Friday, 12 April 2024

സരസ്വതി സമ്മാന്‍ നിറവില്‍ പ്രഭാവര്‍മ്മയും മലയാളവും


സാഹിത്യത്തിനുള്ള 2023 ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് കവി പ്രഭാവര്‍മ്മ അര്‍ഹനായി. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമാണ് ഈ മഹത്തായ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. 'രൗദ്രസാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. 

പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് സരസ്വതി സമ്മാന്‍. മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 22 ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഇക്കുറി പുരസ്‌ക്കാരത്തിനായി പരിഗണിച്ചിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യ കൃതികളില്‍ നിന്ന് പണ്ഡിതരും സാഹിത്യ പ്രതിഭകളുമടങ്ങുന്ന സമിതിയാണ് സരസ്വതി സമ്മാന്‍ ജേതാവിനെ തെരഞ്ഞെടുക്കുന്നത്.

അധികാരവും വ്യക്തിയും കലയും തമ്മിലുള്ള ബന്ധങ്ങളെയും സംഘര്‍ഷങ്ങളെയും അനന്യമായ രീതിയില്‍ പരിശോധിക്കുന്ന കാവ്യാഖ്യായികയാണ് 'രൗദ്രസാത്വിക'മെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. സ്ഥല, കാലങ്ങള്‍ക്ക് അതീതമായി ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും സമസ്യകളെ അഭിസംബോധന ചെയ്യുന്ന, ഇതിഹാസമാനങ്ങളുള്ള ആധുനിക ക്ലാസിക്കാണ് 'രൗദ്രസാത്വികം' എന്നും സമിതി അഭിപ്രായപ്പെട്ടു. 


ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മികച്ച സാഹിത്യ സൃഷ്ടിക്ക് നല്‍കിവരുന്ന സരസ്വതി സമ്മാന്‍ 1991 ല്‍ കെ കെ ബിര്‍ള ഫൗണ്ടേഷനാണ് രൂപീകരിച്ചത്. ആദ്യത്തെ സരസ്വതി പുരസ്‌കാരം ലഭിച്ചത് പ്രശസ്ത ഹിന്ദി കവിയായ ഹരിവംശ്‌റായി ബച്ചനാണ്. നാലാം തവണയാണ് മലയാള സാഹിത്യത്തിന് സരസ്വതി സമ്മാന്‍ വന്നുചേരുന്നത്. 1995 ല്‍ ബാലാമണിയമ്മയിലൂടെയാണ് മലയാളം ആദ്യമായി സരസ്വതി സമ്മാനം നേടുന്നത്. പിന്നീട് 2005 ല്‍ അയ്യപ്പപ്പണിക്കരും 2012 ല്‍ സുഗതകുമാരിയും ഈ ഉന്നത പുരസ്‌കാരത്തിന് അര്‍ഹരായി.

പരമ്പരാഗത കാവ്യാനുശീലന ശൈലി പിന്തുടരുന്ന കവി എന്ന നിലയിലാണ് ആധുനിക മലയാള സാഹിത്യത്തില്‍ പ്രഭാവര്‍മ്മ വേറിട്ടു നില്‍ക്കുന്നത്. പാരമ്പര്യത്തെ പുരോഗമനാത്മകമായ പാതയില്‍ പുനര്‍വായന നടത്തുകയാണ് പ്രഭാവര്‍മ്മയിലെ കവി ചെയ്യുന്നത്. പുരാണേതിഹാസങ്ങളുടെയും ചരിത്രത്തിന്റെയും പുനര്‍വായന നടത്തുന്ന പ്രഭാവര്‍മ്മയുടെ കാവ്യങ്ങളിലുടനീളം ഈ പുരോഗമന ചിന്തയും മാനവികതയും തുടര്‍ന്നു പോരുന്നതു കാണാം. സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹമായ രൗദ്രസാത്വികത്തിന്റെ ആവിഷ്‌കാര രീതിയും മറ്റൊന്നല്ല. റഷ്യയുടെ സര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലമാണ് രൗദ്രസാത്വികത്തിന് പശ്ചാത്തലമാകുന്നത്.


സര്‍ ചക്രവര്‍ത്തിയുടെ നിഷ്ഠൂരഭരണത്തിന്‍ ഞെരിഞ്ഞമരുന്ന റഷ്യയിലെ ജനങ്ങള്‍ രക്തരൂക്ഷിത വിപ്ലവത്തിലൂടെ മാത്രമേ മോചനമുണ്ടാകൂ എന്ന് കരുതുന്നു. അവര്‍ കവിയും വിപ്ലവസംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിനെ സര്‍ ചക്രവര്‍ത്തിയെ വധിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. ഒരു മുള്‍പ്പിടര്‍പ്പില്‍ ബോംബുമായി ഒളിച്ചിരിക്കുന്ന കാലിയേവ് വണ്ടിയില്‍ വരുന്ന ചക്രവര്‍ത്തിക്കു നേരെ ബോംബെറിയാന്‍ കൈയുയര്‍ത്തിയെങ്കിലും ചക്രവര്‍ത്തിയുടെ മടിയില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞിനെക്കണ്ട് ആ ഘോരകൃത്യത്തില്‍ നിന്ന് പിന്തിരിയുന്നു. സന്ദര്‍ഭം ഒത്തുവന്നിട്ടും അവസരം നഷ്ടപ്പെടുത്തിയ കാലിയവേിനെ വിപ്ലവസംഘം ശത്രുവായി മുദ്ര കുത്തുന്നു. അവര്‍ ആ യുവാവിനെ വേട്ടയാടുന്നു. ജീവന്‍ രക്ഷിക്കാനുള്ള പ്രയാണത്തില്‍ അനുഭവങ്ങളുടെ തീക്കടലാണ് പിന്നീട് കാലിയേവിനെ കാത്തിരുന്നത്. സ്വേച്ഛാധികാരിയുടെ പതനത്തിനു ശേഷം അനുഭവങ്ങളുടെ വടുക്കളും പേറി ജന്മനാട്ടിലെത്തിയ കാലിയേവ് എത്തിപ്പെടുന്നത് തന്റെ പേരില്‍ കെട്ടിപ്പൊക്കിയ പ്രതിമയുടെ മുന്നിലാണ്. ഈ ഘട്ടത്തില്‍ അപരന്‍ താനായും താന്‍ അപരനായും പാപം പുണ്യമായും പുണ്യം പാപമായും മാറിപ്പോകുന്ന വൈരുദ്ധ്യത്തില്‍ അകപ്പെടുകയാണ് കാലിയേവ്. 

വളരെ എളുപ്പത്തില്‍ പട്ടു പോകുന്ന ഉപരിപ്ലവങ്ങളായ സാഹിത്യരചനകള്‍ നിറഞ്ഞ വര്‍ത്തമാന സാഹിത്യകാലത്ത് ഉള്‍ക്കനമുള്ളതും കാലാതീതവുമായ കാവ്യാഖ്യായിക എന്ന നിലയിലാണ് രൗദ്രസാത്വികം ശ്രദ്ധ നേടുന്നത്. അശാന്തമായ സ്വത്വപ്രതിസന്ധിയുടെയും ആത്മാന്വേഷണത്തിന്റെയും കാവ്യാഖ്യായികയായ രൗദ്രസാത്വികം ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന വിശിഷ്ടകൃതിയാണിത്. ശൈലിയിലും സമീപനത്തിലും ഉത്കൃഷ്ടത സൂക്ഷിക്കുന്ന ആഖ്യാനമാണ് ഈ കൃതിയുടേത്. എല്ലാ മഹത്തായ സാഹിത്യസൃഷ്ടികളും പോലെ സാര്‍വ്വത്രികമായ മാനമാണ് രൗദ്രസാത്വികത്തിന്റെയും സവിശേഷത. ഒരു റഷ്യന്‍ വിപ്ലവ കവിയുടെ വികാരവിചാരങ്ങളെ ലോകത്തെ ഓരോ മനുഷ്യന്റേതുമാക്കി മാറുമ്പോഴാണ് രചനയിലെ ഉത്കൃഷ്ടത വെളിവാകുന്നത്.


സരസ്വതി സമ്മാന്‍ മലയാളത്തിലേക്ക് എത്തിക്കുന്നതില്‍ തന്റെ കൃതി ഒരു കാരണമായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പുരസ്‌കാര നേട്ടത്തിനു ശേഷം പ്രഭാവര്‍മ്മ പ്രതികരിച്ചു. കവിതയില്‍ താന്‍ പുലര്‍ത്തിപോന്ന നിലപാടിനുള്ള അംഗീകാരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കവിതയുടെ ഛന്ദസ്, വൃത്തനിബദ്ധത, താളാത്മകത, ഈണം, സംഗീതാത്മകത എന്നിവ നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് തന്റെ കവിത സ്വീകാര്യമാകുമോ എന്ന് ഉല്‍ക്കണ്ഠപ്പെട്ട് അവര്‍ ആവശ്യപ്പെടുന്ന തലത്തിലേക്ക് എഴുത്തുരീതി മാറ്റിയിട്ടില്ല. തനിക്കെന്താണോ കവിത, അത് എഴുതുകയേ ചെയ്തിട്ടുള്ളൂ. ആ ആത്മാര്‍ഥത അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും പ്രഭാവര്‍മ്മ പറഞ്ഞു.

1959 ല്‍ ടി.കെ. നാരായണന്‍ നമ്പൂതിരിയുടെയും എന്‍. പങ്കജാക്ഷി തമ്പുരാട്ടിയുടെയും മകനായി തിരുവല്ലയില്‍ ജനിച്ച പ്രഭാവര്‍മ്മ പരുമല ഡി ബി കോളേജ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. വിദ്യാഭ്യാസ കാലം തൊട്ടെ വായനയിലും എഴുത്തിലും ആഭിമുഖ്യം കാണിച്ച പ്രഭാവര്‍മ്മയുടെ ആദ്യ കവിതാ സമാഹാരമായ സൗപര്‍ണിക 1990 ലാണ് പ്രസിദ്ധീകരിക്കുന്നത്. ശ്യാമമാധവം, കനല്‍ച്ചിലമ്പ്, രൗദ്രസാത്വികം എന്നീ കാവ്യാഖ്യായികകള്‍, സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, അവിചാരിതം അടക്കം പന്ത്രണ്ടു കാവ്യസമാഹാരങ്ങള്‍, ആഫറ്റ്ര്‍ ദ ആഫറ്റ്ര്‍മാത്ത് എന്ന ഇംഗ്ലിഷ് നോവല്‍, ഏഴ് ഗദ്യസാഹിത്യ കൃതികള്‍, സമകാലിക വിഷയങ്ങള്‍ സംബന്ധിച്ച് നാലുകൃതികള്‍, ഒരു യാത്രാവിവരണം, ഒരു മാധ്യമ സംസ്‌കാര പഠനം എന്നിവ രചിച്ചിട്ടുണ്ട്. ഇംഗ്ലിഷിലേക്കും ഇതരഭാഷകളിലേക്കും കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അര്‍ക്കപൂര്‍ണിമയിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 


പ്രഭാവര്‍മ്മയുടെ സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചനന്ദനാഴി, ശ്യാമമാധവം തുടങ്ങിയ രചനകള്‍ മലയാള കവിതയുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നവയാണ്. എഴുത്തച്ഛന്‍ മുതല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി വരെയുള്ള മുന്‍തലമുറയുടെ കാവ്യപാരമ്പര്യവും കാവ്യാനുശീലനവുമാണ് പ്രഭാവര്‍മ്മ നിലനിര്‍ത്തിയത്. ആധുനിക, ഉത്തരാധുനിക മലയാള കവികളില്‍ അതുകൊണ്ടുതന്നെ പ്രഭാവര്‍മ്മ വേറിട്ടു നിലകൊണ്ടു. വര്‍ത്തമാനകാല മലയാള കവിതയില്‍ തന്റേതുമായ മാത്രമായ ശൈലിയും ശബ്ദവുമാണ് പ്രഭാവര്‍മ്മയുടേത്. ഭാരതീയ കാവ്യ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച കൂടിയാണ് പ്രഭാവര്‍മ്മക്കവിതകള്‍ അടയാളപ്പെടുത്തുന്നത്.

