Sunday, 7 April 2024

ഒളി മങ്ങാത്ത വിജയച്ചിരി- അഭിമുഖം/ കെ ആര്‍ വിജയ/എന്‍.പി മുരളീകൃഷ്ണന്‍


1960കളുടെ തുടക്കം തൊട്ട് രണ്ടര പതിറ്റാണ്ടോളം ദക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളില്‍ ഒരേസമയം നായികയായി തിളങ്ങാന്‍ സാധിച്ച അപൂര്‍വ്വം ചില നടിമാരില്‍ ഒരാളായിരുന്നു കെ.ആര്‍ വിജയ. മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തമായി കെ ആര്‍ വിജയയ്ക്ക് മാത്രം ലഭിച്ച അപൂര്‍വ്വ ഭാഗ്യമാണ് ദേവീ വേഷങ്ങള്‍. അത്യാകര്‍ഷകമായിരുന്നു നിറചിരിയോടെയുള്ള വിജയയുടെ ദേവീ വേഷങ്ങള്‍. തുടര്‍ച്ചയായി ദേവീ കഥാപാത്രങ്ങളില്‍ എത്തിയതോടെ പ്രേക്ഷകര്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍ അമ്മന്‍ രൂപത്തിലാണ് കെ ആര്‍ വിജയയെ കണ്ടിരുന്നത്. ചിരിയിലെ അഴകു കൊണ്ട് 'പുഞ്ചിരിയുടെ രാജ്ഞി' എന്ന അര്‍ഥത്തില്‍ 'പുന്നഗൈ അരസി' എന്ന വിളിപ്പേര് തമിഴകം അവര്‍ക്ക് ചാര്‍ത്തിനല്‍കി. ഈ ആരാധന തമിഴ്‌നാട്ടില്‍ ഒതുങ്ങിനില്‍ക്കാതെ മലയാളനാട്ടിലും തെലുഗുദേശത്തിലും ഒരുപോലെ പരന്നു. അത്തരമൊരു സവിശേഷമായ ആരാധകവൃന്ദവും ദേവീ പരിവേഷവും കരിയറിലുടനീളം വിജയയെ തുണച്ചിട്ടുണ്ട്. 

പുരാണ കഥാപാത്രമായി ഒരുങ്ങി വരുമ്പോള്‍ ചിത്രങ്ങളിലെ ദേവീ രൂപത്തിന്റെ പൂര്‍ണത തന്നെ വിജയയ്ക്ക് തോന്നിച്ചു. അതുകൊണ്ടുതന്നെ പുരാണകഥകള്‍ സിനിമയാക്കുമ്പോള്‍ നായികാ രൂപത്തില്‍ സംവിധായകരുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന രൂപം കെ ആര്‍ വിജയയുടേതായിരുന്നു. കന്തന്‍ കരുണൈ (1967) യിലെ ദൈവനായകി, മേല്‍ മറുവത്തൂര്‍ അര്‍പുതങ്ങളിലെ (1986) ശക്തീ ദേവി, മഹാശക്തി മാരിയമ്മനിലെ (1986) മാരിയമ്മന്‍ എന്നിവ ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ട വേഷങ്ങളാണ്. ശ്രീരാമരാജ്യം (2011) ഒരിടവേളയ്ക്കു ശേഷം ദേവീ വേഷങ്ങളിലേക്കുള്ള വിജയയുടെ തിരിച്ചുവരവായിരുന്നു.


അഭിനയ ജീവിതം അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ വീണ്ടുമൊരു ദൈവിക കഥയുടെ ഭാഗമാകുകയാണ് കെ ആര്‍ വിജയ. ഈ മണ്ഡലകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ശബരിമല ശാസ്താവിന്റെ കഥ പറയുന്ന 'മാളികപ്പുറം' എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുകയാണ് വിജയ. പുരാണേതിഹാസ സിനിമകളിലെ ദേവീ വേഷങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത സാന്നിധ്യമായ വിജയ ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പം ദൈവകഥയിലെ സാന്നിധ്യമാകുന്നു എന്നതു തന്നെയാണ് കൗതുകം. 1963 ല്‍ ആരംഭിച്ച സിനിമാ കരിയറില്‍ അഞ്ഞൂറിലേറെ കഥാപാത്രങ്ങള്‍. പ്രായം എണ്‍പതിനോടടുക്കുമ്പോഴും ചെറുപ്പത്തിന്റെ ഊര്‍ജ്ജം പ്രസരിപ്പിച്ച് ചായമിട്ട് ക്യാമറയ്ക്കു മുന്നില്‍ തുടരുകയാണ് വിജയ.


