Friday, 11 February 2022

ഹൃദയത്തിലെ ബണ്‍ പൊറോട്ടയും ബീഫും, മധുരത്തിലെ ബിരിയാണി ആമാശയത്തിലൂടെ ഹൃദയത്തെ പുല്‍കുന്ന സിനിമകള്‍



ഹൃദയത്തിലേക്കുള്ള വഴി ആമാശയത്തിലൂടെയുമാകാം. നല്ല ഭക്ഷണം ഇഷ്ടപ്പെടാത്ത ആരുണ്ട്. നിത്യക്ക് അരുണ്‍ പരിചയപ്പെടുത്തുന്നത് ബണ്‍ പൊറോട്ടയും ബീഫുമാണ്. 'ഇവിടെ നല്ല പൊറോട്ടോയും ബീഫും കിട്ടുന്ന ഒരു കടയുണ്ട്, നമുക്ക് അവിടേക്ക് പോയാലോ?' എന്നാണ് അരുണ്‍ നിത്യയോട് പറയുന്നത്. അവരുടെ ബന്ധം വളരുന്നത് വാഴയിലയില്‍ വിളമ്പുന്ന ഈ രുചിയിലൂടെയാണ്. നാവിലെ രുചിക്കൊപ്പം തുടരുന്ന സംസാരം അവര്‍ക്കിടയില്‍ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയാകുന്നു. 

തമിഴന്റെ സാമ്പാര്‍ സാദത്തിന്റെ രുചിപ്പെരുക്കത്തിന്റെ പ്രതിപാദനവും വിനീത് ശ്രീനിവാസന്റെ 'ഹൃദയ'ത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈയില്‍ തിരിച്ചെത്തുന്ന അരുണ്‍ തന്റെ പ്രിയപ്പെട്ട പാട്ടിയെ കാണുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് സാമ്പാര്‍ സാദത്തെ കുറിച്ചാണ്. ഈ രുചിയും അരുണ്‍ നിത്യയെ പരിചയപ്പെടുത്തുന്നുണ്ട്. കലാലയ പഠനകാലത്ത് അരുണിന്റെ രസമുകുളങ്ങളെ കീഴടക്കിയ അതേ രുചിയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിത്യയും കീഴ്‌പ്പെടുന്നു. അവര്‍ക്കിടയില്‍ രൂപപ്പെടുന്ന അടുപ്പത്തിന്റെ രസതന്ത്രം ഈ രുചിപ്പെരുക്കത്തിലൂടെ പിന്നെയും വളര്‍ന്നു പടരുന്നു.

അരവിന്ദന്റെ അതിഥികളിലെ സുപ്രധാനമായ ഒരു വൈകാരിക രംഗത്തെ നായകന്‍ ലഘൂകരിക്കുന്നത് 'താന്‍ ഉഡുപ്പീലെ മസാലദോശ കഴിച്ചിട്ടുണ്ടോ, ഉഡുപ്പീലെ സ്വീറ്റ്‌സ്' എന്നു ചോദിച്ച് നായികയെയും കൂട്ടി ഒരു മസാലദോശ കഴിച്ചുകൊണ്ടാണ്. നാവിലെ രസമുകുളങ്ങളുമായി ആഹാരം സമ്പര്‍ക്കത്തിലാകുന്നതോടെ സങ്കീര്‍ണമായൊരു ജീവിതാവസ്ഥയ്ക്ക് തെല്ല് അയവ് കൈവരുകയാണ്. 

രണ്ടു പേര്‍ക്കിടയിലെ ഇഴയടുപ്പത്തിനു പിന്നിലെ പല ആകര്‍ഷണ ഘടകങ്ങളിലൊന്നായിരിക്കും ഭക്ഷണവും. സ്വാദിഷ്ടവും വൈവിധ്യവുമാര്‍ന്ന രുചി പകര്‍ന്നു നല്‍കുന്നതിലൂടെ പരസ്പരം ഉടലെടുക്കുന്ന ബന്ധം ഊഷ്മളമായിരിക്കും. നാവിലെ രുചിയുടെ സന്തുഷ്ടി ചിരകാലത്തേക്ക് വ്യാപിക്കാനിടയുണ്ട്.