പ്രഭാവര്‍മ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാര്‍ അവാര്‍ഡും നേടിക്കൊടുത്ത ശ്യാമമാധവം എന്ന കാവ്യാഖ്യായിക മലയാള സാഹിത്യചരിത്രത്തില്‍ തന്നെ തികച്ചും വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ്. സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണമനസ്സിലൂടെ കടന്നുപോയ പോയകാല ജീവിത ചിത്രങ്ങള്‍ പ്രമേയമാക്കിയ കൃതിയാണ് ശ്യാമമാധവം. ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിപ്പിക്കുന്നതിലൂടെയാണ് ഈ കൃതി ശ്രദ്ധേയമാകുന്നത്.


ചലച്ചിത്രഗാന രചനയിലും പ്രഭാവര്‍മ്മയുടേത് വ്യത്യസ്ത വഴിയാണ്. കാവ്യമൂല്യങ്ങള്‍ സൂക്ഷിക്കുന്നവയാണ് പ്രഭാവര്‍മ്മ എഴുതിയ ചലച്ചിത്ര ഗാനങ്ങളും. എണ്ണപ്പെരുക്കം കൊണ്ടല്ല, എഴുതിയ ഗാനങ്ങളുടെ വ്യത്യസ്തത കൊണ്ടാണ് പ്രഭാവര്‍മ്മ ശ്രദ്ധിക്കപ്പെട്ടത്. സ്ഥിതി എന്ന സിനിമയില്‍ ഉണ്ണിമേനോന്റെ ശബ്ദത്തില്‍ പുറത്തുവന്ന 'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനൊമനേ' എന്ന ഗാനം മലയാളത്തിലെ അനശ്വര ഗാനങ്ങളിലൊന്നായി. 2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലെ 'പോയി വരുവാന്‍ കൂടെ വരൂ' എന്ന ഗാനത്തിലൂടെ പ്രഭാവര്‍മ്മയ്ക്ക് മികച്ച ഗാനരചനയിതാവിനുള്ള ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. പിന്നീട് 2013 ല്‍ നടന്‍, 2017 ല്‍ ക്ലിന്റ് എന്നീ സിനിമകളിലൂടെയും ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഭാവര്‍മ്മയെ തേടിയെത്തി. 2019 ല്‍ കോളാമ്പി എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

മാധ്യമപ്രവര്‍ത്തന രംഗത്ത് 40 വര്‍ഷത്തെ അനുഭവപരിചയമുള്ള പ്രഭാവര്‍മ്മ നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മീഡിയാ സെക്രട്ടറിയാണ്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍, കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി കണ്‍വീനര്‍ സ്ഥാനവും ജ്ഞാനപീഠ പുരസ്‌കാരത്തിന്റെ അന്തിമ ജൂറി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

https://www.youtube.com/watch?v=iumOkeTJos4

ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 മാര്‍ച്ച് 25

Sunday, 7 April 2024

ഒളി മങ്ങാത്ത വിജയച്ചിരി- അഭിമുഖം/ കെ ആര്‍ വിജയ/എന്‍.പി മുരളീകൃഷ്ണന്‍


1960കളുടെ തുടക്കം തൊട്ട് രണ്ടര പതിറ്റാണ്ടോളം ദക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളില്‍ ഒരേസമയം നായികയായി തിളങ്ങാന്‍ സാധിച്ച അപൂര്‍വ്വം ചില നടിമാരില്‍ ഒരാളായിരുന്നു കെ.ആര്‍ വിജയ. മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തമായി കെ ആര്‍ വിജയയ്ക്ക് മാത്രം ലഭിച്ച അപൂര്‍വ്വ ഭാഗ്യമാണ് ദേവീ വേഷങ്ങള്‍. അത്യാകര്‍ഷകമായിരുന്നു നിറചിരിയോടെയുള്ള വിജയയുടെ ദേവീ വേഷങ്ങള്‍. തുടര്‍ച്ചയായി ദേവീ കഥാപാത്രങ്ങളില്‍ എത്തിയതോടെ പ്രേക്ഷകര്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍ അമ്മന്‍ രൂപത്തിലാണ് കെ ആര്‍ വിജയയെ കണ്ടിരുന്നത്. ചിരിയിലെ അഴകു കൊണ്ട് 'പുഞ്ചിരിയുടെ രാജ്ഞി' എന്ന അര്‍ഥത്തില്‍ 'പുന്നഗൈ അരസി' എന്ന വിളിപ്പേര് തമിഴകം അവര്‍ക്ക് ചാര്‍ത്തിനല്‍കി. ഈ ആരാധന തമിഴ്‌നാട്ടില്‍ ഒതുങ്ങിനില്‍ക്കാതെ മലയാളനാട്ടിലും തെലുഗുദേശത്തിലും ഒരുപോലെ പരന്നു. അത്തരമൊരു സവിശേഷമായ ആരാധകവൃന്ദവും ദേവീ പരിവേഷവും കരിയറിലുടനീളം വിജയയെ തുണച്ചിട്ടുണ്ട്. 

പുരാണ കഥാപാത്രമായി ഒരുങ്ങി വരുമ്പോള്‍ ചിത്രങ്ങളിലെ ദേവീ രൂപത്തിന്റെ പൂര്‍ണത തന്നെ വിജയയ്ക്ക് തോന്നിച്ചു. അതുകൊണ്ടുതന്നെ പുരാണകഥകള്‍ സിനിമയാക്കുമ്പോള്‍ നായികാ രൂപത്തില്‍ സംവിധായകരുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന രൂപം കെ ആര്‍ വിജയയുടേതായിരുന്നു. കന്തന്‍ കരുണൈ (1967) യിലെ ദൈവനായകി, മേല്‍ മറുവത്തൂര്‍ അര്‍പുതങ്ങളിലെ (1986) ശക്തീ ദേവി, മഹാശക്തി മാരിയമ്മനിലെ (1986) മാരിയമ്മന്‍ എന്നിവ ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ട വേഷങ്ങളാണ്. ശ്രീരാമരാജ്യം (2011) ഒരിടവേളയ്ക്കു ശേഷം ദേവീ വേഷങ്ങളിലേക്കുള്ള വിജയയുടെ തിരിച്ചുവരവായിരുന്നു.


അഭിനയ ജീവിതം അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ വീണ്ടുമൊരു ദൈവിക കഥയുടെ ഭാഗമാകുകയാണ് കെ ആര്‍ വിജയ. ഈ മണ്ഡലകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ശബരിമല ശാസ്താവിന്റെ കഥ പറയുന്ന 'മാളികപ്പുറം' എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുകയാണ് വിജയ. പുരാണേതിഹാസ സിനിമകളിലെ ദേവീ വേഷങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത സാന്നിധ്യമായ വിജയ ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പം ദൈവകഥയിലെ സാന്നിധ്യമാകുന്നു എന്നതു തന്നെയാണ് കൗതുകം. 1963 ല്‍ ആരംഭിച്ച സിനിമാ കരിയറില്‍ അഞ്ഞൂറിലേറെ കഥാപാത്രങ്ങള്‍. പ്രായം എണ്‍പതിനോടടുക്കുമ്പോഴും ചെറുപ്പത്തിന്റെ ഊര്‍ജ്ജം പ്രസരിപ്പിച്ച് ചായമിട്ട് ക്യാമറയ്ക്കു മുന്നില്‍ തുടരുകയാണ് വിജയ.


ദേവീ വേഷങ്ങള്‍ തേടി വന്നതിനെക്കുറിച്ച്

'ദൈവിക കഥാപാത്രങ്ങള്‍ ഒന്നും ഞാന്‍ ആശിച്ച് കിട്ടിയതല്ല. അതായിട്ട് എന്നിലേക്ക് വന്നു ചേര്‍ന്നതാണ്. അങ്ങനെ ഒരു ഭാഗ്യം കിട്ടി. പിന്നെ ദൈവിക കഥകളുടെ ചിത്രീകരണം പലപ്പോഴും കുറേ സമയം അമ്പലങ്ങളില്‍ ആയിരിക്കും. അപ്പോള്‍ കുറേ സമയം അമ്പലത്തില്‍ ചെലവഴിക്കാന്‍ അവസരം കിട്ടും. അത് എനിക്ക് വലിയ ഇഷ്ടമാണ്. ചിത്രീകരണത്തിനായി കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര അങ്ങനെ പല അമ്പലങ്ങളില്‍ സമയം ചെലവിടാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. അതുപോലെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുമ്പോഴും കുറേ ക്ഷേത്രങ്ങളിലൊക്കെ ഷൂട്ടിംഗ് ഉണ്ടാകും. അതൊക്കെ മനസ്സിന് വലിയ സന്തോഷമാണ്. 

ദേവി ഇമേജ് എങ്ങനെ കിട്ടിയെന്ന് അറിയില്ല. കിട്ടിയത് ഭാഗ്യം. ദൈവമായിട്ട് തന്നതാണത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. നമ്മള്‍ പ്ലാന്‍ ചെയ്തിട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ആള്‍ക്കാര്‍ അങ്ങനെ കാണുന്നു. അത് സന്തോഷമാണ്. സിനിമാ കരിയറിന്റെ തുടക്കത്തില്‍ ഫാമിലി കാരക്ടറുകളും ഗ്ലാമര്‍ റോളുകളും ധാരാളമായി ചെയ്തിട്ടുണ്ട്. പിന്നെ അത് മാറി ദൈവ കഥാപാത്രങ്ങള്‍ ചെയ്തുതുടങ്ങി. പിന്നെ അമ്മ, അമ്മായിയമ്മ അങ്ങനെ മുത്തശ്ശി വരെ എത്തിയിട്ടുണ്ട്.'


