സൂപ്പര്‍ ഹീറോ സിനിമയെന്നാല്‍ നമുക്ക് അപ്രാപ്യമായ ഒരു സങ്കേതമെന്നും ഹോളിവുഡ് പോലുള്ള ഗ്ലോബല്‍ ഫിലിം ഇന്‍ഡസ്ട്രി 1000 കോടിക്കു മുകളില്‍ മുടക്കി സാധ്യമാക്കുന്ന ഒന്നെന്നുമുള്ള ധാരണ പരക്കെ നിലനിന്നിരുന്നു. നമ്മുടെ സിനിമാ മേഖലയിലും പ്രേക്ഷകര്‍ക്കിടയിലും കാലങ്ങളായി നിലനിന്നുപോന്ന ഈ ധാരണയെയാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി എന്ന സിനിമയിലൂടെ തകര്‍ത്തെറിയുന്നത്. അതുകൊണ്ടുതന്നെ കേവലം ഒരു സിനിമ എന്നതില്‍ കവിഞ്ഞ് മലയാള സിനിമാ ചരിത്രത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പേരാണ് മിന്നല്‍ മുരളിയുടേത്.
ഒടിടി പ്ലാറ്റ്‌ഫോം എന്ന ഗ്ലോബല്‍ ഫിലിം മാര്‍ക്കറ്റിംഗ് സാധ്യത മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ തന്നെയും താരതമ്യേന തീരെ ചെറിയ ഇന്‍ഡസ്ട്രിയാണ് മലയാളത്തിന്റേത്. അവിടെ മുതല്‍മുടക്കുന്നതിന് നിര്‍മ്മാതാക്കള്‍ കൃത്യമായ പരിധി വയ്ക്കും. അപ്പോള്‍ വന്‍മുതല്‍മുടക്ക് ആവശ്യമുള്ള ഒരു സൂപ്പര്‍ഹീറോ സിനിമയോ സയന്‍സ് ഫിക്ഷന്‍ സിനിമയോ ഇവിടെനിന്ന് ഉടനടി സാധ്യമാകാനിടയില്ല എന്നു വ്യക്തമാണ്. ഇത്തരം പരിധികളും പരിമിതികളുമുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ നിന്നാണ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ സിനിമ ജനിക്കുന്നത്. മലയാളം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് താരതമ്യേന വലിയ മുതല്‍മുടക്കായ 18 കോടിയാണ് മിന്നല്‍മുരളിക്കായി മുടക്കിയത്. ഇത് ബേസില്‍ ജോസഫ് എന്ന പ്രതിഭാധനനായ സംവിധായകനിലുള്ള വിശ്വാസം കൊണ്ടു തന്നെയാകണം.
കേരളീയ പശ്ചാത്തലത്തില്‍ പൂര്‍ണ വിശ്വാസ്യതയോടെ ഒരു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുകയാണ് മിന്നല്‍ മുരളിയില്‍. ഈ സൂപ്പര്‍ ഹീറോയുടെ കഥാപരിസരത്തില്‍ അതിശയോക്തിപരമായി യാതൊന്നും കടന്നുവരുന്നില്ല. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ഇക്കൂട്ടരില്‍ ഒരാളാണ് അമേരിക്കയില്‍ പോവാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കേന്ദ്ര കഥാപാത്രമായ തയ്യല്‍ക്കാരന്‍ ജെയ്സണ്‍ എന്ന മിന്നല്‍മുരളി. കുറുക്കന്‍മൂലക്കാരുടെ ഏറ്റവും സാധാരണമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്. മിന്നലേല്‍ക്കുന്ന ജെയ്‌സണും ഷിബുവിനും ചില സവിശേഷ കഴിവുകള്‍ ലഭിക്കുന്നതോടെ നായക, പ്രതിനായക ബിംബങ്ങളിലേക്കും രക്ഷക പരിവേഷത്തിലേക്കും സിനിമ സഞ്ചരിക്കുന്നു.