അഹമ്മദ് കബീറിന്റെ മധുരത്തില്‍ സാബുവും ചിത്രയും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നതും വളരുന്നതും ആഹാരത്തിലൂടെയാണ്. രണ്ടുപേരും ആഹാരപ്രിയര്‍. ആഹാരം ഉണ്ടാക്കുന്നതും രുചിക്കുന്നതും അപരരെ ഊട്ടുന്നതും ഇഷ്ടപ്പെടുന്നവര്‍. അവരുടെ ബന്ധത്തിന് പശ്ചാത്തലമാകുന്നതു പോലും ഒരു ഭക്ഷണശാലയാണ്. മധുരമെന്ന പേര് ഒരേസമയം രുചിയേയും ഹൃദ്യമായ ബന്ധത്തേയും സൂചിപ്പിക്കുന്നു. സാബു ഉണ്ടാക്കിയ ബിരിയാണി രുചിച്ച ശേഷം, ആ രുചിയുടെ പിന്നിലെ രസതന്ത്രത്തെക്കുറിച്ച് ചിത്ര ചോദിക്കുന്നുണ്ട്. അതിന് സാബു നല്‍കുന്ന വിശദീകരണം അത് കഴിക്കുന്നയാളുടെ ഉള്ളം നിറയ്ക്കാന്‍ പോന്നതാണ്. രുചിച്ചേരുവകള്‍ പറഞ്ഞ്, 'ഒടുവില്‍ ഒരു പ്രധാന കാര്യം മറന്നു, പിന്നെ ഇതിനൊപ്പം കുറച്ചു സ്‌നേഹം കൂടി ചേര്‍ക്കണം' എന്നു സാബു കൂട്ടിച്ചേര്‍ക്കുന്നു. ഇതിനൊപ്പം ഇരുവര്‍ക്കുമിടയില്‍ രൂപപ്പെടുന്ന ഉള്ളുനിറഞ്ഞ ചിരി ഒരുമിച്ചുള്ള ഒരു ജീവിതകാലത്തേക്കു കൂടിയുള്ളതായി മാറുന്നു.

പാകംചെയ്യുന്ന ആഹാരത്തിനൊപ്പം ചേര്‍ക്കുന്ന സ്‌നേഹത്തിന്റെ ഇൗ രുചിയെക്കുറിച്ചു തന്നെയാണ് സുലൈമാനി നുകര്‍ന്ന് അതിശയം കൂറുന്ന ഫൈസിയോട് വല്ല്യുപ്പ പറയുന്നതും. ഒരു സുലൈമാനിക്കു പോലും സ്‌നേഹത്തിന്റേയും പരിഗണനയുടേയും വലിയ അര്‍ഥവ്യാപ്തി പകര്‍ന്നു നല്‍കാനാകും. അതില്‍ സമം ചേര്‍ക്കുന്ന പഞ്ചസാരയ്ക്കും ഏലക്കയ്ക്കുമൊപ്പം അളവൊട്ടും കുറയ്ക്കാതെ പകരുന്ന സ്‌നേഹത്തിന്റേതായ പരിഗണനയാണത്. കഴിക്കുന്നവരുടെ മനസ്സറിഞ്ഞു വിളമ്പുന്ന ആഹാരത്തില്‍ ചേര്‍ക്കുന്ന സ്‌നേഹമാണ് വല്ല്യുപ്പയിലൂടെ ഫൈസി തിരിച്ചറിയുന്നതും ജീവിതത്തില്‍ പകര്‍ത്തുന്നതും. ഫൈസി പിന്നീട് സ്വയം തയ്യാറാക്കി ഊട്ടുന്ന ബിരിയാണിയില്‍ ഇതേ രുചിസ്‌നേഹം അനുഭവിക്കുന്നുണ്ട്. ഉസ്താദ് ഹോട്ടലില്‍ എത്തുന്നവരുടെ മുഖത്ത് ഭക്ഷണത്തെിനൊപ്പം വിടരുന്ന പുഞ്ചിരിയാണ് ആഹാരം തയ്യാറാക്കുന്നവരേയും വിളമ്പുന്നവരേയും സംതൃപ്തരാക്കുന്നത്. വയറിനൊപ്പം മനസ്സും നിറയുന്നവര്‍ ഈ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതവരെ ഉസ്താദ് ഹോട്ടലിലെ സ്‌നേഹത്തിലേക്കും രുചിയിലേക്കും വീണ്ടുമെത്തിക്കുന്നു. 

നാവിലെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താന്‍ സദാ ഭക്ഷണവൈവിധ്യം തേടുന്നവരാണ് കാളിദാസനും മായയും. ചെറുപ്പത്തില്‍ അമ്മയുണ്ടാക്കിക്കൊടുക്കുന്ന ദോശയുടേയും ചഡ്‌നിയുടേയും രുചി ജോലിയിടവേളയിലെ ചെറുമയക്കത്തില്‍ പോലും മായയിലേക്ക് വന്നുചേരുന്നുണ്ട്. മധ്യവയസ്സില്‍ ജീവിതത്തിന്റെ വിരസതകളും നിരാശകളും കൂട്ടായുള്ള കാളിദാസനേയും മായയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും അടുപ്പിക്കുന്നതും ഒരുമിച്ച് ജീവിക്കാന്‍ പ്രേരണ നല്‍കുന്നതും ഇരുവര്‍ക്കുമിടയിലെ രുചിവൈവിധ്യമെന്ന ഈ അന്വേഷണത്വരയാണ്. 


കാളിദാസനേയും മായയേയും പോലെ മധ്യവയസ്സില്‍ നില്‍ക്കുന്നവരാണ് സാജന്‍ ഫെര്‍ണാണ്ടസും ഇള സിംഗും. തമ്മില്‍ കാണാതെ ചോറ്റുപാത്രത്തിലെ ആഹാരത്തിന്റെ രുചിയിലൂടെ വളരുന്ന അടുപ്പമാണ് റിതേഷ് ബത്രയുടെ ലഞ്ച് ബോക്‌സില്‍ സാജനും ഇളയ്ക്കുമിടയില്‍ ഉരുത്തിരിയുന്നത്. ഭര്‍ത്താവില്‍നിന്ന് കിട്ടാതെ പോകുന്ന പരിഗണനയില്‍ വീര്‍പ്പുമുട്ടുന്ന ഇളയ്ക്ക് ലഭിക്കുന്ന ആശ്വാസമാണ് താന്‍ ലഞ്ച് ബോക്‌സില്‍ പകര്‍ന്നുനല്‍കുന്ന രുചിക്ക് പകരം സാജനില്‍നിന്ന് കിട്ടുന്ന കുറിപ്പുകള്‍. എന്തെങ്കിലും പേരിട്ടു വിളിക്കാന്‍ ശ്രമിക്കാതെ ആര്‍ക്കും ചേതമില്ലാത്ത ഒരു ഊഷ്മളബന്ധമാണ് സാജനും ഇളയ്ക്കുമിടയില്‍ രൂപപ്പെടുന്നത്. തമ്മില്‍ കാണാതെ ലഞ്ച് ബോക്‌സിലെ രുചികളിലൂടെ പരസ്പരം കൈമാറുന്ന പരിഗണന ഇരുവരുടേയും തൊഴില്‍, ഭവന പരിസരങ്ങളിലെ ദൈനംദിന സമ്മര്‍ദ്ദത്തില്‍നിന്നുള്ള വിടുതല്‍ കൂടിയാകുന്നു. ഗൗരി ഷിന്‍ഡേയുടെ ഇംഗ്ലീഷ് വിംഗ്ലീഷിലെ പ്രധാന സ്ത്രീകഥാപാത്രമായ ശശിയുടെ ജീവിതത്തിലും രുചിയിലൂടെ വളരുന്ന ബന്ധങ്ങളിലെ ഊഷ്മളത പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ആസാമീസ് ചിത്രമായ ആമീസില്‍ മാംസാഹാരത്തോടുള്ള താത്പര്യത്തിലൂടെയാണ് നിര്‍മാലിയും സുമോനും തമ്മില്‍ പ്രണയത്തിലാകുന്നത്. മാംസാഹാരത്തിന്റെ രുചിയും വൈവിധ്യവും തേടിയുള്ള പരീക്ഷണങ്ങള്‍ ഇവരുടെ അടുപ്പം കൂട്ടുന്നു. പുതിയ മാംസരുചി അന്വേഷിക്കുന്നതിലുള്ള അപാരമായ ത്വരയിലൂടെ രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധം പ്രണയത്തിന്റെ ആത്മീയതലത്തോളം വളരുന്നു. സുമോന്‍ നിര്‍മാലിക്ക് സ്വന്തം മാംസം കൊടുക്കാന്‍ തുടങ്ങുന്നു. ഈ രുചി അവള്‍ക്ക് ഇതുവരെ കഴിച്ച ഏതു മാംസത്തേക്കാളും ഇഷ്ടപ്പെടുന്നു. അവള്‍ മനുഷ്യമാംസം കൊതിക്കാന്‍ തുടങ്ങുന്നു. അവളുടെ ആസക്തി അവന്‍ തിരിച്ചറിയുകയും അതിന് പരിഹാരം കാണുകയുമാണ്. ഒടുവില്‍ നിയമത്തിനു കീഴടങ്ങേണ്ടി വരുമ്പോഴും പരസ്പരം ചേര്‍ന്നുനില്‍ക്കാന്‍ തന്നെയാണ് ഇരുവരും തയ്യാറാകുന്നത്. 

