്പെടുന്ന അടുപ്പത്തിന്റെ രസതന്ത്രം ഈ രുചിപ്പെരുക്കത്തിലൂടെ പിന്നെയും വളര്‍ന്നു പടരുന്നു.

അരവിന്ദന്റെ അതിഥികളിലെ സുപ്രധാനമായ ഒരു വൈകാരിക രംഗത്തെ നായകന്‍ ലഘൂകരിക്കുന്നത് 'താന്‍ ഉഡുപ്പീലെ മസാലദോശ കഴിച്ചിട്ടുണ്ടോ, ഉഡുപ്പീലെ സ്വീറ്റ്‌സ്' എന്നു ചോദിച്ച് നായികയെയും കൂട്ടി ഒരു മസാലദോശ കഴിച്ചുകൊണ്ടാണ്. നാവിലെ രസമുകുളങ്ങളുമായി ആഹാരം സമ്പര്‍ക്കത്തിലാകുന്നതോടെ സങ്കീര്‍ണമായൊരു ജീവിതാവസ്ഥയ്ക്ക് തെല്ല് അയവ് കൈവരുകയാണ്. 

രണ്ടു പേര്‍ക്കിടയിലെ ഇഴയടുപ്പത്തിനു പിന്നിലെ പല ആകര്‍ഷണ ഘടകങ്ങളിലൊന്നായിരിക്കും ഭക്ഷണവും. സ്വാദിഷ്ടവും വൈവിധ്യവുമാര്‍ന്ന രുചി പകര്‍ന്നു നല്‍കുന്നതിലൂടെ പരസ്പരം ഉടലെടുക്കുന്ന ബന്ധം ഊഷ്മളമായിരിക്കും. നാവിലെ രുചിയുടെ സന്തുഷ്ടി ചിരകാലത്തേക്ക് വ്യാപിക്കാനിടയുണ്ട്.


അഹമ്മദ് കബീറിന്റെ മധുരത്തില്‍ സാബുവും ചിത്രയും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നതും വളരുന്നതും ആഹാരത്തിലൂടെയാണ്. രണ്ടുപേരും ആഹാരപ്രിയര്‍. ആഹാരം ഉണ്ടാക്കുന്നതും രുചിക്കുന്നതും അപരരെ ഊട്ടുന്നതും ഇഷ്ടപ്പെടുന്നവര്‍. അവരുടെ ബന്ധത്തിന് പശ്ചാത്തലമാകുന്നതു പോലും ഒരു ഭക്ഷണശാലയാണ്. മധുരമെന്ന പേര് ഒരേസമയം രുചിയേയും ഹൃദ്യമായ ബന്ധത്തേയും സൂചിപ്പിക്കുന്നു. സാബു ഉണ്ടാക്കിയ ബിരിയാണി രുചിച്ച ശേഷം, ആ രുചിയുടെ പിന്നിലെ രസതന്ത്രത്തെക്കുറിച്ച് ചിത്ര ചോദിക്കുന്നുണ്ട്. അതിന് സാബു നല്‍കുന്ന വിശദീകരണം അത് കഴിക്കുന്നയാളുടെ ഉള്ളം നിറയ്ക്കാന്‍ പോന്നതാണ്. രുചിച്ചേരുവകള്‍ പറഞ്ഞ്, 'ഒടുവില്‍ ഒരു പ്രധാന കാര്യം മറന്നു, പിന്നെ ഇതിനൊപ്പം കുറച്ചു സ്‌നേഹം കൂടി ചേര്‍ക്കണം' എന്നു സാബു കൂട്ടിച്ചേര്‍ക്കുന്നു. ഇതിനൊപ്പം ഇരുവര്‍ക്കുമിടയില്‍ രൂപപ്പെടുന്ന ഉള്ളുനിറഞ്ഞ ചിരി ഒരുമിച്ചുള്ള ഒരു ജീവിതകാലത്തേക്കു കൂടിയുള്ളതായി മാറുന്നു.

പാകംചെയ്യുന്ന ആഹാരത്തിനൊപ്പം ചേര്‍ക്കുന്ന സ്‌നേഹത്തിന്റെ ഇൗ രുചിയെക്കുറിച്ചു തന്നെയാണ് സുലൈമാനി നുകര്‍ന്ന് അതിശയം കൂറുന്ന ഫൈസിയോട് വല്ല്യുപ്പ പറയുന്നതും. ഒരു സുലൈമാനിക്കു പോലും സ്‌നേഹത്തിന്റേയും പരിഗണനയുടേയും വലിയ അര്‍ഥവ്യാപ്തി പകര്‍ന്നു നല്‍കാനാകും. അതില്‍ സമം ചേര്‍ക്കുന്ന പഞ്ചസാരയ്ക്കും ഏലക്കയ്ക്കുമൊപ്പം അളവൊട്ടും കുറയ്ക്കാതെ പകരുന്ന സ്‌നേഹത്തിന്റേതായ പരിഗണനയാണത്. കഴിക്കുന്നവരുടെ മനസ്സറിഞ്ഞു വിളമ്പുന്ന ആഹാരത്തില്‍ ചേര്‍ക്കുന്ന സ്‌നേഹമാണ് വല്ല്യുപ്പയിലൂടെ ഫൈസി തിരിച്ചറിയുന്നതും ജീവിതത്തില്‍ പകര്‍ത്തുന്നതും. ഫൈസി പിന്നീട് സ്വയം തയ്യാറാക്കി ഊട്ടുന്ന ബിരിയാണിയില്‍ ഇതേ രുചിസ്‌നേഹം അനുഭവിക്കുന്നുണ്ട്. ഉസ്താദ് ഹോട്ടലില്‍ എത്തുന്നവരുടെ മുഖത്ത് ഭക്ഷണത്തെിനൊപ്പം വിടരുന്ന പുഞ്ചിരിയാണ് ആഹാരം തയ്യാറാക്കുന്നവരേയും വിളമ്പുന്നവരേയും സംതൃപ്തരാക്കുന്നത്. വയറിനൊപ്പം മനസ്സും നിറയുന്നവര്‍ ഈ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതവരെ ഉസ്താദ് ഹോട്ടലിലെ സ്‌നേഹത്തിലേക്കും രുചിയിലേക്കും വീണ്ടുമെത്തിക്കുന്നു. 

നാവിലെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താന്‍ സദാ ഭക്ഷണവൈവിധ്യം തേടുന്നവരാണ് കാളിദാസനും മായയും. ചെറുപ്പത്തില്‍ അമ്മയുണ്ടാക്കിക്കൊടുക്കുന്ന ദോശയുടേയും ചഡ്‌നിയുടേയും രുചി ജോലിയിടവേളയിലെ ചെറുമയക്കത്തില്‍ പോലും മായയിലേക്ക് വന്നുചേരുന്നുണ്ട്. മധ്യവയസ്സില്‍ ജീവിതത്തിന്റെ വിരസതകളും നിരാശകളും കൂട്ടായുള്ള കാളിദാസനേയും മായയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും അടുപ്പിക്കുന്നതും ഒരുമിച്ച് ജീവിക്കാന്‍ പ്രേരണ നല്‍കുന്നതും ഇരുവര്‍ക്കുമിടയിലെ രുചിവൈവിധ്യമെന്ന ഈ അന്വേഷണത്വരയാണ്. 


