Friday, 18 February 2022

മലയാളത്തിന്റെ മാളൂട്ടി, ഹെലന്‍ ബോളിവുഡിന്റെ ട്രാപ്ഡ് ഹോളിവുഡിന്റെ ഗ്രാവിറ്റി


ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടുപ്പോകുന്ന ആകസ്മികാനുഭവങ്ങള്‍ ഒരുപക്ഷേ ജീവിതത്തില്‍ സംഭവിച്ചേക്കാം. തീര്‍ത്തും സാധാരണമായി പൊയ്‌ക്കൊണ്ടിരുന്ന ജീവിതത്തില്‍ പൊടുന്നനെയായിരിക്കാം ഇത്തരം അപായങ്ങള്‍ സംഭവിക്കുക. ഇത് ജീവിതത്തെ ആകെ കീഴ്‌മേല്‍ മറിക്കും. തനിച്ച് രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ പലതും തേടും. പരിസരത്ത് ആരുമില്ലെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന പ്രതീക്ഷയില്‍ രക്ഷയ്ക്കായുള്ള പരിശ്രമങ്ങള്‍ തുടരും. ഇത്തരം അപകടസന്ധികളില്‍ നിന്ന് ജീവിതത്തിലേക്കുള്ള മനുഷ്യന്റെ തിരിച്ചുവരവിനെ സിനിമ എല്ലാ കാലത്തും പ്രമേയമാക്കിയിട്ടുണ്ട്. ഇതില്‍ പലതും യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ളവയാണ്. അതല്ലാതെ സാങ്കല്‍പ്പിക കഥകളിലെ അപകടവും അതിജീവനവും വിഷയമാക്കിയ സിനിമകളുമേറെ. രക്ഷപ്പെടാനുള്ള പരിശ്രമങ്ങളെയും ഒടുവില്‍ രക്ഷാമാര്‍ഗം തെളിയുന്നതോടെ ശുഭപര്യവസായിയായി തീരുന്നതുമാണ് ഈ സിനിമകള്‍.

മലയാളത്തില്‍ ഇത്തരം പ്രമേയങ്ങള്‍ അധികമുണ്ടായിട്ടില്ലെങ്കിലും ഭരതന്റെ മാളൂട്ടിയും മാത്തുക്കുട്ടി സേവ്യറുടെ ഹെലനും സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്നവയാണ്. 1989 ലെ അമേരിക്കന്‍ ടെലിവിഷന്‍ സിനിമയായ എവരിബഡിസ് ബേബി: ദി റെസ്‌ക്യൂ ഓഫ് ജെസ്സിക്ക മക്ലറെയെ അടിസ്ഥാനമാക്കിയാണ് മാളൂട്ടി ഒരുക്കിയത്. കളിക്കുന്നതിനിടെ കുഴല്‍ക്കിണറിനെടുത്ത കുഴിയില്‍ വീണുപോകുന്ന അഞ്ചു വയസ്സുകാരിയെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഉള്ളുരുക്കത്തോടെയാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. ഹോളിവുഡില്‍ അടക്കം ഒട്ടേറെ സര്‍വൈവല്‍ ത്രില്ലര്‍ സിനിമകള്‍ അതിനോടകം പുറത്തുവന്നിരുന്നെങ്കിലും 1990 ല്‍ മാളൂട്ടിയുടെ പ്രമേയം മലയാളത്തിന് ഏറെ പുതുമയുള്ളതായിരുന്നു.


നഗരത്തിലെ ഷോപ്പിംഗ് മാളിലെ ചിക്കന്‍ ഹബില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി സ്ഥാപനത്തിലെ ഫ്രീസര്‍ റൂമില്‍ ഒരു രാത്രി കുടുങ്ങിപ്പോവുന്നതാണ് ഹെലന്റെ പ്രമേയം. മൈനസ് 18 ഡിഗ്രി താപനിലയില്‍ അവള്‍ എങ്ങനെ മുന്നോട്ടുപോകും എന്ന ഉദ്വേഗത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുന്നത്. അവതരണം കൊണ്ട് ശ്രദ്ധ നേടിയ ഈ ചിത്രം തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