ദേവീ വേഷങ്ങള്‍ തേടി വന്നതിനെക്കുറിച്ച്

'ദൈവിക കഥാപാത്രങ്ങള്‍ ഒന്നും ഞാന്‍ ആശിച്ച് കിട്ടിയതല്ല. അതായിട്ട് എന്നിലേക്ക് വന്നു ചേര്‍ന്നതാണ്. അങ്ങനെ ഒരു ഭാഗ്യം കിട്ടി. പിന്നെ ദൈവിക കഥകളുടെ ചിത്രീകരണം പലപ്പോഴും കുറേ സമയം അമ്പലങ്ങളില്‍ ആയിരിക്കും. അപ്പോള്‍ കുറേ സമയം അമ്പലത്തില്‍ ചെലവഴിക്കാന്‍ അവസരം കിട്ടും. അത് എനിക്ക് വലിയ ഇഷ്ടമാണ്. ചിത്രീകരണത്തിനായി കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര അങ്ങനെ പല അമ്പലങ്ങളില്‍ സമയം ചെലവിടാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. അതുപോലെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുമ്പോഴും കുറേ ക്ഷേത്രങ്ങളിലൊക്കെ ഷൂട്ടിംഗ് ഉണ്ടാകും. അതൊക്കെ മനസ്സിന് വലിയ സന്തോഷമാണ്. 

ദേവി ഇമേജ് എങ്ങനെ കിട്ടിയെന്ന് അറിയില്ല. കിട്ടിയത് ഭാഗ്യം. ദൈവമായിട്ട് തന്നതാണത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. നമ്മള്‍ പ്ലാന്‍ ചെയ്തിട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ആള്‍ക്കാര്‍ അങ്ങനെ കാണുന്നു. അത് സന്തോഷമാണ്. സിനിമാ കരിയറിന്റെ തുടക്കത്തില്‍ ഫാമിലി കാരക്ടറുകളും ഗ്ലാമര്‍ റോളുകളും ധാരാളമായി ചെയ്തിട്ടുണ്ട്. പിന്നെ അത് മാറി ദൈവ കഥാപാത്രങ്ങള്‍ ചെയ്തുതുടങ്ങി. പിന്നെ അമ്മ, അമ്മായിയമ്മ അങ്ങനെ മുത്തശ്ശി വരെ എത്തിയിട്ടുണ്ട്.'


ദൈവകൃപയുണ്ട്

'മാളികപ്പുറം സീരിയലിലേക്ക് ആദ്യം വിളിച്ചിരുന്നു. പിന്നെ എന്തോ അത് സമയത്ത് നടന്നില്ല. അപ്പോള്‍ എനിക്ക് വലിയ വിഷമമായി. അയ്യപ്പന്റെ കഥ പറയുന്ന ഒരു സീരിയല്‍ ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന്. പിന്നീട് തമിഴില്‍ പന്തളം എന്ന സീരിയല്‍ വന്നു. അതും അയ്യപ്പന്റെ കഥയാണ്. അപ്പോള്‍ വലിയ സന്തോഷമായി. ദൈവം നമ്മളെ ഓര്‍മ്മ വച്ചല്ലോ എന്ന് സന്തോഷം തോന്നി. പിന്നെ നോക്കുമ്പോള്‍ മാളികപ്പുറം സീരിയലുകാര്‍ വീണ്ടും വിളിച്ചു. അപ്പോള്‍ ഡബിള്‍ സന്തോഷമായി.'

പുതു തലമുറയ്‌ക്കൊപ്പം

'പുതിയ കുട്ടികള്‍ക്കൊപ്പം അഭിനയിക്കുന്നത് വേറൊരു അനുഭവമാണ്. അത് പുരാണ കഥയായായാലും അല്ലാത്തവയായാലും. പണ്ട് ഞാന്‍ തീരെ ചെറുതിലേ സിനിമയില്‍ വന്നു. ഇപ്പോള്‍ ദാ, തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്കൊപ്പം മുത്തശ്ശി വേഷത്തിലാണ് ഈ സീരിയലില്‍ അഭിനയിക്കുന്നത്. ഭക്തിവേഷങ്ങള്‍ ചെയ്യുമ്പോള്‍ അതിന് വേറൊരു തലമുണ്ട.് ദേവി വേഷങ്ങള്‍ ചെയ്തു. ഇപ്പോള്‍ ദൈവസാന്നിധ്യമുള്ള കുട്ടികളുടെ മുത്തശ്ശിയായി അഭിനയിക്കുന്നു. എല്ലാത്തിനും അതിന്റെ വ്യത്യാസമുണ്ട്. പക്ഷേ എല്ലാം നല്ല അനുഭവമാണ് തരുന്നത്.

