Wednesday, 3 April 2024

ലോകസിനിമകളുടെ കാഴ്ചവസന്തം തീര്‍ത്ത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; 54-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അവലോകനം


ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും നവപ്രതിഭകളെയും പരിചയപ്പെടുത്തി 54ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ സമാപനം. 2022, 2023 വര്‍ഷങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ മികച്ച ചലച്ചിത്ര പരിശ്രമങ്ങളെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണത്. പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ ചലച്ചിത്രകാരന്മാര്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും നൂതന പരീക്ഷണ സങ്കേതങ്ങളും അറിയാന്‍ ലോകമെമ്പാടു നിന്നും നിരവധി സിനിമാസ്വാദകരാണ് ഗോവയിലെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കു പുറമേ വിവിധ ഇന്ത്യന്‍ ഭാഷകളിലെ ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ക്കും നവംബര്‍ 20 മുതല്‍ 28 വരെ നടന്ന മേളയില്‍ പ്രേക്ഷകപ്രീതി നേടിയെടുക്കാനായി.


ഇറാനിയന്‍ ചിത്രം എന്‍ഡ്ലെസ് ബോര്‍ഡേഴ്സ് മേളയിലെ മികച്ച മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. 40 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. പാര്‍ട്ടി ഓഫ് ഫൂള്‍സിലെ അഭിനയത്തിന് മെലനി തിയറി മികച്ച നടിയായും എന്‍ഡ്ലെസ് ബോര്‍ഡേഴ്‌സിലെ പ്രകടനത്തിന് പോറിയ റഹ്മി സാം മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ മൈക്കിള്‍ ഡഗ്ലസ് ആജീവനാന്ത സംഭാവനയ്ക്കുള്ള സത്യജിത് റേ പുരസ്‌കാരം ഏറ്റുവാങ്ങി. തന്റെ ജീവിതപങ്കാളിയും ബാഫ്റ്റ അവാര്‍ഡ് ജേത്രിയുമായ പ്രശസ്ത നടി കാതറിന്‍ സീറ്റ ജോണ്‍സ്, മകനും നടനുമായ ഡിലന്‍ ഡഗ്ലസ് എന്നിവര്‍ക്കൊപ്പമാണ് ഡഗ്ലസ് അവാര്‍ഡ് സ്വീകരിച്ചത്.


'ഈ പുരസ്‌കാരം ലഭിക്കുന്നത് വലിയ ബഹുമതിയാണെന്നും ഒരു ആജീവനാന്ത നേട്ടമാണെന്നും മൈക്കിള്‍ ഡഗ്ലസ് പറഞ്ഞു. സിനിമയ്ക്ക്, സാംസ്‌കാരിക-കലാ ആവിഷ്‌കാരങ്ങളിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള ശക്തിയുണ്ടെന്നും ഡഗ്ലസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിക്കൊണ്ട് ആര്‍ ആര്‍ ആര്‍, ഓം ശാന്തി ഓം, ലഞ്ച് ബോക്സ് എന്നിവ തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ സിനിമകളാണെന്നും ഡഗ്ലസ് സൂചിപ്പിച്ചു. സിനിമയിലും ടെലിവിഷനിലും 50 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള മൈക്കല്‍ ഡഗ്ലസ് 2 ഓസ്‌കര്‍, 5 ഗോള്‍ഡന്‍ ഗ്ലോബ്, ഒരു പ്രൈംടൈം എമ്മി ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.


ബ്ലാഗാസ് ലെസണ്‍സ് എന്ന ചിത്രത്തിലൂടെ സ്റ്റീഫന്‍ കോമാന്‍ഡെറവ് മികച്ച സംവിധായകനായി. പ്രത്യേക ജൂറി പരാമര്‍ശം റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താരക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി വെന്‍ ദി സീഡ്ലിങ്ങ്‌സ് ഗ്രോ എന്ന ചിത്രത്തിലൂടെ റെഗര്‍ ആസാദ് കായ തിരഞ്ഞെടുക്കപ്പെട്ടു. ഐ സി എഫ് ടി യുനെസ്‌കോ ഗാന്ധി മെഡല്‍ ആന്തണി ചെന്‍ ചിത്രമായ ഡ്രിഫ്റ്റ് നേടി. പഞ്ചായത്ത് സീസണ്‍ ടു ആണ് മികച്ച ഒടിടി വെബ് സീരീസ്. ആദ്യമായിട്ടാണ് വെബ് സീരിസിന് ഗോവ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 

റോബര്‍ട്ട് കൊളോഡ്നി ചിത്രം സംവിധാനം ചെയ്ത 'ദ ഫെതര്‍ വെയ്റ്റ് ആയിരുന്നു മേളയിലെ സമാപന ചിത്രം. സമാപന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഗായകന്‍ ഹരിഹരന്‍ എന്നിവര്‍ പങ്കെടുത്തു. നടന്‍ ആയുഷ്മാന്‍ ഖുറാനയുടെയും ഗായകനും സംവിധായകനുമായ അമിത് ത്രിവേദിയുടെയും നേതൃത്വത്തിലുള്ള കലാപ്രകടനവും അരങ്ങേറി.