കാളിദാസനേയും മായയേയും പോലെ മധ്യവയസ്സില്‍ നില്‍ക്കുന്നവരാണ് സാജന്‍ ഫെര്‍ണാണ്ടസും ഇള സിംഗും. തമ്മില്‍ കാണാതെ ചോറ്റുപാത്രത്തിലെ ആഹാരത്തിന്റെ രുചിയിലൂടെ വളരുന്ന അടുപ്പമാണ് റിതേഷ് ബത്രയുടെ ലഞ്ച് ബോക്‌സില്‍ സാജനും ഇളയ്ക്കുമിടയില്‍ ഉരുത്തിരിയുന്നത്. ഭര്‍ത്താവില്‍നിന്ന് കിട്ടാതെ പോകുന്ന പരിഗണനയില്‍ വീര്‍പ്പുമുട്ടുന്ന ഇളയ്ക്ക് ലഭിക്കുന്ന ആശ്വാസമാണ് താന്‍ ലഞ്ച് ബോക്‌സില്‍ പകര്‍ന്നുനല്‍കുന്ന രുചിക്ക് പകരം സാജനില്‍നിന്ന് കിട്ടുന്ന കുറിപ്പുകള്‍. എന്തെങ്കിലും പേരിട്ടു വിളിക്കാന്‍ ശ്രമിക്കാതെ ആര്‍ക്കും ചേതമില്ലാത്ത ഒരു ഊഷ്മളബന്ധമാണ് സാജനും ഇളയ്ക്കുമിടയില്‍ രൂപപ്പെടുന്നത്. തമ്മില്‍ കാണാതെ ലഞ്ച് ബോക്‌സിലെ രുചികളിലൂടെ പരസ്പരം കൈമാറുന്ന പരിഗണന ഇരുവരുടേയും തൊഴില്‍, ഭവന പരിസരങ്ങളിലെ ദൈനംദിന സമ്മര്‍ദ്ദത്തില്‍നിന്നുള്ള വിടുതല്‍ കൂടിയാകുന്നു. ഗൗരി ഷിന്‍ഡേയുടെ ഇംഗ്ലീഷ് വിംഗ്ലീഷിലെ പ്രധാന സ്ത്രീകഥാപാത്രമായ ശശിയുടെ ജീവിതത്തിലും രുചിയിലൂടെ വളരുന്ന ബന്ധങ്ങളിലെ ഊഷ്മളത പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ആസാമീസ് ചിത്രമായ ആമീസില്‍ മാംസാഹാരത്തോടുള്ള താത്പര്യത്തിലൂടെയാണ് നിര്‍മാലിയും സുമോനും തമ്മില്‍ പ്രണയത്തിലാകുന്നത്. മാംസാഹാരത്തിന്റെ രുചിയും വൈവിധ്യവും തേടിയുള്ള പരീക്ഷണങ്ങള്‍ ഇവരുടെ അടുപ്പം കൂട്ടുന്നു. പുതിയ മാംസരുചി അന്വേഷിക്കുന്നതിലുള്ള അപാരമായ ത്വരയിലൂടെ രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധം പ്രണയത്തിന്റെ ആത്മീയതലത്തോളം വളരുന്നു. സുമോന്‍ നിര്‍മാലിക്ക് സ്വന്തം മാംസം കൊടുക്കാന്‍ തുടങ്ങുന്നു. ഈ രുചി അവള്‍ക്ക് ഇതുവരെ കഴിച്ച ഏതു മാംസത്തേക്കാളും ഇഷ്ടപ്പെടുന്നു. അവള്‍ മനുഷ്യമാംസം കൊതിക്കാന്‍ തുടങ്ങുന്നു. അവളുടെ ആസക്തി അവന്‍ തിരിച്ചറിയുകയും അതിന് പരിഹാരം കാണുകയുമാണ്. ഒടുവില്‍ നിയമത്തിനു കീഴടങ്ങേണ്ടി വരുമ്പോഴും പരസ്പരം ചേര്‍ന്നുനില്‍ക്കാന്‍ തന്നെയാണ് ഇരുവരും തയ്യാറാകുന്നത്. 

ഗ്രാമത്തിലെ വീട്ടുപരിസരത്തെ വിവിധ തരം പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും ഉപയോഗിച്ച് അമ്മയുണ്ടാക്കി നല്‍കിയ ആഹാരത്തിലെ വൈവിധ്യങ്ങളെ ഓര്‍മ്മിക്കുകയും അതുപോലെ ഉണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് ശ്രദ്ധേയ കൊറിയന്‍ ചിത്രമായ ലിറ്റില്‍ ഫോറസ്റ്റിലെ കേന്ദ്ര കഥാപാത്രമായ സോങ് ഹൈ വന്‍. നഗരത്തില്‍ നിന്ന് താന്‍ ബാല്യകാലം ചെലവഴിച്ച ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്ന സോങ് അമ്മ പകര്‍ന്നുനല്‍കിയ രുചികളെയാണ് വീണ്ടെടുക്കുന്നത്. വ്യത്യസ്ത ഭക്ഷണങ്ങളുടെ പാകപ്പെടലിനിടയിലും രുചികളിലൂടെയും അവള്‍ അമ്മയെ ഓര്‍മ്മിക്കുകയും അമ്മയുടെ സാന്നിധ്യം അനുഭവിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ എത്രമാത്രം പ്രധാനപ്പെട്ട സാന്നിധ്യമാണ് അമ്മയെന്നും തനിക്ക് എന്തൊരു പരിഗണനയാണ് അമ്മ നല്‍കിയിരുന്നതെന്നും അവള്‍ക്കു മുന്നില്‍ പാകപ്പെടുന്ന ഓരോ ആഹാര പദാര്‍ഥവും അവളെ ഓര്‍മ്മിപ്പിക്കുന്നു.


അമോലെ ഗുപ്തെയുടെ സ്റ്റാന്‍ലി കാ ദബ്ബയിലെ കേന്ദ്രകഥാപാത്രമായ സ്റ്റാന്‍ലി സ്‌കൂളില്‍ ചോറ്റുപാത്രം കൊണ്ടുവരാറില്ല. ചിലപ്പോള്‍ മറ്റു കുട്ടികളില്‍ നിന്നും പങ്കുപറ്റും. അല്ലെങ്കില്‍ ഭക്ഷണസമയത്ത് വെള്ളം കുടിച്ച ശേഷം തനിയെ ഗ്രൗണ്ടില്‍ പോയിനില്‍ക്കും. കുട്ടികള്‍ ചോറ്റുപാത്രത്തിലെ വൈവിധ്യമാര്‍ന്ന ഭക്ഷണം രുചിക്കുകയും പരസ്പരം പങ്കുവയ്ക്കുകയും അവര്‍ക്കിടയില്‍ വലിയൊരു സൗഹൃദവലയം രൂപപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യേക കൂട്ടങ്ങളായാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്. ഈ കൂട്ടങ്ങള്‍ ഭക്ഷണത്തിനിടെ പങ്കുവയ്ക്കുന്ന വര്‍ത്തമാനങ്ങള്‍ അവരുടെ ഭാവിസൗഹൃദത്തിന് കൃത്യമായ അടിത്തറയിടുന്നു. സ്റ്റാന്‍ലിയാകട്ടെ കൂട്ടുകാരോട് സൗഹൃദം പുലര്‍ത്തുന്നുവെങ്കില്‍ പോലും സ്വന്തം വേദനകള്‍ മറച്ചുവയ്ക്കാന്‍ താത്പര്യപ്പെടുന്നവനാണ്. അവന്‍ ഒരു ധാബയില്‍ ജോലിചെയ്തിട്ടാണ് സ്‌കൂളിലേക്ക് വരുന്നത്. സ്‌കൂള്‍വിട്ട് പോകുന്നതും ഈ ജോലിസ്ഥലത്തേക്കു തന്നെ. മറ്റു കുട്ടികളെപ്പോലെ സ്വാദിഷ്ടമായ ഭക്ഷണം ചോറ്റുപാത്രത്തില്‍ സ്‌കൂളിലേക്ക് കൊണ്ടുവരണമെന്നുണ്ട്. പക്ഷേ സാഹചര്യം അവനെ പിന്നോട്ടടിപ്പിക്കുന്നു. പക്ഷേ ഒരു ദിവസം അവന്‍ അങ്ങനെയൊരു സമ്പുഷ്ടമായ ടിഫിന്‍ ബോക്‌സ് സ്‌കൂളിലേക്ക് കൊണ്ടുപോകുക തന്നെ ചെയ്യുന്നു. അവന്‍ ഏറ്റവുമധികം സന്തോഷത്തോടെ സ്‌കൂളിലേക്ക് പോകുന്നതും ആ ദിവസം തന്നെ. സ്റ്റാന്‍ലിയുടെ സമ്പന്നമായ ഡബ്ബയില്‍ നിന്ന് കുട്ടികളെല്ലാവരും രുചിവൈവിധ്യത്തിന്റെ പങ്കുപറ്റുന്നു. വായില്‍ വയ്ക്കുന്ന ഓരോ കഷണം ഭക്ഷണത്തേയും നിങ്ങള്‍ വിലമതിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ സ്റ്റാന്‍ലിയിലൂടെ നല്‍കുകയാണ് സിനിമ.

ആഹാരത്തിലൂടെ കുട്ടികള്‍ക്കിടയില്‍ രൂപപ്പെടുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം തണ്ണീര്‍മത്തന്‍ ദീനങ്ങളിലും കാണാം. ക്ലാസ് ഇടവേളകളില്‍ സ്‌കൂള്‍ പരിസരത്തെ ബേക്കറി കടയില്‍ നിന്ന് കഴിക്കുന്ന തണ്ണിമത്തന്‍ ജ്യൂസിനും പഫ്‌സിനുമൊപ്പമാണ് ഇവര്‍ സൗഹൃദവും പ്രണയവും നിരാശയും പ്രതീക്ഷയുമെല്ലാം പങ്കുവയ്ക്കുന്നത്. എല്ലാ ദിവസത്തേയും ഇടവേളകളിലെ ഈ കൂടിയിരിപ്പ് ഈ കൗമാരക്കാര്‍ക്കിടയിലെ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു.

പ്രേമത്തില്‍ ജോര്‍ജിന്റെ പല പ്രായഘടനയില്‍ വ്യത്യസ്ത ആഹാരസാധനങ്ങള്‍ കഥാപാത്രത്തിനൊപ്പം സാന്നിധ്യമാകുന്നുണ്ട്. സ്‌കൂള്‍ കാലത്ത് കപ്പലണ്ടി മിഠായിയും നാരങ്ങാ മിഠായിയും നിറഞ്ഞ കുപ്പികളും പഴംപൊരിയും പരിപ്പുവടയും നിറഞ്ഞ ചില്ലലമാരകളും നന്നാറി സര്‍ബത്തില്‍ കസ്‌കസ് ഇട്ട് തണുപ്പിച്ച് കുടിക്കുന്നതുമാണ് വിശദീകരണമാകുന്നത്. കോളേജ് കാന്റീനില്‍ പുട്ടും ബീഫുമാണ് ജോര്‍ജിന്റേയും കൂട്ടുകാരുടേയും ഇഷ്ടം നേടുന്നത്. പഠനത്തിനു ശേഷം കേക്ക് ഷോപ്പ് നടത്തിപ്പുകാരനാകുകയാണ് ജോര്‍ജ്. പഠനകാലത്ത് സെലിനൊപ്പം ഐസ്‌ക്രീം കഴിക്കുന്ന ജോര്‍ജ് മുതിരുമ്പോള്‍ തന്റെ ഷോപ്പിലെ റെഡ് വെല്‍വെറ്റ് കേക്കിന്റെ രുചിയാണ് അവള്‍ക്ക് നല്‍കുന്നത്. ഇത് അവരുടെ ജീവിതത്തിലേക്കുള്ള വഴി കൂടി തുറന്നിടുന്നു.