ദൈവകൃപയുണ്ട്

'മാളികപ്പുറം സീരിയലിലേക്ക് ആദ്യം വിളിച്ചിരുന്നു. പിന്നെ എന്തോ അത് സമയത്ത് നടന്നില്ല. അപ്പോള്‍ എനിക്ക് വലിയ വിഷമമായി. അയ്യപ്പന്റെ കഥ പറയുന്ന ഒരു സീരിയല്‍ ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന്. പിന്നീട് തമിഴില്‍ പന്തളം എന്ന സീരിയല്‍ വന്നു. അതും അയ്യപ്പന്റെ കഥയാണ്. അപ്പോള്‍ വലിയ സന്തോഷമായി. ദൈവം നമ്മളെ ഓര്‍മ്മ വച്ചല്ലോ എന്ന് സന്തോഷം തോന്നി. പിന്നെ നോക്കുമ്പോള്‍ മാളികപ്പുറം സീരിയലുകാര്‍ വീണ്ടും വിളിച്ചു. അപ്പോള്‍ ഡബിള്‍ സന്തോഷമായി.'

പുതു തലമുറയ്‌ക്കൊപ്പം

'പുതിയ കുട്ടികള്‍ക്കൊപ്പം അഭിനയിക്കുന്നത് വേറൊരു അനുഭവമാണ്. അത് പുരാണ കഥയായായാലും അല്ലാത്തവയായാലും. പണ്ട് ഞാന്‍ തീരെ ചെറുതിലേ സിനിമയില്‍ വന്നു. ഇപ്പോള്‍ ദാ, തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്കൊപ്പം മുത്തശ്ശി വേഷത്തിലാണ് ഈ സീരിയലില്‍ അഭിനയിക്കുന്നത്. ഭക്തിവേഷങ്ങള്‍ ചെയ്യുമ്പോള്‍ അതിന് വേറൊരു തലമുണ്ട.് ദേവി വേഷങ്ങള്‍ ചെയ്തു. ഇപ്പോള്‍ ദൈവസാന്നിധ്യമുള്ള കുട്ടികളുടെ മുത്തശ്ശിയായി അഭിനയിക്കുന്നു. എല്ലാത്തിനും അതിന്റെ വ്യത്യാസമുണ്ട്. പക്ഷേ എല്ലാം നല്ല അനുഭവമാണ് തരുന്നത്.

പുതിയ തലമുറയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ നമുക്ക് കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനാകും എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാം വ്യത്യാസപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ തലമുറ കുറേക്കൂടി അഡ്വാന്‍സ്ഡ് ആണ്. എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യാന്‍ അവര്‍ക്ക് അറിയാം. അന്നത്തെ കാലത്ത് എനിക്ക് അതൊന്നും അത്ര മനസ്സിലാക്കി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാമത് വലിയ സ്‌കൂള്‍ വിദ്യാഭ്യാസമില്ല. എന്നാലും എല്ലാം കുറേയൊക്കെ പഠിച്ച് മനസ്സിലാക്കി ശരിയായി വന്നു. പുതിയ സിനിമകള്‍ കാണും. സമയം കിട്ടുന്ന പോലെ എല്ലാ ഭാഷയിലെ സിനിമകളും നാടകങ്ങളുമൊക്കെ കാണാറുണ്ട്'

മൂന്നു ഭാഷകളും ഒരുപോലെ

'ചെന്നെയിലാണ് താമസം. അതുകൊണ്ട് തമിഴ് സിനിമകള്‍ ഏല്‍ക്കുന്നതാണ് എളുപ്പം. തമിഴില്‍ ഇപ്പോള്‍ മൂന്നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ നിന്ന് വിളികള്‍ വരുന്നുണ്ട്. പക്ഷേ പത്തിരുപത് ദിവസം ഒരുമിച്ച് ഡേറ്റ് വേണം എന്നു പറയുമ്പോള്‍ ചെയ്യാന്‍ പറ്റില്ല. തുടര്‍ച്ചയായി പരമാവധി ഒരാഴ്ച വര്‍ക്ക് ചെയ്ത് പോകാനേ പറ്റൂ. ചെന്നൈയില്‍ നിന്ന് വന്നുപോകുന്നത് പ്രയാസമാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കാണാക്കണ്‍മണി എന്ന സീരിയല്‍ ചെയ്യാനായിട്ടാണ് ഇതിനു മുമ്പ് കേരളത്തില്‍ വന്നത്. കേരളത്തില്‍ ജനിച്ചു, തമിഴ്‌നാട്ടില്‍ വളര്‍ന്നു, അച്ഛന്‍ ആന്ധ്രാക്കാരന്‍. അപ്പോള്‍ ഈ ഭാഷകളെല്ലാം സംസാരിക്കും. ഈ ഭാഷകളിലെ സിനിമകളെല്ലാം ചെയ്യുന്നത് വ്യത്യാസമായിട്ട് തോന്നിയിട്ടില്ല.'

60 വര്‍ഷത്തെ അനുഭവപരിചയം

'ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് തുടങ്ങി. ഇപ്പോഴും അതു തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമയും ടെക്‌നോളജിയും ആള്‍ക്കാരുമൊക്കെ മാറി. വലിയ അനുഭവമാണത്. കഴിയുന്നത്ര ഇനിയും ചെയ്യണം. അത് സന്തോഷമാണ്. സിനിമയും സീരിയലും അങ്ങനെ വ്യത്യാസമായിട്ട് തോന്നിയിട്ടില്ല. രണ്ടും അഭിനയം തന്നെ. പണ്ട് എന്റെയൊക്കെ ചെറുപ്പകാലത്ത് സീരിയലിനൊന്നും പ്രചാരമില്ലല്ലോ. പിന്നെയല്ലേ അതൊക്കെ വന്നത്. അന്ന് സിനിമ മാത്രമായിരുന്നു. അത് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ ഓടിനടന്ന് ചെയ്തു. പിന്നെ കുറേ പ്രായമൊക്കെ ആയപ്പോഴാണ് സീരിയലില്‍ നിന്ന് വിളി വരുന്നത്. സീരിയല്‍ കുറച്ച് അധികം ദിവസം ജോലി ചെയ്യണം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടുപോകും. സിനിമയില്‍ അതുണ്ടാകില്ല. അതു തന്നെയാണ് വ്യത്യാസം.'

ഗൃഹലക്ഷ്മി, 2023 ഡിസംബര്‍ 1-15

Friday, 5 April 2024

ലോകസിനിമയുടെ നിറക്കാഴ്ചയൊരുക്കി കേരള രാജ്യാന്തര ചലച്ചിത്രമേള; 28 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അവലോകനം


ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും പ്രവണതകളെയും പരിചയപ്പെടുത്തി 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് സമാപനം. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ശ്രദ്ധേയ ലോക സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയ ചലച്ചിത്രോത്സവങ്ങളിലൊന്നായ ഐഎഫ്എഫ്‌കെയ്ക്ക് തിരശ്ശീല വീണത്. പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ നൂതന കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും അറിയാന്‍ നിരവധി സിനിമാസ്വാദകരും ചലച്ചിത്ര പ്രവര്‍ത്തകരുമാണ് മേളയുടെ ഭാഗമായത്. ഡിസംബര്‍ 8 മുതല്‍ 15 വരെ നടന്ന മേള പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ് സ്വന്തമാക്കി. വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചി സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം സണ്‍ഡേ എന്ന ചിത്രത്തിലൂടെ ഉസ്‌ബെസ്‌ക്കിസ്ഥാന്‍ സംവിധായകന്‍  ഷോക്കിര്‍ ഖോലിക്കോവ് സ്വന്തമാക്കി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സണ്‍ഡേയ്ക്ക് ആണ്.


മലയാള ചിത്രമായ തടവ് ആണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. ഫിപ്രസി പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ ഫെലിപേ കാര്‍മോണയുടെ പ്രിസണ്‍ ഇന്‍ ദി ആന്‍ഡസിനു ലഭിച്ചു. മികച്ച മലയാള നവാഗത സംവിധായകര്‍ക്കുള്ള ഫിപ്രസി പുരസ്‌കാരം ശുതി ശരണ്യം സ്വന്തമാക്കി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേര്‍വാള്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഡിയേഗോ ഡെല്‍ റിയോയുടെ ഓള്‍ ദി സൈലന്‍സ് എന്ന മെക്‌സിക്കന്‍ ചിത്രത്തിന് സൗണ്ട് ഡിസൈനിനുള്ള പുരസ്‌കാരം ലഭിച്ചു. 

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമാപന ചടങ്ങില്‍ പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്‌പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.


കലയെ കലയായി മാത്രം കാണാന്‍ കഴിയണമെന്നും രാഷ്ട്രീയപക്ഷം ചേര്‍ന്നുള്ള സിനിമകള്‍ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും സനൂസി പറഞ്ഞു. മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും തന്റെ അടുത്ത ചലച്ചിത്രമെന്നും സനൂസി സൂചിപ്പിച്ചു. കാലവും ജീവിതവും ഉള്‍ക്കൊള്ളുന്ന നിഗൂഢതയുടെ അംശങ്ങള്‍ പേറുന്ന പ്രമേയമാണ് മനസ്സിലുള്ളതെന്നും 40 ലേറെ സിനിമകള്‍ സംവിധാനം ചെയ്ത 84-കാരനായ സനൂസി പറഞ്ഞു. 

ഡിസംബര്‍ 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രശസ്ത നടന്‍ നാനാ പടേക്കര്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര മേളയുടെ ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് സമ്മാനിച്ചു. കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന ചലച്ചിത്രകാരിയാണ് വനൂരി കഹിയു. സുഡാനി ചിത്രം ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. നിശാഗാന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപനചടങ്ങില്‍ നടന്‍ പ്രകാശ് രാജ് ആയിരുന്നു മുഖ്യാതിഥി. 


നഗരത്തിലെ 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍ ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ലോക സിനിമ, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, കണ്‍ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചിത്രങ്ങളെല്ലാം നിറഞ്ഞ സദസില്‍ ആണ് പ്രദര്‍ശിപ്പിച്ചത്. 12,000 ഡെലിഗേറ്റുകളാണ് മേളയില്‍ പങ്കെടുത്തത്.

മത്സര വിഭാഗത്തില്‍ സണ്‍ഡേ, ദി സ്‌നോ സ്‌റ്റോം, പവര്‍ അലേ, സതേണ്‍ സ്റ്റോം, ആച്ചിലെസ്, ആള്‍ ദി സൈലന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ കാണികളെ ഏറെ ആകര്‍ഷിച്ചു. പതിനൊന്നു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍  പ്രദര്‍ശിപ്പിച്ചത്. ലുബ്ദക് ചാറ്റര്‍ജിയുടെ വിസ്‌പേഴ്സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, കനു ബേഹിയുടെ ആഗ്ര എന്നീ ഇന്ത്യന്‍ സിനിമകളും ഡോണ്‍ പാലത്തറയുടെ ഫാമിലി, ഫാസില്‍ റസാക്കിന്റെ തടവ് എന്നീ മലയാള സിനിമകളും ഈ വിഭാഗത്തില്‍ കാണികള്‍ക്കു മുന്നിലെത്തി.


