സാഹിത്യത്തിനുള്ള 2023 ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് കവി പ്രഭാവര്‍മ്മ അര്‍ഹനായി. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമാണ് ഈ മഹത്തായ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. 'രൗദ്രസാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം.
പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് സരസ്വതി സമ്മാന്‍. മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 22 ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഇക്കുറി പുരസ്‌ക്കാരത്തിനായി പരിഗണിച്ചിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യ കൃതികളില്‍ നിന്ന് പണ്ഡിതരും സാഹിത്യ പ്രതിഭകളുമടങ്ങുന്ന സമിതിയാണ് സരസ്വതി സമ്മാന്‍ ജേതാവിനെ തെരഞ്ഞെടുക്കുന്നത്.
അധികാരവും വ്യക്തിയും കലയും തമ്മിലുള്ള ബന്ധങ്ങളെയും സംഘര്‍ഷങ്ങളെയും അനന്യമായ രീതിയില്‍ പരിശോധിക്കുന്ന കാവ്യാഖ്യായികയാണ് 'രൗദ്രസാത്വിക'മെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. സ്ഥല, കാലങ്ങള്‍ക്ക് അതീതമായി ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും സമസ്യകളെ അഭിസംബോധന ചെയ്യുന്ന, ഇതിഹാസമാനങ്ങളുള്ള ആധുനിക ക്ലാസിക്കാണ് 'രൗദ്രസാത്വികം' എന്നും സമിതി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മികച്ച സാഹിത്യ സൃഷ്ടിക്ക് നല്‍കിവരുന്ന സരസ്വതി സമ്മാന്‍ 1991 ല്‍ കെ കെ ബിര്‍ള ഫൗണ്ടേഷനാണ് രൂപീകരിച്ചത്. ആദ്യത്തെ സരസ്വതി പുരസ്‌കാരം ലഭിച്ചത് പ്രശസ്ത ഹിന്ദി കവിയായ ഹരിവംശ്‌റായി ബച്ചനാണ്. നാലാം തവണയാണ് മലയാള സാഹിത്യത്തിന് സരസ്വതി സമ്മാന്‍ വന്നുചേരുന്നത്. 1995 ല്‍ ബാലാമണിയമ്മയിലൂടെയാണ് മലയാളം ആദ്യമായി സരസ്വതി സമ്മാനം നേടുന്നത്. പിന്നീട് 2005 ല്‍ അയ്യപ്പപ്പണിക്കരും 2012 ല്‍ സുഗതകുമാരിയും ഈ ഉന്നത പുരസ്‌കാരത്തിന് അര്‍ഹരായി.
പരമ്പരാഗത കാവ്യാനുശീലന ശൈലി പിന്തുടരുന്ന കവി എന്ന നിലയിലാണ് ആധുനിക മലയാള സാഹിത്യത്തില്‍ പ്രഭാവര്‍മ്മ വേറിട്ടു നില്‍ക്കുന്നത്. പാരമ്പര്യത്തെ പുരോഗമനാത്മകമായ പാതയില്‍ പുനര്‍വായന നടത്തുകയാണ് പ്രഭാവര്‍മ്മയിലെ കവി ചെയ്യുന്നത്. പുരാണേതിഹാസങ്ങളുടെയും ചരിത്രത്തിന്റെയും പുനര്‍വായന നടത്തുന്ന പ്രഭാവര്‍മ്മയുടെ കാവ്യങ്ങളിലുടനീളം ഈ പുരോഗമന ചിന്തയും മാനവികതയും തുടര്‍ന്നു പോരുന്നതു കാണാം. സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹമായ രൗദ്രസാത്വികത്തിന്റെ ആവിഷ്‌കാര രീതിയും മറ്റൊന്നല്ല. റഷ്യയുടെ സര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലമാണ് രൗദ്രസാത്വികത്തിന് പശ്ചാത്തലമാകുന്നത്.