പരസ്പരം കൈമാറുന്ന അച്ചപ്പവും മുറുക്കുമെല്ലാമാണ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യയുടേയും കുഞ്ഞുമറിയയുടേയും ബന്ധത്തെ ഊഷ്മളമാക്കുന്നത്. ഗ്രാമജീവിതത്തില്‍ അയല്‍പക്കക്കാരുമായുള്ള ഇത്തരം കൊടുക്കല്‍വാങ്ങലുകളിലൂടെ രൂപപ്പെടുന്ന ഇഴയടുപ്പങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ കഥാപാത്രങ്ങളിലൂടെ. ജിസ് ജോയുടെ സണ്‍ഡേ ഹോളിഡേയിലും അയല്‍പക്കവുമായുള്ള ഈ മധുരക്കൈമാറ്റം കാണാം. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയില്‍ നായികാനായക•ാരെ തമ്മില്‍ അടുപ്പിക്കുന്ന കണ്ണിയും രുചിശീലങ്ങളാണ്.

    


ചിലര്‍ ആഹാരം കഴിക്കുന്നതിനു തന്നെയൊരു ചന്തമുണ്ടായിരിക്കും. മധുമിതയുടെ കെ.ഡി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ എണ്‍പതുകാരന്‍ കറുപ്പുദുരൈ അത്തരമൊരാളാണ്. പ്രായാധിക്യത്താല്‍ മരണം കാത്തുകിടക്കുന്നയാളാണ് കറുപ്പുദുരൈ. തന്റെ മരണം പ്രതീക്ഷിക്കുന്നവരും സ്വത്തില്‍ ആര്‍ത്തിയുള്ളവരുമായ മക്കളും മരുമക്കളുമടങ്ങുന്നവര്‍ക്കിടയില്‍നിന്ന് അപ്രതീക്ഷിതമായി രക്ഷപ്പെടുകയാണ് വൃദ്ധന്‍. വീട്ടുമുറിയുടെ വിരസമായ നാലതിരില്‍നിന്ന് സ്വതന്ത്രമാകുന്നതോടെ അയാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാകുന്നു. എല്ലാ മനുഷ്യരേയും പോലെ കറുപ്പുദുരൈക്കും ചില ആഗ്രഹങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഇഷ്ടംപോലെ ബിരിയാണി കഴിക്കണമെന്നത്. കൈയിലുള്ള പൈസ കൊണ്ട് അയാള്‍ ഒരു ബിരിയാണി കഴിക്കുന്നു. എല്ലാ ദിവസവും ബിരിയാണി കഴിക്കാന്‍ സാധിച്ചാല്‍ അത്രയും നല്ലതെന്ന കൊതി സൂക്ഷിക്കുന്ന കറുപ്പുദുരൈ അതിനായിട്ടാണ് ശ്രമിക്കുന്നത്. കറുപ്പുദുരൈയുടെ ആസ്വദിച്ചുള്ള ബിരിയാണി തീറ്റ കാണുന്നവര്‍ പോലും കൊതിച്ചുപോകുന്നു. അതോടെ അവരും ബിരിയാണി വാങ്ങി കഴിക്കുന്നു. ദിവസം പത്തില്‍താഴെ ബിരിയാണി വിറ്റിരുന്ന ഹോട്ടലുകാരന് അതോടെ വില്‍പ്പന കൂടുന്നു. ഇതിനു കാരണക്കാരനായ കറുപ്പുദുരൈക്ക് എല്ലാ ദിവസവും കടക്കാരന്റെ വക ബിരിയാണി ലഭിക്കുകയാണ്. ആഹാരത്തെ അത് അര്‍ഹിക്കുന്ന പരിഗണനയോടെയും സ്‌നേഹത്തോടയുമാണ് കറുപ്പുദുരൈ സമീപിക്കുന്നത്. ഈ സ്‌നേഹമസൃണമായ സമീപനം കൊണ്ട് ഇഷ്ട ആഹാരം തന്നെ ദിവസവും അയാളെ തേടിവരുന്നു.

വീടിനു പുറത്തുപോയി വ്യത്യസ്ത ഭക്ഷണം പരീക്ഷിക്കുന്ന ശീലം മലയാളിജീവിതത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് വ്യാപകമായത്. ഇത് തനത് കേരളീയ രുചികളേയും വിദേശ ഭക്ഷണ വൈവിധ്യങ്ങളേയും പരിചയപ്പെടുത്തുന്ന ഒട്ടേറെ ഭക്ഷണശാലകളുടെ രൂപംകൊള്ളലിന് ഇടയാക്കി. തട്ടുകട, ഓപ്പണ്‍ റെസ്റ്റോറന്റ് തുടങ്ങിയ രുചിസംസ്‌കാരം തന്നെ ഇക്കാലയളവില്‍ ജനകീയമായി. ഈ രുചിവൈവിധ്യങ്ങള്‍ സിനിമയിലേക്കും സ്വാഭാവികമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. കേരളത്തിലെ വ്യത്യസ്ത ദേശങ്ങളുടെ കഥ പറയുമ്പോള്‍ അവിടത്തെ രുചികളേയും ഭക്ഷണശീലങ്ങളേയും കൂടി തിരക്കഥയില്‍ ഉള്‍ക്കൊള്ളിക്കുന്ന പതിവ് കഴിഞ്ഞ പതിറ്റാണ്ടില്‍ സിനിമ ശീലമാക്കിയതായി കാണാം. പ്രശസ്ത ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ കരിക്കിന്റെ പുതിയ സീരീസിലെ കലക്കാച്ചി മീന്‍കറിയില്‍ എത്തിനില്‍ക്കുന്നു ഈ പരീക്ഷണം.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസില്‍ ഒരു നാടിന്റെ ഭക്ഷണശീലത്തേയും അഭിരുചികളേയുമാകെയാണ് പകര്‍ത്തുന്നത്. അങ്കമാലിക്കാര്‍ക്കിടയില്‍ പ്രശസ്തമായ പോര്‍ക്ക് കൂര്‍ക്കയും കായയും മാങ്ങയുമിട്ടു വയ്ക്കുന്നതിന്റെ രുചിവൈവിധ്യങ്ങളെയും തനത് ആഹാരശീലങ്ങളേയും ഈ സിനിമ പരിചയപ്പെടുത്തുന്നു. പോര്‍ക്കിറച്ചി വില്‍പ്പനയുടേയും വാങ്ങല്‍ സമ്പ്രദായത്തിന്റേയും പാകം ചെയ്യുന്നതിന്റേയും ചോറിനും അപ്പത്തിനുമൊപ്പം ഇറച്ചിക്കറി ചേര്‍ത്തു കഴിക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും ഫ്രെയിമുകളാല്‍ സമ്പന്നമാണ് ഈ സിനിമ. ഒരു നാടിന്റെ രുചിശീലങ്ങള്‍ പല നാട്ടുകാര്‍ക്കിടയിലേക്ക് സിനിമയെന്ന ജനപ്രിയ കലാരൂപത്തിന്റെ സാധ്യതയിലൂടെ വിനിമയം ചെയ്യപ്പെടുകയാണ് ഇതിലൂടെ. ഈ സിനിമയിലെ കഥാപാത്രങ്ങളുടെ ദൈനംദിന ജീവിതത്തോടും മാനസികവ്യാപാരത്തോടും പ്രശ്‌നങ്ങളോടും തൊട്ടുനില്‍ക്കുന്നതാണ് ഇതിലെ രുചിവൈവിധ്യവും. സിനിമയുടെ തുടക്കത്തില്‍ മാങ്ങ എറിഞ്ഞുവീഴ്ത്തി ഉപ്പും മുളകുപൊടിയും ചേര്‍ത്തുകഴിക്കുന്ന സ്‌കൂള്‍ കുട്ടികളില്‍ തൊട്ടു തുടങ്ങുന്നതാണ് നാവിന്‍തുമ്പിലെ ഈ രുചിമേളം. 

ജെല്ലിക്കെട്ടില്‍ ജാഫര്‍ ഇടുക്കിയുടെ കഥാപാത്രം അപ്പത്തിന്റേയും പോത്ത് കറിയുടേയും വിശദീകരണം നല്‍കുമ്പോള്‍ ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമത്തിലെ ഒരു തനത് ആഹാരം പാകംചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റേയും രുചിപ്പെരുമ നാവില്‍ സൂക്ഷിക്കുന്ന മനുഷ്യന്റെ ചിത്രം സുവ്യക്തമാണ്. മഹേഷിന്റ പ്രതികാരത്തിലൂടെയാണ് ഇടുക്കിയിലെ കുമ്പിളപ്പവും കപ്പവാട്ടലും പ്രശസ്തമാകുന്നത്.