ലോകസിനിമാ വിഭാഗത്തില്‍ ദി പ്രോമിസ്ഡ് ലാന്‍ഡ്, ഗൊണ്ടോല, ഇന്‍ഷാ അല്ലാഹ് എ ബോയ്, എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ്, എ റോഡ് ടു വില്ലേജ്, അലാമുള്ള, ദി ആക്‌സിഡന്റ്, മി ക്യാപ്റ്റന്‍, ദി മോങ്ക് ആന്‍ഡ് ദി ഗണ്‍, സ്ലീപ്, ക്രിട്ടിക്കല്‍ സോണ്‍ എന്നിവ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മേളയുടെ പ്രതിനിധികളെ ആകര്‍ഷിച്ചു.

വനൂരി കഹിയു, നതാലിയാ ശ്യാം, ശാലിനി ഉഷാദേവി, ശ്രുതിശരണ്യം, മൗനിയാ മെഡൗര്‍, ജൂലി ജംഗ് തുടങ്ങിവര്‍ ഉള്‍പ്പെടെയുള്ള വനിതാ സംവിധായികമാരുടെ 41 ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചുവെന്നത് ശ്രദ്ധേയമായി. നടപ്പ് ലോക ക്രമത്തിലും സാമൂഹിക വ്യവസ്ഥിതികളിലുമുള്ള സ്ത്രീകളുടെ ആശയാവിഷ്‌കാരങ്ങളെയും കാഴ്ചപ്പാടുകളേയും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.


മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ 'മാസ്റ്റര്‍ മൈന്‍ഡ്സ്' വിഭാഗത്തില്‍ കെന്‍ ലോച്ച്, വിം വെന്‍ഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബില്‍ജെ സീലാന്‍, മാര്‍ക്കോ ബെല്ളോക്യോ, വെസ് ആന്‍ഡേഴ്സണ്‍, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫന്‍ കൊമാന്‍ഡറേവ് എന്നീ ചലച്ചിത്രാചാര്യന്മാരുടെ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഈ വിഭാഗത്തില്‍ ദ ഓള്‍ഡ് ഓക്ക്, പെര്‍ഫക്റ്റ് ഡേയ്സ്', കിഡ്നാപ്പ്ഡ്, എ ബ്രൈറ്റര്‍ റ്റുമോറോ, ദ ഗ്രീന്‍ ബോര്‍ഡര്‍ എന്നീ ചിത്രങ്ങള്‍ കൈയടി നേടി. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ ദിവാ ഷായുടെ ബഹദൂര്‍- ദ ബ്രേവ്, അനുരാഗ് കശ്യപിന്റെ കെന്നഡി, കരണ്‍ തേജ്പാലിന്റെ സ്റ്റോളന്‍' എന്നിവയ്ക്കാണ് ശ്രദ്ധ നേടാനായത്.


പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയ അധിനിവേശ വിരുദ്ധ പാക്കേജിന്റെ ഭാഗമായി ഏഴു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പലസ്തീനിയന്‍-ഡച്ച് സംവിധായകന്‍ ഹാനി അബു അസദിന്റെ 'ഒമര്‍', അറബ് നാസര്‍, ടാര്‍സന്‍ നാസര്‍ എന്നിവരുടെ പലസ്തീന്‍ ചിത്രമായ 'ഡിഗ്രേഡ്', ഇസ്രായേലി സംവിധായകന്‍ ഡ്രോര്‍ സഹാവിയുടെ 'ക്രെസന്‍േറാ', സ്റ്റാന്‍ലി കുബ്രിക്കിന്റെ 'പാത്‌സ് ഓഫ് ഗ്ളോറി', ടെറന്‍സ് മാലിക്കിന്റെ 'ദ തിന്‍ റെഡ് ലൈന്‍',ചാര്‍ലി ചാപ്ളിനിന്റെ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ശ്യാം ബെനഗലിന്റെ ഏറ്റവും പുതിയ ചിത്രമായ 'മുജിബ്: ദ മേക്കിംഗ് ഓഫ് എ നേഷന്‍' (2023) ഈ വിഭാഗത്തിലെ ആദ്യചിത്രമായി പ്രദര്‍ശിപ്പിച്ചു. അധിനിവേശത്തെയും സംഘര്‍ഷങ്ങളെയും സമാധാനത്തെയും ചലച്ചിത്രാചാര്യന്മാര്‍ എങ്ങനെ സമീപിക്കുന്നു എന്ന് പരിശോധിക്കുന്നവയായിരുന്നു ഈ പാക്കേജിലുള്ള ചിത്രങ്ങള്‍.


കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങളും ലാറ്റിനമേരിക്കയില്‍നിന്നുള്ള അഞ്ചു ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 14 സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ നീണ്ട ക്യൂവും നിറഞ്ഞ സദസ്സും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ജനപങ്കാളിത്തം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചു വരുന്നതിന്റെ ചിത്രം അവശേഷിപ്പിച്ചു കൊണ്ടാണ് 28-ാമത് മേളയ്ക്ക് സമാപനമാകുന്നത്.

മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരും നിരൂപകരും പങ്കെടുത്ത ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു. മേളയുടെ സമാന്തരമായി നടന്ന കലാപരിപാടികള്‍ ചലച്ചിത്രോത്സവത്തിന് ഉത്സവച്ചായ പകര്‍ന്നു. ചലച്ചിത്ര മേളയുടെ സമഗ്ര റിപ്പോര്‍ട്ടിംഗില്‍ മികച്ച ശ്രവ്യ മാധ്യമത്തിനുള്ള പുരസ്‌കാരം ആകാശവാണി തിരുവനന്തപുരം നിലയം നേടി.

https://www.youtube.com/watch?v=F3_LJx6_Dc0

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 ഡിസംബര്‍ 18

Wednesday, 3 April 2024

ലോകസിനിമകളുടെ കാഴ്ചവസന്തം തീര്‍ത്ത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; 54-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അവലോകനം


ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും നവപ്രതിഭകളെയും പരിചയപ്പെടുത്തി 54ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ സമാപനം. 2022, 2023 വര്‍ഷങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ മികച്ച ചലച്ചിത്ര പരിശ്രമങ്ങളെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണത്. പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ ചലച്ചിത്രകാരന്മാര്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും നൂതന പരീക്ഷണ സങ്കേതങ്ങളും അറിയാന്‍ ലോകമെമ്പാടു നിന്നും നിരവധി സിനിമാസ്വാദകരാണ് ഗോവയിലെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കു പുറമേ വിവിധ ഇന്ത്യന്‍ ഭാഷകളിലെ ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ക്കും നവംബര്‍ 20 മുതല്‍ 28 വരെ നടന്ന മേളയില്‍ പ്രേക്ഷകപ്രീതി നേടിയെടുക്കാനായി.


ഇറാനിയന്‍ ചിത്രം എന്‍ഡ്ലെസ് ബോര്‍ഡേഴ്സ് മേളയിലെ മികച്ച മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. 40 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. പാര്‍ട്ടി ഓഫ് ഫൂള്‍സിലെ അഭിനയത്തിന് മെലനി തിയറി മികച്ച നടിയായും എന്‍ഡ്ലെസ് ബോര്‍ഡേഴ്‌സിലെ പ്രകടനത്തിന് പോറിയ റഹ്മി സാം മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ മൈക്കിള്‍ ഡഗ്ലസ് ആജീവനാന്ത സംഭാവനയ്ക്കുള്ള സത്യജിത് റേ പുരസ്‌കാരം ഏറ്റുവാങ്ങി. തന്റെ ജീവിതപങ്കാളിയും ബാഫ്റ്റ അവാര്‍ഡ് ജേത്രിയുമായ പ്രശസ്ത നടി കാതറിന്‍ സീറ്റ ജോണ്‍സ്, മകനും നടനുമായ ഡിലന്‍ ഡഗ്ലസ് എന്നിവര്‍ക്കൊപ്പമാണ് ഡഗ്ലസ് അവാര്‍ഡ് സ്വീകരിച്ചത്.


'ഈ പുരസ്‌കാരം ലഭിക്കുന്നത് വലിയ ബഹുമതിയാണെന്നും ഒരു ആജീവനാന്ത നേട്ടമാണെന്നും മൈക്കിള്‍ ഡഗ്ലസ് പറഞ്ഞു. സിനിമയ്ക്ക്, സാംസ്‌കാരിക-കലാ ആവിഷ്‌കാരങ്ങളിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള ശക്തിയുണ്ടെന്നും ഡഗ്ലസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിക്കൊണ്ട് ആര്‍ ആര്‍ ആര്‍, ഓം ശാന്തി ഓം, ലഞ്ച് ബോക്സ് എന്നിവ തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ സിനിമകളാണെന്നും ഡഗ്ലസ് സൂചിപ്പിച്ചു. സിനിമയിലും ടെലിവിഷനിലും 50 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള മൈക്കല്‍ ഡഗ്ലസ് 2 ഓസ്‌കര്‍, 5 ഗോള്‍ഡന്‍ ഗ്ലോബ്, ഒരു പ്രൈംടൈം എമ്മി ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.


ബ്ലാഗാസ് ലെസണ്‍സ് എന്ന ചിത്രത്തിലൂടെ സ്റ്റീഫന്‍ കോമാന്‍ഡെറവ് മികച്ച സംവിധായകനായി. പ്രത്യേക ജൂറി പരാമര്‍ശം റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താരക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി വെന്‍ ദി സീഡ്ലിങ്ങ്‌സ് ഗ്രോ എന്ന ചിത്രത്തിലൂടെ റെഗര്‍ ആസാദ് കായ തിരഞ്ഞെടുക്കപ്പെട്ടു. ഐ സി എഫ് ടി യുനെസ്‌കോ ഗാന്ധി മെഡല്‍ ആന്തണി ചെന്‍ ചിത്രമായ ഡ്രിഫ്റ്റ് നേടി. പഞ്ചായത്ത് സീസണ്‍ ടു ആണ് മികച്ച ഒടിടി വെബ് സീരീസ്. ആദ്യമായിട്ടാണ് വെബ് സീരിസിന് ഗോവ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 

റോബര്‍ട്ട് കൊളോഡ്നി ചിത്രം സംവിധാനം ചെയ്ത 'ദ ഫെതര്‍ വെയ്റ്റ് ആയിരുന്നു മേളയിലെ സമാപന ചിത്രം. സമാപന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഗായകന്‍ ഹരിഹരന്‍ എന്നിവര്‍ പങ്കെടുത്തു. നടന്‍ ആയുഷ്മാന്‍ ഖുറാനയുടെയും ഗായകനും സംവിധായകനുമായ അമിത് ത്രിവേദിയുടെയും നേതൃത്വത്തിലുള്ള കലാപ്രകടനവും അരങ്ങേറി.