സര്‍ ചക്രവര്‍ത്തിയുടെ നിഷ്ഠൂരഭരണത്തിന്‍ ഞെരിഞ്ഞമരുന്ന റഷ്യയിലെ ജനങ്ങള്‍ രക്തരൂക്ഷിത വിപ്ലവത്തിലൂടെ മാത്രമേ മോചനമുണ്ടാകൂ എന്ന് കരുതുന്നു. അവര്‍ കവിയും വിപ്ലവസംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിനെ സര്‍ ചക്രവര്‍ത്തിയെ വധിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. ഒരു മുള്‍പ്പിടര്‍പ്പില്‍ ബോംബുമായി ഒളിച്ചിരിക്കുന്ന കാലിയേവ് വണ്ടിയില്‍ വരുന്ന ചക്രവര്‍ത്തിക്കു നേരെ ബോംബെറിയാന്‍ കൈയുയര്‍ത്തിയെങ്കിലും ചക്രവര്‍ത്തിയുടെ മടിയില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞിനെക്കണ്ട് ആ ഘോരകൃത്യത്തില്‍ നിന്ന് പിന്തിരിയുന്നു. സന്ദര്‍ഭം ഒത്തുവന്നിട്ടും അവസരം നഷ്ടപ്പെടുത്തിയ കാലിയവേിനെ വിപ്ലവസംഘം ശത്രുവായി മുദ്ര കുത്തുന്നു. അവര്‍ ആ യുവാവിനെ വേട്ടയാടുന്നു. ജീവന്‍ രക്ഷിക്കാനുള്ള പ്രയാണത്തില്‍ അനുഭവങ്ങളുടെ തീക്കടലാണ് പിന്നീട് കാലിയേവിനെ കാത്തിരുന്നത്. സ്വേച്ഛാധികാരിയുടെ പതനത്തിനു ശേഷം അനുഭവങ്ങളുടെ വടുക്കളും പേറി ജന്മനാട്ടിലെത്തിയ കാലിയേവ് എത്തിപ്പെടുന്നത് തന്റെ പേരില്‍ കെട്ടിപ്പൊക്കിയ പ്രതിമയുടെ മുന്നിലാണ്. ഈ ഘട്ടത്തില്‍ അപരന്‍ താനായും താന്‍ അപരനായും പാപം പുണ്യമായും പുണ്യം പാപമായും മാറിപ്പോകുന്ന വൈരുദ്ധ്യത്തില്‍ അകപ്പെടുകയാണ് കാലിയേവ്.
വളരെ എളുപ്പത്തില്‍ പട്ടു പോകുന്ന ഉപരിപ്ലവങ്ങളായ സാഹിത്യരചനകള്‍ നിറഞ്ഞ വര്‍ത്തമാന സാഹിത്യകാലത്ത് ഉള്‍ക്കനമുള്ളതും കാലാതീതവുമായ കാവ്യാഖ്യായിക എന്ന നിലയിലാണ് രൗദ്രസാത്വികം ശ്രദ്ധ നേടുന്നത്. അശാന്തമായ സ്വത്വപ്രതിസന്ധിയുടെയും ആത്മാന്വേഷണത്തിന്റെയും കാവ്യാഖ്യായികയായ രൗദ്രസാത്വികം ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന വിശിഷ്ടകൃതിയാണിത്. ശൈലിയിലും സമീപനത്തിലും ഉത്കൃഷ്ടത സൂക്ഷിക്കുന്ന ആഖ്യാനമാണ് ഈ കൃതിയുടേത്. എല്ലാ മഹത്തായ സാഹിത്യസൃഷ്ടികളും പോലെ സാര്‍വ്വത്രികമായ മാനമാണ് രൗദ്രസാത്വികത്തിന്റെയും സവിശേഷത. ഒരു റഷ്യന്‍ വിപ്ലവ കവിയുടെ വികാരവിചാരങ്ങളെ ലോകത്തെ ഓരോ മനുഷ്യന്റേതുമാക്കി മാറുമ്പോഴാണ് രചനയിലെ ഉത്കൃഷ്ടത വെളിവാകുന്നത്.
സരസ്വതി സമ്മാന്‍ മലയാളത്തിലേക്ക് എത്തിക്കുന്നതില്‍ തന്റെ കൃതി ഒരു കാരണമായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പുരസ്‌കാര നേട്ടത്തിനു ശേഷം പ്രഭാവര്‍മ്മ പ്രതികരിച്ചു. കവിതയില്‍ താന്‍ പുലര്‍ത്തിപോന്ന നിലപാടിനുള്ള അംഗീകാരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കവിതയുടെ ഛന്ദസ്, വൃത്തനിബദ്ധത, താളാത്മകത, ഈണം, സംഗീതാത്മകത എന്നിവ നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് തന്റെ കവിത സ്വീകാര്യമാകുമോ എന്ന് ഉല്‍ക്കണ്ഠപ്പെട്ട് അവര്‍ ആവശ്യപ്പെടുന്ന തലത്തിലേക്ക് എഴുത്തുരീതി മാറ്റിയിട്ടില്ല. തനിക്കെന്താണോ കവിത, അത് എഴുതുകയേ ചെയ്തിട്ടുള്ളൂ. ആ ആത്മാര്‍ഥത അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും പ്രഭാവര്‍മ്മ പറഞ്ഞു.