നായകനോളം വിശദീകരണമുണ്ട് മിന്നല്‍ മുരളിയിലെ പ്രതിനായകനും. പ്രതിനായകനിലൂടെയാണ് സിനിമ പ്രധാന വഴിത്തിരിവുകളിലേക്ക് സഞ്ചരിക്കുന്നതും. വലിയൊരു ഇഷ്ടത്തിന്റെ സഫലീകരണത്തിനു വേണ്ടിയാണ് ഷിബു ഒരു സാധാരണ മനുഷ്യനില്‍ നിന്ന് പ്രതിനായകന്റെ വേഷമണിയുന്നത്. തനിക്കു കൈവരുന്ന സവിശേഷ സിദ്ധി ഇതിനായി അയാള്‍ ഉപയോഗപ്പെടുത്തുന്നു. ജീവിതത്തില്‍ ഉടനീളം ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഷിബുവിന് ലക്ഷ്യബോധത്തിലേക്ക് വഴികാട്ടിയ ഏക വെളിച്ചമായിരുന്നു ഉഷ. കുട്ടിക്കാലത്തേ അനാഥനായ ഷിബുവിനു മുന്നില്‍ അന്നത്തിന്റെ രൂപത്തില്‍ കരുണ കാണിച്ചവള്‍. ആ സ്‌നേഹം പിന്നീട് ഷിബുവിന്റെ വളര്‍ച്ചയോളം പടര്‍ന്നുപന്തലിക്കുന്നു. അവള്‍ക്കു വേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പത്രയും. ഏറെ വൈകി അവളത് തിരിച്ചറിയുന്ന വേളയില്‍ തന്നെ വിധി മറ്റൊന്നാകുമ്പോള്‍ ജീവിതത്തിലെ അവശേഷിക്കുന്ന ഒരേയൊരു നാളമാണ് ഷിബുവില്‍നിന്ന് അണഞ്ഞുപോകുന്നത്. അതോടെയാണ് അയാള്‍ ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന പ്രതിനായക സ്വത്വമണിയുന്നത്. ഷിബുവിനോട് ഒരിക്കലും കരുണ കാണിക്കാതെയും ഭ്രാന്തനെന്ന ചുട്ടി ചാര്‍ത്തിനല്‍കുകയും ചെയ്ത നാടും നാട്ടുകാരുമാണ് യഥാര്‍ഥത്തില്‍ അയാളെ പ്രതിനായകനാക്കുന്നത്. എന്നാല്‍ നിരപരാധികളെ നശിപ്പിക്കുന്ന ചെയ്തികളിലേക്ക് വളരുന്നയാളെ ഏത് ആര്‍ദ്രഭാവത്തിന്റെ പേരിലായാലും സാധൂകരിക്കാനും വയ്യ. ഇവിടെയാണ് മിന്നല്‍ മുരളി കുറുക്കന്‍മൂലയെന്ന നാടിന്റെ രക്ഷകനായ സൂപ്പര്‍ഹീറോയായി അവതരിക്കുന്നത്.
കൃത്യമായി ഗൃഹപാഠം ചെയ്തിട്ടുള്ള തിരക്കഥയാണ് മിന്നല്‍മുരളിയുടെ കരുത്ത്. തുടക്കം മുതല്‍ ഒടുക്കം വരെ രസച്ചരട് പൊട്ടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിനാകുന്നു. നല്ല ഇഴയടുപ്പത്തോടെ നെയ്‌തെടുത്ത തിരക്കഥയില്‍ കഥാപാത്രങ്ങളെ വിദഗ്ധമായി കണ്ണിചേര്‍ത്തിരിക്കുന്നു. പഴുതുകളടച്ച ഈ തിരക്കഥയിലേക്ക് തന്നിലെ മികച്ച ക്രാഫ്റ്റ്മാന്റെ പ്രതിഭയെ ബേസില്‍ ജോസഫ് സന്നിവേശിപ്പിക്കുമ്പോള്‍ മലയാളത്തെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ പാകത്തിലുള്ള ഒരു സിനിമയായി മിന്നല്‍ മുരളി മാറുന്നു. നെറ്റ്ഫ്‌ളിക്‌സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തിലുള്ള കാഴ്ചക്കാരെ നേടിയെടുക്കാനും തുടര്‍ച്ചയായി ദിവസങ്ങളോളം മറ്റു ലോകഭാഷാ ചിത്രങ്ങളെ പിറകിലാക്കി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍പന്തിയിലെത്താനും മിന്നല്‍ മുരളിക്കായി.
