മലയാള സിനിമ പിറവിയുടെ ഒമ്പത് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കേവലം ചെറിയൊരു ഭൂപ്രദേശത്തില്‍ നിന്ന് അത്രയേറെ വൈവിധ്യമാര്‍ന്ന സിനിമകള്‍ സൃഷ്ടിക്കാന്‍ മലയാളത്തിന് ആയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഒട്ടേറെത്തവണ മലയാള സിനിമ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കലാമികവിനൊപ്പം സാങ്കേതികതയില്‍കൂടി മികവ് കാട്ടുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. അതത് കാലത്തെ മാറ്റങ്ങളെയും നൂതന സാങ്കേതിക സാധ്യതകളെയും ഉള്‍ക്കൊള്ളാന്‍ എക്കാലത്തും മലയാള സിനിമയ്ക്ക് സാധിച്ചിരുന്നു.
ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവും മലയാള സിനിമയുടെ ഖ്യാതി അന്തര്‍ദേശീയ തലങ്ങളില്‍ എത്തിക്കുകയും ചെയ്ത ശ്രദ്ധേയ സംവിധായകന്‍ ടി.വി ചന്ദ്രന്‍ മലയാള സിനിമയുടെ നാള്‍വഴികളെയും നേട്ടങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
വേറിട്ടു നിര്‍ത്തിയത് സാഹിത്യത്തിന്റെ സ്വാധീനം
മലയാള സിനിമയ്ക്ക് സാഹിത്യത്തിന്റെ വലിയ പിന്‍ബലമുണ്ട്. ഇതു തന്നെയാണ് മലയാള സിനിമയെ വ്യത്യസ്തമാക്കി നിര്‍ത്തിയത്. 1950 കള്‍ മുതല്‍ മലയാള സിനിമയില്‍ സാഹിത്യത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. അതിനു മുമ്പ് ഹിന്ദിയും തമിഴുമെല്ലാം പോലെ തന്നെയായിരുന്നു മലയാള സിനിമയും. നീലക്കുയില്‍ മുതല്‍ ചെമ്മീന്‍ വരെയുള്ള നമ്മുടെ ശ്രദ്ധേയ സിനിമകള്‍ക്കെല്ലാം സാഹിത്യത്തിന്റെ അടുത്ത പിന്‍ബലമുണ്ടായിരുന്നു. സാഹിത്യ സൃഷ്ടികളുമായുള്ള അടുത്ത ബന്ധമാണ് മലയാള സിനിമയെ അന്യഭാഷാ സിനിമകളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയത്. തമിഴ് മുതലായ ഭാഷകളിലൊന്നും അന്ന് സാഹിത്യകൃതികള്‍ സിനിമയ്ക്ക് വേണ്ടി അധികം ഉപയോഗപ്പെടുത്തിയിട്ടില്ല. നമ്മുടെ നാട്ടില്‍ ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു സ്ഥിതി.
ദിശ മാറ്റിയ രാമു കാര്യാട്ട്
രാമു കാര്യാട്ട് ഒക്കെ വരുമ്പോഴാണ് മലയാള സിനിമയ്ക്ക് ഒരു ഗൗരവമുള്ള മാറ്റം വരുന്നത്. മലയാളത്തിലെ ആദ്യത്തെ ഗൗരവമുള്ള സിനിമയായി കണക്കാക്കാവുന്നത് നീലക്കുയില്‍ ആണ്. അതിനു മുമ്പുള്ളതെല്ലാം തമിഴ് അനുകരണങ്ങളാണ്. അവയെല്ലാം വെറും പേശും നാടകങ്ങളാണ്. അന്ന് മറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇടയ്ക്ക് മലയാളം സംസാരിക്കുന്ന ഒരു സിനിമ വരുന്നത് പുതുമയായിരുന്നു. അതു കാണാന്‍ ആളുകള്‍ തയ്യാറാവുകയും ചെയ്തു. പി. ഭാസ്‌കരനും കാര്യാട്ടും ചേര്‍ന്ന് നീലക്കുയില്‍ ഒരുക്കുമ്പോഴാണ് ഇതിന് ഒരു മാറ്റം വരുന്നത്. അങ്ങനെയാണ് നീലക്കുയില്‍ ഗൗരവമുള്ള സിനിമയായി മാറുന്നത്.
