Friday, 5 April 2024

ലോകസിനിമയുടെ നിറക്കാഴ്ചയൊരുക്കി കേരള രാജ്യാന്തര ചലച്ചിത്രമേള; 28 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അവലോകനം


ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും പ്രവണതകളെയും പരിചയപ്പെടുത്തി 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് സമാപനം. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ശ്രദ്ധേയ ലോക സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയ ചലച്ചിത്രോത്സവങ്ങളിലൊന്നായ ഐഎഫ്എഫ്‌കെയ്ക്ക് തിരശ്ശീല വീണത്. പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ നൂതന കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും അറിയാന്‍ നിരവധി സിനിമാസ്വാദകരും ചലച്ചിത്ര പ്രവര്‍ത്തകരുമാണ് മേളയുടെ ഭാഗമായത്. ഡിസംബര്‍ 8 മുതല്‍ 15 വരെ നടന്ന മേള പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ് സ്വന്തമാക്കി. വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചി സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം സണ്‍ഡേ എന്ന ചിത്രത്തിലൂടെ ഉസ്‌ബെസ്‌ക്കിസ്ഥാന്‍ സംവിധായകന്‍  ഷോക്കിര്‍ ഖോലിക്കോവ് സ്വന്തമാക്കി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സണ്‍ഡേയ്ക്ക് ആണ്.


മലയാള ചിത്രമായ തടവ് ആണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. ഫിപ്രസി പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ ഫെലിപേ കാര്‍മോണയുടെ പ്രിസണ്‍ ഇന്‍ ദി ആന്‍ഡസിനു ലഭിച്ചു. മികച്ച മലയാള നവാഗത സംവിധായകര്‍ക്കുള്ള ഫിപ്രസി പുരസ്‌കാരം ശുതി ശരണ്യം സ്വന്തമാക്കി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേര്‍വാള്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഡിയേഗോ ഡെല്‍ റിയോയുടെ ഓള്‍ ദി സൈലന്‍സ് എന്ന മെക്‌സിക്കന്‍ ചിത്രത്തിന് സൗണ്ട് ഡിസൈനിനുള്ള പുരസ്‌കാരം ലഭിച്ചു. 

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമാപന ചടങ്ങില്‍ പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്‌പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.


കലയെ കലയായി മാത്രം കാണാന്‍ കഴിയണമെന്നും രാഷ്ട്രീയപക്ഷം ചേര്‍ന്നുള്ള സിനിമകള്‍ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും സനൂസി പറഞ്ഞു. മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും തന്റെ അടുത്ത ചലച്ചിത്രമെന്നും സനൂസി സൂചിപ്പിച്ചു. കാലവും ജീവിതവും ഉള്‍ക്കൊള്ളുന്ന നിഗൂഢതയുടെ അംശങ്ങള്‍ പേറുന്ന പ്രമേയമാണ് മനസ്സിലുള്ളതെന്നും 40 ലേറെ സിനിമകള്‍ സംവിധാനം ചെയ്ത 84-കാരനായ സനൂസി പറഞ്ഞു. 

ഡിസംബര്‍ 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രശസ്ത നടന്‍ നാനാ പടേക്കര്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര മേളയുടെ ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് സമ്മാനിച്ചു. കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന ചലച്ചിത്രകാരിയാണ് വനൂരി കഹിയു. സുഡാനി ചിത്രം ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. നിശാഗാന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപനചടങ്ങില്‍ നടന്‍ പ്രകാശ് രാജ് ആയിരുന്നു മുഖ്യാതിഥി. 


നഗരത്തിലെ 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍ ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ലോക സിനിമ, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, കണ്‍ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചിത്രങ്ങളെല്ലാം നിറഞ്ഞ സദസില്‍ ആണ് പ്രദര്‍ശിപ്പിച്ചത്. 12,000 ഡെലിഗേറ്റുകളാണ് മേളയില്‍ പങ്കെടുത്തത്.

മത്സര വിഭാഗത്തില്‍ സണ്‍ഡേ, ദി സ്‌നോ സ്‌റ്റോം, പവര്‍ അലേ, സതേണ്‍ സ്റ്റോം, ആച്ചിലെസ്, ആള്‍ ദി സൈലന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ കാണികളെ ഏറെ ആകര്‍ഷിച്ചു. പതിനൊന്നു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍  പ്രദര്‍ശിപ്പിച്ചത്. ലുബ്ദക് ചാറ്റര്‍ജിയുടെ വിസ്‌പേഴ്സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, കനു ബേഹിയുടെ ആഗ്ര എന്നീ ഇന്ത്യന്‍ സിനിമകളും ഡോണ്‍ പാലത്തറയുടെ ഫാമിലി, ഫാസില്‍ റസാക്കിന്റെ തടവ് എന്നീ മലയാള സിനിമകളും ഈ വിഭാഗത്തില്‍ കാണികള്‍ക്കു മുന്നിലെത്തി.


ലോകസിനിമാ വിഭാഗത്തില്‍ ദി പ്രോമിസ്ഡ് ലാന്‍ഡ്, ഗൊണ്ടോല, ഇന്‍ഷാ അല്ലാഹ് എ ബോയ്, എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ്, എ റോഡ് ടു വില്ലേജ്, അലാമുള്ള, ദി ആക്‌സിഡന്റ്, മി ക്യാപ്റ്റന്‍, ദി മോങ്ക് ആന്‍ഡ് ദി ഗണ്‍, സ്ലീപ്, ക്രിട്ടിക്കല്‍ സോണ്‍ എന്നിവ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മേളയുടെ പ്രതിനിധികളെ ആകര്‍ഷിച്ചു.