ഗ്രാമത്തിലെ വീട്ടുപരിസരത്തെ വിവിധ തരം പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും ഉപയോഗിച്ച് അമ്മയുണ്ടാക്കി നല്‍കിയ ആഹാരത്തിലെ വൈവിധ്യങ്ങളെ ഓര്‍മ്മിക്കുകയും അതുപോലെ ഉണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് ശ്രദ്ധേയ കൊറിയന്‍ ചിത്രമായ ലിറ്റില്‍ ഫോറസ്റ്റിലെ കേന്ദ്ര കഥാപാത്രമായ സോങ് ഹൈ വന്‍. നഗരത്തില്‍ നിന്ന് താന്‍ ബാല്യകാലം ചെലവഴിച്ച ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്ന സോങ് അമ്മ പകര്‍ന്നുനല്‍കിയ രുചികളെയാണ് വീണ്ടെടുക്കുന്നത്. വ്യത്യസ്ത ഭക്ഷണങ്ങളുടെ പാകപ്പെടലിനിടയിലും രുചികളിലൂടെയും അവള്‍ അമ്മയെ ഓര്‍മ്മിക്കുകയും അമ്മയുടെ സാന്നിധ്യം അനുഭവിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ എത്രമാത്രം പ്രധാനപ്പെട്ട സാന്നിധ്യമാണ് അമ്മയെന്നും തനിക്ക് എന്തൊരു പരിഗണനയാണ് അമ്മ നല്‍കിയിരുന്നതെന്നും അവള്‍ക്കു മുന്നില്‍ പാകപ്പെടുന്ന ഓരോ ആഹാര പദാര്‍ഥവും അവളെ ഓര്‍മ്മിപ്പിക്കുന്നു.


അമോലെ ഗുപ്തെയുടെ സ്റ്റാന്‍ലി കാ ദബ്ബയിലെ കേന്ദ്രകഥാപാത്രമായ സ്റ്റാന്‍ലി സ്‌കൂളില്‍ ചോറ്റുപാത്രം കൊണ്ടുവരാറില്ല. ചിലപ്പോള്‍ മറ്റു കുട്ടികളില്‍ നിന്നും പങ്കുപറ്റും. അല്ലെങ്കില്‍ ഭക്ഷണസമയത്ത് വെള്ളം കുടിച്ച ശേഷം തനിയെ ഗ്രൗണ്ടില്‍ പോയിനില്‍ക്കും. കുട്ടികള്‍ ചോറ്റുപാത്രത്തിലെ വൈവിധ്യമാര്‍ന്ന ഭക്ഷണം രുചിക്കുകയും പരസ്പരം പങ്കുവയ്ക്കുകയും അവര്‍ക്കിടയില്‍ വലിയൊരു സൗഹൃദവലയം രൂപപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യേക കൂട്ടങ്ങളായാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്. ഈ കൂട്ടങ്ങള്‍ ഭക്ഷണത്തിനിടെ പങ്കുവയ്ക്കുന്ന വര്‍ത്തമാനങ്ങള്‍ അവരുടെ ഭാവിസൗഹൃദത്തിന് കൃത്യമായ അടിത്തറയിടുന്നു. സ്റ്റാന്‍ലിയാകട്ടെ കൂട്ടുകാരോട് സൗഹൃദം പുലര്‍ത്തുന്നുവെങ്കില്‍ പോലും സ്വന്തം വേദനകള്‍ മറച്ചുവയ്ക്കാന്‍ താത്പര്യപ്പെടുന്നവനാണ്. അവന്‍ ഒരു ധാബയില്‍ ജോലിചെയ്തിട്ടാണ് സ്‌കൂളിലേക്ക് വരുന്നത്. സ്‌കൂള്‍വിട്ട് പോകുന്നതും ഈ ജോലിസ്ഥലത്തേക്കു തന്നെ. മറ്റു കുട്ടികളെപ്പോലെ സ്വാദിഷ്ടമായ ഭക്ഷണം ചോറ്റുപാത്രത്തില്‍ സ്‌കൂളിലേക്ക് കൊണ്ടുവരണമെന്നുണ്ട്. പക്ഷേ സാഹചര്യം അവനെ പിന്നോട്ടടിപ്പിക്കുന്നു. പക്ഷേ ഒരു ദിവസം അവന്‍ അങ്ങനെയൊരു സമ്പുഷ്ടമായ ടിഫിന്‍ ബോക്‌സ് സ്‌കൂളിലേക്ക് കൊണ്ടുപോകുക തന്നെ ചെയ്യുന്നു. അവന്‍ ഏറ്റവുമധികം സന്തോഷത്തോടെ സ്‌കൂളിലേക്ക് പോകുന്നതും ആ ദിവസം തന്നെ. സ്റ്റാന്‍ലിയുടെ സമ്പന്നമായ ഡബ്ബയില്‍ നിന്ന് കുട്ടികളെല്ലാവരും രുചിവൈവിധ്യത്തിന്റെ പങ്കുപറ്റുന്നു. വായില്‍ വയ്ക്കുന്ന ഓരോ കഷണം ഭക്ഷണത്തേയും നിങ്ങള്‍ വിലമതിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ സ്റ്റാന്‍ലിയിലൂടെ നല്‍കുകയാണ് സിനിമ.

