Sunday, 20 February 2022

വേട്ടയാടുന്ന ഭൂതകാലം


ചില മനുഷ്യരും വീടുകളും വല്ലാതെ ഇരുള്‍ മൂടി കിടക്കുന്ന പ്രദേശങ്ങളായിരിക്കും. സന്തോഷത്തിനോ പ്രതീക്ഷകള്‍ക്കോ അവിടെ പ്രവേശനമുണ്ടാകില്ല. മനുഷ്യരുടെ മുടിക്കെട്ടിയ പ്രകൃതം പോലെ തീരെ നിറം മങ്ങിയതായിരിക്കും വീടിന്റെ പുറംചായം പോലും. ഒരു പൂവു പോലും ആ മുറ്റത്ത് പുഞ്ചിരിക്കില്ല. അവിടെ നിന്നുള്ള വെട്ടം തീരെ അരണ്ടതായിരിക്കും. വല്ലപ്പോഴും മാത്രം തൊണ്ടയില്‍ നിന്ന് ഉരുവംകൊള്ളുന്ന ശബ്ദങ്ങള്‍ കലമ്പലിന്റേയോ കരച്ചിലിന്റേയോ ആയിരിക്കും. രാപകല്‍ തുടരുന്ന ഭയാനകമായ നിശബ്ദതയില്‍ നിന്നുരുവപ്പെടുന്ന ചെറുശബ്ദങ്ങള്‍ക്കു പോലും കനപ്പെടലിന്റെ ഗാംഭീര്യമുണ്ടായിരിക്കും. രാത്രി അതൊന്നു കൂടി കനപ്പെടും. ആ നേരം അവിടത്തെ മനുഷ്യജീവികളുടെ തോന്നലുകളും വികാരങ്ങളും ഭയത്തിന്റേതു മാത്രമാകും. നിഴല്‍രൂപങ്ങളും ശബ്ദങ്ങളും അവര്‍ക്കു ചുറ്റും ഇടതടവില്ലാതെ പ്രത്യക്ഷമാകും. അവര്‍ക്ക് ഉറക്കവും സമാധാനവും നഷ്ടമാകും. മരണത്തിനും ജീവിതത്തിനുമിടയിലെ നേര്‍ത്ത നൂല്‍പ്പാലത്തില്‍പെട്ട് ഉഴന്നുപോകും.

       കല്ലും മണ്ണും മരവും കൊണ്ടുതീര്‍ത്ത അചേതന വസ്തുവെങ്കിലും വീടിന് കണ്ണും കാതും മനസ്സുമുണ്ട്. നമ്മളോട് എറ്റവുമടുത്ത ഈ പരിസരം തന്നെയാകാം ഭയപ്പെടുത്തുമാറുള്ള പ്രദേശമായി മാറുന്നതും. ഇത്തരമൊരു അന്തരീക്ഷത്തിലേക്കാണ് രാഹുല്‍ സദാശിവന്റെ ഭൂതകാലം എന്ന സിനിമ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്. ഭയമെന്ന വികാരത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമകളിലൊന്നാണ് ഭൂതകാലം. ഹൊറര്‍ സിനിമകളുടെ പ്രഖ്യാപിത സ്വഭാവങ്ങള്‍ പാടേ പറിച്ചെറിഞ്ഞ് മനുഷ്യമനസ്സിലേക്കുള്ള സഞ്ചാരമാണ് ഭൂതകാലം നടത്തുന്നത്. കലുഷമായ മനസ്സിന്റെ തോന്നലുകളെയും വികാരങ്ങളെയും ഭയവുമായി കൃത്യം സങ്കലനം ചെയ്തിരിക്കുന്നു.

മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളിലൊന്നായ ഭയം സദാ അവന്റെ ഉള്ളില്‍ തന്നെയുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ അത് മറനീക്കി പുറത്തുവരും. ഈ വികാരത്തെ ചൂഷണം ചെയ്തുകൊണ്ട് കാലാകാലങ്ങളില്‍ നിരവധിയായ സിനിമകള്‍ എല്ലാ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. മലയാളത്തില്‍ ഭാര്‍ഗവിനിലയം തൊട്ടിങ്ങോട്ട് ഈ ഗണത്തിലുള്ള സിനിമകള്‍ കൃത്യമായ ഇടവേളകളില്‍ കാലോചിതമായ ദൃശ്യ, ശബ്ദ വിന്ന്യാസങ്ങളുടെ പിന്തുണയോടെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഭാര്‍ഗവിനിലയം, ലിസ, കരിമ്പൂച്ച, മണിച്ചിത്രത്താഴ്, ആകാശഗംഗ, എസ്ര തുടങ്ങി ചുരുക്കം ചിലവ മാത്രമാണ് ഇക്കൂട്ടത്തില്‍ പ്രേക്ഷകപ്രീതി നേടിയെടുക്കുന്നതില്‍ വിജയിച്ചിട്ടുള്ളത്. 

    


ഒരേ കഥാസങ്കേതവും പശ്ചാത്തലവും പിന്തുടരുകയും ഏതു വിധേനയും കാണികളെ ഭയപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഹൊറര്‍ ജോണര്‍ സിനിമകള്‍ പലപ്പോഴും നിര്‍മ്മിക്കപ്പെടാറ്. ഭീകരരൂപങ്ങളുടെയും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും സാധ്യത ഇതിനായി ഉപയോഗപ്പെടുത്തും. എന്നാല്‍ ഭാര്‍ഗവിനിലയവും മണിച്ചിത്രത്താഴും പോലുള്ള സിനിമകള്‍ ആഖ്യാനത്തിലെ പുതുമ കൊണ്ടും മനശാസ്ത്രപരമായ സമീപനം കൊണ്ടും മനുഷ്യരിലെ കേവലവികാരത്തെ പുറത്തെത്തിക്കുന്നതില്‍ വിജയിച്ചു. ഭൂതകാലം എന്ന ഏറ്റവും പുതിയ ഹൊറര്‍ സിനിമ വിജയം കാണുന്നതും ഈ വഴിയില്‍ തന്നെയാണ്. 

ഒരു വീടിനെയും അവിടത്തെ അന്തേവാസികളായ അമ്മയേയും മകനേയും കേന്ദ്രീകരിച്ചാണ് ഭൂതകാലം മുന്നോട്ടുപോകുന്നത്. ജീവിതത്തില്‍ നല്ല കാര്യങ്ങളൊന്നും സംഭവിക്കാതാകുന്നതോടെ സന്തോഷങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടവരാണ് ഇരുവരും. അത്രയേറെ സ്‌നേഹിക്കുന്നവരാണെങ്കിലും ഈ സമാധാനമില്ലായ്മയില്‍ കലഹിക്കുന്നവരും പരസ്പരം കുറ്റപ്പെടുത്തുന്നവരുമാണിവര്‍. സ്വസ്ഥതയില്ലാത്ത ദിവസങ്ങള്‍ ഇവര്‍ക്ക് സംഭവിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. ഈ സമാധാനമില്ലായ്മയിലേക്കാണ് ഭയം കൂടി കടന്നുവരുന്നത്. അസ്വസ്ഥമായ ഭൂതകാലം അവരുടെ ഇന്നിനെ വേട്ടയാടുന്നു. ശബ്ദത്തിന്റേയും രൂപത്തിന്റേയും സാന്നിധ്യത്തില്‍ ആദ്യം മകനിലേക്കും പിന്നീട് അമ്മയിലേക്കും  ഭയം കടന്നുവരുന്നതോടെ ആ വീടും അവിടത്തെ രാത്രികളും അവര്‍ക്ക് അങ്ങേയറ്റം ഭീതിദമായി മാറുന്നു. ഇത്തരം ദൃശ്യങ്ങളുടെ മികവുറ്റ ആഖ്യാനം കൊണ്ട് മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും യുക്തിസഹമായ ഹൊറര്‍ സിനിമകളിലൊന്ന് എന്ന തലത്തിലേക്ക് ഭൂതകാലം പ്രവേശിക്കുന്നു.