ദം ബിരിയാണി അടക്കമുള്ള അതിപ്രശസ്തമായ കോഴിക്കോടന്‍ വിഭവങ്ങളുടേയും മലബാറിന്റെ രുചിവൈവിധ്യങ്ങളേയും അതിഥിസത്കാര മഹിമയേയും ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു ഉസ്താദ് ഹോട്ടലും കെ.എല്‍ പത്തും പോലുള്ള സിനിമകള്‍. ഷാനവാസ് കെ.ബാവക്കുട്ടിയുടെ കിസ്മത്തില്‍ പൊന്നാനിപ്പലഹാരങ്ങള്‍ ഫ്രെയിമില്‍ നിറയുന്നുണ്ട്.

ഉണ്ണിയപ്പം രുചിച്ച് താന്‍ കൊട്ടാരക്കരക്കാരനാണോ എന്നാണ് സാള്‍ട്ട് ആന്റ് പെപ്പറില്‍ കാളിദാസന്‍ കുക്ക് ബാബുവിനോട് ചോദിക്കുന്നത്. അതിപ്രശസ്തമായ കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ വിശദീകരണമാണിത്.

ബേസില്‍ ജോസഫിന്റെ ഗോദയില്‍ പൊറോട്ടയും ബീഫുമെന്ന കോമ്പോയുടെ രുചി വിശദീകരണം നല്‍കിക്കൊണ്ടാണ് നായക കഥാപാത്രം കൂട്ടുകാരുടെ നാവില്‍ രസമുകുളങ്ങള്‍ വിടര്‍ത്തുന്നത്. സൗബിന്‍ ഷാഹിറിന്റെ പറവയില്‍ പത്തിരിയും തേങ്ങാപ്പാലും ബീഫ് കറിയും ചേരുന്ന പ്രഭാതഭക്ഷണത്തിന്റെ രുചിയാണ് ഹസീബ് എന്ന കഥാപാത്രം പങ്കുവയ്ക്കുന്നത്.


കട്ടത്തൈരും മാങ്ങാക്കറിയും പച്ചമുളകും പുഴുങ്ങിയ കപ്പയും ചേര്‍ത്തിളക്കി പഴങ്കഞ്ഞി കുടിക്കുന്നതിലെ അത്യധികമായ ആനന്ദമാണ് കളിപ്പാട്ടത്തില്‍ ഗര്‍ഭിണിയായ ഭാര്യയോട് നായക കഥാപാത്രം പങ്കുവയ്ക്കുന്നത്.

രുചിയുമായി ബന്ധപ്പെടുത്തി സാള്‍ട്ട് ആന്റ് പെപ്പര്‍ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയ പുതുതരംഗം ഏറെ വലുതായിരുന്നു. 'ചമ്പാവ് പുന്നെല്ലിന്‍ ചോറോ' എന്നു തുടങ്ങുന്ന ടൈറ്റില്‍ സോംഗ് മുതല്‍ക്ക് സിനിമ പരിചയപ്പെടുത്തിയ കേരളത്തിന്റെ വേറിട്ട രുചികളെ അന്വേഷിച്ചുചെല്ലാന്‍ ഈ സിനിമ വലിയ പ്രചോദനമായി. മട്ടാഞ്ചേരിയിലെ കായിക്കാ ബിരിയാണി മുതല്‍ അതതു പ്രദേശങ്ങളിലെ പല ബ്രാന്‍ഡുകളും കേരളത്തിന്റെയാകെ ബ്രാന്‍ഡായിത്തീരാന്‍ ഇത്തരം സിനിമകള്‍ തീര്‍ക്കുന്ന പങ്ക് ചെറുതല്ല.

അങ്കമാലി ഡയറീസിലേതു പോലെ ഒരു പ്രദേശത്തിന്റെ ഭക്ഷണശീലത്തെ ചിത്രീകരിക്കുന്ന സിനിമയാണ് മാച്ചര്‍ ജോല്‍. മാച്ചര്‍ ജോല്‍ എന്നത് ബംഗാളി മീന്‍കറിയാണ്. റിത്വിക് ചക്രവര്‍ത്തി എന്ന ഷെഫ് കഥാപാത്രത്തിലൂടെ മുന്നോട്ടുപോകുന്ന സിനിമയില്‍ ഭക്ഷണം ഒരു കഥാപാത്രം തന്നെയായി മാറുന്നു. എണ്ണയിലും വെള്ളത്തിലും തിളയ്ക്കുന്ന ആഹാരസാധനങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളാല്‍ സമ്പന്നമാണ് മാച്ചര്‍ ജോല്‍. അടുക്കളയുടെ രാഷ്ട്രീയം പറഞ്ഞ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെയും ഭക്ഷണത്തിന്റെ രാഷ്ട്രീയം പറയുന്ന ഹിന്ദി ചിത്രമായ ആക്‌സോനിലെയും അടുക്കളകളിലും ഇത്തരം ക്ലോസ് ഫ്രെയിംസ് കാണാം. മിസ്റ്റര്‍ ബട്‌ലര്‍, കല്യാണരാമന്‍, തുറുപ്പുഗുലാന്‍, സ്പാനിഷ് മസാല, കമ്മത്ത് ആന്റ് കമ്മത്ത്, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളില്‍ പാചകവും ഭക്ഷണശാലകളും പശ്ചാത്തലമാകുന്നുണ്ട്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 5, ഷോ റീല്‍ -5

Monday, 7 February 2022

മിന്നല്‍ മുരളിയെന്ന ലോക്കല്‍ ഗ്ലോബല്‍ സിനിമ


സൂപ്പര്‍ ഹീറോ സിനിമയെന്നാല്‍ നമുക്ക് അപ്രാപ്യമായ ഒരു സങ്കേതമെന്നും ഹോളിവുഡ് പോലുള്ള ഗ്ലോബല്‍ ഫിലിം ഇന്‍ഡസ്ട്രി 1000 കോടിക്കു മുകളില്‍ മുടക്കി സാധ്യമാക്കുന്ന ഒന്നെന്നുമുള്ള ധാരണ പരക്കെ നിലനിന്നിരുന്നു. നമ്മുടെ സിനിമാ മേഖലയിലും പ്രേക്ഷകര്‍ക്കിടയിലും കാലങ്ങളായി നിലനിന്നുപോന്ന ഈ ധാരണയെയാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി എന്ന സിനിമയിലൂടെ തകര്‍ത്തെറിയുന്നത്. അതുകൊണ്ടുതന്നെ കേവലം ഒരു സിനിമ എന്നതില്‍ കവിഞ്ഞ് മലയാള സിനിമാ ചരിത്രത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പേരാണ് മിന്നല്‍ മുരളിയുടേത്. 

ഒടിടി പ്ലാറ്റ്‌ഫോം എന്ന ഗ്ലോബല്‍ ഫിലിം മാര്‍ക്കറ്റിംഗ് സാധ്യത മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ തന്നെയും താരതമ്യേന തീരെ ചെറിയ ഇന്‍ഡസ്ട്രിയാണ് മലയാളത്തിന്റേത്. അവിടെ മുതല്‍മുടക്കുന്നതിന് നിര്‍മ്മാതാക്കള്‍ കൃത്യമായ പരിധി വയ്ക്കും. അപ്പോള്‍ വന്‍മുതല്‍മുടക്ക് ആവശ്യമുള്ള ഒരു സൂപ്പര്‍ഹീറോ സിനിമയോ സയന്‍സ് ഫിക്ഷന്‍ സിനിമയോ ഇവിടെനിന്ന് ഉടനടി സാധ്യമാകാനിടയില്ല എന്നു വ്യക്തമാണ്. ഇത്തരം പരിധികളും പരിമിതികളുമുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ നിന്നാണ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ സിനിമ ജനിക്കുന്നത്. മലയാളം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് താരതമ്യേന വലിയ മുതല്‍മുടക്കായ 18 കോടിയാണ് മിന്നല്‍മുരളിക്കായി മുടക്കിയത്. ഇത് ബേസില്‍ ജോസഫ് എന്ന പ്രതിഭാധനനായ സംവിധായകനിലുള്ള വിശ്വാസം കൊണ്ടു തന്നെയാകണം.


കേരളീയ പശ്ചാത്തലത്തില്‍ പൂര്‍ണ വിശ്വാസ്യതയോടെ ഒരു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുകയാണ് മിന്നല്‍ മുരളിയില്‍. ഈ സൂപ്പര്‍ ഹീറോയുടെ കഥാപരിസരത്തില്‍ അതിശയോക്തിപരമായി യാതൊന്നും കടന്നുവരുന്നില്ല. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ഇക്കൂട്ടരില്‍ ഒരാളാണ് അമേരിക്കയില്‍ പോവാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കേന്ദ്ര കഥാപാത്രമായ തയ്യല്‍ക്കാരന്‍ ജെയ്സണ്‍ എന്ന മിന്നല്‍മുരളി. കുറുക്കന്‍മൂലക്കാരുടെ ഏറ്റവും സാധാരണമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്. മിന്നലേല്‍ക്കുന്ന ജെയ്‌സണും ഷിബുവിനും ചില സവിശേഷ കഴിവുകള്‍ ലഭിക്കുന്നതോടെ നായക, പ്രതിനായക ബിംബങ്ങളിലേക്കും രക്ഷക പരിവേഷത്തിലേക്കും സിനിമ സഞ്ചരിക്കുന്നു.