ഒരു സൂപ്പര്‍ ഹീറോ സിനിമയ്ക്ക് അത്യാവശ്യം വേണ്ടുന്ന ചേരുവയായ വിഷ്വല്‍ ഇഫക്ട്‌സ് മിതമായും ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിലും മാത്രം ഉപയോഗപ്പെടുത്തുകയാണ് മിന്നല്‍ മുരളിയില്‍ ചെയ്തിട്ടുള്ളത്. ഇത് ഏറെ അഭിനന്ദനാര്‍ഹമാണ്. വിഷ്വല്‍ ഇഫക്ട്‌സില്‍ വിശ്വസനീയത വരുത്താനായില്ലെങ്കില്‍ ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ ആകെ ഫലത്തെത്തന്നെയായിരിക്കും ബാധിക്കുകയെന്ന തികഞ്ഞ ബോധ്യം മിന്നല്‍ മുരളിയുടെ അണിയറക്കാര്‍ക്കുണ്ട്. ഗ്രാഫിക്‌സ്, ക്യാമറ, പശ്ചാത്തല സംഗീതം, സൂപ്പര്‍ ഹീറോകള്‍ മുഖാമുഖമെത്തുന്ന സംഘട്ടന രംഗങ്ങള്‍ എന്നിവയിലെ മികവും മിന്നല്‍ മുരളിയെ ലോകനിലവാരമുള്ള സൃഷ്ടിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.
ഇങ്ങനെയുമാകാം ഒരു സൂപ്പര്‍ ഹീറോ സിനിമ എന്ന് ലോകത്തിനു മുന്നില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ മിന്നല്‍ മുരളിക്ക് സാധിക്കുന്നുണ്ട്. ഈ മാതൃക പിന്തുടര്‍ന്ന് മറ്റു ഭാഷകളില്‍ ലോക്കല്‍ സൂപ്പര്‍ ഹീറോ സിനിമകള്‍ വൈകാതെ ഉടലെടുത്തേക്കാം. സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, അയേണ്‍മാന്‍, സൂപ്പര്‍മാന്‍ പോലുള്ള ആഗോള സൂപ്പര്‍ ഹീറോകള്‍ കുത്തകയാക്കി വച്ചിരുന്ന ഇടത്തിലേക്കായിരിക്കും ഈ പുത്തന്‍ സൂപ്പര്‍ ഹീറോകളുടെ പരിമിതികള്‍ക്കപ്പുറത്തേക്കുള്ള രംഗപ്രവേശം.
മികച്ച മെയ്‌വഴക്കത്തോടെ ടൊവിനോ തോമസ് മിന്നല്‍ മുരളിയെന്ന സൂപ്പര്‍ഹീറോയായി പരകായ പ്രവേശം നടത്തി കരിയറില്‍ പൊളിച്ചെഴുത്ത് നടത്തുമ്പോള്‍ ഈ സിനിമയുടെയും കഥാപാത്രത്തിന്റെയും തുടര്‍ച്ചകള്‍ക്കായിട്ടാണ് ഇനി പ്രേക്ഷകരുടെ കാത്തിരിപ്പ്. നിലവില്‍ മലയാള സിനിമയില്‍ ഇത്തരമൊരു കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാനുള്ള ശരീരവഴക്കവും സ്വാഭാവികതയും തനിക്കു സ്വന്തമാണെന്നതില്‍ ടൊവിനോയ്ക്ക് അഭിമാനിക്കാം. കരിയര്‍ ബ്രേക്ക് അല്ലെങ്കില്‍ മാസ്റ്റര്‍പീസ് എന്ന നിലയിലേക്കുള്ള ടൊവിനോയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി.