വനൂരി കഹിയു, നതാലിയാ ശ്യാം, ശാലിനി ഉഷാദേവി, ശ്രുതിശരണ്യം, മൗനിയാ മെഡൗര്‍, ജൂലി ജംഗ് തുടങ്ങിവര്‍ ഉള്‍പ്പെടെയുള്ള വനിതാ സംവിധായികമാരുടെ 41 ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചുവെന്നത് ശ്രദ്ധേയമായി. നടപ്പ് ലോക ക്രമത്തിലും സാമൂഹിക വ്യവസ്ഥിതികളിലുമുള്ള സ്ത്രീകളുടെ ആശയാവിഷ്‌കാരങ്ങളെയും കാഴ്ചപ്പാടുകളേയും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.


മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ 'മാസ്റ്റര്‍ മൈന്‍ഡ്സ്' വിഭാഗത്തില്‍ കെന്‍ ലോച്ച്, വിം വെന്‍ഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബില്‍ജെ സീലാന്‍, മാര്‍ക്കോ ബെല്ളോക്യോ, വെസ് ആന്‍ഡേഴ്സണ്‍, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫന്‍ കൊമാന്‍ഡറേവ് എന്നീ ചലച്ചിത്രാചാര്യന്മാരുടെ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഈ വിഭാഗത്തില്‍ ദ ഓള്‍ഡ് ഓക്ക്, പെര്‍ഫക്റ്റ് ഡേയ്സ്', കിഡ്നാപ്പ്ഡ്, എ ബ്രൈറ്റര്‍ റ്റുമോറോ, ദ ഗ്രീന്‍ ബോര്‍ഡര്‍ എന്നീ ചിത്രങ്ങള്‍ കൈയടി നേടി. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ ദിവാ ഷായുടെ ബഹദൂര്‍- ദ ബ്രേവ്, അനുരാഗ് കശ്യപിന്റെ കെന്നഡി, കരണ്‍ തേജ്പാലിന്റെ സ്റ്റോളന്‍' എന്നിവയ്ക്കാണ് ശ്രദ്ധ നേടാനായത്.


പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയ അധിനിവേശ വിരുദ്ധ പാക്കേജിന്റെ ഭാഗമായി ഏഴു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പലസ്തീനിയന്‍-ഡച്ച് സംവിധായകന്‍ ഹാനി അബു അസദിന്റെ 'ഒമര്‍', അറബ് നാസര്‍, ടാര്‍സന്‍ നാസര്‍ എന്നിവരുടെ പലസ്തീന്‍ ചിത്രമായ 'ഡിഗ്രേഡ്', ഇസ്രായേലി സംവിധായകന്‍ ഡ്രോര്‍ സഹാവിയുടെ 'ക്രെസന്‍േറാ', സ്റ്റാന്‍ലി കുബ്രിക്കിന്റെ 'പാത്‌സ് ഓഫ് ഗ്ളോറി', ടെറന്‍സ് മാലിക്കിന്റെ 'ദ തിന്‍ റെഡ് ലൈന്‍',ചാര്‍ലി ചാപ്ളിനിന്റെ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ശ്യാം ബെനഗലിന്റെ ഏറ്റവും പുതിയ ചിത്രമായ 'മുജിബ്: ദ മേക്കിംഗ് ഓഫ് എ നേഷന്‍' (2023) ഈ വിഭാഗത്തിലെ ആദ്യചിത്രമായി പ്രദര്‍ശിപ്പിച്ചു. അധിനിവേശത്തെയും സംഘര്‍ഷങ്ങളെയും സമാധാനത്തെയും ചലച്ചിത്രാചാര്യന്മാര്‍ എങ്ങനെ സമീപിക്കുന്നു എന്ന് പരിശോധിക്കുന്നവയായിരുന്നു ഈ പാക്കേജിലുള്ള ചിത്രങ്ങള്‍.


കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങളും ലാറ്റിനമേരിക്കയില്‍നിന്നുള്ള അഞ്ചു ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 14 സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ നീണ്ട ക്യൂവും നിറഞ്ഞ സദസ്സും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ജനപങ്കാളിത്തം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചു വരുന്നതിന്റെ ചിത്രം അവശേഷിപ്പിച്ചു കൊണ്ടാണ് 28-ാമത് മേളയ്ക്ക് സമാപനമാകുന്നത്.

മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരും നിരൂപകരും പങ്കെടുത്ത ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു. മേളയുടെ സമാന്തരമായി നടന്ന കലാപരിപാടികള്‍ ചലച്ചിത്രോത്സവത്തിന് ഉത്സവച്ചായ പകര്‍ന്നു. ചലച്ചിത്ര മേളയുടെ സമഗ്ര റിപ്പോര്‍ട്ടിംഗില്‍ മികച്ച ശ്രവ്യ മാധ്യമത്തിനുള്ള പുരസ്‌കാരം ആകാശവാണി തിരുവനന്തപുരം നിലയം നേടി.

https://www.youtube.com/watch?v=F3_LJx6_Dc0

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 ഡിസംബര്‍ 18

No comments:

Post a Comment