നായകനോളം വിശദീകരണമുണ്ട് മിന്നല്‍ മുരളിയിലെ പ്രതിനായകനും. പ്രതിനായകനിലൂടെയാണ് സിനിമ പ്രധാന വഴിത്തിരിവുകളിലേക്ക് സഞ്ചരിക്കുന്നതും. വലിയൊരു ഇഷ്ടത്തിന്റെ സഫലീകരണത്തിനു വേണ്ടിയാണ് ഷിബു ഒരു സാധാരണ മനുഷ്യനില്‍ നിന്ന് പ്രതിനായകന്റെ വേഷമണിയുന്നത്. തനിക്കു കൈവരുന്ന സവിശേഷ സിദ്ധി ഇതിനായി അയാള്‍ ഉപയോഗപ്പെടുത്തുന്നു. ജീവിതത്തില്‍ ഉടനീളം ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഷിബുവിന് ലക്ഷ്യബോധത്തിലേക്ക് വഴികാട്ടിയ ഏക വെളിച്ചമായിരുന്നു ഉഷ. കുട്ടിക്കാലത്തേ അനാഥനായ ഷിബുവിനു മുന്നില്‍ അന്നത്തിന്റെ രൂപത്തില്‍ കരുണ കാണിച്ചവള്‍. ആ സ്‌നേഹം പിന്നീട് ഷിബുവിന്റെ വളര്‍ച്ചയോളം പടര്‍ന്നുപന്തലിക്കുന്നു. അവള്‍ക്കു വേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പത്രയും. ഏറെ വൈകി അവളത് തിരിച്ചറിയുന്ന വേളയില്‍ തന്നെ വിധി മറ്റൊന്നാകുമ്പോള്‍ ജീവിതത്തിലെ അവശേഷിക്കുന്ന ഒരേയൊരു നാളമാണ് ഷിബുവില്‍നിന്ന് അണഞ്ഞുപോകുന്നത്. അതോടെയാണ് അയാള്‍ ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന പ്രതിനായക സ്വത്വമണിയുന്നത്. ഷിബുവിനോട് ഒരിക്കലും കരുണ കാണിക്കാതെയും ഭ്രാന്തനെന്ന ചുട്ടി ചാര്‍ത്തിനല്‍കുകയും ചെയ്ത നാടും നാട്ടുകാരുമാണ് യഥാര്‍ഥത്തില്‍ അയാളെ പ്രതിനായകനാക്കുന്നത്. എന്നാല്‍ നിരപരാധികളെ നശിപ്പിക്കുന്ന ചെയ്തികളിലേക്ക് വളരുന്നയാളെ ഏത് ആര്‍ദ്രഭാവത്തിന്റെ പേരിലായാലും സാധൂകരിക്കാനും വയ്യ. ഇവിടെയാണ് മിന്നല്‍ മുരളി കുറുക്കന്‍മൂലയെന്ന നാടിന്റെ രക്ഷകനായ സൂപ്പര്‍ഹീറോയായി അവതരിക്കുന്നത്.


കൃത്യമായി ഗൃഹപാഠം ചെയ്തിട്ടുള്ള തിരക്കഥയാണ് മിന്നല്‍മുരളിയുടെ കരുത്ത്. തുടക്കം മുതല്‍ ഒടുക്കം വരെ രസച്ചരട് പൊട്ടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിനാകുന്നു. നല്ല ഇഴയടുപ്പത്തോടെ നെയ്‌തെടുത്ത തിരക്കഥയില്‍ കഥാപാത്രങ്ങളെ വിദഗ്ധമായി കണ്ണിചേര്‍ത്തിരിക്കുന്നു. പഴുതുകളടച്ച ഈ തിരക്കഥയിലേക്ക് തന്നിലെ മികച്ച ക്രാഫ്റ്റ്മാന്റെ പ്രതിഭയെ ബേസില്‍ ജോസഫ് സന്നിവേശിപ്പിക്കുമ്പോള്‍ മലയാളത്തെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ പാകത്തിലുള്ള ഒരു സിനിമയായി മിന്നല്‍ മുരളി മാറുന്നു. നെറ്റ്ഫ്‌ളിക്‌സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തിലുള്ള കാഴ്ചക്കാരെ നേടിയെടുക്കാനും തുടര്‍ച്ചയായി ദിവസങ്ങളോളം മറ്റു ലോകഭാഷാ ചിത്രങ്ങളെ പിറകിലാക്കി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍പന്തിയിലെത്താനും മിന്നല്‍ മുരളിക്കായി.

ഒരു സൂപ്പര്‍ ഹീറോ സിനിമയ്ക്ക് അത്യാവശ്യം വേണ്ടുന്ന ചേരുവയായ വിഷ്വല്‍ ഇഫക്ട്‌സ് മിതമായും ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിലും മാത്രം ഉപയോഗപ്പെടുത്തുകയാണ് മിന്നല്‍ മുരളിയില്‍ ചെയ്തിട്ടുള്ളത്. ഇത് ഏറെ അഭിനന്ദനാര്‍ഹമാണ്. വിഷ്വല്‍ ഇഫക്ട്‌സില്‍ വിശ്വസനീയത വരുത്താനായില്ലെങ്കില്‍ ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ ആകെ ഫലത്തെത്തന്നെയായിരിക്കും ബാധിക്കുകയെന്ന തികഞ്ഞ ബോധ്യം മിന്നല്‍ മുരളിയുടെ അണിയറക്കാര്‍ക്കുണ്ട്. ഗ്രാഫിക്‌സ്, ക്യാമറ, പശ്ചാത്തല സംഗീതം, സൂപ്പര്‍ ഹീറോകള്‍ മുഖാമുഖമെത്തുന്ന സംഘട്ടന രംഗങ്ങള്‍ എന്നിവയിലെ മികവും മിന്നല്‍ മുരളിയെ ലോകനിലവാരമുള്ള സൃഷ്ടിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.


ഇങ്ങനെയുമാകാം ഒരു സൂപ്പര്‍ ഹീറോ സിനിമ എന്ന് ലോകത്തിനു മുന്നില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ മിന്നല്‍ മുരളിക്ക് സാധിക്കുന്നുണ്ട്. ഈ മാതൃക പിന്തുടര്‍ന്ന് മറ്റു ഭാഷകളില്‍ ലോക്കല്‍ സൂപ്പര്‍ ഹീറോ സിനിമകള്‍ വൈകാതെ ഉടലെടുത്തേക്കാം. സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, അയേണ്‍മാന്‍, സൂപ്പര്‍മാന്‍ പോലുള്ള ആഗോള സൂപ്പര്‍ ഹീറോകള്‍ കുത്തകയാക്കി വച്ചിരുന്ന ഇടത്തിലേക്കായിരിക്കും ഈ പുത്തന്‍ സൂപ്പര്‍ ഹീറോകളുടെ പരിമിതികള്‍ക്കപ്പുറത്തേക്കുള്ള രംഗപ്രവേശം.

മികച്ച മെയ്‌വഴക്കത്തോടെ ടൊവിനോ തോമസ് മിന്നല്‍ മുരളിയെന്ന സൂപ്പര്‍ഹീറോയായി പരകായ പ്രവേശം നടത്തി കരിയറില്‍ പൊളിച്ചെഴുത്ത് നടത്തുമ്പോള്‍ ഈ സിനിമയുടെയും കഥാപാത്രത്തിന്റെയും തുടര്‍ച്ചകള്‍ക്കായിട്ടാണ് ഇനി പ്രേക്ഷകരുടെ കാത്തിരിപ്പ്. നിലവില്‍ മലയാള സിനിമയില്‍ ഇത്തരമൊരു കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാനുള്ള ശരീരവഴക്കവും സ്വാഭാവികതയും തനിക്കു സ്വന്തമാണെന്നതില്‍ ടൊവിനോയ്ക്ക് അഭിമാനിക്കാം. കരിയര്‍ ബ്രേക്ക് അല്ലെങ്കില്‍ മാസ്റ്റര്‍പീസ് എന്ന നിലയിലേക്കുള്ള ടൊവിനോയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി.