പിന്നീട് കാര്യാട്ട് ഒരുക്കിയ തോപ്പില്‍ഭാസിയുടെ മുടിയനായ പുത്രന്‍ മറ്റൊരു ഗൗരവമുള്ള സിനിമയാണ്. തകഴിയുടെ രണ്ടിടങ്ങഴിയാണ് ആ കാലഘട്ടത്തില്‍ സാഹിത്യത്തില്‍ നിന്നുണ്ടായ മറ്റൊരു സിനിമ. എന്നാല്‍ തകഴിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതൊഴിച്ചു നിര്‍ത്തിയാല്‍ രണ്ടിടങ്ങഴിയുടെ ഫിലിമിംഗ് രീതിയൊക്കെ പാട്ടും ബഹളുമൊക്കെയായി പഴയ തമിഴ് സിനിമയുടേതു തന്നെയായിരുന്നു. ഇതിന് മാറ്റം വരുന്നത് കാര്യാട്ടിന്റെ മുടിയനായ പുത്രനിലാണ്. സാഹിത്യ സൃഷ്ടികളില്‍ നിന്നുള്ള വേറെയും ശ്രമങ്ങളുണ്ടായെങ്കിലും മലയാള സിനിമയ്ക്ക് ഒരു വലുപ്പം കിട്ടുന്നത് കാര്യാട്ടിന്റെ ചെമ്മീനിലൂടെയാണ്. ചെമ്മീന് സ്വര്‍ണമെഡല്‍ കിട്ടുന്നതോടെയാണ് മലയാള സിനിമ പുറത്ത് അറിയപ്പെടുന്നത്. ഇങ്ങനെയൊരു സിനിമാ ഇന്‍ഡസ്ട്രി ഉണ്ടെന്ന് അതിലൂടെ പലരും അറിഞ്ഞു. അതിനു മുമ്പ് മറ്റ് സിനിമാ ഇന്‍ഡസ്ട്രികളെപ്പോലെ അതതു പ്രദേശത്ത് തന്നെ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു മലയാളവും. പിന്നീട് കുറേ സാഹിത്യ സൃഷ്ടികള്‍ സിനിമകള്‍ക്ക് വിഷയമായി. 1970 കള്‍ വരെ ഈ പ്രവണത തുടര്‍ന്നു പോന്നു
അന്നെല്ലാം മറ്റു ഭാഷകളിലെല്ലാം അതതു ഭാഷാ സിനിമകള്‍ തന്നെ കാണുന്ന രീതിയാണ് ഉണ്ടായിരുന്നത്. മലയാള സിനിമയുടെ കാര്യവും അങ്ങനെ തന്നെ. മലയാളം വിശേഷിച്ച് ആരും കാണുന്നില്ല. ചെമ്മീന്‍ പോലും കേരളത്തിനു പുറത്ത് അധികം പേര്‍ കണ്ടെന്ന് ഉറപ്പു പറയാനാകില്ല.
ഓളവും തീരവും ലക്ഷണമൊത്ത ആദ്യ മലയാള സിനിമ
എം.ടിയെ പോലൊരു തിരക്കഥാകാരനും പി.എന്‍ മേനോനെ പോലൊരു സംവിധായകനുമാണ് മലയാള സിനിമയ്ക്ക് ശരിയായ ദിശാബോധം നല്‍കിയവര്‍. പി.എന്‍ മേനോന്റെ ഓളവും തീരവും ആണ് ലക്ഷണമൊത്ത ആദ്യ മലയാള സിനിമയെന്നു പറയാവുന്നത്. കെ.എസ് സേതുമാധവന്റെ സിനിമകളെല്ലാം സാഹിത്യസൃഷ്ടികളെ അവംബിച്ച് ഉണ്ടായി എന്നതിനപ്പുറം സിനിമയുടെ ഉത്തമലക്ഷണങ്ങള്‍ ഉള്ളവയായിരുന്നില്ല. സാഹിത്യ രചനകളെ അവലംബിച്ചുള്ളതായതിനാല്‍ മികച്ച കഥാപാത്ര സൃഷ്ടികളുണ്ടായിരുന്നു അവയിലെല്ലാം. സത്യനെയും കൊട്ടാരക്കരയേയും പി.ജെ ആന്റണിയെയും പോലുള്ള നടന്‍മാരുടെ മികച്ച പ്രകടനവും ഈ സിനിമകള്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ ഉത്തമസൃഷ്ടി എന്ന നിലയില്‍ മലയാള സിനിമയ്ക്ക് പുതുധാര തുറന്നിടുന്നത് പി.എന്‍ മേനോനായിരുന്നു. ഓളവും തീരവും പോലെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മേനോന്റെ മാപ്പുസാക്ഷിയൊക്കെ അത്തരത്തില്‍ പ്രധാനപ്പെട്ട സിനിമയാണ്.
