Monday, 1 April 2024

ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസവും ഇന്ത്യന്‍ പോരാട്ടവീര്യവും: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് അവലോകനം


ഇന്ത്യ ആതിഥേയത്വം വഹിച്ച ഇത്തവണത്തെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് സമാപനമായി. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം തവണയും ലോക ചാമ്പ്യന്‍മാരായി. അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ക്കു ശേഷം ഓസ്‌ട്രേലിയയെ കിരീട നേട്ടത്തില്‍ എത്തിക്കുന്ന നായകന്‍ എന്ന ഖ്യാതി പാറ്റ് കമ്മിന്‍സിന് സ്വന്തം. ഈ വര്‍ഷം ഓസ്‌ട്രേലിയയെ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരാക്കിയതിനു പിന്നാലെയാണ് ഏകദിന ലോകകപ്പിലെ നേട്ടമെന്നത് ക്യാപ്റ്റന്‍ എന്ന നിലയില്‍ കമ്മിന്‍സിന് ഇരട്ടിമധുരമാകുന്നു. 

ഓസ്‌ട്രേലിയ ചരിത്രനേട്ടം കൈവരിച്ച പതിമൂന്നാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയുടെ പോരാട്ടവീര്യത്തിനു കൂടി സാക്ഷ്യം വഹിച്ചാണ് തിരശ്ശീല വീഴുന്നത്. ഇത്രയും ആധികാരികമായി ഇന്ത്യ കളിച്ച മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഇന്ത്യ ചാമ്പ്യന്മാരായ 1983 ലും 2011 ലും ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഈ ആധികാരികത കാണാനാകില്ല. ചാമ്പ്യന്മാരെ പോലെ കളിക്കുകയെന്നത് അടിമുടി കളിക്കളത്തില്‍ നടപ്പാക്കുകയായിരുന്നു രോഹിത് ശര്‍മ്മ നയിച്ച ഇന്ത്യന്‍ ടീം ചെയ്തത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ച് ഒടുവില്‍ ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസത്തിനു മുന്നിലാണ് ഇന്ത്യ കീഴടങ്ങിയത്. ലോകകപ്പ് പോലുള്ള സുപ്രധാന ടൂര്‍ണമെന്റുകളിലും പ്രത്യേകിച്ച് ഫൈനല്‍ ഘട്ടങ്ങളിലും തങ്ങളുടെ പ്രൊഫഷണലിസം കുറേക്കൂടി പുറത്തെടുക്കുന്ന പ്രകടനം എക്കാലത്തും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അതു തന്നെയാണ് ഇക്കുറിയും സംഭവിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലായിരുന്ന ടീമാണ് ഓസ്‌ട്രേലിയ. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവരുടെ കുതിപ്പ് ഒരു ചാമ്പ്യന്‍ ടീമിന്റെ പെരുമ നിലനിര്‍ത്തുന്നതായിരുന്നു. 


അതേസമയം ലോകകപ്പ് കൈയകലത്തില്‍ നഷ്ടമായെങ്കിലും പ്രൊഫഷണലിസത്തിലും കളിമികവിലും ഒട്ടും പിന്നിലായിരുന്നില്ല ടീം ഇന്ത്യ. ഫൈനല്‍ മത്സരത്തില്‍ വന്ന ചില പിഴവുകള്‍ കൊണ്ട് തള്ളിക്കളയാവുന്നതുമല്ല ഇത്തവണ ഇന്ത്യന്‍ ടീം കാഴ്ചവച്ച കേളീമികവ്. ഇന്ത്യക്കു വേണ്ടി ഓരോ കളിക്കാരും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. അതിന് ഏറ്റവും മികച്ച ഉദാഹരണം ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ സീരീസ് ആയ ചാമ്പ്യന്‍ ബാറ്റര്‍ വിരാട് കോലി തന്നെ. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ മുന്നില്‍നിന്ന് നയിച്ചതിലൂടെ മറ്റു കളിക്കാര്‍ക്കെല്ലാം ഈ പ്രകടനം തുടരാനായി. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയുമടക്കം 765 റണ്‍സാണ് കോലി നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് ആണിത്. 2003 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 673 റണ്‍സാണ് കോലി മറികടന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മറ്റൊരു ഉദാഹരണം. ഓപ്പണിംഗ് ബാറ്റര്‍ എന്ന നിലയില്‍ രോഹിത് ആദ്യ ഓവറുകളില്‍ നല്‍കുന്ന മികച്ച തുടക്കമാണ് പിന്നീട് മറ്റു ബാറ്റര്‍മാര്‍ക്ക് ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്. ആദ്യ ഓവറുകളില്‍ പരമാവധി റണ്‍ സ്‌കോര്‍ നേടുക എന്ന രോഹിതിന്റെ 'സ്ട്രാറ്റജി' എല്ലാ മത്സരങ്ങളിലും ഫലപ്രദമായിരുന്നു. 


ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മുഹമ്മദ് ഷമി പിന്നീടുള്ള മത്സരങ്ങളില്‍ ഉഗ്രരൂപം പൂണ്ടതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. 7 മത്സരങ്ങളില്‍ 24 വിക്കറ്റുമായി 2023 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്താന്‍ ഷമിക്കായി. ഷമിയുടെയും ബുമ്രയുടെയും കുല്‍ദീപിന്റെയും പന്തുകള്‍ നേരിടുകയെന്നത് ഈ ലോകകപ്പിലുടനീളം എതിര്‍ടീമുകളിലെ ബാറ്റര്‍മാര്‍ക്ക് ഏറെ പ്രയാസകരമായ കാര്യമായിരുന്നു. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയുമെല്ലാം നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തി ടീം ഇന്ത്യയുടെ വിജയക്കുതിപ്പില്‍ പങ്കാളികളായി. കോലിയും രോഹിതും മുന്നില്‍ നിന്ന് നയിച്ച ബാറ്റിംഗ് നിരയില്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും വിജയിക്കുന്നതും കണ്ടു. ഏറെക്കാലമായി ടീം ഇന്ത്യയെ അലട്ടിയിരുന്ന നാലാം നമ്പര്‍ സ്ഥാനത്ത് ഇന്ത്യയുടെ ബെസ്റ്റ് ചോയ്‌സ് ആയി ശ്രേയസ് മാറുന്നതും ഈ ലോകകപ്പില്‍ കണ്ടു. പരിക്കിന്റെ പിടിയിലായി ടീമിനു പുറത്തിരുന്ന രാഹുലിനെയും ശ്രേയസിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ഇരുവരിലും ടീം മാനേജ്‌മെന്റിനുള്ള വിശ്വാസം കൊണ്ടായിരുന്നു. ഈ വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ ഈ രണ്ട് ബാറ്റര്‍മാര്‍ക്കുമായി. വിക്കറ്റിനു പിറകിലെ വിശ്വസ്ത സാന്നിധ്യമായി രാഹുല്‍ മാറുന്നതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. വിക്കറ്റിനു പിറകിലെ മികച്ച പ്രകടനത്തിനൊപ്പം റിവ്യൂ തീരുമാനം എടുക്കുന്നതിലും രാഹുലിന്റെ തീരുമാനങ്ങള്‍ നിര്‍ണായകമായി. 


ഇങ്ങനെ ഓരോ കളിക്കാരും തങ്ങളുടെ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത് മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഫൈനലിനെ നേരിട്ടത്. ടൂര്‍ണമെന്റിലെ പ്രകടനമികവു കൊണ്ടും ഇന്ത്യ തന്നെയായിരുന്നു ഫൈനലിലെ ഫേവറിറ്റുകള്‍. എന്നാല്‍ മുന്നൊരുക്കങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കുന്നതില്‍ ഓസ്‌ട്രേലിയ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നില്‍ നിന്നു എന്നതാണ് ഫൈനല്‍ ദിവസത്തെ വേറിട്ടു നിര്‍ത്തിയത്. അഹമ്മദാബാദിലെ ബാറ്റിംഗ് അനുകൂല പിച്ചില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തതു മുതല്‍ ഓസ്‌ട്രേലിയ തങ്ങള്‍ തയ്യാറാക്കിയ പദ്ധതി കൃത്യമായി നടപ്പിലാക്കി. ഓരോ ബാറ്റര്‍മാരുടെയും ബലഹീനതകള്‍ തിരിച്ചറിഞ്ഞ് പന്തെറിയാനും വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞതിലൂടെ ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കാനുമായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് ത്രയത്തിന് ഇന്ത്യന്‍ ബാറ്റര്‍മാരെ വലിഞ്ഞു മുറുക്കാനായി. 3 വിക്കറ്റിന് 47 എന്ന നിലയില്‍ പതറിയപ്പോള്‍ ട്രാവിസ് ഹെഡും മാര്‍നസ് ലെബുഷെയ്‌നും ചേര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ട് പതര്‍ച്ചയില്ലാതെ ഏറെ പക്വതയോടെ ഓസ്‌ട്രേലിയയെ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ചു. ലോകകപ്പ് ഫൈനലിലെ രണ്ടാം ഇന്നിംഗ്‌സിലെ മികച്ച വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടത്തിലെത്താനും ഹെഡിന്റെ 137 റണ്‍സിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനത്തിനായി. ടൂര്‍ണമെന്റില്‍ വീണു പോകുമെന്ന് തോന്നിയ ഓരോ ഘട്ടത്തിലും ഓസ്‌ട്രേലിയക്ക് ഈ മാതൃകയില്‍ ഏതെങ്കിലും ബാറ്റര്‍മാരോ ബൗളര്‍മാരോ രക്ഷയ്‌ക്കെത്തി. ഇതില്‍ സുപ്രധാനമായിരുന്നു സെമി ഫൈനല്‍ ലൈനപ്പിലേക്ക് എത്താന്‍ നിര്‍ണായകമായിരുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ടീമിനെ ഒറ്റയ്ക്ക് നയിച്ച ഗ്ലെന്‍ മാക്‌സ്‌വെലിന്റെ അവിശ്വസനീയ ഡബിള്‍ സെഞ്ച്വറി പ്രകടനം. ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായ ഈ പോരാട്ടം ഓസ്‌ട്രേലിയന്‍ ടീമിന് ലോകകപ്പിലെ മുന്നോട്ടുപോക്കില്‍ നല്‍കിയ ഊര്‍ജ്ജം ചെറുതൊന്നുമല്ല. 