നായകനോളം പ്രാധാന്യമുള്ള ഷിബു എന്ന പ്രതിനായക കഥാപാത്രമായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ സ്വാഭാവിക പ്രകടനമികവാണ് മിന്നല്‍ മുരളിയുടെ മറ്റൊരു പ്രധാന സവിശേഷത. പ്രതിനായകന്റെ പ്രണയവും കാത്തിരിപ്പും അയാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വന്നുചേരുന്ന വെളിച്ചവും അതണയുമ്പോഴത്തെ പ്രതികാര ത്വരയും ഗുരു സോമസുന്ദരത്തിലെ നടനില്‍ പൂര്‍ണത പ്രാപിക്കുന്നു. ഷിബുവിന്റെ തമിഴ് കലര്‍ന്ന മലയാളമാണ് ആ സംഭാഷണത്തിനും കഥാപാത്രത്തിനും സൗന്ദര്യം കൂട്ടുന്നത്. അഭിനയത്തിലെ നാടകീയത പാടേ വിട്ടുകളഞ്ഞ് ക്യാമറയ്ക്കു മുന്നില്‍ ഏറ്റവും സ്വാഭാവികമായി പ്രതികരിക്കുന്നവരെയാണ് മികച്ച അഭിനേതാക്കളെന്ന് പുതിയകാല പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇവര്‍ മാനറിസങ്ങളിലെ ആവര്‍ത്തനം കൊണ്ട് കാണികളെ വിരസരാക്കുന്നേയില്ല. പരിചയവട്ടത്തിലെ മനുഷ്യരായി ഇവരെ കാണാനുമാകും. അക്കൂട്ടത്തിലാണ് ഗുരു സോമസുന്ദരത്തിന്റെ ഇടം. നാടകക്കളരിയില്‍ വര്‍ഷങ്ങള്‍കൊണ്ട് ഒന്നാന്തരമായി രാകിമിനുക്കിയെടുത്ത നടനാണ് ഗുരു സോമസുന്ദരം. ഈ വഴക്കവും ഒരു സാധാരണ മനുഷ്യന്റെ മുഖവും ശരീരവുമാണ് സോമസുന്ദരത്തിലെ നടന്റെ കരുത്ത്. അയാളെ കഥാപാത്രങ്ങള്‍ക്കായി ഏതു വിധത്തിലും പരുവപ്പെടുത്തിയെടുക്കാനാകും. മിന്നല്‍ മുരളിയിലെ പ്രതിനായകന്റെ ശരീരത്തിലും ശബ്ദത്തിലും ബേസില്‍ ജോസഫ് കണ്ടെടുത്ത സാധ്യത അതാണ്. ഈ കഥാപാത്രത്തിനായി ഗുരു സോമസുന്ദരത്തെ തെരഞ്ഞെടുത്ത കാസ്റ്റിംഗ് മികവിന് ബേസില്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ കൈയടി അര്‍ഹിക്കുന്നു. ഉഷ (ഷെല്ലി കിഷോര്‍), ജോസ്‌മോന്‍ (വസിഷ്ഠ് ഉമേഷ്), ബ്രൂസ്ലി ബിജി (ഫെമിന ജോര്‍ജ്), സിബി പോത്തന്‍ (അജു വര്‍ഗീസ്), എസ് ഐ സാജന്‍ ആന്റണി (ബൈജു), ജെയ്‌സന്റെ സഹോദരി (ആര്യ സലിം), ബിന്‍സി (സ്‌നേഹ ബാബു) തുടങ്ങി മറ്റു കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതിലും പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നതിലും സിനിമ മികവ് കാട്ടുന്നു.

അക്ഷരകൈരളി, 2022 ജനുവരി 

Tuesday, 1 February 2022

ഭാര്‍ഗവീനിലയവും ഭൂതകാലവും.. സിരകളില്‍ തണുത്തുറഞ്ഞ ഭയം


ഇരുട്ടും രാത്രിയും ഭയത്തിന്റെ സന്തതസഹചാരികളാണ്. പകല്‍വെളിച്ചത്തില്‍ അതിന് അത്രകണ്ട് നിലനില്‍പ്പില്ല. ഭയം പലതിനോടുമാകാം. എങ്കിലും മുത്തശ്ശിക്കഥകളില്‍ കേട്ടതും സാമാന്യയുക്തിക്ക് നിരക്കാത്തതെങ്കിലും വിശ്വസിച്ചുപോരുന്നതുമായ സങ്കല്‍പ്പങ്ങളോടും രൂപങ്ങളോടുമാണ് മനുഷ്യന്‍ വലിയ ഭയം പുലര്‍ത്തിപ്പോരുന്നത്. കുട്ടിക്കാലത്ത് കേട്ട കഥകളില്‍ പലതും വളര്‍ച്ചയില്‍ മറന്നുപോകുന്നുവെങ്കിലും ഭയത്തിന്റെ കഥകള്‍ ആഴത്തില്‍ തന്നെ വേരൂന്നാറുണ്ട്. ഭയം അത്രമേല്‍ ആദിമവികാരമായതുകൊണ്ടാകാം അതിനോടുള്ള മനുഷ്യന്റെ ഈ പ്രതിപത്തി. രാത്രികളില്‍, ഇരുട്ടില്‍, തനിച്ചാകുന്ന വേളകളില്‍, ഒറ്റപ്പെട്ടുപോകുന്ന ഇടങ്ങളില്‍, വന്യവും പ്രാകൃതവുമായ പ്രദേശങ്ങളില്‍ എല്ലാം ഭയം സിരകളിലേക്ക് പടര്‍ന്നുകയറുന്നു. താന്‍ പോലുമറിയാതെയാകും അതിന്റെ ആഗമനം. പിന്നെ വിട്ടുപോകാതെ പിടിമുറുക്കുകയും ചെയ്യും.

ജീവിതത്തിന്റെ നേരാഖ്യാനമെന്ന നിലയില്‍ സാഹിത്യവും സിനിമയുമെല്ലാം ഭയമെന്ന ഈ വികാരത്തെ നിരന്തരം അതിന്റെ സൃഷ്ടിതലത്തില്‍ ആവിഷ്‌കരിച്ചുപോരുന്നു. ഇവയെല്ലാം ഭയത്തെ ആവിഷ്‌കരിക്കുന്നത് ഇരുട്ടിന്റെ പശ്ചാത്തലത്തിലൂടെയാണ്. ഭയമെന്ന വികാരത്തിന് ഏറ്റവും മൂര്‍ച്ച കൈവരുന്നത് ഇരുളിലാണെന്നതു തന്നെ ഇതിനു കാരണം. മനുഷ്യനിലെ ഭയത്തിന് ദൃശ്യ, ശ്രവ്യ സാധ്യതകള്‍ സന്നിവേശിപ്പിച്ച് തീവ്രതയേറ്റാനാണ് സിനിമ ശ്രമിച്ചത്. തുടക്കകാലം തൊട്ട് സിനിമയുടെ പ്രമേയത്തില്‍ ഭയത്തിന്റെ കഥകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. പ്രേക്ഷകന്റെ ഭയവികാരത്തെ ചൂഷണം ചെയ്യുന്നതും അതതു പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കെട്ടുകഥകളോടും അതീന്ദ്രിയ, അതിമാനുഷ സങ്കല്‍പ്പങ്ങളോടും പ്രേതോച്ചാടന കര്‍മ്മങ്ങളോടും ബന്ധപ്പെടുത്തിയുമാണ് ഭയത്തിന്റെ പ്രമേയങ്ങള്‍ സിനിമയില്‍ രൂപപ്പെട്ടത്. ഈ ജോണറിന് വലിയ കാഴ്ചവൃന്ദം ഉണ്ടായതോടെ കൃത്യമായ ഇടവേളകളില്‍ ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. 

ഏറെക്കുറെ ഒരേ മാതൃകയിലുള്ള കഥാകഥന ശൈലിയും വൈവിധ്യമില്ലായ്മയുമാണ് ഹൊറര്‍ ജോണര്‍ എക്കാലത്തും നേരിട്ട പ്രധാന പ്രതിസന്ധി. അതുകൊണ്ടുതന്നെ ലോകസിനിമയിലെ ഹൊറര്‍ ക്ലാസിക്കുകള്‍ വിരലിലെണ്ണാവുന്നവയായി ഒതുങ്ങുന്നു. ഈ ക്ലാസിക്കുകളെ പിന്‍പറ്റുന്നവയായിരുന്നു പല കാലങ്ങളില്‍, പല ഭാഷകളില്‍ പിന്തുടര്‍ന്നു വന്നവയില്‍ ഭൂരിഭാഗവും. എങ്ങനെയും ഭയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ വന്നവയാകട്ടെ കേവലവികാരം ജനിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നല്ലാതെ ദീര്‍ഘകാലം കാണികളില്‍ തങ്ങിനില്‍ക്കുന്നവയായി മാറിയില്ല. ഹൊറര്‍ സിനിമകളില്‍ വ്യത്യസ്തത കൊണ്ടുവരുന്നതില്‍ എക്കാലത്തും മുന്നില്‍നിന്നത് ഹോളിവുഡ് ആണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജോണറിലേക്കുള്ള ഇന്ത്യന്‍ സംഭാവന തീര്‍ത്തും ശുഷ്‌കമാണ്. 