സാധാരണ ഗൃഹാന്തരീക്ഷത്തിലെ ദൈനംദിന വിഷയങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോയി വളരെ സ്വാഭാവികമായാണ് ഈ സിനിമയില്‍ ഭയം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ കാണികള്‍ക്ക് ഇത് എളുപ്പത്തില്‍ തങ്ങളോട് ബന്ധപ്പെടുത്താന്‍ സാധിക്കുന്നു. മനസ്സിന്റെ പിടി അയഞ്ഞുപോകുന്നതോടെ കാണുന്ന കാഴ്ചകള്‍ വിചിത്രവും ഭയപ്പെടുത്തുന്നതുമായി മാറും. ഭയപ്പെടുത്തുന്നതിനായി ബോധപൂര്‍വ്വം ഈ സിനിമ ഒന്നും ചെയ്യുന്നില്ല. കഥാപാത്രങ്ങളില്‍ സ്വാാഭാവികമായി സംഭവിക്കുന്ന ഭയം അതേ ആവേഗത്തോടെ കാണികളിലേക്കും പടരുന്നതോടെ ഭൂതകാലം രോമകൂപങ്ങളെ പലവട്ടം ഉയിര്‍കൊള്ളിക്കുന്ന കാഴ്ചയായി മാറുന്നു. സൈക്കോളജിക്കല്‍ ഡ്രാമ എന്ന രീതിയില്‍ തുടങ്ങി ഹൊറര്‍ ത്രില്ലറിലേക്ക് സിനിമ പ്രവേശിക്കുന്നു. ഒരു ജോണറില്‍ തുടങ്ങി മറ്റൊന്നിലേക്ക് പ്രവേശിക്കുന്ന രീതി അവലംബിക്കുന്നത് സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. 


നിശബ്ദതയ്ക്കും അതിനെ ഭഞ്ജിക്കുന്ന ശബ്ദസാന്നിധ്യങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഈ സിനിമയില്‍ ഗോപിസുന്ദറാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ഗോപിസുന്ദറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന്. കഥയിലെ പ്രസന്നതയില്ലാത്ത വീടിന്റെ അന്തരീക്ഷത്തിന് യോജിക്കും വിധം തിളക്കമറ്റ ഫ്രെയിം ഒരുക്കി തില്‍ ഷെഹ്നാദ് ജലാല്‍ സിനിമയെ കാണികളോട് കൂടുതല്‍ അടുപ്പിക്കുന്നു.

           കഥാപാത്രങ്ങളുടെ ആഴമറിഞ്ഞ് രേവതിയും ഷെയ്ന്‍ നിഗവും തങ്ങളുടെ കഥാപാത്രങ്ങള്‍ അസാമാന്യ മിഴിവ് നല്‍കുന്നു. ഭിന്നവികാരങ്ങളിലൂടെ കടന്നുപോകേണ്ട കഥാപാത്രത്തില്‍ നിയന്ത്രിതാഭിനയമാണ് രേവതിയുടേത്. കരിയറില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അതിന്റെ ആത്മാംശം ഉള്‍ക്കൊണ്ട് മികവുറ്റതാക്കാന്‍ ഷെയ്‌നിന് സാധിച്ചിരിക്കുന്നു. ഇരുവരും ചേര്‍ന്നുള്ള രംഗങ്ങള്‍ക്കും സോളോ സീനുകള്‍ക്കും ഒരുപോലെ പ്രകടനസാധ്യതയ്ക്ക് അവസരം നല്‍കുന്നുണ്ട്.

അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ഒട്ടേറെ മികവുറ്റ സൃഷ്ടികള്‍ സംഭാവന ചെയ്യാന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ആഗോളകാണികള്‍ ഏറെ ഗൗരവത്തോടെയാണ് മലയാളം സിനിമകളെ നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും. മലയാളത്തിലെ പുതിയ മാറ്റങ്ങളും പരീക്ഷണങ്ങളും അവര്‍ ഉള്‍ക്കൊള്ളുന്നു. സോണി ലിവ് പ്ലാറ്റ്‌ഫോം വഴി ആഗോളകാണികളിലേക്ക് എത്തിയ ഭൂതകാലം ഇത്തരം മികച്ച സൃഷ്ടികളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യമാണ്.

സ്ത്രീശബ്ദം, 2022 ഫെബ്രുവരി

No comments:

Post a Comment