വിക്രമാദിത്യ മോട്ട്‌വാനെയുടെ ബോളിവുഡ് ചിത്രം ട്രാപ്ഡില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് കേന്ദ്ര കഥാപാത്രമായ ശൗര്യ അകപ്പെടുന്നത്. കാമുകിയുമായി ഒളിച്ചോടാന്‍ പദ്ധതിയിടുന്ന ശൗര്യ തങ്ങള്‍ക്ക് താമസിക്കാന്‍ സ്ഥലം അന്വേഷിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ പെട്ടുപോകുന്നത്. രക്ഷപ്പെടാനായി പൂട്ട് പൊളിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു. വയറിംഗ് തകരാറിലായതിനാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ വൈദ്യുതി ഇല്ലാതാകുന്നു. സഹായത്തിനായി വിളിക്കുന്നതിന് മുമ്പ് ഫോണിലെ ബാറ്ററി തീര്‍ന്നു. പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടമാകുന്ന ശൗര്യ ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാതെ ജീവിക്കാന്‍ പാടുപെടുകയാണ്. ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ അയാള്‍ ക്രമേണ കൂടുതല്‍ ക്ലോസ്‌ട്രോഫോബിക് (ഇടുങ്ങിയ സ്ഥലം ഉണര്‍ത്തുന്ന ക്രമാതീത ഭയം) ആയിത്തീരുന്നു. പാറ്റയേയും ഉറുമ്പിനേയും പ്രാവിനേയും ഭക്ഷിച്ച് വിശപ്പടക്കാന്‍ ശ്രമിക്കുന്നു. ആരോടും സംസാരിക്കാതിരിക്കുന്ന അവസ്ഥ മറികടക്കാന്‍ എലിയോടാണ് ശൗര്യ മിണ്ടുന്നത്. തനിക്കൊപ്പം കടുത്ത തണുപ്പില്‍ പെട്ടുപോകുന്ന എലിയെ സംരക്ഷിക്കുന്ന നായികയെ ഹെലനില്‍ കാണാം. ഒറ്റപ്പെടുന്ന മനുഷ്യന്‍ കടന്നുപോകുന്ന ഭിന്ന അവസ്ഥകളാണിത്. രക്ഷപ്പെടാനുള്ള അവസാനശ്രമമെന്ന നിലയില്‍ ഒരു ലോഹ ഷീറ്റ് ഉപയോഗിച്ച് ബാല്‍ക്കണി ഗേറ്റിലൂടെ വെട്ടാന്‍ തുടങ്ങുകയും ഒടുവില്‍ വിജയിക്കുകയുമാണ് ശൗര്യ.

സര്‍വൈവല്‍ ത്രില്ലര്‍ സിനിമകള്‍ ഏറ്റവുമധികം ഉണ്ടായിട്ടുള്ളത് ഹോളിവുഡിലാണ്. മുറിക്കകത്തും വീടിനകത്തും തുടങ്ങി കാട്ടിലും കടലിലും ബഹിരാകാശത്തും ഒറ്റപ്പെട്ടുപോയവരുടെ മാനസികാവസ്ഥകളെയും അതിജീവനശ്രമങ്ങളെയും ചിത്രീകരിച്ച് ഹോളിവുഡ് ലോകകാണികളെ വിസ്മയിപ്പിച്ചു. 


സര്‍വൈവല്‍ ഡ്രാമ സിനിമകളില്‍ ലോകമെങ്ങും ഏറെ ആരാധകരെ നേടിയ ഹോളിവുഡ് ചിത്രമാണ് റോബര്‍ട്ട് സെമക്കിസിന്റെ കാസ്റ്റ് എവേ. 2000ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഒരു വിമാനാപകടത്തിനു ശേഷം തെക്കന്‍ പെസഫിക്കിലെ വിജനമായ ദ്വീപില്‍ അകപ്പെടുന്ന ചക്ക് നോളണ്ട് എന്ന കഥാപാത്രത്തെയാണ് ടോം ഹാങ്ക്‌സ് അവതരിപ്പിച്ചത്. നാലു വര്‍ഷത്തോളം ദ്വീപില്‍ കഴിയേണ്ടിവരുന്ന ചക്ക് പലതവണ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. വിരസതയകറ്റാന്‍ പല വഴികളും തേടുന്നു. ഒരു പന്തിനെ മനുഷ്യനായി കണ്ട് അതിനോട് സുഹൃത്തിനോടെന്ന പോലെ അടുക്കുന്നുണ്ട്. ഇതിനിടെ പരിശ്രമം കൊണ്ട് ഒരു ചങ്ങാടം ഉണ്ടാക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരു കപ്പലിന്റെ സഹായത്താല്‍ തിരികെ നാട്ടിലെത്തുകയാണ് ചക്ക്. ദ്വീപിലകപ്പെടുന്ന റോബിന്‍സന്‍ ക്രൂസോയുടെ കഥയിലെ അതിജീവനശ്രമങ്ങളോട് താദാത്മ്യപ്പെടുത്താനാകും ചക്ക് നോളണ്ടിന്റെ അവസ്ഥയെ.