നവംബര്‍ 20 ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചലച്ചിത്രപ്രവര്‍ത്തകരായ മാധുരി ദീക്ഷിത്, പങ്കജ് ത്രിപാഠി, സണ്ണി ഡിയോള്‍, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, ശന്തനു മൊയ്ത്ര, ശ്രേയാ ഘോഷാല്‍, സാറാ അലിഖാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിലെ ആകര്‍ഷണമായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നടി മാധുരി ദീക്ഷിതിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. 

ബ്രിട്ടീഷ് ചിത്രമായ കാച്ചിങ് ഡസ്റ്റ് ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം. 78 രാജ്യങ്ങളില്‍ നിന്നായി 270-ല്‍ പരം ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിച്ചത്. നാലു വേദികളിലായിരുന്നു പ്രദര്‍ശനം. മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളടക്കം 15 ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ മാറ്റുരച്ചു. സംവിധായകന്‍ ശേഖര്‍ കപൂര്‍ ആയിരുന്നു അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. റിഷഭ് ഷെട്ടി സംവിധാനംചെയ്ത 'കാന്താര', സുധാന്‍ശു സരിയയുടെ 'സനാ', മൃഗുല്‍ ഗുപ്തയുടെ 'മിര്‍ബീന്‍' എന്നിവയാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ സിനിമകള്‍. 'അന്താരാഷ്ട്ര വിഭാഗത്തില്‍' 198 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത മലയാള സിനിമ ആട്ടം ആണ് ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ഏഴ് മലയാള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചത്. 


ഭാവിയുടെ 75 സര്‍ഗാത്മക പ്രതിഭകള്‍ എന്ന പദ്ധതിയുടെ ഭാഗമായി പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി 'യങ് ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ' എന്ന പേരില്‍ 48 മണിക്കൂര്‍ നീണ്ട ഹ്രസ്വ ചിത്ര നിര്‍മാണ ചലഞ്ച് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മണിപ്പൂര്‍, ഒഡീഷ, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ഭാവിയുടെ 75 സര്‍ഗാത്മക പ്രതിഭകള്‍ മേളയുടെ ഭാഗമായത്. മാധ്യമ, വിനോദ മേഖലകളില്‍ ഇവര്‍ക്ക് സമാനതകളില്ലാത്ത അവസരങ്ങള്‍ നല്‍കാനാണ് സംരംഭം ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്രഷ്ടാക്കളുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും  ചലച്ചിത്ര മേഖലയില്‍ മികവ് കൈവരിക്കുന്നതിന് യുവജനങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യങ് ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാണത്തിലെ നവ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനായി ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഒരുക്കിയ വിഎഫ്എക്‌സ്, ടെക് പവലിയനുകളും മേളയിലെ പ്രതിനിധികളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ശ്രദ്ധയാകര്‍ഷിച്ചു. നാല്‍പ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. കാഴ്ചയും കേള്‍വിയും ഇല്ലാത്തവര്‍ക്ക് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചതും മേളയുടെ പ്രത്യേകതയായി.


അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ജോര്‍ജിയോ ദിമിത്രിയുടെ ലൂബോ, ഷോണ്‍ ഡെല്‍വിന്റെ കനേഡിയന്‍ ചിത്രംഅസോങ്, ജര്‍മന്‍ ചിത്രം മെഷര്‍ ഓഫ് എ മെന്‍, ഫ്രഞ്ച് ചിത്രം പാര്‍ട്ടി ഓഫ് ഫൂള്‍സ്, റഷ്യന്‍ ചിത്രം ഫെയറി ടെയ്ല്‍, ദി അതര്‍ വിഡോ, ബോസ്‌നിയന്‍ പോട്ട്, ആന്ത്രഗോജി ലോകസിനിമാ വിഭാഗത്തില്‍  ഷാര്‍പ്പ് വൂണ്ട്‌സ്, ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട, വധ്, മിര്‍ബീന്‍, ദി വാക്‌സിന്‍, ക്ലാസിക്ക് ഹൊറര്‍ ചിത്രമായ എക്‌സോര്‍സിസ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ്, ജിയോ ബേബിയുടെ കാതല്‍, വിഖ്യാത ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിതം കേന്ദ്രമാക്കിയുള്ള '800' തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചവയാണ്.

https://www.youtube.com/watch?v=RURzoMTXUd0&t=12s

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 ഡിസംബര്‍ 1

Monday, 1 April 2024

ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസവും ഇന്ത്യന്‍ പോരാട്ടവീര്യവും: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് അവലോകനം


ഇന്ത്യ ആതിഥേയത്വം വഹിച്ച ഇത്തവണത്തെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് സമാപനമായി. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം തവണയും ലോക ചാമ്പ്യന്‍മാരായി. അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ക്കു ശേഷം ഓസ്‌ട്രേലിയയെ കിരീട നേട്ടത്തില്‍ എത്തിക്കുന്ന നായകന്‍ എന്ന ഖ്യാതി പാറ്റ് കമ്മിന്‍സിന് സ്വന്തം. ഈ വര്‍ഷം ഓസ്‌ട്രേലിയയെ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരാക്കിയതിനു പിന്നാലെയാണ് ഏകദിന ലോകകപ്പിലെ നേട്ടമെന്നത് ക്യാപ്റ്റന്‍ എന്ന നിലയില്‍ കമ്മിന്‍സിന് ഇരട്ടിമധുരമാകുന്നു. 

ഓസ്‌ട്രേലിയ ചരിത്രനേട്ടം കൈവരിച്ച പതിമൂന്നാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയുടെ പോരാട്ടവീര്യത്തിനു കൂടി സാക്ഷ്യം വഹിച്ചാണ് തിരശ്ശീല വീഴുന്നത്. ഇത്രയും ആധികാരികമായി ഇന്ത്യ കളിച്ച മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഇന്ത്യ ചാമ്പ്യന്മാരായ 1983 ലും 2011 ലും ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഈ ആധികാരികത കാണാനാകില്ല. ചാമ്പ്യന്മാരെ പോലെ കളിക്കുകയെന്നത് അടിമുടി കളിക്കളത്തില്‍ നടപ്പാക്കുകയായിരുന്നു രോഹിത് ശര്‍മ്മ നയിച്ച ഇന്ത്യന്‍ ടീം ചെയ്തത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ച് ഒടുവില്‍ ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസത്തിനു മുന്നിലാണ് ഇന്ത്യ കീഴടങ്ങിയത്. ലോകകപ്പ് പോലുള്ള സുപ്രധാന ടൂര്‍ണമെന്റുകളിലും പ്രത്യേകിച്ച് ഫൈനല്‍ ഘട്ടങ്ങളിലും തങ്ങളുടെ പ്രൊഫഷണലിസം കുറേക്കൂടി പുറത്തെടുക്കുന്ന പ്രകടനം എക്കാലത്തും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അതു തന്നെയാണ് ഇക്കുറിയും സംഭവിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലായിരുന്ന ടീമാണ് ഓസ്‌ട്രേലിയ. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവരുടെ കുതിപ്പ് ഒരു ചാമ്പ്യന്‍ ടീമിന്റെ പെരുമ നിലനിര്‍ത്തുന്നതായിരുന്നു. 


അതേസമയം ലോകകപ്പ് കൈയകലത്തില്‍ നഷ്ടമായെങ്കിലും പ്രൊഫഷണലിസത്തിലും കളിമികവിലും ഒട്ടും പിന്നിലായിരുന്നില്ല ടീം ഇന്ത്യ. ഫൈനല്‍ മത്സരത്തില്‍ വന്ന ചില പിഴവുകള്‍ കൊണ്ട് തള്ളിക്കളയാവുന്നതുമല്ല ഇത്തവണ ഇന്ത്യന്‍ ടീം കാഴ്ചവച്ച കേളീമികവ്. ഇന്ത്യക്കു വേണ്ടി ഓരോ കളിക്കാരും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. അതിന് ഏറ്റവും മികച്ച ഉദാഹരണം ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ സീരീസ് ആയ ചാമ്പ്യന്‍ ബാറ്റര്‍ വിരാട് കോലി തന്നെ. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ മുന്നില്‍നിന്ന് നയിച്ചതിലൂടെ മറ്റു കളിക്കാര്‍ക്കെല്ലാം ഈ പ്രകടനം തുടരാനായി. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയുമടക്കം 765 റണ്‍സാണ് കോലി നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് ആണിത്. 2003 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 673 റണ്‍സാണ് കോലി മറികടന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മറ്റൊരു ഉദാഹരണം. ഓപ്പണിംഗ് ബാറ്റര്‍ എന്ന നിലയില്‍ രോഹിത് ആദ്യ ഓവറുകളില്‍ നല്‍കുന്ന മികച്ച തുടക്കമാണ് പിന്നീട് മറ്റു ബാറ്റര്‍മാര്‍ക്ക് ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്. ആദ്യ ഓവറുകളില്‍ പരമാവധി റണ്‍ സ്‌കോര്‍ നേടുക എന്ന രോഹിതിന്റെ 'സ്ട്രാറ്റജി' എല്ലാ മത്സരങ്ങളിലും ഫലപ്രദമായിരുന്നു. 


ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മുഹമ്മദ് ഷമി പിന്നീടുള്ള മത്സരങ്ങളില്‍ ഉഗ്രരൂപം പൂണ്ടതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. 7 മത്സരങ്ങളില്‍ 24 വിക്കറ്റുമായി 2023 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്താന്‍ ഷമിക്കായി. ഷമിയുടെയും ബുമ്രയുടെയും കുല്‍ദീപിന്റെയും പന്തുകള്‍ നേരിടുകയെന്നത് ഈ ലോകകപ്പിലുടനീളം എതിര്‍ടീമുകളിലെ ബാറ്റര്‍മാര്‍ക്ക് ഏറെ പ്രയാസകരമായ കാര്യമായിരുന്നു. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയുമെല്ലാം നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തി ടീം ഇന്ത്യയുടെ വിജയക്കുതിപ്പില്‍ പങ്കാളികളായി. കോലിയും രോഹിതും മുന്നില്‍ നിന്ന് നയിച്ച ബാറ്റിംഗ് നിരയില്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും വിജയിക്കുന്നതും കണ്ടു. ഏറെക്കാലമായി ടീം ഇന്ത്യയെ അലട്ടിയിരുന്ന നാലാം നമ്പര്‍ സ്ഥാനത്ത് ഇന്ത്യയുടെ ബെസ്റ്റ് ചോയ്‌സ് ആയി ശ്രേയസ് മാറുന്നതും ഈ ലോകകപ്പില്‍ കണ്ടു. പരിക്കിന്റെ പിടിയിലായി ടീമിനു പുറത്തിരുന്ന രാഹുലിനെയും ശ്രേയസിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ഇരുവരിലും ടീം മാനേജ്‌മെന്റിനുള്ള വിശ്വാസം കൊണ്ടായിരുന്നു. ഈ വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ ഈ രണ്ട് ബാറ്റര്‍മാര്‍ക്കുമായി. വിക്കറ്റിനു പിറകിലെ വിശ്വസ്ത സാന്നിധ്യമായി രാഹുല്‍ മാറുന്നതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. വിക്കറ്റിനു പിറകിലെ മികച്ച പ്രകടനത്തിനൊപ്പം റിവ്യൂ തീരുമാനം എടുക്കുന്നതിലും രാഹുലിന്റെ തീരുമാനങ്ങള്‍ നിര്‍ണായകമായി. 