ആഹാരത്തിലൂടെ കുട്ടികള്‍ക്കിടയില്‍ രൂപപ്പെടുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം തണ്ണീര്‍മത്തന്‍ ദീനങ്ങളിലും കാണാം. ക്ലാസ് ഇടവേളകളില്‍ സ്‌കൂള്‍ പരിസരത്തെ ബേക്കറി കടയില്‍ നിന്ന് കഴിക്കുന്ന തണ്ണിമത്തന്‍ ജ്യൂസിനും പഫ്‌സിനുമൊപ്പമാണ് ഇവര്‍ സൗഹൃദവും പ്രണയവും നിരാശയും പ്രതീക്ഷയുമെല്ലാം പങ്കുവയ്ക്കുന്നത്. എല്ലാ ദിവസത്തേയും ഇടവേളകളിലെ ഈ കൂടിയിരിപ്പ് ഈ കൗമാരക്കാര്‍ക്കിടയിലെ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു.

പ്രേമത്തില്‍ ജോര്‍ജിന്റെ പല പ്രായഘടനയില്‍ വ്യത്യസ്ത ആഹാരസാധനങ്ങള്‍ കഥാപാത്രത്തിനൊപ്പം സാന്നിധ്യമാകുന്നുണ്ട്. സ്‌കൂള്‍ കാലത്ത് കപ്പലണ്ടി മിഠായിയും നാരങ്ങാ മിഠായിയും നിറഞ്ഞ കുപ്പികളും പഴംപൊരിയും പരിപ്പുവടയും നിറഞ്ഞ ചില്ലലമാരകളും നന്നാറി സര്‍ബത്തില്‍ കസ്‌കസ് ഇട്ട് തണുപ്പിച്ച് കുടിക്കുന്നതുമാണ് വിശദീകരണമാകുന്നത്. കോളേജ് കാന്റീനില്‍ പുട്ടും ബീഫുമാണ് ജോര്‍ജിന്റേയും കൂട്ടുകാരുടേയും ഇഷ്ടം നേടുന്നത്. പഠനത്തിനു ശേഷം കേക്ക് ഷോപ്പ് നടത്തിപ്പുകാരനാകുകയാണ് ജോര്‍ജ്. പഠനകാലത്ത് സെലിനൊപ്പം ഐസ്‌ക്രീം കഴിക്കുന്ന ജോര്‍ജ് മുതിരുമ്പോള്‍ തന്റെ ഷോപ്പിലെ റെഡ് വെല്‍വെറ്റ് കേക്കിന്റെ രുചിയാണ് അവള്‍ക്ക് നല്‍കുന്നത്. ഇത് അവരുടെ ജീവിതത്തിലേക്കുള്ള വഴി കൂടി തുറന്നിടുന്നു.

പരസ്പരം കൈമാറുന്ന അച്ചപ്പവും മുറുക്കുമെല്ലാമാണ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യയുടേയും കുഞ്ഞുമറിയയുടേയും ബന്ധത്തെ ഊഷ്മളമാക്കുന്നത്. ഗ്രാമജീവിതത്തില്‍ അയല്‍പക്കക്കാരുമായുള്ള ഇത്തരം കൊടുക്കല്‍വാങ്ങലുകളിലൂടെ രൂപപ്പെടുന്ന ഇഴയടുപ്പങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ കഥാപാത്രങ്ങളിലൂടെ. ജിസ് ജോയുടെ സണ്‍ഡേ ഹോളിഡേയിലും അയല്‍പക്കവുമായുള്ള ഈ മധുരക്കൈമാറ്റം കാണാം. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയില്‍ നായികാനായക•ാരെ തമ്മില്‍ അടുപ്പിക്കുന്ന കണ്ണിയും രുചിശീലങ്ങളാണ്.