യാന്‍ മാര്‍ട്ടെലിന്റെ ലൈഫ് ഓഫ് പൈ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ പുറത്തിറങ്ങിയ ആങ് ലീ ചിത്രം അതിജീവനത്തിനായി കടലിനോടും കടുവയോടും പൊരുതുന്ന മനുഷ്യനെയാണ് കേന്ദ്രമാക്കിയത്. 

ചൊവ്വയില്‍ ഉപേക്ഷിക്കപ്പെട്ട ബഹിരാകാശയാത്രികന്റെ അതിജീവന ശ്രമവും അയാളെ രക്ഷിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളും റിഡ്‌ലി സ്‌കോട്ട് മാര്‍ഷ്യനില്‍ പ്രമേയമാക്കിയപ്പോള്‍ തങ്ങളുടെ ബഹിരാകാശവാഹനത്തിന്റെ മധ്യ ഭ്രമണപഥത്തിലെ നാശത്തെത്തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങിയ അമേരിക്കന്‍ ബഹിരാകാശയാത്രികരുടെ ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളെ അല്‍ഫോന്‍സോ ക്യൂറോണിന്റെ ഗ്രാവിന്റെ ദൃശ്യവത്കരിച്ചു. സാന്ദ്രാ ബുള്ളോക്ക് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒറ്റപ്പെടല്‍ ഒരു വേള പ്രേക്ഷകന് തന്റേതെന്നതു പോലെയുള്ള അവസ്ഥ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു ഗ്രാവിറ്റിയുടെ ആഖ്യാനമികവ്.


1996ല്‍ എവറസ്റ്റ് പര്‍വ്വതാരോഹണത്തിനിടെ സംഭവിച്ച ദുരന്തം പശ്ചാത്തലമാക്കുന്ന ചിത്രമാണ് എവറസ്റ്റ്. രണ്ട് പര്‍വതാരോഹക സംഘങ്ങളുടെ അതിജീവനം പ്രമേയമാക്കിയ ബാല്‍തസാര്‍ കോര്‍മക്കൂറിന്റെ ഈ ചിത്രത്തിന് ചിത്രീകരണ മികവ് കൊണ്ട് ഏറെ അഭിനന്ദനം നേടിയെടുക്കാനായി. 

ഇസ്രായേലി സാഹസികനായ യോസി ഗിന്‍സ്ബെര്‍ഗിന്റെ ആമസോണ്‍ മഴക്കാടുകളിലേക്കുള്ള യഥാര്‍ഥ യാത്രയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രെഗ് മക്ലീന്റെ ഓസ്ട്രേലിയന്‍ ചിത്രമായ ജംഗിള്‍.  അജ്ഞാതമായ വനങ്ങള്‍ പര്യവേഷണം ചെയ്യാനും അവിടത്തെ മനുഷ്യരെ കണ്ടുമുട്ടാനുമുള്ള സാധ്യതകള്‍ തേടുന്നയാളാണ് യോസി. ആമസോണ്‍ കാടുകളിലേക്കുള്ള യാത്രക്കിടെ യാദൃശ്ചികമായി ഒറ്റപ്പെട്ടുപോകുന്ന യോസിയുടെ അതീജീവന ശ്രമങ്ങളാണ് സിനിമ വിഷയമാക്കുന്നത്. 

  മനോജ് നൈറ്റ് ശ്യാമളന്റെ ഓള്‍ഡ് സര്‍വൈവല്‍ ത്രില്ലര്‍ ജോണറില്‍ പുറത്തിറങ്ങിയ പുതിയ സിനിമകളിലൊന്നാണ്. ആളൊഴിഞ്ഞ ബീച്ചില്‍ അകപ്പെടുന്ന ഒരു കൂട്ടം ആളുകളെ കേന്ദ്രീകരിക്കുന്നതാണ് ഈ സിനിമ. ഈ വിചിത്രമായ പ്രദേശത്ത് ആളുകള്‍ക്ക് പെട്ടെന്ന് വാര്‍ധക്യം നേരിടേണ്ടിവരുന്നു. ഇവരുടെ അതിജീവന ശ്രമങ്ങളാണ് പിന്നീട്. പിയറി ഓസ്‌കാര്‍ ലെവിയുടെയും ഫ്രെഡറിക് പീറ്റേഴ്‌സിന്റെയും ഫ്രഞ്ച് ഭാഷയിലുള്ള സ്വിസ് ഗ്രാഫിക് നോവലായ സാന്‍ഡ്കാസില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഫെബ്രുവരി 10, ഷോ റീല്‍ -6

No comments:

Post a Comment