ഇങ്ങനെ ഓരോ കളിക്കാരും തങ്ങളുടെ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത് മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഫൈനലിനെ നേരിട്ടത്. ടൂര്‍ണമെന്റിലെ പ്രകടനമികവു കൊണ്ടും ഇന്ത്യ തന്നെയായിരുന്നു ഫൈനലിലെ ഫേവറിറ്റുകള്‍. എന്നാല്‍ മുന്നൊരുക്കങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കുന്നതില്‍ ഓസ്‌ട്രേലിയ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നില്‍ നിന്നു എന്നതാണ് ഫൈനല്‍ ദിവസത്തെ വേറിട്ടു നിര്‍ത്തിയത്. അഹമ്മദാബാദിലെ ബാറ്റിംഗ് അനുകൂല പിച്ചില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തതു മുതല്‍ ഓസ്‌ട്രേലിയ തങ്ങള്‍ തയ്യാറാക്കിയ പദ്ധതി കൃത്യമായി നടപ്പിലാക്കി. ഓരോ ബാറ്റര്‍മാരുടെയും ബലഹീനതകള്‍ തിരിച്ചറിഞ്ഞ് പന്തെറിയാനും വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞതിലൂടെ ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കാനുമായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് ത്രയത്തിന് ഇന്ത്യന്‍ ബാറ്റര്‍മാരെ വലിഞ്ഞു മുറുക്കാനായി. 3 വിക്കറ്റിന് 47 എന്ന നിലയില്‍ പതറിയപ്പോള്‍ ട്രാവിസ് ഹെഡും മാര്‍നസ് ലെബുഷെയ്‌നും ചേര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ട് പതര്‍ച്ചയില്ലാതെ ഏറെ പക്വതയോടെ ഓസ്‌ട്രേലിയയെ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ചു. ലോകകപ്പ് ഫൈനലിലെ രണ്ടാം ഇന്നിംഗ്‌സിലെ മികച്ച വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടത്തിലെത്താനും ഹെഡിന്റെ 137 റണ്‍സിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനത്തിനായി. ടൂര്‍ണമെന്റില്‍ വീണു പോകുമെന്ന് തോന്നിയ ഓരോ ഘട്ടത്തിലും ഓസ്‌ട്രേലിയക്ക് ഈ മാതൃകയില്‍ ഏതെങ്കിലും ബാറ്റര്‍മാരോ ബൗളര്‍മാരോ രക്ഷയ്‌ക്കെത്തി. ഇതില്‍ സുപ്രധാനമായിരുന്നു സെമി ഫൈനല്‍ ലൈനപ്പിലേക്ക് എത്താന്‍ നിര്‍ണായകമായിരുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ടീമിനെ ഒറ്റയ്ക്ക് നയിച്ച ഗ്ലെന്‍ മാക്‌സ്‌വെലിന്റെ അവിശ്വസനീയ ഡബിള്‍ സെഞ്ച്വറി പ്രകടനം. ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായ ഈ പോരാട്ടം ഓസ്‌ട്രേലിയന്‍ ടീമിന് ലോകകപ്പിലെ മുന്നോട്ടുപോക്കില്‍ നല്‍കിയ ഊര്‍ജ്ജം ചെറുതൊന്നുമല്ല. 


ഓസ്‌ട്രേലിയക്കും ഇന്ത്യക്കും പുറമേ ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റുമാണ് ഈ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റു രണ്ടു ടീമുകള്‍. ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ നിര്‍ണായക മത്സരങ്ങളില്‍ തോറ്റു പോകുകയെന്ന ചരിത്രം തിരുത്താന്‍ ഇത്തവണത്തെ സെമി ഫൈനലിസ്റ്റുകളായ ഈ ടീമുകള്‍ക്ക് ഇക്കുറിയുമായില്ല. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനം വരെ പോരാടിയ അഫ്ഗാനിസ്ഥാനാണ് ഇത്തവണത്തെ ലോകകപ്പിന്റെ കറുത്ത കുതിരകള്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തി ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതിലൂടെ ശ്രദ്ധേയ പ്രകടനം നടത്താന്‍ ലോകകപ്പിലെ ചെറുടീമായ നെതര്‍ലന്റ്‌സിനായി. മുന്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനത്തിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരായാണ് ലോകകപ്പ് അവസാനിപ്പിച്ചത്. പാക്കിസ്ഥാനും ശ്രീലങ്കയുമാണ് പെരുമയ്‌ക്കൊത്തെ പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയ മറ്റു രണ്ടു ടീമുകള്‍. ലോകകപ്പിലെ ദയനീയ പ്രകടനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിടുന്നതിലേക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റ്ന്‍ ബാബര്‍ അസമിന്റെ രാജിയിലേക്കും നയിച്ചതും ഈ ലോകകപ്പിനിടയില്‍ കണ്ടു.


ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയുടെ മുറിവ് മാറാന്‍ അല്പം സമയമെടുക്കുമെങ്കിലും ലോക റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യന്‍ ടീമിന് തല ഉയര്‍ത്തി തന്നെ മുന്നോട്ടുപോകാനാകും. അടുത്ത കാലത്തൊന്നും ഇത്ര ഒത്തിണക്കവും പോരാട്ടവീര്യവും പുലര്‍ത്തിയ ഒരു ടീമിനെ ലോക ക്രിക്കറ്റില്‍ കാണാന്‍ സാധിച്ചിട്ടില്ല. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരു ചാമ്പ്യന്‍ ടീമിനു ചേരുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഒറ്റ ദിവസത്തെ തോല്‍വികൊണ്ട് എഴുതിത്തള്ളേണ്ട ടീമല്ല ഇത്. വരുംകാല മത്സരങ്ങളെ ഏറെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ഈ ഒത്തിണക്കമുള്ള ടീമിന് സാധിക്കും. 20 വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ ടീം സമാനമായ പോരാട്ടമാണ് കാഴ്ചവച്ചത്. അന്നും ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ വീണുപോയി. എന്നാല്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ അന്ന് ഇന്ത്യന്‍ ടീം പുറത്തെടുത്ത പോരാട്ടവീര്യം പിന്നീട് ഏറെക്കാലം ടീമിന് പ്രചോദനമായി. പിന്നീട് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും നയിച്ച ഇന്ത്യന്‍ ടീം അതതു കാലത്തെ ലോകത്തെ മികച്ച സംഘവും ഒന്നാം റാങ്കുകാരുമായി. ഈ നേട്ടം ആവര്‍ത്തിക്കാന്‍ രോഹിതിന്റെ സംഘത്തിനുമായി. പ്രതിഭയുടെ ധാരാളിത്തവും പോരാട്ടവീര്യവുമുള്ള ടീം ഇന്ത്യ വിശ്വവിജയികളാകുന്ന നാളുകള്‍ വിദൂരമല്ല. അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ആണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.

https://www.youtube.com/watch?v=PpTqNq_3iE4

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 നവംബര്‍ 20

മലയാള സിനിമയുടെ അവസ്ഥ ശുഭസൂചകമാണ് - അഭിമുഖം ടി.വി ചന്ദ്രന്‍/എന്‍.പി മുരളീകൃഷ്ണന്‍


മലയാള സിനിമ പിറവിയുടെ ഒമ്പത് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കേവലം ചെറിയൊരു ഭൂപ്രദേശത്തില്‍ നിന്ന് അത്രയേറെ വൈവിധ്യമാര്‍ന്ന സിനിമകള്‍ സൃഷ്ടിക്കാന്‍ മലയാളത്തിന് ആയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഒട്ടേറെത്തവണ മലയാള സിനിമ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കലാമികവിനൊപ്പം സാങ്കേതികതയില്‍കൂടി മികവ് കാട്ടുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. അതത് കാലത്തെ മാറ്റങ്ങളെയും നൂതന സാങ്കേതിക സാധ്യതകളെയും ഉള്‍ക്കൊള്ളാന്‍ എക്കാലത്തും മലയാള സിനിമയ്ക്ക് സാധിച്ചിരുന്നു. 

ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവും മലയാള സിനിമയുടെ ഖ്യാതി അന്തര്‍ദേശീയ തലങ്ങളില്‍ എത്തിക്കുകയും ചെയ്ത ശ്രദ്ധേയ സംവിധായകന്‍ ടി.വി ചന്ദ്രന്‍ മലയാള സിനിമയുടെ നാള്‍വഴികളെയും നേട്ടങ്ങളെയും കുറിച്ച് സംസാരിക്കുന്നു.

വേറിട്ടു നിര്‍ത്തിയത് സാഹിത്യത്തിന്റെ സ്വാധീനം

മലയാള സിനിമയ്ക്ക് സാഹിത്യത്തിന്റെ വലിയ പിന്‍ബലമുണ്ട്. ഇതു തന്നെയാണ് മലയാള സിനിമയെ വ്യത്യസ്തമാക്കി നിര്‍ത്തിയത്. 1950 കള്‍ മുതല്‍ മലയാള സിനിമയില്‍ സാഹിത്യത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. അതിനു മുമ്പ് ഹിന്ദിയും തമിഴുമെല്ലാം പോലെ തന്നെയായിരുന്നു മലയാള സിനിമയും. നീലക്കുയില്‍ മുതല്‍ ചെമ്മീന്‍ വരെയുള്ള നമ്മുടെ ശ്രദ്ധേയ സിനിമകള്‍ക്കെല്ലാം സാഹിത്യത്തിന്റെ അടുത്ത പിന്‍ബലമുണ്ടായിരുന്നു. സാഹിത്യ സൃഷ്ടികളുമായുള്ള അടുത്ത ബന്ധമാണ് മലയാള സിനിമയെ അന്യഭാഷാ സിനിമകളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയത്. തമിഴ് മുതലായ ഭാഷകളിലൊന്നും അന്ന് സാഹിത്യകൃതികള്‍ സിനിമയ്ക്ക് വേണ്ടി അധികം ഉപയോഗപ്പെടുത്തിയിട്ടില്ല. നമ്മുടെ നാട്ടില്‍ ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു സ്ഥിതി.