    


ചിലര്‍ ആഹാരം കഴിക്കുന്നതിനു തന്നെയൊരു ചന്തമുണ്ടായിരിക്കും. മധുമിതയുടെ കെ.ഡി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ എണ്‍പതുകാരന്‍ കറുപ്പുദുരൈ അത്തരമൊരാളാണ്. പ്രായാധിക്യത്താല്‍ മരണം കാത്തുകിടക്കുന്നയാളാണ് കറുപ്പുദുരൈ. തന്റെ മരണം പ്രതീക്ഷിക്കുന്നവരും സ്വത്തില്‍ ആര്‍ത്തിയുള്ളവരുമായ മക്കളും മരുമക്കളുമടങ്ങുന്നവര്‍ക്കിടയില്‍നിന്ന് അപ്രതീക്ഷിതമായി രക്ഷപ്പെടുകയാണ് വൃദ്ധന്‍. വീട്ടുമുറിയുടെ വിരസമായ നാലതിരില്‍നിന്ന് സ്വതന്ത്രമാകുന്നതോടെ അയാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാകുന്നു. എല്ലാ മനുഷ്യരേയും പോലെ കറുപ്പുദുരൈക്കും ചില ആഗ്രഹങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഇഷ്ടംപോലെ ബിരിയാണി കഴിക്കണമെന്നത്. കൈയിലുള്ള പൈസ കൊണ്ട് അയാള്‍ ഒരു ബിരിയാണി കഴിക്കുന്നു. എല്ലാ ദിവസവും ബിരിയാണി കഴിക്കാന്‍ സാധിച്ചാല്‍ അത്രയും നല്ലതെന്ന കൊതി സൂക്ഷിക്കുന്ന കറുപ്പുദുരൈ അതിനായിട്ടാണ് ശ്രമിക്കുന്നത്. കറുപ്പുദുരൈയുടെ ആസ്വദിച്ചുള്ള ബിരിയാണി തീറ്റ കാണുന്നവര്‍ പോലും കൊതിച്ചുപോകുന്നു. അതോടെ അവരും ബിരിയാണി വാങ്ങി കഴിക്കുന്നു. ദിവസം പത്തില്‍താഴെ ബിരിയാണി വിറ്റിരുന്ന ഹോട്ടലുകാരന് അതോടെ വില്‍പ്പന കൂടുന്നു. ഇതിനു കാരണക്കാരനായ കറുപ്പുദുരൈക്ക് എല്ലാ ദിവസവും കടക്കാരന്റെ വക ബിരിയാണി ലഭിക്കുകയാണ്. ആഹാരത്തെ അത് അര്‍ഹിക്കുന്ന പരിഗണനയോടെയും സ്‌നേഹത്തോടയുമാണ് കറുപ്പുദുരൈ സമീപിക്കുന്നത്. ഈ സ്‌നേഹമസൃണമായ സമീപനം കൊണ്ട് ഇഷ്ട ആഹാരം തന്നെ ദിവസവും അയാളെ തേടിവരുന്നു.