പുതിയ തലമുറയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ നമുക്ക് കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനാകും എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാം വ്യത്യാസപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ തലമുറ കുറേക്കൂടി അഡ്വാന്‍സ്ഡ് ആണ്. എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യാന്‍ അവര്‍ക്ക് അറിയാം. അന്നത്തെ കാലത്ത് എനിക്ക് അതൊന്നും അത്ര മനസ്സിലാക്കി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാമത് വലിയ സ്‌കൂള്‍ വിദ്യാഭ്യാസമില്ല. എന്നാലും എല്ലാം കുറേയൊക്കെ പഠിച്ച് മനസ്സിലാക്കി ശരിയായി വന്നു. പുതിയ സിനിമകള്‍ കാണും. സമയം കിട്ടുന്ന പോലെ എല്ലാ ഭാഷയിലെ സിനിമകളും നാടകങ്ങളുമൊക്കെ കാണാറുണ്ട്'

മൂന്നു ഭാഷകളും ഒരുപോലെ

'ചെന്നെയിലാണ് താമസം. അതുകൊണ്ട് തമിഴ് സിനിമകള്‍ ഏല്‍ക്കുന്നതാണ് എളുപ്പം. തമിഴില്‍ ഇപ്പോള്‍ മൂന്നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ നിന്ന് വിളികള്‍ വരുന്നുണ്ട്. പക്ഷേ പത്തിരുപത് ദിവസം ഒരുമിച്ച് ഡേറ്റ് വേണം എന്നു പറയുമ്പോള്‍ ചെയ്യാന്‍ പറ്റില്ല. തുടര്‍ച്ചയായി പരമാവധി ഒരാഴ്ച വര്‍ക്ക് ചെയ്ത് പോകാനേ പറ്റൂ. ചെന്നൈയില്‍ നിന്ന് വന്നുപോകുന്നത് പ്രയാസമാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കാണാക്കണ്‍മണി എന്ന സീരിയല്‍ ചെയ്യാനായിട്ടാണ് ഇതിനു മുമ്പ് കേരളത്തില്‍ വന്നത്. കേരളത്തില്‍ ജനിച്ചു, തമിഴ്‌നാട്ടില്‍ വളര്‍ന്നു, അച്ഛന്‍ ആന്ധ്രാക്കാരന്‍. അപ്പോള്‍ ഈ ഭാഷകളെല്ലാം സംസാരിക്കും. ഈ ഭാഷകളിലെ സിനിമകളെല്ലാം ചെയ്യുന്നത് വ്യത്യാസമായിട്ട് തോന്നിയിട്ടില്ല.'

60 വര്‍ഷത്തെ അനുഭവപരിചയം

'ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് തുടങ്ങി. ഇപ്പോഴും അതു തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമയും ടെക്‌നോളജിയും ആള്‍ക്കാരുമൊക്കെ മാറി. വലിയ അനുഭവമാണത്. കഴിയുന്നത്ര ഇനിയും ചെയ്യണം. അത് സന്തോഷമാണ്. സിനിമയും സീരിയലും അങ്ങനെ വ്യത്യാസമായിട്ട് തോന്നിയിട്ടില്ല. രണ്ടും അഭിനയം തന്നെ. പണ്ട് എന്റെയൊക്കെ ചെറുപ്പകാലത്ത് സീരിയലിനൊന്നും പ്രചാരമില്ലല്ലോ. പിന്നെയല്ലേ അതൊക്കെ വന്നത്. അന്ന് സിനിമ മാത്രമായിരുന്നു. അത് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ ഓടിനടന്ന് ചെയ്തു. പിന്നെ കുറേ പ്രായമൊക്കെ ആയപ്പോഴാണ് സീരിയലില്‍ നിന്ന് വിളി വരുന്നത്. സീരിയല്‍ കുറച്ച് അധികം ദിവസം ജോലി ചെയ്യണം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടുപോകും. സിനിമയില്‍ അതുണ്ടാകില്ല. അതു തന്നെയാണ് വ്യത്യാസം.'

ഗൃഹലക്ഷ്മി, 2023 ഡിസംബര്‍ 1-15

No comments:

Post a Comment