ദിശ മാറ്റിയ രാമു കാര്യാട്ട്

രാമു കാര്യാട്ട് ഒക്കെ വരുമ്പോഴാണ് മലയാള സിനിമയ്ക്ക് ഒരു ഗൗരവമുള്ള മാറ്റം വരുന്നത്. മലയാളത്തിലെ ആദ്യത്തെ ഗൗരവമുള്ള സിനിമയായി കണക്കാക്കാവുന്നത് നീലക്കുയില്‍ ആണ്. അതിനു മുമ്പുള്ളതെല്ലാം തമിഴ് അനുകരണങ്ങളാണ്. അവയെല്ലാം വെറും പേശും നാടകങ്ങളാണ്. അന്ന് മറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇടയ്ക്ക് മലയാളം സംസാരിക്കുന്ന ഒരു സിനിമ വരുന്നത് പുതുമയായിരുന്നു. അതു കാണാന്‍ ആളുകള്‍ തയ്യാറാവുകയും ചെയ്തു. പി. ഭാസ്‌കരനും കാര്യാട്ടും ചേര്‍ന്ന് നീലക്കുയില്‍ ഒരുക്കുമ്പോഴാണ് ഇതിന് ഒരു മാറ്റം വരുന്നത്. അങ്ങനെയാണ് നീലക്കുയില്‍ ഗൗരവമുള്ള സിനിമയായി മാറുന്നത്. 

പിന്നീട് കാര്യാട്ട് ഒരുക്കിയ തോപ്പില്‍ഭാസിയുടെ മുടിയനായ പുത്രന്‍ മറ്റൊരു ഗൗരവമുള്ള സിനിമയാണ്. തകഴിയുടെ രണ്ടിടങ്ങഴിയാണ് ആ കാലഘട്ടത്തില്‍ സാഹിത്യത്തില്‍ നിന്നുണ്ടായ മറ്റൊരു സിനിമ. എന്നാല്‍ തകഴിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതൊഴിച്ചു നിര്‍ത്തിയാല്‍ രണ്ടിടങ്ങഴിയുടെ ഫിലിമിംഗ് രീതിയൊക്കെ പാട്ടും ബഹളുമൊക്കെയായി പഴയ തമിഴ് സിനിമയുടേതു തന്നെയായിരുന്നു. ഇതിന് മാറ്റം വരുന്നത് കാര്യാട്ടിന്റെ മുടിയനായ പുത്രനിലാണ്. സാഹിത്യ സൃഷ്ടികളില്‍ നിന്നുള്ള വേറെയും ശ്രമങ്ങളുണ്ടായെങ്കിലും മലയാള സിനിമയ്ക്ക് ഒരു വലുപ്പം കിട്ടുന്നത് കാര്യാട്ടിന്റെ ചെമ്മീനിലൂടെയാണ്. ചെമ്മീന് സ്വര്‍ണമെഡല്‍ കിട്ടുന്നതോടെയാണ് മലയാള സിനിമ പുറത്ത് അറിയപ്പെടുന്നത്. ഇങ്ങനെയൊരു സിനിമാ ഇന്‍ഡസ്ട്രി ഉണ്ടെന്ന് അതിലൂടെ പലരും അറിഞ്ഞു. അതിനു മുമ്പ് മറ്റ് സിനിമാ ഇന്‍ഡസ്ട്രികളെപ്പോലെ അതതു പ്രദേശത്ത് തന്നെ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു മലയാളവും. പിന്നീട് കുറേ സാഹിത്യ സൃഷ്ടികള്‍ സിനിമകള്‍ക്ക് വിഷയമായി. 1970 കള്‍ വരെ ഈ പ്രവണത തുടര്‍ന്നു പോന്നു

അന്നെല്ലാം മറ്റു ഭാഷകളിലെല്ലാം അതതു ഭാഷാ സിനിമകള്‍ തന്നെ കാണുന്ന രീതിയാണ് ഉണ്ടായിരുന്നത്. മലയാള സിനിമയുടെ കാര്യവും അങ്ങനെ തന്നെ. മലയാളം വിശേഷിച്ച് ആരും കാണുന്നില്ല. ചെമ്മീന്‍ പോലും കേരളത്തിനു പുറത്ത് അധികം പേര്‍ കണ്ടെന്ന് ഉറപ്പു പറയാനാകില്ല. 


ഓളവും തീരവും ലക്ഷണമൊത്ത ആദ്യ മലയാള സിനിമ

എം.ടിയെ പോലൊരു തിരക്കഥാകാരനും പി.എന്‍ മേനോനെ പോലൊരു സംവിധായകനുമാണ് മലയാള സിനിമയ്ക്ക് ശരിയായ ദിശാബോധം നല്‍കിയവര്‍. പി.എന്‍ മേനോന്റെ ഓളവും തീരവും ആണ് ലക്ഷണമൊത്ത ആദ്യ മലയാള സിനിമയെന്നു പറയാവുന്നത്. കെ.എസ് സേതുമാധവന്റെ സിനിമകളെല്ലാം സാഹിത്യസൃഷ്ടികളെ അവംബിച്ച് ഉണ്ടായി എന്നതിനപ്പുറം സിനിമയുടെ ഉത്തമലക്ഷണങ്ങള്‍ ഉള്ളവയായിരുന്നില്ല. സാഹിത്യ രചനകളെ അവലംബിച്ചുള്ളതായതിനാല്‍ മികച്ച കഥാപാത്ര സൃഷ്ടികളുണ്ടായിരുന്നു അവയിലെല്ലാം. സത്യനെയും കൊട്ടാരക്കരയേയും പി.ജെ ആന്റണിയെയും പോലുള്ള നടന്‍മാരുടെ മികച്ച പ്രകടനവും ഈ സിനിമകള്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ ഉത്തമസൃഷ്ടി എന്ന നിലയില്‍ മലയാള സിനിമയ്ക്ക് പുതുധാര തുറന്നിടുന്നത് പി.എന്‍ മേനോനായിരുന്നു. ഓളവും തീരവും പോലെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മേനോന്റെ മാപ്പുസാക്ഷിയൊക്കെ അത്തരത്തില്‍ പ്രധാനപ്പെട്ട സിനിമയാണ്. 

പി.എന്‍ മേനോനെ തുടര്‍ന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും കെ.പി കുമാരന്റെയുമൊക്കെ വരവ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വേറെയും ചെറുപ്പക്കാര്‍ മലയാള സിനിമയിലേക്ക് വന്നു. അതില്‍ എല്ലാവരും വിജയിച്ചെന്ന് പറയാനാകില്ല. എങ്കിലും അവര്‍ മലയാള സിനിമയില്‍ വ്യത്യസ്തത കൊണ്ടുവന്നവരാണ്. 

1970 കള്‍ മലയാള സിനിമയുടെ സുവര്‍ണകാലം

1970 കള്‍ അത്തരത്തില്‍ മലയാള സിനിമയ്ക്ക് വ്യത്യസ്തത കൊണ്ടുവന്ന ഒരു കാലമാണ്. ഒരുപാട് ചെറുപ്പക്കാര്‍ സിനിമയിലേക്ക് വരികയും സിനിമ കുറേക്കൂടി ഗൗരവമുള്ള ഒരു കലാരൂപമാണെന്ന ധാരണ ജനങ്ങളിലേക്കും എത്തിക്കാന്‍ സാധിച്ച ഒരു കാലമായിരുന്നു. സംവിധായകരെ പോലെ സാങ്കേതികപരമായും മലയാള സിനിമയ്ക്ക് വേറിട്ടൊരു ഔന്നത്യം ഈ കാലത്തുണ്ടായി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബാലു മഹേന്ദ്ര, അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മങ്കട രവിവര്‍മ്മ എന്നിവര്‍ ക്യാമറയിലും പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഡിറ്റിംഗ് പരിശീലിച്ച് രവിയും മലയാള സിനിമയിലെത്തി. എഡിറ്റര്‍ എന്ന പദവി മലയാള സിനിമ അറിഞ്ഞു തുടങ്ങിയത് രവിയിലൂടെയാണ്. അതിനു മുമ്പ് സിനിമയുടെ എഡിറ്റിംഗിനെ കുറിച്ച് നമ്മള്‍ അത്ര ശ്രദ്ധാലുക്കളായിരുന്നില്ല. ആ കാലത്തുണ്ടായ വേറിട്ട സിനിമകളുടെയെല്ലാം എഡിറ്റര്‍ രവിയായിരുന്നു. ഇതിനെ തുടര്‍ന്ന് പി. രാമന്‍ നായര്‍ വന്നു. സൗണ്ട് റെക്കോര്‍ഡിംഗില്‍ ദേവദാസ് കടന്നുവന്നത് ഇതുപോലെ ഒരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു. അടൂരിന്റെ സ്വയംവരത്തില്‍ പശ്ചാത്തല സംഗീതം ഉണ്ടായിരുന്നില്ല. ദേവദാസ് ആണ് സ്വയംവരത്തിന്റെ സൗണ്ട് റെക്കോര്‍ഡ് ചെയ്തത്. അന്ന് അത് വലിയൊരു പരീക്ഷണവും പുതുമയുമായിരുന്നു. ദേവദാസിന്റെ പിന്‍ഗാമികളായി കൃഷ്ണനുണ്ണിയും ഹരികുമാറുമൊക്കെ വന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമറാമാന്‍മാരുടെ തുടര്‍ച്ചകളാണ് മധു അമ്പാട്ടിലും വേണുവിലുമൊക്കെ മലയാള സിനിമ കണ്ടത്. ആ കാലത്തു തന്നെ പി എ ബക്കറിന്റെ വളരെ ശക്തമായ രാഷ്ട്രീയ സിനിമകളുണ്ടായി.

എഴുപതുകളില്‍ തുടങ്ങിയ ഈ മാറ്റം മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. ഇന്ത്യന്‍ സിനിമയിലാകെ ഈ മാറ്റം പ്രകടമാണ്. ശ്യാം ബെനഗല്‍, മണി കൗള്‍, കുമാര്‍ സാഹ്നി, നസറുദ്ദീന്‍ ഷാ തുടങ്ങിയവരൊക്കെ സിനിമയിലെ പല മേഖലകളില്‍ ഈ പരീക്ഷണത്തിന്റൈയും പുതുധാരയുടെയും ഭാഗമാണ്.