പി.എന്‍ മേനോനെ തുടര്‍ന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും കെ.പി കുമാരന്റെയുമൊക്കെ വരവ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വേറെയും ചെറുപ്പക്കാര്‍ മലയാള സിനിമയിലേക്ക് വന്നു. അതില്‍ എല്ലാവരും വിജയിച്ചെന്ന് പറയാനാകില്ല. എങ്കിലും അവര്‍ മലയാള സിനിമയില്‍ വ്യത്യസ്തത കൊണ്ടുവന്നവരാണ്.
1970 കള്‍ മലയാള സിനിമയുടെ സുവര്‍ണകാലം
1970 കള്‍ അത്തരത്തില്‍ മലയാള സിനിമയ്ക്ക് വ്യത്യസ്തത കൊണ്ടുവന്ന ഒരു കാലമാണ്. ഒരുപാട് ചെറുപ്പക്കാര്‍ സിനിമയിലേക്ക് വരികയും സിനിമ കുറേക്കൂടി ഗൗരവമുള്ള ഒരു കലാരൂപമാണെന്ന ധാരണ ജനങ്ങളിലേക്കും എത്തിക്കാന്‍ സാധിച്ച ഒരു കാലമായിരുന്നു. സംവിധായകരെ പോലെ സാങ്കേതികപരമായും മലയാള സിനിമയ്ക്ക് വേറിട്ടൊരു ഔന്നത്യം ഈ കാലത്തുണ്ടായി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബാലു മഹേന്ദ്ര, അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മങ്കട രവിവര്‍മ്മ എന്നിവര്‍ ക്യാമറയിലും പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഡിറ്റിംഗ് പരിശീലിച്ച് രവിയും മലയാള സിനിമയിലെത്തി. എഡിറ്റര്‍ എന്ന പദവി മലയാള സിനിമ അറിഞ്ഞു തുടങ്ങിയത് രവിയിലൂടെയാണ്. അതിനു മുമ്പ് സിനിമയുടെ എഡിറ്റിംഗിനെ കുറിച്ച് നമ്മള്‍ അത്ര ശ്രദ്ധാലുക്കളായിരുന്നില്ല. ആ കാലത്തുണ്ടായ വേറിട്ട സിനിമകളുടെയെല്ലാം എഡിറ്റര്‍ രവിയായിരുന്നു. ഇതിനെ തുടര്‍ന്ന് പി. രാമന്‍ നായര്‍ വന്നു. സൗണ്ട് റെക്കോര്‍ഡിംഗില്‍ ദേവദാസ് കടന്നുവന്നത് ഇതുപോലെ ഒരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു. അടൂരിന്റെ സ്വയംവരത്തില്‍ പശ്ചാത്തല സംഗീതം ഉണ്ടായിരുന്നില്ല. ദേവദാസ് ആണ് സ്വയംവരത്തിന്റെ സൗണ്ട് റെക്കോര്‍ഡ് ചെയ്തത്. അന്ന് അത് വലിയൊരു പരീക്ഷണവും പുതുമയുമായിരുന്നു. ദേവദാസിന്റെ പിന്‍ഗാമികളായി കൃഷ്ണനുണ്ണിയും ഹരികുമാറുമൊക്കെ വന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമറാമാന്‍മാരുടെ തുടര്‍ച്ചകളാണ് മധു അമ്പാട്ടിലും വേണുവിലുമൊക്കെ മലയാള സിനിമ കണ്ടത്. ആ കാലത്തു തന്നെ പി എ ബക്കറിന്റെ വളരെ ശക്തമായ രാഷ്ട്രീയ സിനിമകളുണ്ടായി.