എ.വിന്‍സെന്റിന്റെ ഭാര്‍ഗവീനിലയത്തില്‍ തുടങ്ങി രാഹുല്‍ സദാശിവന്റെ ഭൂതകാലത്തില്‍ എത്തിനില്‍ക്കുന്നതാണ് മലയാളത്തിലെ ഹൊറര്‍ സിനിമാ ചരിത്രം. ഈ രണ്ടു സിനിമകളും പ്രേക്ഷകരെ ഭയപ്പെടുത്തുന്നതില്‍ വിജയിച്ചുവെന്നതിനൊപ്പം മലയാളത്തിന് അഭിമാനിക്കാവുന്ന സൃഷ്ടികളുമായി മാറുന്നു. ഭാര്‍ഗവീനിലയത്തിനും ഭൂതകാലത്തിനുമിടയിലെ അറുപതു വര്‍ഷത്തോളമെത്തുന്ന ചരിത്രം ചികഞ്ഞാല്‍ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇക്കാലയളവില്‍ നൂറോളം സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. ഇക്കൂട്ടത്തില്‍ എന്തെങ്കിലും സവിശേഷതകളോ പുതുമകളോ അവശേഷിപ്പിച്ചവയാകട്ടെ തീരെച്ചുരുക്കവും.


ഒരേ കഥാസങ്കേതവും പശ്ചാത്തലവും പിന്തുടരുകയും ഏതു വിധേനയും കാണികളെ ഭയപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഹൊറര്‍ ജോണര്‍ സിനിമകള്‍ പലപ്പോഴും നിര്‍മ്മിക്കപ്പെടാറ്. ഭീകരരൂപങ്ങളുടെയും പില്‍ക്കാലത്ത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും സാധ്യത ഇതിനായി ഉപയോഗപ്പെടുത്തി. എന്നാല്‍ ഭാര്‍ഗവീനിലയവും യക്ഷിയും മണിച്ചിത്രത്താഴും പോലുള്ള അപൂര്‍വ്വം സിനിമകള്‍ ആഖ്യാനത്തിലെ പുതുമ കൊണ്ടും പ്രമേയസ്വീകരണത്തിലെയും അവതരണത്തിലെയും മനശാസ്ത്രപരമായ സമീപനം കൊണ്ടും മനുഷ്യരിലെ കേവലവികാരത്തെ പുറത്തെത്തിക്കുന്നതില്‍ വിജയിച്ചു. ഭൂതകാലം എന്ന ഏറ്റവും പുതിയ ഹൊറര്‍ ചിത്രം വിജയം കാണുന്നതും ഈ വഴിയില്‍ തന്നെയാണ്. 

ആള്‍ത്താമസമില്ലാത്ത, കാടുപിടിച്ച, ഭയപ്പെടുത്തുന്ന വീടുകളെ ഭാര്‍ഗവീ നിലയമാണെന്നാണ് മലയാളി ഇപ്പോഴും വിശേഷിപ്പിച്ചുപോരുന്നത്. ഇതു തന്നെയാണ് ആറു പതിറ്റാണ്ടായി ഭാര്‍ഗവിനിലയം എന്ന സിനിമയുണ്ടാക്കിയിട്ടുള്ള സ്വാധീനവും. ഒരു വീടിന്റെ അന്തരീക്ഷം തന്നെ ഭയപ്പെടുത്തുന്ന രൂപത്തില്‍ ചിട്ടപ്പെടുത്താനും എന്തോ നിഗൂഢത അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സദാ ജിജ്ഞാസ ജനിപ്പിക്കാനും ഭാര്‍ഗവിനിലയത്തിന്റെ സംവിധായകനായി. ഈ നിഗൂഢതകള്‍ ചുരുളഴിക്കുകയായിരുന്നു സിനിമ. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭയത്തിനായി ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കാറായിട്ടില്ലാത്ത കാലത്ത് പ്രമേയപരിസരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ഗതിവിഗതികള്‍ കൊണ്ടായിരുന്നു ഭാര്‍ഗവിനിലയം കാണികളെ ഭയപ്പെടുത്തിയത്. ഈ ഭയം അറുപതാണ്ട് എത്തുമ്പോഴും പുതുമ ചോരാതെ നിലനില്‍ക്കുന്നുവെന്നതാണ് ഈ സിനിമ തീര്‍ക്കുന്ന സര്‍ഗസൗന്ദര്യവും.

ഗൃഹാന്തരീക്ഷത്തിലൂടെയാണ് ഭൂതകാലവും കാണികളെ പേടിപ്പെടുത്തുന്നത്. കല്ലും മണ്ണും മരവും കൊണ്ടുതീര്‍ത്ത അചേതന വസ്തുവെങ്കിലും വീടിന് കണ്ണും കാതും മനസ്സുമുണ്ട്. നമ്മളോട് എറ്റവുമടുത്ത ഈ പരിസരം തന്നെയാകാം ഭയപ്പെടുത്തുമാറുള്ള പ്രദേശമായി മാറുന്നതും. ഇത്തരമൊരു അന്തരീക്ഷത്തിലേക്കാണ് ഭൂതകാലം പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്. ഹൊറര്‍ സിനിമകളുടെ പ്രഖ്യാപിത സ്വഭാവങ്ങള്‍ പാടേ പറിച്ചെറിഞ്ഞ് മനുഷ്യമനസ്സിലേക്കുള്ള സഞ്ചാരമാണ് ഭൂതകാലം നടത്തുന്നത്. കലുഷമായ മനസ്സിന്റെ തോന്നലുകളെയും വികാരങ്ങളെയും ഭയവുമായി കൃത്യം സങ്കലനം ചെയ്തിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളിലൊന്നായ ഭയം സദാ അവന്റെ ഉള്ളില്‍ തന്നെയുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ അത് മറനീക്കി പുറത്തുവരും. ഭാര്‍ഗവീനിലയത്തില്‍ എത്തുന്ന എഴുത്തുകാരനും ഭൂതകാലത്തില്‍ വാടകവീട്ടിലെ അന്തരീക്ഷത്തില്‍ അമ്മയും മകനും കടന്നുപോകുന്ന അനുഭവങ്ങളും ഈ ഭയത്തിന്റെ മറനീക്കല്‍ തന്നെ. 


ജീവിതത്തില്‍ നല്ല കാര്യങ്ങളൊന്നും സംഭവിക്കാതാകുന്നതോടെ സന്തോഷങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടവരാണ് ഭൂതകാലത്തിലെ അമ്മയും മകനും. അത്രയേറെ സ്‌നേഹിക്കുന്നവരാണെങ്കിലും ഈ സമാധാനമില്ലായ്മയില്‍ കലഹിക്കുന്നവരും പരസ്പരം കുറ്റപ്പെടുത്തുന്നവരുമാണിവര്‍. സ്വസ്ഥതയില്ലാത്ത ദിവസങ്ങള്‍ ഇവര്‍ക്ക് സംഭവിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. ഈ സമാധാനമില്ലായ്മയിലേക്കാണ് ഭയം കടന്നുവരുന്നത്. അസ്വസ്ഥമായ ഭൂതകാലം അവരെ വേട്ടയാടുന്നു. ശബ്ദത്തിന്റേയും രൂപത്തിന്റേയും സാന്നിധ്യത്തില്‍ ആദ്യം മകനിലേക്കും പിന്നീട് അമ്മയിലേക്കും  ഭയം കടന്നുവരുന്നതോടെ ആ വീടും അവിടത്തെ രാത്രികളും അവര്‍ക്ക് അങ്ങേയറ്റം ഭീതിദമായി മാറുന്നു. സാധാരണ ഗൃഹാന്തരീക്ഷത്തിലെ ദൈനംദിന വിഷയങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോയി വളരെ സ്വാഭാവികമായാണ് ഈ സിനിമയില്‍ ഭയം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ കാണികള്‍ക്ക് ഇത് എളുപ്പത്തില്‍ തങ്ങളോട് ബന്ധപ്പെടുത്താന്‍ സാധിക്കുന്നു. മനസ്സിന്റെ പിടി അയഞ്ഞുപോകുന്നതോടെ കാണുന്ന കാഴ്ചകള്‍ വിചിത്രവും ഭയപ്പെടുത്തുന്നതുമായി മാറും. ഭയപ്പെടുത്തുന്നതിനായി ബോധപൂര്‍വ്വം ഈ സിനിമ ഒന്നും ചെയ്യുന്നില്ല. കഥാപാത്രങ്ങളില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഭയം അതേ ആവേഗത്തോടെ കാണികളിലേക്കും പടരുകയാണ്.

ഭയം എന്ന വികാരത്തെ മന:ശാസ്ത്രപരമായി സമീപിക്കുന്ന ഈ രീതി അവലംബിച്ച സിനിമകള്‍ മലയാളത്തില്‍ അധികമുണ്ടായിട്ടില്ല. ഇക്കൂട്ടത്തില്‍ പ്രഥമപരിഗണനയര്‍ഹിക്കുന്നതാണ് കെ.എസ്.സേതുമാധവന്റെ യക്ഷി. യക്ഷീരൂപങ്ങളോ പ്രേതസാന്നിധ്യങ്ങളോ ഇല്ലാതെ പ്രേക്ഷകരെ ഭയപ്പെടുത്തിയ യക്ഷി മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമ എന്ന പരിഗണനയര്‍ഹിക്കുന്നു. മനസ്സിന്റെ തോന്നലുകളെയും ചോദനകളെയും വികാരങ്ങളെയും ഭയത്തിന്റെ പാളിയില്‍ സങ്കലനം ചെയ്യുന്ന ആഖ്യാനം ഏറെ പുതുമയുള്ളതായിരുന്നു. സിനിമ നാടകീയതയില്‍നിന്ന് വിട്ടുപോരാന്‍ മടികാണിച്ചിരുന്ന കാലത്തായിരുന്നു ഇതെന്നോര്‍ക്കണം.