നവംബര്‍ 20 ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചലച്ചിത്രപ്രവര്‍ത്തകരായ മാധുരി ദീക്ഷിത്, പങ്കജ് ത്രിപാഠി, സണ്ണി ഡിയോള്‍, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, ശന്തനു മൊയ്ത്ര, ശ്രേയാ ഘോഷാല്‍, സാറാ അലിഖാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിലെ ആകര്‍ഷണമായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നടി മാധുരി ദീക്ഷിതിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. 

ബ്രിട്ടീഷ് ചിത്രമായ കാച്ചിങ് ഡസ്റ്റ് ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം. 78 രാജ്യങ്ങളില്‍ നിന്നായി 270-ല്‍ പരം ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിച്ചത്. നാലു വേദികളിലായിരുന്നു പ്രദര്‍ശനം. മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളടക്കം 15 ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ മാറ്റുരച്ചു. സംവിധായകന്‍ ശേഖര്‍ കപൂര്‍ ആയിരുന്നു അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. റിഷഭ് ഷെട്ടി സംവിധാനംചെയ്ത 'കാന്താര', സുധാന്‍ശു സരിയയുടെ 'സനാ', മൃഗുല്‍ ഗുപ്തയുടെ 'മിര്‍ബീന്‍' എന്നിവയാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ സിനിമകള്‍. 'അന്താരാഷ്ട്ര വിഭാഗത്തില്‍' 198 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത മലയാള സിനിമ ആട്ടം ആണ് ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ഏഴ് മലയാള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചത്. 


ഭാവിയുടെ 75 സര്‍ഗാത്മക പ്രതിഭകള്‍ എന്ന പദ്ധതിയുടെ ഭാഗമായി പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി 'യങ് ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ' എന്ന പേരില്‍ 48 മണിക്കൂര്‍ നീണ്ട ഹ്രസ്വ ചിത്ര നിര്‍മാണ ചലഞ്ച് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മണിപ്പൂര്‍, ഒഡീഷ, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ഭാവിയുടെ 75 സര്‍ഗാത്മക പ്രതിഭകള്‍ മേളയുടെ ഭാഗമായത്. മാധ്യമ, വിനോദ മേഖലകളില്‍ ഇവര്‍ക്ക് സമാനതകളില്ലാത്ത അവസരങ്ങള്‍ നല്‍കാനാണ് സംരംഭം ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്രഷ്ടാക്കളുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും  ചലച്ചിത്ര മേഖലയില്‍ മികവ് കൈവരിക്കുന്നതിന് യുവജനങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യങ് ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാണത്തിലെ നവ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനായി ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഒരുക്കിയ വിഎഫ്എക്‌സ്, ടെക് പവലിയനുകളും മേളയിലെ പ്രതിനിധികളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ശ്രദ്ധയാകര്‍ഷിച്ചു. നാല്‍പ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. കാഴ്ചയും കേള്‍വിയും ഇല്ലാത്തവര്‍ക്ക് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചതും മേളയുടെ പ്രത്യേകതയായി.


അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ജോര്‍ജിയോ ദിമിത്രിയുടെ ലൂബോ, ഷോണ്‍ ഡെല്‍വിന്റെ കനേഡിയന്‍ ചിത്രംഅസോങ്, ജര്‍മന്‍ ചിത്രം മെഷര്‍ ഓഫ് എ മെന്‍, ഫ്രഞ്ച് ചിത്രം പാര്‍ട്ടി ഓഫ് ഫൂള്‍സ്, റഷ്യന്‍ ചിത്രം ഫെയറി ടെയ്ല്‍, ദി അതര്‍ വിഡോ, ബോസ്‌നിയന്‍ പോട്ട്, ആന്ത്രഗോജി ലോകസിനിമാ വിഭാഗത്തില്‍  ഷാര്‍പ്പ് വൂണ്ട്‌സ്, ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട, വധ്, മിര്‍ബീന്‍, ദി വാക്‌സിന്‍, ക്ലാസിക്ക് ഹൊറര്‍ ചിത്രമായ എക്‌സോര്‍സിസ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ്, ജിയോ ബേബിയുടെ കാതല്‍, വിഖ്യാത ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിതം കേന്ദ്രമാക്കിയുള്ള '800' തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചവയാണ്.

https://www.youtube.com/watch?v=RURzoMTXUd0&t=12s

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 ഡിസംബര്‍ 1

No comments:

Post a Comment