എഴുപതുകളില്‍ തുടങ്ങിയ ഈ മാറ്റം മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. ഇന്ത്യന്‍ സിനിമയിലാകെ ഈ മാറ്റം പ്രകടമാണ്. ശ്യാം ബെനഗല്‍, മണി കൗള്‍, കുമാര്‍ സാഹ്നി, നസറുദ്ദീന്‍ ഷാ തുടങ്ങിയവരൊക്കെ സിനിമയിലെ പല മേഖലകളില്‍ ഈ പരീക്ഷണത്തിന്റൈയും പുതുധാരയുടെയും ഭാഗമാണ്.
മാനവികതയും സാങ്കേതികതയും ഒത്തുചേര്‍ന്ന കെ.ജി ജോര്‍ജ്
മലയാളത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന സംവിധായകന്‍ കെജി ജോര്‍ജ് ആണ്. ആ കാലത്ത് അത്ര അംഗീകാരങ്ങളൊന്നും കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ജോര്‍ജ് ഏറെ അംഗീകരിക്കപ്പെടുന്നു. രാമു കാര്യട്ടിന്റെ മാനവികതയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെക്‌നിക്കാലിറ്റിയും ചേര്‍ന്നയാളാണ് ജോര്‍ജ്. ഇതാണ് മറ്റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരില്‍ നിന്ന് ജോര്‍ജിനെ വേറിട്ടു നിര്‍ത്തുന്നത്. മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകാരൊക്കെ ഒരു ഡിപ്ലോമസി തലത്തിലേക്ക് പോയപ്പോള്‍ ജോര്‍ജ് അതിനെ വെളിയിലുള്ള മനുഷ്യരുമായി ബന്ധപ്പെടുത്തി. അങ്ങനെയാണ് യവനിക പോലെ നാടക കലാകാരന്‍മാരായും ലേഖയുടെ മരണം പോലെ സിനിമാ കലാകാരന്‍മാരെയും കോലങ്ങള്‍ പോലെ ഒരു ഗ്രാമത്തിന്റെ കഥയും ഇരകള്‍ പോലെ ഏറ്റവും മഹത്തായ ഒരു സിനിമയുമൊക്കെ രൂപപ്പെടുന്നത്. അങ്ങനെ എപ്പോഴും ചെറിയ ഫ്രെയിമിനു വെളിയിലേക്ക് മനുഷ്യരുമായി അടുപ്പിക്കാന്‍ ജോര്‍ജിന് സാധിച്ചു.
ജോര്‍ജ് ആദ്യമായി വര്‍ക്ക് ചെയ്തത് രാമു കാര്യാട്ടിന്റെ നെല്ലിലാണ്. അങ്ങനെ കാര്യാട്ടിലെ മാനുഷികാംശവും ജോര്‍ജിലെ സാങ്കേതികതയും ചേര്‍ന്നപ്പോഴാണ് ഏറ്റവും മനോഹരമായ സിനിമകളുണ്ടായത്.
1980 കളിലെ തുടര്‍ച്ച
1970 കള്‍ വരെ തുടര്‍ന്ന സാഹിത്യവുമായുള്ള മലയാള സിനിമയുടെ ബന്ധം മറ്റൊരു തലത്തിലെത്തുന്നത് 1980 കളില്‍ പത്മരാജനിലൂടെയാണ്. സാഹിത്യവുമായുള്ള വേറിട്ട ഒരു ഇഴച്ചേര്‍ച്ച സിനിമയില്‍ കൊണ്ടുവന്നയാളാണ് പത്മരാജന്‍. അദ്ദേഹത്തിന്റെ സിനിമകളിലും കഥാപാത്രങ്ങളിലും ഈ സവിശേഷത കാണാം. ഭരതന്‍ വന്നതോടെ കുറേക്കൂടി വിഷ്വല്‍ സ്വഭാവമുള്ള സിനിമകള്‍ വന്നു. ഐ.വി ശശിയും ജോഷിയും പോലെയുള്ള സംവിധായകരുടെ സാന്നിധ്യം 1980 കളില്‍ വാണിജ്യപരമായി മലയാള സിനിമയില്‍ കുറേക്കൂടി ഉണര്‍വ്വുണ്ടായി. എന്നാല്‍ക്കൂടി വാണിജ്യപരമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ് ഉള്‍പ്പെടെയുള്ള സിനിമാ ഇന്‍ഡസ്ട്രികളുടെ താഴെത്തന്നെയായിരുന്നു മലയാളം.