വീടിനു പുറത്തുപോയി വ്യത്യസ്ത ഭക്ഷണം പരീക്ഷിക്കുന്ന ശീലം മലയാളിജീവിതത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് വ്യാപകമായത്. ഇത് തനത് കേരളീയ രുചികളേയും വിദേശ ഭക്ഷണ വൈവിധ്യങ്ങളേയും പരിചയപ്പെടുത്തുന്ന ഒട്ടേറെ ഭക്ഷണശാലകളുടെ രൂപംകൊള്ളലിന് ഇടയാക്കി. തട്ടുകട, ഓപ്പണ്‍ റെസ്റ്റോറന്റ് തുടങ്ങിയ രുചിസംസ്‌കാരം തന്നെ ഇക്കാലയളവില്‍ ജനകീയമായി. ഈ രുചിവൈവിധ്യങ്ങള്‍ സിനിമയിലേക്കും സ്വാഭാവികമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. കേരളത്തിലെ വ്യത്യസ്ത ദേശങ്ങളുടെ കഥ പറയുമ്പോള്‍ അവിടത്തെ രുചികളേയും ഭക്ഷണശീലങ്ങളേയും കൂടി തിരക്കഥയില്‍ ഉള്‍ക്കൊള്ളിക്കുന്ന പതിവ് കഴിഞ്ഞ പതിറ്റാണ്ടില്‍ സിനിമ ശീലമാക്കിയതായി കാണാം. പ്രശസ്ത ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ കരിക്കിന്റെ പുതിയ സീരീസിലെ കലക്കാച്ചി മീന്‍കറിയില്‍ എത്തിനില്‍ക്കുന്നു ഈ പരീക്ഷണം.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസില്‍ ഒരു നാടിന്റെ ഭക്ഷണശീലത്തേയും അഭിരുചികളേയുമാകെയാണ് പകര്‍ത്തുന്നത്. അങ്കമാലിക്കാര്‍ക്കിടയില്‍ പ്രശസ്തമായ പോര്‍ക്ക് കൂര്‍ക്കയും കായയും മാങ്ങയുമിട്ടു വയ്ക്കുന്നതിന്റെ രുചിവൈവിധ്യങ്ങളെയും തനത് ആഹാരശീലങ്ങളേയും ഈ സിനിമ പരിചയപ്പെടുത്തുന്നു. പോര്‍ക്കിറച്ചി വില്‍പ്പനയുടേയും വാങ്ങല്‍ സമ്പ്രദായത്തിന്റേയും പാകം ചെയ്യുന്നതിന്റേയും ചോറിനും അപ്പത്തിനുമൊപ്പം ഇറച്ചിക്കറി ചേര്‍ത്തു കഴിക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും ഫ്രെയിമുകളാല്‍ സമ്പന്നമാണ് ഈ സിനിമ. ഒരു നാടിന്റെ രുചിശീലങ്ങള്‍ പല നാട്ടുകാര്‍ക്കിടയിലേക്ക് സിനിമയെന്ന ജനപ്രിയ കലാരൂപത്തിന്റെ സാധ്യതയിലൂടെ വിനിമയം ചെയ്യപ്പെടുകയാണ് ഇതിലൂടെ. ഈ സിനിമയിലെ കഥാപാത്രങ്ങളുടെ ദൈനംദിന ജീവിതത്തോടും മാനസികവ്യാപാരത്തോടും പ്രശ്‌നങ്ങളോടും തൊട്ടുനില്‍ക്കുന്നതാണ് ഇതിലെ രുചിവൈവിധ്യവും. സിനിമയുടെ തുടക്കത്തില്‍ മാങ്ങ എറിഞ്ഞുവീഴ്ത്തി ഉപ്പും മുളകുപൊടിയും ചേര്‍ത്തുകഴിക്കുന്ന സ്‌കൂള്‍ കുട്ടികളില്‍ തൊട്ടു തുടങ്ങുന്നതാണ് നാവിന്‍തുമ്പിലെ ഈ രുചിമേളം. 

ജെല്ലിക്കെട്ടില്‍ ജാഫര്‍ ഇടുക്കിയുടെ കഥാപാത്രം അപ്പത്തിന്റേയും പോത്ത് കറിയുടേയും വിശദീകരണം നല്‍കുമ്പോള്‍ ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമത്തിലെ ഒരു തനത് ആഹാരം പാകംചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റേയും രുചിപ്പെരുമ നാവില്‍ സൂക്ഷിക്കുന്ന മനുഷ്യന്റെ ചിത്രം സുവ്യക്തമാണ്. മഹേഷിന്റ പ്രതികാരത്തിലൂടെയാണ് ഇടുക്കിയിലെ കുമ്പിളപ്പവും കപ്പവാട്ടലും പ്രശസ്തമാകുന്നത്.

ദം ബിരിയാണി അടക്കമുള്ള അതിപ്രശസ്തമായ കോഴിക്കോടന്‍ വിഭവങ്ങളുടേയും മലബാറിന്റെ രുചിവൈവിധ്യങ്ങളേയും അതിഥിസത്കാര മഹിമയേയും ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു ഉസ്താദ് ഹോട്ടലും കെ.എല്‍ പത്തും പോലുള്ള സിനിമകള്‍. ഷാനവാസ് കെ.ബാവക്കുട്ടിയുടെ കിസ്മത്തില്‍ പൊന്നാനിപ്പലഹാരങ്ങള്‍ ഫ്രെയിമില്‍ നിറയുന്നുണ്ട്.

ഉണ്ണിയപ്പം രുചിച്ച് താന്‍ കൊട്ടാരക്കരക്കാരനാണോ എന്നാണ് സാള്‍ട്ട് ആന്റ് പെപ്പറില്‍ കാളിദാസന്‍ കുക്ക് ബാബുവിനോട് ചോദിക്കുന്നത്. അതിപ്രശസ്തമായ കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ വിശദീകരണമാണിത്.