നായകനോളം പ്രാധാന്യമുള്ള ഷിബു എന്ന പ്രതിനായക കഥാപാത്രമായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ സ്വാഭാവിക പ്രകടനമികവാണ് മിന്നല്‍ മുരളിയുടെ മറ്റൊരു പ്രധാന സവിശേഷത. പ്രതിനായകന്റെ പ്രണയവും കാത്തിരിപ്പും അയാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വന്നുചേരുന്ന വെളിച്ചവും അതണയുമ്പോഴത്തെ പ്രതികാര ത്വരയും ഗുരു സോമസുന്ദരത്തിലെ നടനില്‍ പൂര്‍ണത പ്രാപിക്കുന്നു. ഷിബുവിന്റെ തമിഴ് കലര്‍ന്ന മലയാളമാണ് ആ സംഭാഷണത്തിനും കഥാപാത്രത്തിനും സൗന്ദര്യം കൂട്ടുന്നത്. അഭിനയത്തിലെ നാടകീയത പാടേ വിട്ടുകളഞ്ഞ് ക്യാമറയ്ക്കു മുന്നില്‍ ഏറ്റവും സ്വാഭാവികമായി പ്രതികരിക്കുന്നവരെയാണ് മികച്ച അഭിനേതാക്കളെന്ന് പുതിയകാല പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇവര്‍ മാനറിസങ്ങളിലെ ആവര്‍ത്തനം കൊണ്ട് കാണികളെ വിരസരാക്കുന്നേയില്ല. പരിചയവട്ടത്തിലെ മനുഷ്യരായി ഇവരെ കാണാനുമാകും. അക്കൂട്ടത്തിലാണ് ഗുരു സോമസുന്ദരത്തിന്റെ ഇടം. നാടകക്കളരിയില്‍ വര്‍ഷങ്ങള്‍കൊണ്ട് ഒന്നാന്തരമായി രാകിമിനുക്കിയെടുത്ത നടനാണ് ഗുരു സോമസുന്ദരം. ഈ വഴക്കവും ഒരു സാധാരണ മനുഷ്യന്റെ മുഖവും ശരീരവുമാണ് സോമസുന്ദരത്തിലെ നടന്റെ കരുത്ത്. അയാളെ കഥാപാത്രങ്ങള്‍ക്കായി ഏതു വിധത്തിലും പരുവപ്പെടുത്തിയെടുക്കാനാകും. മിന്നല്‍ മുരളിയിലെ പ്രതിനായകന്റെ ശരീരത്തിലും ശബ്ദത്തിലും ബേസില്‍ ജോസഫ് കണ്ടെടുത്ത സാധ്യത അതാണ്. ഈ കഥാപാത്രത്തിനായി ഗുരു സോമസുന്ദരത്തെ തെരഞ്ഞെടുത്ത കാസ്റ്റിംഗ് മികവിന് ബേസില്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ കൈയടി അര്‍ഹിക്കുന്നു. ഉഷ (ഷെല്ലി കിഷോര്‍), ജോസ്‌മോന്‍ (വസിഷ്ഠ് ഉമേഷ്), ബ്രൂസ്ലി ബിജി (ഫെമിന ജോര്‍ജ്), സിബി പോത്തന്‍ (അജു വര്‍ഗീസ്), എസ് ഐ സാജന്‍ ആന്റണി (ബൈജു), ജെയ്‌സന്റെ സഹോദരി (ആര്യ സലിം), ബിന്‍സി (സ്‌നേഹ ബാബു) തുടങ്ങി മറ്റു കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതിലും പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നതിലും സിനിമ മികവ് കാട്ടുന്നു.
അക്ഷരകൈരളി, 2022 ജനുവരി
No comments:
Post a Comment