എന്നാല്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചുവെന്നു തന്നെയാണ് കരുതുന്നത്. മലയാള സിനിമ ചെയ്തുവച്ച കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇഷ്ടസിനിമകള്‍
കെ.പി കുമാരന്റെ അതിഥി, കെ.ജി ജോര്‍ജിന്റെ ഇരകള്‍, പവിത്രന്റെ യാരോ ഒരാള്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പക്ഷികള്‍ ഇവയൊക്കെയാണ് വ്യക്തിപരമായി ഇഷ്ടപ്പെട്ട മലയാള സിനിമകള്‍.
പുതിയ കാലത്തെ പ്രതീക്ഷകള്‍
പുതിയ കാലത്തെ സിനിമകളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ വളരെ ഇഷ്ടമാണ്. അതുപോലെ ദിലീഷ് പോത്തന്റെ സിനിമകള്‍. മലയാളത്തിലെ പുതു തലമുറയിലെ പ്രധാന ചലച്ചിത്രകാരന്മാരായി എനിക്ക് തോന്നുന്നതും ഇവരെയാണ്. ശ്യം പുഷ്‌കരന്‍ മികച്ച തിരക്കഥാകൃത്താണ്.
മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ഒരുപാട് പുതിയ ചെറുപ്പക്കാര്‍ വരുന്നു. പരീക്ഷണങ്ങള്‍ ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ മലയാള സിനിമയുടെ അവസ്ഥ ശുഭസൂചകമാണ്. എപ്പോഴും മലയാള സിനിമയില്‍ ഈ പ്രവണത ഉണ്ട്. ഇത്തവണ ഐഎഫ്എഫ്‌കെയില്‍ കാണിക്കുന്ന മലയാളം സിനിമ ടുഡേ വിഭാഗം ശ്രദ്ധിച്ചു. അതില്‍ ഭൂരിഭാഗം സംവിധായകരുടെയും പേര് പോലും ഞാന്‍ കേട്ടിട്ടില്ല. അത്രയധികം പുതിയ സംവിധായകര്‍ വരുന്നു. ഇതെല്ലാം വലിയ കാര്യമല്ലേ. ഡിജിറ്റല്‍ സംവിധാനം വന്നതോടെ കുറേക്കൂടി ഡമോക്രാറ്റിക് ആയ സിനിമാ നിര്‍മ്മാണം സാധ്യമായി. എന്നാല്‍ അവയെല്ലാം സിനിമയുടെ ക്വാളിറ്റി മെയിന്റെയിന്‍ ചെയ്യുന്നു എന്ന് പറയാനാകില്ല. എങ്കിലും കഴിവുള്ള ധാരാളം ചെറുപ്പക്കാരുണ്ട് എന്നു തന്നെ പറയേണ്ടി വരും. മറ്റ് ഭാഷകളില്‍ ഇല്ലാത്ത പരീക്ഷണങ്ങള്‍ നടത്തുന്ന ഫിലിം മേക്കേഴ്‌സ് ഉണ്ട്. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ സിനിമകളുടെ എണ്ണം അത്ര ആശാസ്യകരമായ കാര്യമല്ല.
