സമൂഹത്തില്‍ ഭിന്നരീതികളില്‍ ചൂഷണത്തിന് വിധേയമാക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ കഥകള്‍ പങ്കുവയ്ക്കുന്ന ഫ്രീഡം ഫൈറ്റ് മലയാളത്തിലെ ആന്തോളജി സിനിമയ്ക്ക് വേറിട്ട മേല്‍വിലാസം നല്‍കുകയാണ്. തികഞ്ഞ സാമൂഹ്യബോധ്യവും ഉള്‍ക്കാമ്പുമുള്ള ഗീതു അണ്‍ചെയിന്‍ഡ്, അസംഘടിതര്‍, റേഷന്‍ ക്ലിപ്തവിഹിതം, ഓള്‍ഡ് ഏജ് ഹോം, പ്ര.തൂ.മു എന്നീ അഞ്ച് ഹ്രസ്വചിത്രങ്ങളാണ് ഫ്രീഡം ഫൈറ്റില്‍ അവതരിപ്പിക്കുന്നത്. ആന്തോളജി സിനിമകള്‍ തിയേറ്ററില്‍ വന്‍വിജയമായ ചരിത്രമില്ലാത്ത മലയാളത്തിന് ഇത്തരം സിനിമകളുടെ ഒടിടി വിജയസാധ്യത കൂടിയാണ് ഫ്രീഡം ഫൈറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫേം വഴി വ്യാപകമായി കാണപ്പെട്ട ഫ്രീഡം ഫൈറ്റ്, മലയാളത്തില്‍ അത്ര ജനകീയമല്ലാത്ത ആന്തോളജി സങ്കേതത്തില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനവും രൂപപ്പെടുത്തുന്നുണ്ട്.
ഓരോ ചെറുസിനിമയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്ത പ്രമേയമായിട്ടാണ് ഏറെയും ആന്തോളജിയില്‍ അവതരിപ്പിക്കാറ്. ചെറുസിനിമകളെ തമ്മില്‍ സൂചനകളോ പരസ്പരബന്ധമോ നല്‍കി അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഫ്രീഡം ഫൈറ്റില്‍ വ്യത്യസ്ത ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന മനുഷ്യരെയാണ് അവതരിപ്പിക്കുന്നതെങ്കിലും എല്ലാവരുടെയും പ്രാഥമികാവശ്യം അസ്വാതന്ത്ര്യത്തില്‍ നിന്നുള്ള മോചനമാണ്. എല്ലാവരും ഒരുപോലെ എതിരിടുന്നത് അതിനെയാണ്. മലയാളത്തില്‍ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള ആന്തോളജി സിനിമകള്‍ക്കൊന്നും പ്രമേയസ്വീകരണത്തില്‍ ഇത്രകണ്ട് മൗലികത പുലര്‍ത്താനായിട്ടില്ല.
വ്യത്യസ്ത കഥകളും കഥാപാത്രങ്ങളും വിവിധ സെഗ്മെന്റുകളിലായി ഒരു മുഴുനീള ഫീച്ചര്‍ ഫിലിമിന്റെ ദൈര്‍ഘ്യത്തില്‍ അവതരിപ്പിക്കുന്ന ആന്തോളജി വിഭാഗത്തിന് ലോകസിനിമയില്‍ ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ദൈര്‍ഘ്യം കുറഞ്ഞ ഹ്രസ്വചിത്രങ്ങള്‍ വ്യത്യസ്ത സംവിധായകര്‍ തയ്യാറാക്കി ഒറ്റ സിനിമയുടെ ഭാഗമാക്കുന്ന പരീക്ഷണത്തിന് 1930കളുടെ തുടക്കത്തില്‍ ഹോളിവുഡ് ആണ് തുടക്കമിട്ടത്. നവ കലാരൂപം എന്ന നിലയില്‍ സിനിമ വളര്‍ച്ചയുടെ വ്യത്യസ്ത അവതരണ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കാലമായിരുന്നു അത്. ഒരു മണിക്കൂറില്‍ താഴെയും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതുമായ ഒട്ടേറെ സിനിമകള്‍ അന്ന് നിര്‍മ്മിക്കപ്പെട്ടിരുന്നു.