മാനവികതയും സാങ്കേതികതയും ഒത്തുചേര്‍ന്ന കെ.ജി ജോര്‍ജ്

മലയാളത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന സംവിധായകന്‍ കെജി ജോര്‍ജ് ആണ്. ആ കാലത്ത് അത്ര അംഗീകാരങ്ങളൊന്നും കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ജോര്‍ജ് ഏറെ അംഗീകരിക്കപ്പെടുന്നു. രാമു കാര്യട്ടിന്റെ മാനവികതയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെക്‌നിക്കാലിറ്റിയും ചേര്‍ന്നയാളാണ് ജോര്‍ജ്. ഇതാണ് മറ്റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരില്‍ നിന്ന് ജോര്‍ജിനെ വേറിട്ടു നിര്‍ത്തുന്നത്. മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകാരൊക്കെ ഒരു ഡിപ്ലോമസി തലത്തിലേക്ക് പോയപ്പോള്‍ ജോര്‍ജ് അതിനെ വെളിയിലുള്ള മനുഷ്യരുമായി ബന്ധപ്പെടുത്തി. അങ്ങനെയാണ് യവനിക പോലെ നാടക കലാകാരന്‍മാരായും ലേഖയുടെ മരണം പോലെ സിനിമാ കലാകാരന്‍മാരെയും കോലങ്ങള്‍ പോലെ ഒരു ഗ്രാമത്തിന്റെ കഥയും ഇരകള്‍ പോലെ ഏറ്റവും മഹത്തായ ഒരു സിനിമയുമൊക്കെ രൂപപ്പെടുന്നത്. അങ്ങനെ എപ്പോഴും ചെറിയ ഫ്രെയിമിനു വെളിയിലേക്ക് മനുഷ്യരുമായി അടുപ്പിക്കാന്‍ ജോര്‍ജിന് സാധിച്ചു. 

ജോര്‍ജ് ആദ്യമായി വര്‍ക്ക് ചെയ്തത് രാമു കാര്യാട്ടിന്റെ നെല്ലിലാണ്. അങ്ങനെ കാര്യാട്ടിലെ മാനുഷികാംശവും ജോര്‍ജിലെ സാങ്കേതികതയും ചേര്‍ന്നപ്പോഴാണ് ഏറ്റവും മനോഹരമായ സിനിമകളുണ്ടായത്. 

1980 കളിലെ തുടര്‍ച്ച

1970 കള്‍ വരെ തുടര്‍ന്ന സാഹിത്യവുമായുള്ള മലയാള സിനിമയുടെ ബന്ധം മറ്റൊരു തലത്തിലെത്തുന്നത് 1980 കളില്‍ പത്മരാജനിലൂടെയാണ്. സാഹിത്യവുമായുള്ള വേറിട്ട ഒരു ഇഴച്ചേര്‍ച്ച സിനിമയില്‍ കൊണ്ടുവന്നയാളാണ് പത്മരാജന്‍. അദ്ദേഹത്തിന്റെ സിനിമകളിലും കഥാപാത്രങ്ങളിലും ഈ സവിശേഷത കാണാം. ഭരതന്‍ വന്നതോടെ കുറേക്കൂടി വിഷ്വല്‍ സ്വഭാവമുള്ള സിനിമകള്‍ വന്നു.  ഐ.വി ശശിയും ജോഷിയും പോലെയുള്ള സംവിധായകരുടെ സാന്നിധ്യം 1980 കളില്‍ വാണിജ്യപരമായി മലയാള സിനിമയില്‍ കുറേക്കൂടി ഉണര്‍വ്വുണ്ടായി. എന്നാല്‍ക്കൂടി വാണിജ്യപരമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ് ഉള്‍പ്പെടെയുള്ള സിനിമാ ഇന്‍ഡസ്ട്രികളുടെ താഴെത്തന്നെയായിരുന്നു മലയാളം. 

എന്നാല്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചുവെന്നു തന്നെയാണ് കരുതുന്നത്. മലയാള സിനിമ ചെയ്തുവച്ച കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 


ഇഷ്ടസിനിമകള്‍

കെ.പി കുമാരന്റെ അതിഥി, കെ.ജി ജോര്‍ജിന്റെ ഇരകള്‍, പവിത്രന്റെ യാരോ ഒരാള്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പക്ഷികള്‍ ഇവയൊക്കെയാണ് വ്യക്തിപരമായി ഇഷ്ടപ്പെട്ട മലയാള സിനിമകള്‍. 

പുതിയ കാലത്തെ പ്രതീക്ഷകള്‍

പുതിയ കാലത്തെ സിനിമകളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ വളരെ ഇഷ്ടമാണ്. അതുപോലെ ദിലീഷ് പോത്തന്റെ സിനിമകള്‍. മലയാളത്തിലെ പുതു തലമുറയിലെ പ്രധാന ചലച്ചിത്രകാരന്മാരായി എനിക്ക് തോന്നുന്നതും ഇവരെയാണ്. ശ്യം പുഷ്‌കരന്‍ മികച്ച തിരക്കഥാകൃത്താണ്. 

മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ഒരുപാട് പുതിയ ചെറുപ്പക്കാര്‍ വരുന്നു. പരീക്ഷണങ്ങള്‍ ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ മലയാള സിനിമയുടെ അവസ്ഥ ശുഭസൂചകമാണ്. എപ്പോഴും മലയാള സിനിമയില്‍ ഈ പ്രവണത ഉണ്ട്. ഇത്തവണ ഐഎഫ്എഫ്‌കെയില്‍ കാണിക്കുന്ന മലയാളം സിനിമ ടുഡേ വിഭാഗം ശ്രദ്ധിച്ചു. അതില്‍ ഭൂരിഭാഗം സംവിധായകരുടെയും പേര് പോലും ഞാന്‍ കേട്ടിട്ടില്ല. അത്രയധികം പുതിയ സംവിധായകര്‍ വരുന്നു. ഇതെല്ലാം വലിയ കാര്യമല്ലേ. ഡിജിറ്റല്‍ സംവിധാനം വന്നതോടെ കുറേക്കൂടി ഡമോക്രാറ്റിക് ആയ സിനിമാ നിര്‍മ്മാണം സാധ്യമായി. എന്നാല്‍ അവയെല്ലാം സിനിമയുടെ ക്വാളിറ്റി മെയിന്റെയിന്‍ ചെയ്യുന്നു എന്ന് പറയാനാകില്ല. എങ്കിലും കഴിവുള്ള ധാരാളം ചെറുപ്പക്കാരുണ്ട് എന്നു തന്നെ പറയേണ്ടി വരും. മറ്റ് ഭാഷകളില്‍ ഇല്ലാത്ത പരീക്ഷണങ്ങള്‍ നടത്തുന്ന ഫിലിം മേക്കേഴ്‌സ് ഉണ്ട്. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ സിനിമകളുടെ എണ്ണം അത്ര ആശാസ്യകരമായ കാര്യമല്ല. 


അന്യഭാഷാ സിനിമകളെ നിയന്ത്രിക്കണം

കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ കൂടുതല്‍ ഓടുന്നത് തമിഴ് ഉള്‍പ്പെടെയുള്ള അന്യഭാഷാ സിനിമകളാണ്. 500 തിയേറ്ററിലൊക്കെയാണ് ഈ സിനിമകള്‍ റിലീസ് ചെയ്യുന്നത്. ഇതു കാരണം മലയാള സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ല. പ്രത്യേകിച്ചും പുതിയ ചെറുപ്പക്കാരുടെ സിനിമകള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല. ഈ പ്രവണത മാറണം. പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്തവയാണ് ഈ അന്യഭാഷാ സിനിമകള്‍. ഇത് കണ്ടു രസിക്കുന്നതാണോ മലയാളികളുടെ ആസ്വാദന നിലവാരം! 

അന്യഭാഷാ സിനിമകളെ നിയന്ത്രിക്കുന്നതിലും മലയാള സിനിമകള്‍ക്ക് തിയേറ്റര്‍ ലഭിക്കുവാനും സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടി ആവശ്യമാണ്. ഇതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുന്നത് മാതൃകാപരമായ നടപടിയാണ്. മറാത്തി സിനിമകള്‍ ഉണ്ടെങ്കില്‍ മറ്റ് സിനിമകള്‍ റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ല. ഇത് മറാത്തി സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ പ്രോത്സാഹനമാണ്. മറാത്തി സിനിമകളുടെ ഷൂട്ട് നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന സര്‍ക്കാര്‍ 50 ലക്ഷം രൂപ സബ്‌സിഡിയും സിനിമകള്‍ക്ക് നല്‍കുന്നു. അതുകൊണ്ടു തന്നെ അവിടെ നിന്ന് മികച്ച സിനിമകളുണ്ടാകുന്നു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മറാത്തി സിനിമകള്‍ അംഗീകാരം നേടുന്നതിനു പിന്നിലെ ഒരു പ്രധാന കാര്യം ഈ പ്രോത്സാഹനം കൂടിയാണ്. ഇവിടെ ഇപ്പോഴും 4 ലക്ഷം രൂപ സബ്‌സിഡിയില്‍ നില്‍ക്കുന്നു. ഇത് മാറണം. കുറേക്കൂടി പ്രോത്സാഹനം മലയാള സിനിമ അര്‍ഹിക്കുന്നുണ്ട്.

രാഷ്ട്രീയ സിനിമകളുടെ ധാരയില്ല

ഒരു കാലത്തും കൃത്യമായി രാഷ്ട്രീയം പറയുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതതു കാലത്തെ സര്‍ക്കാരുകളുടെ അതൃപ്തിക്ക് പാത്രമാകാതെ മാത്രമേ സിനിമയെടുക്കാനാകൂ. രാഷ്ട്രീയ സിനിമകള്‍ എടുത്തിട്ടുള്ള അപൂര്‍വ്വം ചില മലയാളി ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് പി.എ ബക്കര്‍. പക്ഷേ ബക്കറിന്റെയൊന്നും ജീവിതത്തിലെ അനുഭവങ്ങളൊന്നും അത്ര സുഖകരമായിരുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ജീവിച്ചതും സിനിമകളെടുത്തതും. രാഷ്ട്രീയ സിനിമകളുടെ ഒരു ട്രെന്‍ഡൊന്നും നമ്മുടെ സിനിമയിലില്ല. രാഷ്ട്രീയമായി ചിന്തിക്കുന്നതു പോലും കാപിറ്റല്‍ പണിഷ്‌മെന്റ് ആയി മാറിയിരിക്കുന്ന കാലത്താണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്. ഇത് രാജ്യത്താകമാനമുള്ള പ്രവണതയാണ്. അതുകൊണ്ട് രാഷ്ട്രീയ സിനിമ എന്നൊന്നും നമ്മള്‍ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. 


വി.കെ.എന്നും ബഷീറും

വി.കെ.എന്നിനെയും വൈക്കം മുഹമ്മദ് ബഷീറിനെയും പോലെയുള്ളവര്‍ ജനിച്ച നാട്ടില്‍ ജീവിക്കാനായി എന്നതാണ് മലയാളി എന്ന നിലയില്‍ തോന്നുന്ന ഏറ്റവും അഭിമാനകരമായ കാര്യം.

സമകാലിക ജനപഥം, 2023 നവംബര്‍, കേരളീയം പതിപ്പ്‌