ഓസ്‌ട്രേലിയക്കും ഇന്ത്യക്കും പുറമേ ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റുമാണ് ഈ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റു രണ്ടു ടീമുകള്‍. ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ നിര്‍ണായക മത്സരങ്ങളില്‍ തോറ്റു പോകുകയെന്ന ചരിത്രം തിരുത്താന്‍ ഇത്തവണത്തെ സെമി ഫൈനലിസ്റ്റുകളായ ഈ ടീമുകള്‍ക്ക് ഇക്കുറിയുമായില്ല. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനം വരെ പോരാടിയ അഫ്ഗാനിസ്ഥാനാണ് ഇത്തവണത്തെ ലോകകപ്പിന്റെ കറുത്ത കുതിരകള്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തി ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതിലൂടെ ശ്രദ്ധേയ പ്രകടനം നടത്താന്‍ ലോകകപ്പിലെ ചെറുടീമായ നെതര്‍ലന്റ്‌സിനായി. മുന്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനത്തിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരായാണ് ലോകകപ്പ് അവസാനിപ്പിച്ചത്. പാക്കിസ്ഥാനും ശ്രീലങ്കയുമാണ് പെരുമയ്‌ക്കൊത്തെ പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയ മറ്റു രണ്ടു ടീമുകള്‍. ലോകകപ്പിലെ ദയനീയ പ്രകടനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിടുന്നതിലേക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റ്ന്‍ ബാബര്‍ അസമിന്റെ രാജിയിലേക്കും നയിച്ചതും ഈ ലോകകപ്പിനിടയില്‍ കണ്ടു.


ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയുടെ മുറിവ് മാറാന്‍ അല്പം സമയമെടുക്കുമെങ്കിലും ലോക റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യന്‍ ടീമിന് തല ഉയര്‍ത്തി തന്നെ മുന്നോട്ടുപോകാനാകും. അടുത്ത കാലത്തൊന്നും ഇത്ര ഒത്തിണക്കവും പോരാട്ടവീര്യവും പുലര്‍ത്തിയ ഒരു ടീമിനെ ലോക ക്രിക്കറ്റില്‍ കാണാന്‍ സാധിച്ചിട്ടില്ല. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരു ചാമ്പ്യന്‍ ടീമിനു ചേരുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഒറ്റ ദിവസത്തെ തോല്‍വികൊണ്ട് എഴുതിത്തള്ളേണ്ട ടീമല്ല ഇത്. വരുംകാല മത്സരങ്ങളെ ഏറെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ഈ ഒത്തിണക്കമുള്ള ടീമിന് സാധിക്കും. 20 വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ ടീം സമാനമായ പോരാട്ടമാണ് കാഴ്ചവച്ചത്. അന്നും ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ വീണുപോയി. എന്നാല്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ അന്ന് ഇന്ത്യന്‍ ടീം പുറത്തെടുത്ത പോരാട്ടവീര്യം പിന്നീട് ഏറെക്കാലം ടീമിന് പ്രചോദനമായി. പിന്നീട് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും നയിച്ച ഇന്ത്യന്‍ ടീം അതതു കാലത്തെ ലോകത്തെ മികച്ച സംഘവും ഒന്നാം റാങ്കുകാരുമായി. ഈ നേട്ടം ആവര്‍ത്തിക്കാന്‍ രോഹിതിന്റെ സംഘത്തിനുമായി. പ്രതിഭയുടെ ധാരാളിത്തവും പോരാട്ടവീര്യവുമുള്ള ടീം ഇന്ത്യ വിശ്വവിജയികളാകുന്ന നാളുകള്‍ വിദൂരമല്ല. അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ആണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.

https://www.youtube.com/watch?v=PpTqNq_3iE4

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 നവംബര്‍ 20

No comments:

Post a Comment