പാരാമൗണ്ട് പിക്‌ചേഴ്‌സിന്റെ 1930 ല്‍ പുറത്തിറങ്ങിയ പാരാമൗണ്ട് ഓണ്‍ പരേഡ് എന്ന ചിത്രത്തില്‍ 10 സംവിധായകരാണ് ഭാഗമായത്. ഒന്നിലധികം സംവിധായകര്‍ ഒരു സിനിമയുടെ ഭാഗമാകുകയെന്ന വ്യത്യസ്തതയുമായി എത്തിയ ഈ സിനിമ അന്നത്തെ വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു. ഗ്രാന്‍ഡ് ഹോട്ടല്‍, പാരാമൗണ്ടിന്റെ തന്നെ ഇഫ് ഐ ഹാഡ് എ മില്യണ്‍ (1932) എന്നിവയും ആന്തോളജി സങ്കേതത്തില്‍ ഇതിനു പിന്നാലെ പുറത്തിറങ്ങിയ സിനിമകളാണ്.
അഞ്ച് തമാശക്കഥകള്‍ ചേര്‍ത്ത് 1939 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സിരിക്കാതെ ആണ് ഇന്ത്യയിലെ ആദ്യത്തെ ആന്തോളജി ചിത്രം. സൂപ്പര്‍ ഡീലക്‌സ്, സില്ലു കരുപ്പെട്ടി, പാവ കഥൈകള്‍, പുത്തം പുതു കാലൈ, നവരസ, കുട്ടി സ്റ്റോറി തുടങ്ങി അടുത്തിടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച ആന്തോളജി സിനിമകള്‍ ഉണ്ടായത് തമിഴില്‍ നിന്നാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കാം.
ലോകസിനിമയില്‍ ആന്തോളജി സിനിമകള്‍ പരീക്ഷിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് മലയാളത്തില്‍ അത്തരമൊരു പരിശ്രമമുണ്ടായത്. നഗരത്തിന്റെ മുഖങ്ങള്‍, പെണ്ണിന്റെ പ്രപഞ്ചം, അപസ്വരങ്ങള്‍ എന്നീ വ്യത്യസ്ത കഥകള്‍ ഉള്‍പ്പെടുത്തിയ ചിത്രമേള മലയാളത്തിലെ ആദ്യത്തെ ആന്തോളജി ചിത്രമായി പരിഗണിക്കപ്പെടുന്നു. 1967ല്‍ ഇറങ്ങിയ ഈ ചിത്രത്തിനു പിന്നില്‍ അഞ്ച് എഴുത്തുകാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും എല്ലാ ഹ്രസ്വചിത്രങ്ങളുടെയും സംവിധായകന്‍ ടി. എസ്.മുത്തയ്യ ആയിരുന്നു. തന്റെ നവാഗത സംവിധാന സംരംഭത്തിന്റെ നിര്‍മ്മാതാവും മുത്തയ്യ തന്നെയായിരുന്നു. മുതിര്‍ന്ന സംവിധായകന്‍ എം.കൃഷ്ണന്‍നായരുടെ മേല്‍നോട്ടത്തിലായിരുന്നു മലയാളത്തിലെ ഈ പ്രഥമ ആന്തോളജി രൂപപ്പെട്ടത്.
ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന നഗരത്തിന്റെ മുഖങ്ങളില്‍ ഷീലയും ഉമ്മറും പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഹാസ്യപ്രധാനമായ പെണ്ണിന്റെ പ്രപഞ്ചത്തില്‍ അടൂര്‍ ഭാസിയും ബഹദൂറും മണവാളന്‍ ജോസഫുമാണ് മുഖ്യവേഷങ്ങളിലെത്തിയത്. ഇവര്‍ യഥാര്‍ഥ സിനിമാനടന്മാര്‍ തന്നെയായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടത്. ക്ലാസിക്കല്‍ ഹോളിവുഡ് കാലഘട്ടത്തിലെ ലോറല്‍ ആന്റ് ഹാര്‍ഡി കോമ്പോ സിനിമകളുടെ സ്വാധീനം പെണ്ണിന്റെ പ്രപഞ്ചത്തിനുണ്ടായിരുന്നു. പ്രേംനസീറും ശാരദയും നായികാനായകന്മാരായ അപസ്വരങ്ങള്‍ ദു:ഖപര്യവസായിയായ ഒരു പ്രണയകഥയായിരുന്നു.