അന്യഭാഷാ സിനിമകളെ നിയന്ത്രിക്കണം
കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ കൂടുതല്‍ ഓടുന്നത് തമിഴ് ഉള്‍പ്പെടെയുള്ള അന്യഭാഷാ സിനിമകളാണ്. 500 തിയേറ്ററിലൊക്കെയാണ് ഈ സിനിമകള്‍ റിലീസ് ചെയ്യുന്നത്. ഇതു കാരണം മലയാള സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ല. പ്രത്യേകിച്ചും പുതിയ ചെറുപ്പക്കാരുടെ സിനിമകള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല. ഈ പ്രവണത മാറണം. പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്തവയാണ് ഈ അന്യഭാഷാ സിനിമകള്‍. ഇത് കണ്ടു രസിക്കുന്നതാണോ മലയാളികളുടെ ആസ്വാദന നിലവാരം!
അന്യഭാഷാ സിനിമകളെ നിയന്ത്രിക്കുന്നതിലും മലയാള സിനിമകള്‍ക്ക് തിയേറ്റര്‍ ലഭിക്കുവാനും സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടി ആവശ്യമാണ്. ഇതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുന്നത് മാതൃകാപരമായ നടപടിയാണ്. മറാത്തി സിനിമകള്‍ ഉണ്ടെങ്കില്‍ മറ്റ് സിനിമകള്‍ റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ല. ഇത് മറാത്തി സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ പ്രോത്സാഹനമാണ്. മറാത്തി സിനിമകളുടെ ഷൂട്ട് നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന സര്‍ക്കാര്‍ 50 ലക്ഷം രൂപ സബ്‌സിഡിയും സിനിമകള്‍ക്ക് നല്‍കുന്നു. അതുകൊണ്ടു തന്നെ അവിടെ നിന്ന് മികച്ച സിനിമകളുണ്ടാകുന്നു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മറാത്തി സിനിമകള്‍ അംഗീകാരം നേടുന്നതിനു പിന്നിലെ ഒരു പ്രധാന കാര്യം ഈ പ്രോത്സാഹനം കൂടിയാണ്. ഇവിടെ ഇപ്പോഴും 4 ലക്ഷം രൂപ സബ്‌സിഡിയില്‍ നില്‍ക്കുന്നു. ഇത് മാറണം. കുറേക്കൂടി പ്രോത്സാഹനം മലയാള സിനിമ അര്‍ഹിക്കുന്നുണ്ട്.
രാഷ്ട്രീയ സിനിമകളുടെ ധാരയില്ല
ഒരു കാലത്തും കൃത്യമായി രാഷ്ട്രീയം പറയുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതതു കാലത്തെ സര്‍ക്കാരുകളുടെ അതൃപ്തിക്ക് പാത്രമാകാതെ മാത്രമേ സിനിമയെടുക്കാനാകൂ. രാഷ്ട്രീയ സിനിമകള്‍ എടുത്തിട്ടുള്ള അപൂര്‍വ്വം ചില മലയാളി ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് പി.എ ബക്കര്‍. പക്ഷേ ബക്കറിന്റെയൊന്നും ജീവിതത്തിലെ അനുഭവങ്ങളൊന്നും അത്ര സുഖകരമായിരുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ജീവിച്ചതും സിനിമകളെടുത്തതും. രാഷ്ട്രീയ സിനിമകളുടെ ഒരു ട്രെന്‍ഡൊന്നും നമ്മുടെ സിനിമയിലില്ല. രാഷ്ട്രീയമായി ചിന്തിക്കുന്നതു പോലും കാപിറ്റല്‍ പണിഷ്‌മെന്റ് ആയി മാറിയിരിക്കുന്ന കാലത്താണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്. ഇത് രാജ്യത്താകമാനമുള്ള പ്രവണതയാണ്. അതുകൊണ്ട് രാഷ്ട്രീയ സിനിമ എന്നൊന്നും നമ്മള്‍ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്.
വി.കെ.എന്നും ബഷീറും
വി.കെ.എന്നിനെയും വൈക്കം മുഹമ്മദ് ബഷീറിനെയും പോലെയുള്ളവര്‍ ജനിച്ച നാട്ടില്‍ ജീവിക്കാനായി എന്നതാണ് മലയാളി എന്ന നിലയില്‍ തോന്നുന്ന ഏറ്റവും അഭിമാനകരമായ കാര്യം.
സമകാലിക ജനപഥം, 2023 നവംബര്‍, കേരളീയം പതിപ്പ്
No comments:
Post a Comment