1959 ല്‍ ടി.കെ. നാരായണന്‍ നമ്പൂതിരിയുടെയും എന്‍. പങ്കജാക്ഷി തമ്പുരാട്ടിയുടെയും മകനായി തിരുവല്ലയില്‍ ജനിച്ച പ്രഭാവര്‍മ്മ പരുമല ഡി ബി കോളേജ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. വിദ്യാഭ്യാസ കാലം തൊട്ടെ വായനയിലും എഴുത്തിലും ആഭിമുഖ്യം കാണിച്ച പ്രഭാവര്‍മ്മയുടെ ആദ്യ കവിതാ സമാഹാരമായ സൗപര്‍ണിക 1990 ലാണ് പ്രസിദ്ധീകരിക്കുന്നത്. ശ്യാമമാധവം, കനല്‍ച്ചിലമ്പ്, രൗദ്രസാത്വികം എന്നീ കാവ്യാഖ്യായികകള്‍, സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, അവിചാരിതം അടക്കം പന്ത്രണ്ടു കാവ്യസമാഹാരങ്ങള്‍, ആഫറ്റ്ര്‍ ദ ആഫറ്റ്ര്‍മാത്ത് എന്ന ഇംഗ്ലിഷ് നോവല്‍, ഏഴ് ഗദ്യസാഹിത്യ കൃതികള്‍, സമകാലിക വിഷയങ്ങള്‍ സംബന്ധിച്ച് നാലുകൃതികള്‍, ഒരു യാത്രാവിവരണം, ഒരു മാധ്യമ സംസ്‌കാര പഠനം എന്നിവ രചിച്ചിട്ടുണ്ട്. ഇംഗ്ലിഷിലേക്കും ഇതരഭാഷകളിലേക്കും കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അര്‍ക്കപൂര്‍ണിമയിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.
പ്രഭാവര്‍മ്മയുടെ സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചനന്ദനാഴി, ശ്യാമമാധവം തുടങ്ങിയ രചനകള്‍ മലയാള കവിതയുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നവയാണ്. എഴുത്തച്ഛന്‍ മുതല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി വരെയുള്ള മുന്‍തലമുറയുടെ കാവ്യപാരമ്പര്യവും കാവ്യാനുശീലനവുമാണ് പ്രഭാവര്‍മ്മ നിലനിര്‍ത്തിയത്. ആധുനിക, ഉത്തരാധുനിക മലയാള കവികളില്‍ അതുകൊണ്ടുതന്നെ പ്രഭാവര്‍മ്മ വേറിട്ടു നിലകൊണ്ടു. വര്‍ത്തമാനകാല മലയാള കവിതയില്‍ തന്റേതുമായ മാത്രമായ ശൈലിയും ശബ്ദവുമാണ് പ്രഭാവര്‍മ്മയുടേത്. ഭാരതീയ കാവ്യ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച കൂടിയാണ് പ്രഭാവര്‍മ്മക്കവിതകള്‍ അടയാളപ്പെടുത്തുന്നത്.
പ്രഭാവര്‍മ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാര്‍ അവാര്‍ഡും നേടിക്കൊടുത്ത ശ്യാമമാധവം എന്ന കാവ്യാഖ്യായിക മലയാള സാഹിത്യചരിത്രത്തില്‍ തന്നെ തികച്ചും വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ്. സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണമനസ്സിലൂടെ കടന്നുപോയ പോയകാല ജീവിത ചിത്രങ്ങള്‍ പ്രമേയമാക്കിയ കൃതിയാണ് ശ്യാമമാധവം. ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിപ്പിക്കുന്നതിലൂടെയാണ് ഈ കൃതി ശ്രദ്ധേയമാകുന്നത്.
ചലച്ചിത്രഗാന രചനയിലും പ്രഭാവര്‍മ്മയുടേത് വ്യത്യസ്ത വഴിയാണ്. കാവ്യമൂല്യങ്ങള്‍ സൂക്ഷിക്കുന്നവയാണ് പ്രഭാവര്‍മ്മ എഴുതിയ ചലച്ചിത്ര ഗാനങ്ങളും. എണ്ണപ്പെരുക്കം കൊണ്ടല്ല, എഴുതിയ ഗാനങ്ങളുടെ വ്യത്യസ്തത കൊണ്ടാണ് പ്രഭാവര്‍മ്മ ശ്രദ്ധിക്കപ്പെട്ടത്. സ്ഥിതി എന്ന സിനിമയില്‍ ഉണ്ണിമേനോന്റെ ശബ്ദത്തില്‍ പുറത്തുവന്ന 'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനൊമനേ' എന്ന ഗാനം മലയാളത്തിലെ അനശ്വര ഗാനങ്ങളിലൊന്നായി. 2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലെ 'പോയി വരുവാന്‍ കൂടെ വരൂ' എന്ന ഗാനത്തിലൂടെ പ്രഭാവര്‍മ്മയ്ക്ക് മികച്ച ഗാനരചനയിതാവിനുള്ള ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. പിന്നീട് 2013 ല്‍ നടന്‍, 2017 ല്‍ ക്ലിന്റ് എന്നീ സിനിമകളിലൂടെയും ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഭാവര്‍മ്മയെ തേടിയെത്തി. 2019 ല്‍ കോളാമ്പി എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
മാധ്യമപ്രവര്‍ത്തന രംഗത്ത് 40 വര്‍ഷത്തെ അനുഭവപരിചയമുള്ള പ്രഭാവര്‍മ്മ നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മീഡിയാ സെക്രട്ടറിയാണ്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍, കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി കണ്‍വീനര്‍ സ്ഥാനവും ജ്ഞാനപീഠ പുരസ്‌കാരത്തിന്റെ അന്തിമ ജൂറി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
https://www.youtube.com/watch?v=iumOkeTJos4
ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 മാര്‍ച്ച് 25
No comments:
Post a Comment