ഒന്നിലധികം സിനിമകള്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്ന സൂചന നല്‍കിക്കൊണ്ടുള്ള ചിത്രമേള എന്ന പേര്, ഒരു സിനിമയ്ക്കകത്ത് മൂന്നു പേരില്‍ മൂന്നു വ്യത്യസ്ത സിനിമകള്‍, ത്രില്ലര്‍, കോമഡി, ഡ്രാമ തുടങ്ങി ഭിന്നാഭിരുചികളെ തൃപ്തിപ്പെടുത്തുന്നവ, മൂന്ന് സിനിമകളിലും വ്യത്യസ്ത അഭിനേതാക്കള്‍ തുടങ്ങി നിരവധിയായ കൗതുകങ്ങളായിരുന്നു മലയാളത്തിലെ ആദ്യത്തെ ആന്തോളജി പ്രേക്ഷകര്‍ക്കായി കാത്തുവച്ചത്.
1974 ല്‍ പി.സുബ്രഹ്മണ്യം, ബാബു നന്തന്‍കോട് എന്നിവര്‍ സംവിധായകരായ വണ്ടിക്കാരിയും യൗവനവുമാണ് ചിത്രമേളയെ തുടര്‍ന്ന് മലയാളത്തിലുണ്ടായ ആന്തോളജി പരിഗണനാര്‍ഹമായ സിനിമ.
എട്ട് വര്‍ഷത്തിനിടെ ഉണ്ടായ ഈ രണ്ട് ആന്തോളജി സിനിമകള്‍ കഴിഞ്ഞ് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് മലയാളത്തില്‍ മറ്റൊരു ആന്തോളജിയുണ്ടായത്. ഇത് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നായിരുന്നു. 2007 ല്‍ നാലു പെണ്ണുങ്ങള്‍, 2008 ല്‍ ഒരു പെണ്ണും രണ്ടാണും എന്നീ ആന്തോളജികള്‍ക്ക് തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള നാല് അധ്യായങ്ങളുള്ള ഘടനയാണുള്ളത്. രണ്ട് സിനിമകളും ഭൂമിശാസ്ത്രപരവും കാലികവുമായ ഒരേ പശ്ചാത്തലം പങ്കിടുന്നു. 1940 നും 1960 നും ഇടയിലുള്ള കുട്ടനാടാണ് കഥാപശ്ചാത്തലം. ഒരു നിയമത്തിന്റെ ലംഘനം, ചിന്നു അമ്മ, കന്യക, നിത്യകന്യക എന്നീ നാല് കഥകളാണ് നാലു പെണ്ണുങ്ങളിലുള്ളത്.
കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ തുടങ്ങിയവയാണ് ഒരു പെണ്ണും രണ്ടാണും സിനിമയിലെ അധ്യായങ്ങള്‍. ഈ അധ്യായങ്ങള്‍ നാലും സ്വതന്ത്രമായ കഥകളാണ്. ഇവ തമ്മിലുള്ള ഒരേയൊരു ബന്ധം കുറ്റകൃത്യങ്ങളുടെ ആവര്‍ത്തന പ്രമേയമാണ്. സിനിമയുടെ ഒഴുക്കിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണത വര്‍ധിക്കുന്നു.