ഭാര്‍ഗവിനിലയത്തിനും യക്ഷിക്കും സാഹിത്യസൃഷ്ടികളുടെ ചലച്ചിത്രാവിഷ്‌കാരം എന്ന അലങ്കാരം ഉണ്ടായിരുന്നെങ്കില്‍ എം.കൃഷ്ണന്‍ നായരുടെ കള്ളിയങ്കാട്ടു നീലിക്കു പിന്നില്‍ നാടോടിക്കഥയുടെ പശ്ചാത്തലമായിരുന്നു. തലമുറകള്‍ കൈമാറിവന്ന കെട്ടുകഥയിലെ യക്ഷിയാണ് കള്ളിയങ്കാട്ട് നീലി. അതിപ്രശസ്തമായ ഈ നാമവും കഥാപശ്ചാത്തലവും തുടര്‍ന്നു പുറത്തിറങ്ങിയ ഹൊറര്‍ സിനിമകള്‍ക്ക് മാതൃകയായി. പ്രതിനായകരാലും ചതിപ്രയോഗത്തിലൂടെയും കൊല്ലപ്പെടുകയും യക്ഷീരൂപത്തില്‍ പ്രതികാരം ചെയ്യാനെത്തുകയും ചെയ്യുന്ന കഥാകഥന രീതിക്ക് കള്ളിയങ്കാട്ട് നീലി പ്രചോദനമായി.


കള്ളിയങ്കാട്ട് നീലിക്കു പുറമേ പ്രേതങ്ങളുടെ പ്രതികാരകഥകള്‍ക്ക് മലയാളത്തില്‍ വന്‍പ്രചാരം ലഭിച്ചതിനു പിന്നില്‍ ബേബിയുടെ ലിസയുടെ വന്‍വിജയമായിരുന്നു. പ്രതികാരത്തിനായി മറ്റൊരു ശരീരത്തില്‍ കയറിക്കൂടുകയും മരിച്ചുപോയ ആളെപ്പോലെ പെരുമാറുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു ലിസയില്‍. ഈ സിനിമയിലെ പ്രതികാര രീതിയും പ്രതികാര ത്വരയ്ക്കു പിന്നിലെ സംഭവങ്ങള്‍ ചുരുളഴിക്കുന്ന അന്വേഷണ ഘട്ടങ്ങളും പില്‍ക്കാലസിനിമകള്‍ മാതൃകയാക്കി. വിജയചിത്രങ്ങളുടെ മാതൃക പിന്തുടരുക എന്നതില്‍കവിഞ്ഞ് കള്ളിയങ്കാട്ടു നീലിയെയും ലിസയെയും പിന്‍പറ്റി എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമകളില്‍ മറ്റെന്തെങ്കിലും പുതുമ കണ്ടെത്താനാകില്ല. ചതിയിലും വഞ്ചനയിലും കൊല്ലപ്പെടുക, പ്രതികാരം ചോദിക്കാനെത്തുക, മന്ത്രവാദിയാല്‍ തളയ്ക്കപ്പെടുക എന്ന പശ്ചാത്തലമാണ് ഈ സിനിമകള്‍ പിന്തുടര്‍ന്നത്. ദുര്‍ദേവതകളും ദുര്‍മന്ത്രവാദവും പ്രമേയമാക്കിയ ശ്രീകൃഷ്ണപ്പരുന്തും അഥര്‍വ്വവും ഇക്കൂട്ടത്തില്‍ വേറിട്ടുനിന്നവയാണ്.

സങ്കീര്‍ണമായ കഥാപരിസരത്തെ മന:ശാസ്ത്രപരമായ സമീപനം കൊണ്ട് വിശ്വസനീയമായി അവതരിപ്പിച്ചതായിരുന്നു മണിച്ചിത്രത്താഴിന്റെ വിജയം. പ്രേതബാധ, പ്രതികാരം, ബാധയൊഴിപ്പിക്കല്‍ എന്നിവ സമാന്തരമായി കടന്നുവരുന്നെങ്കില്‍ കൂടി കഥപറച്ചിലിന്റെ പുതുമയും സൗന്ദര്യവും ഒഴുക്കും പൂര്‍വ്വമാതൃകയില്ലാത്തതായിരുന്നു. മനുഷ്യമനസ്സിലെ ജിജ്ഞാസയെയും ഭയത്തെയും ചേര്‍ത്തിണക്കി അവതരിപ്പിക്കുകയും അതിന് യുക്തിസഹമായ ഒരു പശ്ചാത്തലം നല്‍കുക കൂടി ചെയ്തപ്പോള്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകപരിഗണന ലഭിച്ച സിനിമകളിലൊന്ന് സംഭവിക്കുകയായിരുന്നു.

മലയാളത്തിലെ ഭൂരിഭാഗം ഹൊറര്‍ സിനിമകളുടെയും കഥാപശ്ചാത്തലം തീര്‍ത്തും യുക്തിരഹിതമായിരുന്നു. സാമാന്യയുക്തിയോട് ഏറെ അകന്നുനില്‍ക്കുന്ന ഇത്തരം സിനിമകള്‍ രൂപങ്ങള്‍ കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടും കാണികളെ പേടിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. 1978ല്‍ ലിസയുടെ വന്‍വിജയത്തെ തുടര്‍ന്ന് എണ്‍പതുകളില്‍ പ്രതികാരദാഹവുമായെത്തുന്ന ആത്മാക്കളുടെ കഥപറഞ്ഞ ഹൊറര്‍ചിത്ര പരമ്പരകള്‍ രൂപപ്പെട്ടതിനു സമാനമായിരുന്നു 1999ല്‍ വിനയന്റെ ആകാശഗംഗയുടെ തിയേറ്റര്‍ വിജയത്തെ തുടര്‍ന്ന് രണ്ടായിരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഉണ്ടായ തരംഗം. ഒരു വിജയചിത്രത്തെ പിന്‍പറ്റി സിനിമകളൊരുക്കുക എന്ന കേവല കച്ചവടതന്ത്രം മാത്രമായിരുന്നു ഈ സിനിമകള്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും പ്രേക്ഷകശ്രദ്ധ ലഭിക്കാതെ പോകുകയാണുണ്ടായത്. ഈ ഭാര്‍ഗവീനിലയം, ഡ്രാക്കുള തുടങ്ങിയ പ്രശസ്ത സിനിമകളുടെ പേരുകള്‍ പോലും ഇക്കാലയളവില്‍ പരീക്ഷിക്കുകയുണ്ടായി. പൂര്‍വജ•ത്തിലെ ബന്ധം, വഞ്ചനയുടെ കഥ, നിഷ്ഠൂര കൊലപാതകം, ബാധകയറല്‍, പ്രതികാരം, ഉച്ചാടനം, ആവാഹനം തുടങ്ങിയ വാക്കുകള്‍ ഇത്തരം സിനിമകളുടെ പ്രമേയത്തില്‍ ഒരേപടി കടന്നുവന്നു. പ്രേതഭയത്തെ തുടര്‍ന്നുള്ള ഹാസ്യരംഗങ്ങളും അവ സൃഷ്ടിക്കുന്നതിനായിട്ടുള്ള കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ സിനിമകളില്‍ ആവര്‍ത്തിച്ചു.


എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതന്‍, അനന്തഭദ്രം തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ ഹൊറര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ലെങ്കിലും കഥപറച്ചിലില്‍ ഭയമെന്ന വികാരത്തെയും പ്രേതാത്മക്കളെന്ന സങ്കല്‍പ്പത്തെക്കൂടി കൂട്ടുപിടിച്ച് കഥപറഞ്ഞവയായിരുന്നു. അപരിചിതന്‍ (ഓജോ ബോര്‍ഡ്), പ്രേതം (മെന്റലിസം), ദി പ്രീസ്റ്റ് (എക്‌സോര്‍സിസം) തുടങ്ങിയ സിനിമകള്‍ പ്രേതോച്ചാടനത്തിനുള്ള പുതിയ സങ്കേതങ്ങള്‍ പരീക്ഷിക്കുന്നതില്‍ ശ്രദ്ധ വച്ചപ്പോള്‍ ചുറ്റുമുള്ള വസ്തുകള്‍ നെഗറ്റീവ് എനര്‍ജിയായി ജീവനു തന്നെ ഭീഷണിയായേക്കാമെന്ന പ്രമേയം പങ്കുവച്ച ചതുര്‍മുഖം ടെക്‌നോ ഹൊറര്‍ എന്ന പുതിയ സങ്കേതമാണ് പരീക്ഷിച്ചത്. സമീപകാലത്ത് പുറത്തിറങ്ങിയവയില്‍ പതിവു ഹൊറര്‍ പ്രമേയപരിസരത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ ശ്രമിച്ച സിനിമയായിരുന്നു എസ്ര.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജനുവരി 28, ഷോ റീല്‍ -4