ബേസില്‍ ജോസഫിന്റെ ഗോദയില്‍ പൊറോട്ടയും ബീഫുമെന്ന കോമ്പോയുടെ രുചി വിശദീകരണം നല്‍കിക്കൊണ്ടാണ് നായക കഥാപാത്രം കൂട്ടുകാരുടെ നാവില്‍ രസമുകുളങ്ങള്‍ വിടര്‍ത്തുന്നത്. സൗബിന്‍ ഷാഹിറിന്റെ പറവയില്‍ പത്തിരിയും തേങ്ങാപ്പാലും ബീഫ് കറിയും ചേരുന്ന പ്രഭാതഭക്ഷണത്തിന്റെ രുചിയാണ് ഹസീബ് എന്ന കഥാപാത്രം പങ്കുവയ്ക്കുന്നത്.


കട്ടത്തൈരും മാങ്ങാക്കറിയും പച്ചമുളകും പുഴുങ്ങിയ കപ്പയും ചേര്‍ത്തിളക്കി പഴങ്കഞ്ഞി കുടിക്കുന്നതിലെ അത്യധികമായ ആനന്ദമാണ് കളിപ്പാട്ടത്തില്‍ ഗര്‍ഭിണിയായ ഭാര്യയോട് നായക കഥാപാത്രം പങ്കുവയ്ക്കുന്നത്.

രുചിയുമായി ബന്ധപ്പെടുത്തി സാള്‍ട്ട് ആന്റ് പെപ്പര്‍ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയ പുതുതരംഗം ഏറെ വലുതായിരുന്നു. 'ചമ്പാവ് പുന്നെല്ലിന്‍ ചോറോ' എന്നു തുടങ്ങുന്ന ടൈറ്റില്‍ സോംഗ് മുതല്‍ക്ക് സിനിമ പരിചയപ്പെടുത്തിയ കേരളത്തിന്റെ വേറിട്ട രുചികളെ അന്വേഷിച്ചുചെല്ലാന്‍ ഈ സിനിമ വലിയ പ്രചോദനമായി. മട്ടാഞ്ചേരിയിലെ കായിക്കാ ബിരിയാണി മുതല്‍ അതതു പ്രദേശങ്ങളിലെ പല ബ്രാന്‍ഡുകളും കേരളത്തിന്റെയാകെ ബ്രാന്‍ഡായിത്തീരാന്‍ ഇത്തരം സിനിമകള്‍ തീര്‍ക്കുന്ന പങ്ക് ചെറുതല്ല.

അങ്കമാലി ഡയറീസിലേതു പോലെ ഒരു പ്രദേശത്തിന്റെ ഭക്ഷണശീലത്തെ ചിത്രീകരിക്കുന്ന സിനിമയാണ് മാച്ചര്‍ ജോല്‍. മാച്ചര്‍ ജോല്‍ എന്നത് ബംഗാളി മീന്‍കറിയാണ്. റിത്വിക് ചക്രവര്‍ത്തി എന്ന ഷെഫ് കഥാപാത്രത്തിലൂടെ മുന്നോട്ടുപോകുന്ന സിനിമയില്‍ ഭക്ഷണം ഒരു കഥാപാത്രം തന്നെയായി മാറുന്നു. എണ്ണയിലും വെള്ളത്തിലും തിളയ്ക്കുന്ന ആഹാരസാധനങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളാല്‍ സമ്പന്നമാണ് മാച്ചര്‍ ജോല്‍. അടുക്കളയുടെ രാഷ്ട്രീയം പറഞ്ഞ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെയും ഭക്ഷണത്തിന്റെ രാഷ്ട്രീയം പറയുന്ന ഹിന്ദി ചിത്രമായ ആക്‌സോനിലെയും അടുക്കളകളിലും ഇത്തരം ക്ലോസ് ഫ്രെയിംസ് കാണാം. മിസ്റ്റര്‍ ബട്‌ലര്‍, കല്യാണരാമന്‍, തുറുപ്പുഗുലാന്‍, സ്പാനിഷ് മസാല, കമ്മത്ത് ആന്റ് കമ്മത്ത്, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളില്‍ പാചകവും ഭക്ഷണശാലകളും പശ്ചാത്തലമാകുന്നുണ്ട്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 5, ഷോ റീല്‍ -5

No comments:

Post a Comment