സിനിമ പൂര്‍ണമായും വാണിജ്യതാത്പര്യങ്ങള്‍ക്ക് വിധേയമായിരുന്ന കാലത്താണ് മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി താരമൂല്യമുള്ള മുന്‍നിര താരങ്ങള്‍ ഒറ്റ സിനിമയുടെ ഭാഗമാകുന്നുവെന്ന ആകര്‍ഷണീയതയോടെ 2009 ല്‍ കേരള കഫേ റിലീസാകുന്നത്. ആന്തോളജി എന്ന സങ്കേതം മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമാക്കിയ സിനിമ എന്ന വിശേഷണം കേരള കഫേക്ക് അര്‍ഹതപ്പെട്ടതാണ്. ജനപ്രിയ താരങ്ങളും 10 സംവിധായകരും ഭാഗമായ 10 സിനിമകള്‍ എന്നതായിരുന്നു കേരള കഫേയുടെ വലിയ ആകര്‍ഷണം. ഇതിനു പുറമേ പത്ത് ഛായാഗ്രാഹകര്‍, സംഗീതജ്ഞര്‍, എഡിറ്റര്‍മാര്‍, കലാസംവിധായകര്‍ തുടങ്ങിയവരും സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഈ അതുല്യ സംരംഭത്തില്‍ പങ്കുചേര്‍ന്നു. നൊസ്റ്റാള്‍ജിയ, ഐലന്റ് എക്‌സ്പ്രസ്, ലളിതം ഹിരണ്‍മയം, മൃത്യുഞ്ജയം, ഹാപ്പി ജേണി, അവിരാമം, ഓഫ് സീസണ്‍, ബ്രിഡ്ജ്, മകള്‍, പുറംകാഴ്ചകള്‍ എന്നിവയായിരുന്നു കേരള കഫേയിലെ സിനിമകള്‍. ഷാജി കൈലാസ്, ശ്യാമപ്രസാദ്, ലാല്‍ജോസ്, രേവതി, അന്‍വര്‍ റഷീദ്, അഞ്ജലി മേനോന്‍, ബി.ഉണ്ണികൃഷ്ണന്‍, എം.പത്മകുമാര്‍ തുടങ്ങി മുന്‍നിര സംവിധായകരെല്ലാം കേരള കഫേയുടെ ഭാഗമായി. യാത്രയെന്ന പൊതുവിഷയത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ അവതരിപ്പിക്കുകയായിരുന്നു കേരള കഫേയിലെ ഓരോ ചിത്രവും.
കേരള കഫേ ശ്രദ്ധിക്കപ്പെട്ടതോടെ വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും രണ്ടോ രണ്ടരയോ മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഒതുക്കിപ്പറയാമെന്ന ആന്തോളജി സിനിമകളുടെ സാധ്യത മലയാളത്തിലെ ചലച്ചിത്രകാരന്മാരില്‍ കനംവച്ചു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ പതിറ്റാണ്ടില്‍ നിരവധി സിനിമകളാണ് ഈ ഗണത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. അവയില്‍ ശ്രദ്ധിക്കപ്പെട്ടവ തുലോം തുച്ഛമാണെന്നതാണ് യാഥാര്‍ഥ്യം. ചെലവ് കുറവാണെന്നതും, ചെറിയ പ്ലാറ്റ്‌ഫോമില്‍ ചെറുകിട അഭിനേതാക്കളെ ഉള്‍പ്പെടുത്തി ചെയ്യാമെന്നുമുള്ള സാധ്യതയിലേക്കാണ് കൂടുതല്‍ പേരും ശ്രദ്ധവച്ചത്. അതുകൊണ്ടുതന്നെ പേരുകൊണ്ട് പ്രേക്ഷകര്‍ പെട്ടെന്ന് തിരിച്ചറിയുന്ന ആന്തോളജി സിനിമകള്‍ രണ്ടോ മൂന്നോ എണ്ണത്തിലേക്ക് ചുരുങ്ങുന്നു.
കേരള കഫേക്കു ശേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ആന്തോളജി അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹീര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ അഞ്ചു സുന്ദരികള്‍ ആണ്. സേതുലക്ഷ്മി, ഇഷ, ഗൗരി, കുള്ളന്റെ ഭാര്യ, ആമി എന്നീ ടൈറ്റിലുകളില്‍ അഞ്ച് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ അഞ്ചു സുന്ദരികള്‍ 2013ലാണ് പുറത്തിറങ്ങിയത്. ഷൈജു ഖാലിദിന്റെ സേതുലക്ഷ്മി എം.മുകുന്ദന്റെ ഫോട്ടോ എന്ന കഥയേയും അമല്‍നീരദിന്റെ കുള്ളന്റെ ഭാര്യ ഒരു ചൈനീസ് നാടോടിക്കഥയേയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കേരള കഫേയിലേതു പോലെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ബിജുമേനോന്‍ തുടങ്ങിയ താരസാന്നിധ്യം ഈ ആന്തോളജിക്കും ഗുണം ചെയ്തു.
താരമൂല്യമുള്ള നായകന്മാരെ കേന്ദ്രമാക്കിയായിരുന്നു വി.കെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ആന്തോളജിയും. ജയപ്രകാശ് കൂളൂരിന്റെ നാടകങ്ങളെ ആധാരമാക്കി ആറു വ്യത്യസ്ത കഥകളാണ് പോപ്പിന്‍സ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല.
അഞ്ചു സുന്ദരികള്‍ക്ക് പിറകെ അതേ വര്‍ഷം പുറത്തിറങ്ങിയ ആന്തോളജിയായ ഡി കമ്പനി ത്രില്ലര്‍ ഗാങ്‌സ്റ്റര്‍ ഡ്രാമ വിഭാഗത്തിലുള്ള മൂന്ന് സിനിമകളായിരുന്നു. എം.പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരു ബൊളീവിയന്‍ ഡയറി 1995, ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍, ദി ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്നിവയായിരുന്നു ഡി കമ്പനിയിലെ സെഗ്മെന്റുകള്‍. പ്രമേയസ്വീകരണത്തിലേയും ആഖ്യാനത്തിലേയും വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടാന്‍ ഈ ആന്തോളജിക്കായി.
ഭൂമി, തീ, കാറ്റ്, വെള്ളം എന്നീ ഘടകങ്ങളെ ആധാരമാക്കി നാല് പേരുടെ കഥ പറയുന്ന ബിജോയ് നമ്പ്യാരുടെ സോളോ മലയാളത്തിലെ ആന്തോളജികളിലെ വേറിട്ട പരീക്ഷണമാണ്. വേള്‍ഡ് ഓഫ് ശേഖര്‍ (ബ്ലൈന്‍ഡ് ലൗ), വേള്‍ഡ് ഓഫ് ത്രിലോക് (ദി സൈക്ലിസ്റ്റ്), വേള്‍ഡ് ഓഫ് ശിവ (ടൈസ് ഓഫ് ബ്ലഡ്), വേള്‍ഡ് ഓഫ് രുദ്ര (എവരിതിംഗ് ഈസ് ഫെയര്‍ ഇന്‍ ലൗ ആന്റ് വാര്‍) എന്നീ പേരുകളില്‍ ശിവസങ്കല്‍പ്പം കേന്ദ്ര കഥാപാത്രത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആഖ്യാനശൈലിയാണ് സോളോ ഉപയോഗിക്കുന്നത്. ശേഖര്‍, ത്രിലോക്, ശിവ, രുദ്ര എന്നീ കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചത്.
സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്നു ചെറുസിനിമകളായി അവതരിപ്പിച്ച ആണും പെണ്ണും പ്രണയം, വിശ്വാസവഞ്ചന, കാമം എന്നിവയെക്കുറിച്ചുള്ള ഓരോ സെഗ്മെന്റുകളാണ്. വേണു, ആഷിഖ് അബു, ജയ് കെ. എന്നിവര്‍ സംവിധാനം ചെയ്ത ഈ ചിത്രങ്ങള്‍ മലയാളത്തിലെ ആന്തോളജി വിഭാഗത്തില്‍ പ്രശംസയര്‍ഹിക്കുന്നതാണ്.
വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ കഥകള്‍ ഉള്‍പ്പെടുത്തി സോഹന്‍ലാല്‍ ചെയ്ത ആന്തോളജിയാണ് കഥവീട്. ഒരു യാത്രയില്‍, ആന മയില്‍ ഒട്ടകം, ഒന്നും ഒന്നും മൂന്ന്, ക്രോസ് റോഡ്, ലെസന്‍സ്, ചെരാതുകള്‍ തുടങ്ങിയവയാണ് മലയാളത്തിലിറങ്ങിയ മറ്റ് ആന്തോളജി സിനിമകള്‍.
മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 18, ഷോ റീല്‍ -7
No comments:
Post a Comment